Quran

അമാനുഷിക ഗ്രന്ഥം

q2.jpg
Written by admin

വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന വസ്തുത ഖുര്‍ആനില്‍ സ്പഷ്ടമായി വിശദീകരിച്ചിട്ടുണ്ട്. തദ്‌വിഷയകമായുള്ള മിക്ക സൂക്തങ്ങളും ഈ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതാണെന്ന് പ്രഖ്യാപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍, ഖുര്‍ആന്‍ തീര്‍ച്ചയായും ദൈവികഗ്രന്ഥമാണെന്ന് മനസ്സിലാക്കാനുതകുന്ന തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ചില സൂക്തങ്ങളും ഉണ്ട്:

”ഈ ഖുര്‍ആന്‍ ഒരു മനുഷ്യകൃതിയാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അതുപോലുള്ള വചനങ്ങള്‍ ഉണ്ടാക്കിക്കാണിക്കൂ” എന്ന് പ്രതിയോഗികളുടെ നേരെ ഖുര്‍ആന്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഈ തെളിവുകളില്‍ പ്രഥമഗണനീയമാകുന്നു. ചിലര്‍ ഈ വെല്ലുവിളിയുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാതെ, ഖുര്‍ആന്റെ ശൈലിയിലെന്നല്ല, ഒരാളുടെ ശൈലിയിലും മറ്റൊരാള്‍ക്ക് ഗദ്യമോ പദ്യമോ നിര്‍മിക്കാന്‍ സാധിക്കുകയില്ലെന്ന് പറയാറുണ്ട്. ഹോമര്‍, റൂമി, ഷേക്‌സ്പിയര്‍, ഗോയ്‌ഥെ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയ ആരെയും അനുകരിച്ച്, അവരുടേതുപോലെയുള്ള സാഹിത്യങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഈയര്‍ഥത്തില്‍ അവരെല്ലാവരും തുല്യതയില്ലാത്തവര്‍തന്നെ. എന്നാല്‍, ‘ഖുര്‍ആനെപ്പോലുള്ള ഒരു വചനം അവര്‍ കൊണ്ടുവരട്ടെ’ എന്ന വെല്ലുവിളിയുടെ അര്‍ഥം ഖുര്‍ആന്റെ ശൈലിയില്‍ അതുപോലെയുള്ള ഒരു ഗ്രന്ഥം എഴുതുകയാണെന്ന് പറയുന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശൈലിയിലുള്ള സാദൃശ്യം മാത്രമല്ല ഇവിടെ അര്‍ഥമാക്കുന്നത്. ഖുര്‍ആനെ ഒരമാനുഷികഗ്രന്ഥമാക്കിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന, തത്ത്വത്തിലും സ്ഥാനത്തിലും അതിനോട് കിടപിടിക്കുന്ന ഒരു ഗ്രന്ഥം അറബിയിലെന്നല്ല, ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ കൊണ്ടുവരൂ എന്നാണ് ആ വെല്ലുവിളിയുടെ വിവക്ഷ.
ഖുര്‍ആന്‍ അന്നും ഇന്നും ഒരു അമാനുഷികഗ്രന്ഥമായി നിലകൊള്ളാന്‍ കാരണമായ സവിശേഷതകളില്‍ മുഖ്യമായ ചിലത് താഴെ പറയുന്നവയാണ്:
1. ഖുര്‍ആന്‍, അതവതരിച്ച കാലഘട്ടത്തിലെ സാഹിത്യത്തിന്റെ അത്യുന്നതവും സമ്പൂര്‍ണവുമായ മാതൃകയാണ്. ഉന്നത നിലവാരം പുലര്‍ത്താത്ത ഒരു പദമോ വാചകമോ അതിലൊരിടത്തുമില്ല. ആശയപ്രകാശനത്തിന് ഏറ്റവും യോജിച്ച പദങ്ങളും വിവരണരീതിയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരേവിഷയം പലതവണ വിവരിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും വിവരണശൈലി നൂതനമാണ്. അതിനാല്‍, ആസ്വാദനത്തിന്റെ രസച്ചരടിന് ഒരിടത്തും ഭംഗം നേരിടുന്നില്ല. തെരഞ്ഞെടുത്ത രത്‌നങ്ങള്‍ കോര്‍ത്തിണക്കിയതുപോലെയാണ് ആദ്യന്തമുള്ള പദഘടന. ഭാഷയറിയുന്ന ഏത് വ്യക്തിക്കും കേട്ടാല്‍ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാത്തവിധം തുളഞ്ഞുചെല്ലുന്നതാണ് അതിലെ വചനങ്ങള്‍. നിഷേധിയുടെയും എതിരാളിയുടെയും ഹൃദയത്തിനുപോലും ഇതനുഭവപ്പെടാതിരിക്കില്ല. ആയിരത്തിനാനൂറു സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഈ ഗ്രന്ഥം അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അത്യുദാത്തമാതൃകയായി വിരാജിക്കുന്നു. സാഹിത്യമൂല്യത്തില്‍ അതിന് സമശീര്‍ഷമായതുപോകട്ടെ, സമീപസ്ഥമായ ഒരു ഗ്രന്ഥംപോലും അറബിയിലുണ്ടായിട്ടില്ല. മാത്രമല്ല, പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷവും അറബിഭാഷയുടെ സാഹിത്യഭംഗിക്ക് മാനദണ്ഡം ഖുര്‍ആന്‍ മാത്രമായി തുടരത്തക്കവിധം അറബിഭാഷയെത്തന്നെ അത് പിടിച്ചുനിര്‍ത്തിയിരിക്കുന്നു. വാസ്തവത്തില്‍ ഇത്രയും കാലത്തിനിടയില്‍ ഏതു ഭാഷയിലും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടാവും. രചനാരീതി, വ്യാകരണം, പ്രയോഗങ്ങള്‍ എന്നിവ ഒരേവിധത്തില്‍ ഇത്രയേറെക്കാലം തുടരുന്ന ഒരു ഭാഷയും ലോകത്തില്ല. ഇവ്വിധം അറബിഭാഷയെ അചഞ്ചലമാക്കിനിര്‍ത്തിയത് ഖുര്‍ആന്റെ ശക്തി മാത്രമാണ്. അതിലെ ഒരു പദവും ഇന്നേവരെ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അതിലെ ഓരോ പ്രയോഗവും അറബിഭാഷയില്‍ ഇന്നുവരെയും പ്രയോഗത്തിലിരിക്കുന്നു. അതിന്റെ സാഹിത്യം ഇന്നും അറബിസാഹിത്യത്തിന്റെ മാനദണ്ഡമാണ്. പതിനാലു നൂറ്റാണ്ടുമുമ്പ് ഖുര്‍ആന്‍ പ്രയോഗിച്ച ഭാഷയാണ് അറബിയില്‍ ഇന്നും വാമൊഴിയുടെയും വരമൊഴിയുടെയും ശുദ്ധമായ ഭാഷ. ഇത്രമേല്‍ മഹത്വമാര്‍ന്ന ഒരു മനുഷ്യകൃതി ലോകത്ത് ഏതെങ്കിലും ഭാഷയിലുണ്ടോ?
2. മാനവസമുദായത്തിന്റെ വിചാരത്തിലും ആചാരത്തിലും സംസ്‌കാരത്തിലും ജീവിതശൈലിയിലും ഇത്ര ഗഹനമായും സമഗ്രമായും പ്രഭാവം ചെലുത്തിയ മറ്റൊരു ഗ്രന്ഥം കണ്ടെത്തുക സാധ്യമല്ല. അതിന്റെ സ്വാധീനം ഒരു ജനതയെയാകെ പരിവര്‍ത്തിപ്പിച്ചു. പിന്നീട് ആ ജനത ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന്റെ ഒരു വലിയ ഭാഗത്തെ പരിവര്‍ത്തനവിധേയമാക്കി. ഇത്രമേല്‍ വിപ്ലവം സാധിച്ച മറ്റൊരു ഗ്രന്ഥം ലോകത്തില്ല. ഈ ഗ്രന്ഥം ഏടുകളില്‍ രേഖപ്പെട്ടുകിടക്കുകയല്ല; അതിലെ ഓരോ പദവും കര്‍മതലത്തില്‍ ഒരു ചിന്ത കരുപ്പിടിപ്പിക്കുകയും സുസ്ഥിരമായ സംസ്‌കാരം പണിതുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. പതിനാലു നൂറ്റാണ്ട് മുമ്പേ തുടങ്ങിയ അതിന്റെ സ്വാധീനം അനുദിനം വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്.
