Padanangal

അഹ്‌ലുസ്സുന്ന വല്‍ജമാഅഃ

Written by admin

സുന്നികള്‍ എന്നറിയപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിന്റെ പൂര്‍ണനാമം. അഹ്ല്‍ എന്നാല്‍ ബന്ധപ്പെട്ടവര്‍ എന്നാണര്‍ഥം. സുന്നത്തിന് പ്രവാചകചര്യ എന്നും ജമാഅത്തിന് സംഘം എന്നും അര്‍ഥമാണ്.
നബിചര്യ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും സ്വഹാബിമാരുടെ നയനിലപാടുകളെ പിന്തുടരുകയും ചെയ്യുന്നവര്‍ എന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ എന്ന പ്രയോഗത്തിന്റെ വിവക്ഷ. ഇതിന് വിപരീതമായി നബിചര്യക്ക് വിരുദ്ധവും നവീനവുമായ ആശയാചാരങ്ങളെ പിന്‍പറ്റുകയോ, സഹാബിമാരുടെ നിലപാടുകളെ തള്ളിപ്പറയുകയോ ചെയ്യുന്നവര്‍ക്ക് അഹ്‌ലുല്‍ബിദ്അത്തി വല്‍ഫിര്‍ഖഃ എന്ന് പറയുന്നു. അനാചാരങ്ങളുടെയും ശൈഥില്യത്തിന്റെയും ആളുകള്‍ എന്നര്‍ഥം. സയ്യിദ് സുലൈമാന്‍ നദ്‌വി അഹ്‌ലുസ്സുന്നത്തി വല്‍ജമാഅക്ക് നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്: ‘നബിയുടെ ജീവിതരീതിയും കര്‍മമാതൃകയുമാണ് സുന്നത്ത്. ജമാഅത്തിന്റെ ഭാഷാര്‍ഥം സംഘം എന്നാണ്. ഇവിടെ സ്വഹാബികളുടെ സംഘമാണ് വിവക്ഷ. അപ്പോള്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്നതിന് നബിയുടെ ജീവിതരീതിയെയും സ്വഹാബികളുടെ പാരമ്പര്യങ്ങളെയും തങ്ങളുടെ വിശ്വാസങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ആധാരമാക്കുന്ന സംഘം എന്ന് അര്‍ഥമാകുന്നു.

ചരിത്രപശ്ചാത്തലം
മൂന്നാം ഖലീഫ ഉസ്മാന്‍ വധിക്കപ്പെട്ടതോടെയാണ് മുസ്‌ലിംസമൂഹത്തില്‍ ആദ്യമായി വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പുതിയ പല ഗ്രൂപ്പുകളും ഉടലെടുത്തു. ഖവാരിജുകളാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അലിപക്ഷക്കാരായ ശീഇകള്‍ എന്ന കക്ഷി രംഗത്തുവന്നു. രാഷ്ട്രീയമായ അഭിപ്രായഭിന്നതകളായിരുന്നു ഈ ചേരിതിരിവിന് കാരണമെങ്കിലും പിന്നീട് ഓരോ കക്ഷിക്കും സ്വന്തമായ വിശ്വാസപ്രമാണങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടു. അലി മുആവിയ പ്രശ്‌നം ഒടുവില്‍ മാധ്യസ്ഥ്യത്തിനുവിട്ടപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ടാണ് ഖവാരിജുകള്‍ രംഗപ്രവേശനം ചെയ്തത്. ഖിലാഫത്തുപദവി യോഗ്യതയും അര്‍ഹതയുമുള്ളവരെ ഏല്‍പ്പിക്കണമെന്ന് അത്തരമാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടശേഷം സ്വമനസ്സാലെയോ ആരുടെയെങ്കിലും എതിര്‍പ്പിന് വഴങ്ങിയോ സ്ഥാനത്യാഗം ചെയ്യാനോ, പ്രശ്‌നം ഏതെങ്കിലും മധ്യസ്ഥ്യത്തിനു വിടാനോ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് ദൈവീക നിയമത്തില്‍ കൈകടത്തലാണെന്നും അവര്‍ വാദിച്ചു. വന്‍പാപങ്ങള്‍ ചെയ്യുന്നവര്‍ അവിശ്വാസികളാണെന്നായിരുന്നു അവരുടെ മറ്റൊരു വാദം. കടുംപിടുത്തക്കാരും സിദ്ധാന്തവാശിക്കാരുമായിരുന്ന അവര്‍ ഇസ്ലാമിക സമൂഹത്തില്‍ വിശ്വാസപരവും രാഷ്ട്രീയവുമായ പല കുഴപ്പങ്ങള്‍ക്കും കാരണക്കാരായി. കിന്ദഃ വംശജനായ അശ്അദുബ്‌നു ഖൈസ്, തമീം വംശജനായ മിസ്അറുബ്‌നു ഫദകി, ത്വയ്യ് വംശജനായ സൈദ്ബ്‌നു ഹിസ്വ്ന്‍ എന്നിവരായിരുന്നു ഖവാരിജുകളുടെ നേതാക്കള്‍. കൂഫക്കടുത്തുള്ള ഹറൗറാഅ് പ്രദേശത്ത് സമ്മേളിച്ചാണ് അവര്‍ അലിക്കെതിരില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. അക്കാരണത്താല്‍ അവരെ ഹറൗറികള്‍ എന്നും വിളിക്കാറുണ്ട്.
