Quran

മനുഷ്യാവകാശത്തിന്റെ ഖുര്‍ആനികാടിത്തറ

rights.jpg
Written by admin

മനുഷ്യാവകാശത്തെക്കുറിച്ച വിശുദ്ധഖുര്‍ആന്റെ കാഴ്ചപ്പാട്, ഭൗതികപ്രപഞ്ചത്തില്‍ മനുഷ്യന് ഖുര്‍ആന്‍ നിര്‍ണയിച്ച പദവിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിശുദ്ധഖുര്‍ആന്റെ വിഭാവനപ്രകാരം മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി(ഖലീഫ)യാണ്. മറ്റെല്ലാ സൃഷ്ടികളെക്കാളും മുകളില്‍ അവരോധിതനായ മനുഷ്യനെ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ദൈവം ഏല്‍പിച്ചിരിക്കുന്നു. ഇക്കാര്യം ഭംഗിയായി നിര്‍വഹിക്കാനുതകും വിധം ഭൗതികപ്രപഞ്ചത്തെ അധീനപ്പെടുത്താനുള്ള സര്‍ഗശേഷിയും ഉപയോഗപ്പെടുത്താനുള്ള ഉടമസ്ഥാവകാശവും താല്‍ക്കാലികമായി മനുഷ്യന് പതിച്ചു നല്‍കിയിട്ടുമുണ്ട്. ഈ സ്വാതന്ത്ര്യവും വിശേഷബുദ്ധിയും ഉപയോഗപ്പെടുത്തി,ദൈവഹിതാനുസൃതം ജീവിക്കുന്ന വ്യക്തിയെയും സമൂഹത്തെയും സാമൂഹികക്രമത്തെയും കെട്ടിപ്പടുക്കുക എന്നതാണ് മനുഷ്യന്റെ ദൗത്യം.

മൗലികസ്വാതന്ത്ര്യം

ഖുര്‍ആനിലെ സമത്വസങ്കല്‍പത്തെ പോലെത്തന്നെ വിശാലമാണ് സ്വാതന്ത്ര്യസങ്കല്‍പവും. വിശ്വാസസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങി ഇക്കാലത്ത് മാനവികതയുടെ പക്ഷംചേര്‍ന്ന് വിശദീകരിക്കപ്പെടുന്ന എല്ലാ സ്വാതന്ത്ര്യത്തെയും ജന്മസിദ്ധമായ അവകാശമെന്ന നിലയ്ക്കാണ് ഖുര്‍ആന്‍ സമീപിക്കുന്നത്. ഇസ്‌ലാമിന് കൃത്യമായ ഒരു പ്രപഞ്ചവീക്ഷണവും ജീവിതകാഴ്ചപ്പാടുമുണ്ടായിരിക്കെ തന്നെ മറിച്ചുള്ള എല്ലാ ജീവിതദര്‍ശനങ്ങളുടെയും നിലനില്‍പ് അംഗീകരിക്കാന്‍ മാത്രം വിശാലമാണ് ഈ സ്വാതന്ത്ര്യവീക്ഷണം. ഏകശിലാഘടനയുള്ള സമഗ്രാധിപത്യസാമൂഹികദര്‍ശനങ്ങളില്‍നിന്നും ഇസ്‌ലാമിനെ വേര്‍തിരിക്കുന്ന ഘടകം കൂടിയാണിത്.
ഏതൊരാള്‍ക്കും തനിക്ക് ശരിയെന്ന് തോന്നുന്ന വിശ്വാസപ്രമാണമംഗീകരിച്ച് ജീവിക്കാനര്‍ഹതയുണ്ടെന്നു ഈ അവകാശ(Individual’s right to freedom)പ്രഖ്യാപനത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ഭൂമിയിലെ ഖലീഫയാണെന്ന ഖുര്‍ആനികവിഭാവനപൂര്‍ണമാവുകയില്ല. കാരണം, ഭൗതികജീവിതം പരീക്ഷണമാണെന്നും അതില്‍ ആരാണ് ദൈവഹിതാനുസൃതം ജീവിച്ച് ഏറ്റവും നന്നായി കര്‍മം ചെയ്യുന്നത് എന്നുമാണ് ദൈവം പരീക്ഷിക്കുന്നത് (67:2). ഓരോരുത്തര്‍ക്കും സ്വേഛ അനുസരിച്ച് ജീവിക്കാനുള്ള മൗലികസ്വാതന്ത്ര്യമില്ലെങ്കില്‍ ഈ പരീക്ഷണം തന്നെ നിരര്‍ഥകമാവും. അതിനാല്‍, ശുദ്ധപ്രകൃതത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഈ പ്രകൃതത്തിന്നനുരൂപവും പ്രതികൂലവുമായി ജീവിതം കെട്ടിപ്പടുക്കാനുള്ള അവകാശവും ദൈവം അംഗീകരിക്കുക മാത്രമല്ല ഇങ്ങനെ രൂപപ്പെടുന്ന എല്ലാ വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നിലനില്‍പിന്റെ സാധുത പ്രസ്താവിക്കുന്നുമുണ്ട്: ”അല്ലാഹു (നിങ്ങളില്‍ യാതൊരു ഭിന്നിപ്പും ഉണ്ടാകരുതെന്ന്) ഇഛിച്ചിരുന്നെങ്കില്‍ നിങ്ങളെയാസകലം ഒരൊറ്റ സമുദായമാക്കുമായിരുന്നു” (16: 93).
”നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമവ്യവസ്ഥയും കര്‍മമാര്‍ഗവും ഉണ്ട്. അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ആസകലം ഒരൊറ്റ സമുദായമാക്കാന്‍ അവന് കഴിയുമായിരുന്നു. എന്നാല്‍, ഇങ്ങനെ ചെയ്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കുന്നതിന്നായിട്ടത്രെ. അതിനാല്‍ നന്മകളില്‍ ഓരോരുത്തരും മറ്റുള്ളവരെ മുന്‍കടക്കാന്‍ ശ്രമിക്കുവിന്‍” (5: 48) എന്നീ ഖുര്‍ആന്‍വചനങ്ങള്‍ ഈ സാധുതയെയാണ് അടയാളപ്പെടുത്തുന്നത്. ഖുര്‍ആന്‍ മനുഷ്യന്റെ മൗലികസ്വാതന്ത്ര്യത്തെ (Personal freedom) മുന്‍നിര്‍ത്തിയുള്ള ഒരേയൊരു വൈവിധ്യത്തെയാണ് അംഗീകരിക്കുന്നത് എന്ന കാര്യം സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ഇസ്‌ലാമികനിയമസംഹിതയുടെ അപ്രമാദിത്വം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെയാണ് ഖുര്‍ആന്‍ ഈ വൈവിധ്യത്തെ ആദരിക്കുന്നത്.
ഇഷ്ടപ്പെട്ട ജീവിതരീതി തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ഖുര്‍ആന്‍ ഇപ്രകാരം വിളംബരം ചെയ്യുന്നു. ”ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് ഇത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം” (18: 29).
തനിക്ക് ശരിയെന്ന് തോന്നുന്നതില്‍ ഉറച്ച് നില്‍ക്കാനുള്ള വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യത്തെ (Freedom of conscience and conviction) മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല (2: 256) എന്ന വിശുദ്ധവചനം കൃത്യമാക്കുന്നുണ്ട്.
”നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റവും ശ്രേഷ്ഠമായ രീതിയിലല്ലാതെ” (29: 46). ”ഈ ജനം അല്ലാഹുവിനെ വെടിഞ്ഞ് വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചുകൂടാത്തതാകുന്നു. അങ്ങനെ അവരുടെ ബഹുദൈവവിശ്വാസം വിജൃംഭിച്ച് അജ്ഞതയാല്‍ അവര്‍ അല്ലാഹുവിനെ ആക്ഷേപിക്കാന്‍ ഇടയായിക്കൂടാ. നാമാണെങ്കില്‍ ഈവിധം സകല ജനങ്ങള്‍ക്കും അവരുടെ കര്‍മങ്ങള്‍ അലങ്കാരമാക്കി കൊടുത്തിട്ടുണ്ട്” (6: 108) എന്നീ ഖുര്‍ആന്‍വചനങ്ങള്‍ വിഭിന്ന ചിന്താഗതിക്കാര്‍ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയെയും ഇതര വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തരുതെന്ന (Protection of religious sentiments) നിര്‍ദേശവുമാണ്. അഥവാ ഓരോ വിശ്വാസഗതിക്കാര്‍ക്കും അവരുടെ മതവികാരം സുരക്ഷിതമാകാനുള്ള അവകാശമുണ്ടെന്ന് ഈ വചനങ്ങള്‍ വിശദമാക്കുന്നു.
