പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ മതമാണ് ഇസ്ലാം. പ്രപഞ്ചം ഉണ്ടായതോട് കൂടി തന്നെ ഇസ്ലാമും ഉണ്ടായിട്ടുണ്ട്. ഭൂമിയും ഭൗതിക പദാര്‍ഥങ്ങളും ആകാശഗോളങ്ങളും സൗരയൂഥങ്ങളും ക്ഷീരപഥങ്ങളുമെല്ലാം കണിശമായ ചില നിയമങ്ങളുമ വ്യവസ്ഥകളും അനുസരിച്ചാണ് ചരിച്ചുകൊണ്ടിരിക്കുന്നത്. രാപകലുകളുടെ കറക്കത്തിലും ഋതുഭേദങ്ങളിലും വായു, വെള്ളം തുടങ്ങിയ പ്രതിഭാസങ്ങളിലും ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും അസ്തിത്വത്തിലും പ്രത്യുല്പാദനം വഴിയുള്ള വംശ നൈരന്തര്യത്തിലുമെല്ലാം അലംഘനീയമായ ചില നിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ഈ നിയമങ്ങളും വ്യവസ്ഥകളും അവയുടെ സ്രഷ്ടാവായ ദൈവം തന്നെ ഏര്‍പ്പെടുത്തിയതാണ്. വിശേഷബുദ്ധിയില്ലാത്ത ജീവജാലങ്ങള്‍ മുതല്‍ അചേതന പദാര്‍ഥങ്ങള്‍ വരെ ദൈവത്തിന്റ ഈ നിയമങ്ങളെ അബോധപൂര്‍വം അനുസരിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവയുടെ ഈ അനുസരണത്തെയാണ് മനുഷ്യര്‍ പ്രകൃതി നിയമമെന്ന് വിളിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവിന്റെ ദീന് (ധര്‍മവ്യവസ്ഥ) അല്ലാത്തതിനെയാണോ നിങ്ങള്‍ അന്വേഷിക്കുുന്നത്; ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്നു ഇസ്ലാം (അവന്റെ ധര്‍മ്മവ്യവസ്ഥ അനുസരിക്കുന്നവന്) ആയിരിക്കെ?” (3: 83) “ആകാശഭൂമികളിലുള്ളതൊക്കെയും അവന്റെ(അല്ലാഹു)താകുന്നു. എല്ലാം വിനീതമായി അവനെ അനുസരിച്ച് കൊണ്ടിരിക്കുന്നു.” (2: 116) “ആകാശഭൂമികളിലുള്ളതൊക്കെയും അവനുള്ളതാകുന്നു. എല്ലാവരും അവനെ വീനീതരായി വണങ്ങിക്കൊണ്ടിരിക്കുന്നു.” (30: 26) ഇസ്ലാമിന്റെ വീക്ഷണത്തില്‍ പ്രകൃതിയുടെ എല്ലാ സ്വഭാവവിശേഷങ്ങളും, അവയെ സൃഷ്ടിച്ച ദൈവം തന്റെ അപാരമായ യുക്തിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്ത് രേഖപെടുത്തിയിട്ടുള്ള അലംഘനീയമായ നിയമങ്ങളാകുന്നു. ആ നിയമങ്ങളോടുള്ള കണിശമായ വിധേയത്വമാണ് അവയുടെ ധര്‍മം. അതിനെയാണ് ഇസ്ലാം (അനുസരണം) എന്നുവിളിക്കുന്നത്. പ്രാപഞ്ചിക പദാര്‍ത്ഥങ്ങള്‍ക്ക് ഇസ്ലാമിനെ ലംഘിക്കാന്‍ കഴിയുമായിരിന്നുവെങ്കില് സൃഷ്ടിപ്രപഞ്ചം എന്നോ തകര്‍ന്ന് പോകുമായിരുന്നു. പക്ഷേ, സ്വന്തം ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള ഇഛാശക്തിയോ സ്വാതന്ത്ര്യമോ ദൈവം പൊതുവില്‍ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്യന്, ജിന്ന്, ജിന്ന് എന്നിങ്ങനെ ചുരുക്കം ചില സൃഷ്ടികളേ അതില്‍ നിന്നൊഴിവുള്ളൂ. അവയ്ക്കു തന്നെയും പരിമിതമായ സ്വാതന്ത്ര്യമേയുള്ളൂതാനും. ഉദാഹരണമായി, സ്വന്തം ജനനത്തില്‍ മനുഷ്യന്റെ ഇഛക്കോ സ്വതന്ത്യത്തിനോ സ്ഥാനമില്ല. മരിക്കാന്‍ സ്വാതന്ത്യമുണ്ട്. എന്നാല്‍ മരിക്കാതിരിക്കാന്‍ സ്വാതന്ത്യമില്ല. മരിക്കാനുള്ള സ്വാതന്ത്യം ഉപയോഗപ്പെടുത്തണമെങ്കില്‍ തന്നെ അവന് പ്രകൃതി നിയമത്തിന് വിധേയനാവേണ്ടതുണ്ട്.