അലിയുടെ പക്ഷം എന്നര്‍ഥത്തിലുള്ള ശീഅത്തു അലി എന്നതില്‍ നിന്നാണ് ശീഈ എന്ന സംജ്ഞ രൂപപ്പെട്ടത്. പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ പ്രഭാവിതമായ നബികുടുംബസ്‌നേഹം രാഷ്ട്രീയ വര്‍ണം സ്വീകരിച്ചാണ് ഈ പ്രസ്ഥാനം വളര്‍ന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വം എക്കാലത്തും അലിയുടെ സന്താനപരമ്പരയില്‍ നിക്ഷിപ്തമായിരിക്കണമെന്ന വാദം അഖീദയുടെ ഭാഗമായി അംഗീകരിച്ചവരാണ് ശീഇകള്‍. അലികുടുംബത്തിന്റെ ഇമാമത്ത് സ്ഥാപിക്കുന്നതിന് ശീഇകള്‍ അനിസ്‌ലാമികമായ നിരവധി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.
ഖവാരിജുകളെയും ശീഇകളെയും പിന്തുടര്‍ന്ന് ഖദരികളെന്ന മറ്റൊരു വിഭാഗം രംഗത്തുവന്നു. ഇറാഖുകാരനും ജുഹൈനാ വംശജനുമായ മഅ്ബദായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രചാരകന്‍. രാഷ്ട്രീയമല്ല വിശ്വാസപരമായ ചില നിലപാടുകളാണ് ഇവരുടെ ചേരിതിരിവിന് കാരണമായിത്തീര്‍ന്നത്. വിശ്വാസ(ഖദ്ര്‍)വുമായി ബന്ധപ്പെട്ട് മുസ്‌ലിം ഭൂരിപക്ഷത്തിന്റേതില്‍നിന്നും വ്യത്യസ്തമായ ചില സിദ്ധാന്തങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു. അല്ലാഹു കാര്യങ്ങള്‍ കാലേക്കൂട്ടി നിശ്ചയിച്ചിട്ടില്ല. സംഭവങ്ങള്‍ സംഭവിക്കും മുമ്പ് അത് സംബന്ധിച്ച് അവന്‍ അറിയുന്നുമില്ല. സംഭവിച്ചശേഷം മാത്രമേ അവന്‍ അതേപ്പറ്റി അറിയുന്നുള്ളൂ. ഇതായിരുന്നു ഖദ്‌രിയ്യഃ വിഭാഗത്തിന്റെ വാദം.
ഖവാരിജുകളുടെ വീക്ഷണങ്ങളെ എതിര്‍ത്ത മുര്‍ജിഅകള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ മനസ്സാ അംഗീകരിച്ച ആളുകള്‍ എന്തു പാപം ചെയ്താലും അല്ലാഹുവിന്റെ മാപ്പും അനുഗ്രഹവും പ്രതീക്ഷിക്കാം എന്നു വാദിച്ചു. വന്‍പാപങ്ങള്‍ ചെയ്യുന്നവര്‍ കാഫിറുകളാണ് എന്ന ഖവാരിജീ സിദ്ധാന്തത്തിനും ഇസ്‌ലാം വിരുദ്ധ മര്‍ദ്ധക ഭരണം നടത്തുന്ന ഭരണാധികാരികളോട് നിസ്സഹകരിക്കണമെന്ന പൊതു ചിന്താഗതിക്കും ഇവര്‍ എതിരായിരുന്നു. അസ്വഹാബുല്‍ അദ്‌ലി വതൗഹീദ് എന്ന് സ്വയം വിളിച്ച മുഅ്തസിലീ പ്രസ്ഥാനം വന്‍പാപങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ അല്ല, രണ്ടിനുമിടയിലുള്ള അവസ്ഥയിലാണ് എന്ന് സിദ്ധാന്തിച്ചു. ദൈവത്തിന്റെ ഗുണങ്ങളെ (സിഫത്) അവര്‍ നിഷേധിച്ചു. യുക്തിചിന്തക്ക് വലിയ സ്ഥാനം നല്‍കിയ അവര്‍ വിധിവിശ്വാസത്തെ നിരാകരിക്കുന്നവരായിരുന്നു.