ചിന്താരംഗത്തും വിശ്വാസരംഗത്തും ശരിയെന്ന് തീര്‍ച്ചയുള്ള മാര്‍ഗങ്ങളിലൂടെ മുന്നേറാന്‍ അനുവാദം നല്‍കുന്ന ഖുര്‍ആന്റെ സമീപനം വ്യക്തിയുടെ ഭാവനയുടെ ചിറക് കരിച്ചുകളയുന്ന സമഗ്രാധിപത്യദര്‍ശനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. എന്നാല്‍, സര്‍വത്ര അരാജകത്വത്തിന് വഴിതുറന്ന അനിയന്ത്രിത സ്വാതന്ത്ര്യത്തെ ഖുര്‍ആന്‍ അനുവദിക്കുന്നു എന്നല്ല, ഇതിന്റെ അര്‍ഥം. വ്യക്തിയുടെ സ്വാതന്ത്ര്യം പരിമിതമാണോ? ആണെങ്കില്‍ അതിന്റെ പരിധിയേത്? ഈ അന്വേഷണത്തിനു മുമ്പിലാണ് ഖുര്‍ആനിലെ അടിസ്ഥാന മനുഷ്യാവകാശ(Basic Human Rights)നിയമങ്ങള്‍ പ്രസക്തമാകുന്നത്. ഖുര്‍ആനികവിഭാവന അനുസരിച്ച് വ്യക്തിക്ക് സ്വാതന്ത്ര്യമുള്ളതുപോല ചില അടിസ്ഥാന മൗലികാവകാശങ്ങളുമുണ്ട്. മനുഷ്യന്‍ ഭൂമിയിലെ ഖലീഫയാണെന്ന അടിസ്ഥാനകാഴ്ചപ്പാടില്‍നിന്ന് ഉയിരെടുക്കുന്നതാണ് ഈ അവകാശങ്ങള്‍. ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഉടമസ്ഥാവകാശവും താല്‍ക്കാലികമായി ഏല്‍പിക്കപ്പെട്ട മനുഷ്യന് പ്രസ്തുത ചുമതലകള്‍ നിര്‍വഹിക്കാന്‍ എന്തെല്ലാം അനിവാര്യമായുണ്ടോ അതിനെയെല്ലാം ഖുര്‍ആന്‍ മനുഷ്യാവകാശമായി നിര്‍ണയിച്ചിട്ടുണ്ട്. ഈയൊരു പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ഖുര്‍ആനികവീക്ഷണപ്രകാരം മനുഷ്യന്‍ എന്ന അസ്തിത്വത്തിന്റെ സ്വതന്ത്രമായ നിലനില്‍പിന് എന്തെല്ലാം ആവശ്യമുണ്ടോ അതാണ് അടിസ്ഥാനമൗലികാവകാശങ്ങള്‍. ഈ അവകാശങ്ങള്‍ ജന്മസിദ്ധവും അതിനാല്‍ എല്ലാവര്‍ക്കും തുല്യവുമാണ്. ഇത് ലംഘിക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നിരുപാധികാധികാരം ഭരണാധികാരികള്‍ക്കും ഭരണഘടനയ്ക്കും ഏല്‍പിച്ചുകൊടുക്കുന്നതിനു പകരം മറ്റുള്ളവരുടെ ദൈവദത്തമായ മനുഷ്യാവകാശങ്ങള്‍ ഹനിക്കരുതെന്ന് അഭ്യസിപ്പിക്കുക വഴി ഖുര്‍ആന്‍ മൗലികസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും സമന്വയിപ്പിക്കുകയാണ്. മനോഹരവും യുക്തിഭദ്രവുമായ ഈ ഖുര്‍ആനികനിലപാടനുസരിച്ച് സ്വാതന്ത്ര്യവും മനുഷ്യാവകാശവും പരസ്പരബന്ധിതവും പൂരകവുമാണ്. ഉദാരസ്വാതന്ത്ര്യ(Liberalism)ത്തിലധിഷ്ഠിതമായ പാശ്ചാത്യനാഗരികത ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ വഴിതുറന്നും സാമൂഹിക അച്ചടക്കം സ്ഥാപിക്കുന്നതിന് സ്വാതന്ത്ര്യത്തെ അപഹരിച്ച സമഗ്രാധിപത്യ അധികാരവ്യവസ്ഥ സര്‍ഗാത്മകതയെ വറ്റിച്ചും പാരതന്ത്ര്യത്തിന്റെ കാണാച്ചരടുകളില്‍ ജനപദങ്ങളെ ബന്ധിച്ചപ്പോള്‍ ഖുര്‍ആന്‍ യുക്തിഭദ്രമായ നിലപാടുകളിലൂടെ ഇവ രണ്ടിനെയും കോര്‍ത്തിണക്കുകയാണ്.
ഉദാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ വാചാലമായ പാശ്ചാത്യനാഗരികത വ്യക്തിയുടെ അനിയന്ത്രിതമായ സ്വാതന്ത്ര്യവാഞ്ഛ സമൂഹത്തിന്റെ മൗലികാവകാശങ്ങളില്‍ നടത്താന്‍ സാധ്യതയുള്ള കൈയേറ്റങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. മതവും ഭരണകൂടവും സ്വാതന്ത്ര്യദാഹിയായ വ്യക്തിക്ക് നിയന്ത്രണമേര്‍പ്പെടുത്തരുതെന്ന ഉദാരവാദത്തിന്റെ നിലപാട് ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കാണ് വഴിതുറന്നത്. ബലാത്സംഗം, പിടിച്ചുപറി, സാമ്പത്തികകുറ്റകൃത്യങ്ങള്‍, പാരിസ്ഥിതിക കൈയേറ്റം തുടങ്ങിയവയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും അന്യന്റെ മൗലികാവകാശങ്ങള്‍ ഈ നാഗരികതയില്‍ പരസ്യമായി അപഹരിക്കപ്പെട്ടു. സാമൂഹിക അച്ചടക്കം സ്ഥാപിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുക വഴി സ്വാതന്ത്ര്യത്തെ അപഹരിച്ച സമഗ്രാധിപത്യ അധികാരവ്യവസ്ഥ സര്‍ഗാത്മകതയില്ലാത്ത വിഷാദമനോഗതിക്കാരെയാണ് സംഭാവന ചെയ്തത്. ഈ രണ്ടു ഭിന്നധ്രുവസമീപനങ്ങള്‍ക്കും സ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും പരസ്പരബന്ധിതമായ ഒരേകകമായി വിലയിരുത്താനായില്ല. ഇവിടെയാണ് ഖുര്‍ആന്റെ സമീപനം പ്രസക്തമാകുന്നത്.

മൗലികാവകാശങ്ങള്‍
ദൈവദത്തമായ മൗലികാവകാശങ്ങളെക്കുറിച്ച ഖുര്‍ആന്റെ നിലപാട് ‘തീര്‍ച്ചയായും നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു’ (17: 70) എന്ന വചനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ ആദരവിന് പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്: ”നിങ്ങളുടെ രക്തം പവിത്രമാണ്, ധനം പവിത്രമാണ്, അഭിമാനം പവിത്രമാണ്.” ജീവന്‍, അഭിമാനം, സമ്പത്ത് എന്നിവയുടെ ഈ പവിത്രത കൊണ്ടുദ്ദേശിക്കുന്നത് ഇവ കവര്‍ന്നെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന മൗലികസത്യമാണ്. വിശുദ്ധഖുര്‍ആനിലും പ്രവാചകവചനങ്ങളിലും മനുഷ്യജീവന്‍ ഹനിക്കുന്നതിനെ കുറിച്ച നിരവധി മുന്നറിയിപ്പുകളുണ്ട്.
അല്ലാഹു ആദരിച്ച ആത്മാവിനെ അന്യായമായി വധിക്കുകയെന്ന പാതകം ചെയ്യരുത് (17: 33). ”ഒരാത്മാവിന് പകരമായോ അല്ലെങ്കില്‍ ഭൂമിയില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു” (5: 32).
ധനം സമ്പാദിക്കാനുള്ള അവകാശത്തെയും മൗലികാവകാശമായി ഗണിക്കുന്ന വിശുദ്ധഖുര്‍ആന്‍ ‘നിങ്ങള്‍ അന്യായമായി ധനം ഭുജിക്കരുത്. മനഃപൂര്‍വം തെറ്റായ മാര്‍ഗത്തിലൂടെ അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം അനുഭവിക്കുന്നതിനുവേണ്ടി ഭരണാധികാരികളെ സമീപിക്കുകയുമരുത്’ (2: 188) എന്നുണര്‍ത്തുന്നു.
