ഇസ്ലാമിക കലയുടെ ഏറ്റവും പ്രൗഢമായ ആവിഷ്കാരങ്ങള്‍ കെട്ടിടങ്ങളാണ്. കഅ്ബഃയെപ്പോലെ അതീവ ലളിതമായിരുന്നു മദീനഃയില്‍ നബി പണിത പള്ളിയുടെ നിര്‍മിതി. ഈത്തപ്പനത്തടിയുടെ തൂണുകളും വെയിലത്തുണക്കിയ മണ്‍കട്ടകള്‍കൊണ്ടു പണിത ചുമരുകളും ഈത്തപ്പനയോലയുടെ മേല്‍ക്കൂരയുമാണ് നബിയുടെ പള്ളിക്കുണ്ടായിരുന്നത്. വിശാലമായ അകത്തളം പ്രാര്‍ഥനക്കും വിശ്രമത്തിനുമായുപയോഗിച്ചു. പള്ളിക്കു ചുറ്റും പണിത കൊച്ചു വീടുകളിലായിരുന്നു നബിയും പത്നിമാരും താമസിച്ചിരുന്നത്. പള്ളിയുടെ നിര്‍മിതിക്ക് പ്രത്യേകമായ തച്ചുശാസ്ത്രമൊന്നും നബി നിര്‍ദേശിച്ചിട്ടില്ല. സിറിയയില്‍ മുസ്ലിംകള് ക്രിസ്ത്യാനികളില്നിന്ന് അവരുടെ പള്ളികള്‍ വിലയ്ക്കു വാങ്ങിയിരുന്നു. കൂഫഃയിലും ബസ്വ്റഃയിലും ഈജിപ്തിലുമൊക്കെ നബിയുടെ പള്ളിയുടെ മാതൃക അനുകരിക്കുകയാണ് ചെയ്തത്. പ്രാര്‍ഥനക്കായി വിശാലമായ തുറന്ന നടുമുറ്റം ഉപയോഗിക്കുകയും വിശ്രമത്തിന് മേല്‍ക്കൂരയുള്ള ചരിവുകള്‍ ഉപയോഗിക്കുകയും ചെയ്തു. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഈ മാതൃക നാഗരികതയുടെ വികാസത്തോടെ തിരോഭവിക്കുകയും പുതിയ രീതിയിലുള്ള സൗധങ്ങള്‍ ധാരാളമായി നിര്‍മിക്കപ്പെടുകയും ചെയ്തു. ഉമവീ വാഴ്ചക്കാലത്താണ് ഈ മാറ്റമുണ്ടായത്. ഖലീഫഃ അബ്ദുല്‍ മലിക്(685-705) ആണ് കെട്ടിട നിര്‍മാണ രംഗത്ത് കലാപരമായ ആര്ഭാടങ്ങള്ക്ക് തുടക്കം കുറിച്ചത്. മുസ്ലിംകളുടെ പ്രഥമ ഖിബ്ലഃയായ മസ്ജിദുല്‍ അഖ്സ്വാക്ക് അബ്ദുല്‍ മലിക് പണികഴിപ്പിച്ച ഖുബ്ബതുസ്സ്വഖ്റഃ (Dome of the Rock) ഇസ്ലാമിക വാസ്തുവിദ്യയുടെ ആദ്യത്തെ ഉജ്ജ്വല മാതൃകയാവുന്നു. സിറിയയിലെയും ഫിലസ്ത്വീനിലെയും ബൈസാന്തിയന്‍ വാസ്തു ശില്പങ്ങളുമായി ഖുബ്ബതുസ്സ്വഖ്റഃയ്ക്ക് ഘടനാപരമായ സാദൃശ്യങ്ങളുണ്ട്. എന്നാല്‍ ബൈസാന്തിയന്‍ വാസ്തു ശില്പങ്ങളില് കാണുന്നതുപോലെയുള്ള മനുഷ്യ-മൃഗ ചിത്ര രൂപങ്ങളൊന്നും ഖുബ്ബതുസ്സ്വഖ്റഃയിലില്ല. മറ്റു തരത്തിലുള്ള അലങ്കാര വേലകളും ഖുര്‍ആന്‍ കൈയെഴുത്തുകളുമാണ് ഖുബ്ബതുസ്സ്വഖ്റഃയെ അലങ്കരിക്കുന്നത്. ജറൂസലമില്‍ ഇസ്ലാമിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നതായിരുന്നു ഈ വാസ്തു ശില്പം.
