പരിസ്ഥിതിക്ക് മതങ്ങള്‍ മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിയെ തകര്‍ക്കുന്നത് കുറ്റവും പാപവുമായി എല്ലാ മതങ്ങളും പരിഗണിക്കുന്നു. ഇസ്ലാമാകട്ടെ പരിസ്ഥിതിശാസ്ത്രത്തെ സുഭദ്രവും പ്രായോഗികവുമായ ഒരു ദര്‍ശനത്തിന്റെ ചട്ടക്കൂട്ടില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനും ജൈവലോകവും ഇതര പ്രകൃതിവസ്തുക്കളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതബന്ധത്തെ അത് ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ അധാര്‍മികമായ ഇടപെടല്‍ അതിനെ ദുഷിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ദൈവികസംവിധാനത്തിന്റെ ഭാഗമെന്ന നിലയ്ക്ക് പരിസ്ഥിതിയുടെ പുണ്യഭാവത്തെ എടുത്തുകാട്ടുമ്പോഴും പ്രകൃതിയില്‍ ദൈവികത്വം ആരോപിക്കുന്നതിനെ ഇസ്ലാം നിരാകരിക്കുന്നു. ഖുര്‍ആന്‍ അടിസ്ഥാനപരമായി പരിസ്ഥിതിശാസ്ത്രഗ്രന്ഥമല്ലെങ്കിലും അതിലെ പരിസ്ഥിതിസംബന്ധമായ പരാമര്‍ശങ്ങളില്‍ അയുക്തികമോ ശാസ്ത്രവിരുദ്ധമോ ആയ യാതൊന്നുമില്ല. ആത്മീയമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭൗതിക പരിസ്ഥിതിയെ അടക്കം കാണുന്നതാണ് അതിന്റെ രീതി. ആത്മീയതയ്ക്കു പകരം പാശ്ചാത്യഭൗതികത ആധിപത്യം നേടിയ വ്യവസായവത്കൃത നാഗരികതയിലാണ് പരിസ്ഥിതിദൂഷണം ഗണ്യമായിത്തുടങ്ങിയതെന്നത് യാദൃഛികമല്ല. ഒരൊറ്റ നൂറ്റാണ്ടു കൊണ്ട് പരിസ്ഥിതിയോടുള്ള ഭൗതികസമീപനം അതിനെ നാശോന്മുഖമാക്കി.
സര്‍വതലസ്പര്‍ശിയായ ഒരു ജീവിതദര്‍ശനത്തിന്റെയും പ്രപഞ്ചവീക്ഷണത്തിന്റെയും ഭാഗമാണ് ഖുര്‍ആനെ സംബന്ധിച്ചേടത്തോളം പരിസ്ഥിതിശാസ്ത്രം. പ്രകൃതിയെ സന്തുലിതത്വത്തോടെ സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. പ്രകൃതിയിലെ എല്ലാ വ്യവസ്ഥിതികളും ഈ സമഗ്രസന്തുലിതത്വത്തോട് തികഞ്ഞ ചേര്‍ച്ചയോടെ നിലനില്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു:
”…… ആകാശത്തിന്റെ മേല്‍പ്പുര നന്നായി ഉയര്‍ത്തി, സന്തുലിതമായി സ്ഥാപിച്ചു. അതിന്റെ രാവിനെ മൂടി, പകലിനെ വെളിപ്പെടുത്തി. അനന്തരം ഭൂമിയെ പരത്തി. അതില്‍ ജലവും സസ്യങ്ങളുമുണ്ടാക്കി. പര്‍വതങ്ങളെ ഉറപ്പിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ മൃഗങ്ങള്‍ക്കുമുള്ള ജീവിതവിഭവമായിട്ടത്രെ ഇതൊക്കെയും” (79:27-33). ”ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. എന്നിട്ടവന്‍ ഉപരിവാനത്തേക്ക് തിരിഞ്ഞ്, അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു” (2:29). ”….. ഭൂമിയില്‍ സകലവിധ സസ്യങ്ങളെയും കൃത്യമായ അളവില്‍ മുളപ്പിച്ചു…..” (15:19).
ധാര്മികപരിസ്ഥിതിയിലെ കാര്യകാരണബന്ധം ഭൗതികപരിസ്ഥിതിയിലും ഉണ്ട്. നന്മ ചെയ്താല്‍ പ്രതിഫലവും തിന്മ ചെയ്താല്‍ ശിക്ഷയുമുള്ളതുപോലെ പ്രകൃതിയിലെ സന്തുലനം തകിടംമറിച്ചാല് ദോഷകരമായ ഫലങ്ങളുണ്ടാകും. ആര്‍ത്തിപൂണ്ട പ്രവൃത്തികളിലൂടെ മനുഷ്യന് ചെയ്തുകൂട്ടുന്ന അരുതായ്മകളാണ് പ്രകൃതിസന്തുലനം തകര്‍ത്ത് പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എങ്ങനെയും ലാഭമുണ്ടാക്കി കുന്നുകൂട്ടാനുള്ള ലക്ഷ്യത്തോടെ വന്‍കിടവ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രകൃതിദൂഷണം കാലാവസ്ഥയെ തകിടംമറിക്കുന്നു. ആഗോളതാപനം ഇന്ന് ഭൂമിയുടെ രോഗാവസ്ഥ സൂചിപ്പിക്കുന്നു. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഓസോണ്‍ പാളി എന്ന അന്തരീക്ഷ രക്ഷാകവചത്തില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ഈ ‘പനി’യുടെ കാരണമത്രെ. വരുന്ന പതിറ്റാണ്ടുകളില്‍ ഇതു കാരണം സമുദ്രനിരപ്പ് ഉയരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ‘തുവാലു’ പോലുള്ള ദ്വീപുകള്‍ കടലില്‍ മുങ്ങും. അവിടങ്ങളിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരും. ഓരോ വര്‍ഷവും അര ലക്ഷം വീതം ജീവി-സസ്യവര്‍ഗങ്ങള്‍ കുറ്റിയറ്റുപോകുന്നു. ഓരോ ദിവസവും 2,14,000 ഏക്കര്‍ വീതം മഴക്കാട് ഇല്ലാതാകുന്നു. പരിസ്ഥിതി വിനാശത്തിന്റെ ചെറിയ സൂചികമാത്രമാണിത്.
വൈവിധ്യം, സന്തുലനം
സസ്യ-ജന്തുജീവജാലങ്ങളടങ്ങുന്ന ജൈവമണ്ഡലവും (ബയോസ്ഫിയര്‍)അവയെ നിലനിര്‍ത്തുന്ന ഭൗതികസാഹചര്യങ്ങളും ഇവയെ മുഴുവന്‍ കണ്ണിചേര്‍ക്കുന്ന പരസ്പരാശ്രിതത്വവും ചേര്‍ന്നതാണ് പരിസ്ഥിതി. വായു, ജലം, മണ്ണ്, താപനില, പ്രകാശം, മഴ, കാറ്റ്, സൗരവികിരണം തുടങ്ങിയവയെല്ലാം മനുഷ്യനടക്കമുള്ള ജീവികളെ നേരിട്ടുബാധിക്കുന്നു. അന്യോന്യം ആശ്രയിക്കുന്ന സന്തുലിതമായ ഒരു ആവാസവ്യവസ്ഥയായിട്ടാണ് ഭൂമിയെ അല്ലാഹു സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പലകുറി എടുത്തുപറഞ്ഞതായി കാണാം.
‘ബയോസ്ഫിയര്‍’ എന്ന ജൈവമണ്ഡലം പരിസ്ഥിതിസമൂഹത്തിലെ പല മേഖലകളെയും ആശ്രയിക്കുന്നു. അവയില്‍ അന്തരീക്ഷമണ്ഡലം (അറ്റ്മോസ്ഫിയര്‍), ജലമണ്ഡലം (ഹൈഡ്രോസ്ഫിയര്‍), മണ്ണും പാറയും മറ്റുമടങ്ങുന്ന മണ്ഡലം (ലിത്തോസ്ഫിയര്‍) മുതലായവപെടുന്നു. ഇവയ്ക്കിടയിലെ പരസ്പരാശ്രിതത്വത്തെ നിയന്ത്രിക്കുന്ന നിയമങ്ങളാണ് തെര്‍മോ ഡൈനാമിക്സ് സിദ്ധാന്തം, ഊര്ജമൊഴുക്ക്, ഓട്ടോട്രോഫി, ഭക്ഷ്യശൃംഖല, ജലചംക്രമണം, രാസചക്രങ്ങള് തുടങ്ങിയവ.
പരിസ്ഥിതി മനുഷ്യരാശിയുടെ പൊതുസ്വത്താണ്. ഒരു ന്യൂനപക്ഷത്തിന്റെ പോലും ആര്‍ത്തി അതിനെ നശിപ്പിക്കും. ഇസ്ലാമികസംസ്കാരത്തിന്റെ പ്രതാപകാലത്ത് കരയിലും ജലത്തിലും മറ്റുമായി ഒട്ടുവളരെ സംരക്ഷിതമേഖലകളുമുണ്ടായിരുന്നു. (പുല്ലുമേയാന്‍ കാലികളെ അനുവദിക്കരുതാത്ത പ്രദേശങ്ങള്‍, മരം മുറിക്കല്‍ വിലക്കിയ വനപ്രദേശങ്ങള്‍, ചില കാലങ്ങളില്‍ മാത്രം പുല്ലു മേയാന്‍ അനുവാദമുള്ള ഇടങ്ങള്‍, തേനീച്ചകള്‍ക്ക് തേന്‍ ശേഖരിക്കാന്‍ പാകത്തില്‍ സംരക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍, സമൂഹത്തിന്റെ പൊതുസ്വത്തായി നിലനിര്‍ത്തേണ്ട മറ്റു സ്ഥലങ്ങള്‍ തുടങ്ങിയവയായിരുന്നു ഈ സംരക്ഷിതമേഖലകള്‍ അഥവാ ‘ഹിമ’). മിതത്വവും സന്തുലനവും പാലിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു (ഉദാ: 55:5-13, 15:19-21), പരിസ്ഥിതിസംരക്ഷണത്തിന് ആഹ്വാനം നല്കുന്നു (6:165, 10:14, 35:39), മലിനീകരണവും ധൂര്‍ത്തും വിലക്കുന്നു (7:31, 21:9, 26:151, 17:26,27), ‘ഭൂമിയില്‍ അക്രമം’ അരുതെന്ന് പറയുന്നു (27:11, 7:56, 85, 30:41).
അല്ലാഹു പ്രപഞ്ചവും അതിലെ ജീവജാലങ്ങളും വസ്തുക്കളും നിയമങ്ങളും സൃഷ്ടിച്ചത് തികഞ്ഞ സന്തുലിതത്വത്തോടെയാണ്, ”….ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തേക്ക് തിരിയുകയും അതിനെ ഏഴാകാശങ്ങളായി ചിട്ടപ്പെടുത്തുകയും ചെയ്തു” (2:29). ചിട്ട, ക്രമപ്പെടുത്തല്‍, സംവിധാനം, വ്യവസ്ഥ തുടങ്ങിയ പ്രയോഗങ്ങള്‍ പരിസ്ഥിതിയും പ്രകൃതിയും സംബന്ധിച്ച ഖുര്‍ആന്റെ പരാമര്‍ശങ്ങളോട് ബന്ധപ്പെട്ടവയാണ്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെ തെളിവുകളാണ് ഈ ചിട്ടയും സന്തുലനവും. ഈ വ്യവസ്ഥ തകിടംമറിച്ചാല് അത് പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ എടുത്തുപറഞ്ഞതായി കാണാം. പ്രകൃതിയെക്കുറിച്ചും അതിന്റെ ആസൂത്രണത്തെക്കുറിച്ചും നിഗൂഢതകളെക്കുറിച്ചും ചിന്തിക്കാന്‍ മനുഷ്യനെ അത് ക്ഷണിക്കുന്നു. ഖുര്‍ആനില്‍ കല്പനകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പ്രകൃതിവര്‍ണനകള്‍. പരിസ്ഥിതിസംബന്ധമായ പരാമര്‍ശങ്ങളും അക്കൂട്ടത്തില്‍പെടും. ജന്മവാസനയെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട് (16:68).
ഖുര്‍ആനിലെ അര്‍ദ് എന്ന പദം ഇന്ന് നാം പറയാറുള്ള ജൈവമണ്ഡലത്തെ (ബയോസ്ഫിയര്‍)യാണ് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവിസമൂഹങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ”അവര്‍ പറയുന്നു: ഈ പ്രവാചകന് അദ്ദേഹത്തിന്റെ റബ്ബിങ്കല്നിന്ന് ഒരു ദൃഷ്ടാന്തവും അവതരിക്കാത്തതെന്ത്? പറയുക: ദൃഷ്ടാന്തമവതരിപ്പിക്കാന് തികച്ചും കഴിവുള്ളവനാകുന്നു അല്ലാഹു. പക്ഷേ, അവരിലധികമാളുകളും അജ്ഞതയിലകപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും വായുവില്‍ പറക്കുന്ന ഏതു പറവയെയും നോക്കുവിന്‍. അവയൊക്കെയും നിങ്ങളെപ്പോലുള്ള വര്ഗങ്ങള്തന്നെയാകുന്നു” (6:37,38).
