Kalakal

പരവതാനികളും വസ്ത്രങ്ങളും

Written by admin

പരവതാനി നെയ്ത്ത് നാടോടികളുടെ കലയായാണ് അറിയപ്പെടുന്നത്. ബദവികളും ബര്‍ബരികളും മംഗോളികളും തുര്‍കികളും പരവതാനി നിര്‍മാണത്തില്‍ മുന്നിട്ടുനിന്നു. ഇസ്‌ലാമിക സമൂഹത്തിലെ രണ്ടു പ്രധാന നാടോടി വിഭാഗങ്ങള്‍ തുര്‍കികളും മംഗോളികളുമായിരുന്നു. വൃത്താകൃതിയിലുള്ള തമ്പുകളിലായിരുന്നു ഇവര്‍ പാര്‍ത്തിരുന്നത്. തങ്ങളുടെ തമ്പുകളെ അലങ്കരിക്കുന്നതിനാണ് ആദ്യമായി ഇവര്‍ കെട്ടുള്ള പരവതാനികള്‍ നെയ്തത്. പരവതാനികളുടെ കൂട്ടത്തില്‍ നിസ്തുല പദവി കൈവരികയും ചെയ്തു അവയ്ക്ക്. സഹാറയിലെ ബദവികളും ഇത്തരം കലാമേന്‍മയുറ്റ പരവതാനികള്‍ ഉണ്ടാക്കിയിരുന്നു. അധികകാലം നിലനില്ക്കാന്‍ ശേഷിയുള്ളവയായിരുന്നില്ല നാടോടികള്‍ നിര്‍മിച്ച പരവതാനികള്‍ എന്നതിനാല്‍ അവയൊന്നും ഇന്നു ശേഷിക്കുന്നില്ല. പേര്‍ഷ്യന്‍ ചിത്രകലകളില്‍നിന്നാണ് അവയുടെ ചിത്രങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ഇസ്‌ലാമിക നാഗരികതക്ക് നാടോടികള്‍ നല്കിയ ഏറ്റവും വലിയ കലാ സംഭാവനകളായിരുന്നു പരവതാനികള്‍. നാഗരികര്‍ തങ്ങളുടെ ഭവനങ്ങള്‍ അലങ്കരിക്കുന്നതിന് ഇവരുടെ പരവതാനികള്‍ ഉപയോഗിച്ചു. പള്ളികളിലും കൊട്ടാരങ്ങളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും പരവതാനിക്ക് ഇടം ലഭിച്ചു.
നാടോടികളുടെ പരവതാനി നഗരങ്ങളില്‍ ഇടം കണ്ടെത്തിയതോടെ ശൈലിയിലും ഡിസൈനിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് അവ വിധേയമായി. വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മധ്യേഷ്യയിലെ തുര്‍കുമാനി പരവതാനികള്‍ മുതല്‍ ഇറാനിലെ രാജകീയ പരവതാനികള്‍ വരെ അതിലുള്‍പ്പെടുന്നു. മുഗള്‍ ഇന്ത്യയും പരവതാനി നെയ്ത്തിന് പേരെടുക്കുകയുണ്ടായി. നമസ്‌കാരത്തിനുപയോഗിക്കുന്ന ചെറിയതരം വിരിപ്പുകളും പരവതാനികളുടെ മാതൃകയില്‍ കലാപരമായി നിര്‍മിക്കപ്പെട്ടു. ഖുര്‍ആനിലെ സ്വര്‍ഗ വര്‍ണനകള്‍ പരവതാനിയില്‍ നെയ്‌തെടുക്കാന്‍ ചില കലാകാരന്മാര്‍ ശ്രമിച്ചിരുന്നു. വിശിഷ്യാ, ഇറാനി പരവതാനികളിലാണ് ഇതു കാണുക. ഈ പരവതാനികളിലെല്ലാം ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണവും ആധ്യാത്മികതയും പ്രതീകാത്മകമായി പ്രതിഫലിക്കുന്നതായി കലാ നിരൂപകര്‍ കരുതുന്നു. അസ്തിത്വത്തിന്റെ നൈരന്തര്യത്തെ വ്യഞ്ജിപ്പിക്കുന്നവയാണ് പരവതാനിയിലെ ഡിസൈനുകള്‍. വൈവിധ്യങ്ങളുടെ കലാപരമായ ഏകീഭാവം ഉണ്‍മയുടെ ആത്യന്തിക സത്യത്തെയാണ് സൂചിപ്പിക്കുന്നത്.

