Quran

ഖുര്‍ആനും അറബിഭാഷയും

Written by admin

തലമുറകളുടെ നിരന്തരമായ കൈമാറ്റത്തിലൂടെ പരിപക്വമായ സാഹിത്യഭാഷയായി ഖുര്‍ആന്റെ അവതരണകാലത്തുതന്നെ അറബിഭാഷ വളര്‍ച്ചപ്രാപിച്ചിരുന്നു. ഖുര്‍ആന്റെ അവതരണത്തിനുമുമ്പ് മൂന്ന് ഘട്ടങ്ങളിലായി സംഭവിച്ച വികാസപരിണാമങ്ങളാണ് ഈ നിലവാരത്തിലേക്കുയരാന്‍ അറബിഭാഷയ്ക്കു സഹായകമായത്. വികാസത്തിന്റെ ഒന്നാംഘട്ടം ഇസ്മാഈല്‍ നബി(അ)യുടെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറബിഭാഷയുടെ പ്രാചീന ശൈലീഭേദങ്ങളെ പൊതുവില്‍ മൂന്ന് വിഭാഗമായി ചരിത്രകാരന്മാര്‍ തരംതിരിച്ചിട്ടുണ്ട്: ഖഹ്ത്വാനി, ഹിംയരി, ശുദ്ധ അറബി എന്നിവയാണവ. അവയില്‍ ശുദ്ധ അറബിശൈലിയിലാണ് ഖുര്‍ആന്റെ അവതരണം. ഈ ശുദ്ധ അറബി ഇസ്മാഈല്‍ നബിക്കു ദിവ്യബോധനത്തിലൂടെ ലഭിച്ചതാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, മക്കയിലെ ജുര്‍ഹും ഗോത്രവുമായി ഇസ്മാഈല്‍ നബി(അ) വിവാഹബന്ധം സ്ഥാപിച്ചതിനെത്തുടര്‍ന്ന് ഹീബ്രുഭാഷക്കാരനായ ഇസ്മാഈലും അറബികളായ ജുര്‍ഹും ഗോത്രവും തമ്മിലുണ്ടായ സമ്പര്‍ക്കത്തിന്റെ ഫലമാണ് ശുദ്ധ അറബി എന്ന അഭിപ്രായമാണ് പ്രബലം. അറബിയും ഹീബ്രുവും സെമിറ്റിക് ഭാഷാഗോത്രത്തിലെ സഹോദരങ്ങളാകുന്നു.

അറേബ്യയുടെ വിവിധ മേഖലകളിലും അറേബ്യക്കു പുറത്തും അദ്‌നാനി ഗോത്രസമൂഹങ്ങളുടെ വിന്യാസത്തിലൂടെ സംഭവിച്ചതാണ് അറബിഭാഷയുടെ ദ്വിതീയഘട്ടത്തിലെ വികാസ-പരിണാമങ്ങള്‍. മക്കയില്‍ കേന്ദ്രീകരിച്ചിരുന്ന ഈ ഗോത്രങ്ങള്‍ ജീവിതായോധനത്തിനായി വിവിധ മേഖലകളിലേക്ക് കുടിയേറിയപ്പോള്‍ അന്യഭാഷക്കാരുമായി ബന്ധപ്പെട്ടാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ഇതിന്റെ ഫലമായി അവരുടെ ഭാഷയില്‍ പുതിയ പദങ്ങളും പ്രയോഗങ്ങളും പ്രചാരത്തില്‍വന്നു. അറബിഭാഷയുടെ തൃതീയ വികാസ-സംസ്‌കരണം ഖുറൈശീഗോത്രഭാഷയില്‍ പരിമിതമാകുന്നു. കഅ്ബാമന്ദിരത്തിന്റെ പരിപാലകരെന്ന നിലയില്‍ അറബിഗോത്രങ്ങളുടെ നായകപദവി ഖുറൈശികള്‍ക്കായിരുന്നു. ഹജ്ജ് കാലങ്ങളില്‍ എല്ലാ ഗോത്രങ്ങളും ഖുറൈശികളുമായി സന്ധിക്കുക പതിവാണ്. ഖുറൈശികള്‍ അവര്‍ക്ക് ആതിഥ്യമരുളി. ഇക്കാരണത്താല്‍ വിവിധ ഗോത്രക്കാരുടെ ഭാഷാപ്രയോഗങ്ങളും ശൈലീവിശേഷങ്ങളും പരിചയപ്പെടാന്‍ ഖുറൈശികള്‍ക്കായി. അവയില്‍ സുന്ദരവും ആകര്‍ഷകവുമായതൊക്കെ അവര്‍ കൈക്കൊള്ളുകയും അരോചകവും ദുര്‍ഗ്രഹവുമായത് തിരസ്‌കരിക്കുകയും ചെയ്തു. ഇപ്രകാരം ഖുറൈശി ഭാഷ ഏറെ പരിഷ്‌കൃതമാവുകയും പുരോഗമിക്കുകയുമുണ്ടായി. കൂടാതെ ശാം, യമന്‍, പേര്‍ഷ്യ, അബ്‌സീനിയ തുടങ്ങിയ നാടുകളിലേക്ക് ഖുറൈശികള്‍ നടത്തിയിരുന്ന വാണിജ്യയാത്രകളും അവരുടെ ഭാഷയുടെ അഭ്യുന്നതിക്കും വികാസത്തിനും നിമിത്തമായി. നാഗരികസമൂഹങ്ങളുമായി ഇടപഴകാന്‍ അവസരം ലഭിച്ചതിലൂടെ ഖുറൈശിഭാഷ കൂടുതല്‍ തികവും മികവും നേടി. അറബിഭാഷയില്‍ ഇതര ഗോത്രഭാഷാഭേദങ്ങള്‍ക്ക് കൈവരിക്കാനാകാത്ത നേട്ടമായിരുന്നു അത്.