”ഇവര്‍ ഭൂമിയിലേക്കു നോക്കിയിട്ടില്ലയോ, എത്ര പെരുത്ത അളവിലാണ് നാം അതില്‍ സകലയിനം മെച്ചപ്പെട്ട സസ്യങ്ങളെയും മുളപ്പിച്ചിട്ടുള്ളത്” (26:7). ”ഭൂമിയെ നാം ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒന്നിച്ചുള്ക്കൊള്ളുന്നതാക്കിയില്ലയോ? അതില്‍ ഉത്തുംഗമായ പര്‍വതങ്ങളുറപ്പിക്കുകയും നിങ്ങളെ തെളിനീര് കുടിപ്പിക്കുകയും ചെയ്യുന്നില്ലയോ?” (77:27).
”അവനാകുന്നു ഭൂമിയെ നിങ്ങള്‍ക്ക് വശപ്പെടുത്തിത്തന്നത്. അതിന്റെ മാറിലൂടെ നിങ്ങള്‍ നടന്നുകൊള്ളുവിന്‍. ദൈവദത്തമായ വിഭവങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്” (67:15).
പരിസ്ഥിതിവ്യവസ്ഥയുടെയും സന്തുലനത്തിന്റെയും സാരാംശം ഖുര്‍ആന്‍ ചുരുക്കി വര്‍ണിക്കുന്നതിങ്ങനെ: ”ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ പര്‍വതങ്ങളുറപ്പിക്കുകയും ചെയ്തു. അതില്‍ സകലവിധം സസ്യങ്ങളെയും കൃത്യമായ പരിമാണത്തില്‍ മുളപ്പിക്കുകയും ചെയ്തിട്ടുണ്ട്” (15:19).
ഭൂമിയിലുളള സകലതും കൃത്യമായ അളവിലും സന്തുലിതത്വത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ധാതുലോകം സസ്യലോകത്തെ താങ്ങിനിര്‍ത്തുന്നു; സസ്യലോകം ജന്തുലോകത്തെയും. ഇവയെല്ലാം തമ്മില്‍ പരസ്പരാശ്രിതത്വത്തിന്റെ ശക്തമായ ചങ്ങലയുണ്ട്. ദുര്‍മേദസ്സ് ശുദ്ധീകരിക്കപ്പെടുന്നു- ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുന്നു. ഒരു കൂട്ടര് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവിടുമ്പോള്‍ മറ്റൊരു കൂട്ടര് ഓക്സിജന്‍ പുറത്തുവിടുന്നു. രണ്ടും പരസ്പരം നിലനിര്‍ത്തുന്നു. ജലചാക്രികതയും ഭക്ഷ്യശൃംഖലയും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്. എന്തിന്, പൊതുവെ എല്ലാ വസ്തുക്കളും തണുക്കുമ്പോള്‍ സങ്കോചിക്കുകയും ചൂടുപിടിക്കുമ്പോള്‍ വികസിക്കുകയും ചെയ്യുന്നു, വെള്ളമൊഴിെക. അത് ഐസ് കട്ടയാകുമ്പോള്‍ വികസിക്കുന്നു. അക്കാരണത്താല്‍ കടലിലും പുഴകളിലും ജലം തണുത്തുറയുമ്പോള്‍ ഐസ്ഭാഗം മുകളില്‍ നില്ക്കുന്നു. തണുപ്പ് താഴേക്ക് ചെല്ലാതെ ജലജീവികളെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
ജൈവവൈവിധ്യത്തെ (സസ്യവൈവിധ്യത്തെ) സൂചിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”വിണ്ണില്‍നിന്ന് ജലം വര്‍ഷിപ്പിക്കുന്നതും അവന്‍തന്നെയാകുന്നു. അങ്ങനെ അതുവഴി സകല സസ്യവര്‍ഗങ്ങളെയും നാം മുളപ്പിച്ചു. എന്നിട്ടതില്‍നിന്ന് ഹരിതാഭമായ വയലുകളും വൃക്ഷങ്ങളും വളര്‍ത്തി. അനന്തരം നാം അതില്‍ ധാന്യമണികള്‍ ഇടതിങ്ങിയ കതിരുകള്‍ ഉല്പാദിപ്പിച്ചു. ഈത്തപ്പനയുടെ കൊതുമ്പില്‍ ഭാരത്താല്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ ഉല്പാദിപ്പിച്ചു. സദൃശങ്ങളും എന്നാല്‍ ഓരോന്നിനും വ്യതിരിക്തമായ സവിശേഷതകളുള്ളതുമായ ഫലങ്ങളുണ്ടാക്കുന്ന, മുന്തിരിയുടെയും ഒലിവിന്റെയും ഉറുമാനിന്റെയും തോട്ടങ്ങളുണ്ടാക്കി….” (6:99). മറ്റൊരിടത്ത്: ”നോക്കുക: ഭൂമിയില്‍ വെവ്വേറെ ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേര്‍ന്നു ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. മുന്തിരിത്തോപ്പുകളുണ്ട്, വയലുകളുമുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്കവൃക്ഷങ്ങളുണ്ട്. എല്ലാറ്റിനും ഒരേ ജലമാകുന്നു സേചനം ചെയ്യുന്നത്. എന്നാല്‍ രുചിയില്‍ നാം ചിലതിനെ ഏറെ വിശിഷ്ടമാക്കുന്നു. ചിലതിന് രുചി കുറക്കുകയും ചെയ്യുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഈ വസ്തുക്കളിലെല്ലാം ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” (13:4).
അറേബ്യയിലെ ഗോത്രങ്ങള്‍ പരസ്പരവൈരം തീര്‍ക്കാന്‍ എതിര്ഗോത്രക്കാരുടെ ഈത്തപ്പനകള്‍ വെട്ടിനശിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത് ഭൂമിയോടു തന്നെ ചെയ്യുന്ന പാപമായി (ഫസാദുന് ഫില്‍ അര്‍ദ്) ഖുര്‍ആന്‍ വിശേഷിപ്പിച്ചു. യുദ്ധവേളയില്‍ പോലും നിരപരാധികളെ കൊല്ലുകയോ പച്ചപ്പുകള്‍ ഒന്നുംതന്നെ വെട്ടിക്കളയുകയോ അരുതെന്ന് കര്‍ശനമായി കല്പിച്ചു.
