Quran

ഖുര്‍ആന്റെ യുദ്ധസമീപനം

q1.jpg
Written by admin

ഖുര്‍ആനില്‍ യുദ്ധസംബന്ധമായ നിരവധി സൂക്തങ്ങളുണട്. അവയുടെ അവതരണ പശ്ചാത്തലം അറിയാത്തവരെ സംബന്ധിച്ചേടത്തോളം ആശയക്കുഴപ്പവും തെറ്റിദ്ധാരണകളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അവതരണ പശ്ചാത്തലത്തില്‍നിന്നുകൊണട് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമായിത്തീരുന്നു.
യുദ്ധകാര്യത്തില്‍ വ്യത്യസ്തമായ മൂന്നുതരം നിലപാടുകളാണ് ഖുര്‍ആന്‍ സ്വീകരിച്ചത്.

നിഷിദ്ധമായ സന്ദര്‍ഭം
മക്കയിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായാണ് മുഹമ്മദ് പിറന്നത്. അദ്ദേഹം നീണ്ട നാലു പതിറ്റാണ്ടുകാലം മക്കാ നിവാസികള്‍ക്കിടയില്‍ വിശുദ്ധവും വിനീതവുമായ ജീവിതം നയിച്ചു. വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന ‘അല്‍അമീന്‍’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാല്‍പതാമത്തെ വയസ്സില്‍ ഹിറാ ഗുഹയിലെ ഏകാന്തവാസത്തിനിടയില്‍ ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. പിന്നീട് ദൈവനിര്‍ദേശമനുസരിച്ച് സ്വജനതയെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ആദ്യം ഏറ്റം അടുത്തവരെയാണ് സമീപിച്ചത്. തുടക്കത്തിലെ മൂന്നുകൊല്ലം പരമരഹസ്യമായാണ് സത്യപ്രബോധനം നടത്തിയത്. പിന്നീട് പരസ്യമായും.
മുഹമ്മദ്‌നബി തനിക്കുലഭിച്ച സത്യസന്ദേശം സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു. അവരെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു. അശഌലതയും നിര്‍ലജ്ജതയും അവസാനിപ്പിക്കാനാവശ്യപ്പെട്ടു. സങ്കുചിതമായ ഗോത്രമഹിമയുടെയും കുടിലമായ കുടുംബപ്പെരുമയുടെയും പേരിലുള്ള പൊങ്ങച്ചപ്രകടനങ്ങള്‍ക്കെതിരെ നിലകൊണടു. സാമ്പത്തിക ചൂഷണങ്ങള്‍ക്കും അവക്ക് കാവലിരിക്കുന്ന വ്യാജദൈവങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു. ഇതെല്ലാം ഇരുട്ടിന്റെ ശക്തികളെ അത്യന്തം പ്രകോപിതരാക്കി. അവര്‍ മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിട്ടു. കുടുംബ ചിന്തകളെയും ഗോത്രവികാരങ്ങളെയും തൊട്ടുണര്‍ത്തി. അങ്ങനെ അവര്‍ പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പീഡിപ്പിച്ചു. കൊടിയ അക്രമമര്‍ദനങ്ങളഴിച്ചുവിട്ടു. സുമയ്യയെപ്പോലുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി. ബിലാല്‍, അമ്മാര്‍, യാസിര്‍, ഖബ്ബാബ്, ഖുബൈബ് പോലുള്ള പ്രവാചകാനുചരന്മാരെ വിവരണാതീതങ്ങളായ ദ്രോഹങ്ങള്‍ക്കിരയാക്കി. ഗത്യന്തരമില്ലാതെ വിശ്വാസികളിലൊരു സംഘം എത്യോപ്യയിലേക്ക് പലായനം ചെയ്തപ്പോള്‍ അവര്‍ക്ക് അവിടെയും സ്വൈരം നല്‍കാതെ അഭയം ലഭിക്കാതിരിക്കാന്‍ ആവതും ശ്രമിച്ചു. പ്രവാചകനെയും അവര്‍ വെറുതെ വിട്ടില്ല. പരിഹാസം കൊണടും തെറിപ്പാട്ടുകൊണടും തൃപ്തരാവാതെ, നമസ്‌കരിച്ചുകൊണടിരിക്കെ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണടിട്ടു. ഇതുകൊണടും മതിയാക്കാതെ നബിതിരുമേനിയെയും കൂടെയുള്ള വിശ്വാസികളെയും സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയരാക്കി. ഈ ഉപരോധം മൂന്നു വര്‍ഷം തുടര്‍ന്നു.