ഖുറൈശിഭാഷയുടെ വികാസത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകം ഹിജാസില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന ഉത്സവങ്ങളാണ്. ഈ ഉത്സവങ്ങള്‍ വാണിജ്യ ഉല്‍പന്നങ്ങളുടെ വിപണനത്തിനെന്നപോലെ വിശ്രുതരായ കവികള്‍ക്കും പ്രസംഗകര്‍ക്കും തങ്ങളുടെ സര്‍ഗസിദ്ധികള്‍ മാറ്റുരക്കാനുള്ള വേദികള്‍ കൂടിയായിരുന്നു. വിവിധ ഗോത്രങ്ങളിലെ ഭാഷാപടുക്കളുടെയും വിഭിന്ന ഭാഷാശൈലികളുടെയും സംഗമവേദിയായിരുന്ന ഇവിടെ അറബിഭാഷയില്‍ പുതുതായി ആവിഷ്‌കൃതമായിരുന്ന പ്രയോഗങ്ങളും ശൈലികളും വിനിമയം ചെയ്യപ്പെടുക സ്വാഭാവികമാണ്. ശ്രോതാക്കള്‍ അവ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കേന്ദ്രങ്ങളില്‍ നടന്നിരുന്ന ഇത്തരം സംഗമങ്ങളെ ഏറെ പ്രയോജനപ്പെടുത്തുക ഖുറൈശികള്‍തന്നെയാണല്ലോ. ഈദൃശ കാരണങ്ങളാല്‍ ഖുര്‍ആന്റെ അവതരണത്തിന് പ്രഥമ പരിഗണന ലഭിക്കാന്‍ ഖുറൈശിഭാഷ അര്‍ഹമായിത്തീര്‍ന്നു. മാതൃകാ മുസ്വ്ഹഫുകളുടെ നിര്‍മാണവേളയില്‍ ‘ഖുര്‍ആന്‍ അവതരിച്ചത് ഖുറൈശികളുടെ ഭാഷയിലാണെന്ന്’ മൂന്നാം ഖലീഫ ഉസ്മാന്‍(റ) പ്രസ്താവിച്ചത് അനുസ്മരണീയമാണ്.

