Quran

സ്ത്രീയുടെ പദവി ഖുര്‍ആനില്‍

women.jpg
Written by admin

സ്ത്രീകളെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് കൈയും കണക്കുമില്ല. പലതും പല മതങ്ങളുടെയും അധ്യാപനങ്ങളുടെ മേലങ്കിയണിഞ്ഞുകൊണ്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. സുരക്ഷിതമായി ഇന്നും ലോകത്തവശേഷിക്കുന്ന ഏക ദൈവികഗ്രന്ഥമായ ഖുര്‍ആന്റെ അനുയായികള്‍പോലും ഈ ദൂഷിതവലയത്തിലകപ്പെട്ടിരിക്കുന്നുവെന്നതാണ് സത്യം. പലപ്പോഴും വിശുദ്ധഖുര്‍ആനല്ല അവര്‍ക്ക് വഴികാട്ടി. മറ്റു പല മതക്കാരും വിശ്വാസികളും പ്രചരിപ്പിച്ച കഥകളും ഇതിഹാസങ്ങളുമാണ് അവരെ നയിക്കുന്നത്. തന്മൂലം വിശുദ്ധഖുര്‍ആന്റെ വചനങ്ങള്‍ പോലും തങ്ങളുടെ ഇംഗിതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമനുരോധമായി വ്യാഖ്യാനിക്കാനല്ലാതെ ഖുര്‍ആന്റെ വ്യക്തമായ പ്ര സ്താവങ്ങള്‍ക്കനുസൃതമായി സ്വന്തം ധാരണകള്‍ തിരുത്താന്‍ അവര്‍ സന്നദ്ധരല്ല. മനുഷ്യരുടെ സൃഷ്ടി മുതല്‍ ആരംഭിക്കുന്നു ഇതിന്റെ ഉദാഹരണം.

സ്ത്രീ വക്രസൃഷ്ടിയോ?
എല്ലാ തിന്മകളുടെയും അടിസ്ഥാന സ്രോതസ്സ് സ്ത്രീയാണെന്ന് പഠിപ്പിക്കുന്ന ചില മതങ്ങളുടെ വീക്ഷണത്തില്‍ പുരുഷന്റെ വാരിയെല്ലില്‍നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (ഉല്‍പത്തി: 2/22,22). സ്ത്രീ സൃഷ്ടിയില്‍തന്നെ വക്രമാണെന്നും അതു നിവര്‍ത്താന്‍ മാര്‍ഗമില്ലെന്നും സൂചന. എന്നാല്‍, വിശുദ്ധഖുര്‍ആന്റെ അധ്യാപനമനുസരിച്ച് ഏത് ധാതുവില്‍നിന്ന് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ അതേ ധാതുവില്‍നിന്നുതന്നെയാണ് സ്ത്രീയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്: ”മനുഷ്യരേ, ഒരാത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. അവന്‍ അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. പിന്നീട് അവര്‍ രണ്ടുപേരില്‍നിന്നുമായി അനേകം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിച്ചു” (അന്നിസാഅ് -1).
ഇതേ യാഥാര്‍ഥ്യം വിശുദ്ധഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ അനാവരണം ചെയ്യുന്നു: ”അവനാണ് ഒരാത്മാവില്‍നിന്ന് നിങ്ങളെ (മനുഷ്യരെ) സൃഷ്ടിച്ചത്. അതേ ആത്മാവില്‍നിന്ന് അവന്‍ അതിന്റെ ഇണയെയും സൃഷ്ടിച്ചു. നിങ്ങള്‍ ഇണകളിലൂടെ സമാധാനം കണ്ടെത്തുന്നതിനു വേണ്ടിയാണിത്” (അല്‍അഅ്‌റാഫ്: 189).
‘സ്ത്രീകള്‍ വാരിയെല്ലുകള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’വെന്നും അവര്‍ ‘വാരിയെല്ലുകള്‍ പോലെയാണെ’ന്നും ചില ഹദീസുകളില്‍ പരാമര്‍ശമുണ്ട്. സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ സൂക്ഷ്മതയും അവധാനതയും വേണമെന്നാണ് അതിന്റെ താല്‍പര്യമെന്ന് അത്തരം ഹദീസുകള്‍തന്നെ വ്യക്തമാക്കുന്നു. സയ്യിദ് ഖുത്വ്ബ് പറഞ്ഞതുപോലെ, സ്ത്രീയും പുരുഷനും അടിസ്ഥാനത്തിലും പ്രയാണത്തിലും പര്യവസാനത്തിലും ഒന്നാണ്. മാനുഷികമെന്ന ചട്ടക്കൂട്ടില്‍ പൂര്‍ണമായും തുല്യര്‍. അല്ലാഹുവിന്റെ ആദരണീയമായ സൃഷ്ടികള്‍. രണ്ടു പേരുടെയും ആദരണീയതയില്‍ ഒരു വ്യത്യാസവുമില്ല: ‘ആദം സന്തതികളെ (സ്ത്രീകളെയും പുരുഷന്മാരെയും) നാം ആദരിച്ചിരിക്കുന്നു’വെന്നാണ് ഖുര്‍ആന്റെ പ്രസ്താവം.

ആദിപാപം സ്ത്രീയില്‍നിന്നോ?
സ്വര്‍ഗത്തിലെ മനുഷ്യന്റെ ആദിപാപം സ്ത്രീയില്‍നിന്നാണുത്ഭവിച്ചതെന്നും സ്ത്രീയുടെ പ്രേരണപ്രകാരമാണ് ആദം വിലക്കപ്പെട്ട കനി തിന്നതെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, വിശുദ്ധഖുര്‍ആന്‍ ആദിപാപം പുരുഷനിലാണ് ചാര്‍ത്തുന്നത്. ഖുര്‍ആന്‍ പറയുന്നു: ”ആദം തന്റെ രക്ഷിതാവിനെ ധിക്കരിച്ചു. അങ്ങനെ അദ്ദേഹം വഴികേടിലായി” (ത്വാഹാ: 121).
”ആദമുമായി മുമ്പ് നാം കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹം അതു മറന്നു. അദ്ദേഹത്തില്‍ നാം നിശ്ചയദാര്‍ഢ്യം കണ്ടില്ല” (ത്വാഹാ: 115). അതായത് ഖുര്‍ആന്റെ വീക്ഷണത്തില്‍ സ്വര്‍ഗത്തില്‍ വച്ച് വിലക്കപ്പെട്ട കനി തിന്ന തെറ്റിനുത്തരവാദി ആദ്യം ആദം മാത്രമാണ്. രണ്ടാമത് മാത്രമേ ആ ഉത്തരവാദിത്വം സ്ത്രീയുടെ മേല്‍ വരുന്നുള്ളൂ. മറ്റു വാക്കുകളില്‍, സ്ത്രീയും പുരുഷനും മാനുഷ്യകത്തിന്റെ രണ്ടു തുല്യ ഘടകങ്ങളാണ്. ഒരേ സ്രോതസ്സില്‍നിന്ന് സൃഷ്ടിക്കപ്പെട്ട പരസ്പരപൂരകങ്ങള്‍. ഒന്നിനു മറ്റേതിനേക്കാള്‍ കൂടുതല്‍ ഉത്കര്‍ഷമോ അപകര്‍ഷതയോ ഇല്ല.