ഇങ്ങനെ കാലംകണ്ട ഏറ്റവും കൊടിയ അക്രമമര്‍ദനങ്ങള്‍ക്കും കൊലക്കും വിധേയമായി മക്കയില്‍ വിശ്വാസിസമൂഹം നീണ്ട പതിമൂന്നു വര്‍ഷം കഴിച്ചുകൂട്ടി. അവര്‍ പ്രതിരോധത്തിനോ പ്രതികാരത്തിനോ മുതിര്‍ന്നില്ല. അതിനവര്‍ക്ക് അനുവാദവുമുണ്ടായിരുന്നില്ല. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ ഓര്‍മിപ്പിക്കുന്നു: ‘ആയുധമെടുക്കാതെ കൈകള്‍ അടക്കിവെക്കുക, നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക; ഇവ്വിധം നിര്‍ദേശിക്കപ്പെട്ട ജനതയെ നീ കണടില്ലേ?” (4: 77).
തന്റെ അനുയായികള്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായിക്കൊണ്ടിരുന്നപ്പോള്‍ അവരോട് ക്ഷമിക്കാനാവശ്യപ്പെടുകയും പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുകയുമായിരുന്നു പ്രവാചകന്‍ ചെയ്തുകൊണടിരുന്നത്. ഖുര്‍ആന്റെ നിര്‍ദേശവും അതുതന്നെയായിരുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമ പാലിക്കുന്നവരോടൊപ്പമാണ്. ദൈവികമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവര്‍ ‘മരിച്ചവരാ’ണെന്ന് നിങ്ങള്‍ പറയരുത്. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അവരുടെ ജീവിതം നിങ്ങള്‍ക്കനുഭവപ്പെടുന്നില്ലെന്നു മാത്രം” (2:153,154).
പ്രവാചകന്റെ മദീനാ യാത്രക്ക് പശ്ചാത്തലമൊരുക്കിയ ഉടമ്പടി നടന്നത് രാത്രിയുടെ നിശ്ശബ്ദതയില്‍ അഖബയിലെ മലമുകളില്‍ വെച്ചായിരുന്നു. പരമ രഹസ്യമായി നടന്ന ഈ സംഭവം മക്കയിലെ ഖുറൈശികള്‍ നിയോഗിച്ച ചാരന്‍ ഒളിഞ്ഞിരുന്നു കേട്ടു. അതിനാല്‍ അഖബാ ഉടമ്പടി പൂര്‍ത്തിയായപ്പോഴേക്കും അയാള്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ഖുറൈശികളേ, മുഹമ്മദും കൂട്ടരുമിതാ യുദ്ധത്തിനു വട്ടംകൂട്ടുന്നു.”
തങ്ങളുടെ രഹസ്യം ചോര്‍ത്തിയ ചാരനെയും കൂട്ടാളികളെയും നേരിടാന്‍ തയ്യാറായ അബ്ബാസുബ്‌നു ഉബാദ പ്രവാചകനോടു ചോദിച്ചു: ‘താങ്കളെ സത്യസന്ദേശവുമായി അയച്ചവനാണ് സത്യം. താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ ഈ വാളുമായി നാളത്തെ പ്രഭാതത്തില്‍ തന്നെ മിനായുടെ മേല്‍ ഞങ്ങള്‍ ആക്രമണം നടത്താം.”
പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു: ‘നാം അതിന് ആജ്ഞാപിക്കപ്പെട്ടിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ വിശ്രമസ്ഥലത്തേക്ക് പോയിക്കൊള്ളുക.”
