Q&A

പ്രവാചകന്‍ മതസ്ഥാപകനല്ല

prophet.jpg
Written by admin

യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് മുസ്ലീങ്ങളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവല്‍ക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?

ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഈ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നത്, ‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്.
അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അവര്‍ക്കിടയില്‍ ഒരുവിധ വിവേചനവും കല്‍പിക്കാവതല്ല. മുസ്ലിംകള്‍ ഇപ്രകാരം പ്രഖ്യാപിക്കാന്‍ ശാസിക്കപ്പെട്ടിരിക്കുന്നു: ‘പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശെ, യേശു എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്‍ക്കും അവരുടെ നാഥങ്കല്‍നിന്നവതരിപ്പിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളല്ലോ.”(ഖുര്‍ആന്‍ 3:84)
ഖുര്‍ആന്‍ പറയുന്നു: ‘ദൈവദൂതന്‍ തന്റെ നാഥനില്‍നിന്ന് തനിക്ക് അവതരിച്ച മാര്‍ഗദര്‍ശനത്തില്‍ വിശ്വസിച്ചിരിക്കുന്നു. ഈ ദൂതനില്‍ വിശ്വസിക്കുന്നവരാരോ അവരും ആ മാര്‍ഗദര്‍ശനത്തെ വിശ്വസിച്ചംഗീകരിച്ചിരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ പ്രഖ്യാപനമിവ്വിധമത്രെ: ഞങ്ങള്‍ ദൈവദൂതന്മാരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങള്‍ വിധി ശ്രവിച്ചു. വിധേയത്വമംഗീകരിച്ചു. നാഥാ, ഞങ്ങള്‍ നിന്നോട് മാപ്പിരക്കുന്നവരാകുന്നു. ഞങ്ങള്‍ നിന്നിലേക്കുതന്നെ മടങ്ങുന്നവരാണല്ലോ”(2: 285).
പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവര്‍ ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഈ വിശുദ്ധവാക്യങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാല്‍ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകന്‍. ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യന്‍ മുതല്‍ മുഴുവന്‍ മനുഷ്യര്‍ക്കും ദൈവം നല്‍കിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരില്‍നിന്നു തന്നെ ദൈവത്താല്‍ നിയുക്തരായ സന്ദേശവാഹകര്‍ മാത്രമാണ്. ഭൂമിയില്‍ ജനവാസമാരംഭിച്ചതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇത്തരം അനേകായിരം ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബിതിരുമേനി.

 

നബിതിരുമേനി ദൈവത്തിന്റെ അന്ത്യദൂതനായതെന്തുകൊണ്ട്? ദൈവത്തിന്റെ മാര്‍ഗദര്‍ശനം ഇന്നും ആവശ്യമല്ലേ? എങ്കില്‍ എന്തുകൊണ്ടിപ്പോള്‍ ദൈവദൂതന്മാരുണ്ടാകുന്നില്ല?

മനുഷ്യരുടെ മാര്‍ഗദര്‍ശനമാണല്ലോ ദൈവദൂതന്മാരുടെ നിയോഗലക്ഷ്യം. മുഹമ്മദ് നബിക്കു മുമ്പുള്ള പ്രവാചകന്മാരിലൂടെ അവതീര്‍ണമായ ദൈവികസന്ദേശം ചില പ്രത്യേക കാലക്കാര്‍ക്കും ദേശക്കാര്‍ക്കും മാത്രമുള്ളവയായിരുന്നു. ലോകവ്യാപകമായി ആ സന്ദേശങ്ങളുടെ പ്രചാരണവും അവയുടെ ഭദ്രമായ സംരക്ഷണവും സാധ്യമായിരുന്നില്ലെന്നതാവാം ഇതിനു കാരണം. ഏതായാലും അവരിലൂടെ ലഭ്യമായ ദൈവികസന്ദേശം മനുഷ്യ ഇടപെടലുകളില്‍നിന്ന് തീര്‍ത്തും മുക്തമായ നിലയില്‍ ലോകത്തിന്ന് എവിടെയുമില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടിനപ്പുറം മുഹമ്മദ് നബിതിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമേകാന്‍ പര്യാപ്തമത്രെ. അന്നത് ലോകമെങ്ങും എത്താന്‍ സൌകര്യപ്പെടുമാറ് മനുഷ്യനാഗരികത വളര്‍ന്നു വികസിച്ചിരുന്നു. പ്രവാചക നിയോഗാനന്തരം ഏറെക്കാലം കഴിയുംമുമ്പേ അന്നത്തെ അറിയപ്പെട്ടിരുന്ന നാടുകളിലെങ്ങും ഖുര്‍ആന്റെ സന്ദേശം ചെന്നെത്തുകയും പ്രചരിക്കുകയും ചെയ്തു. ഖുര്‍ആന്‍ മനുഷ്യരുടെ എല്ലാവിധ ഇടപെടലുകളില്‍നിന്നും കൂട്ടിച്ചേര്‍ക്കലുകളില്‍നിന്നും വെട്ടിച്ചുരുക്കലുകളില്‍നിന്നും മുക്തമായി തനതായ നിലയില്‍ ഇന്നും നിലനില്‍ക്കുന്നു. ലോകാവസാനം വരെ അത് അവ്വിധം സുരക്ഷിതമായി ശേഷിക്കും. ദൈവികമായ ഈ ഗ്രന്ഥത്തില്‍ ഒരക്ഷരം പോലും മാറ്റത്തിന് വിധേയമായിട്ടില്ല. അതിന്റെ സൂക്ഷ്മമായ സംരക്ഷണം ദൈവംതന്നെ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അവന്‍ വാഗ്ദാനം ചെയ്യുന്നു: ‘ഈ ഖുര്‍ആന്‍ നാം തന്നെ അവതരിപ്പിച്ചതാണ്. നാം തന്നെയാണതിന്റെ സംരക്ഷകനും”(15: 9).
മനുഷ്യരാശിക്കായി നല്‍കപ്പെട്ട ദൈവികമാര്‍ഗദര്‍ശനം വിശുദ്ധഖുര്‍ആനിലും അതിന്റെ വ്യാഖ്യാനവിശദീകരണമായ പ്രവാചകചര്യയിലും ഭദ്രമായും സൂക്ഷ്മമായും നിലനില്‍ക്കുന്നതിനാല്‍ പുതിയ മാര്‍ഗദര്‍ശനത്തിന്റെയോ പ്രവാചകന്റെയോ ആവശ്യമില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പതിനാലുനൂറ്റാണ്ടില്‍ പുതിയ വേദഗ്രന്ഥമോ ദൈവദൂതനോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇക്കാര്യം ഖുര്‍ആന്‍തന്നെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ‘ജനങ്ങളേ, മുഹമ്മദ് നബി നിങ്ങളിലുള്ള പുരുഷന്മാരിലാരുടെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാകുന്നു. അല്ലാഹു സര്‍വസംഗതികളും അറിയുന്നവനല്ലോ”(32: 40).

 

പതിനാലു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്‌കൃതയുഗത്തില്‍ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?

കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൗകര്യങ്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൗലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അല്‍പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യന്‍ അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതില്‍ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന്‍ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്‌ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൗലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളില്‍ മനംമാറ്റവും അതുവഴി ജീവിത പരിവര്‍ത്തനവും സൃഷ്ടിച്ച ആദര്‍ശവിശ്വാസങ്ങള്‍ക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നല്‍കിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവല്‍ക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ.

About the author

admin

Leave a Comment