Quran

മാനവികമൂല്യങ്ങള്‍ ഖുര്‍ആനികദര്‍പ്പണത്തില്‍

values.jpg
Written by admin

വിശുദ്ധഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഉദാത്തനും പൂര്‍ണനുമായ മനുഷ്യന്‍. മാനവികതയും മാനവികമൂല്യങ്ങളും അതുകൊണ്ടുതന്നെ ഖുര്‍ആന്റെ മുഖ്യപ്രേമയമായിത്തീരുന്നു. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ മാനവികത ഭൗതികമെന്നതിലേറെ ആത്മീയമാണ്. മാനവരാശി സാര്‍വത്രികമായി അംഗീകരിച്ചുപോരുന്ന മാനവികമൂല്യങ്ങള്‍ ദൈവികമതങ്ങളുടെ സംഭാവനയാണ്. മനുഷ്യന്റെ പ്രകൃതിയില്‍ ദൈവം തന്നെ നിക്ഷേപിച്ച മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കുകയാണ് വേദങ്ങളും പ്രവാചകന്മാരും ചെയ്തത്. വിശുദ്ധഖുര്‍ആന്റെ അവതരണലക്ഷ്യം തന്നെ മാനവികമൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ്. പ്രവാചകന്‍ മുഹമ്മദ്(സ) ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക: ”എന്റെ നിയോഗലക്ഷ്യം മാനവമൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ്.”
ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ പുണ്യവും മാനവികമൂല്യങ്ങളും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണ്:

لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ

”നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുക എന്നതല്ല പുണ്യം. പിന്നെയോ, മനുഷ്യന്‍ അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ പുണ്യവാന്മാര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍ തന്നെയാകുന്നു ഭക്തന്മാരും” (2:177). ഭക്തി, പുണ്യം, ധര്‍മം തുടങ്ങിയ ആത്മീയലക്ഷ്യങ്ങളെ മാനവികമൂല്യങ്ങളുമായി കോര്‍ത്തിണക്കുന്ന അതിശയകരമായ രീതി ഖുര്‍ആനുമാത്രം സ്വന്തമായുള്ളതാണ്. സ്‌നേഹം, സഹാനുഭൂതി, അനുകമ്പ, ഔദാര്യശീലം, സത്യസന്ധത, കരാര്‍പാലനം, സഹനശീലം, സ്ഥൈര്യം എന്നു തുടങ്ങി മുഴുവന്‍ മാനവികഗുണങ്ങളും ഭക്തിയുടെയും പുണ്യത്തിന്റെയും അടിയാധാരമായി മാറുന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. വിശ്വാസവും അനുഷ്ഠാനകര്‍മങ്ങളും മാനവികമൂല്യങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടിയുള്ള സംവിധാനങ്ങളാണ്. ദൈവത്തിലും മരണാനന്തരജീവിതത്തിലുമുള്ള വിശ്വാസവും നമസ്‌കാരം, സകാത്ത് തുടങ്ങിയ ആരാധനാകര്‍മങ്ങളും വഴി മൂല്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഖുര്‍ആന്‍.
ഖുര്‍ആന്‍ നിരന്തരം ഉപയോഗിച്ച പ്രതീകങ്ങളാണ് വെളിച്ചം, നന്മ തുടങ്ങിയവ. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ:

كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ

‘മനുഷ്യരെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കാനായി നാം താങ്കള്‍ക്കവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണിത്’ (14:1). മറ്റൊരിടത്ത് പ്രവാചകനിയോഗം വിശദീകരിക്കുന്നതിങ്ങനെ: ”തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും (ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും) രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ (അവര്‍ക്കാകുന്നു എന്റെ അനുഗ്രഹങ്ങള്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. പരിശുദ്ധവിഭവങ്ങള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധമായവ നിരോധിക്കുകയും ചെയ്യുന്നു. അവരുടെ മുതുകുകളെ ഞെരിക്കുന്ന ഭാരം ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ അവര്‍ മാത്രമാകുന്നു വിജയികള്‍” (7: 157). ഇവിടെ ആവര്‍ത്തിച്ചുപ്രയോഗിക്കുന്ന പ്രകാശം, നന്മ തുടങ്ങിയ പ്രതീകങ്ങള്‍ മാനവികമൂല്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. മാനവികമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വിഹായസ്സിലേക്ക് മനുഷ്യനെ നയിക്കാനാണ് പ്രവാചകന്‍ ആഗതനായതെന്ന് വ്യക്തമാക്കുകയാണിവിടെ ഖുര്‍ആന്‍.