ഭൂമിയില്‍ ഊര്‍ജത്തിന്റെ പ്രഭവകേന്ദ്രം സൂര്യനാണ്. സൂര്യന് പുറത്തുവിടുന്ന വെളിച്ചവും ചൂടുമാണ് ഭൗമജീവിതത്തെ താങ്ങിനിര്‍ത്തുന്നത്. അത് ഊര്‍ജം പ്രസരിപ്പിക്കുന്നു. ഋതുക്കള്‍ക്കും ദിനരാത്രങ്ങള്‍ക്കും കാരണമാകുന്നു. സൂര്യചന്ദ്രന്മാര് വേലിയേറ്റവും വേലിയിറക്കവുമുണ്ടാക്കുന്നു. ജീവന് സുപ്രധാനമായ അന്തരീക്ഷമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. 14:33-ല്‍ ഇതിനെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. സൂര്യനെ വിളക്ക് (സിറാജ്) എന്നും ചന്ദ്രനെ വെളിച്ചം (നൂര്‍) എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതായികാണാം.
വെള്ളം ജീവന്റെ ലക്ഷണവും ഉത്ഭവവുമാണ്. ജീവന് ഉണ്ടായത് ജലത്തില്നിന്നാണെന്ന് ശാസ്ത്രം അഭിപ്രായപ്പെടുന്നു. പ്രോട്ടോപ്ലാസത്തിന്റെ 80-85 ശതമാനവും ജലമാണ്. സകല ജീവജാലങ്ങളെയും ജലത്തില്‍നിന്ന് സൃഷ്ടിച്ചു എന്നാണ് ഖുര്‍ആന്‍ പറയുന്നത് (21:30).
ജലചംക്രമണവ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍: ”തന്റെ അനുഗ്രഹത്തിനു മുന്നോടിയായി കാറ്റുകളെ ശുഭവാര്‍ത്തയുമായി അയച്ചവനും അവന് തന്നെയാകുന്നു. പിന്നെ വിണ്ണില്‍നിന്ന് ശുദ്ധജലമിറക്കുന്നു. മൃതദേശങ്ങളെ അതുവഴി സജീവമാക്കുന്നതിനും തന്റെ സൃഷ്ടികളില്‍ ധാരാളം മൃഗങ്ങളെയും മനുഷ്യരെയും കുടിപ്പിക്കുന്നതിനുംവേണ്ടി. അവര്‍ ഉദ്ബുദ്ധരാകുന്നതിനുവേണ്ടി നാം ഈ പ്രക്രിയ പലവട്ടം അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. എന്നാല്‍, അധികപേരും നിഷേധവും കൃതഘ്നതയുമല്ലാത്ത മറ്റൊരു നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു” (25:48-50).
ജലചംക്രമണവ്യവസ്ഥ കൃഷിക്ക് ആധാരമായി വര്‍ത്തിക്കുന്നുവെന്നും ഖുര്‍ആന്‍ ലളിതമായി വിശദീകരിക്കുന്നു: ”കാണുന്നില്ലേ നിങ്ങള്‍; അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിച്ചതും എന്നിട്ടതിനെ നീരൊഴുക്കുകളായി ഭൂമിയിലൊഴുക്കിയതും? പിന്നെ ആ ജലം മുഖേന വിവിധ വര്‍ഗങ്ങളിലുള്ള പല പല വിളകളുല്പ്പാദിപ്പിക്കുന്നു….” (39:21). ”…. ഈത്തപ്പനയുടെയും മുന്തിരിയുടെയും ധാരാളം തോപ്പുകളുണ്ടാക്കി അതില്‍ എത്രയോ ഉറവകള്‍ പ്രവഹിപ്പിച്ച” (36:34) ദൈവത്തോടു മനുഷ്യന് നന്ദികേട് കാണിക്കുന്നുവെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷമേഘങ്ങളെ പേറിയെത്തുന്ന കാറ്റിനെപ്പറ്റി 45:5-ല്‍ പറയുന്നുണ്ട്: ”രാപ്പകല്വ്യത്യാസത്തിലും അല്ലാഹു ആകാശത്തുനിന്ന് വര്‍ഷിക്കുന്ന വിഭവത്തിലും (ദൃഷ്ടാന്തങ്ങളുണ്ട്). നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി അവന് സജീവമാക്കുന്നു. കാറ്റുകളുടെ കറക്കത്തിലും, ബുദ്ധിയുപയോഗിക്കുന്ന ജനത്തിന് നിരവധി ദൃഷ്ടാന്തങ്ങളുണ്ട്….”.
ജല ആവാസവ്യവസ്ഥയെക്കുറിച്ച് ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങള്‍ കാണാം. വന്നദികള് സമുദ്രത്തില്‍ ചേരുന്ന അഴിമുഖപ്രദേശങ്ങളിലും സമുദ്രത്തില്‍തന്നെ ചിലേടത്തുള്ള നീരുറവ പ്രദേശങ്ങളിലും ഉപ്പുവെള്ളവും തെളിനീരും കൂടിക്കലരാതെ നിലകൊള്ളുന്ന പ്രതിഭാസത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ”രണ്ട് സാഗരങ്ങളെ കൂട്ടിച്ചേര്‍ത്തതും ദൈവംതന്നെ. ഒന്ന് സ്വാദിഷ്ടമായ തെളിനീര്. മറ്റേത് ചവര്‍പ്പുറ്റ ഉപ്പുനീരും. രണ്ടിനുമിടയില്‍, കൂടിക്കലരുന്നത് അസാധ്യമാക്കുന്ന ഒരു മറയുണ്ട്….” (25:53).
ജലം ഗതാഗതത്തിന് ഉപകാരപ്പെടുന്ന കാര്യം പലേടത്തായി പരാമര്‍ശിച്ചിരിക്കുന്നു. (ഉദാ: 23:18-22). ജീവവൈവിധ്യം നിറഞ്ഞതും മനുഷ്യര്‍ക്ക് ഭക്ഷണത്തിനും അലങ്കാരത്തിനും ഉപകാരപ്പെടുന്നതുമായ ഈ ജലവ്യവസ്ഥയെ 35:12-ലും 55:19-23 ലും ഖുര്‍ആന്‍ എടുത്തുകാട്ടിയിട്ടുണ്ട്. പ്രകൃതിയെക്കുറിച്ചുള്ള അനേകം സൂക്തങ്ങളില്‍ അവ മനുഷ്യര്‍ക്ക് സ്വാഭാവികമായ പ്രയോജനം നല്‍കുന്നുവെന്നും അവ വൈജാത്യവും വൈവിധ്യവും ഉള്‍ക്കൊള്ളുന്നുവെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു.