3. ലോകോല്‍പത്തി മുതല്‍ ലോകാവസാനം വരെ പ്രപഞ്ചത്തെയൊന്നാകെ ചൂഴ്ന്നുനില്‍ക്കുമാറ് വിശാലമാണ് ഖുര്‍ആന്റെ പ്രതിപാദ്യം. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യം, ഉല്‍പത്തി, പരിണാമം, ഘടന, വ്യവസ്ഥ തുടങ്ങി എല്ലാറ്റിനെയും അത് സ്പര്‍ശിക്കുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ആര്, അവന്റെ ഗുണങ്ങളെന്ത്, അധികാരങ്ങളെന്ത്, എന്തടിത്തറയിലാണ് അവന്‍ ഈ ലോകത്തിന്റെ വ്യവസ്ഥ കെട്ടിപ്പടുത്തത് തുടങ്ങിയ കാര്യങ്ങളെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നു. ഈ ലോകത്ത് മനുഷ്യന്റെ സാക്ഷാല്‍ സ്ഥാനവും നിലപാടും നിര്‍ണയിച്ചു കാണിച്ചശേഷം, അത് അവന്നൊരിക്കലും മാറ്റാന്‍ സാധ്യമല്ലാത്ത പ്രകൃതിദത്തമായ സ്ഥാനമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ സ്ഥാനവും നിലപാടും കണക്കിലെടുത്ത്, മനുഷ്യനെ സംബന്ധിച്ചേടത്തോളം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന ശരിയായ ചിന്താസരണിയും കര്‍മമാര്‍ഗവുമേത്, യാഥാര്‍ഥ്യവുമായി ഏറ്റുമുട്ടുന്ന തെറ്റായ മാര്‍ഗങ്ങളേത് എന്ന് ചൂണ്ടിക്കാട്ടുന്നു. നേര്‍മാര്‍ഗം നേര്‍മാര്‍ഗമാണെന്നതിനും ദുര്‍മാര്‍ഗം ദുര്‍മാര്‍ഗമാണെന്നതിനും ആകാശത്തിലെയും ഭൂമിയിലെയും ഓരോ വസ്തുവില്‍നിന്നും പ്രപഞ്ചത്തിന്റെ ഓരോ കോണില്‍നിന്നും മനുഷ്യന്റെതന്നെ ശരീരത്തില്‍നിന്നും അസ്തിത്വത്തില്‍നിന്നും  അസംഖ്യം ദൃഷ്ടാന്തങ്ങള്‍ എടുത്തുകാട്ടുന്നു. അതോടൊപ്പം മനുഷ്യന്‍ എങ്ങനെ ദുര്‍മാര്‍ഗങ്ങളിലേക്കു വഴുതിപ്പോവുന്നുവെന്നും എന്നെന്നും ഒന്നു മാത്രമായ നേര്‍മാര്‍ഗം എങ്ങനെ മനുഷ്യന് അറിയാന്‍ കഴിയുമെന്നും ഓരോ കാലഘട്ടത്തിലും അത് എങ്ങനെ അവതരിപ്പിക്കപ്പെട്ടുവെന്നും വിവരിക്കുന്നു. നേര്‍മാര്‍ഗം ചൂണ്ടിക്കാട്ടുക മാത്രമല്ല, അതിലൂടെ ചലിക്കാന്‍ ഒരു സമ്പൂര്‍ണ ജീവിതപദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കുകകൂടി ചെയ്യുന്നു. അതില്‍ വിശ്വാസം, സദാചാരം, ആത്മസംസ്‌കരണം, നാഗരികത, സാമ്പത്തികം, രാഷ്ട്രീയം, കോടതിനിയമം മുതലായ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്ന നിയമങ്ങളെ സമഞ്ജസമായി കോര്‍ത്തിണക്കിയിരിക്കയാണ്. കൂടാതെ, നേര്‍മാര്‍ഗത്തിലൂടെ ചലിച്ചാലും ദുര്‍മാര്‍ഗത്തിലൂടെ ചലിച്ചാലും ഈ ലോകത്തും ഈ ലോകവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുശേഷം പരലോകത്തും എന്തെന്ത് ഫലങ്ങളാണുളവാകുകയെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ഇഹലോകാന്ത്യത്തിന്റെയും പരലോകാരംഭത്തിന്റെയും സ്വഭാവം വിശദമായി വരഞ്ഞുകാട്ടുന്നു. മാറ്റത്തിന്റെ എല്ലാ ഘട്ടങ്ങളും ഓരോന്നോരോന്നായി പ്രതിപാദിക്കുന്നു. പരലോകത്തിന്റെ പൂര്‍ണമായ ചിത്രം കണ്‍മുമ്പാകെ അവതരിപ്പിക്കുന്നു. അവിടെ മനുഷ്യന്‍ എങ്ങനെ പുനരുജ്ജീവിക്കുന്നു, ഐഹികപ്രവര്‍ത്തനങ്ങളുടെ വിചാരണ എങ്ങനെ നടക്കുന്നു, എന്തെല്ലാം കാര്യങ്ങളെപ്പറ്റി ചോദ്യംചെയ്യപ്പെടുന്നു, തന്റെ പ്രവര്‍ത്തനറെക്കോര്‍ഡുകള്‍ അനിഷേധ്യമായ രൂപത്തില്‍ എങ്ങനെ ഹാജരാക്കപ്പെടുന്നു, അവയ്ക്ക് ഉപോദ്ബലകമായി എത്ര ശക്തമായ സാക്ഷ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നു, രക്ഷ ലഭിക്കുന്നവന് രക്ഷയും ശിക്ഷ ലഭിക്കുന്നവന് ശിക്ഷയും എന്തുകൊണ്ടു ലഭിക്കുന്നു, രക്ഷപ്രാപിക്കുന്നവര്‍ നേടുന്ന സമ്മാനങ്ങള്‍ എന്ത്, ശിക്ഷയനുഭവിക്കേണ്ടവര്‍ നേരിടുന്ന ഭവിഷ്യത്തുകള്‍ എന്ത് എന്നിത്യാദി കാര്യങ്ങളെല്ലാം ഖുര്‍ആന്‍ നിവര്‍ത്തിവയ്ക്കുന്നു. ഈ വിഷയങ്ങളെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നത്, ചില സിദ്ധാന്തങ്ങള്‍ നിരത്തിവച്ച് അനുമാനം നടത്തുന്ന രീതിയിലല്ല. മറിച്ച്, ഖുര്‍ആന്റെ കര്‍ത്താവ് യാഥാര്‍ഥ്യവുമായി നേരിട്ട് ബന്ധമുള്ളവനും ആദ്യം മുതല്‍ അന്ത്യംവരെയുള്ള എല്ലാറ്റിനെയും കാണുന്നവനും സര്‍വജ്ഞനുമാണ് എന്ന നിലയ്ക്കാണ്. പ്രപഞ്ചമാസകലം, നിവര്‍ത്തിവച്ച ഒരു ഗ്രന്ഥംപോലെ അവന്റെ മുമ്പാകെ തുറന്നുകിടക്കുകയാണ്. മാനവസമുദായത്തെ അതിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ മാത്രമല്ല, ഒടുക്കം മുതല്‍ പുനരുജ്ജീവിതം വരെയും അവന്‍ കാണുന്നു. അനുമാനത്തെയോ ഊഹത്തെയോ ആസ്പദമാക്കിയല്ല, ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് അവന്‍ മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. അവന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളിലൊന്നുപോലും അബദ്ധമെന്ന് തെളിയിക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും അവതരിപ്പിക്കുന്ന സങ്കല്‍പനം അനുഭവങ്ങളോടും സംഭവങ്ങളോടും പൂര്‍ണമായി പൊരുത്തപ്പെടുന്നതും, ഓരോ ശാസ്ത്രശാഖയെയും സംബന്ധിച്ചിടത്തോളം ഗവേഷണത്തിന് ആധാരമായിത്തീരാവുന്നതുമാണ്.അവന്റെ വചനത്തില്‍ ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും നാഗരികതയുടെയും അന്തിമ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ സമഗ്രവും സമ്പൂര്‍ണവുമായ ഒരു ചിന്താസരണി രൂപപ്പെടുത്തക്കവിധം അവ തമ്മില്‍ യുക്തിയുക്തമായ പരസ്പരബന്ധമുണ്ട്. പ്രായോഗികജീവിതത്തില്‍, ഓരോ തുറയിലും ഖുര്‍ആന്‍ മനുഷ്യനു നല്‍കിയ മാര്‍ഗദര്‍ശനമാകട്ടെ തികച്ചും യുക്തിപൂര്‍വവും പരിശുദ്ധവുമാണ്. മാത്രമല്ല, പതിനാലു നൂറ്റാണ്ടുകളായി ലോകത്തിന്റെ മുക്കുമൂലകളില്‍  മനുഷ്യര്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളതും അത്യുത്തമമെന്ന് അനുഭവം തെളിയിച്ചിട്ടുള്ളതുമാണത്. ഇത്രയും ബൃഹത്തായ ഒരു മനുഷ്യകൃതി ലോകത്തുണ്ടോ? എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?