ഖുര്‍ആന്റെ അവതരണത്തോടെ സങ്കല്‍പാതീതമായ അഭ്യുന്നതിയാണ് അറബിഭാഷയ്ക്കുണ്ടായത്. ഖുര്‍ആന്റെ അവതരണത്തിനുമുമ്പ് അറേബ്യയുടെ വിവിധ മേഖലകളിലും ഗോത്രങ്ങളിലും അറബിഭാഷയുടെ പ്രാദേശിക വകഭേദ(ലഹ്ജ)ങ്ങളാണ് പ്രചാരത്തിലുണ്ടായിരുന്നത്. വിവിധ ഗോത്രങ്ങള്‍ തമ്മില്‍ പൂര്‍ണമായ ആശയവിനിമയം പോലും അസാധ്യമാകുന്ന തരത്തിലുള്ള അന്തരം ഈ ഉപഭാഷകള്‍ക്കിടയിലുണ്ടായിരുന്നു. വിഖ്യാത അറബിഭാഷാപണ്ഡിതനും കവിയുമായ അബൂ അംറിബ്‌നുല്‍ അലാഇ (മരണം:ഹി. 154) ന്റെ ഈ പ്രസ്താവനയില്‍നിന്ന് പ്രസ്തുത അന്തരത്തിന്റെ ആഴം ഗ്രഹിക്കാനാകും: ‘ഹിംയരികളുടെയും യമനിന്റെ വിദൂരദിക്കുകളിലുള്ളവരുടെയും ഭാഷ നമ്മുടെ ഭാഷയല്ല, അവരുടെ അറബി നമ്മുടെ അറബിയല്ല’. (ഉദ്ധരണം: അഹ്മദ് അമീന്‍- ദുഹല്‍ ഇസ്‌ലാം 2/224). ഇസ്‌ലാമികപൂര്‍വകാലത്ത്, യമനിലെ ഹിംയര്‍ വംശത്തിലെ ഒരു രാജാവിനെ സന്ദര്‍ശിച്ച ഹിജാസുകാരന്റെ കഥ പ്രസിദ്ധമാണ്: രാജാവ് ആഗതനോട് ‘ഇരിക്കൂ’ എന്ന അര്‍ഥത്തില്‍ സിബ് എന്നു പറഞ്ഞു. ഹിജാസുകാരനായ ആഗതന്‍ ഇരിക്കുന്നതിനു പകരം ചാടുകയാണ് ചെയ്തത്. വസബ എന്ന പദത്തിന് ഹിംയരിഭാഷയില്‍ ഇരുന്നു എന്നും ഹിജാസ്ഭാഷയില്‍ ചാടി എന്നും അര്‍ഥമായതാണ് ഇതിനു കാരണം. ഇത് മനസ്സിലാക്കിയ രാജാവ് പ്രസ്താവിച്ചുവത്രെ: ”ളഫാറി(ഒരു യമനീനഗരം)ലേക്കു കടന്നവന്‍ ഹിംയരിഭാഷ പഠിക്കണം”. ഖുര്‍ആന്റെ അവതരണം ഈ വൈജാത്യങ്ങള്‍ അവസാനിപ്പിക്കുകയും വ്യത്യസ്ത ഭാഷകളായി വഴിപിരിഞ്ഞുപോകാതെ അറബിഭാഷയെ ഏകീകരിച്ചു നിലനിര്‍ത്തുകയും ചെയ്തു. ഖുര്‍ആനില്ലായിരുന്നുവെങ്കില്‍ അറബിഭാഷ വിവിധ പ്രാദേശികഭാഷകളായി ഛിന്നിച്ചിതറുമായിരുന്നു. പ്രഫ. ഫിലിപ്പ് കെ. ഹിറ്റി ഈ വസ്തുതയിലേക്ക് ഇങ്ങനെ വിരല്‍ചൂണ്ടുന്നു:

”റോമാന്‍സ് ഭാഷകള്‍ (ലാറ്റിന്‍ഭാഷയില്‍നിന്ന് രൂപംകൊണ്ട ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളിലെ പ്രാദേശിക ഭാഷകള്‍)ക്ക് സംഭവിച്ചതുപോലെ അറബിഭാഷ സംസാരിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാദേശികഭാഷാരീതികള്‍ വിഭിന്നങ്ങളായ സ്വതന്ത്രഭാഷകളായി വേര്‍തിരിഞ്ഞുപോകാതിരുന്നത് ഖുര്‍ആന്‍ മൂലമാണ് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സാഹിത്യപരമായ സ്വാധീനം എത്രത്തോളമാണെന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും. ഇന്ന് ഒരു ഇറാഖുകാരന്‍ മൊറോക്കോകാരന്റെ സംസാരം പൂര്‍ണമായി മനസ്സിലാക്കാന്‍ അല്‍പം പ്രയാസപ്പെട്ടേക്കാമെങ്കിലും അയാളുടെ ലിഖിതഭാഷ ഗ്രഹിക്കാന്‍ ഒരു പ്രയാസവുമുണ്ടാകുന്നില്ല. കാരണം, ഇറാഖിലും മൊറോക്കോയിലും അതുപോലെ സിറിയ, അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലൊക്കെയും ഖുര്‍ആന്റെ മാതൃകയില്‍ രൂപപ്പെടുത്തപ്പെട്ട ക്ലാസിക്കല്‍ ഭാഷ ഗാഢമായി പിന്തുടരപ്പെടുന്നു” (ഹിസ്റ്ററി ഓഫ് അറബ്‌സ്, പേജ്: 127, ഉദ്ധരണം: ഇസ്‌ലാമികവിജ്ഞാനകോശം).