മനുഷ്യന്റെ അന്തസ്സ്, അഭിമാനം, സ്വാതന്ത്ര്യം, സമത്വം, നീതി, കാരുണ്യം തുടങ്ങിയ സമസ്ത മാനവികഗുണങ്ങളുടെയും പൂര്‍ണതയാണ് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നത്. മനുഷ്യോല്‍പത്തിയെ കുറിച്ച ഖുര്‍ആന്റെ സങ്കല്‍പത്തില്‍നിന്ന് അതാരംഭിക്കുന്നു. മനുഷ്യജന്മം പാപമാണെന്നോ അവന്‍ മൃഗത്തില്‍നിന്ന് പരിണമിച്ചുണ്ടായതാണെന്നോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യന്‍ ഔന്നത്യത്തിലേക്കുള്ള പ്രയാണത്തില്‍ ദൈവത്തോട് മല്ലിടുന്ന ഗ്രീക്ക് ഫിലോസഫിയും ഖുര്‍ആന്‍ തീര്‍ത്തും നിരാകരിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ഏതാണ്ട് എല്ലാ ദര്‍ശനങ്ങളുടേതില്‍നിന്നും ഭിന്നവും സവിശേഷവുമാണ് മനുഷ്യോല്‍പത്തിയെ സംബന്ധിച്ച ഖുര്‍ആന്റെ കാഴ്ചപ്പാട്.
ആദരണീയസൃഷ്ടി
ദൈവത്തിന്റെ സവിശേഷസൃഷ്ടിയാണ് മനുഷ്യന്‍. മൃഗത്തില്‍നിന്നും മാലാഖയില്‍നിന്നും ഭിന്നനാണവന്‍. മനുഷ്യന് കീഴ്‌പ്പെടാന്‍ വിസമ്മതിച്ച പിശാചുമായുള്ള അല്ലാഹുവിന്റെ സംവാദം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക: ”ഇബ്‌ലീസിനോട് അല്ലാഹു ചോദിച്ചു:

قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ 

ഞാന്‍ സ്വന്തം കരങ്ങള്‍ കൊണ്ട് സൃഷ്ടിച്ചവന് സാഷ്ടാംഗം നമിക്കുന്നതില്‍നിന്ന് നിന്നെ തടയുന്നതെന്ത്? നീ അഹങ്കാരിയാവുകയാണോ? അതോ, ഉദ്ധൃതനാവുകയാണോ? (38: 75).
ഇവിടെ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ‘ഞാന്‍ സ്വന്തം കൈകള്‍കൊണ്ട് സൃഷ്ടിച്ചവന്‍’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. സൃഷ്ടിയുടെ സാമാന്യരീതിയില്‍നിന്ന് ഭിന്നമായി ദൈവം മനുഷ്യന് നല്‍കുന്ന പരിഗണനയാണ് ഉദ്ദേശ്യം. യജമാനന്‍ നേരിട്ട് ചെയ്യുന്നതും മധ്യവര്‍ത്തികള്‍ വഴി ചെയ്യുന്നതും ഒരുപോലെയല്ലല്ലോ. മനുഷ്യസൃഷ്ടിയില്‍ തന്നെ ദൈവം അവനെ സവിശേഷമായി ആദരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതേ ആദരവും പരിഗണനയും മനുഷ്യന് ആത്മാവ് നല്‍കിയതിലും കാണാം.

فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ

‘നാമവന് രൂപം നല്‍കുകയും നമ്മുടെ പക്കല്‍നിന്നുള്ള ആത്മാവ് അവനില്‍ സന്നിവേശിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ (മലക്കുകള്‍) അവന് മുമ്പില്‍ സാഷ്ടാംഗം നമിക്കുവിന്‍” (38: 72). ‘ആദംസന്തതികളെ നാം ആദരിച്ചിരിക്കുന്നു’വെന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. മനുഷ്യന്റെ സൃഷ്ടിപ്പിലും അവന് ആത്മാവ് നല്‍കിയതിലും ഭൂമിയില്‍ അവന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിലും സൃഷ്ടികര്‍ത്താവ് നല്‍കിയ പരിഗണന വഴി മനുഷ്യത്വത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഖുര്‍ആന്‍..