ഉമവീ ഖലീഫഃ അബ്ദുല്‍ മലികിന്റെ പുത്രന് അല്‍വലീദ് ദമസ്കസില്‍ പണിത മസ്ജിദാണ് ഉമവീ വാസ്തു ശില്പത്തിന്റെ മറ്റൊരു ഉത്തമ ദൃഷ്ടാന്തം. 1893-ലെ അഗ്നിബാധയില്‍ കേടുപാടു സംഭവിക്കുന്നതു വരെ ദമസ്കസ് മസ്ജിദ് അതേ പടി നിലനിന്നിരുന്നു. വിശാലമായ നടുമുറ്റവും ചുറ്റും ആര്‍ക്കേഡും ഉള്ളതായിരുന്നു ഈ പള്ളി. അകത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന മുഖപ്പ് (Faced) ഈ മസ്ജിദിന്റെ പ്രത്യേകതയത്രെ. ഇസ്ലാമിക വാസ്തു വിദ്യയുടെത്തന്നെ ഒരു പൊതു സവിശേഷതയായി ഇതു പരിഗണിക്കപ്പെടുന്നു. മാര്‍ബിളും ഗ്ലാസ് മൊസെയ്ക്കുംകൊണ്ട് പള്ളി മുഴുവന്‍ സമൃദ്ധമായി അലങ്കരിച്ചിരുന്നു. ഖുബ്ബതുസ്സ്വഖ്റഃയിലേതുപോലെ ഖുര്‍ആന്‍ വാക്യങ്ങള്‍ ചിത്രപ്പണികളോടെ ചുമരുകളില്‍ ആലേഖനം ചെയ്യുകയും ചെയ്തു. വൃക്ഷഛായയില്‍ ഒഴുകുന്ന അരുവിയും ഈ പള്ളിയിലെ ചിത്ര വേലയില്‍ ഉള്‍പ്പെടുന്നു.
നബിയുടെയോ സച്ചരിതരായ ആദ്യ ഖലീഫഃമാരുടെയോ മാതൃകകള്‍ പരിഗണിക്കാതെയാണ് ഉമവീ കാലത്തെ ആഡംബരങ്ങള്‍ എന്ന വിമര്‍ശനമുണ്ട്. മൃഗയാ വിനോദങ്ങളുടെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്തതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക കലയുടെ പ്രാരംഭ കാലത്തു സംഭവിച്ച സ്വാഭാവികമായ വ്യതിയാനങ്ങള്‍ മാത്രമായി ഇവയെ കാണുന്ന കലാചരിത്രകാരന്മാരുമുണ്ട്. അനേകം കൊട്ടാരങ്ങളും കോട്ടകളും രാജഭവനങ്ങളും ഉമവികള്‍ പണികഴിപ്പിച്ചിരുന്നു. ഇവയില്‍ പലതിന്റെയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഉത്ഖനനങ്ങളിലൂടെ കണ്ടെടുത്തിട്ടുണ്ട്. ഖസ്വ്റുല്‍ ഖൈര്‍, ഖുസൈ്വറു അംറാ, ഖിര്സതുല് മഫ്ജര്‍, മശാത്വാ ഇവ ഉദാഹരണം.
അബ്ബാസികള്‍ അധികാരത്തില്‍ വന്നതോടെ (ക്രി. 750) ഖിലാഫതിന്റെ തലസ്ഥാനം സിറിയയില്‍നിന്നു ബഗ്ദാദിലേക്കു മാറി. നിയതമായ ഒരു ഇസ്ലാമിക വാസ്തുവിദ്യാ സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നത് അബ്ബാസികളുടെ കാലത്താണ്. കലാ-സാഹിത്യ-ശാസ്ത്ര പ്രവര്‍ത്തനങ്ങളെ അബ്ബാസീ ഖലീഫഃമാര് ഉദാരമായി പ്രോത്സാഹിപ്പിച്ചിരുന്നു. ബഗ്ദാദ് കലയുടെയും സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും മക്കഃയായി വളര്‍ന്നു.
ഉമവികള്‍ ദമസ്കസില്‍ പണിത പള്ളിയുടെ രണ്ടര മടങ്ങ് വലുപ്പമുള്ള (ഏകദേശം 800ഃ500 അടി) ഒരു പള്ളി അബ്ബാസികള്‍ സാമര്റായില് പണിതു. ക്രി. 848-852 കാലത്ത് ഖലീഫഃ അല്‍മുതവക്കില്‍ ആണ് ഇതു പണിതത്. നൂറ്റാണ്ടുകളോളം ലോകത്തെ ഏറ്റവും വലിയ പള്ളിയായി ഇതു നിലനിന്നു. മാര്‍ബിളും ഗ്ലാസ് മൊസൈക്കും കൊണ്ട് അലങ്കരിച്ചിരുന്നു ഈ പള്ളി. മിഹ്റാബിന് എതിര്‍വശത്ത് പിരിയാകൃതിയില് (Spiral) പണിത ഗോപുരം ഈ പള്ളിയുടെ പ്രത്യേകതയായിരുന്നു. 50 മീറ്ററായിരുന്നു ഈ ഗോപുരത്തിന്റെ നീളം. പള്ളിയാണെന്നതിനു ദൂരെനിന്നു കാണാവുന്ന ഒരടയാളമായും പ്രതാപത്തിന്റെ ചിഹ്നമായും ആ ഗോപുരം നിലകൊണ്ടു.