പ്രവാചകന്നും അനുചരന്മാര്‍ക്കും ആയുധമെടുക്കാന്‍ അന്നോളം അനുവാദം ലഭിച്ചിരുന്നില്ലെന്ന് ഇത് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
കരാറിനെ തുടര്‍ന്ന് മക്കയിലെ മുസ്ലിംകള്‍ ഓരോരുത്തരായി യഥ്രിബിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. പരമരഹസ്യമായാണ് അവര്‍ മക്കയോട് വിടപറഞ്ഞത്. എന്നാല്‍ വിശ്വാസികളുടെ ഈ തിരോധാനം ശത്രുക്കളില്‍ ആശ്വാസമല്ല; ആശങ്കയാണ് സൃഷ്ടിച്ചത്. തങ്ങള്‍ മര്‍ദനങ്ങള്‍ കൊണട് അടക്കിനിര്‍ത്തിയിരുന്ന പ്രവാചകന്നും അനുയായികള്‍ക്കും സൈ്വരമായി വിഹരിക്കാനും മതപ്രചാരണം നടത്താനും പുതിയ ഇടം ലഭിച്ചത് അവരെ അത്യധികം അലോസരപ്പെടുത്തി. പ്രവാചകന്റെ പലായനം തടയാനും അദ്ദേഹത്തിന്റെ കഥകഴിക്കാനും അവര്‍ തീരുമാനിച്ചു. അതിനായി പദ്ധതി ആസൂത്രണം ചെയ്തു. മക്കയിലെ ബനൂഹാശിമല്ലാത്ത എല്ലാ കുടുംബങ്ങളില്‍ നിന്നും ഓരോരുത്തരെ തെരഞ്ഞെടുത്ത് നബിയെ കൊല്ലാന്‍ ചുമതലപ്പെടുത്തി. അവര്‍ നബിതിരുമേനിയുടെ വീട് വളഞ്ഞു. എന്നാല്‍ ദിവ്യസഹായത്താല്‍ പ്രവാചകന്‍ വിസ്മയകരമാംവിധം രക്ഷപ്പെട്ടു. ഈ സംഭവത്തെസ്സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ‘നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യാനായി സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണടിരുന്ന സന്ദര്‍ഭം! അവര്‍ തങ്ങളുടെ തന്ത്രം പ്രയോഗിച്ചുകൊണടിരുന്നു. അല്ലാഹുവോ, അവന്റെ തന്ത്രവും പ്രയോഗിച്ചു. തന്ത്രം പ്രയോഗിക്കുന്നവരില്‍ അത്യുത്തമന്‍ അല്ലാഹുതന്നെ” (8:30).
ഇത്രയൊക്കെയായിട്ടും ശത്രുക്കള്‍ക്കെതിരെ ആയുധമെടുക്കാന്‍ പ്രവാചകന്നും അനുചരന്മാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ പ്രവാചകത്വലബ്ധിക്കുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ നീണ്ട പതിമൂന്നുകൊല്ലക്കാലം കൊടിയ മര്‍ദനങ്ങളനുഭവിച്ചിട്ടും അനുയായികളില്‍ പലരും ക്രൂരമായി കൊല്ലപ്പെട്ടിട്ടും സായുധ പ്രതിരോധത്തിനോ പ്രത്യാക്രമണത്തിനോ പ്രവാചകനും അനുചരന്മാര്‍ക്കും അനുമതി ലഭിച്ചില്ല. എല്ലാം ക്ഷമിക്കാനും സഹിക്കാനുമായിരുന്നു ദൈവകല്‍പന. മക്കയിലേതുപോലുള്ള സാഹചര്യത്തില്‍ ഇസ്ലാമികസമൂഹം എന്നും എവിടെയും സ്വീകരിക്കാന്‍ ബാധ്യസ്ഥമായ സമീപനവും ഇതുതന്നെ.

അനുവദനീയമായ സന്ദര്‍ഭം

ശത്രുക്കളുടെ കൊടിയ മര്‍ദനം അതിന്റെ പാരമ്യതയിലെത്തിയപ്പോള്‍ പ്രവാചകനും അനുയായികളും യഥ്രിബിലേക്കുപോയി. അതോടെ അവിടം ‘പ്രവാചകന്റെ നഗരി’മദീനത്തുന്നബിയായി മാറി. എന്നിട്ടും മക്കയിലെ ഖുറൈശികള്‍ തങ്ങളുടെ ശത്രുതയും എതിര്‍പ്പും അവസാനിപ്പിച്ചില്ല. അതോടൊപ്പം മദീനയിലെ നവജാത ഇസ്ലാമിക രാഷ്ട്രം അവരെ ആശങ്കാകുലരാക്കുകയും ചെയ്തു.