പ്രകൃതിയുടെ താളം
പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും ഭാഗമാണ് മനുഷ്യനെന്നും കളങ്കമേശാത്ത വിശുദ്ധിയോടെയാണ് അവനെ സൃഷ്ടിച്ചതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മനുഷ്യപ്രകൃതിയെ പൂര്‍ണതയിലേക്ക് നയിക്കാനാണ് വേദവും പ്രവാചകനും ആഗതമായത്. ദൈവവും മതവും മനുഷ്യനുവേണ്ടിയാണെന്ന് സാരം. മനുഷ്യന്റെ പൂര്‍ണതയാണ് മതത്തിന്റെയും വേദത്തിന്റെയും ലക്ഷ്യം. മനുഷ്യനിലെ മാനവികഗുണങ്ങളെ ഉണര്‍ത്തുകയും ഉന്മിഷത്താക്കുകയും പൂര്‍ണതയിലേക്ക് നയിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്:

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

”നിന്റെ മുഖം നീ ദൈവികവ്യവസ്ഥയ്ക്ക് അഭിമുഖമാക്കുക. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച പ്രകൃതി തന്നെയാണത്. ദൈവികസൃഷ്ടിക്ക് മാറ്റമേതുമില്ല. അതത്രെ ഋജുവായ മതം” (30: 30). മനുഷ്യപ്രകൃതി പൂര്‍ണതയെ തേടുന്നതാണ്. ഉന്നതങ്ങളിലേക്കാണ് അവന്റെ നോട്ടം. ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് അവന്റെ നില്‍പ്. ആരുടെ മുമ്പിലും അവന്‍ തലകുനിക്കേണ്ടതില്ല; സൃഷ്ടികര്‍ത്താവിന്റെ മുമ്പിലല്ലാതെ. അവന്റെ പ്രകൃതി ശുദ്ധമാണ്. അവക്രമാണ്. നന്മയോടാണ് അതിന്റെ ആഭിമുഖ്യം. ദൈവസാമീപ്യത്തിന്റെ മാര്‍ഗം മാനവികഭാവത്തെ പൂര്‍ണതയിലേക്ക് നയിക്കലാണ്. ഏറ്റവും ഉദാത്തവും സുന്ദരവുമായ രൂപത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്: ”നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും സുന്ദരമായ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു” (95:4). ആത്മാവും പ്രകൃതിയുമെന്ന പോലെ ആകാരവും അന്തസ്സാര്‍ന്നതാണെന്ന് സാരം.

ദൈവത്തിന്റെ പ്രതിനിധി
ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ വശം ‘ഖിലാഫത്താ’ണ്; ദൈവികപ്രാതിനിധ്യം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും മാത്രമല്ല, അവന്റെ പ്രതിനിധി കൂടിയാണ്. ഭൂമിയില്‍ സ്രഷ്ടാവായ നാഥന്റെ ഇംഗിതം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍. ഭൂമിയെ വാസയോഗ്യമാക്കുകയും നാഗരികത കെട്ടിപ്പടുക്കുകയും ദൈവേഛയ്ക്കനുസൃതമായി മനുഷ്യസമൂഹത്തെ പൂര്‍ണതയിലേക്ക് നയിക്കുകയുമാണ് ‘ഖിലാഫത്തി’ന്റെ ധര്‍മം. ഖുര്‍ആന്റെ വാക്കുകളില്‍: ”ഭൂമിയില്‍ നാം ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: അവര്‍ ചോദിച്ചു: ‘കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ അവിടെ നിയോഗിക്കാന്‍ പോകുന്നത്? നിന്റെ പരിശുദ്ധിയെ വാഴ്ത്താനും നിനക്ക് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാനും ഞങ്ങളുണ്ടല്ലോ?’ അല്ലാഹു പറഞ്ഞു: (മനുഷ്യനെപ്പറ്റി) നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം” (2:30). മനുഷ്യനാണ് ഭൂമിയിലെ നായകന്‍. തെറ്റോ ശരിയോ ആകട്ടെ ഭൂമിയില്‍ അവന്നാണ് അധികാരം. അവന്റെ ഇംഗിതത്തിന് വഴങ്ങാന്‍ മാലാഖമാര്‍പോലും കല്‍പിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന് നല്‍കപ്പെട്ട അധികാരവും സ്വാതന്ത്ര്യവുമാണ് ഖിലാഫത്തില്‍ പ്രകടമാകുന്നത്. ഉല്‍പാദന-വിതരണപ്രക്രിയയുടെ അധീശത്വത്തിലുപരി, ഭൂമിയുടെ ഭാഗധേയം നിര്‍ണയിക്കുന്ന അധീശശക്തിയാണവന്‍. പ്രപഞ്ചവ്യവസ്ഥയുടെ തന്നെ ചാലകശക്തിയായി മനുഷ്യന്‍ മാറുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഖിലാഫത്ത് മുന്നോട്ടുവയ്ക്കുന്നത്. തെറ്റായാലും ശരിയായാലും തനിക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. തന്നെ സൃഷ്ടിച്ച ദൈവത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള അവസരത്തോളം അത് ചെന്നെത്തുന്നു:

فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ

”ദൈവത്തില്‍ വിശ്വസിക്കാന്‍ ഇഛിക്കുന്നവന്‍ അത് ചെയ്യട്ടെ. ദൈവത്തെ നിഷേധിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ അതും ചെയ്യട്ടെ” (18: 29)

മര്‍ദിതന്റെ കൂടെ
ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യആശയങ്ങളിലൊന്നാണ് വിമോചനം. ദൈവം മര്‍ദിതന്റെ കൂടെയാണ്. അവന്‍ അനാഥകളുടെ സംരക്ഷകനും അഗതികളുടെ തുണയുമാണ്: ”താങ്കള്‍ മതത്തെ തള്ളിപ്പറയുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാകുന്നു” (107: 1-3).
ജീവിതസൗഭാഗ്യത്തിന്റെ പാതയില്‍ മനുഷ്യന് താണ്ടിക്കടക്കാനുള്ള ക്ലിഷ്ടമായ പാത സ്വാര്‍ഥങ്ങള്‍ ബലികഴിച്ച് അടിമയുടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും മോചനത്തിനുവേണ്ടിയുള്ള യത്‌നമാണ്.

 وَمَا أَدْرَاكَ مَا الْعَقَبَةُ   فَكُّ رَقَبَةٍ   أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ   يَتِيمًا ذَا مَقْرَبَةٍ   أَوْ مِسْكِينًا ذَا مَتْرَبَةٍ 