ചുമതലകള്‍ ഒരുപോലെ
ദീനില്‍ രണ്ടു വിഭാഗത്തിനുമുള്ള ചുമതലകള്‍ ഒരു പോലെയാണ് ഖുര്‍ആന്‍ വിവരിക്കുന്നത്: ”വിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹകാരികളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവരോടാണ് അല്ലാഹു കരുണ കാണിക്കുക” (അത്തൗബ: 71).
സ്വന്തം കര്‍മങ്ങളെക്കുറിച്ച് പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും സ്വതന്ത്രമായ ചുമതലയാണുള്ളത്. ഒരു വിഭാഗം മറ്റേ വിഭാഗത്തിന്റെ കര്‍മങ്ങള്‍ക്കുത്തരവാദികളോ പകരമോ അല്ല. അതിനാല്‍ പുരുഷന്മാരില്‍നിന്നെന്നപോലെ സ്ത്രീകളില്‍നിന്നും ബൈഅത്ത് (അനുസരണപ്രതിജ്ഞ) വാങ്ങാന്‍ അല്ലാഹു നബി(സ)യോട് ആവശ്യപ്പെടുന്നു.
”നബീ, സത്യവിശ്വാസിനികള്‍ അനുസരണപ്രതിജ്ഞ ചെയ്യുന്നതിന് താങ്കളുടെ അരികില്‍ വരികയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും സന്തതികളെ കൊന്നുകളയുകയില്ലെന്നും കൈകാലുകള്‍ക്കിടയില്‍ വ്യാജം കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയില്ലെന്നും നന്മകളില്‍ താങ്കളെ ധിക്കരിക്കുകയില്ലെന്നും കരാര്‍ചെയ്യുകയുമാണെങ്കില്‍ അവരോട് കരാര്‍ വാങ്ങുക” (അല്‍മുംതഹിന: 12).
സ്വതന്ത്രമായ ഈ ഉത്തരവാദിത്വത്തിന്റെ ഫലമെന്നോണം പരലോകത്ത് പുരുഷന്മാരെപ്പോലെത്തന്നെ പ്രത്യേകമായ രക്ഷാശിക്ഷകളും അവര്‍ക്ക് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നു: ”പുരുഷനാവട്ടെ സ്ത്രീയാവട്ടെ സത്യവിശ്വാസത്തോടുകൂടി ആര്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. തരിമ്പും അവര്‍ അക്രമിക്കപ്പെടുന്നതല്ല” (അന്നിസാഅ് :124).
”വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും കീഴ്ഭാഗത്തുകൂടി ആറുകളൊഴുകുന്ന ആരാമങ്ങളും നിവാസയോഗ്യമായ തോട്ടങ്ങളില്‍ ഉത്തമമായ പാര്‍പ്പിടങ്ങളും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതില്‍ അവര്‍ ശാശ്വതവാസികളാണ്. അല്ലാഹുവിന്റെ സംപ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം” (അത്തൗബ: 72).
”കപടവിശ്വാസികള്‍ക്കും കപട വിശ്വാസിനികള്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിലവര്‍ ശാശ്വതവാസികളായിരിക്കും. അതുതന്നെ മതി അവര്‍ക്ക്. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. ശാശ്വതമായ ശിക്ഷയുണ്ടവര്‍ക്ക്” (അത്തൗബ: 68).
”അവരുടെ രക്ഷിതാവ് പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കി. സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളില്‍ കര്‍മങ്ങളനുഷ്ഠിക്കുന്ന ആരുടെയും ഒരു കര്‍മവും ഞാന്‍ പാഴാക്കുകയില്ല. നിങ്ങളില്‍ ഒരു കൂട്ടര്‍ മറ്റുള്ളവരുടെ ഭാഗമാണല്ലോ. അതിനാല്‍ എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്ന് ബഹിഷ്‌കൃതരാവുകയും മര്‍ദിക്കപ്പെടുകയും എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാന്‍ അവരെ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലമാണിത്. ഉത്കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു” (ആലുഇംറാന്‍: 195).
പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കാനും ദുഷ്‌കര്‍മങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും പുരുഷന്മാരെപ്പോലെ സ്ത്രീകളോടും കല്‍പിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ കല്‍പനകള്‍ പാലിക്കുന്നതിനനുസരിച്ച് രക്ഷാശിക്ഷകളില്‍ അവര്‍ തുല്യരാണെന്നും ഉദ്ധൃത ഖുര്‍ആന്‍സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

വിജ്ഞാനസമ്പാദനം നിര്‍ബന്ധ ബാധ്യത
നന്മ പരത്തുകയും തിന്മകള്‍ തടയുകയും ചെയ്തുകൊണ്ട് തന്നെയും തന്റെ ചുറ്റുപാടിനെയും സംസ്‌കരിക്കുകയാണ് മുസ്‌ലിംകള്‍ ഏല്‍പിക്കപ്പെട്ട ദൗത്യം. ഈ ദൗത്യത്തില്‍നിന്ന് സ്ത്രീകള്‍ക്ക് ഒരു ഒഴിവും ഇസ്‌ലാം നല്‍കിയിട്ടില്ലെന്ന് നാം കണ്ടു. ‘നന്മ കല്‍പിക്കുക തിന്മ വിരോധിക്കുക’ എന്ന പ്രബോധനപരമായ ബാധ്യത നിര്‍വഹിക്കണമെങ്കില്‍ സ്ത്രീകള്‍ ഇസ്‌ലാമികശരീഅത്തിനെക്കുറിച്ചും അതിന്റെ വിധിവിലക്കുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തം. അതിനാല്‍ ഹലാല്‍-ഹറാമുകള്‍ അറിഞ്ഞിരിക്കേണ്ടത് എല്ലാ സ്ത്രീപുരുഷന്മാരുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും അവരുടെ നേതൃത്വം അതവരെ പഠിപ്പിക്കാന്‍ ആവശ്യമായ സംവിധാനമുണ്ടാക്കേണ്ടത് അനിവാര്യമാണെന്നും ഇമാം ഇബ്‌നുഹസം വ്യക്തമാക്കുന്നു.
