Pramanangal Quran

ഖുര്‍ആന്‍ : അവതരണം ക്രോഡീകരണം

q4.jpg
Written by admin

‘തൗറാത്ത് (ബൈബിള്‍ പഴയനിയമം), ഇഞ്ചീല്‍ (ബൈബിള്‍ പുതിയനിയമം), ഖുര്‍ആന്‍ എന്നിവയാണ് പ്രവാചകന്മാരിലൂടെ ദൈവം ജനങ്ങള്‍ക്കെത്തിച്ച മുഖ്യവേദങ്ങള്‍. യഥാക്രമം മോസസ് (മൂസാ), യേശുക്രിസ്തു (ഈസാ), മുഹമ്മദ് എന്നീ ദൈവദൂതന്മാരാണ് പ്രസ്തുതഗ്രന്ഥങ്ങള്‍ ജനങ്ങള്‍ക്കെത്തിച്ചുകൊടുത്തത്. തൗറാത്തും ഇഞ്ചീലും സബൂറൂം പൂര്‍ണരൂപത്തില്‍ ഒന്നിച്ച് അതത് പ്രവാചകന് ദൈവസന്ദേശമായി ലഭിച്ചതായാണ് ഗണിക്കപ്പെടുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി ദീര്‍ഘമായ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴായി ചെറുഭാഗങ്ങളായാണ് അന്തിമവേദഗ്രന്ഥമായ ഖുര്‍ആന്‍ മുഹമ്മദ്‌നബിക്കവതരിച്ചത്. ഈ വസ്തുത ഖുര്‍ആന്‍ തന്നെ വെളിപ്പെടുത്തുന്നു.

وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيل

”ഖുര്‍ആനെ നാം (വിവിധ) ഖണ്ഡങ്ങളാക്കി (അവതരിപ്പിച്ചു). നീ ജനങ്ങള്‍ക്കത് സാവധാനം ഓതിക്കേള്‍പ്പിക്കാന്‍ പാകത്തില്‍. അതിനെ നാം അല്‍പാല്‍പമായിത്തന്നെയാണ് ഇറക്കിയിട്ടുള്ളത്” (17: 106)
ഖുര്‍ആന്‍ എന്തുകൊണ്ട് ഒറ്റയടിക്ക് അവതീര്‍ണമായില്ല എന്ന അവിശ്വാസികളുടെ ചോദ്യത്തിന് ഖുര്‍ആന്‍ തന്നെ മറുപടി നല്‍കിയതിങ്ങനെയാണ്:

  وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِ فُؤَادَكَ ۖ وَرَتَّلْنَاهُ تَرْتِيلًا

﴾”സത്യനിഷേധികള്‍ പറയുന്നു; എന്തുകൊണ്ട് ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടില്ല? അങ്ങനെ ചെയ്തത് നാം അതുവഴി താങ്കളുടെ മനസ്സിനെ ദൃഢപ്പെടുത്താന്‍ വേണ്ടിയാകുന്നു. അതിനെ നാം സാവകാശം (താങ്കള്‍ക്ക്) ഓതിത്തന്നിരിക്കുന്നു” (25: 32).

