Q&A

സുകര്‍മികളെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ?

purity.jpg
Written by admin

ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപകാരം ചെയ്ത് ജീവിക്കുന്നു. അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുമോ?

ഇന്നാല്‍ ഇന്ന വ്യക്തി സ്വര്‍ഗത്തിലായിരിക്കും അല്ലെങ്കില്‍ നരകത്തിലായിരിക്കും എന്ന് നമുക്ക് തീരുമാനിക്കാനോ പറയാനോ സാധ്യമല്ല. അത് ദൈവനിശ്ചയമാണ്. അവന്നും അവന്‍ നിശ്ചയിച്ചു കൊടുക്കുന്ന ദൂതന്മാര്‍ക്കും മാത്രമേ അതറിയുകയുള്ളൂ.

 

ഇസ്ലാം വിഭാവന ചെയ്യുന്ന സ്വര്‍ഗത്തെ സംബന്ധിച്ച വിവരണം കേട്ടപ്പോഴെല്ലാം അത് സമ്പന്ന സമൂഹത്തിന്റെ സുഖസമൃദ്ധമായ ജീവിതത്തിന് സമാനമായാണനുഭവപ്പെട്ടത്. ഭൂമിയിലെ ജീവിതം പോലെത്തന്നെയാണോ സ്വര്‍ഗജീവിതവും?

അഭൌതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാല്‍ ദൈവം, സ്വര്‍ഗം, നരകം, മാലാഖമാര്‍, പിശാചുക്കള്‍ എന്നിവയെക്കുറിച്ച് ദൈവദൂതന്മാരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും അറിയുകയില്ല. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയില്‍നിന്നുകൊണ്ട് അവന് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൗതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കിയത്. അതിനാല്‍ സ്വര്‍ഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത സംതൃപ്തവും ആഹ്‌ളാദഭരിതവുമായ ജീവിതമാണ് അവിടെ ഉണ്ടാവുകയെന്ന വസ്തുത വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്‍ക്കു വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടേതാകും.” (41: 31)
മനുഷ്യന്റെ സകല സങ്കല്പങ്ങള്‍ക്കും ഉപരിയായ സ്വര്‍ഗീയ സുഖത്തെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്, ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും മനനം ചെയ്തിട്ടില്ലാത്തതുമെന്നാണ്. അതിനാല്‍ സ്വര്‍ഗജീവിതം ഏതു വിധമായിരിക്കുമെന്ന് ഇവിടെവച്ച് നമുക്ക് കണക്കുകൂട്ടുക സാധ്യമല്ല. എന്നാല്‍ പ്രയാസമൊട്ടുമില്ലാത്തതും മോഹങ്ങളൊക്കെയും പൂര്‍ത്തീകരിക്കപ്പെടുന്നതും സുഖവും സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതുമായിരിക്കുമെന്നതില്‍ സംശയമില്ല.

 

അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?

ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്‌നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുര്‍ആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉള്‍പ്പെടെ എന്തെങ്കിലും അഹിതകരമായ അനുഭവമുണ്ടാവുന്ന ഇടമൊരിക്കലും സ്വര്‍ഗമാവുകയില്ല. ‘ആഗ്രഹിക്കുന്നതെന്തും അവിടെ ഉണ്ടാകു’മെന്ന് (41: 31) പറഞ്ഞാല്‍ മടുപ്പില്ലാത്ത മാനസികാവസ്ഥയും അതില്‍ പെടുമല്ലോ.

 

‘ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ?

ഭൌതിക പ്രപഞ്ചത്തിലെ പദാര്‍ഥനിഷ്ഠമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൌദ്ധിക നിലവാരവുമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അതുപയോഗിച്ച് തീര്‍ത്തും വ്യത്യസ്തമായ പരലോകത്തെ അവസ്ഥ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായ അറിവുമാത്രമേ ഇക്കാര്യത്തില്‍ അവലംബനീയമായുള്ളൂ. പരലോക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളൊക്കെയും അതില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വര്‍ഗം സുഖസൌകര്യങ്ങളുടെ പാരമ്യതയും നരകം കൊടിയ ശിക്ഷയുടെ സങ്കേതവുമായിരിക്കുമെന്ന ധാരണ വളര്‍ത്താനാവശ്യമായ സൂചനകളും വിവരണങ്ങളുമാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകവചനങ്ങളിലുമുള്ളത്. ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും സങ്കല്‍പിക്കാത്തതുമായ സുഖാസ്വാദ്യതകളായിരിക്കും സ്വര്‍ഗത്തിലുണ്ടാവുകയെന്ന് അവ വ്യക്തമാക്കുന്നു. പരലോകത്തെ സ്ഥിതി ഭൂമിയില്‍ വച്ച് പൂര്‍ണമായും ഗ്രഹിക്കാനാവില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
എന്നാല്‍ സ്വര്‍ഗാവകാശികളായ സുകര്‍മികള്‍ വാര്‍ധക്യത്തിന്റെ വിവശതയോ രോഗത്തിന്റെ പ്രയാസമോ വൈരൂപ്യത്തിന്റെ അലോസരമോ മറ്റെന്തെങ്കിലും വിഷമതകളോ ഒട്ടുമനുഭവിക്കുകയില്ല. നരകാവകാശികളായ ദുഷ്‌കര്‍മികള്‍ നേരെ മറിച്ചുമായിരിക്കും. സങ്കല്‍പിക്കാനാവാത്ത ദുരന്തങ്ങളും ദുരിതങ്ങളുമായിരിക്കും അവരെ ആവരണം ചെയ്യുക.

About the author

admin

Leave a Comment