തിരുമേനിയുടെ പത്‌നിമാര്‍ ഇസ്‌ലാമികവിജ്ഞാനങ്ങളുടെ മദ്‌റസകളായിരുന്നു. അബൂബക്ര്‍, ഉമര്‍ (റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിമാരും താബിഉകളുമൊക്കെ അവിടെനിന്ന് പഠിച്ചിട്ടുണ്ട്. ഈ വനിതകളായിരുന്നു പല സുപ്രധാന വിഷയങ്ങളിലും തീരുമാനം കല്‍പിക്കാന്‍ അവര്‍ക്കവലംബം. ഇതു തികച്ചും സ്വാഭാവികവുമായിരുന്നു. കാരണം, ‘അറിയുന്നവരും അറിയാത്തവരും സമമാവുമോ’ എന്ന ഖുര്‍ആന്റെ ചോദ്യം പുരുഷന്മാരോട് മാത്രമല്ലല്ലോ. വിജ്ഞാനമന്വേഷിച്ചിറങ്ങിയവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കിക്കൊടുക്കുമെന്ന തിരുവചനം കൂടി അറിയുന്ന സ്വഹാബിവനിതകള്‍ അവരുടെ ധര്‍മം യഥാവിധി നിര്‍വഹിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

വരനെ തെരഞ്ഞെടുക്കാനുള്ള അവകാശം
സാമൂഹികജീവിതത്തിന്റെ പ്രഭവ കേന്ദ്രമാണ് കുടുംബം. കുടുംബനിര്‍മാണത്തില്‍ തന്റെ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുരുഷനെപ്പോലെസ്ത്രീക്കും ഇസ്‌ലാം അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഒരു കന്യക തന്റെ അനിഷ്ടം വകവയ്ക്കാതെ പിതാവ് തന്നെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതായി ആവലാതിപ്പെട്ടപ്പോള്‍ നബി(സ) ആ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അവള്‍ക്ക് അധികാരം നല്‍കിയ സംഭവം പ്രസിദ്ധമാണ്. വിവാഹവിഷയത്തില്‍ അവസാന വാക്ക് പറയാനുള്ള അധികാരം പിതാക്കള്‍ക്കല്ല, മറിച്ച് സ്ത്രീകള്‍ക്കുതന്നെയാണെന്ന് മുസ്‌ലിംലോകത്തെ പഠിപ്പിക്കുകയായിരുന്നു ആ സ്ത്രീ.

വിവാഹമൂല്യത്തിന്റെ പ്രസക്തി
വിവാഹസന്ദര്‍ഭത്തില്‍ പുരുഷന്‍ സ്ത്രീക്ക് മൂല്യമുള്ള എന്തെങ്കിലും സമ്മാനമായി നല്‍കണമെന്നാണ് ഖുര്‍ആന്റെ വിധി. ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം സമ്മാനമായി നല്‍കുക” (അന്നിസാഅ്:4). ഇതിലൂടെ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ഒന്ന്, സ്ത്രീകള്‍ക്ക് സ്വന്തമായി സ്വത്ത് സമ്പാദിക്കാനും ചെലവഴിക്കാനും സ്വാതന്ത്ര്യവും അധികാരവുമുണ്ട്. ഇക്കാര്യം അന്യത്ര ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. രണ്ട്, കുടുംബത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണച്ചുമതല പുരുഷനാണ് ഏറ്റെടുക്കേണ്ടത്. അത് താന്‍ ഏറ്റെടുത്തിരിക്കുന്നുവെന്നതിനെ പ്രതീകവത്കരിച്ചുകൊണ്ട് നല്‍കുന്നതാണ് മഹ്ര്‍ അഥവാ വിവാഹമൂല്യം. അതിനാല്‍ പുരുഷന്‍ മഹ്ര്‍ നല്‍കാതെ വിവാഹം സാധുവാകയില്ല. വല്ല കാരണവശാലും തല്‍ക്കാലം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ കടബാധ്യതയായി നിലനില്‍ക്കും.
അനന്തരസ്വത്തില്‍ സ്ത്രീക്ക് പുരുഷന്റെ പാതിയെന്ന ഖുര്‍ആന്റെ പൊതുപ്രഖ്യാപനം മനസ്സിലാക്കാന്‍ ഇവിടെ നിഷ്പക്ഷമതികള്‍ക്ക് പ്രയാസപ്പെടേണ്ടിവരികയില്ല. വിവാഹസന്ദര്‍ഭത്തില്‍ ലഭിക്കുന്ന മഹ്‌റാവട്ടെ, പിതാവോ സഹോദരങ്ങളോ ദാനമായി നല്‍കിയ മറ്റേതെങ്കിലും സമ്പത്താകട്ടെ, സ്വയം അധ്വാനിച്ചുണ്ടാക്കിയ ധനമാവട്ടെ ഒന്നും തന്റെ കുട്ടികളുടെയോ ഭര്‍ത്താവിന്റെയോ ആവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. മറിച്ച്, സ്വയം സമ്പന്നയാണെങ്കില്‍ പോലും അവളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള ചുമതല ഭര്‍ത്താവിന്റേതാണ്. തികച്ചും ഐഛികമായി താന്‍ ഉദ്ദേശിച്ചാല്‍ മാത്രം തന്റെ സമ്പത്തില്‍നിന്ന് അവള്‍ക്ക് ഭര്‍ത്താവിനെ സഹായിക്കാം.

ജോലിയും അധ്വാനവും
കുടുംബബാധ്യതയില്ലെങ്കിലും ഇസ്‌ലാം അനുവദനീയമാക്കിയ ഏതു ജോലിയും വരുമാനമാര്‍ഗവും അവള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ജോലിക്കിടയില്‍ അവളുടെ അഭിമാനസുരക്ഷിതത്വമാണ് പ്രധാനം. ഒരന്യ പുരുഷനോടൊപ്പം ഒറ്റപ്പെടേണ്ടിവരാവുന്ന ജോലി ഇസ്‌ലാം അവള്‍ക്ക് വിലക്കാനുള്ള കാരണം മനസ്സിലാക്കാന്‍ പ്രയാസമില്ല. അതേപോലെ കുട്ടികളെ ശ്രദ്ധയോടുകൂടി പരിപാലിച്ചു വളര്‍ത്തേണ്ട ചുമതലയും ഇസ്‌ലാം ഉമ്മമാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. കുട്ടിയുടെ ആദ്യ പാഠശാലയാണ് ഉമ്മ. ഈ പാഠശാലയിലെ അധ്യായം വിസ്മരിച്ചുകൊണ്ട് അവര്‍ മറ്റൊരു ജോലി സ്വീകരിക്കാന്‍ പാടില്ല.