എങ്കിലും മറ്റൊരു മേഖലയില്‍ മനുഷ്യന് ഇഛാശക്തിയും സ്വാതന്ത്ര്യവും നല്കപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള ബുദ്ധി, വിവേകം, ചിന്ത, സര്‍ഗശക്തി, ശാരീരിക സവിശേഷതകള്‍ തുടങ്ങിയ ആന്തരികവും ബാഹ്യവുമായ നിരവധി യോഗ്യതകളും അവന് നല്കപ്പെട്ടിട്ടുണ്ട്. ഒരു വശത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനിഛാപൂര്‍വം വിധേയന് (മുസ്ലിം) ആയിരിക്കെ തന്നെ മറുവശത്ത് സ്വന്തം വിവേചന ശക്തിയുടെയും കഴിവന്റെയും പരിധിക്കുള്ളല്‍ മുസ്ലിം (ദൈവിക നിയങ്ങള്‍ക്ക് വിധേയന്) ആകാതെയിരിക്കാനും മനുഷ്യന് കഴിയുന്നു. സ്വയം തെരെഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യത്തെ ദൈവത്തിന്റെ നിയമങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനായി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന് ബോധപൂര്‍വം മുസ്ലിം ആകുന്നത്. മറ്റുവിധത്തില്‍ പറഞ്ഞാല്‍ സ്വന്തം സ്വാതന്ത്യത്തെ ദൈവത്തിന് സമര്‍പ്പിച്ച് അവന്റെ അടിമയായി വര്‍ത്തിക്കലാണ് ഇസ്ലാം.
ബോധപൂര്‍വം മുസ്ലിമായി വര്‍ത്തിക്കുന്നതിന്, തനിക്ക് സ്വാതന്ത്യമുള്ള മണ്ഡലങ്ങളില്‍ ദൈവത്തിന്റെ ഇഛകളും വ്യവസ്ഥകളും എന്തൊക്കെയാണെന്ന് മനുഷ്യന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ദൈവേഛ കണ്ടെത്താന്‍ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും മാത്രം പോരാ. കാരണം, അതിഭൗതിക ലോകവുമായി ബന്ധപ്പെട്ട കാര്യമാണത്. അഭൗമികമായി ഒരു ജ്ഞാന മാധ്യമത്തിന്റെ സഹായത്തോട് കൂടിയേ അത് മനിസ്സിലാക്കാനാവൂ.
ഇതിനുള്ള സംവിധാനം ദൈവം തന്നെ ചെയ്തുവെച്ചിട്ടുണ്ട്. അതാണ് മലക്കുകകളും വേദങ്ങളും പ്രവാചകന്മാരും. മനുഷ്യരില്‍ നിന്നുള്ല ചിലരെ അല്ലാഹു പ്രവാചകന്മാരായി തെരെഞ്ഞെടുക്കുന്നു. മലക്കുകള്‍ മുഖേന തന്റെ ഇംഗിതങ്ങള്‍ അവരെ അറിയിക്കുന്നു. ചിലപ്പോള്‍ തന്റെ ഇംഗിതങ്ങള്‍ രേഖപ്പെടുത്തിയ വേദങ്ങള്‍ പ്രവാചകന്മാര്ക്ക് നല്കുന്നു. ഇങ്ങനെ പ്രവാചകന്മാരിലൂടെ ദൈവത്തിന്റെ ഇഛകളും വ്യവസ്ഥകളും മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നു.
മനുഷ്യവംശത്തിന്റെ ആദിപിതാവായ ആദം പ്രവാചകനായിരുന്നു. അദ്ദേഹത്തിന് നല്കപ്പെട്ട സന്മാര്ഗ പ്രകാശമാണ് ലക്ഷക്കണക്കില് പ്രവാചകന്മാരിലൂടെ പകര്‍ന്നു പകര്‍ന്ന് ഒടുവില്‍ മുഹമ്മദ് നബി(സ)യിലൂടെ ലോകം മുഴുവന്‍ പരന്നത്.