ക്രിസ്താബ്ദം 610-ലായിരുന്നു ഖുര്‍ആന്‍ അവതരിച്ചുതുടങ്ങിയത്. ഇതുസംബന്ധമായി പ്രസിദ്ധ ഹദീസ്ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ നബി(സ)യുടെ പത്‌നി ആഇശ(റ)യില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ള ഹദീസ് ഇപ്രകാരമാണ്: ”റസൂലി(സ)ന് ആദ്യകാലത്ത് ഉണ്ടായ ദിവ്യവെളിപാടുകള്‍ ഉത്തമസ്വപ്നങ്ങളായിരുന്നു. അദ്ദേഹത്തിനുണ്ടായ സ്വപ്നദര്‍ശനങ്ങള്‍ പ്രഭാതോദയം പോലെ യാഥാര്‍ഥ്യമായി പുലര്‍ന്നുകൊണ്ടിരുന്നു. പിന്നീടദ്ദേഹത്തിന് ജനങ്ങളില്‍നിന്നകന്ന് തനിയെ ഇരിക്കുന്നതില്‍ താല്‍പര്യമുണ്ടായി. ഹിറാഗുഹയിലാണദ്ദേഹം തനിച്ചിരിക്കാറുണ്ടായിരുന്നത്. അവിടെ ഏതാനും രാത്രികള്‍ തുടര്‍ച്ചയായി ഭജനമിരിക്കും. പിന്നെ വീട്ടില്‍വന്ന് ആവശ്യമായ ആഹാരസാധനങ്ങളുമായി തിരിച്ചുപോകും. (അതുതീര്‍ന്നാല്‍) വീണ്ടും (പത്‌നി) ഖദീജയുടെ അടുക്കല്‍ വന്ന് ഭക്ഷണസാധനങ്ങളുമായി പോകും. അങ്ങനെയിരിക്കെ അദ്ദേഹത്തിന് സത്യപ്രകാശം ലഭിച്ചു. അദ്ദേഹം ഹിറാഗുഹയിലിരിക്കുമ്പോള്‍ ഒരു മാലാഖ അടുത്തുവന്ന് അദ്ദേഹത്തോട് പറഞ്ഞു: ‘വായിക്കൂക’ അദ്ദേഹം പ്രതിവചിച്ചു: ‘എനിക്ക് വായന വശമില്ല.’ അദ്ദേഹം പറയുന്നു: അപ്പോള്‍ മലക്ക് എന്നെ ചേര്‍ത്തുപിടിച്ചു. എനിക്ക് വലിയ ഞെരുക്കമനുഭവപ്പെട്ടു. പിന്നീടെന്നെ വിട്ടയച്ചുകൊണ്ട് പറഞ്ഞു: ‘വായിക്കൂ.’ ഞാന്‍ പറഞ്ഞു: ‘എനിക്ക് വായന വശമില്ല.’ അപ്പോള്‍ രണ്ടാമതും എന്നെ ചേര്‍ത്തുപിടിച്ചു. എനിക്ക് അതിയായ ഞെരുക്കമനുഭവപ്പെട്ടു. വീണ്ടും എന്നെ വിട്ടയച്ചുകൊണ്ട് പറഞ്ഞു: ‘വായിക്കൂ.” ഞാനാവര്‍ത്തിച്ചു: ‘എനിക്ക് വായന വശമില്ല.’ അപ്പോള്‍ മൂന്നാമതും എന്നെ ചേര്‍ത്തുപിടിച്ചു. പിന്നീട് വിട്ടയച്ചശേഷം പറഞ്ഞു: ”വായിക്കുക, സൃഷ്ടികര്‍ത്താവായ നിന്റെ നാഥന്റെ നാമത്തില്‍. മനുഷ്യനെയവന്‍ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ നാഥന്‍ അത്യുദാരനത്രെ. പേനകൊണ്ട് പഠിപ്പിച്ചവനല്ലോ അവന്‍. മനുഷ്യനറിയാത്തത് അവന്‍ പഠിപ്പിച്ചു.”
ഇതിനെത്തുടര്‍ന്ന് മുഹമ്മദ് നബി ചകിതനായി വീട്ടിലേക്ക് മടങ്ങിയതും പത്‌നി ഖദീജ അദ്ദേഹത്തെ ആശ്വസിപ്പിച്ചതുമായ സംഭവങ്ങള്‍ ഹദീസില്‍ വിവരിക്കുന്നുണ്ട്. അഞ്ചു സൂക്തങ്ങളാണ് ഇങ്ങനെ ഖുര്‍ആനില്‍നിന്ന് ആദ്യമായി നബിക്കവതരിച്ചത്. ഖുര്‍ആനിലെ 96-ാം അധ്യായം അല്‍ അലഖിലെ ആദ്യത്തെ വാചകങ്ങളാണവ. ഇത് അറബി കാലഗണനയനുസരിച്ച് വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാനിലെ ഒരു രാത്രിയിലായിരുന്നുവെന്ന് ഖുര്‍ആന്‍ 2: 185-ാം സൂക്തത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
മുഹമ്മദ് നബിക്ക് അവതീര്‍ണമായ വേദഗ്രന്ഥത്തിന് ഖുര്‍ആന്‍ (പാരായണം ചെയ്യപ്പെടുന്നത്) എന്നും അല്‍ കിതാബ് (ഗ്രന്ഥം) എന്നും നാമകരണം ചെയ്തത് ഖുര്‍ആന്‍ തന്നെയാണ്. അപ്രകാരംതന്നെ അതിലെ അധ്യായങ്ങള്‍ക്ക് സൂറത്ത് എന്നും സൂക്തങ്ങള്‍ക്ക് ആയത്ത് എന്നും ഖുര്‍ആന്‍ തന്നെ പേരിട്ടിരിക്കുന്നു. കേവലം മൂന്നു ചെറുവാക്യങ്ങള്‍ മാത്രമുള്ള സൂറത്തുല്‍ കൗസര്‍ മുതല്‍ 286 സൂക്തങ്ങളടക്കിയ സൂറത്തുല്‍ ബഖറ വരെ ചെറുതും വലുതുമായ 114 അധ്യായങ്ങളാണ് ഖുര്‍ആനിലുള്ളത്.
ഈ കാലയളവില്‍ ചിലപ്പോള്‍ ചെറു അധ്യായങ്ങള്‍ മുഴുവനായും മറ്റു ചിലപ്പോള്‍ ഏതാനും സൂക്തങ്ങളോ ഒരു സൂക്തത്തിന്റെ ചെറുഭാഗമോ മാത്രമായുമാണ് ദിവ്യസന്ദേശം അവതരിച്ചിരുന്നത്. മുകളില്‍ പറഞ്ഞ സൂറത്തുല്‍അലഖിലെ ആദ്യഭാഗം പോലെ അഞ്ചു സൂക്തങ്ങള്‍ വീതം നബിക്കവതരിച്ചിരുന്നതായി പറയുന്ന ഹദീസുകളുണ്ട്. സൂറത്തുല്‍ മുഅ്മിനൂനിലെ ആദ്യത്തെ പത്തുവാക്യങ്ങളും സൂറത്തുന്നൂറിലെ 11 മുതല്‍ 21 വരെ ആയത്തുകളും പോലെ ചിലപ്പോള്‍ പത്തുവീതം സൂക്തങ്ങള്‍ ഇറങ്ങിയതായും കാണാം. അപൂര്‍വമായി ദീര്‍ഘമായ അധ്യായങ്ങള്‍ മുഴുവനായും (ഉദാ: സൂറത്തുല്‍ അന്‍ആം) അവതരിക്കുകയുണ്ടായിട്ടുണ്ട്.

വഹ്‌യ് അഥവാ ദിവ്യബോധനം
മനുഷ്യനായ പ്രവാചകന് അദൃശ്യനും നിരാകാരനുമായ ദൈവത്തിങ്കല്‍നിന്ന് സന്ദേശം ലഭിച്ച മാര്‍ഗവും രീതിയുമെന്തായിരുന്നുവെന്നത് ദൈവഗ്രന്ഥത്തെ സംബന്ധിക്കുന്ന പഠനത്തില്‍ വളരെ പ്രസക്തമാണ്. ഖുര്‍ആന്‍ അതിനുത്തരം നല്‍കുന്നു:

وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ 

”ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല ; ദിവ്യബോധനത്തിന്റെ രൂപത്തിലല്ലാതെ. അഥവാ ഒരു മറയ്ക്കു പിന്നില്‍നിന്ന്. അല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്, എന്നിട്ട് അവന്റെ അനുമതിയോടെ ആ ദൂതന്‍ അവനുദ്ദേശിക്കുന്നത് ബോധനം ചെയ്യുന്നു. നിശ്ചയം, അവന്‍ സര്‍വോന്നതനും യുക്തിജ്ഞനുമത്രെ” (42: 51). പ്രവാചകന്റെ മനസ്സില്‍ ദൈവികമായുണ്ടാകുന്ന വെളിപാട്, അദൃശ്യനായ ദൈവത്തില്‍നിന്ന് ശ്രവിക്കുന്ന അശരീരി, ദൈവസന്ദേശവാഹകരായ മാലാഖമാര്‍ മുഖേന ലഭിക്കുന്ന സന്ദേശം ഇങ്ങനെ മൂന്നു മാര്‍ഗേണയാണ് ദൈവസന്ദേശം മനുഷ്യന് ലഭിക്കുകയെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് ലഭിച്ചത് ദൈവനിയുക്തനായ മാലാഖ ജിബ്‌രീല്‍ മുഖേനയാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു:

وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ     نَزَلَ بِهِ الرُّوحُ الْأَمِينُ   عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ

”നിശ്ചയം, അത് (ഖുര്‍ആന്‍) ലോകനാഥനില്‍നിന്നവതീര്‍ണമായതത്രെ. വിശ്വസ്തനായ ആത്മാവ് (ജീബ്‌രീല്‍) അതിനെ അവതരിപ്പിച്ചു; താങ്കളുടെ ഹൃദയത്തില്‍. താങ്കള്‍ മുന്നറിയിപ്പുകാരിലുള്‍പ്പെടുന്നതിന്” (26: 192-194)
മനുഷ്യരിലാര്‍ക്കെങ്കിലും ദൈവം പ്രത്യേകമായ ബോധനം നല്‍കുകയെന്ന സങ്കല്‍പത്തെത്തന്നെ തള്ളിക്കളഞ്ഞുകൊണ്ട് ഖുര്‍ആന്‍ മുഹമ്മദിന്റെ കവിഭാവനയിലൂറിക്കൂടിയതാണെന്നും അതല്ല, മാനസികവിഭ്രാന്തിക്കടിപ്പെട്ട് ഓരോ സമയത്ത് തോന്നുന്നത് പറയുന്നതാണെന്നും ജൂത-ക്രൈസ്തവവേദപണ്ഡിതന്മാരില്‍നിന്ന് കേട്ടുപഠിച്ച കാര്യങ്ങള്‍ ഉരുവിടുന്നതാണെന്നുമെല്ലാം മുഹമ്മദീയപ്രവാചകത്വത്തെ നിഷേധിച്ചവര്‍ അന്നുതന്നെ പറഞ്ഞുനടന്നിരുന്നു. ഇതു ഖണ്ഡിച്ചുകൊണ്ട് മനുഷ്യവംശത്തിന് ദൈവികമാര്‍ഗദര്‍ശനം എത്തിച്ചുകൊടുക്കാനായി തെരഞ്ഞെടുക്കപ്പെട്ട, മനുഷ്യചരിത്രാരംഭം മുതലുള്ള ദൈവദൂതന്മാര്‍ക്ക് നല്‍കിപ്പോന്ന തരത്തിലുള്ള ദിവ്യവെളിപാടുകളാണ് അല്ലാഹു മുഹമ്മദിനും നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. അതോടൊപ്പം ഖുര്‍ആന്റെ പ്രൗഢഗംഭീരവും ആശയസമ്പുഷ്ടവും വൈവിധ്യമാര്‍ന്നതുമായ ഉള്ളടക്കത്തിലേക്ക് ചൂണ്ടിക്കൊണ്ട് അത്തരമൊരു ഗ്രന്ഥം ചിത്തഭ്രമം സംഭവിച്ചവരുടെയും മാരണവിദ്യക്കിരയായവരുടെയും ബുദ്ധിയില്‍ നിന്ന് ഉറവെടുക്കാനും മറ്റു ഗ്രന്ഥങ്ങളെ അനുകരിച്ചാവാനും സാധ്യമല്ലെന്നും ഖുര്‍ആന്‍ സമര്‍ഥിച്ചു.

ഖുര്‍ആന്‍ അല്‍പാല്‍പമായി അവതരിപ്പിക്കപ്പെട്ടതെന്തിന്?
ഇരുപത്തിമൂന്ന് വര്‍ഷങ്ങളില്‍ പല സന്ദര്‍ഭങ്ങളായി ചെറുഭാഗങ്ങളായി ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ കാരണവും ആവശ്യവുമെന്തായിരുന്നു? ഈ ചോദ്യത്തിന് മറുപടിയായി രണ്ടു മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു:
ഒന്ന്, മുഹമ്മദ്‌നബി(സ)യും പൊതുവെ അറേബ്യന്‍ നിവാസികളിലെ ബഹുഭൂരിപക്ഷവും എഴുത്തും വായനയും വശമില്ലാത്തവരായിരുന്നു. ഖുര്‍ആന്‍ ഒന്നിച്ച് ലിഖിതരൂപത്തില്‍ ലഭിക്കുന്ന പക്ഷം അത് മുഴുവന്‍ ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാവുമായിരുന്നു. മറിച്ച്, അഞ്ചും പത്തും വാക്യങ്ങളും ചെറു അധ്യായങ്ങളുമായി ഖുര്‍ആന്‍ അവതരിച്ചതുമൂലം ഓരോ പ്രാവശ്യവും ലഭിക്കുന്ന ഭാഗങ്ങള്‍ മനഃപാഠമാക്കാനും അവയിലടങ്ങിയ നിയമനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും അവര്‍ക്കെളുപ്പമായി.
രണ്ട്, വിവിധ സന്ദര്‍ഭങ്ങളില്‍ ദൈവസന്ദേശവാഹകനായ മാലാഖ പ്രവാചകന്റെ സവിധത്തിലെത്തുകയും പ്രബോധനകര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ദൈവികമാര്‍ഗനിര്‍ദേശങ്ങളെത്തിച്ചുകൊടുക്കുകയും ചെയ്തത് നബിക്ക് സ്ഥൈര്യവും മനസ്സമാധാനവും നല്‍കാന്‍ പര്യാപ്തമായി. സംഭവബഹുലമായ ദൗത്യനിര്‍വഹണ കാലത്തിനിടയില്‍ നബി അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്‌നങ്ങളിലും നിര്‍ണായകപ്രതിസന്ധികളിലും കൈക്കൊള്ളേണ്ട നിലപാടുകളെസ്സംബന്ധിച്ച് വ്യക്തവും ഖണ്ഡിതവുമായ ദൈവികനിര്‍ദേശങ്ങള്‍ അടങ്ങിയ ഖുര്‍ആന്‍വാക്യങ്ങളാണ് നബിക്ക് അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരുന്നത്.
മൂന്ന്, ഇസ്‌ലാമികജീവിതക്രമത്തിലെ അടിസ്ഥാനകര്‍മങ്ങളെക്കുറിച്ച വിധികളും ധാര്‍മിക-സദാചാരവ്യവസ്ഥകളും രാഷ്ട്രീയ-സാമൂഹിക-സാംസര്‍ഗികനിയമങ്ങളുമെല്ലാമടങ്ങിയതാണ് ഖുര്‍ആന്‍. പ്രസ്തുത വ്യവസ്ഥകളും നിയമവിധികളും പ്രാവര്‍ത്തികമാക്കാന്‍ ഖുര്‍ആനെ അംഗീകരിക്കുന്ന ഓരോ വിശ്വാസിയും വിശ്വാസിനിയും ബാധ്യസ്ഥരാണ്. മനുഷ്യജീവിതമേഖലകളെയഖിലം ബാധിക്കുന്ന പ്രസ്തുത നിയമങ്ങളും ശാസനകളും ഒറ്റയടിക്ക് നടപ്പിലാക്കുക അതീവദുഷ്‌കരമാണ്. വിശ്വാസികള്‍ക്ക് നിര്‍ബന്ധമായ അനുഷ്ഠാനകര്‍മങ്ങളും നിയമചട്ടങ്ങളും അല്‍പാല്‍പമായി അവതരിപ്പിച്ച് നീണ്ട ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തീകരിച്ചത് സമൂഹത്തിന് അങ്ങേയറ്റം ഗുണകരവും അവ പൂര്‍ണമായും പ്രയോഗവത്കരിക്കാന്‍ സഹായകവുമായിരുന്നു.
മദ്യനിരോധം, ക്രിമിനല്‍ ശിക്ഷാനിയമങ്ങള്‍, യുദ്ധവും സന്ധിയും സംബന്ധിച്ച നിയമങ്ങള്‍ തുടങ്ങി പല വിഷയങ്ങളിലും മാറിവരുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് ക്രമേണയാണ് അന്തിമവിധികള്‍ നടപ്പാക്കിയത്. ഖുര്‍ആന്‍ ഖണ്ഡശഃ അവതരിച്ചുകൊണ്ടിരുന്നതുമൂലമാണ് ഇതും സാധ്യമായത്.