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ
ഉപര്യുക്ത പ്രസ്ഥാനങ്ങളല്ലാം ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊരു വിഷയത്തില്‍ നബിയുടെ സുന്നത്തില്‍ നിന്നും സ്വഹാബത്തിന്റെ പാരമ്പര്യത്തില്‍നിന്നും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍നിന്നും വ്യതിചലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അത്തരം വ്യതിചലനങ്ങളില്‍നിന്ന് മുക്തവും നബിചര്യയും സ്വഹാബത്തിന്റെ പാരമ്പര്യങ്ങളും മുറുകെപ്പിടിക്കുന്നവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്നറിയപ്പെട്ടു. എന്നാല്‍ അവര്‍ ഒരു സവിശേഷ പ്രസ്ഥാനമായി ഉരുത്തിരിഞ്ഞിരുന്നില്ല. ഏതെങ്കിലും നേതൃത്വത്തിന്റെ കീഴില്‍ സംഘടിച്ചിരുന്നുമില്ല. മേല്‍പ്പറഞ്ഞ വ്യതിചലിത പ്രസ്ഥാനങ്ങളില്‍ പെടാത്തവരല്ലാം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ടവരായി ഗണിക്കപ്പെട്ടുപോന്നു. ഇന്ന് മേല്‍പ്പറഞ്ഞ വ്യതിചലിത പ്രസ്ഥാനങ്ങളില്‍ ശീഇസമൊഴിച്ചുള്ളതെല്ലാം നാമാവശേഷമായിരിക്കുന്നു.
അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന സംജ്ഞ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നു മുതല്‍ക്കാണെന്ന് തീര്‍ത്തുപറയുക പ്രയാസമാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ അബ്ബാസീഖലീഫ മുതവക്കിലിന്റെ ഭരണകാലത്ത് അബുല്‍ ഹസനുല്‍ അശ്അരിയുടെ ദൈവശാസ്ത്ര ചിന്താസരണി രൂപമെടുത്തതിനുശേഷമാണ് പ്രസ്തുത പ്രയോഗം പ്രചാരം നേടിയതെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നുണ്ട്. അശ്അരി ചിന്താസരണി സ്വീകരിച്ചവര്‍ തങ്ങളെ അഹ്‌ലുന്നത്തി വല്‍ജമാഅഃ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പില്‍ രക്ഷപ്പെടുത്താനുള്ള ശ്രമം എന്ന നിലക്കുകൂടിയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന പ്രയോഗത്തിന് അക്കാലത്തെ മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ വ്യാപകമായ പ്രചാരം നല്‍കിയത്. നബിചര്യയില്‍നിന്നും സ്വഹാബികളുടെ പാരമ്പര്യത്തില്‍നിന്നും. പൂര്‍ണമായും വ്യതിചലിച്ചവരൊഴികെ പരമാവധി മുസ്‌ലിംകളെ ഈ സാങ്കേതിക പ്രയോഗത്തിന്റെ പരിതിയില്‍ കൊണ്ടുവരികയായിരുന്നു അവരുടെ ഉദ്ദേശ്യം.
ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ മുഅ്തസലീ പ്രസ്ഥാനത്തിനെതിരെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന മറ്റൊരു ദൈവശാസ്ത്ര സരണിയാണ് അബൂമന്‍സൂറുല്‍ മാതുരീദിയുടെ മാതുരീദീയ്യഃ ചിന്താസരണി. അടിസ്ഥാന വിഷയങ്ങളില്‍ അശ്അരി ചിന്താസരണിയില്‍നിന്നും ഭിന്നമല്ലെങ്കിലും ചില വിശദാംശങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. രണ്ടിന്റെയും അടിസ്ഥാന ലക്ഷ്യം അഹ്‌ലുന്നത്തി വല്‍ജമാഅയുടെ വിശ്വാസപ്രമാണങ്ങളെ ന്യായീകരിക്കലും പിന്തുണക്കലുമായിരുന്നു.