ആദമിനെ ഭൂമിയിലേക്കയക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഇപ്രകാരം ഉണര്ത്തിയതായി ഖുര്‍ആന്‍ പറയുന്നുണ്ട്. “ചെകുത്താന് നിങ്ങളുടെ ബദ്ധവൈരിയാകുന്നു. അവന് നിന്നെ വ്യാമോഹിപ്പിച്ചു വഴിതെറ്റിച്ചു സ്വര്‍ഗ ഭ്രഷ്ടനാക്കിയതുപോലെ നിന്റെ സന്തതികളെയും വഴിതെറ്റിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കും. തദ്ഫലമായി എന്നെയും എന്റെ വിധിവിലക്കുകളെയും അവര്‍ വിസ്മരിക്കാനിടയാകും. അത് അവര്‍ക്ക് ഈ സ്വര്‍ഗം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയും അവരെ ശാശ്വത നരകാവകാശികളാക്കുകയും ചെയ്യും. പക്ഷേ, അവര്‍ എന്നെ വിസ്മരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അവരെ പിന്തുടര്ന്ന് എന്നിലേക്ക മടങ്ങുന്നവര്‍ ദുഖിക്കാനോ ഭയപ്പെടാനോ സംഗതിയാകുന്നതല്ല.” (2: 38, 7: 20-24, 20: 116-123)
ഈ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായി, മനുഷ്യന് വഴിതെറ്റുമ്പോഴൊക്കെ ദൈവം പ്രവാചകന്മാരെ നിയോഗിച്ച് അവരെ വീണ്ടെടുത്തുകൊണ്ടിരുന്നു. “എല്ലാ ജനത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചുരുന്നു, അല്ലാഹുവിന് അടിമപ്പെടുവിന് എന്ന സന്ദേശവുമായി.” (ഖുര്‍ആന്‍- 16: 36) വിവിധ ദേശങ്ങളില്‍ ആഗതരായ എല്ലാ പ്രവാചക വര്യന്മാരും പ്രബോധനം ചെയ്ത സന്ദേശത്തിന്റെയും അതിലധിഷ്ഠിതമായ ജീവിത ചര്യയുടെയും യഥാര്‍ഥ പേര് ‘ഇസ്ലാം’ എന്നായിരുന്നു. പ്രവാചകന്മാര് കെട്ടിപ്പടുത്ത സമൂഹങ്ങള്‍ അവരുടെ അധ്യാപനങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോഴാണ് അവര്‍ പ്രബോധനം ചെയ്ത ഇസ്ലാംമതം ആത്മീയാചാര്യന്മാരുടെയും പ്രത്യേക സമുദായങ്ങളുടെയും ദേശങ്ങളുടെയും പേരുകളില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ഇസ്ലാംമതത്തിന് ആ പേര് നല്‍കിയത് ഏതെങ്കിലും പ്രവാചകനോ ജനസമൂഹമോ അല്ല; ആ മതത്തിന്റ അവതാരകനായ അല്ലാഹു തന്നെയാണ്. ഖുര്‍ആന്‍ പറയുന്നു: “അവന്(അല്ലാഹു) മുമ്പേ നിങ്ങള്‍ മുസ്ലിംകള് എന്നു നാമകരണം ചെയ്തിട്ടുണ്ടായിരുന്നു. ഈ ഖുര്‍ആനിലും അത് തന്നെയാണ് നിങ്ങളുടെ പേര്.” (22; 78)
ഖുര്‍ആന്റെ വീക്ഷണത്തില്‍ ഇസ്ലാം മാത്രമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന് – ജീവിത വ്യവസ്ഥ. “നിശ്ചയം, അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ദീന് ഇസ്ലാം ആകുന്നു.” (ഖുര്‍ആന്‍: 3: 19) ഈ ഇസ്ലാം മതത്തെതന്നെയാണ് അല്ലാഹു എക്കാലത്തും മനുഷ്യര്‍ക്കായി നിര്‍ദേശിച്ചിരുന്നത്. “ആദിയില്‍ എല്ലാ മനുഷ്യരും ഒരേ സമുദായമായിരുന്നു. പിന്നീടാണവര്‍ ഭിന്നിച്ചത്. അപ്പോള്‍ അല്ലാഹു