‘അനാഥരുടെ സമ്പത്തിനോട് അടുക്കാതിരിക്കുവിന്‍ -ഏറ്റവും നല്ല രീതിയിലല്ലാതെ’ (17: 34) എന്ന ഖുര്‍ആന്റെ കല്‍പനയും മറ്റൊരാളുടെ സമ്പത്ത് അങ്ങേയറ്റം പവിത്രമാണെന്നും അത് കവര്‍ന്നെടുക്കരുതെന്നുമുള്ള ശക്തമായ താക്കീതാണ്.
മനുഷ്യന്റെ അഭിമാനസംരക്ഷണത്തെയും ഖുര്‍ആന്‍ സമീപിക്കുന്നത് ഇതേ രീതിയിലാണ്. ”നിങ്ങള്‍ പരിഹസിക്കരുത്…. നിങ്ങള്‍ പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കുകയുമരുത്…… നിങ്ങളില്‍ ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്….” (49: 11-12) എന്നീ വിശുദ്ധവചനങ്ങള്‍ പ്രകാശിപ്പിക്കുന്നത് ഈ ആശയത്തെയാണ്. ജീവിക്കാനുള്ള അവകാശ(The right to life)ത്തെയും അതിന്റെ തന്നെ അനുബന്ധമെന്ന നിലയ്ക്ക് സമ്പത്ത് സുരക്ഷിതമാകാനുള്ള അവകാശ(The right to property)ത്തെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതിരിക്കാനുള്ള അവകാശ(The right to the protection of Honor)ത്തെയും വിശുദ്ധഖുര്‍ആന്‍ പ്രത്യേകം പ്രദാനം ചെയ്യുന്നുണ്ട് എന്ന് മേല്‍വചനങ്ങള്‍ വ്യക്തമാക്കുന്നു.

മൗലികാവകാശങ്ങളുടെ സംരക്ഷണബാധ്യത
വ്യക്തിക്ക് ഈ മൂന്ന് അവകാശങ്ങള്‍ അടിസ്ഥാനാവകാശങ്ങളായി (Basic human rights) നിശ്ചയിച്ച് കൊടുക്കുന്നതില്‍ മാത്രം പരിമിതമല്ല ഖുര്‍ആനിലെ മനുഷ്യാവകാശനിയമങ്ങള്‍. ഈ അടിസ്ഥാനാവകാശങ്ങള്‍ ഓരോ വ്യക്തിക്കും ലഭ്യമാക്കുക സമൂഹത്തിന്റെ ബാധ്യതയാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇതുപ്രകാരം ദരിദ്രന് ആഹാരവും രോഗിക്ക് ചികിത്സയും തെരുവുസന്തതികള്‍ക്ക് അഭയകേന്ദ്രവും ഒരുക്കാന്‍ വ്യക്തിയും രാഷ്ട്രവും ബാധ്യസ്ഥമാണ്. ‘ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയാണ്’ (5: 32) എന്ന വചനത്തിലൂടെ ഈ അവകാശ(The right to the basic necessities of life)മാണ് ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത്. വ്യക്തിയുടെ ഈ അവകാശം സുരക്ഷിതമാകാന്‍ ആവിഷ്‌കരിച്ചതാണ് ഇസ്‌ലാമിലെ ദാനധര്‍മനിയമങ്ങള്‍. ഇക്കാരണത്താലാണ് ദാനത്തെ വിശുദ്ധഖുര്‍ആന്‍ പാവപ്പെട്ടവന്റെ അവകാശം എന്ന് വിശേഷിപ്പിച്ചത്: ”അവരുടെ മുതലുകളില്‍ ചോദിക്കുന്നവന്നും ആശ്രയമറ്റവന്നും അവകാശമുണ്ട്” (51: 19).
മനുഷ്യജീവിതത്തിന്റെ അനിവാര്യ ഉപാധിയായ ധനത്തെക്കുറിച്ച് ‘അത് നിങ്ങളിലുള്ള സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുന്നതിന്’ (59: 7) എന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ധനത്തിന്റെ കേന്ദ്രീകരണവും കുത്തകവത്കരണവും തടയുന്നത് ഇക്കാര്യം മുന്‍നിര്‍ത്തിയാണ്.
മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകമായ ജലം സ്വകാര്യസ്വത്തല്ലെന്നും പൊതുസ്വത്താണെന്നുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലും മനുഷ്യജീവിതത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ നിഴലിക്കുന്നുണ്ട്. സാമ്പത്തികചൂഷണത്തില്‍നിന്നും ചതിയില്‍നിന്നും സുരക്ഷിതനാവാനുള്ള വ്യക്തിയുടെ അവകാശത്തെ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നതാണ് ‘അളന്നുകൊടുക്കുമ്പോള്‍ തികച്ച് അളക്കുവിന്‍. തൂക്കിക്കൊടുക്കുമ്പോള്‍ കൃത്യമായ ത്രാസുകളില്‍ തൂക്കുകയും ചെയ്യുവിന്‍’ (17: 35) എന്ന വചനം.
അഭിമാനത്തിന്റെ പവിത്രത ഉദ്‌ഘോഷിക്കുന്ന വിശുദ്ധഖുര്‍ആന്റെ ദൃഷ്ടിയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള വ്യക്തിയുടെ അവകാശ(The sanctity and security of life)വും മൗലികാവകാശമാണ്. ‘നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്” (49: 12) എന്ന വാക്യം അടിവരയിടുന്നത് ഈ നിയമത്തെയാണ്. ഇതേ അവകാശത്തെ മുന്‍നിര്‍ത്തിയാണ് വിശുദ്ധഖുര്‍ആന്‍ താഴെ പറയുന്ന വചനങ്ങള്‍ അരുളിയിട്ടുള്ളത്.
”സമ്മതം കിട്ടുന്നതുവരെ അന്യരുടെ വീട്ടില്‍ കടക്കരുത്, നിങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചുപോകണം” (24: 28). വ്യക്തിയുടെ ജീവന്‍, ധനം, അഭിമാനം എന്നിവയുടെ സുരക്ഷിതത്വ(Security)ത്തിനും പവിത്രതയ്ക്കും (Sanctity) ഊന്നല്‍ നല്‍കുന്ന ഈ തത്ത്വങ്ങളെ അവലംബിച്ച് നിയമങ്ങളാവിഷ്‌കരിക്കുമ്പോള്‍, പ്രകൃതിനശീകരണം, പരിസ്ഥിതി മലിനീകരണം, കുത്തകവത്കരണം, ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിവയെയെല്ലാം സമീപിക്കേണ്ടത് അവ എത്രത്തോളം അവകാശലംഘനത്തിന് (സുരക്ഷിതത്വത്തിനും പവിത്രതയ്ക്കും അപകടം വരുത്തും) കാരണമായിത്തീരും എന്ന ചോദ്യത്തെ മുന്‍നിര്‍ത്തിയാണ്.
മനുഷ്യാവകാശത്തെക്കുറിച്ച ഈ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടാണ് നീതിയെക്കുറിച്ച ഇസ്‌ലാമികതത്ത്വങ്ങളും രൂപംകൊള്ളുന്നത്. അച്ചടക്കമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുപകരിക്കുന്നതാണ് ഖുര്‍ആനിലെ എല്ലാ നിയമങ്ങളും. എന്നാല്‍, ഖുര്‍ആന്‍ ഈ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത് നീതിയുടെ തത്ത്വങ്ങളിലൂന്നിയാണ്. ഇക്കാരണത്താലാണ് അടിസ്ഥാനമനുഷ്യാവകാശവുമായി ബന്ധപ്പെട്ട മേല്‍വിവരിച്ച നിയമങ്ങള്‍ക്ക് പുറമെ മനുഷ്യാവകാശത്തിന്റെ പൂര്‍ണത ഉറപ്പുവരുത്താനുതകുന്ന ശിക്ഷാനിയമങ്ങളും ഖുര്‍ആന്‍ ആവിഷ്‌കരിച്ചത്.