രാഷ്ട്രസാരഥ്യം
ഇതല്ലാതെ ജോലിയുടെ കാര്യത്തില്‍ അവള്‍ക്ക് പ്രത്യേകമായ വല്ല പരിധിയും പരിമിതിയുമുണ്ടോ? രാഷ്ട്രത്തിലെ പ്രധാനമന്ത്രി, പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് തുടങ്ങിയ അത്യുന്നത ഉദ്യോഗങ്ങളൊന്നും അവര്‍ക്ക് വഹിച്ചുകൂടെന്നാണ് ചിലരുടെ വാദം. നിയമസഭകളിലും പാര്‍ലമെന്റിലും അംഗങ്ങളാവുന്നത് വിലക്കുന്നവരും വോട്ടവകാശം പോലും നിഷേധിക്കുന്നവരും പണ്ഡിതന്മാരിലുണ്ട്. ഇതിനൊക്കെ നിരര്‍ഥകമായ ചില യുക്തിവിചാരങ്ങളാണവര്‍ക്ക് തെളിവ്. പ്രമാണങ്ങളായി ഉദ്ധരിക്കപ്പെടുന്നതാവട്ടെ തികച്ചും ബാലിശവും. മാതൃകയ്ക്കു വേണ്ടി അവയില്‍ പ്രധാനമായത് നമുക്ക് പരിശോധിച്ചുനോക്കാം. ഖുര്‍ആന്‍ പറയുന്നു:
”പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ കൈകാര്യകര്‍ത്താക്കളാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠരാക്കിയിട്ടുള്ളതുകൊണ്ടും പുരുഷന്മാര്‍ തങ്ങളുടെ ധനത്തില്‍നിന്ന് ചെലവഴിക്കുന്നതുകൊണ്ടുമാണിത്” (അന്നിസാഅ്: 34).
ഇവിടെ പുരുഷന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മേലധികാരം വാസ്തവത്തില്‍ കുടുംബത്തില്‍ മാത്രം പരിമിതമാണ്. കാരണം, ഒന്നാമതായി, കുടുംബപ്രശ്‌നങ്ങളുടെ പരിഹാരത്തിനിടയിലാണ് ഖുര്‍ആന്‍ ഇതവതരിപ്പിക്കുന്നത്. രണ്ടാമതായി, കുടുംബത്തിന്റെ നേതൃത്വം ആര്‍ക്കായിരിക്കണമെന്ന പ്രശ്‌നം ഖുര്‍ആന്‍തന്നെ പരിഹരിക്കേണ്ടതുണ്ട്. കാരണം സ്ത്രീക്കും പുരുഷനും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും സമാനമായ അധികാരാവകാശങ്ങള്‍ നല്‍കിയിരിക്കെ കുടുംബത്തിലെ അവസാനവാക്ക് പതിക്കോ പത്‌നിക്കോ എന്ന് നിശ്ചയിക്കപ്പെട്ടില്ലെങ്കില്‍ എക്കാലത്തും അതൊരു വിഷമപ്രശ്‌നമായി അവശേഷിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ കലഹങ്ങളിലേക്ക് വളരും. അതു തടയാനാണ് കുടുംബനാഥന്‍ പുരുഷനാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇത്തരം സംശായസ്പദമായ കാര്യങ്ങളില്‍ ഒരു വിധി പ്രഖ്യാപിക്കുമ്പോള്‍ ഖുര്‍ആന്‍ സാധാരണ ചെയ്യാറുള്ളതുപോലെ ഇവിടെ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുന്നു. ചിലര്‍ക്ക് ചിലരേക്കാള്‍ ദൈവം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു എന്നതാണ് ഒരു കാരണം. ആപേക്ഷികമായി പുരുഷന് നല്‍കപ്പെട്ട കായികശക്തിയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തം. കുടുംബത്തെ സംബന്ധിച്ചേടത്തോളം ഇത് അതിപ്രധാനമാണ്. കാരണം, അതിക്രമകാരികളുടെയോ ശത്രുക്കളുടെയോ കടന്നാക്രമണത്തില്‍നിന്ന് സംരക്ഷണം ആവശ്യമുള്ളവരാണ് സ്ത്രീകളും കുട്ടികളും. കായികബലം ആപേക്ഷികമായി കൂടുതലുള്ളത് പുരുഷനായതിനാല്‍ സംരക്ഷണച്ചുമതല അവനെത്തന്നെ വേണം ഏല്‍പിക്കാന്‍.
സ്വന്തം സമ്പത്ത് ചെലവഴിക്കുന്നു വെന്നതാണ് രണ്ടാമത്തെ കാരണം. കുടുംബസംരക്ഷണത്തിന് ആവശ്യമായ ധനം വ്യയം ചെയ്യുന്നത് പുരുഷന്റെ ചുമതലയാണ്. സ്ത്രീയുടെ കൈയില്‍ ധനമുണ്ടെങ്കില്‍ പോലും അതെടുത്ത് ചെലവഴിക്കാന്‍ അവള്‍ക്ക് ബാധ്യതയില്ല. ഇതാണ് പുരുഷന് കുടുംബത്തില്‍ മേലധികാരം നല്‍കാനുള്ള കാരണം.
ചെറിയ ഒരു കുടുംബത്തില്‍പോലും തീരുമാനാധികാരവും മേധാവിത്വവും പുരുഷനായിരിക്കെ അനേകം കുടുംബങ്ങള്‍ ചേര്‍ന്ന ഒരു രാഷ്ട്രത്തില്‍ പുരുഷനായിരിക്കണം മേധാവി എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പല പണ്ഡിതന്മാരും ഉയര്‍ത്തിയ ഈ ചോദ്യം, പക്ഷേ, ഇവിടെ ഒരു നിലയ്ക്കും പ്രസക്തമല്ല. കാരണം കുടുംബനേതൃത്വം പുരുഷനെ ഏല്‍പിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞ രണ്ട് കാരണങ്ങളും രാഷ്ട്രനേതൃത്വത്തിന്റെ കാര്യത്തില്‍ പ്രസക്തമല്ല. ഒന്ന് പേശിയുടെ ബലമാണ്. അത് കുടുംബസംരക്ഷണത്തിനുതകുമെന്നല്ലാതെ രാഷ്ട്രസംരക്ഷണത്തില്‍ ഇതിനു പ്രത്യേകിച്ചും ഒരു സ്ഥാനവുമില്ല. സ്വന്തമായി സമ്പത്ത് ചെലവഴിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. രാഷ്ട്രസാരഥി ഖജനാവില്‍നിന്ന് ശമ്പളം പറ്റുകയല്ലാതെ രാഷ്ട്രത്തിനു വേണ്ടി സ്വന്തം പണം ചെലവഴിക്കേണ്ട ഒരവസ്ഥയും ഒരിക്കലും ഉണ്ടാവുന്നില്ല. അതിനാല്‍, രണ്ടും തമ്മില്‍ ഈ വിഷയത്തില്‍ ഒരു തുലനവുമില്ല.