സാമര്റായിലെ തന്നെ അബൂദുലഫ് മസ്ജിദ് അബ്ബാസീ വാസ്തു ശില്പത്തിന് മറ്റൊരുദാഹരണമാണ്. പള്ളിക്കു പുറത്ത് മിഹ്റാബിന് എതിര്‍വശത്തായി ഗോപുരം പണിയുന്ന സമ്പ്രദായം അബ്ബാസീ സാമ്രാജ്യത്തിലുടനീളം പ്രചരിച്ചു. ഇസ്വ്ഫഹാനില്നിന്ന് അബ്ബാസീ മാതൃകയിലുള്ള ഒരു വലിയ പള്ളിയുടെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. കൈറോയിലെ ഇബ്നു ത്വൂലൂന്‍ (ഈജിപ്തിലെ അബ്ബാസീ ഗവര്‍ണറായിരുന്നു അഹ്മദുബ്നു ത്വൂലൂന്‍) മസ്ജിദ് അബ്ബാസീ മാതൃകയിലുള്ള പള്ളിയുടെ ശേഷിക്കുന്ന ഉദാഹരണമാണ്. ക്രി. 879-ലാണ് ഇബ്നു ത്വൂലൂന്‍ മസ്ജിദ് പണിതത്. സാമര്റായിലെ അബൂദുലഫ് പള്ളിയുമായി ഈ പള്ളിക്ക് ഏറെ സമാനതകളുണ്ട്.
ഉത്തരാഫ്രിക്കയുടെ തലസ്ഥാനമായ ഖൈറവാനിലാണ് അബ്ബാസികള്‍ പണിത മറ്റൊരു പ്രധാന പള്ളി. ക്രി. 836-ല്‍ തകര്‍ന്നുപോയ ഈ പള്ളി പിന്നീട് അഗ്ലബീ ഭരണാധികാരി സിയാദതുല്ലായാണ് ഇന്നുള്ള രൂപത്തില്‍ പുതുക്കിപ്പണിതത്. ഖൈറവാന്‍ മസ്ജിദിന്റെ ഉള്‍ഭാഗം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. മിഹ്റാബ് മാര്‍ബിളും ടൈല്സുംകൊണ്ടലങ്കരിച്ചിരിക്കുന്നു. ചതുരംഗപ്പലകയുടെ രീതിയിലാണ് ടൈല്സ്കൊണ്ട് ചുമര് അലങ്കരിച്ചത്. കുറഞ്ഞ ടൈല്സ്കൊണ്ട് ചുമര് മുഴുവന്‍ അലങ്കരിക്കുന്നതിനു വേണ്ടിയാണത്രെ ഇങ്ങനെ ചെയ്തത്.
വലിയ ജുമുഅഃ മസ്ജിദുകള്‍ക്കു പുറമേ കലാമേന്മയുള്ള ചെറിയ നമസ്കാര പള്ളികളും നിര്‍മിക്കപ്പെട്ടു. ഖൈറവാനിലെ മൂന്നു വാതില്‍ പ്പള്ളി ഇതിനു ഉത്തമോദാഹരണമാണ്. അബ്ബാസീ കാലഘട്ടത്തിലാണ് ഗോപുരമിനാരങ്ങള് പള്ളികളുടെ പൊതു സൂചകമായി മാറിയത്. അബ്ബാസികളുടെ പതന കാലത്ത് (ക്രി. 900 മുതല്‍) അനേകം പ്രാദേശിക വാസ്തു വിദ്യാ സമ്പ്രദായങ്ങള്‍ പ്രചാരം നേടിത്തുടങ്ങി. സ്പെയ്ന്‍, ഉത്തരാഫ്രിക്ക, ഈജിപ്ത്, സിറിയ, അറേബ്യ, അനാത്വൂലിയ, ഇറാന്, മധ്യേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ വാസ്തു വിദ്യാ സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നത്. എങ്കിലും ഈ വ്യത്യസ്ത സമ്പ്രദായങ്ങളുടെ മേല്‍ അബ്ബാസീ സ്വാധീനം ശക്തമായിത്തന്നെ നിലനിന്നിരുന്നു. തൂണുകളുടെ നിരകള്കൊണ്ടു താങ്ങിനിര്‍ത്തിയ വിശാലമായ അകത്തളമുള്ള പള്ളികളുടെ നിര്‍മാണ രീതി പൊതുവേ അതേപടി നിലനിന്നുപോന്നു. കൊര്‍ദോവയില്‍ അബ്ദുര്റഹ്മാനിദ്ദാഖില് പണിത പള്ളി ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ കാര്യമായ വിപുലീകരണങ്ങള്ക്കു വിധേയമായി.
