Dharshanangal

സ്‌പെയ്‌നില്‍

spain.jpg
Written by admin

സ്വൂഫീ ദാര്‍ശനികനായ ഇബ്‌നുമസര്‍റഃ (മ. 319/931) ആണ് സ്‌പെയ്‌നില്‍ ഇസ്‌ലാമിക ദര്‍ശനത്തിനു തുടക്കം കുറിച്ചത്. പില്ക്കാല ചിന്തകരെയെല്ലാം അദ്ദേഹം സ്വാധീനിച്ചു. കര്‍മശാസ്ത്രകാരനും ദൈവശാസ്ത്ര വിശാരദനുമായ ഇബ്‌നുഹസ്മ് (മ. 454/1064) ആണ് മറ്റൊരു ദാര്‍ശനികന്‍. മതങ്ങളെ താരതമ്യം ചെയ്ത് മുസ്‌ലിംലോകത്ത് ആദ്യമായി ഗ്രന്ഥരചന നടത്തിയതും അദ്ദേഹം തന്നെ. ത്വൗഖുല്‍ ഹമാമഃ എന്ന പേരില്‍ പ്ലാറ്റോണിക് പ്രേമത്തെക്കുറിച്ച് ഒരു ഗ്രന്ഥവും അദ്ദേഹം എഴുതി.

അരിസ്റ്റോട്ടലിയന്‍മാരുടെ ചുവടുപിടിച്ച് സ്‌പെയ്ന്‍-മൊറോക്കോ ഭാഗങ്ങളില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയ ദാര്‍ശനികന്‍ ഇബ്‌നു ബാജ്ജഃ(മ. 533/1138)യാണ്. തദ്ബീറുല്‍ മുതവഹ്ഹിദ് ആണ് അദ്ദേഹത്തിന്റെ പ്രധാന രചന. പൂര്‍ണത നേടിയ വ്യക്തികള്‍ ചേരുമ്പോഴാണ് പൂര്‍ണതയുള്ള രാഷ്ട്രം രൂപപ്പെടുകയെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അദ്ദേഹത്തെത്തുടര്‍ന്ന് വന്ന ദാര്‍ശനികനാണ് ഇബ്‌നുത്വുഫൈല്‍ (മ. 580/1185). ഹയ്യുബ്‌നു യഖ്‌ളാന്‍ എന്ന ദാര്‍ശനികാഖ്യായികയാണ് ഇബ്‌നു ത്വുഫൈലിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. ആന്തരിക ജ്ഞാനവും വെളിപാടും തമ്മിലുള്ള പൊരുത്തമാണ് ഇതിന്റെ പ്രമേയം. മധ്യകാല യൂറോപ്പിലെ ദാര്‍ശനിക -സാഹിത്യ വൃത്തങ്ങളില്‍ വന്‍തോതില്‍ പ്രചാരം നേടിയ കൃതിയാണിത്.
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തനായ ദാര്‍ശനികന്‍ ഇബ്‌നുറുശ്ദ് (523-595/1126-1198) ആണ്. ലാറ്റിനില്‍ അദ്ദേഹം അവറോസ് എന്നറിയപ്പെടുന്നു. കൊര്‍ദോവയിലെ പ്രധാന ന്യായാധിപനും വൈദ്യനുമായിരുന്ന ഇബ്‌നുറുശ്ദ് തത്ത്വചിന്തയിലാണ് ഏറ്റവും വലിയ സംഭാവനകളര്‍പ്പിച്ചത്. അരിസ്റ്റോട്ടലിന്റെ ഏറ്റവും മികച്ച വ്യാഖ്യാതാവായി ഇബ്‌നുറുശ്ദ് അറിയപ്പെടുന്നു. ഇമാം ഗസ്സാലി തത്ത്വചിന്തകര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം ഇബ്‌നു റുശ്ദ് മറുപടി പറഞ്ഞു. ഗസ്സാലിയുട തഹാഫുതുല്‍ ഫലാസിഫഃയ്ക്ക് ഇബ്‌നുറുശ്ദ് എഴുതിയ മറുപടിയാണ് തഹാഫുതുത്തഹാഫുത്. വിശ്വാസത്തെയും യുക്തിയെയും സമന്വയിപ്പിക്കുകയാണ് ഇബ്‌നുറുശ്ദ് ചെയ്തത്. പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ശിഷ്യന്‍മാരെ നേടിയ മുസ്‌ലിം ചിന്തകന്‍ ഇബ്‌നുറുശ്ദാണ്.
ഇബ്‌നുറുശ്ദിനു ശേഷം സ്‌പെയ്‌നില്‍ ഇസ്‌ലാമിക ദര്‍ശനം മങ്ങിയാണ് കത്തിയത്. ഏകാസ്തിത്വവാദ (വഹ്ദതുല്‍ വുജൂദ്)ത്തെ അടിസ്ഥാനമാക്കി നിരവധി നിബന്ധങ്ങള്‍ രചിച്ച അബ്ദുല്‍ ഹഖ്ഖിബ്‌നു സബ്ഈന്‍ (മ. 669/1270) ആണ് ഇബ്‌നുറുശ്ദിന്റെ ശേഷക്കാരില്‍ ഒരു പ്രമുഖന്‍. ചരിത്ര ദര്‍ശനത്തിന്റെ പിതാവായ ഇബ്‌നുഖല്‍ദൂന്‍ (മ. 780/1379) ദര്‍ശനത്തിന് പുതിയ അലകും പിടിയും നല്കിയ പ്രതിഭാധനനാണ്. ആധ്യാത്മിക ദര്‍ശനത്തിന് പുതിയ മാനം നല്കിയ ഇബ്‌നുഅറബി(മ. 638/1240)യും ഇതേ ഗണത്തില്‍ വരുന്നു. സ്വൂഫീ ദര്‍ശനത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഇബ്‌നുഅറബി പ്രധാന പങ്കുവഹിച്ചു. (ഇബ്‌നുഖല്‍ദൂനും ഇബ്‌നുഅറബിയും നിയതാര്‍ഥത്തില്‍ തത്ത്വചിന്തകര്‍ [ഫൈലസൂഫ്] ആയി അറിയപ്പെടുന്നവരല്ല.).

About the author

admin

Leave a Comment