4. ഈ ഗ്രന്ഥം പൂര്‍ണമായി ഒറ്റയടിക്ക് എഴുതി ലോകത്തിന്റെ മുമ്പാകെ സമര്‍പ്പിച്ചതല്ല. മറിച്ച്, ചില പ്രാഥമികമായ നിര്‍ദേശങ്ങളോടെ ഒരു സംസ്‌കരണപ്രസ്ഥാനത്തിന് തുടക്കംകുറിക്കപ്പെട്ടു. തുടര്‍ന്നുള്ള ഇരുപത്തിമൂന്ന് വര്‍ഷങ്ങളോളം ആ പ്രസ്ഥാനം കടന്നുപോയ ഘട്ടങ്ങളുടെ ആവശ്യങ്ങള്‍ക്കും പരിതഃസ്ഥിതികള്‍ക്കും അനുസൃതമായി അധ്യായങ്ങള്‍ ദീര്‍ഘമായ പ്രഭാഷണങ്ങളായും ഹ്രസ്വമായ വചനങ്ങളായും പ്രസ്ഥാനനായകന്റെ ജിഹ്വയിലൂടെ കേള്‍പ്പിക്കപ്പെടുകയാണുണ്ടായത്. ഈ ദൗത്യത്തിന്റെ സമാപനത്തോടെ, പല ഘട്ടങ്ങളിലായി അവതരിപ്പിച്ച അധ്യായങ്ങള്‍ ഒരു സമ്പൂര്‍ണ ഗ്രന്ഥമായി സമാഹരിക്കപ്പെടുകയും അത് ‘ഖുര്‍ആന്‍’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പ്രസ്തുത പ്രഭാഷണങ്ങളും വചനങ്ങളും താന്‍ നിര്‍മിച്ചതല്ലെന്നും പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചുതന്നതാണെന്നും പ്രസ്ഥാനനായകന്‍ വ്യക്തമാക്കുന്നു. അവ അദ്ദേഹത്തിന്റെ പ്രതിഭയുടെ സൃഷ്ടിയാണെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍, ഒരു മനുഷ്യന്‍ വര്‍ഷങ്ങളോളം നിരന്തരമായി സുശക്തമായൊരു സാമൂഹികപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും അതിനിടയില്‍ ചിലപ്പോള്‍ ഒരു ധര്‍മോപദേശകനായും ചിലപ്പോള്‍ മര്‍ദിതവിഭാഗത്തിന്റെ നേതാവായും മറ്റുചിലപ്പോള്‍ ഒരു ജേതാവായും രാഷ്ട്രത്തലവനായും പടനായകനായും നിയമനിര്‍മാതാവായും വിവിധ സന്ദര്‍ഭങ്ങളിലായി ചെയ്ത പ്രസംഗങ്ങളും പറഞ്ഞ വാക്കുകളും സമാഹരിച്ച്, ആദ്യന്തം സുഘടിതവും സമ്പൂര്‍ണവും സമഗ്രവും പരസ്പരവൈരുധ്യമില്ലാത്തതും ആദ്യാവസാനം ഒരേ വിഷയത്തിലൂന്നിനില്‍ക്കുന്നതുമായ ഒരു ചിന്താ-കര്‍മപദ്ധതി തയാറാക്കിയതിന് ലോകചരിത്രത്തില്‍നിന്ന് ഒരു ഉദാഹരണമെങ്കിലും അവര്‍ ചൂണ്ടിക്കാണിക്കട്ടെ.