”എന്നാല്‍, ദുര്‍ഗമമായ ഗിരിമാര്‍ഗം താണ്ടിക്കടക്കാന്‍ അവന്‍ തയാറായില്ല. ആ ദുര്‍ഗമമായ മാര്‍ഗത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തറിയാം? അടിമയെ മോചിപ്പിക്കലാണത്. അല്ലെങ്കില്‍ വറുതിയുടെ നാളില്‍ ബന്ധുവായ അനാഥന്നോ വശംകെട്ട അഗതിക്കോ ആഹാരം നല്‍കലും. പിന്നെ അവന്‍ വിശ്വാസം കൈക്കൊണ്ടവരും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ ജനങ്ങളില്‍ ഉള്‍പ്പെടലുമാകുന്നു” (90: 11-17).
”ഇല്ല, ഒരിക്കലുമില്ല. എന്നാല്‍, നിങ്ങള്‍ അനാഥരോട് മാന്യമായി പെരുമാറുന്നില്ല. അഗതിക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കുന്നില്ല” (89: 17,18).
”ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരാക്കാനും അവരെ തന്നെ അനന്തരാവകാശികളാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും നാം ഉദ്ദേശിക്കുന്നു” (28: 5).
രണ്ടു കൈവിരലുകള്‍ ഉയര്‍ത്തി പ്രവാചകന്‍ അരുളി: ‘ഞാനും അനാഥസംരക്ഷകനും ഇതുപോലെയാണ്’, ‘അനീതി അന്ത്യനാളില്‍ അന്ധകാരമാകുന്നു’, ‘മര്‍ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക. അന്ത്യനാളില്‍ അവന്നും അല്ലാഹുവിനുമിടയില്‍ ഒരു മറയുമുണ്ടാവില്ല’ എന്നു തുടങ്ങിയ തിരുവചനങ്ങള്‍ ഇതോടു ചേര്‍ത്തുവായിക്കുക.
ഇനിയും കാണുക: ”പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതില്‍ എന്തുണ്ട് ന്യായം? ആ ജനതയാകട്ടെ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു: നാഥാ, മര്‍ദകരായ നിവാസികളുടെ ഈ പട്ടണത്തില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിശ്ചയിച്ചുതരേണമേ” (4: 75).
അറിവിന്റെ വെളിച്ചം
‘വായിക്കുക’ എന്ന ആഹ്വാനത്തോടെ അവതരണമാരംഭിച്ച ഏകവേദമാകുന്നു ഖുര്‍ആന്‍. ”വായിക്കുക: സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ സിക്താണ്ഡത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക; തൂലികകൊണ്ട് പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരനാകുന്നു. അവന്‍ മനുഷ്യനെ അവന്‍ അറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു. അറിവിനും അറിവിന്റെ മാധ്യമങ്ങള്‍ക്കും നല്‍കിയ ഈ പ്രഥമഗണനീയത ഖുര്‍ആന്റെ മാത്രം സവിശേഷതയാണ്.
മനുഷ്യനെ ദൈവം നിസ്സഹായനായി ഇരുട്ടില്‍ തപ്പാന്‍ വിടുകയല്ല ചെയ്തത്. മറിച്ച്, അറിവിന്റെ കൈത്തിരിയുമായാണ് അവനെ ഭൂമിയിലേക്ക് യാത്രയാക്കിയത്. അല്ലാഹുവും മലക്കുകളും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക:
”അനന്തരം അല്ലാഹു ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു. പിന്നീട് അവ മലക്കുകള്‍ക്കു മുമ്പില്‍ ഹാജറാക്കിക്കൊണ്ട് അരുള്‍ചെയ്തു: ‘നിങ്ങള്‍ പറയുന്നത് സത്യമെങ്കില്‍ ഈ വസ്തുക്കളുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരിക: അവര്‍ പറഞ്ഞു: ‘എല്ലാ ന്യൂനതകളില്‍നിന്നും പരിശുദ്ധനാണ് നീ. നീ പഠിപ്പിച്ചുതന്നതല്ലാതെ ഒന്നും ഞങ്ങള്‍ക്കറിയില്ല. നീ തന്നെയാണ് സര്‍വജ്ഞനും യുക്തിമാനും.’ അല്ലാഹു അരുള്‍ ചെയ്തു: ‘ഓ, ആദം! അവയുടെ നാമങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുക.’ ആദം അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ ആകാശഭൂമികളിലുള്ള അദൃശ്യകാര്യങ്ങളത്രയും അറിയുമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവയ്ക്കുന്നതും ഞാന്‍ അറിയുമെന്നും നിങ്ങളോട് പറഞ്ഞിരുന്നില്ലേ?” (2:31-33). മനുഷ്യന് ദൈവം നല്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് വിജ്ഞാനം. മാലാഖമാരേക്കാള്‍ മനുഷ്യന് മഹത്വം നേടിക്കൊടുക്കുന്ന അപാരസിദ്ധി. മനുഷ്യനെ മനുഷ്യനാക്കുന്ന മുഖ്യഘടകം. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അസ്തിവാരം. മാനവികതയുടെ ഏറ്റവും ഉദാത്തഭാവങ്ങളിലൊന്നാണത്. സ്വാതന്ത്ര്യവും ജ്ഞാനവുമാണ് മനുഷ്യ വ്യക്തിത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന രണ്ടു വിശിഷ്ട ഗുണങ്ങള്‍. ഈ രണ്ടു ഗുണങ്ങളുടെയും പ്രകാശനമാണ് മലക്കുകളും അല്ലാഹുവും തമ്മിലെ സംഭാഷണങ്ങളില്‍ പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്. ആദമിന് എല്ലാ വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചുവെന്ന പ്രയോഗം അര്‍ഥവത്താണ്. വസ്തുക്കളെ അവയുടെ നാമവുമായി ചേര്‍ത്തു മനസ്സിലാക്കുന്ന അറിവിന്റെ അത്ഭുതലോകത്തിലേക്കുള്ള മനുഷ്യന്റെ പ്രവേശനത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. തലമുറകളിലൂടെ വളര്‍ന്നുവികസിക്കുകയും മനുഷ്യജീവിതത്തെ പുഷ്‌കലമാക്കുകയും ചെയ്യുന്ന സമസ്തവിജ്ഞാനങ്ങളും അതുള്‍ക്കൊള്ളുന്നു. അറിവുനേടാനും അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തെ കീഴടക്കാനും അതുവഴി സമസ്തലോകത്തിന്റെയും ആധിപത്യം നേടാനും മനുഷ്യന് നല്‍കപ്പെട്ട അപാരസിദ്ധിയാണ് ഇവിടെ ഉദ്ദേശ്യം.