ആഡംബരപൂര്‍ണമായ വസ്ത്രങ്ങള്‍ക്ക് മുസ്‌ലിംലോകത്ത് ഇന്നത്തേതിനെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നു മധ്യകാലഘട്ടത്തില്‍. 16-ാം നൂറ്റാണ്ടിലെ ദമസ്‌കസിലെ വിപണി പരിശോധകരെ സംബന്ധിച്ചു ഇബ്‌നുല്‍മുബര്‍റദ് എഴുതിയ കിതാബുല്‍ ഹിസ്ബഃ എന്ന ഗ്രന്ഥത്തില്‍ നഗരത്തിലെ 100 വ്യത്യസ്ത തരം വസ്ത്ര നെയ്ത്തുകാരെക്കുറിച്ചു പറയുന്നുണ്ട്. വസ്ത്രാലങ്കാരങ്ങള്‍ പദവിയെ സൂചിപ്പിക്കുന്നതിനും സ്വത്തായി സമാഹരിക്കുന്നതിനും പണത്തിനു പകരം കൈമാറ്റം ചെയ്യുന്നതിനുമെല്ലാം ഉപയോഗിച്ചിരുന്നു. നിലത്തു വിരിക്കാനും കര്‍ട്ടനുകളായി ഉപയോഗിക്കാനും അലങ്കാരപ്പണികളുള്ള വസ്ത്രങ്ങള്‍ ആളുകള്‍ തങ്ങളുടെ ധനസ്ഥിതിക്കനുസരിച്ച് ഉപയോഗിച്ചുവന്നു. മധ്യപൗരസ്ത്യ ദേശത്തും മധ്യേഷ്യയിലും ഇരിക്കാന്‍ കസേരകള്‍ക്കു പകരം വിരിപ്പുകളും പായകളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ വസ്ത്രങ്ങളുടെയും പരവതാനികളുടെയും സല്‍ജൂഖീ ഭരണത്തിനു മുമ്പുള്ള മാതൃകകളൊന്നും ലഭ്യമല്ല. ചൈനയിലെയും ഇറ്റലിയിലെയും വസ്ത്ര-പരവതാനി വ്യാപാരികള്‍ മുസ്‌ലിംനാടുകളിലേക്ക് കയറ്റിയയക്കുന്നതിനായി ഇസ്‌ലാമിക ഡിസൈനിലുള്ള വസ്ത്രങ്ങളും പരവതാനികളും വന്‍തോതില്‍ ഉല്‍പാദിപ്പിച്ചിരുന്നു. മുസ്‌ലിംനാടുകളില്‍ നെയ്ത വസ്ത്രങ്ങളും പരവതാനികളും തിരിച്ചറിയാതാവാന്‍ ഇതു കാരണമായി.
ഇസ്‌ലാമില്‍ പൗരോഹിത്യമില്ലാത്തതുകൊണ്ട് ഇതര മതങ്ങളിലേതുപോലെ മതപരമായ സ്ഥാനങ്ങള്‍ സൂചിപ്പിക്കുന്ന വസ്ത്രങ്ങളില്ല. വസ്ത്രധാരണത്തിന് മതപരമായ ചില വിധിവിലക്കുകളുണ്ട്. ശരീര ചലനത്തെ തടസ്സപ്പെടുത്തുന്ന ഇറുകിയ വസ്ത്രങ്ങളെ ഇമാം മാലികിനെപ്പോലുള്ള പണ്ഡിതന്മാര്‍ എതിര്‍ത്തിരുന്നു. 16-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തങ്ങളായ രണ്ട് അര്‍ദബീല്‍ പരവതാനികള്‍ യഥാക്രമം ലണ്ടനിലും ലോസ്ഏഞ്ചല്‍സിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വഫവീ വംശ സ്ഥാപകനായ ശൈഖ് സ്വഫിയ്യുദ്ദീന്റെ ഖബ്‌റിടത്തില്‍ വിരിച്ചവയാണ് ഇവ രണ്ടും. 25 ദശലക്ഷം നെയ്ത്തു കെട്ടുകളുള്ളതാണ് ലണ്ടനിലുള്ള പരവതാനി. ലോസ് ഏഞ്ചല്‍സിലേതില്‍ 34 മില്യന്‍ നെയ്ത്തു കെട്ടുകളുണ്ട്. രണ്ട് പരവതാനികളിലും പ്രസിദ്ധ പേര്‍ഷ്യന്‍ കവി ഹാഫിളിന്റെ ഒരീരടി തുന്നിച്ചേര്‍ത്തിട്ടുണ്ട്. ”നിന്റെ ഉമ്മറപ്പടിയല്ലാതെ എനിക്കഭയമില്ല; ഈ കവാടമല്ലാതെ എന്റെ ശിരസ്സു ചായ്ക്കാന്‍ വേറെ ഇടമില്ല” എന്നതാണാ വരികള്‍. ഈ വരികള്‍ക്കു താഴെ പരവതാനി രൂപകല്പന ചെയ്ത കലാകാരന്റെ കൈയൊപ്പുമുണ്ട്- മഖ്‌സൂസ് കാശാന്‍. 1539-40-ലാണ് ഈ പരവതാനികള്‍ നെയ്തത്. ഇസ്‌ലാമിക കലയുടെ തിളക്കമാര്‍ന്ന ഉദാഹരണങ്ങളാണ് ഇത്തരം പരവതാനികളും വെല്‍വെറ്റുകളും.

About the author

admin

Leave a Comment