ജലമലിനീകരണത്തെ ഒരു കുറ്റമെന്നോണമാണ് ഇസ്ലാം പരാമര്‍ശിക്കുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയോ വസ്ത്രം കഴുകുകയോ ചെയ്യുന്നത് നബി(സ) വിലക്കി. രസത്തിനുവേണ്ടി വേട്ടയാടുന്നതും മൃഗങ്ങളെ പീഡിപ്പിക്കുന്നതും ഗുരുതരമായ പാതകങ്ങളാണ്. മൃഗങ്ങളെ അറുക്കുന്നിടത്തുപോലും കരുണ കാണിക്കണമെന്ന് നബി ഉപദേശിച്ചു: കത്തിക്ക് മൂര്‍ച്ച വേണം, അറവുമൃഗം കാണ്‍കെ കത്തി അണയ്ക്കരുത്, മറ്റു മൃഗങ്ങള്‍ കാണ്‍കെ അറുക്കരുത്, അറവുശാലയിലേക്ക് വലിച്ചിഴയ്ക്കരുത്, അറുത്ത ശേഷം പിടയാന്‍ സമ്മതിക്കാത്ത രൂപത്തില്‍ കെട്ടിയിടരുത്.
പരിസ്ഥിതി അന്യവത്കരിക്കപ്പെടുന്നു
പ്രകൃതിവിരുദ്ധതയിലൂന്നിയ ആധുനിക സാങ്കേതികവിദ്യയില്‍ ഇസ്ലാമികസമൂഹങ്ങള്‍ പിറകോട്ടു തള്ളപ്പെട്ടത് സ്വാഭാവികമാണെന്ന് സയ്യിദ് ഹുസൈന് നസ്വ്റിനെപ്പോലുള്ളവര് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം, ഇസ്ലാം അടിസ്ഥാനപരമായി മനുഷ്യപ്രകൃതത്തോടും ബാഹ്യപ്രകൃതിയോടും ചേര്‍ന്നുനില്‍ക്കുന്ന മതമാണ്. ”ഇസ്ലാമികലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മനുഷ്യനും പ്രകൃതിപരിസരവുമായുള്ള കൂട്ടുപ്രവര്‍ത്തനം. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കെന്നപേരില്‍ പ്രകൃതിവിഭവങ്ങളെ ഏകപക്ഷീയമായി ഊറ്റിയെടുക്കുന്നതോ ആക്രമണോത്സുകതയോടെ നശിപ്പിക്കുന്നതോ അവിടെ കാണാനാവില്ല”. മാത്രമല്ല, ”പുറത്തുനിന്ന് ഹിംസാത്മകമായ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യനെയും പരിസ്ഥിതിയെയും ഇണക്കിക്കൊണ്ടുള്ള വ്യവസ്ഥിതി ഇസ്ലാമികലോകത്ത് അനന്തമായി തുടരുമായിരുന്നു എന്നാണ് തോന്നുന്നത്” (നസ്വ്ര്‍- ഇസ്ലാമിക് സയന്‍സ്).
ഇത് ശരിയാണെങ്കിലും ആധുനികലോകത്തിന്റെ പരിസ്ഥിതിപ്രശ്നങ്ങള്ക്കുള്ള ഇസ്ലാമികപരിഹാരം എന്തെന്നതിനെപ്പറ്റി പഠനങ്ങള്‍ നടക്കേണ്ടതായിട്ടാണിരിക്കുന്നത്.
മനുഷ്യരാശിക്കുമേല്‍ പരിസ്ഥിതിദൂഷണമെന്ന മഹാമാരി അടിച്ചേല്പിച്ചത് പാശ്ചാത്യഭൗതികസംസ്കാരവും അതിന്റെ ഉല്പന്നമായ വ്യാവസായികസംസ്കാരവുമാണ്. ഇന്ന്, പക്ഷേ, പരിസ്ഥിതിത്തകര്ച്ച പാശ്ചാത്യനാടുകളില്‍ മാത്രമല്ല മുസ്ലിം രാജ്യങ്ങളിലുമുണ്ട് എന്നതാണ് വാസ്തവം. 18-ാം നൂറ്റാണ്ടില്‍ ലോകത്ത് സ്വാധീനമുറപ്പിച്ച പാശ്ചാത്യനാഗരികതയുടെ കടന്നുകയറ്റത്തില്‍ ഇസ്ലാമികസംസ്കൃതിയുടെ അടിവേരുകള്‍ വരെ ദ്രവിച്ചു. ഇന്ന് കയ്റോ മുതല്‍ തെഹ്റാന് വരെ വായുമലിനീകരണം രൂക്ഷമാണ്. യമനിലെ കുന്നുകളെല്ലാം മണ്ണൊലിപ്പുഭീഷണിയില്; മലേഷ്യയിലെയും ബംഗ്ലാദേശിലെയും ഇന്തോനേഷ്യയിലെയും കാടുകള്‍ നാശഭീഷണിയില്‍. ഖുര്‍ആനികമായ പരിസ്ഥിതിവീക്ഷണത്തിന്റെ യാതൊരു ലക്ഷണവും ‘മുസ്ലിം’ പ്രദേശങ്ങളില്‍ ദൃശ്യമല്ല. ജപ്പാനിലെ ബുദ്ധമതദര്ശനത്തിലും ചൈനയിലെ താവോദര്ശനത്തിലും ഇന്ത്യയിലെ ഹൈന്ദവദര്ശനത്തിലുമെല്ലാം പരിസ്ഥിതിയെപ്പറ്റിയുള്ള വിശുദ്ധ പരികല്പനകള് പാശ്ചാത്യ സാങ്കേതികവിദ്യക്കും ഭൗതികാര്ത്തിക്കും വഴിമാറിയതുപോലെ ഖുര്‍ആന്റെ പരിസ്ഥിതി ദര്‍ശനവും ഇന്ന് അതേ മൂടുപടത്തിനുള്ളില്‍ പെട്ട് കാണാതായിരിക്കുന്നു. എങ്കില്‍ പോലും, പാശ്ചാത്യ യന്ത്രവത്കരണത്തിന് പാടേ വഴിപ്പെടാന്‍ ഇത്തരം സമൂഹങ്ങള്‍ ഇന്നും തയാറായിട്ടില്ല.