മനുഷ്യസമത്വം
ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണ്. നിയമത്തിന്റെ മുമ്പിലും മനുഷ്യര്‍ക്കിടയില്‍ ഭേദം പാടില്ല. വര്‍ഗഭേദമോ ജാതിവിവേചനമോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ ഏകത്വമാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍വപ്രധാനമായ ആശയം. ദൈവത്തിന്റെ ഏകത്വം മനുഷ്യന്റെ ഏകത്വത്തിലാണ് ഊന്നുന്നത്. ‘നിങ്ങളുടെ നാഥന്‍ ഏകന്‍. നിങ്ങളുടെ പിതാവ് ഏകന്‍. നിങ്ങളെല്ലാം ആദമില്‍നിന്ന്. ആദം മണ്ണില്‍നിന്നും’ എന്ന തിരുവചനം ആ ആശയത്തെയാണ് ബലപ്പെടുത്തുന്നത്. ഖുര്‍ആന്‍ പറയുന്നു: ”അല്ലയോ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും ഭക്തിയുള്ളവനത്രെ” (49: 13).
ഈ ആശയം തെളിയിച്ചുകൊണ്ട് പ്രവാചകന്‍ അരുളി: ”അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു ശ്രേഷ്ഠതയുമില്ല.” അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം എന്ന അന്ധനായ പ്രവാചകശിഷ്യന്‍ ഒരു നാള്‍ പ്രവാചകതിരുമേനിയെ കാണാന്‍ ചെന്നു. ഖുറൈശീപ്രമാണിമാരില്‍ ചിലരുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന പ്രവാചകന്‍ അതിഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ മുഖത്ത് നീരസം പ്രകടമായിരുന്നു. അതാ അടുത്ത നിമിഷത്തില്‍ പ്രവാചകനെ ശാസിച്ചുകൊണ്ട് വിശുദ്ധഖുര്‍ആന്‍ അവതരിക്കുകയായി:

عَبَسَ وَتَوَلَّىٰ   أَن جَاءَهُ الْأَعْمَىٰ  وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ  أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ   أَمَّا مَنِ اسْتَغْنَىٰ   فَأَنتَ لَهُ تَصَدَّىٰ وَمَا عَلَيْكَ أَلَّا يَزَّكَّىٰ  وَأَمَّا مَن جَاءَكَ يَسْعَىٰ   وَهُوَ يَخْشَىٰ   فَأَنتَ عَنْهُ تَلَهَّىٰ

 ‘നബി മുഖംചുളിച്ചു. തിരിഞ്ഞുകളയുകയും ചെയ്തു. അന്ധന്റെ വരവുകാരണം. താങ്കള്‍ എന്തു കരുതി? ഒരുപക്ഷേ, അദ്ദേഹം ശുദ്ധനായെങ്കിലോ? അഥവാ ഉപദേശം ശ്രദ്ധിക്കുകയും അതദ്ദേഹത്തിന് ഉപകാരപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലോ? താന്‍പോരിമയുള്ളവനാകട്ടെ, അവന്റെ നേരെയാണ് താങ്കള്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്. അവന്‍ നന്നായില്ലെങ്കില്‍ താങ്കള്‍ക്കെന്ത്? താങ്കളുടെ അടുക്കല്‍ ധൃതിപ്പെട്ടുവരുന്നവന്‍ ദൈവഭയമുള്ളവനാണ്. താങ്കളാകട്ടെ അവന്റെ നേരെ അശ്രദ്ധനായിരിക്കുന്നു” (80: 1-10).

അലിജാ അലി ഇസ്സത് ബെഗോവിച്ച് എഴുതി: ”ജനങ്ങളുടെ സമത്വവും സാഹോദര്യവും സാധിതമാകണമെങ്കില്‍ മനുഷ്യന്‍ ദൈവസൃഷ്ടിയാകണം, മനുഷ്യസമത്വം ആത്മീയമാവണം. അതു ശാരീരികമല്ല. ബുദ്ധിപരവും അല്ല. അത് മനുഷ്യന്റെ ഗുണമാണ്. അത് മനുഷ്യാന്തസ്സാണ്. മനുഷ്യസ്വത്വത്തിന്റെ തുല്യമൂല്യവുമാണത്. മറിച്ച്, ഭൗതികവും ചിന്താശക്തിയുള്ളതും സാമൂഹികവുമായ ജീവികള്‍ എന്ന നിലയ്ക്ക് -ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍, സമൂഹജീവികള്‍, വര്‍ഗങ്ങള്‍, രാഷ്ട്രീയഗ്രൂപ്പുകള്‍, ജനതകള്‍ എന്നീ നിലകളില്‍- മനുഷ്യര്‍ തീരെ സമന്മാരാവുകയില്ല. മനുഷ്യന്റെ ആത്മാര്‍ഥമൂല്യം (മതസ്വഭാവം എന്ന വസ്തുത) അംഗീകരിച്ചില്ലെങ്കില്‍ മാനുഷികമായ സമത്വത്തിന് അടിത്തറയില്ലാതാവുന്നു. പിന്നെ മനുഷ്യസമത്വം ആധാരവും ഉള്ളടക്കവുമില്ലാത്ത പദപ്രയോഗമായി അവശേഷിക്കും. മതപരമായ സമീപനം നീക്കിയാല്‍ ബാക്കിയാവുക വ്യത്യസ്തങ്ങളായ അസമത്വങ്ങളാണ്. അസമത്വത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ വര്‍ഗീയം, ദേശീയം, സാമൂഹികം അഥവാ രാഷ്ട്രീയം എന്നിവയാകുന്നു. ‘ജീവശാസ്ത്രം, മനശ്ശാസ്ത്രം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശാസ്ത്രങ്ങള്‍ ഇവയ്‌ക്കൊന്നും മനുഷ്യന്റെ അന്തസ്സു കണ്ടെത്താന്‍ കഴിയില്ല. മനുഷ്യന്റെ അന്തസ്സ് ആത്മീയപ്രശ്‌നമാണ്” (ഇസ്‌ലാം രാജമാര്‍ഗം: പേ: 72).

