Dharshanangal

സമവായത്തിന്റെ കാലം

ക്രി. 13 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളില്‍ വിവിധ ദര്‍ശന പദ്ധതികള്‍ തമ്മില്‍ സമവായത്തിന്റെ അന്തരീക്ഷം ദൃശ്യമായി. പേര്‍ഷ്യ കേന്ദ്രീകരിച്ചാണ് ഈ ചലനമുണ്ടായത്. നാസ്വിറുദ്ദീന്‍ ത്വൂസി ( 672/1273) ഇബ്‌നുസീനായുടെ തത്ത്വചിന്തയെ പുനരുജ്ജീവിപ്പിച്ചു. അഖ്‌ലാഖുന്നാസ്വിരി എന്ന പേരില്‍ അദ്ദേഹം രചിച്ച തത്ത്വശാസ്ത്ര ഗ്രന്ഥം പ്രസിദ്ധമാണ്. അരിസ്റ്റോട്ടലിയന്‍ ചിന്താധാരയെയും ജ്ഞാനോദയ വാദത്തെയും സമന്വയിപ്പിച്ച ഖുത്വ്ബുദ്ദീന്‍ ശീറാസിയാണ് സമവായത്തിന്റെ മറ്റൊരു വക്താവ്. ഇബ്‌നുഅറബിയുടെ സ്വൂഫീ ദര്‍ശനത്തിനും ഇക്കാലത്ത് വന്‍ പ്രചാരം സിദ്ധിച്ചു. സ്വദ്‌റുദ്ദീന്‍ ഖൂനവിയും ശിഷ്യന്മാരുമാണ് ഇതിന് നേതൃത്വം നല്കിയത്. അബ്‌ദുര്‍റസ്സാഖ് കാശാനി, മുഅയ്യിദുദ്ദീന്‍ ജുന്‍ദി, ദാവൂദുല്‍ ഖൈസ്വരി എന്നിവരാണ് ഖൂനവിയുടെ ശിഷ്യന്‍മാരില്‍ പ്രമുഖര്‍. സയ്യിദ് ശരീഫ് ജൂര്‍ജാനിയും മറ്റും ഇല്‍മുല്‍ കലാമിനും പ്രചാരം നല്കി. ഇങ്ങനെ ഒരേകാലത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ട പഴയ ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം കണ്ടെത്തിയവരില്‍ പ്രധാനിയാണ് ഇബ്‌നുതുര്‍കാ ഇസ്വ്ഫഹാനി ( 830/1427). ഒരേ സമയം അരിസ്റ്റോട്ടലിയനും ജ്ഞാനോദയവാദിയും സ്വൂഫീ ദാര്‍ശനികനുമായിരുന്നു അദ്ദേഹം. സ്വഫവീ കാലഘട്ടത്തില്‍ ശീഇകള്‍ക്കിടയില്‍ ദൈവശാസ്ത്രവും ദര്‍ശനവും ആത്മ വിദ്യാ പ്രസ്ഥാനവും സജീവത കൈവരിച്ചു. ഇഥ്‌നാ അശരി ശീഇകള്‍ തത്ത്വചിന്തയെയും ദൈവശാസ്ത്രത്തെയും സമന്വയിപ്പിച്ചു. ശീഇകള്‍ക്കിടയില്‍ ഇക്കാലത്തുടലെടുത്ത തത്ത്വചിന്താപ്രസ്ഥാനം ഇസ്വ്ഫഹാന്‍ പ്രസ്ഥാനം എന്നറിയപ്പെടുന്നു. മീര്‍ദാമാദാദ് ( 1041/1631) ആണ് ഇതിന്റെ ഉപജ്ഞാതാവ്. മുല്ലാ സ്വദ്‌റാ എന്ന പേരില്‍ പ്രസിദ്ധനായ സ്വദ്‌റു ദ്ദീന്‍ ശീറാസി ( 1050/1640) അദ്ദേഹത്തിന്റെ ശിഷ്യനാണ്. ഇസ്‌ലാമിക ദര്‍ശനത്തിന് മുല്ലാ സ്വദ്‌റയുടെ സംഭാവന അദ്വിതീയമാണ്. അരിസ്റ്റോട്ടലിയന്‍ ദര്‍ശനം, ജ്ഞാനോദയ വാദം, ആത്മജ്ഞാനം, ദൈവശാസ്ത്രം ഇവയെ അദ്ദേഹം സംയോജിപ്പിച്ചു. മുല്ലാ സ്വദ്‌റയുടെ പ്രകൃഷ്ട കൃതിയായ അല്‍അസ്ഫാറുല്‍ അര്‍ബഅഃ ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആകത്തുക ഉള്‍ക്കൊള്ളുന്നു. അല്‍ഹിക്മതുല്‍ ഇലാഹിയ്യഃ എന്ന പേരിലാണ് പില്ക്കാലത്ത് ഈ കൃതി പ്രസിദ്ധമായത്.

പേര്‍ഷ്യയിലും ഇന്ത്യയിലും ഇറാഖിലും മുല്ലാ സ്വദ്‌റയും അദ്ദേഹത്തിന്റെ അനുയായികളും നേടിയ സ്വാധീനം വലുതാണ്. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയെപ്പോലുള്ള പ്രശസ്തരായ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് സ്വദ്‌റയുടെ ദര്‍ശനം സുപരിചിതമായിരുന്നു. കേരളത്തിലെ പള്ളിദര്‍സുകളിലടക്കം മുല്ലാ സ്വദ്‌റയുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കപ്പെട്ടിരുന്നു.

About the author

admin

Leave a Comment