5. പ്രസ്തുത പ്രഭാഷണങ്ങളും വചനങ്ങളും ഏതൊരു നേതാവിന്റെ ജിഹ്വയിലൂടെ പുറത്തുവന്നുവോ ആ നേതാവ് അവ കേള്‍പ്പിക്കുവാനായി പൊടുന്നനെ ഒരു മൂലയില്‍നിന്ന് പ്രത്യക്ഷനാവുകയും എല്ലാം കേള്‍പ്പിച്ചശേഷം അപ്രത്യക്ഷനാവുകയുമല്ല ഉണ്ടായത്. തന്റെ പ്രസ്ഥാനം ആവിര്‍ഭവിക്കുന്നതിനുമുമ്പ് മനുഷ്യസമൂഹത്തില്‍ അദ്ദേഹം ജീവിച്ചിരുന്നു, പ്രസ്തുത വചനങ്ങള്‍ കേള്‍പ്പിച്ച ശേഷവും അന്ത്യംവരെ ആ സമൂഹത്തില്‍ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെയും പ്രഭാഷണങ്ങളുടെയും ഭാഷയും ശൈലിയും ജനങ്ങള്‍ക്ക് സുപരിചിതമായിരുന്നു. അവയില്‍ വലിയൊരു ഭാഗം ഹദീസുകളായി ഇപ്പോഴും രേഖപ്പെട്ടുകിടപ്പുണ്ട്. അറബി ഭാഷാപണ്ഡിതന്മാര്‍ക്ക് അവ പരിശോധിച്ച് അദ്ദേഹത്തിന്റെ സ്വന്തമായുള്ള ശൈലി എന്തായിരുന്നു എന്ന് കണ്ടെത്താവുന്നതാണ്. ഖുര്‍ആന്റെ ഭാഷയും ശൈലിയും അദ്ദേഹത്തിന്റെ ഭാഷയില്‍നിന്നും ശൈലിയില്‍നിന്നും വളരെയേറെ ഭിന്നമാണെന്ന് അറബിഭാഷാപരിജ്ഞാനികള്‍ അന്ന് മനസ്സിലാക്കി, ഇന്നും മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണമധ്യേ ആ ഗ്രന്ഥത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ചേടത്ത് പോലും രണ്ടും തമ്മിലുള്ള അന്തരം ഏറെ പ്രകടമാണ്. ലോകത്തിലെ ഏതെങ്കിലും ഒരു മനുഷ്യന് കാലാകാലങ്ങളില്‍ വളരെ ഭിന്നമായ രണ്ട് ശൈലികളില്‍ സംസാരിച്ചുകൊണ്ടിരിക്കാനും പരസ്പരഭിന്നമായ ആ രണ്ട് ശൈലികളും ഒരാളുടേതാണെന്ന രഹസ്യം പുറത്തുവിടാതിരിക്കാനും സാധ്യമായിട്ടുണ്ടോ? താല്‍ക്കാലികമായോ സാന്ദര്‍ഭികമായോ ഇത്തരമൊരു കൃത്രിമം കാണിക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍, ഇരുപത്തിമൂന്ന് വര്‍ഷക്കാലം അനുസ്യൂതമായി ഒരാള്‍ ദിവ്യബോധനമായി അവതരിക്കുന്ന വചനങ്ങളുടെ ശൈലി ഒരുവിധത്തിലും, സ്വന്തം സംഭാഷണത്തിന്റെയും പ്രഭാഷണങ്ങളുടെയും ശൈലി തികച്ചും ഭിന്നമായ മറ്റൊരു വിധത്തിലും ആവണമെന്ന നിഷ്‌കര്‍ഷ പുലര്‍ത്താന്‍ ഒരിക്കലും സാധ്യമല്ല.
