Kalakal

നഗര സംവിധാനം

Written by admin

മുസ്‌ലിം നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും സംവിധാനം ഇസ്‌ലാമിക കലയുടെ ഭാഗമാണ്. നഗര സംവിധാനം സ്വയം ഒരു കല എന്നതിനു പുറമേ സാമൂഹിക ജീവിതത്തില്‍ കലയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുക കൂടി ചെയ്യുന്നു. ലബ്‌നാനിലെ അന്‍ജാറില്‍ ഉമവികളും ബഗ്ദാദില്‍ അബ്ബാസികളും സ്ഥാപിച്ച നഗരങ്ങളാണ് ഇസ്‌ലാമിക നഗരസംവിധാനത്തിലെ പ്രധാനപ്പെട്ട രണ്ട് ആദ്യകാല മാതൃകകള്‍. അന്‍ജാര്‍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുള്ള ചതുര നഗരമായിരുന്നു. കോട്ടകൊണ്ട് നഗരം ഭദ്രമാക്കുകയും ചെയ്തു. നാലു ഭാഗത്തേക്കും വിശാലമായ രാജപാതകളും മധ്യഭാഗത്ത് പള്ളിയും പള്ളിക്കു സമീപം ഭരണ കാര്യാലയ(ദാറുല്‍ ഇമാറഃ)വുമാണ്. മാര്‍ക്കറ്റിന്റെ ഇരുവശത്തുമായി വ്യാപാര സ്ഥാപനങ്ങള്‍. പഴയ ബഗ്ദാദ് വൃത്താകൃതിയിലുള്ള നഗരമായിരുന്നു. നാമാവശേഷമായെങ്കിലും നഗരത്തെ സംബന്ധിച്ച വിവരണങ്ങളില്‍നിന്നു പൂര്‍ണമായ ചിത്രം ലഭിക്കുന്നു. ഇരട്ട ഭിത്തികൊണ്ട് നഗരം ഭദ്രമാക്കിയിരുന്നു. ജനങ്ങള്‍ക്ക് താമസിക്കാനുള്ള വീടുകള്‍ നഗരത്തിനു ചുറ്റുമായി റിംഗിന്റെ ആകൃതിയില്‍ നിര്‍മിച്ചു. വൃത്തത്തിന്റെ മധ്യത്തില്‍ പള്ളിയും രാജധാനിയും. നാലുഭാഗത്തുനിന്നും വന്നുചേരാവുന്ന നാലു പാതകളും കവാടങ്ങളും ഉണ്ടായിരുന്നു ഈ കെട്ടിട സമുച്ചയത്തിന്.
അന്‍ജാര്‍, ബഗ്ദാദ് നഗര സംവിധാനങ്ങള്‍ പില്ക്കാലത്ത് കൂടുതല്‍ മികച്ചതിനു വഴിമാറിക്കൊടുക്കുകയുണ്ടായി. സമീപ പൗരസ്ത്യ മേഖലയിലെ പില്ക്കാല നഗരങ്ങളിലെല്ലാം ഈ മാറ്റം പ്രകടമാണ്. ജനപ്പെരുപ്പവും വംശീയ പ്രശ്‌നങ്ങളും പുതിയ മാറ്റങ്ങള്‍ ആവശ്യമാക്കി. ചില ഭരണാധികാരികള്‍ പൊതുജനങ്ങളെ നഗരഭിത്തിക്കു പുറത്ത് താമസിപ്പിച്ചു. പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ‘ഭരണം’ തടസ്സമാവാതിരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. സ്‌പെയ്‌നില്‍ ഉമവികള്‍ കൊര്‍ദോവക്കു പുറത്താണ് തങ്ങളുടെ രാജധാനി (മദീനതുസ്സഹ്‌റാഅ്) പണിതത്. 13-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മൊറോക്കോ ഭരിച്ച മരീനികളുടെ ആസ്ഥാനമായ ഫാസ്അല്‍ജദീദ് ജനവാസ കേന്ദ്രത്തില്‍ നിന്നകലെയായിരുന്നു. മുഗള്‍ ഇന്ത്യയില്‍ ചക്രവര്‍ത്തി അക്ബര്‍ ആഗ്രയില്‍നിന്നകലെയായി ഫത്ഹ്പൂര്‍ സിക്രി പണിതത് മറ്റൊരുദാഹരണം. സ്വയം പരിപൂര്‍ണവും സ്വയം പര്യാപ്തവുമാവുമായിരുന്നു ഈ രാജകീയ നഗരങ്ങളത്രയും.
ചില പുരാതന നഗരങ്ങള്‍ ഇസ്‌ലാമിനു കീഴടങ്ങിയതോടെ ഇസ്‌ലാമികവത്കരിക്കപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇതിനുദാഹരണമാണ്. ഇസ്‌ലാംവല്‍ക്കരിക്കപ്പെട്ടതോടെ -ഇസ്തംബൂള്‍- നഗരത്തിന് പുതിയ മുഖഛായ കൈവന്നു. പള്ളിയും മതകേന്ദ്രങ്ങളും വിശാലമായ വ്യാപാര സ്ഥലങ്ങളും നിലവില്‍വന്നു. മനോഹരങ്ങളായ സൗധങ്ങള്‍ പണിതു. ഇസ്‌ലാമിക നാഗരികതയുടെ പൊതു സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നഗരങ്ങളും വളര്‍ന്നത്. പ്രത്യേകമായ ആസൂത്രണമൊന്നുമില്ലാതെ സ്വയം വളര്‍ന്നുവന്ന നഗരങ്ങളും ഇസ്‌ലാമിക നാഗരികതയുടെ പൊതുവായ ഒരു താളദീക്ഷ നിലനിര്‍ത്തിയതായി കാണാം. പ്രവാചക ചര്യയുടെ പ്രയോഗവല്‍ക്കരണമായിട്ടാണ് അവ വളര്‍ന്നത്. മനുഷ്യരുടെ ഏറ്റവും സാധാരണമായ ജീവിതത്തിന് അവ വേദിയായി. സ്‌നേഹോഷ്മളമായ അയല്‍പക്ക ബന്ധങ്ങളും സാഹോദര്യവും ദൈവഭയവും ഈ നഗരങ്ങളുടെ ആത്മ ചൈതന്യമായിരുന്നു. ഈ നഗരങ്ങളുടെ പുറംപോലെ അകവും സുന്ദരമായിരുന്നു എന്നര്‍ഥം. അകത്തെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു ബാഹ്യ സൗന്ദര്യങ്ങള്‍. മുസ്‌ലിം നഗരസംവിധാനം യാഥാര്‍ഥ്യാധിഷ്ഠിതം (Reality) എന്നതിനോടൊപ്പം ആത്മീയം (Spritual) കൂടിയായിരുന്നു എന്നതാണ് നേര്. മനുഷ്യരുടെ ഭൗതികാവശ്യങ്ങള്‍ മാത്രമല്ല, ആത്മീയാവശ്യങ്ങള്‍ കൂടി നിറവേറ്റാന്‍ പര്യാപ്തമായിരുന്നു ഇസ്‌ലാമിക നഗരങ്ങള്‍.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

About the author

admin

Leave a Comment