ഖുര്‍ആന്‍ ലിഖിതരൂപത്തില്‍
വഹ്‌യ് ലഭിക്കുന്ന ഖുര്‍ആന്‍സൂക്തങ്ങള്‍ എഴുതിവയ്ക്കാന്‍ നബി എഴുത്തും വായനയുമറിയുന്ന ശിഷ്യന്മാരെ നിയോഗിച്ചിരുന്നു. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി, ഖാലിദുബ്‌നു വലീദ്, മുആവിയ, സൈദുബ്‌നു സാബിത് (റ) തുടങ്ങി ഇരുപതിലധികം പേര്‍ ‘വഹ്‌യ് എഴുത്തുകാര്‍’ എന്നറിയപ്പെട്ടിരുന്നു. ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്ന രീതി ഉസ്മാന്‍ (റ) വിവരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന് (ഒരേകാലത്ത്) വിവിധ സൂറകള്‍ അവതരിക്കാറുണ്ടായിരുന്നു. അപ്രകാരം വല്ലതും അവതരിച്ചാല്‍ വഹ്‌യ് എഴുതിയിരുന്നവരില്‍ ചിലരെ വിളിച്ച് ‘ഈ ആയത്തുകള്‍ ഇന്ന വിഷയം പറയുന്ന സൂറയില്‍ രേഖപ്പെടുത്തുക’ എന്ന് അദ്ദേഹം പറയുമായിരുന്നു” (തിര്‍മിദി).
ഇന്നത്തെപ്പോലെ കടലാസും മറ്റു എഴുത്തുസാമഗ്രികളും സുലഭമല്ലാതിരുന്ന അക്കാലത്ത് ഈത്തപ്പന മട്ടല്‍, കരിങ്കല്‍ പാളികള്‍, പരന്ന എല്ല്, തോല്‍ക്കഷ്ണങ്ങള്‍ എന്നിവയിലാണ് ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്നതെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നു. നബി(സ) എഴുതിച്ച് സ്വന്തം അധീനത്തില്‍ സൂക്ഷിച്ച ഈ ഔദ്യോഗികലിഖിതങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ പഠനത്തിനുവേണ്ടി പല സ്വഹാബിമാരും ഖുര്‍ആന്‍ എഴുതിയെടുത്തിരുന്നതായും പ്രബലമായ ഹദീസുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉബയ്യുബ്‌നു കഅ്ബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബൂമൂസല്‍ അശ്അരി(റ), മിഖ്ദാദുബ്‌നു അംറ്(റ) തുടങ്ങിയവര്‍ ഇങ്ങനെ ഖുര്‍ആനിലെ പല ഭാഗങ്ങളും എഴുതി സൂക്ഷിച്ചിരുന്നവരാണ്.
ഇപ്രകാരം, നബി(സ)യുടെ ജീവിതകാലത്തുതന്നെ ഖുര്‍ആന്‍ മുഴുവന്‍ വിവിധ ഖണ്ഡങ്ങളായി രേഖപ്പെടുത്തുകയുണ്ടായി. എഴുതിവയ്ക്കുന്നതിനു പുറമെ, നബി(സ) ജിബ്‌രീലില്‍നിന്ന് ഹൃദിസ്ഥമാക്കിയ ഖുര്‍ആനിലെ ഭാഗങ്ങള്‍ തന്റെ അനുചരന്മാര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരുമത് മനഃപാഠമാക്കുകയും ചെയ്തിരുന്നതായും പ്രവാചകചരിത്രം പറയുന്നു.
ഇസ്‌ലാമിലെ അടിസ്ഥാനതത്ത്വങ്ങളും ജീവിതത്തിലെ എല്ലാ വശങ്ങളുമായും ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങളുമടങ്ങിയതും ദിവസേന നമസ്‌കാരങ്ങളില്‍ പാരായണം ചെയ്യേണ്ടതുമായ ഖുര്‍ആന്‍സൂക്തങ്ങള്‍ കഴിയുന്നത്ര മനഃപാഠമാക്കാന്‍ നബി(സ)യുടെ അനുയായികളെല്ലാവരും ശ്രദ്ധിച്ചിരുന്നു. മക്കയില്‍ അര്‍ഖമുബ്‌നു അബില്‍അര്‍ഖമി(റ)ന്റെ ഭവനത്തില്‍ മുസ്‌ലിംകള്‍ രഹസ്യമായി ഒരുമിച്ചുകൂടി ഖുര്‍ആന്‍ പഠിക്കാറുണ്ടായിരുന്നതായും മദീനയില്‍ നബിയുടെ പള്ളി(മസ്ജിദുന്നബവി)യില്‍ ധാരാളം പേര്‍ ഖുര്‍ആന്‍പഠന-പാരായണത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ പള്ളി ശബ്ദമുഖരിതമായിരുന്നതായും ഹദീസുകളില്‍നിന്ന് ഗ്രഹിക്കാം. പ്രവാചകത്വലബ്ധിയുടെ അഞ്ചാം വര്‍ഷത്തില്‍ നടന്ന ഉമറുബ്‌നു ഖത്ത്വാബിന്റെ മാനസാന്തരസംഭവത്തില്‍ ഉമറിന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവ് സഈദും പാരായണം ചെയ്തുകൊണ്ടിരുന്ന ഖുര്‍ആനെഴുതിയ ഏട് ഉമര്‍ വരുന്നതുകണ്ടപ്പോള്‍ മറച്ചുവച്ചതായും പിന്നീട് അതിലെഴുതിയ ഖുര്‍ആന്‍സൂക്തങ്ങള്‍ പാരായണം ചെയ്ത ഉമറിന് മാനസാന്തരം സംഭവിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, നബിയുടെ ജീവിതകാലത്തുതന്നെ ധാരാളം പ്രവാചകശിഷ്യന്മാര്‍ ഖുര്‍ആന്‍ എഴുതിസൂക്ഷിക്കുകയും മനഃപാഠമാക്കുകയും ചെയ്തിരുന്നു.