രാഷ്ട്രനേതൃത്വത്തിനു ബുദ്ധിശക്തി ഏതായാലും താരതമ്യേന കൂടുതല്‍ ആവശ്യമാണല്ലോ. അതാവട്ടെ സ്ത്രീകള്‍ക്ക് പുരുഷന്റെ പാതി മാത്രമേയുള്ളൂവെന്ന് ഖുര്‍ആന്‍ തന്നെ സമര്‍ഥിക്കുന്നു. ഇതാണ് മറ്റൊരു വാദം. സൂറഃ അല്‍ബഖറയിലെ 282-ാമത്തെ സൂക്തമാണ് സൂചന. കടമിടപാടുകള്‍ എഴുതിവയ്ക്കുകയും രണ്ടു പുരുഷന്മാരെ അതിനു സാക്ഷിനിര്‍ത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ഖുര്‍ആന്‍ തുടര്‍ന്നു പറഞ്ഞു: ”നിങ്ങളില്‍ രണ്ടു പുരുഷന്മാരെ അതിനു സാക്ഷിനിര്‍ത്തുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷിനില്‍ക്കണം. ഒരു സ്ത്രീ വഴിതെറ്റിയാല്‍ മറ്റേ സ്ത്രീ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയാണിത്” (അല്‍ബഖറഃ 282).
ഇവിടെ ഖുര്‍ആന്‍ പറഞ്ഞതല്ല പലരും മനസ്സിലാക്കിയിട്ടുള്ളത്. ഒരു സ്ത്രീ മറന്നാല്‍ മറ്റേ സ്ത്രീ ഓര്‍മിപ്പിക്കുന്നതിനുവേണ്ടി എന്നിവിടെ പലരും എഴുതുകയും മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. അതായത് പുരുഷന്റെ പാതി മാത്രമേ സ്ത്രീക്ക് ഓര്‍മശക്തിയുള്ളൂ. അതുകൊണ്ടാണ് ഒരു പുരുഷനു പകരം സാക്ഷിനില്‍ക്കുന്നത് സ്ത്രീയാണെങ്കില്‍ രണ്ടു വേണമെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതു പക്ഷേ, ഖുര്‍ആന്റെ പേരില്‍ ഒരാരോപണം മാത്രമാണ്. പ്രസ്തുത അര്‍ഥം ഖുര്‍ആന്റെ പദപ്രയോഗത്തിനോ വസ്തുതയ്‌ക്കോ നിരക്കുന്നതല്ല. ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ‘ദല്ല’ എന്ന പദമാണ്. അതിനു ‘മറന്നു’ എന്ന് അറബിഭാഷയില്‍ അര്‍ഥമില്ല. മറിച്ച്, വഴി തെറ്റി എന്നാണതിനര്‍ഥം. മറവിയാവട്ടെ പുരുഷനും സ്ത്രീക്കും ഒരുപോലെ ജന്മസിദ്ധമായ സ്വഭാവമാണ്. വ്യക്തികളുടെ വ്യത്യാസമനുസരിച്ച് അതില്‍ ഏറ്റക്കുറവുകളുണ്ടാവാം. ചില സ്ത്രീകള്‍ കൂടുതല്‍ ഓര്‍മശക്തിയുള്ളവരും ചില പുരുഷന്മാര്‍ ഓര്‍മശക്തി കുറഞ്ഞവരുമാവാം.
സ്ത്രീകള്‍ പൊതുവെ ഓര്‍മശക്തി കുറഞ്ഞവരാണെന്ന് ഒരിക്കല്‍ ഉമര്‍(റ) ആനുഷംഗികമായി പ്രസ്താവിച്ചിട്ടുണ്ട്. മൂന്നു ത്വലാഖും മൊഴിഞ്ഞ് വേര്‍പിരിഞ്ഞ സ്ത്രീക്ക് ചെലവും താമസവും കൊടുക്കേണ്ടതുണ്ടോ എന്ന പ്രശ്‌നത്തില്‍, കൊടുക്കേണ്ടതില്ല എന്ന് സ്വന്തം അനുഭവം വച്ച് പറഞ്ഞ ഫാത്വിമാ ബിന്‍ത് ഖൈസിനെക്കുറിച്ച് ഉമര്‍(റ) പറഞ്ഞു: ”അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകചര്യയും ഒരു സ്ത്രീയുടെ വാക്കു കേട്ട് നാം ഉപേക്ഷിക്കുകയില്ല. കാരണം അവള്‍ മറന്നോ ഓര്‍മിച്ചോ എന്ന് ആര്‍ക്കറിയാം”. ഈ പ്രസ്താവം മഹാനായ ഉമറി(റ)ന്റേതായിരുന്നുവെങ്കിലും അതു ശരിയല്ലെന്ന് സ്ഥാപിച്ചുകൊണ്ട് ഇമാം ശൗകാനി എഴുതുന്നു: ”ഈ ഖണ്ഡനം മുസ്‌ലിംകളുടെ ഏകകണ്ഠമായ അഭിപ്രായമനുസരിച്ചുതന്നെ അസാധുവാണ്. കാരണം, സ്ത്രീയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വാര്‍ത്തയും അത് സ്ത്രീയില്‍നിന്നായതുകൊണ്ട് മുസ്‌ലിംപണ്ഡിതന്മാര്‍ ആരും തള്ളിക്കളഞ്ഞിട്ടില്ല. സ്വഹാബികളില്‍ ഒറ്റ സ്ത്രീയില്‍നിന്ന് മാത്രമുദ്ധരിക്കപ്പെട്ട എത്ര സുന്നത്തുകള്‍ സമുദായം സ്വീകരിച്ചിട്ടുണ്ട്. സുന്നത്തിനെക്കുറിച്ച് സാമാന്യ വിവരമുള്ള ഒരാളും ഇത് നിഷേധിക്കുകയില്ല. ഉദ്ധാരകന്‍ മറക്കാനുള്ള സാധ്യതയുണ്ടെന്ന കാരണത്താല്‍ ഏതെങ്കിലും ഒരു റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതായി മുസ്‌ലിംകളില്‍ ആരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതൊരു ന്യൂനതയാണെങ്കില്‍ ആ ന്യൂനതയില്ലാത്ത ഒരു തിരുവചനവുമുണ്ടാവുകയില്ല. കാരണം, ആരുമില്ല മറക്കാനുള്ള സാധ്യതയില്‍നിന്ന് രക്ഷപ്പെട്ടവര്‍. മുഴുസുന്നത്തും