പ്രാതിനിധ്യവും അമാനത്തും
പരിസ്ഥിതിദര്‍ശനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ രണ്ടാണ്: പരിസ്ഥിതിയും ജൈവലോകവും ജീവനുമെല്ലാം സ്രഷ്ടാവ് മനുഷ്യനെ ശരിയായി ഉപയോഗിക്കാന്‍ ഏല്പിച്ച സൂക്ഷിപ്പുസ്വത്താണ്, മനുഷ്യന് കൈകാര്യകര്‍ത്താവും ദൈവത്തിന്റെ പ്രതിനിധിയുമാണ് എന്നിവയാണത്. പരിസ്ഥിതി ദൂഷണത്തിന്റെ മുഖ്യകാരണങ്ങള്‍ ഇത് മറന്നുള്ള ആര്‍ത്തിയും അഹങ്കാരവുമാണ്. മനുഷ്യന്റെയും ജീവിവര്‍ഗങ്ങളുടെയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം സംവിധാനിച്ചിട്ടുണ്ടെന്ന് അല്ലാഹു പറയുന്നു. പക്ഷേ, ആര്‍ത്തിമൂലം അമിതമായി ചൂഷണം ചെയ്യുന്നത് പരിസ്ഥിതി എന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു സമമാകും. ഉപഭോഗത്തിനും ഊര്‍ജാവശ്യങ്ങള്‍ക്കും പ്രകൃതിയെ ഉപയോഗപ്പെടുത്താം, പക്ഷേ അമിത ചൂഷണം പാടില്ല.
അഹങ്കാരമാണ് പരിസ്ഥിതിത്തകര്‍ച്ചയുടെ മറ്റൊരു കാരണം. വ്യക്തികളോ സ്ഥാപനങ്ങളോ രാഷ്ട്രങ്ങളോ തങ്ങള്‍ എന്തിനും പോന്നവരാണെന്നും തങ്ങള്‍ക്ക് മറ്റാരെയും ആശ്രയിക്കേണ്ടതില്ലെന്നും കരുതിയാല്‍ അതോടെ പരിസരദൂഷണത്തിന് അരങ്ങൊരുങ്ങുകയായി. കാരണം, പരിസ്ഥിതി എന്നത് അടിസ്ഥാനപരമായി പരസ്പരാശ്രിതത്വത്തിന്റെ ശൃംഖലയാണ്. ഒരു കമാനത്തിലെ ഏറ്റവും ചെറിയ കല്ലുനീങ്ങിപ്പോയാല് കമാനം തകരുമെന്നപോലെ, അന്യോന്യാശ്രിതത്വത്തിന്റേതായ പരിസ്ഥിതിവ്യവസ്ഥയില് ചെറിയ തെറ്റുകള്‍ പോലും വ്യവസ്ഥയെ ഒട്ടാകെ ബാധിക്കും. പുല്‍ത്തകിടിയില്‍ വീഴുന്ന രാസവിഷം പോലും ഭക്ഷ്യശൃംഖല വഴി മനുഷ്യസമൂഹങ്ങളെ ബാധിക്കും. അമിതോല്പാദനത്തിനുവേണ്ടി ഡി.ഡി.ടി ഉപയോഗിച്ച് പരിസ്ഥിതിത്തകര്ച്ച വരുത്തിയതിന്റെ ദാരുണചരിത്രം റേയ്ച്ചല്‍ കാര്സണ് മൂകവസന്തം എന്ന പ്രസിദ്ധകൃതിയില്‍ വരച്ചുകാട്ടി. അനാവശ്യമായി ജീവന് നശിപ്പിക്കരുതെന്ന ഇസ്ലാമിന്റെ കല്പന പരിസ്ഥിതിസംരക്ഷണത്തിനുള്ള ആദ്യപാഠം കൂടിയാണ്. ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് അനാവശ്യമായി ഹിംസ നടത്തിയാല്‍ മറ്റു ഭാഗങ്ങളില്‍ പക്ഷികളും മൃഗങ്ങളും കുറ്റിയറ്റുപോകുന്നു. അത്രകണ്ട് പരസ്പരനിബദ്ധമാണ് ഭൂമിയെന്ന ആവാസവ്യവസ്ഥയെന്ന് കാര്‍സണും മറ്റും സമര്‍ഥിച്ചിട്ടുണ്ട്.
ഇസ്ലാമിനെ പ്രകൃതിമതമായിട്ടാണ് (അദ്ദീനുല്‍ ഹനീഫ്, ദീനുല്‍ ഫിത്വ്റഃ) ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രപഞ്ചപ്രകൃതിയിലേക്കും മനുഷ്യപ്രകൃതത്തിലേക്കും അത് നിരന്തരം ശ്രദ്ധക്ഷണിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങള്‍ ദൈവികചിഹ്നങ്ങളാണ്. ഒരര്‍ഥത്തില്‍, ഖുര്ആനികവെളിപാടില് പ്രകൃതിയും പങ്കെടുക്കുന്നു. മനുഷ്യരെയെന്നപോലെ പ്രകൃതിവസ്തുക്കളെയും സസ്യങ്ങളെയും ജന്തുക്കളെയും കീടങ്ങളെയും സൂര്യചന്ദ്രതാരങ്ങളെയും അത് നിരന്തരം ചൂണ്ടിക്കാണിക്കുന്നു- അവയെ കാണിച്ച് ദൈവികപദ്ധതി സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആനില്‍നിന്ന് പോഷണം ലഭിച്ച മനസ്സിന്, പ്രകൃതിയെന്നത് കീഴടക്കേണ്ട ഒരു എതിരാളിയല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ പുണ്യങ്ങളില്‍ പങ്കാളിയായ ഒരു ജൈവസാന്നിധ്യമാണ്.