സന്മാര്ഗത്തെ കുറിച്ച് സുവിശേഷവും ദുര്‍മാര്‍ഗത്തെ കുറിച്ച് താക്കീതും നല്കുന്ന പ്രവാചകന്മാരെ നിയോഗിച്ചു. സത്യത്തെയും സന്മാര്ഗത്തെയും സംബന്ധിച്ച് അവര്‍ക്കിടയില്‍ ഉടലെടുത്തിരുന്ന ഭിന്നിപ്പുകളില്‍ തീര്പ്പുകല്പിക്കുന്നതിന് വേണ്ടി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ച് കൊണ്ടിരുന്നു. എന്നാല്‍ സത്യജ്ഞാവം ലഭിച്ചവര്‍ തന്നെയായിരുന്നു ഭിന്നിച്ചത്. വ്യക്തമായ സന്മാര്ഗദര്ശനങ്ങള് ലഭിച്ചിട്ടും അവര്‍ വിവിധ മാര്ഗസ്ഥരായി പിരിഞ്ഞത് അവന്റെ ഹിതാനുസാരം, അവര്‍ അകന്നുപോയ സത്യസരണിയിലേക്കുതന്നെ നയിച്ചു. അല്ലാഹു അവനിഛിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു.” (ഖുര്‍ആന്‍: 2: 213)
ഇങ്ങനെ കാലാകാലങ്ങളില്‍ നിയുക്തരായിക്കൊണ്ടിരിക്കുന്ന പ്രവാചകന്മാരുടെ അവസാനത്തെ കണ്ണിയാകുന്നു ക്രി. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ആഗതനായ മുഹമ്മദ്നബി. അദ്ദേഹം ലോകര്‍ക്കാകമാനമുള്ള സത്യസാക്ഷിയായിട്ടാണ് നിയുക്തനായത്. “മുഹമ്മദ്നബിയേ, മുഴുന്‍ മനുഷ്യരാശിക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടു തന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.” (ഖുര്‍ആന്‍- 34: 28) “ലോകര്ക്കാകമനാനം അനുഗ്രഹമായിട്ടാണ് മാത്രമാകുന്നു നിന്നെ അയച്ചിട്ടുള്ളത്.” (ഖുര്‍ആന്‍- 21: 107) നാഗരിക ലോകം പരസ്പരം ബന്ധപ്പെടാന്‍ തുടങ്ങിയ കാലമായിരുന്നു മുഹമ്മദ് നബിയുടേത്. പ്രവാചക സന്ദേശം ലോകമെങ്ങും എത്തിച്ചേരാനുള്ള സാഹചര്യമൊരുങ്ങിക്കഴിഞ്ഞതിനാല് പല ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും പല പ്രവാചകന്മാരെ നിയോഗിക്കേണ്ടതുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സന്ദേശങ്ങളും അദ്ദേഹത്തിലൂടെ അവതീര്‍ണ്ണമായ വേദവും, കൈകടത്തലുകള്‍ക്കും ഭേദഗതികള്‍ക്കും അതീതമായി എക്കാലത്തും അവയുടെ തനിമയില്‍ സംരക്ഷിക്കപ്പെടാനുള്ള സംവിധാനവും സൃഷ്ടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനില്ക്കുന്നു. പ്രവാചകന്റെ ജീവിതകാലത്ത് തന്നെ അത് കൃത്യമായി രേഖപ്പെടുത്തിവച്ചിരുന്നു. പ്രവാചകനില്‍ നിന്ന് നേരിട്ട് കേട്ട് എഴുതിയെടുത്ത ശിഷ്യന്മാര് തന്നെയാണ് അത് ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ലോകമെങ്ങും പ്രചരിപ്പിച്ചത്. തന്മൂലം മുഹമ്മദ് നബിയിലൂടെ പഠിപ്പിക്കപ്പെട്ട ഇസ്ലാമിന്റെ അവസാന പതിപ്പ് അടിസ്ഥാന തത്വങ്ങളിലോ പ്രമാണങ്ങളിലോ നിയമസംഹിതയിലോ യാതൊരു വ്യത്യാസവുമില്ലാതെ ഇന്നും അതിന്റെ സാക്ഷാല്‍ രൂപത്തില്‍ നിലനില്ക്കുന്നു. ലോകത്ത് മറ്റൊരു മതത്തിനും ഇല്ലാത്ത സവിശേഷതയാണിത്.