നീതിയും അനീതിയും
ഖുര്‍ആനിക വീക്ഷണമനുസരിച്ച് ഒരു കര്‍മം അനീതിയാവുന്നത് അത് ഒരു വ്യക്തിയുടെ അവകാശം പ്രത്യക്ഷമായോ പരോക്ഷമായോ അപഹരിക്കുന്നതാകുമ്പോഴാണ്. ഇത്തരം അനീതികള്‍ക്കിരയാവുന്നവരുടെ പക്ഷം ചേരുന്നതിന് പകരം അവകാശലംഘകരോടുള്ള കാരുണ്യം മാനവവിരുദ്ധമാണ്. ഖുര്‍ആന്‍ എല്ലായ്‌പ്പോഴും നീതിക്ക് ഊന്നല്‍നല്‍കുന്നു. കാരണം മര്‍ദകരോടും കൊലപാതകിയോടും കാരുണ്യം പ്രകടിപ്പിക്കണമെന്ന സമീപനം കപടവും മനുഷ്യത്വത്തിന് എതിരുമാകുന്നു. ‘വിശ്വസിച്ചവരേ നിങ്ങള്‍ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാകുവിന്‍’ (5: 8), ‘ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്ന് അല്ലാഹു നിങ്ങളോട് ആജ്ഞാപിക്കുന്നു’ (4: 58) എന്നീ വചനങ്ങളിലൂടെ ഖുര്‍ആന്‍ പ്രഘോഷിക്കുന്നതതാണ്. കൊലയാളിക്ക് വധശിക്ഷ വിധിക്കുന്ന ഖുര്‍ആന്‍ നീതിയുടെ താല്‍പര്യവുമായി അതിനെ ബന്ധപ്പെടുത്തിയത് ഇപ്രകാരമാണ്: ”ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അതിന്ന് പ്രതിക്രിയാനടപടി തേടാനുള്ള അവകാശം അവന്റെ രക്ഷാധികാരിക്ക് നാം നല്‍കിയിരിക്കുന്നു” (17: 33). പ്രതിക്രിയാനടപടിയെ കേവലം രാജ്യനിയമമെന്നല്ല കൊല്ലപ്പെട്ടവന്റെ ഏറ്റവും അടുത്ത ബന്ധുവിന്റെ അവകാശമെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. വധശിക്ഷ വിധിക്കപ്പെട്ട ശേഷം കുറ്റവാളി പ്രസ്തുത ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിന് ദയാഹരജി സമര്‍പ്പിക്കേണ്ടത് രാജ്യത്തെ ഭരണാധികാരികള്‍ക്കല്ല ഇതേ അവകാശിക്ക് തന്നെയാണ്. കാരണം, ഇളവനുവദിക്കാനുള്ള അര്‍ഹത, ആരുടെ അവകാശമാണോ ലംഘിക്കപ്പെട്ടത് അവര്‍ക്കാണ്. ഇസ്‌ലാമിലെ നീതിക്കായുള്ള അവകാശ(The right to justice)നിയമങ്ങളുടെ ശ്രദ്ധേയമായ ഒരുവശമാണിത്.
ഖുര്‍ആനിലെ പ്രതിക്രിയാനിയമങ്ങള്‍ അപരിഷ്‌കൃതമല്ല. പല്ലുടച്ചവന്റെ കണ്ണ് കൂടി കുത്തിക്കീറരുതെന്ന, കൊലയാളിയുടെ കുടുംബത്തെകൂടി കൂട്ടക്കൊല ചെയ്യരുതെന്ന, സാംസ്‌കാരികാവബോധത്തെയാണ് വിളംബരം ചെയ്യുന്നത്. തത്തുല്യമല്ലാത്ത എല്ലാ പ്രതിക്രിയയും നിഷിദ്ധവും ശിക്ഷാര്‍ഹവുമാണെന്ന നീതിതത്ത്വമാണ് ‘കണ്ണിന് കണ്ണ്, പല്ലിനുപല്ല്’ എന്ന പ്രതിക്രിയാനിയമങ്ങളിലുള്ളത്. വിട്ടുവീഴ്ചയും ഔദാര്യവും കാണിക്കാന്‍ അതിനര്‍ഹതയുള്ളവരെ ഖുര്‍ആന്‍ അനുശാസിക്കുകയും ചെയ്യുന്നു.
ഖുര്‍ആനിലെ നീതിശാസ്ത്രമനുസരിച്ച് ശിക്ഷ കുറ്റവാളികള്‍ മാത്രമാണ് അനുഭവിക്കേണ്ടത്. നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. ”ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല” (35: 18). ”ഓരോ മനുഷ്യനും എന്ത് സമ്പാദിക്കുന്നുവോ അതിന്റെ ഉത്തരവാദി അയാള്‍ തന്നെയാകുന്നു” (6: 164). വ്യക്തിയുടെ ന്യായമായ ഈ അവകാശത്തെ മുന്‍നിര്‍ത്തിയാണ് കുറ്റം തെളിയിക്കാനുള്ള ബാധ്യത വാദിക്കാണെന്ന് പ്രവാചകന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയത്. കുറ്റാരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അയാളുടെ നേരെയുള്ള അവകാശലംഘനമാണ്.