ഖുര്‍ആന്റെ ഭാഷയെന്ന നിലയില്‍ അറബിഭാഷ അനശ്വരവേദത്തിന്റെയും ദൈവികമതത്തിന്റെയും ഭാഷയായിത്തീര്‍ന്നു. ഖുര്‍ആന്റെ അക്ഷരാര്‍ഥങ്ങളുടെ സുരക്ഷിതത്വവും അനശ്വരതയും അല്ലാഹു ഉറപ്പുനല്‍കിയിട്ടുണ്ട്. ലോകാന്ത്യംവരെയുള്ള മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥവും മുസ്‌ലിംകളുടെ ഭരണഘടനയുമാണത്. അറബിഭാഷ ഗ്രഹിക്കാതെ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധ്യമല്ല. ഖുര്‍ആന്റെ ഗ്രാഹ്യതയ്ക്ക് അറബിഭാഷയുടെ നിലനില്‍പ് അനിവാര്യമാകുന്നു. അതിനാല്‍ ഖുര്‍ആന്റെ അനശ്വരത അറബിഭാഷയെയും അനശ്വരമാക്കി. പ്രഗത്ഭ ഇന്ത്യന്‍പണ്ഡിതനും ഗ്രന്ഥകാരനുമായ ഹമീദുദ്ദീന്‍ ഫറാഹി അറബിയില്‍ മാത്രമാണ് ഗ്രന്ഥരചന നടത്തിയത്. ഇന്ത്യക്കാരായ സാമാന്യജനത്തിന് പ്രയോജനപ്പെടണമെങ്കില്‍ ഗ്രന്ഥങ്ങള്‍ ഉര്‍ദുവിലായിരിക്കേണ്ടത് അനിവാര്യമാണെന്നിരിക്കെ അറബിയില്‍ രചന നടത്തിയതിന്റെ കാരണമന്വേഷിച്ചവരോട് അദ്ദേഹത്തിന്റെ മറുപടി: ”എന്റെ ഗ്രന്ഥങ്ങള്‍ അനശ്വരമാവാന്‍ ആഗ്രഹിക്കുന്നു”വെന്നായിരുന്നു. അറബിയൊഴികെ മറ്റൊരു ഭാഷയ്ക്കും അനശ്വരത ഉറപ്പുനല്‍കാന്‍ സാധ്യമല്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

അറേബ്യയുടെ ഹ്രസ്വമായ ഭൂപരിധിയില്‍നിന്ന് അറബിഭാഷയെ പുറത്തുകൊണ്ടുവരാനും ഖുര്‍ആന്നു സാധിച്ചു. ഇസ്‌ലാമിന്റെ വ്യാപനത്തിനൊപ്പം അറബിഭാഷ പ്രചരിച്ചുകൊണ്ടിരുന്നു. വിവിധ ഭാഷ സംസാരിച്ചിരുന്ന ഭിന്ന ദേശക്കാരായ മുസ്‌ലിംകളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുഭാഷയായിത്തീര്‍ന്നു അറബി. പലയിടങ്ങളിലും തദ്ദേശീയ ഭാഷകള്‍ തിരോഭവിക്കുകയും തല്‍സ്ഥാനം അറബിഭാഷ കൈയടക്കുകയും ചെയ്തു. പുതിയ പദപ്രയോഗങ്ങളും സങ്കേതങ്ങളും ആശയങ്ങളും നല്‍കി അറബിഭാഷയെ ഖുര്‍ആന്‍ സമ്പുഷ്ടമാക്കി. ജാഹിലീപശ്ചാത്തലത്തിലുള്ള പദപ്രയോഗങ്ങളില്‍ ഒതുങ്ങിനിന്ന അറബിഭാഷ ഇസ്‌ലാമിന്റെ സവിശേഷപ്രകൃതം രൂപകല്‍പന ചെയ്ത പദാവലികളാല്‍ സമ്പന്നമായിത്തീര്‍ന്നു. ഖുര്‍ആന്‍ അറബിഭാഷയ്ക്കു സമ്മാനിച്ച ഇത്തരം പദങ്ങളും പ്രയോഗങ്ങളും നിരവധിയാണ്. ഫുര്‍ഖാന്‍, കുഫ്ര്‍, ഈമാന്‍, ഇശ്‌റാക്, ഇസ്‌ലാം, നിഫാഖ്, സ്വൗമ്, സ്വലാത്, സകാത്ത്, തയമ്മും, റുകൂഅ്, സുജൂദ് തുടങ്ങിയവ ഉദാഹരണങ്ങള്‍.

കേവലം ചില പദങ്ങളുടെയോ പ്രയോഗങ്ങളുടെയോ ആവിഷ്‌കാരത്തിലൊതുങ്ങുന്നതല്ല; ദൈവികനിയമസംഹിതയുടെഅന്തസ്സത്തയുമായി ബന്ധപ്പെട്ടതാണീ പ്രതിഭാസം. അറബിഭാഷയെ സംബന്ധിച്ചേടത്തോളം തികച്ചും അന്യവും അപരിചിതവുമായിരുന്നു അതിന്റെ ഉള്ളടക്കം. അതു മുഖേന പദാര്‍ഥനിബദ്ധമായ ഇന്ദ്രിയാനുഭവങ്ങളുടെ വിതാനങ്ങളില്‍നിന്നുയര്‍ന്ന് ഇന്ദ്രിയാതീതമായ ആത്മജ്ഞാനത്തിന്റെ ഉത്തുംഗമേഖലകളില്‍ വിരാജിക്കാന്‍ അറബിഭാഷയ്ക്കു കഴിഞ്ഞു. ഖുര്‍ആനില്‍നിന്ന് നിരവധി വിജ്ഞാനശാഖകള്‍ ഉരുവം കൊള്ളുകയുണ്ടായി. അറബികള്‍ ആര്‍ജിച്ച ജ്ഞാനങ്ങളൊക്കെയും ഖുര്‍ആന്‍ അവരില്‍ അങ്കുരിപ്പിച്ച വിജ്ഞാനതൃഷ്ണയുടെ ഫലമാണെന്ന പ്രസ്താവനയില്‍ അത്യുക്തി ഒട്ടുമില്ല. ഇല്‍മുല്‍ ഖിറാആത്ത് (ഖുര്‍ആന്റെ പാഠഭേദങ്ങള്‍), തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം), അസ്ബാബുന്നുസൂല്‍ (അവതരണപശ്ചാത്തലം), നഹ്‌വ് (വ്യാകരണം), സ്വര്‍ഫ് (പദരൂപവിജ്ഞാനം), ഇല്‍മുല്‍ ബലാഗഃ (അലങ്കാരശാസ്ത്രം), ഇല്‍മുല്ലുഗഃ (ഭാഷാശാസ്ത്രം), ഇല്‍മുല്‍ അദബ് (സാഹിത്യവിജ്ഞാനം), ഇല്‍മുല്‍ ഇശ്തിഖാഖ് (പദോല്‍പത്തി ശാസ്ത്രം), ഇല്‍മുല്‍ഖുര്‍ആന്‍ (ഖുര്‍ആന്‍ വിജ്ഞാനം), ഇല്‍മുല്‍ ഹദീസ് (ഹദീസ് വിജ്ഞാനം), ഫിഖ്ഹ് (കര്‍മശാസ്ത്രം), ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്രനിദാന തത്ത്വങ്ങള്‍) തുടങ്ങിയവ ഖുര്‍ആനില്‍നിന്നുയിര്‍ക്കൊണ്ട വിജ്ഞാനശാഖകളില്‍ ചിലതുമാത്രമാണ്. ഖുര്‍ആനില്‍നിന്ന് ആവിര്‍ഭവിച്ചതും സ്വതന്ത്രപഠനങ്ങള്‍ക്കും രചനകള്‍ക്കും വിഷയീഭവിച്ചതുമായ ഒട്ടേറെ വിജ്ഞാനങ്ങളെ ഇമാം സുയൂത്വി, അല്‍ഇത്ഖാന്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഇസ്‌ലാമികപൂര്‍വകാലത്തെ പ്രസിദ്ധ കവികളുടെ കവിതകള്‍ സംരക്ഷിക്കപ്പെടാനും ഇക്കാലത്തുപോലും പഠനവിധേയമായിത്തീരാനും കാരണമായത് ഖുര്‍ആനാകുന്നു. ഖുര്‍ആനിലെ പ്രചാരലുപ്തമായ (ഗരീബ്) പദങ്ങളുടെ അര്‍ഥവും നിഷ്പത്തിയും ഗ്രഹിക്കാന്‍ ഖുര്‍ആന്‍വ്യാഖ്യാതാക്കളും ഭാഷാപണ്ഡിതന്മാരും അറബികവിതകളെയാണ് ആശ്രയിച്ചിരുന്നത്. ഇബ്‌നുഅബ്ബാസ് പ്രസ്താവിച്ചു: ”കവിത അറബികളുടെ നോട്ടുകളാകുന്നു. അറബിയിലവതരിച്ച ഖുര്‍ആനിലെ വല്ല പദത്തിന്റെയും ഉദ്ദേശ്യം അവ്യക്തമായിരുന്നാല്‍ പ്രസ്തുത നോട്ടുകളെ അവലംബിച്ച് ഞങ്ങള്‍ അത് കണ്ടെത്തും”. കവിതകള്‍ ഹൃദിസ്ഥമാക്കാനും ഖുര്‍ആനികപദങ്ങളുടെ അര്‍ഥകല്‍പനക്ക് അവയില്‍ തെളിവ് കണ്ടെത്താനും ഇബ്‌നുഅബ്ബാസിന് അനിതരസാധാരണമായ കഴിവായിരുന്നു (സുയൂത്വി- അല്‍ഇത്ഖാന്‍). ഖുര്‍ആനികപദങ്ങളുടെ അര്‍ഥവും നിഷ്പത്തിയും അന്വേഷിച്ചു ഗ്രഹിക്കാനുള്ള അഭിവാഞ്ഛയാണ് ജാഹിലീകവിതകള്‍പോലും പഠനവിധേയമാകാനും സൂക്ഷിക്കപ്പെടാനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാനും നിമിത്തമായത്. ഇംറുഉല്‍ ഖൈസ്, ലബീദ്, സുഹൈര്‍ തുടങ്ങിയ ജാഹിലീകവികളുടെ സൃഷ്ടികള്‍ ഇന്നും വായിക്കപ്പെടാനുള്ള കാരണവും അതുതന്നെ. ജാഹിലീകവിതകളോളം പഴക്കമുള്ള ഒരു സാഹിത്യസൃഷ്ടിയും മൂലരൂപത്തില്‍ മറ്റൊരു ഭാഷയിലും ഇന്ന് ലഭ്യമല്ല. ഉണ്ടെങ്കില്‍തന്നെ ആധുനികകാലക്കാര്‍ക്കത് സുഗ്രാഹ്യമായിരിക്കുകയില്ല.