പ്രപഞ്ചം തന്നെ ആയത്താണ്; വെളിപാടാണ്; മറ്റൊരു ഖുര്‍ആനാണ്. പ്രാപഞ്ചിക ഖുര്‍ആനും (അല്‍ ഖുര്ആനുത്തക്വീനി) സാക്ഷാല്‍ ഖുര്‍ആനും (അല്‍ ഖുര്ആനുത്തദ്വീനി) പരസ്പരപൂരകങ്ങളാണ്. ദൈവത്തെ ഒരേസമയം മറയ്ക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു പ്രകൃതി. പ്രകൃതിരൂപങ്ങള്‍ ദൈവികഗുണങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ‘പള്ളികളാ’ണ്. ഒരര്‍ഥത്തില്‍ ദൈവം തന്നെയത്രെ മനുഷ്യനെ ചൂഴ്ന്നുനില്ക്കുന്ന ആത്യന്തികമായ ‘പരിസ്ഥിതി’. അല്ലാഹു സര്‍വതിനെയും ഉള്ക്കൊള്ളുന്നവന് (മുഹീത്വ്) ആണ്. ”ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിന്റേതാണ്; എല്ലാറ്റിനെയും ഉള്ക്കൊള്ളുന്നവനാണവന്” (4:126) ഇവിടെ ഉപയോഗിച്ച മുഹീത്വ് എന്ന പദം പരിസ്ഥിതി എന്ന അര്‍ഥത്തിലും അറബിഭാഷയില്‍ ഉപയോഗിക്കാറുണ്ട്. പരിസ്ഥിതി വിനാശത്തിന്റെ തുടക്കംതന്നെ അതിനെ ദൈവികവ്യവസ്ഥിതിയില്നിന്ന് വേറിട്ടുള്ള ഒരു സ്വതന്ത്രവ്യവസ്ഥിതിയായി കണ്ടതാണ്. പ്രകൃതിയുടെ പുണ്യഭാവം മറക്കുകയും പ്രകൃതിപ്രതിഭാസങ്ങളുടെ ദൈവികചിഹ്നങ്ങള് (ആയാത്ത്) എന്ന പദവി അവഗണിക്കുകയും ചെയ്തു മനുഷ്യന്. ദൃശ്യമായ മനുഷ്യപ്രപഞ്ചപരിസ്ഥിതിയും അദൃശ്യമായ ദൈവികപരിസ്ഥിതിയും (ആലമുല്‍ ഗൈബി വശ്ശഹാദ) പാടേ വേറിട്ടുനില്ക്കുന്നവയല്ല. ദൃശ്യലോകം അദൃശ്യലോകത്തിന്റെ അടയാളങ്ങളാണ്. ദൈവികപരിസ്ഥിതി പ്രപഞ്ച-മനുഷ്യപരിസ്ഥിതിയുടെ പ്രഭവകേന്ദ്രവും (അല്മബ്ദ) അന്തിമലക്ഷ്യവും (അല്മആദ്) ആണ്.
പ്രകൃതിപരവും പ്രകൃത്യാതീതവുമെന്ന് പാശ്ചാത്യദൈവശാസ്ത്രം രണ്ടായി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവും കാണിക്കാതെ അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, മലായ്, സ്വാഹിലി, മാപ്പിള സാഹിത്യങ്ങളില്‍ ആവിഷ്കരിച്ചു കാണാം. പ്രസിദ്ധ സ്വൂഫീകവിയായ സഅദിയുടെ ഒരു ശകലം കാണുക:
പ്രപഞ്ചമെന്നില്‍ ആനന്ദം നിറയ്ക്കുന്നു; കാരണം
പ്രപഞ്ചത്തിന് ആനന്ദം കിട്ടിയതവനില്നിന്നല്ലോ.
ലോകത്തെ മുഴുവന്‍ ഞാനിഷ്ടപ്പെടുന്നു; കാരണം ലോകം അവന്റേതല്ലോ.
ഖുര്‍ആന്‍ പറയുന്നു: ”അവന് സ്തോത്രം ചെയ്യാത്തതായി ഒന്നുമില്ല” (17:44). ഇസ്ലാമികസമൂഹങ്ങള്‍ പരമ്പരാഗതമായിത്തന്നെ പരിസ്ഥിതിയോട് തികഞ്ഞ ഇണക്കത്തോടെയാണ് കഴിഞ്ഞുവന്നിട്ടുള്ളത്. ഇത് മറ്റു ചിലരില്‍ കണ്ടുവന്നിട്ടുള്ള പ്രകൃതിവാദമോ പ്രകൃതിപൂജയോ അല്ലതാനും. പ്രപഞ്ചമാകെ ദൈവത്തിന്റെ ചിഹ്നങ്ങളാണ്; ദൈവമല്ല. ”എവിടെയൊക്കെ നിങ്ങള്‍ തിരിഞ്ഞാലും അവിടെയൊക്കെ ദൈവത്തിന്റെ മുഖമുണ്ട്” (2:115).
അല്ലാഹുവിന്റെ ഖലീഫ
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ) എന്നതാണ് മനുഷ്യന്റെ സ്ഥാനം (ഖുര്‍ആന്‍: 2:30). മാത്രമല്ല, അല്ലാഹുവിന്റെ ദാസനുമാണ് അവന്. ദൈവദാസനെന്ന നിലയ്ക്ക് മനുഷ്യന് ദിവ്യാനുഗ്രഹങ്ങള് വണക്കത്തോടെ ഏറ്റുവാങ്ങുന്നു. ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് അവന് പ്രാപഞ്ചികസന്തുലനത്തെ സക്രിയമായി നിലനിര്‍ത്തുകയും മറ്റെല്ലാ ജീവികളിലേക്കും ദൈവികാനുഗ്രഹങ്ങളും കാരുണ്യവും എത്തിക്കുകയും ചെയ്യുന്നു. സൃഷ്ടികളില്‍വച്ച് ഏറ്റവും ശ്രേഷ്ഠനാണ് മനുഷ്യന്. ദൈവത്തിന്റെ ഇഛ പ്രപഞ്ചത്തില്‍ ആവിഷ്കരിക്കുന്ന ഉപാധിയാണവന്. അതേസമയം, നന്മതിന്മകള് വേറിട്ടറിഞ്ഞ്, അവയിലൊന്ന് തെരഞ്ഞെടുക്കാനുള്ള ബുദ്ധി അവനു നല്‍കിയിട്ടുണ്ട്. മറ്റെല്ലാ ജീവികള്‍ക്കും ഭൗതികപരിസ്ഥിതിക്കും മേല്‍ നേതൃത്വം സ്ഥാപിക്കുമ്പോഴും അവയുടെ തനിമയും ഭദ്രതയും നിലനിര്‍ത്തേണ്ട ബാധ്യത അവന്നുണ്ട്. കാരണം അവന് അല്ലാഹുവിന്റെ ഖലീഫയാണ്, ഭൂമിയില്‍.
പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിന്റെ ഇഛയുടെ വെളിപാടാണ്. ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങളുടെ മാറിവരലിലും സസ്യജന്തുവൈജാത്യത്തിലുമെല്ലാം ദൈവേഛ വെളിപ്പെടുത്തുന്നതായി ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രപഞ്ചസൃഷ്ടിപ്പിന്റെ അടിസ്ഥാനഭാവം അതിലന്തര്‍ഭവിച്ചുകിടക്കുന്ന നന്മയും മികവും മനോഹാരിതയും ചേര്‍ച്ചയും ചിട്ടയുമാണ്. എല്ലാംതന്നെ മനുഷ്യനുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന് അല്ലാഹുവില്‍നിന്ന് ഏറ്റെടുത്ത പ്രാതിനിധ്യം നിറവേറ്റുന്നതിന് അവനെ സഹായിക്കുന്ന പരിസ്ഥിതിയാണവ. ആ പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ളതാണ് എന്നതുപോലെത്തന്നെ, അത് ഉപയോഗപ്പെടുത്തുന്നതില്‍ ദൈവദത്തമായ ഉപാധികളും അതിരുകളും പാലിക്കേണ്ട ധാര്‍മികബാധ്യത അവന്നുണ്ട്.
സ്രഷ്ടാവും ഉടമസ്ഥനും ദൈവമാണ്. മനുഷ്യന് കൈകാര്യകര്‍ത്താവും. മുസ്ലിം-അമുസ്ലിംഭേദമില്ലാതെ, ദൈവവിശ്വാസിയെന്നോ ദൈവധിക്കാരിയെന്നോ വേര്‍തിരിവില്ലാതെ മനുഷ്യസമൂഹത്തിനു മുഴുവന്‍ പ്രകൃതിവിഭവങ്ങളില്‍ പൊതു അവകാശമാണുള്ളത്. (മുഹമ്മദ്നബി(സ) അറേബ്യയിലെ മേച്ചില്‍പ്പുറങ്ങളും കാടുകളും ജലസമ്പത്തും ദേശസാല്‍ക്കരിക്കുകയാണ് ചെയ്തത്).
പ്രകൃതിയുമായി രഞ്ജിപ്പോടെയും ശാന്തിയിലും കഴിയുകയും ദൈവത്തിന്റെ ധാര്മികനിയമങ്ങള്ക്കനുസൃതമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ സഹായികളാണ്. മനുഷ്യനെ അല്ലാഹു ഏല്പിച്ച ‘അമാനത്താ’ണ് പരിസ്ഥിതി. അവനെ പരിസ്ഥിതിയുടെ അധിപനാക്കിയത് അതിന്റെ സൂക്ഷിപ്പുകാരനെന്ന ബാധ്യത നിറവേറ്റുന്നതിനാണ്. മറ്റേതു മതപരമായ ബാധ്യതയെയും പോലെ ഇതും പവിത്രമാണ്; ധാര്മികപരീക്ഷയാണ്. അല്ലാഹുവിന്റെ ഖലീഫ എന്ന മനുഷ്യന്റെ പദവിയും മനുഷ്യനെ ഏല്പിച്ച സൂക്ഷിപ്പുമുതല്‍ എന്ന പ്രകൃതിയുടെ സ്ഥാനവും ഖുര്‍ആന്റെ പരിസ്ഥിതിദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ്. ദൈവം എപ്രകാരമാണോ ലോകത്തെ നിലനിര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നത്, അതേപോലെ അവന്റെ പ്രതിനിധിയും പ്രകൃതിപരിസരമെന്ന സൂക്ഷിപ്പുമുതല്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.
ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് ലഭിച്ച ശക്തിയും അധികാരവും ദിവ്യദൗത്യം മറന്നുകൊണ്ട് പ്രയോഗിക്കുമ്പോഴാണ് പരിസ്ഥിതിത്തകര്ച്ച സംഭവിക്കുക. ദൈവദാസന് എന്ന പദവി മറന്നുപോയ ദൈവപ്രതിനിധിയോളം വിനാശകാരിയായ മറ്റൊരു ജീവി ലോകത്തില്ല. അതുകൊണ്ടാണ് ശരീഅത്തില്‍ ഇതര മനുഷ്യരോടെന്നപോലെ ഇതര ജീവികളോടും പരിസ്ഥിതിയോടും എങ്ങനെ പെരുമാറണമെന്ന സൂചനകളുള്ളത്. പട്ടിണിക്കാരെ ഊട്ടണമെന്ന പോലെത്തന്നെ, ഒഴുക്കുവെള്ളം ദുഷിപ്പിക്കരുതെന്നും വിശ്വാസിയോട് കല്പിച്ചിരിക്കുന്നു. സ്വന്തം മാതാപിതാക്കളോട് കരുണകാണിക്കുന്നതുപോലെ, സസ്യങ്ങളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നത് ദൈവം ഇഷ്ടപ്പെടുന്നു.
പരിസ്ഥിതിവിഭവങ്ങള്‍ വ്യവസ്ഥാപിതമായും ആസൂത്രിതമായും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് പലപ്പോഴായി ഖുര്‍ആന്‍ ശ്രദ്ധക്ഷണിച്ചതായി കാണാം. പരിസ്ഥിതിക്കു മേല്‍ മനുഷ്യന് നടത്തുന്ന കൈയേറ്റത്തെ ഖുര്‍ആന്‍ ശക്തമായി അധിക്ഷേപിക്കുകയും ചെയ്യുന്നു: ”മനുഷ്യന്റെ കരങ്ങള്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ മൂലം കരയിലും കടലിലും കുഴപ്പമുണ്ടായി” എന്ന വചനത്തോട് വിയോജിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു മനുഷ്യനും സാധിക്കുകയില്ലല്ലോ. പരിസ്ഥിതിദൂഷണം മൂലം കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം ലോകമെങ്ങും കാണുന്നു. ഇന്ത്യയില്‍ 1996-’97-ലെ കണക്കനുസരിച്ച് ഗ്രാമീണരില്‍ പകുതിയോളം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ല. കേരളത്തിലാകട്ടെ, ശുദ്ധജലം കാണെക്കാണെ കുറഞ്ഞുവരികയാണ്. ജീവിതത്തിന്റെ നാനാതുറകളിലും ഇതേ ദുഷിപ്പ് കാണുന്നു. അതാകട്ടെ ഭൗതികരംഗത്ത് മാത്രമല്ല, ധാര്‍മിക-ആത്മീയരംഗത്തും കാണാം. ഭൗതികതയെയും ആത്മീയതയെയും വേറിട്ടുകാണാത്ത ഒരു സമഗ്രദര്ശനത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് ഇന്നാവശ്യം.