ക്രോഡീകരണചരിത്രം
വിവിധ ഖണ്ഡങ്ങളായി എഴുതി സൂക്ഷിക്കപ്പെട്ടിരുന്ന ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടത് നബി(സ)യുടെ മരണശേഷം രണ്ടു വര്‍ഷങ്ങള്‍ക്കകം ഒന്നാം ഖലീഫ അബൂബക്‌റി(റ)ന്റെ കാലത്താണ്. യമാമയില്‍ വ്യാജപ്രവാചകന്‍ മുസൈലിമയുമായി നടന്ന സംഘട്ടനത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്ന എഴുപതോളം സ്വഹാബിമാര്‍ രക്തസാക്ഷികളായ പശ്ചാത്തലത്തില്‍ ദീര്‍ഘദൃക്കായ ഉമര്‍(റ) ഖുര്‍ആന്റെ സംരക്ഷണത്തിനായി അത് ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകത ഖലീഫയെ ബോധ്യപ്പെടുത്തി. അബൂബക്ര്‍(റ) ആ അഭിപ്രായമംഗീകരിക്കുകയും നബി(സ)യുടെ കാലത്ത് വഹ്‌യ് എഴുത്തുകാരിലൊരാളും ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്ന സ്വഹാബിയുമായ സൈദുബ്‌നു സാബിതി(റ)നെ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. നബി(സ)യുടെ ഗൃഹത്തില്‍ സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ലിഖിതങ്ങളും അവയോടൊപ്പം വിവിധ സ്വഹാബിമാര്‍ എഴുതിവച്ചിരുന്നതും ഹൃദിസ്ഥമാക്കിയിരുന്നതുമായ ഭാഗങ്ങളും മുഴുവന്‍ പരിശോധിച്ച് ഏറ്റവും വിശ്വസനീയമായ രൂപത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ സമാഹരിച്ചു. ഹി. 12-ാം വര്‍ഷത്തിലായിരുന്നു അത്. ഇപ്രകാരം സൈദുബ്‌നു സാബിത്(റ) എഴുതിത്തയാറാക്കിയ ഖുര്‍ആന്റെ പ്രതി -കൂടിയാലോചനകള്‍ക്കുശേഷം ‘മുസ്വ്ഹഫ്’ എന്നാണതിന് നല്‍കിയ പേര്- ഖലീഫാ അബൂബക്‌റി(റ)ന്റെ അടുക്കലും അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമറി(റ)ന്റെ പക്കലും സൂക്ഷിച്ചു. പത്തര വര്‍ഷത്തെ ഭരണത്തിനുശേഷം ഉമര്‍(റ) മരണപ്പെടുന്ന സമയത്ത് അടുത്ത ഖലീഫയെ നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പുത്രിയും നബിപത്‌നിയുമായിരുന്ന ഹഫ്‌സ്വ(റ)യുടെ പക്കലാണ് അത് സൂക്ഷിച്ചത്.
ഖുര്‍ആന്‍ ക്രോഡീകരണചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിനുശേഷം അടുത്ത സുപ്രധാന നീക്കമുണ്ടായത് മൂന്നാം ഖലീഫ ഉസ്മാ(റ)ന്റെ ഭരണകാലത്താണ്. രണ്ടാം ഖലീഫയുടെ കാലം മുതല്‍ ഇസ്‌ലാമികരാഷ്ട്രത്തിന്റെ അതിരുകള്‍ വികസിക്കുകയും ഉസ്മാ(റ)ന്റെ കാലമായപ്പോഴേക്ക് ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ ഇസ്‌ലാം വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ അറബി മാതൃഭാഷയല്ലാത്ത ആയിരക്കണക്കിന് മുസ്‌ലിംകള്‍ ഖുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനുമാരംഭിച്ചു. നബി(സ)യില്‍നിന്നും സ്വഹാബിമാരില്‍നിന്നും ഖുര്‍ആന്‍ കേട്ടുപഠിച്ച ആളുകളാണവര്‍ക്കത് പഠിപ്പിച്ചതെങ്കിലും സ്വാഭാവികമായും വിവിധ പ്രദേശക്കാര്‍ക്കിടയില്‍ ഖുര്‍ആന്‍പാരായണത്തില്‍ പാഠഭേദങ്ങള്‍ പ്രകടമായി. സിറിയന്‍-ഇറാഖ് പ്രദേശങ്ങളില്‍ മുസ്‌ലിംസേനയോടൊപ്പമുണ്ടായിരുന്ന പ്രസിദ്ധ സ്വഹാബി ഹുദൈഫത്തുബ്‌നു യമാന്‍(റ) മദീനയില്‍ തിരിച്ചെത്തി ഖലീഫാ ഉസ്മാ(റ)നെ ഇക്കാര്യമറിയിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍പാരായണത്തില്‍ ഭിന്നത വ്യാപിക്കുന്നത് തടയാനാവശ്യമായ നടപടികളെടുക്കാനഭ്യര്‍ഥിക്കുകയും ചെയ്തു.