അറബിഭാഷയിലും സാഹിത്യത്തിലും ഖുര്‍ആന്‍ ചെലുത്തിയ സ്വാധീനം ലോകത്ത് ഒരു ഭാഷയിലും ആ ഭാഷയിലെ ഏതെങ്കിലുമൊരു ഗ്രന്ഥം ചെലുത്തിയിട്ടില്ല. പതിനാലു നൂറ്റാണ്ട് പിന്നിട്ടശേഷവും അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അത്യുദാത്ത മാതൃകയായി ഖുര്‍ആന്‍ വിരാജിക്കുന്നു. ഖുര്‍ആനിനു സമാനമോ അതിനോടടുത്ത് നില്‍ക്കാവുന്നതോ ആയ ഒരു ഗ്രന്ഥവും അറബിഭാഷയില്‍ ഇതേവരെ ഉണ്ടായിട്ടില്ല. കാലപ്പഴക്കത്താല്‍ അതിലെ ഏതെങ്കിലും പദമോ പ്രയോഗമോ വ്യവഹാരതലത്തില്‍നിന്ന് നിഷ്‌ക്രമിച്ചിട്ടില്ല. ഖുര്‍ആന്റെ ഭാഷ തന്നെയാണ് ഇന്നും ശുദ്ധമായ അറബിഭാഷ.

About the author

admin

Leave a Comment