അസാധുവാക്കുകയായിരിക്കും അതിന്റെ ഫലം. ഇവിടെ പരാമര്‍ശിക്കപ്പെട്ട ഫാത്വിമയാവട്ടെ ഓര്‍മശക്തിയില്‍ പ്രസിദ്ധയാണ്. ദജ്ജാലിന്റെ കാര്യത്തില്‍ അവരില്‍നിന്നുദ്ധരിക്കപ്പെട്ട ദീര്‍ഘമായ ഹദീസ്തന്നെ ഇതിനേറ്റവും നല്ല തെളിവ്. മിമ്പറില്‍ പ്രസംഗിക്കുന്നതായി ഒരിക്കല്‍ മാത്രമേ അവരത് തിരുമേനിയില്‍നിന്ന് കേട്ടിട്ടുള്ളൂ. ഉടനെ അതത്രയും അവര്‍ ഹൃദിസ്ഥമാക്കി. ഇതൊക്കെ ഹൃദിസ്ഥമാക്കുന്ന ഒരാള്‍ തന്റെ ഭര്‍ത്താവുമായുള്ള വേര്‍പാടിനോടനുബന്ധിച്ച് വീട്ടില്‍നിന്ന് പുറത്തു പോകേണ്ടിവന്ന കാര്യം വിസ്മരിച്ചു എന്ന് എങ്ങനെ മനസ്സിലാക്കും? മറക്കാനുള്ള സാധ്യത അവര്‍ക്കും തദ്വിഷയകമായി അവരെ വിമര്‍ശിക്കുന്നവര്‍ക്കും തുല്യമാണ്. കാരണം, അശുദ്ധിയുള്ളപ്പോള്‍ വെള്ളമില്ലെങ്കില്‍ തയമ്മും ചെയ്യേണ്ട രീതി ഉമര്‍(റ) വിസ്മരിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന അമ്മാര്‍(റ) ഓര്‍മിപ്പിച്ചിട്ടുപോലും അദ്ദേഹത്തിനത് ഓര്‍മവന്നില്ല. ‘അവര്‍ക്ക് ഒരു കൂമ്പാരം സ്വര്‍ണം നല്‍കിയാലും അത് തിരിച്ചുവാങ്ങാന്‍ പാടില്ലെ’ന്ന ഖുര്‍ആന്‍സൂക്തം അദ്ദേഹം വിസ്മരിച്ചു. ഒരു സ്ത്രീയാണ് അതദ്ദേഹത്തെ ഓര്‍മിപ്പിച്ചത്. ‘നീ മരിക്കുന്നവനാണ്. അവരും മരിക്കുന്നവരാണെ’ന്ന ഖുര്‍ആന്‍സൂക്തം തിരുമേനിയുടെ വിയോഗസന്ദര്‍ഭത്തില്‍ അബൂബക്ര്‍(റ) ഓതിക്കേള്‍പ്പിക്കുന്നതുവരെ ഉമര്‍(റ) മറന്നു” (നൈലുല്‍ ഔത്ത്വാര്‍ ഭാഗം 7, പേജ്: 107).
ചുരുക്കത്തില്‍, സ്ത്രീകള്‍ക്ക് ഓര്‍മശക്തി കുറവായതുകൊണ്ട് സാക്ഷിപറയാന്‍ ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ വേണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. വല്ലവരും അങ്ങനെ മനസ്സിലാക്കിയെങ്കില്‍ അതിനു ഖുര്‍ആന്‍ ഉത്തരവാദിയുമല്ല. മറിച്ച്, എല്ലാവര്‍ക്കുമറിയുന്ന മറ്റൊരു യാഥാര്‍ഥ്യത്തിലേക്കാണ് ഖുര്‍ആന്‍ ഇവിടെ വിരല്‍ചൂണ്ടുന്നത്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ചില ദൗര്‍ബല്യങ്ങളുണ്ട്. ഈ ദൗര്‍ബല്യം കാരണമാണ് അവളുടെ സംരക്ഷണം ഖുര്‍ആന്‍ പുരുഷനെ ഏല്‍പിച്ചത്. ഇവിടെ ഒരു സാമ്പത്തികകാര്യത്തില്‍ സാക്ഷിനില്‍ക്കുന്നതാണ് ഖുര്‍ആനികവിധിയുടെ പശ്ചാത്തലം. സാമ്പത്തികകാര്യങ്ങളില്‍ പലപ്പോഴും മനുഷ്യന്റെ നീതിബോധവും ധര്‍മബോധവുമൊക്കെ വിനഷ്ടമാവുന്നത് നാം ധാരാളമായി കണ്ടുവരുന്ന ഒരു സാധാരണ പ്രതിഭാസം മാത്രം. അതിനാല്‍ സാക്ഷി ഒരു സ്ത്രീ മാത്രമാണെങ്കില്‍ അവളെ പ്രലോഭിപ്പിക്കാനും വഴങ്ങുന്നില്ലെങ്കില്‍ പ്രകോപിപ്പിക്കാനും പുരുഷനു കഴിയും. ഇത്തരം ഘട്ടങ്ങളില്‍ തന്റെ ദൗര്‍ബല്യത്തിന് കീഴൊതുങ്ങുകയല്ലാതെ പലപ്പോഴും ഒരു സ്ത്രീക്ക് മറ്റു മാര്‍ഗമൊന്നുമുണ്ടാവുകയില്ല. എനിക്കുവേണ്ടി സാക്ഷി പറഞ്ഞാല്‍ നിന്റെ സംരക്ഷണം ഞാന്‍ ഏറ്റെടുത്തുകൊള്ളാമെന്ന പ്രലോഭനത്തിനു വഴങ്ങിയില്ലെങ്കില്‍ എനിക്കു വിപരീതം നിന്നാല്‍ കൊന്നുകളയുമെന്ന ഭീഷണിക്കു മുമ്പിലെങ്കിലും ഒറ്റയ്ക്കാണെങ്കില്‍ അവള്‍ ചൂളിപ്പോവാതിരിക്കില്ല. രണ്ടാളുണ്ടെങ്കില്‍ ഈ സാധ്യത വളരെ ചുരുങ്ങുന്നു. അതാണ് ‘ഒരാള്‍ വഴിതെറ്റുമ്പോള്‍ മറ്റൊരാള്‍ ഓര്‍മിപ്പിക്കാന്‍’ എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം.
ഒറ്റപ്പെട്ട ഭീതിതമായ ഒരു ചുറ്റുപാടില്‍ മാത്രം സംഭവ്യമായ ഒരു സ്ഥിതിവിശേഷത്തെ സാമാന്യവത്കരിക്കുന്നതുതന്നെ ശരിയല്ല. നമ്മുടെ മുമ്പിലുള്ള പ്രശ്‌നമാകട്ടെ രാഷ്ട്രസാരഥ്യത്തിന്റേതാണ്. അധികാരപൂര്‍ണമായ അത്തരം പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള പ്രലോഭനങ്ങളുടെയോ പ്രകോപനങ്ങളുടെയോ പ്രശ്‌നം തന്നെ ഉദിക്കുന്നില്ലെന്ന് വ്യക്തം.