മദീനയില്‍തന്നെ വിവിധ സ്വഹാബിമാരുടെ അടുത്തുനിന്ന് ഖുര്‍ആന്‍ പാരായണമഭ്യസിച്ചിരുന്നവര്‍ വ്യത്യസ്ത രീതികളില്‍ ഓതുന്നത് ശ്രദ്ധയില്‍പെട്ട ഖലീഫ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ടെന്ന് തീര്‍ച്ചപ്പെടുത്തി. അതിനായദ്ദേഹം ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ്വ(റ)യുടെ പക്കല്‍ സൂക്ഷിച്ചിരുന്ന മുസ്വ്ഹഫ് വരുത്തി അതില്‍നിന്ന് കൂടുതല്‍ പകര്‍പ്പുകള്‍ എഴുതിത്തയാറാക്കാന്‍ നേരത്തേ ഖുര്‍ആന്‍ സമാഹരിക്കാന്‍ ഖലീഫാ അബൂബക്ര്‍(റ) ചുമതലപ്പെടുത്തിയിരുന്ന സൈദുബ്‌നു സാബിതി(റ)നെത്തന്നെ ഭരമേല്‍പിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ ആസ്വ്(റ), അബ്ദുര്‍റഹ്മാനുബ്‌നു ഹാരിസ്(റ) എന്നിവരെയും നിയോഗിച്ചു. ഹി. 25-ാം വര്‍ഷത്തില്‍ ഉസ്മാന്‍ നിയോഗിച്ച പ്രസ്തുത സമിതി ഏതാനും മാസങ്ങള്‍കൊണ്ട് തയാറാക്കിയ മുസ്വ്ഹഫിന്റെ പകര്‍പ്പുകള്‍ പ്രധാന മുസ്‌ലിംകേന്ദ്രങ്ങളിലേക്കയച്ചുകൊണ്ട് മേലില്‍ ഖുര്‍ആന്‍പാരായണം ചെയ്യുന്നതും പഠിപ്പിക്കുന്നതും അതനുസരിച്ചായിരിക്കണമെന്ന് ഖലീഫ ഉത്തരവിറക്കി. നാലു മുസ്വ്ഹഫുകളാണ് ഇപ്രകാരം എഴുതിയുണ്ടാക്കിയതെന്നും അവ ഏഴെണ്ണമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ആദ്യത്തേതനുസരിച്ച് മുസ്വ്ഹഫിന്റെ മൂന്നു പ്രതികള്‍ കൂഫ, ബസ്വറ, സിറിയ എന്നിവിടങ്ങളിലേക്കയക്കുകയും നാലാമത്തേത് ഖലീഫ സ്വന്തമായി സൂക്ഷിക്കുകയും ചെയ്തു. മക്ക, യമന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും ഓരോ പകര്‍പ്പ് അയച്ചതായാണ് ഏഴു പ്രതികള്‍ തയാറാക്കിയെന്ന പക്ഷമനുസരിച്ച് ഗണിക്കപ്പെടുന്നത്. അല്‍മസ്വാഹിഫുല്‍ അഇമ്മഃ (മാതൃകാമുസ്വ്ഹഫുകള്‍) എന്ന പേരിലാണിവ അറിയപ്പെടുന്നത്. അറബിഭാഷയിലെ ചില അക്ഷരങ്ങള്‍ക്ക് ഇന്നുള്ള പോലെ പുള്ളികളിടുന്ന സമ്പ്രദായം അക്കാലത്ത് ആരംഭിച്ചിരുന്നില്ല. സ്വരചിഹ്നങ്ങളായ ഹര്‍കത്തുകളും അന്നുപയോഗിച്ചിരുന്നില്ല. പുള്ളികളും സ്വരചിഹ്നങ്ങളുമില്ലാത്ത അക്ഷരങ്ങളിലാണ് ഉസ്മാനീ മുസ്വ്ഹഫുകള്‍ എഴുതപ്പെട്ടിരുന്നത്. വിവിധ അധ്യായങ്ങള്‍ വേര്‍തിരിക്കുന്ന അടയാളങ്ങളും അവയിലുണ്ടായിരുന്നില്ല. 40 വര്‍ഷങ്ങള്‍ക്കുശേഷം അമവീഖലീഫ അബ്ദുല്‍മലികിന്റെ കാലത്ത് പ്രവിശ്യാ ഗവര്‍ണര്‍മാരായിരുന്ന ഉബൈദുല്ലാഹിബ്‌നു സിയാദിന്റെയും ഹജ്ജാജുബ്‌നു യൂസുഫിന്റെയും നിര്‍ദേശാനുസരണം നടന്ന ലിപിപരിഷ്‌കരണങ്ങളിലാണ് സദൃശമായ അക്ഷരങ്ങള്‍ വേര്‍തിരിക്കാന്‍ പുള്ളികളിടുന്ന രീതിയും സ്വരചിഹ്നങ്ങളിടുന്ന സമ്പ്രദായവുമാരംഭിച്ചത്.
ഉസ്മാന്‍(റ) തയാറാക്കി വിവിധ മുസ്‌ലിംഭരണപ്രദേശങ്ങളിലേക്കയച്ച മുസ്വ്ഹഫുകള്‍ ദീര്‍ഘമായ നൂറ്റാണ്ടുകളോളം ഖുര്‍ആന്റെ ആധികാരികപതിപ്പുകളെന്ന നിലയ്ക്ക് മുസ്‌ലിംലോകത്ത് നിലനിന്നു. ഓരോ മുസ്വ്ഹഫിനോടുമൊപ്പം ഓരോ അംഗീകൃത ഖാരിഇ(ഖുര്‍ആന്‍പാരായണവിദഗ്ധന്‍)നെയും ഉസ്മാന്‍(റ) വിവിധ നാടുകളിലേക്കയച്ചിരുന്നു. മദീനയില്‍ സൈദുബ്‌നു സാബിത്, മക്കയില്‍ അബ്ദുല്ലാഹിബ്‌നുസ്സാഇബ്, സിറിയയില്‍ മുഗീറതുബ്‌നുശ്ശിഹാബ്, കുഫയില്‍ അബൂഅബ്ദിര്‍റഹ്മാനുസ്സുലമി, ബസ്വറയില്‍ ആമിറുബ്‌നു അബ്ദില്‍ഖൈസ് എന്നിവരുടെ പേരുകള്‍ ഈ ഗണത്തില്‍ ചരിത്രം രേഖപ്പെടുത്തുന്നു. തൗറാത്ത്, ഇഞ്ചീല്‍ മുതലായ പൂര്‍വവേദങ്ങളില്‍നിന്ന് ഭിന്നമായി അന്തിമ ദൈവഗ്രന്ഥമായ ഖുര്‍ആന്‍ ഒരക്ഷരത്തിനുപോലും വ്യത്യാസമില്ലാതെ ഇന്നുവരെയും അതിന്റെ യഥാര്‍ഥരൂപത്തില്‍ നിലനിന്നത്. ‘നാമാണ് ഈ ഉദ്‌ബോധനം അവതരിപ്പിച്ചത്; നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്’ എന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തിന്റെ പുലര്‍ച്ചയെന്ന നിലയ്ക്ക് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യും ഖലീഫാ അബൂബക്ര്‍(റ) മുതലുള്ള ഇസ്‌ലാമികരാഷ്ട്രത്തിലെ ഭരണാധികാരികളും അനുവര്‍ത്തിച്ച യുക്തിഭദ്രവും പ്രായോഗികവുമായ നടപടികളുടെ ഫലമായിട്ടാണെന്നത് നിസ്തര്‍ക്കമാണ്.
ഉസ്മാനീ മുസ്വ്ഹഫുകള്‍ അവയുടെ പ്രാചീനലിപിരൂപത്തില്‍തന്നെ ഏഴെട്ടുനൂറ്റാണ്ടുകാലമെങ്കിലും നിലനിന്നിരുന്നുവെന്നാണ് ചരിത്രം. ഹി. 774-ല്‍ മരണമടഞ്ഞ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായിരുന്ന ഹാഫിള് ഇസ്മാഈലുബ്‌നു കസീര്‍ ദമസ്‌കസിലെ പള്ളിയിലെ ഉസ്മാനീ മുസ്വ്ഹഫിന്റെ സിറിയന്‍പതിപ്പ് നേരിട്ടുകണ്ടതായി തന്റെ ഫദാഇലുല്‍ ഖുര്‍ആന്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പേ: 49). ഹി. എട്ടാം നൂറ്റാണ്ടില്‍ തന്നെ ഖുര്‍ആന്‍വിജ്ഞാനങ്ങളില്‍ പണ്ഡിതരായ ശിഹാബുദ്ദീന്‍ അല്‍ ഉമരി, ഇബ്‌നുല്‍ ജസരി തുടങ്ങിയവര്‍ ഈ മുസ്വ്ഹഫ് നേരിട്ടുകണ്ടതായി രേഖകളുണ്ട്. ഹി. 1370-ല്‍ ദമസ്‌കസിലെ പള്ളിയിലുണ്ടായ അഗ്നിബാധയില്‍ നശിക്കുന്നതുവരെ അത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു.
അറബിഭാഷയിലും ഖുര്‍ആന്‍വിജ്ഞാനങ്ങളിലും പ്രഗത്ഭരായിരുന്ന അബുല്‍അസ്‌വദ് ദുഅ്‌ലി, യഹ്‌യബ്‌നു യഅ്മുര്‍, നസ്വ്‌റുബ്‌നു ആസ്വിമുല്ലൈസി എന്നിവര്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനപകുതിയില്‍ മുസ്വ്ഹഫുകളില്‍ പുള്ളികളും സ്വരചിഹ്നങ്ങളും ചേര്‍ത്തുകൊണ്ടാരംഭിച്ച ലിപി പരിഷ്‌കരണങ്ങള്‍ പില്‍ക്കാലത്ത് ആയത്തുകള്‍ തമ്മിലും സൂറത്തുകള്‍ തമ്മിലും വേര്‍തിരിക്കുന്ന അടയാളങ്ങളിടുകയും ജുസ്ഉകളും ഹിസ്ബുകളും റുകുഉകളുമായി വിഭജിക്കുകയും ഓരോ അധ്യായത്തിനും മുമ്പില്‍ അവയുടെ പേര്‍ ചേര്‍ക്കുകയും മറ്റും ചെയ്തുകൊണ്ട് ഹി. മൂന്നാം നൂറ്റാണ്ടോടുകൂടി ഇന്നു കാണുന്ന തരത്തിലുള്ള മുസ്വ്ഹഫുകളുടെ രൂപം പ്രാപിക്കുകയുണ്ടായി. അറബിലിപിയില്‍ വന്ന പരിഷ്‌കരണങ്ങളിലൂടെ കൂഫി, നസ്ഖ്, ദീവാനി, സുലുസ് തുടങ്ങി ഭംഗിയുള്ള കൈയെഴുത്തുശൈലികളിലെഴുതപ്പെട്ട മുസ്വ്ഹഫുകളും നിലവില്‍വന്നു. മുസ്‌ലിംലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കൈയെഴുത്തുശൈലികളില്‍ പകര്‍ത്തിയെഴുതപ്പെട്ട മുസ്വ്ഹഫുകളെല്ലാം ഉസ്മാനീ മുസ്വ്ഹഫുകളെ അവലംബിച്ചായിരുന്നതിനാല്‍ അവ തമ്മില്‍ ലിപിരൂപത്തിലല്ലാതെ അക്ഷരങ്ങളിലോ പദങ്ങളിലോ വ്യത്യാസം കാണപ്പെടുന്നില്ല. അച്ചടിവിദ്യ കണ്ടുപിടിച്ച ശേഷം തുര്‍ക്കി, ഇറാന്‍, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ നാടുകളിലെ മുസ്‌ലിംഭരണകൂടങ്ങള്‍ ആധികാരികമായ മുസ്വ്ഹഫുകള്‍ അച്ചടിച്ച് വിതരണം ചെയ്തുതുടങ്ങി.