അബ്ബാസീഖലീഫമാരായ മഅ്മൂന്‍, മുഅ്തസിം, വാഥിഖ് എന്നിവരുടെ കാലത്ത് മുഅ്തസിലീ ചിന്തക്ക് ഭരണകൂടത്തിന്റെ പിന്തുണ നിര്‍ലോഭം ലഭിച്ചിരുന്നു. മുതവക്കിലിന്റെ കാലം മുതല്‍ ആ പിന്തുണ അഹ്‌ലുസ്സുന്നക്കു തന്നെ തിരിച്ചുകിട്ടി. അതിനാല്‍ മുതവക്കിലിന് മുഹ്‌യുസ്സുന്ന (സുന്നത്തിനെ ജീവിപ്പിക്കുന്നവന്‍) എന്ന പേര് ലഭിക്കുകയുണ്ടായി. ഈജിപ്തിലും സിറിയയിലും സ്വലാഹുദ്ദീന്‍ അയ്യൂബിയും അദ്ദേഹത്തിന്റെ മന്ത്രി അല്‍ഖാദില്‍ ഫാദിലും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിനെ ഔദ്യോഗിക മദ്ഹബായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കുകയുണ്ടായി. അതുപോലെ പശ്ചിമാഫ്രിക്കയിലും അന്തലുസിലും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിച്ചിരുന്നു.
അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. ആദ്യകാലത്ത് അഹ്‌ലുസ്സുന്ന എന്ന നാമത്തേക്കാള്‍ പ്രചാരം നേടിയത് ഈ അവാന്തരവിഭാഗങ്ങളുടെ നാമങ്ങളാണ്. ഉദാ: ശാഫിഇകള്‍, ഹനഫികള്‍, മാലികികള്‍, ഹന്‍ബലികള്‍, അശ്അരികള്‍, മാതുരീതികള്‍, അഹ്‌ലുര്‍റഅ്‌യ്, അഹ്‌ലുല്‍ ഹദീസ്, ഔസാഈ, ഥൗരി, ഇബ്‌നുഅബീലൈല, അബൂഥൗര്‍, ദാവൂദുള്ളാഹിരി എന്നിവരും അവരുടെ കര്‍മശാസ്ത്ര സരണികള്‍ അംഗീകരിച്ചവരും ഇത്തരം അവാന്തരവിഭാഗങ്ങള്‍ തമ്മില്‍ കര്‍മശാസ്ത്ര വിഷയങ്ങളിലും അഖീദയുടെ വിശദാംശങ്ങളിലും അഭിപ്രായാന്തരങ്ങളുണ്ടായിരുന്നുവെങ്കിലും അവര്‍ പരസ്പരം പിഴച്ചവരോ എതിര്‍ക്കപ്പെടേണ്ടവരോ ആയി ഗണിച്ചിരുന്നില്ല. എല്ലാവരും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ടവരായി അംഗീകരിക്കപ്പെട്ടു.
എന്റെ സമൂഹം 73 സംഘങ്ങളായി പിരിയുമെന്നും അതില്‍ ഒന്നൊഴിച്ച് എല്ലാം നരകത്തിലാണെന്നും ആ ഒന്ന് എന്റെയും എന്റെ ശിഷ്യന്മാരുടെയും ആദര്‍ശചര്യകള്‍ പിന്തുടരുന്നവരാണെന്നും പ്രസ്താവിക്കുന്ന ഒരു നബിവചനമുണ്ട് (തിര്‍മിദി, അബൂദാവൂദ്). അതില്‍ സൂചിപ്പിച്ച എന്റെയും എന്റെ ശിഷ്യന്മാരുടെയും ചര്യ പിന്തുടരുന്നവര്‍ എന്ന പ്രയോഗത്തോട് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ എന്ന സംജ്ഞ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ നബിയുടെയും ശിഷ്യന്മാരുടെയും ചര്യപിന്‍പറ്റുന്നവര്‍ ഏതെങ്കിലും പ്രത്യേക പ്രസ്ഥാനമോ സംഘമോ ആണെന്ന് പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നില്ല. അങ്ങനെയൊരു സൂചന ആ ഹദീസില്‍ ഉള്ളതായി പൂര്‍വിക പണ്ഡിതന്മാരാരും പറഞ്ഞിട്ടുമില്ല. നബിയുടെയും സ്വഹാബത്തിന്റെയും ആദര്‍ശചര്യകള്‍ പിന്‍പറ്റുന്നവര്‍ക്കുള്ള പൊതുവായ പേരാണത് എന്നായിരുന്നു എല്ലാവരുടെയും നിലപാട്. അതുകൊണ്ടാണ് ഫിഖ്ഹീ അഖാഇദീ മദ്ഹബുകളുടെ ഇമാമുമാരോ അനുയായികളോ തങ്ങള്‍ മാത്രമാണ് നബിവചനത്തില്‍ സൂചിപ്പിക്കപ്പെട്ട വിഭാഗമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളാണെന്നും വാദിക്കാതിരുന്നത്.