നിയമങ്ങളുടെ ലക്ഷ്യം അവകാശസംരക്ഷണം
ഖുര്‍ആനിലെ നിയമങ്ങള്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണവുമായി അഭേദ്യബന്ധമുള്ളവയാണ്. അതിനാല്‍, നിയമലംഘനം മൗലികാവകാശസംരക്ഷണത്തിന്റെ താല്‍പര്യമായിത്തീരുമ്പോള്‍ ശിക്ഷാമുക്തമാകുന്നു. വിശപ്പടക്കാന്‍ മോഷ്ടിച്ചവന്റെ കരഛേദം നടത്തരുതെന്ന ഇസ്‌ലാമികാധ്യാപനത്തില്‍ അത് മുഴച്ചുകാണാം. ഒരു കാരണവശാലും നിസ്വനായ അധമര്‍ണന്റെ വീടോ, പണിയായുധങ്ങളോ ഭക്ഷണപാത്രങ്ങളോ ജപ്തി ചെയ്യരുതെന്ന ഇസ്‌ലാമികനിയമത്തിന്റെ അന്തസ്സത്തയും ഇതുതന്നെ.
മനുഷ്യാവകാശങ്ങളോടുള്ള ഈ പ്രതിബദ്ധത പാപമോചനതത്ത്വങ്ങളിലും പ്രകടമാണ്. മറ്റൊരു വ്യക്തിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത വ്യക്തി അത് അര്‍ഹര്‍ക്ക് തിരിച്ചുകൊടുക്കുകയും മാപ്പ് തേടുകയും ചെയ്യാത്ത കാലത്തോളം ദൈവം മാപ്പരുളില്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അവകാശങ്ങള്‍ അര്‍ഹര്‍ക്ക് തിരിച്ചുനല്‍കാതെ നടത്തുന്ന സര്‍വപ്രാര്‍ഥനയും നിരര്‍ഥകമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

അവകാശസമരങ്ങള്‍
ഇസ്‌ലാമികധര്‍മശാസ്ത്രപ്രകാരം മനുഷ്യാവകാശത്തിന്റെയും നീതിയുടെയും ഈ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുദ്ധത്തെയും വിമോചനപ്പോരാട്ടങ്ങളെയും സമീപിക്കേണ്ടത്. നീതി എന്നത് ഖുര്‍ആന്റെ ദൃഷ്ടിയില്‍ തിന്മയുടെയും അനീതിയുടെയും നിഷേധംകൂടിയാണ്. ഹിംസയും പീഡനവും അക്രമവും ഉണ്ടാകരുതെന്നും ഏതു സാഹചര്യത്തിലും അവയെ ചെറുത്തുതോല്‍പിക്കണമെന്നുമാണ് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത്. ഈ ചെറുത്തുനില്‍പ് മര്‍ദിതന്റെ മൗലികാവകാശ(The right to protest against Tyranny)മാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ”പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം?” (4: 75).
മൗലികാവകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തെ ദൈവികമാര്‍ഗത്തിലുള്ള ജിഹാദ് എന്നാണ് ഈ സൂക്തം വിശേഷിപ്പിക്കുന്നത്. ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ”ആരെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്. അഭിമാനം സംരക്ഷിക്കാനുള്ള പാതയില്‍ വധിക്കപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്.
”ഭൂമിയില്‍ എപ്പോഴാണ് നീതി പുലര്‍ന്നുകാണുക?” ഒരിക്കല്‍ പ്രവാചകന്‍ ചോദിക്കപ്പെട്ടു. ”ഒരാളോട് മറ്റൊരാള്‍ അനീതി ചെയ്യുന്നത് കാണാനിടയാവുന്ന ഒരു വ്യക്തി, അനീതിക്കിരയായ വ്യക്തിക്കുണ്ടാവുന്ന അത്രതന്നെ വേദന അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ.” ഇതായിരുന്നു പ്രവാചകന്റെ മറുപടി.
പ്രവാചകന്റെ ഈ വചനം അവകാശം തിരിച്ചുപിടിക്കാനുള്ള മര്‍ദിതന്റെ പോരാട്ടത്തില്‍ പക്ഷംചേരാനുള്ള ശക്തമായ ഉദ്‌ബോധനമാണ്. അനീതിക്കെതിരായ ഇസ്‌ലാമിന്റെ സന്ധിയില്ലാത്ത ഈ നിലപാടാണ് മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങളെ അവഗണിക്കുന്ന എല്ലാ പരമ്പരാഗത ആചാരമതങ്ങളില്‍നിന്നും അതിനെ വേര്‍തിരിക്കുന്നത്.

About the author

admin

Leave a Comment