ദല്‍ഹിയിലെ ഖുവ്വതുല്‍ ഇസ്ലാം പള്ളി തൂണ് നിരകളുള്ള (Hypostyle type) പള്ളികളുടെ ഒരു വിശിഷ്ട മാതൃകയാണ്. 1210-നും 1229-നുമിടക്ക്, വലുപ്പം തുടക്കത്തിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടി വികസിപ്പിച്ചു. ഒരു നൂറ്റാണ്ടു കഴിഞ്ഞ് അലാഉദ്ദീന്‍ ഖല്‍ജി പള്ളിയുടെ വലുപ്പം വീണ്ടും മൂന്നിരട്ടി വര്‍ധിപ്പിച്ചു. ഖുത്വ്ബ് മിനാറും കമാനാകൃതിയിലുള്ള കവാടവും പള്ളിയുടെ വാസ്തു ശില്പത്തിന് സവിശേഷമായ ഇസ്ലാമിക സൗന്ദര്യം അണിയിക്കുന്നു.
ഇസ്വ്ഫഹാനില് നിളാമുല്‍ മുല്‍കും താജുല്‍ മുല്‍കും മനോഹരങ്ങളായ ഇസ്ലാമിക കലാ സൗന്ദര്യമുള്ള പള്ളികള്‍ പണിതവരാണ്. തൂണുകള്‍ക്കു പകരം ഒരുവശം തുറന്ന ബാരല്‍ ആകൃതിയിലുള്ള കമാനങ്ങള്‍-ഈവാന്‍- ഇസ്വ്ഫഹാനിലെ പള്ളികളുടെ പ്രത്യേകതയാണ്. പള്ളിക്കകത്തെ ഊഷ്മാവ് നിയന്ത്രിക്കുന്നതിന് ഈ ഈവാനുകള്‍ സഹായകമായി. മതാധ്യയനത്തിനും ഈവാനുകള്‍ ഉപയോഗിച്ചു. സല്‍ജൂഖീ ഭരണകാലത്താണ് ഇറാനിലെ പള്ളികളില്‍ ഖുബ്ബഃകള് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഖുബ്ബഃകള് ഏറ്റവുമധികം നിര്‍മിക്കപ്പെട്ടത് ശവകുടീരങ്ങളിന്മേലാണ്. ബുഖാറയിലെ സാമാനീ ശവകുടീരമാണ് മുസ്ലിംലോകത്തെ ഏറ്റവും പഴക്കം ചെന്ന ശവകുടീരം. മധ്യേഷ്യയിലെ അബ്ബാസീ ഗവര്‍ണറായിരുന്ന ഇസ്മാഈലുബ്നു അഹ്മദി(892-907)ന്റെ മരണാനന്തരം നിര്‍മിക്കപ്പെട്ടതാണിത്.
സ്പെയ്നിലെ അല്‍ഹംറാഅ് ഇസ്ലാമിക വാസ്തു ശില്പത്തിന്റെ ഏറ്റവും മഹത്തായ തെളിവായി അവശേഷിക്കുന്നു. ഇസ്ലാമിക വാസ്തു ശില്പങ്ങളിലെ വിശാലമായ ശൂന്യ സ്ഥലങ്ങള്‍ ഇസ്ലാമിന്റെ വിശാലതയെയും പ്രപഞ്ച വീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പറയാറുണ്ട്. മിനാരങ്ങള്‍ വൃക്ഷങ്ങളില്ലാത്ത മരുഭൂമിയുടെ വൈരസ്യത്തെ (Monotony) ഭേദിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ ഏകത്വത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകം കൂടിയത്രെ മിനാരങ്ങള്‍. പ്രകാശം ക്രമീകരിക്കുന്ന വാതായന വിന്യാസങ്ങളാണ് ഇസ്ലാമിക വാസ്തുവിദ്യയിലെ എടുത്തുപറയാവുന്ന സവിശേഷതകളിലൊന്ന്. വര്‍ണ ഗ്ലാസുകള്‍ ഭംഗി മാത്രമല്ല പ്രകാശത്തിന്റെയും താപത്തിന്റെയും ക്രമീകരണം കൂടി ഉദ്ദേശിച്ചുള്ളവയാണ്.
അവലംബം : ഇസ്ലാമിക വിജ്ഞാന കോശം