Dharshanangal

ഇസ്‌ലാമിക ദര്‍ശനം ആധുനിക ലോകത്ത്

ആധുനിക മുസ്‌ലിംലോകം ഇസ്‌ലാമിക ദര്‍ശനത്തിന്റെ സജീവമായ തുടര്‍ച്ച നിലനിര്‍ത്തുകയുണ്ടായി. മുല്ലാ സ്വദ്‌റയുടെ ദാര്‍ശനിക പദ്ധതി പേര്‍ഷ്യയില്‍നിന്നു പഠിച്ച പണ്ഡിതനായിരുന്നു ‘പാന്‍ ഇസ്‌ലാമിസ’ത്തിന്റെ വക്താവായ ജമാലുദ്ദീനില്‍ അഫ്ഗാനി. ശൈഖുല്‍ അസ്ഹറായിരുന്ന അബ്ദുല്‍ ഹലീം മഹ്മൂദ് ഈജിപ്തില്‍ ദാര്‍ശനികാശയങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. മുല്ലാ സ്വദ്‌റയുടെ അല്‍അസ്ഫാറുല്‍ അര്‍ബഅഃ യുടെ ഏതാനും ഭാഗങ്ങള്‍ സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തു. അവിഭക്ത ഇന്ത്യയില്‍ ഇസ്‌ലാമിക ദര്‍ശനത്തിന് ഗണനീയമായ സംഭാവനകള്‍ നല്കിയ ദാര്‍ശനിക കവിയാണ് അല്ലാമഃ മുഹമ്മദ് ഇഖ്ബാല്‍.

ഇറാനില്‍ ഇസ്‌ലാമിക തത്ത്വചിന്തയ്ക്കു സവിശേഷമായ പ്രാധാന്യം കല്പിക്കപ്പെടുന്നു. ഇമാം ഖുമൈനി ദശാബ്ദങ്ങളോളം തത്ത്വചിന്ത പഠിപ്പിച്ചിരുന്നു. മുര്‍തദാ മുത്വഹ്ഹരിയുടെതാണ് സമീപകാല ഇറാനീ ഇസ്‌ലാമിക ദാര്‍ശനികരില്‍ ഏറെ ശ്രദ്ധേയമായ ഒരു നാമം. ഇറാഖിലെ ശീഈ പണ്ഡിതനായ അല്ലാമഃ മുഹമ്മദ്ബാഖിര്‍ സ്വദ്ര്‍ ഇസ്‌ലാമിക ദര്‍ശനത്തെ ആധുനിക ദര്‍ശനങ്ങളുമായി താരതമ്യം ചെയ്യുന്ന വിശിഷ്ടമായ ഒരു കൃതിയുടെ (ഫല്‍സഫതുനാ) കര്‍ത്താവാണ്. അലി ശരീഅതി, സയ്യിദ് ഹുസൈന്‍ നസ്വ്ര്‍, ഇസ്മാഈല്‍ റാജി ഫാറൂഖി, അലിജാ ഇസ്സത് ബെഗോവിച്ച് തുടങ്ങിയവരുടെ രചനകള്‍ ഇസ്‌ലാമിക ദാര്‍ശനിക പൈതൃകത്തിന്റെ നൈരന്തര്യം നിലനിര്‍ത്തുന്നവയാണ്. ഇസ്‌ലാമിന്റെ പരിപ്രേക്ഷ്യത്തിലൂടെ പാശ്ചാത്യ ദര്‍ശനങ്ങളെ വിലയിരുത്തുകയും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയുമാണ് ഇക്കാലത്തെ ഇസ്‌ലാമിക ചിന്തകര്‍ അധികപക്ഷവും ചെയ്യുന്നത്. യുക്തിയും വെളിപാടും ഇസ്‌ലാമിക ദര്‍ശനത്തില്‍ സമന്വയിക്കുന്നു. യുക്തിയിലൂടെ വിശ്വാസത്തിലേക്കു നയിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

About the author

admin

Leave a Comment