6. ആ നേതാവിന് പ്രസ്ഥാനനായകത്വം വഹിക്കവെ വിവിധ സ്ഥിതിവിശേഷങ്ങളെ നേരിടേണ്ടിവന്നു. വര്‍ഷങ്ങളോളം നാട്ടുകാരുടെയും സ്വന്തം ഗോത്രക്കാരുടെയും പരിഹാസവും അവഹേളനവും അക്രമമര്‍ദനങ്ങളും സഹിക്കേണ്ടിവന്നു; മര്‍ദനത്തിന്റെ കാഠിന്യംകൊണ്ട് അദ്ദേഹത്തിന്റെ സഖാക്കള്‍ നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായി; ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി. അങ്ങനെ അദ്ദേഹത്തിനും നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു; തുടര്‍ന്ന് നിരന്തരമായി യുദ്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. അതില്‍ വിജയവും പരാജയവും ഉണ്ടായി. ഒടുവില്‍ ശത്രുക്കളെ ജയിച്ചു, തന്നെ മര്‍ദിച്ച ശത്രുക്കള്‍ തന്റെ മുമ്പാകെ കീഴടങ്ങി, അപൂര്‍വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അധികാരം അദ്ദേഹത്തിന് ലഭിച്ചു. ഇപ്പറഞ്ഞ അവസ്ഥകളിലെല്ലാം ഒരു മനുഷ്യന്റെ വികാരങ്ങള്‍ തുല്യമായിരിക്കില്ലെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ, മേല്‍സൂചിപ്പിച്ച സന്ദര്‍ഭങ്ങളിലെല്ലാം ആ പ്രസ്ഥാനനേതാവ് തന്റേതായി നല്‍കിയ പ്രസ്താവനകളില്‍ മനുഷ്യസഹജമായ വികാരങ്ങള്‍ വ്യക്തമായി പ്രതിഫലിച്ചുകാണുന്നുണ്ട്. എന്നാല്‍, ദിവ്യബോധനമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജിഹ്വയിലൂടെ പുറത്തുവന്ന വചനങ്ങള്‍ അത്തരം മാനുഷികവികാരങ്ങളില്‍നിന്ന് തികച്ചും മുക്തമാണ്. അതിലെവിടെയെങ്കിലും മാനുഷികവികാരങ്ങള്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഏറ്റവും വലിയ ഒരു വിമര്‍ശകന്നുപോലും ചൂണ്ടിക്കാട്ടുക സാധ്യമല്ല.
7. ഈ ഗ്രന്ഥത്തില്‍ കാണുന്ന വിശാലവും സമഗ്രവുമായ വിജ്ഞാനങ്ങള്‍ അക്കാലത്തെ അറബികളോ റോമക്കാരോ ഗ്രീക്കുകാരോ ഇറാന്‍കാരോ ആയ പണ്ഡിതന്മാര്‍ക്ക് മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലെ മഹാപണ്ഡിതന്മാര്‍ക്കുപോലും ലഭ്യമല്ല. ഇന്ന് ശാസ്ത്രത്തിന്റെയോ തത്ത്വചിന്തയുടെയോ സാമൂഹികശാസ്ത്രത്തിന്റെയോ മണ്ഡലത്തില്‍ ആയുഷ്‌കാലം മുഴുവന്‍ ഗവേഷണനിരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ചില പ്രശ്‌നങ്ങളുടെ അന്തിമമായ ഉത്തരം മനുഷ്യന്‍ കണ്ടെത്തുന്നത്. പിന്നീട്, അവന്‍ അഗാധദൃഷ്ടിയോടെ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ ആ മറുപടികള്‍ അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. ഇത് ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ശാഖയില്‍ മാത്രമല്ല, പ്രപഞ്ചവുമായും മനുഷ്യനുമായും ബന്ധമുള്ള എല്ലാ ശാസ്ത്രശാഖകളിലും കാണുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍മണലാരണ്യത്തില്‍ ഒരു നിരക്ഷരന് വിജ്ഞാനത്തിന്റെ ഓരോ ശാഖയിലും ഇത്ര അഗാധമായ പരിജ്ഞാനമുണ്ടായിരുന്നുവെന്നും എല്ലാ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിച്ച് വ്യക്തവും ഖണ്ഡിതവുമായ ഒരു മറുപടി അദ്ദേഹം കണ്ടെത്തിയെന്നും എങ്ങനെ വിശ്വസിക്കാന്‍ കഴിയും!
ഖുര്‍ആന്റെ അമാനുഷികതയ്ക്ക് ഇനിയും കാരണങ്ങളുണ്ട്. എന്നാല്‍, മേല്‍പ്പറഞ്ഞ കാരണങ്ങള്‍ പരിശോധിച്ചാല്‍തന്നെ ഒരു സംഗതി ബോധ്യമാവും; ഖുര്‍ആന്റെ അവതരണകാലത്ത് അതെത്രത്തോളം അമാനുഷികമായി തോന്നിയിരുന്നുവോ അതിനേക്കാള്‍ എത്രയോ കൂടുതല്‍ വ്യക്തമാണ് ഇന്ന്അതിന്റെ അമാനുഷികത. ദൈവേഛയാല്‍ അന്ത്യനാള്‍വരെ പൂര്‍വോപരി അത് വ്യക്തമായിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

About the author

admin

Leave a Comment