ഹദീസ് പണ്ഡിതന്മാര്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ദൈവശാസ്ത്രകാരന്മാര്‍, കര്‍മശാസ്ത്രജ്ഞര്‍, ഖുര്‍ആന്‍ പാരായണ വിദഗ്ദര്‍, ഭാഷാപഠുക്കള്‍, സര്‍വസംഗപരിത്യാഗികളായ സൂഫികള്‍, ദൈവമാര്‍ഗത്തില്‍ സമരോത്സകരായ യോദ്ധാക്കള്‍, മുസ്ലിംകളില്‍ മഹാഭൂരിപക്ഷം വരുന്ന സാമാന്യജനം എന്നിവരെല്ലാം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയില്‍ ഉള്‍പ്പെടുന്നു. അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദ്, അബുല്‍ ഹസനുല്‍ അശ്അരി അബൂമന്‍സൂറില്‍ മാതുരീതി തുടങ്ങിയവര്‍ അഹ്‌ലുസ്സുന്നയിലെ ആദ്യകാല പണ്ഡിതന്മാരില്‍ പ്രമുഖരാണ്. അബൂഹനീഫയുടെ അല്‍ഫിഖ്ഹുല്‍ അക്ബര്‍ അബുല്‍ഹസനുല്‍ അശ്അരിയുടെ അല്‍ഇബാനഃ, അല്ലുമഅ്, ത്വഹാവിയുടെ അല്‍അഖീദത്തുത്വഹാവിയ്യഃ, അതിന്റെ വ്യാഖ്യാനമായ ഇബ്‌നുഅബില്‍ഇസ്സില്‍ ഹനഫിയുടെ ശറഹുല്‍ അഖീദത്തുത്വഹാവിയ്യഃ, നസഫിയുടെ അല്‍അഖാഇദുന്നസഫിയ്യഃ, അതിന്റെ വ്യാഖ്യാനമായ തഫ്താസാനിയുടെ ശറഹുല്‍അഖാഇദ്, അബ്ദുല്‍ഖാഹിരില്‍ ബഗ്ദാദിയുടെ ഉസ്വൂലുദ്ദീന്‍, അബ്ദുല്‍ ഖാദിറുല്‍ ജീലാനിയുടെ ഗുന്‍യത്തുത്വാലിബീന്‍, ഇബ്‌നുതൈമിയ്യയുടെ ദര്‍ഉ തആറുദില്‍ അഖ്‌ലി വന്നഖ്ല്‍, മിന്‍ജുസ്സുന്നത്തിന്നബവിയ്യഃ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസപ്രമാണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളത്തില്‍ ചില യാഥാസ്ഥിക പണ്ഡിതന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച സമസ്തകേരളാ ജംഇയ്യത്തുല്‍ ഉലമഃ എന്ന സംഘടന തങ്ങള്‍ മാത്രമാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന് അവകാശം ഉന്നയിക്കുകയും തങ്ങളുമായി വിയോചിക്കുന്ന സലഫീ വഹ്ഹാബീ പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും തബ്ലീഗ് ജമാഅത്തും അഹ്‌ലുസ്സുന്നയില്‍ നിന്ന് വ്യതിചലിച്ച പിഴച്ചവിഭാഗങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ആശയം ബഹുജനങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ സമസ്തയുടെ പര്യായമെന്നോണം സുന്നി എന്ന പദം ഉപയോഗിക്കുന്നുമുണ്ട്.