ദൈവത്തിന്റെ ഛായയില്‍?
ദൈവം മനുഷ്യനെ അവന്റെ ഛായയില്‍ സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ അങ്ങനെ പറയുന്നില്ല. എന്നല്ല, ‘ദൈവത്തിന്റെ ഛായ’ എന്ന സങ്കല്‍പം തന്നെ ഖുര്‍ആനിനന്യമാണ്. ദൈവത്തെപ്പോലെ യാതൊന്നുമില്ല എന്നാണതിന്റെ നിലപാട്. ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന ആശയം ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന്‍ എന്നത്രെ. ദൈവത്തിന്റെ പ്രതിനിധി എന്നു പറയുമ്പോള്‍ ആ പ്രാതിനിധ്യത്തിന്റെ സ്വഭാവമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനും അധീശാധിപതിയുമായ ദൈവത്തിന്റെ സത്തയും ഗുണവിശേഷങ്ങളും പരിഗണിക്കുമ്പോള്‍ ഭൂമിയില്‍ മനുഷ്യന്‍ അതെല്ലാം അതേപടി ആര്‍ജിക്കുകയും കൈകാര്യം ചെയ്യുകയും എന്നര്‍ഥമാകാവതല്ല. പ്രതിനിധാനം ചെയ്യപ്പെടുന്നവന്റെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുകയാണല്ലോ പ്രാതിനിധ്യത്തിന്റെ യാഥാര്‍ഥ്യം. ഈയര്‍ഥത്തിലാണ് മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാകുന്നത്. ഭൂമിയില്‍ ദൈവഹിതം സാക്ഷാത്കരിക്കുകയാണ് അവന്റെ ഉത്തരവാദിത്വം. സര്‍വസല്‍ഗുണസമ്പൂര്‍ണനാണ് ദൈവം. കാരുണ്യം, സ്‌നേഹം, സത്യം, സൗന്ദര്യം, സമാധാനം തുടങ്ങിയവ അവന്റെ സല്‍ഗുണങ്ങളില്‍ പെടുന്നു. തന്റെ ഈ മഹിതഗുണങ്ങള്‍ മനുഷ്യന്‍ അവന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിക്കണമെന്ന് അല്ലാഹു ഇഛിക്കുന്നു.
‘ദൈവത്തിന്റെ സ്വഭാവങ്ങള്‍ നിങ്ങള്‍ ഉള്‍ക്കൊള്ളുക’ എന്ന് പ്രവാചകന്‍ അരുള്‍ചെയ്തിരിക്കുന്നു. ദൈവത്തിന്നഭിമുഖമായി അവനെ ലക്ഷ്യമാക്കി മുന്നേറാനാണ് മനുഷ്യന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ‘ഞാന്‍ എന്റെ നാഥങ്കലേക്ക് യാത്രയാവുകയാണ്’ എന്ന് ഇബ്‌റാഹീം നബി(അ)യും (37:99), ‘ഞാന്‍ എന്റെ നാഥങ്കലേക്ക് പലായനം ചെയ്യുകയാണ്’ എന്ന് ലൂത്വ് നബി(അ)യും (29: 26) പറയുന്നുണ്ട്. ദൈവികഗുണങ്ങള്‍ ആര്‍ജിച്ചും അവനെ ലക്ഷ്യമാക്കിയും ദൈവേഛ നിറവേറ്റാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം ദൈവത്തെ കണ്ടുമുട്ടുക തന്നെ ചെയ്യും:

يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ

”അല്ലയോ മനുഷ്യാ! നീ നിന്റെ നാഥനെ ലക്ഷ്യമാക്കി കഠിനമായി യത്‌നിക്കുന്നു. അങ്ങനെ അവനെ നീ കണ്ടെത്തുക തന്നെ ചെയ്യും” (84: 6), ”നിങ്ങള്‍ പടിപടിയായി പുരോഗമിക്കും” (84: 19) എന്നിങ്ങനെ ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. ആ മാര്‍ഗത്തില്‍ ചലിക്കുമ്പോള്‍ ഭൂമിയില്‍ കാരുണ്യവാരിധിയായ ദൈവത്തെ കണ്ടെത്താനാകും എന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. നന്മയ്ക്കും പൂര്‍ണതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യജന്മം ലക്ഷ്യമാക്കുന്നത്. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും താളപ്പൊരുത്തമാണ് അതിലൂടെ സാധിക്കേണ്ടത്. അവിടെ മനുഷ്യന്‍ ഏകാകിയായിരിക്കില്ല. ദൈവവും മാലാഖമാരും വാനഭുവനങ്ങളും അവനോടൊപ്പമുണ്ടാകും.

ദൈവികഗുണങ്ങള്‍; മാനവികമൂല്യങ്ങള്‍
കാരുണ്യവും നീതിയും ഉള്‍പ്പെടെ സമസ്ത മാനവികഗുണങ്ങളും ദൈവികഗുണങ്ങളായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദൈവികമഹത്വത്തിന്റെ ഭാവങ്ങളെന്ന പോലെ മനുഷ്യമഹത്വത്തിന്റെ മുദ്രകളും കൂടിയാണവ. കാരുണ്യവും നീതിയും ഉള്‍പ്പെടെയുള്ള മാനുഷികഗുണങ്ങള്‍ താത്ത്വികതലത്തില്‍ പറഞ്ഞുവയ്ക്കുന്നതിനുപകരം ഇസ്‌ലാം അവയ്ക്ക് നിയമപ്രാബല്യം കൂടി നല്‍കിയിരിക്കുന്നു. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: ”ഇന്ന് ഈ പുണ്യദിനത്തില്‍ ഈ പുണ്യഭൂമിയില്‍ ഈ പുണ്യമാസം എത്രമാത്രം ആദരണീയമാണോ അതുപോലെ നിങ്ങളുടെ ജീവനും ധനവും അഭിമാനവും പാവനമാണ്.” രക്തം ചിന്തരുത്, അഭിമാനം വ്രണപ്പെടുത്തരുത്, ജീവന്‍ ഹനിക്കരുത്, ധനം കവര്‍ന്നെടുക്കരുത്, പലിശ ഭുജിക്കരുത്, സ്ത്രീകളോടു തുല്യനീതിയില്‍ വര്‍ത്തിക്കണം എന്നെല്ലാം പ്രവാചകന്‍ കല്‍പിച്ചു.

മുന്‍ഗണന മനുഷ്യാവകാശങ്ങള്‍ക്ക്
ഇസ്‌ലാമികശരീഅത്തിലെ ശ്രദ്ധേയമായ ഒരു ചര്‍ച്ച മനുഷ്യന്റെയും ദൈവത്തിന്റെയും അവകാശങ്ങള്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ ഏതിനുവേണം മുന്‍ഗണന നല്‍കാന്‍ എന്നതാണ്. മനുഷ്യന്റെ അവകാശങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നാണ് പൂര്‍വസൂരികള്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഒരാള്‍ സ്വന്തം സഹോദരനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ദൈവത്തോടുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തേണ്ടിവന്നാല്‍ ദൈവം അത് പൊറുക്കും. ചിലപ്പോള്‍ അവര്‍ അന്യരുടെ അവകാശങ്ങള്‍ വകവച്ചുകൊടുക്കുന്നത് ദൈവത്തോടുള്ള ബാധ്യതയുടെ പൂര്‍ത്തീകരണം തന്നെ ആയിത്തീരുന്നു. ദൈവമാര്‍ഗത്തില്‍ സമരത്തിനിറങ്ങിത്തിരിച്ചവനോട് വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കലാണ് നിനക്ക് ചെയ്യാവുന്ന പുണ്യസമരം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. മാതാപിതാക്കള്‍ വൃദ്ധരെങ്കില്‍ അവരെ പരിചരിക്കാന്‍ വേണ്ടി ഹജ്ജ് നീട്ടിവയ്ക്കാമെന്ന് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. മനുഷ്യനന്മ, അവന്റെ അഭിമാനം, മനുഷ്യാവകാശങ്ങള്‍, മാനുഷികമൂല്യങ്ങള്‍ എന്നിവയ്ക്ക് മറ്റെന്തിലുമേറെ മുന്‍ഗണന കൊടുക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.

About the author

admin

Leave a Comment