ചുരുക്കത്തില്‍, ഒരിസ്‌ലാമികരാഷ്ട്രത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നതില്‍നിന്ന് സ്ത്രീയെ നിശ്ശേഷം തടയുന്ന തെളിവുകളൊന്നും ഖുര്‍ആനിലില്ല. അതുകൊണ്ടായിരിക്കാം ഇവ്വിഷയകമായി പലരും പ്രധാനമായി അവലംബിക്കാറുള്ളത് ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിനെയാണ്. തിരുമേനി മദീനയില്‍ ഒരിസ്‌ലാമികരാഷ്ട്രത്തിന് ശിലാസ്ഥാപനം നടത്തിയ ഉടനെ അയല്‍രാഷ്ട്രങ്ങളിലെ ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു. കൂട്ടത്തില്‍ പേര്‍ഷ്യന്‍സാമ്രാട്ടിനുമുണ്ടായിരുന്നു ഒരു കത്ത്. അദ്ദേഹം ആ കത്ത് ചീന്തിയെറിയുകയും അത് കൊണ്ടുവന്ന ദൂതനെ വധിച്ചു കളയുകയും ചെയ്തു. പക്ഷേ, ഏറെത്താമസിയാതെ ഒരധികാരവടംവലിയില്‍ ഈ ചക്രവര്‍ത്തിയും അദ്ദേഹത്തെ വധിച്ച മകനും വധിക്കപ്പെട്ടു. പിന്നീട് രാജകുമാരിയാണ് രാജ്ഞിയായി വാഴിക്കപ്പെട്ടത്. ഈ വിവരം കിട്ടിയപ്പോള്‍ തിരുമേനി പറഞ്ഞു: ”ഒരു സ്ത്രീയെ അധികാരമേല്‍പിച്ച ആ ജനത ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല”. തിരുമേനി പ്രവചിച്ച പോലെത്തന്നെ സംഭവിച്ചു. അന്നത്തെ രണ്ടു ലോകശക്തികളിലൊന്നായിരുന്ന പേര്‍ഷ്യ താമസിയാതെ ഇസ്‌ലാമിന്റെ മുമ്പില്‍ അടിയറവ് പറയുന്നതാണ് നാം കാണുന്നത്. തുടര്‍ന്ന് പഴയ പേര്‍ഷ്യന്‍സാമ്രാജ്യം എന്നെന്നേക്കുമായി കഥാവശേഷമായി. ഇതായിരുന്നു തിരുമേനിയുടെ പ്രവചനത്തിന്റെ സാരാംശം. പക്ഷേ, ചിലര്‍ അതിനെ പശ്ചാത്തലത്തില്‍നിന്നടര്‍ത്തിമാറ്റി സ്വതന്ത്രമായ ഒരു പ്രവചനമാക്കിയെടുത്തു. സ്ത്രീകളെ അധികാരമേല്‍പിച്ചവര്‍ ഒരിക്കലും വിജയിക്കുകയില്ലെന്നതു കൊണ്ട് അവരെ അധികാരമേല്‍പിക്കാന്‍ പാടില്ലെന്ന വിധിയും നിര്‍ധാരണം ചെയ്‌തെടുത്തു. ഇത് വാസ്തവത്തില്‍ സ്ത്രീകളോട് മാത്രമല്ല തിരുമേനിയുടെ പ്രവാചകത്വത്തോടുള്ള നിന്ദയും ഖുര്‍ആനോടു കാണിച്ച ധിക്കാരവുമായിരുന്നു. കാരണം, തിരുമേനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അധികാരം വാഴുന്ന സ്ത്രീകള്‍ ലോകത്തൊരിടത്തും വിജയം വരിക്കാന്‍ പാടില്ല. പക്ഷേ, ലോകത്ത് നാം കാണുന്നത് മറിച്ചാണ്. ’67-ലെ ചരിത്രപ്രസിദ്ധമായ ആറു ദിവസത്തെ അറബ്-ഇസ്രയേല്‍യുദ്ധം ഉദാഹരണം. അറബികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, അപമാനകരമായ പരാജയം ഏറ്റുവാങ്ങിയ ഈ യുദ്ധത്തില്‍ അവരുടെ ഭാഗത്ത് നാലു രാഷ്ട്രങ്ങളാണുണ്ടായിരുന്നത്. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ലബനാന്‍. നാലിലും സാരഥികള്‍ പുരുഷകേസരികള്‍. മറുഭാഗത്ത് ഇസ്രയേല്‍രാഷ്ട്രത്തിന്റെ നേതൃത്വം ഗോള്‍ഡാമെയര്‍ എന്ന ഒരു വൃദ്ധ വനിതയും. എന്നിട്ടും പുരുഷകേസരികള്‍ തോറ്റമ്പി. തിരുമേനി പറഞ്ഞത് ഒരു പൊതു വിധിയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടുണ്ടോ? ഇന്ത്യയില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. ഇന്ത്യക്ക് വല്ലതും പറ്റിയോ? അതിനു ശേഷം ബ്രിട്ടനില്‍ താച്ചര്‍ എന്ന ഒരുരുക്കുവനിത പ്രധാനമന്ത്രിയായി. അവര്‍ക്ക് വല്ല പരാജയവും പറ്റിയോ? ഇനിയും ഇതുപോലുള്ള ഉദാഹരണങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. അതുകൊണ്ടാണ് ഈ ശുദ്ധന്മാര്‍ നബിതിരുമേനിയുടെ പ്രവാചകത്വത്തെ നിന്ദിക്കുന്നുവെന്ന് പറഞ്ഞത്.
ഇവര്‍ ഖുര്‍ആനോട് കാണിക്കുന്ന ധിക്കാരവും ചെറുതല്ല. ബുദ്ധിമതിയും വിവേകശാലിയുമായ ഒരു രാജ്ഞി തന്റെ ജനതയെ അതിസമര്‍ഥമായി നാശത്തില്‍നിന്ന് രക്ഷിക്കുന്ന ചേതോഹരമായ ഒരു കഥ നബിതിരുമേനി മക്കയില്‍വച്ച് ഖുര്‍ആനിലൂടെ ജനങ്ങളെ കേള്‍പ്പിക്കുന്നു. അതിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം: ”രാജ്ഞി പറഞ്ഞു: പ്രമാണികളേ, ഗൗരവമേറിയ ഒരു ലിഖിതം എനിക്കെറിഞ്ഞുകിട്ടിയിരിക്കുന്നു. അത് സുലൈമാനില്‍നിന്നുള്ളതാണ്. പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിലാണ് അതാരംഭിക്കുന്നത്. എനിക്കെതിരില്‍ ധിക്കാരം പ്രവര്‍ത്തിക്കരുത്, മുസ്‌ലിംകളായി എന്റെയരികില്‍ വന്നുചേരുക എന്നതാണതിലെ സന്ദേശം”.
”അവര്‍ തുടര്‍ന്നു: ജനനായകരേ, ഈ പ്രശ്‌നത്തില്‍ എന്നെ ഉപദേശിക്കുവിന്‍. ഞാന്‍ നിങ്ങളെക്കൂടാതെ ഒരു കാര്യവും ഒറ്റയ്ക്ക് തീരുമാനിക്കാറില്ലല്ലോ?” (സാധാരണ രാജാക്കന്മാരെപ്പോലെ അവര്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന ഒരേകാധിപതിയല്ലെന്ന് സാരം).