വിശ്വാസപരമായി അശ്അരി മാതുരീദി സരണികളിലൊന്നിനേയും കര്‍മശാസ്ത്രത്തില്‍ പ്രശസ്തമായ 4 മദ്ഹബുകളിലൊന്നിനേയും അനുധാവനം ചെയ്യുന്നവര്‍ മാത്രമാണ് സുന്നികള്‍ എന്നാണ് ഇവരുടെ വാദം. എന്നാല്‍ ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രമാണങ്ങളുമായോ അഹ്‌ലുസ്സുന്നയിലെ പൂര്‍വകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങളുമായോ ഈ വാദം ഒരുനിലക്കും പൊരുത്തപ്പെടുന്നില്ല. അശഅരീ സരണിയിലെ പ്രാമാണിക പണ്ഡിതനായ അബ്ദുല്‍ഖാഹിരി ബഗ്ദാദി തന്റെ അല്‍ഫര്‍ഖു ബൈനല്‍ ഫിറഖി എന്ന തന്റെ ഗ്രന്ഥത്തില്‍ ളാഹിരീ മദ്ഹബ് പിന്തുടരുന്നവരെ അഹ്‌ലുസ്സുന്നയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ദേയമാണ്. മൌലീകമായിത്തന്നെ നാല് മദ്ഹബുകളില്‍നിന്നും ഭിന്നമാണ് ളാഹിരീ മദ്ഹബ്. അഹ്‌ലുസ്സുന്നയിലെ പ്രശസ്തരായ പൂര്‍വകാല പണ്ഡിതന്മാരില്‍ പലരും അശ്അരി മാതുരീദീ സരണികളില്‍നിന്നും വ്യതിരിക്തമായ വീക്ഷണങ്ങളുള്ളവരാണ്. അഖീദഃ ഒരു ശാസ്ത്രമായി വളരുകയും മുഅ്തസിലാ മൃവിഭാഗം വ്യതിരിക്തമായ ദൈവശാസ്ത്രം അവതരിപ്പിക്കുകയും യുക്തിയേയും ന്യായശാസ്ത്രത്തെയും യവനതത്വശാസ്ത്രത്തെയും ആധാരമാക്കി അത് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അതേ ആധാരങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുതന്നെ അവരെ നേരിടാന്‍ ശ്രമിച്ചവരാണ് അഹ്‌ലുസ്സുന്നയിലെ അശ്അരി മാതുരൂദി ശാഖകള്‍. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ ന്യായശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഇവരുടെ രീതിയോട് എതിര്‍പ്പുള്ള ഒരു വിഭാഗം അന്നും തുടര്‍ന്നും അഹ്‌ലുസ്സുന്നയില്‍തന്നെ ഉണ്ടായിട്ടുണ്ട്. കര്‍മശാസ്ത്രത്തിലെന്നപോലെ ദൈവശാസ്ത്രവിഷയങ്ങളിലും ഇമാം അഹ്മദിന്റെ പാത പിന്തുടരുന്നവരായിരുന്നു അവരിലധികവും. അബ്ദുല്‍ഖാദിര്‍ജീലാനി, ഇബ്‌നുതൈമിയ്യഃ, ഇബ്‌നുല്‍ഖയ്യിം, ദഹബി തുടങ്ങിയ പ്രശസ്ത പണ്ഡിതന്മാര്‍ ഇവരില്‍പ്പെടുന്നു. അശ്അരിചിന്താസരണിതന്നെയും അതിന്റെ ഉപജ്ഞാതാവായ അബുല്‍ഹസനുല്‍ അശ്അരിയുടെ അന്തിമ വീക്ഷണങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. ജീവിതാന്ത്യത്തില്‍ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഇമാം അഹ്മദിന്റെ മദ്ഹബാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്ന് തന്റെ അല്‍ഇബാനത്തു അന്‍ ഉസ്വൂലുദ്ദിയാനഃ എന്ന കൃതിയില്‍നിന്ന് വ്യക്തമാകുന്നു അതിനാല്‍ സമസ്തക്കാരുടെ വാദം അംഗീകരിക്കുന്നതോടെ സ്വന്തം ഇമാമുകളായി അവര്‍ അംഗീകരിക്കുന്ന പലരും സുന്നികളല്ലാതായിത്തീരുന്നു.

About the author

admin

Leave a Comment