ഖുര്‍ആന്റെ സുരക്ഷിതത്വം
മുഹമ്മദ് നബിക്ക് അല്ലാഹുവിന്റെ സന്ദേശവും മാര്‍ഗദര്‍ശനവുമായി ലഭിച്ച ഖുര്‍ആനില്‍ യാതൊരു മാറ്റത്തിരുത്തലുകളും സംഭവിച്ചിട്ടില്ലെന്ന അവകാശവാദം എത്രത്തോളം ശരിയാണ്? താഴെ പറയുന്ന വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ ചോദ്യത്തിന് മറുപടി സ്വയം വ്യക്തമാകുന്നതാണ്:
1. അറിയപ്പെടുന്ന വൈദികമതങ്ങളില്‍ അവസാനത്തേതാണ് ഇസ്‌ലാം. പ്രാചീനകാലഘട്ടങ്ങളെ അപേക്ഷിച്ച് മനുഷ്യനാഗരികത താരതമ്യേന വികാസം പ്രാപിക്കുകയും ഭാഷാലിപികള്‍ നിലവില്‍ വരികയും ചെയ്തശേഷം നിലവില്‍വന്ന ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളും നിയമവ്യവസ്ഥയും അതിന്റെ പ്രഥമാചാര്യന്റെ നാവില്‍നിന്ന് പുറത്തുവന്ന അതേ വാക്കുകളിലും ആശയത്തിലും നിലനില്‍ക്കുന്നുവെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അറിയപ്പെടുന്ന ഇതര വേദഗ്രന്ഥങ്ങളുടെ മൂലഭാഷകള്‍ സഹസ്രാബ്ദങ്ങളായി സംസാരഭാഷയെന്ന നിലയ്ക്ക് എവിടെയും പ്രയോഗത്തിലില്ലാത്തതിനാല്‍ ‘മൃതഭാഷ’കളായി ഗണിക്കപ്പെടുമ്പോള്‍ മുഹമ്മദ് നബി സംസാരിച്ചിരുന്ന അറബിഭാഷ അതിന്റെ ക്ലാസ്സിക്കല്‍ രൂപത്തില്‍ ഇന്നും മുപ്പതോളം രാജ്യങ്ങളില്‍ കോടിക്കണക്കില്‍ ജനങ്ങളുടെ സംസാരഭാഷയും വ്യവഹാരഭാഷയുമെന്ന നിലയ്ക്ക് അംഗീകൃതലോകഭാഷകളിലൊന്നായി പ്രചാരത്തിലുണ്ടെന്നതും ഇതിനുപോദ്ബലകമായി വര്‍ത്തിക്കുന്നു.
2. ആദിമരൂപത്തില്‍ ഖുര്‍ആന്‍ ഇന്നും സ്ഥിതി ചെയ്യുന്നുവെന്ന വസ്തുതയ്ക്ക് ചരിത്രപരമായ തെളിവുകളുണ്ട്. ‘അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാധ്യതയാണ്. അതിനാല്‍ നാമത് ഓതിത്തരുമ്പോള്‍ താങ്കളതിന്റെ പാരായണത്തെ അനുഗമിക്കുക’ എന്നും, ‘ഈ അനുസ്മരണം നാം ഇറക്കിയതാകുന്നു; അതിനെ നാം തന്നെ എന്നെന്നും സംരക്ഷിക്കുന്നതുമാണ്’ എന്നും ഖുര്‍ആനില്‍ മുഹമ്മദ് നബിയെ അഭിസംബോധനചെയ്ത് പറഞ്ഞതിന്റെ സാക്ഷാത്കാരമായി ഭദ്രമായ സംവിധാനങ്ങളിലൂടെ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഉറപ്പുവരുത്തിയിട്ടുണ്ട്. ഒന്നാമതായി, അല്‍പാല്‍പമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ഭാഗങ്ങള്‍ മുഴുവന്‍ നബി ഹൃദിസ്ഥമാക്കി. രണ്ടാമതായി ഖുര്‍ആന്‍ നബിയുടെ നാവില്‍നിന്ന് ശ്രവിച്ച നിരവധി ശിഷ്യന്മാര്‍ അത് മുഴുവന്‍ മനഃപാഠമാക്കി. മൂന്ന്, അവതീര്‍ണമായിക്കൊണ്ടിരുന്ന ഖുര്‍ആന്‍സൂക്തങ്ങളും അധ്യായങ്ങളും അപ്പപ്പോള്‍ എഴുതിവച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഖുര്‍ആന്റെ അവതരണം ഇരുപത്തിമൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകുമ്പോഴേക്ക് മുഴുവനായോ അതിലെ വിവിധ ഭാഗങ്ങളോ ആയിരക്കണക്കിനാളുകളുടെ മസ്തിഷ്‌കങ്ങളിലും വിവിധ ഏടുകളിലും സുരക്ഷിതമായിക്കഴിഞ്ഞിരുന്നു. നാല്, അവതരണം പൂര്‍ത്തിയായി രണ്ടു വര്‍ഷത്തിനകം ഒന്നാം ഖലീഫ അബൂബക്‌റിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ എഴുതിവച്ച ഏടുകളടിസ്ഥാനമാക്കിയും അത് മനഃപാഠമാക്കിയ എല്ലാവരില്‍നിന്നും കേട്ട് ഉറപ്പുവരുത്തിയും ഒരൊറ്റ ഗ്രന്ഥത്തില്‍ അത് പകര്‍ത്തി. ഈ ആധികാരികഗ്രന്ഥമായിരുന്നു ഒന്നും രണ്ടും ഖലീഫമാരുടെ കാലത്ത് ഖുര്‍ആന്‍പഠനത്തിന് മുഖ്യാവലംബം. അഞ്ച്, മൂന്നാം ഖലീഫ ഉസ്മാന്‍ ഈ ആധികാരികഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ തയാറാക്കി മുസ്‌ലിംപ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ക്കയച്ചുകൊടുത്തു. ഖുര്‍ആന്റെ ഈ പ്രാമാണികപതിപ്പുകളെ അവലംബിച്ചായിരുന്നു പിന്നീട് മുസ്‌ലിംലോകത്തുടനീളം മുസ്വ്ഹഫുകളുടെ കൈയെഴുത്തുപ്രതികള്‍ തയാറാക്കപ്പെട്ടത്. ഖുര്‍ആന്റെ സംരക്ഷണത്തില്‍ നബിയും ഖലീഫമാരും മൊത്തം മുസ്‌ലിംസമൂഹവും പതിപ്പിച്ച ഈ ശ്രദ്ധയുടെയും സൂക്ഷ്മതയുടെയും ഫലമാണ് ഇന്ന് നൂറ്റിയിരുപത് കോടിയിലധികം വരുന്ന മുസ്‌ലിംകള്‍ ജീവിക്കുന്ന അഞ്ചു വന്‍കരകളിലുമുള്‍പ്പെട്ട എല്ലാ രാജ്യങ്ങളിലും പ്രചാരത്തിലുള്ള കോടിക്കണക്കില്‍ മുസ്വ്ഹഫുകളെല്ലാം പരസ്പരം യാതൊരു വ്യത്യാസവും വൈരുധ്യവുമില്ലാതെ തീര്‍ത്തും ഏകരൂപത്തില്‍ സ്ഥിതിചെയ്യുന്നത്.

About the author

admin

Leave a Comment