”ജനനായകര്‍ പറഞ്ഞു: നാം പ്രബലരും പരാക്രമശാലികളുമാണ്. ഇനി തീരുമാനം അവിടേക്ക് വിട്ടുതന്നിരിക്കുന്നു. ആലോചിച്ച് എന്തു വേണമെങ്കിലും കല്‍പിച്ചാലും”. (അഹങ്കാരിയായ ഏതൊരേകാധിപതിയും വഴിതെറ്റുന്ന രംഗം. പക്ഷേ തികഞ്ഞ വിവേകമാണ് സാബാ രാജ്ഞിയെ ഇവിടെ മുന്നോട്ടുനയിക്കുന്നത്).
”അവര്‍ പറഞ്ഞു: രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവിടം നശിപ്പിക്കും. അതിലെ അന്തസ്സുറ്റ നിവാസികളെ നിന്ദ്യരാക്കുകയും ചെയ്യും. അതേ, അതുതന്നെയാണവരുടെ സമ്പ്രദായം. ഞാനവര്‍ക്ക് ഒരു കാഴ്ച കൊടുത്തയക്കാം. എന്നിട്ട് ദൂതന്മാര്‍ എന്തു മറുപടിയുമായി വരുന്നുവെന്ന് നോക്കട്ടെ”. (പണത്തിനു കീഴ്‌പ്പെടുന്ന കൊതിയനും ധൂര്‍ത്തനും ഭൗതികനുമായ ചക്രവര്‍ത്തിയാണോ സുലൈമാനെന്ന പരീക്ഷണം).
”തിരുമുല്‍ക്കാഴ്ച (കൈക്കൂലി) കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: നിങ്ങള്‍ സമ്പത്തുകൊണ്ട് എന്നെ സഹായിക്കയാണോ? അല്ലാഹു എനിക്ക് നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ എത്രയോ ഉത്തമമാണ്. നിങ്ങളാണ് ഇത്തരം ഉപഹാരങ്ങളില്‍ മതിമറന്നു സന്തോഷിക്കുന്നവര്‍. തിരിച്ചുപോകൂ. ചെറുക്കാനാവാത്ത ഒരു പടയുമായി നാം വരുന്നുണ്ടെന്നു പറയുക. നിന്ദ്യരും നികൃഷ്ടരുമായി അവരെ നാം അവിടെനിന്ന് പുറംതള്ളുക തന്നെ ചെയ്യും” (27: 29-37)
അഹങ്കാരവും അവിവേകവും പിടികൂടേണ്ട മറ്റൊരു സന്ദര്‍ഭം. പക്ഷേ വിവേകം കൈവിടാതെ രാജ്ഞി സുലൈമാന്റെ സന്നിധിയിലെത്തി കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ തന്റെ ജനതയെ ഒരു യുദ്ധക്കെടുതിയിലേക്ക് വലിച്ചിഴക്കാതെ സത്യം കണ്ടെത്തുകയും ”ഇന്നു ഞാന്‍ സുലൈമാന്റെ കൂടെ സര്‍വലോകരക്ഷിതാവായ അല്ലാഹുവിനോടുള്ള വിധേയത്വം സ്വീകരിച്ചിരിക്കുന്നു” എന്നു പ്രഖ്യാപിച്ചുകൊണ്ട് അതു സ്വീകരിക്കുകയും സ്വന്തം ജനതയെ അതിലേക്കു നയിക്കുകയും ചെയ്യുന്നു.
ഒരു രാഷ്ട്രസാരഥിയായ സ്ത്രീ വിവേകം കൈവെടിയാതെ അവധാനപൂര്‍വം തന്റെ ജനതയെ വിജയത്തിലേക്കു നയിച്ച മനോഹരമായ ഈ കഥ മക്കയില്‍ വച്ച് സ്വഹാബികളെ കേള്‍പ്പിച്ച തിരുമേനി മദീനയിലെത്തിയ ഉടനെ ‘സ്ത്രീയെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ച ഒരു ജനതയും ഒരിക്കലും വിജയിക്കുകയില്ലെ’ന്ന് പറയുമോ? അഥവാ പറഞ്ഞാല്‍ ഖുര്‍ആന്റെ ഈ ഭാഗങ്ങളെ തിരുമേനി എന്തു ചെയ്യും? അതുകൊണ്ടാണ് പ്രസ്തുത തിരുവചനത്തിന് ഇന്ന് പലരും നല്‍കിവരുന്ന വ്യാഖ്യാനം ഖുര്‍ആനോട് കാണിക്കുന്ന ധിക്കാരമാണെന്ന് പറയുന്നത്. സ്ത്രീകളെക്കുറിച്ച് ഖുര്‍ആനോ സുന്നത്തോ പറഞ്ഞിട്ടില്ലാത്ത വിധികള്‍ അക്രമപരമായി അവരുടെ മേല്‍ ചാര്‍ത്തുന്നത് അവരോട് കാണിക്കുന്ന കടുത്ത അക്രമമാണെന്ന് പറയേണ്ടതുമില്ലല്ലോ.
ചുരുക്കത്തില്‍, സുരക്ഷിതത്വത്തിന്റെ പേരില്‍ വരുന്ന ചില പ്രത്യേക വിലക്കുകളല്ലാതെ വിശുദ്ധഖുര്‍ആനോ പ്രബലമായ സുന്നത്തോ സ്ത്രീകള്‍ക്ക് വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പ്രത്യേകമായ ഒരു പരിമിതിയും നിശ്ചയിച്ചിട്ടില്ല. മറിച്ച് അവര്‍ക്ക് കൂടുതല്‍ ആദരവ് നല്‍കിയിരിക്കുന്നുവെന്ന് മാത്രം. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതാര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ. ഖുര്‍ആന്‍ അനാവരണം ചെയ്യുന്ന ദുഷ്ടരും ശിഷ്ടരുമായ കുറേ സ്ത്രീവ്യക്തിത്വങ്ങളുണ്ട്. നൂഹിന്റെയും ലൂത്വിന്റെയും പത്‌നിമാര്‍, ഈജിപ്തിലെ ചക്രവര്‍ത്തിയായിരുന്ന അസീസിന്റെ പത്‌നി, യേശുവിന്റെ മാതാവ് മര്‍യം, ഫറവോന്റെ പത്‌നി, അബൂലഹബിന്റെ പത്‌നി അങ്ങനെ പലരും. എല്ലാം ഒരേ കാര്യമാണ് പ്രഖ്യാപിക്കുന്നത്: ”പുരുഷനാവട്ടെ സ്ത്രീയാട്ടെ, വിശ്വാസിയായിക്കൊണ്ട് ആര്‍ നന്മ പ്രവര്‍ത്തിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. തരിമ്പും അവര്‍ അക്രമിക്കപ്പെടുകയില്ല”.

About the author

admin

Leave a Comment