മക്കാനിവാസികളുടെ സിറിയയിലേക്കുള്ള കച്ചവടയാത്ര മദീനവഴിയായിരുന്നു നടന്നിരുന്നത്. അതിനാല്‍ മദീനയുടെ നിയന്ത്രണം മുഹമ്മദ്‌നബിയിലര്‍പ്പിതമായത് മക്കയിലെ ശത്രുക്കളെ അത്യധികം അലോസരപ്പെടുത്തി. അവര്‍ പ്രവാചകന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നവജാത ഇസ്ലാമിക രാഷ്ട്രത്തിനുമെതിരെ പലവിധ ഗൂഢാലോചനകളിലുമേര്‍പ്പെട്ടു. ഇത് യഥാവിധി മനസ്സിലാക്കിയ നബി തിരുമേനി ഖുറൈശികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും മദീനയിലൂടെയുള്ള കച്ചവടയാത്ര തടയാനുമായി ചില ചാരസംഘങ്ങളെ നിയോഗിക്കാന്‍ തുടങ്ങി. ചില സംഘങ്ങള്‍ക്ക് പ്രവാചകന്‍ തന്നെ നേതൃത്വം നല്‍കുകയുണടായി. എന്നാല്‍ യുദ്ധമോ ശത്രുക്കളെ നേരിടലോ ഈ നിരീക്ഷണസംഘങ്ങളുടെ ലക്ഷ്യമായിരുന്നില്ല. തങ്ങളുടെ മേല്‍ ചാടിവീഴാന്‍ ധൈര്യപ്പെടാതിരിക്കുമാറ് എതിരാളികളില്‍ ഭീതി വളര്‍ത്തലും അവരുടെ രഹസ്യനീക്കങ്ങള്‍ മനസ്സിലാക്കലുമായിരുന്നു മുഖ്യ ഉദ്ദേശ്യം. മക്കക്കാരുടെ കച്ചവടസംഘങ്ങളില്‍ ചിലത് രണ്ടായിരത്തോളം ഒട്ടകങ്ങളും അമ്പതിനായിരം ദീനാര്‍ വിലവരുന്ന ചരക്കുകളുമുള്ളവയായിരുന്നു. അവ ഭീഷണിക്കിരയാവുന്നുണ്ടെന്ന് ബോധ്യമായാല്‍ തങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കാന്‍ ശത്രുക്കള്‍ നിര്‍ബന്ധിതരാവുമെന്ന് പ്രവാചകനും അനുചരന്മാരും പ്രതീക്ഷിച്ചു. എന്നാല്‍ ഈ സംഭവം മക്കയിലെ പ്രതിയോഗികളെ പ്രകോപിതരാക്കുകയാണുണ്ടായത്. അവര്‍ മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാനും പ്രവാചകനെയും അനുയായികളെയും വകവരുത്താനും പദ്ധതികളാസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി ഹിജ്‌റക്കുമുമ്പ് മദീനക്കാരുടെ നേതാവായി അവരോധിക്കപ്പെട്ടിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിന് അവരെഴുതി: ‘നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്ക് നിങ്ങളുടെ നാട്ടില്‍ അഭയം നല്‍കിയിരിക്കുകയാണ്. നിങ്ങള്‍ അയാളെ എതിര്‍ക്കുകയോ പുറത്താക്കുകയോ വേണമെന്ന് ഞങ്ങളിതാ ദൈവത്തെ ആണയിട്ടു പറയുന്നു. അല്ലായെങ്കില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നിങ്ങളെ ആക്രമിക്കും. നിങ്ങളുടെ പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും.” ഇത്തരമൊരു സാഹചര്യത്തെ നേരിടാനാണ്, ഇസ്ലാമിക സമൂഹത്തിന് യുദ്ധം ചെയ്യാനുണടായിരുന്ന വിലക്ക് നീക്കം ചെയ്തത്. അങ്ങനെ ന്യായമായ കാരണങ്ങളാല്‍ യുദ്ധത്തിന് അനുമതി നല്‍കപ്പെടുകയായിരുന്നു. അല്ലാഹു അറിയിച്ചു: ‘യുദ്ധത്തിന് ഇരയായവര്‍ക്ക് യുദ്ധം ചെയ്യുവാന്‍ അനുമതി നല്‍കിയിരിക്കുന്നു. കാരണം, അവര്‍ മര്‍ദിതരാണെന്നതു തന്നെ. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുറ്റവനാണ്; തീര്‍ച്ച. സ്വന്തം വീടുകളില്‍ നിന്ന് അന്യായമായി കുടിയിറക്കപ്പെട്ടവരാണവര്‍. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്നു പ്രഖ്യാപിച്ചതു മാത്രമാണ് അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണട് പ്രതിരോധിച്ചു കൊണടിരുന്നില്ലെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ തുണക്കുകതന്നെ ചെയ്യും. അല്ലാഹു സര്‍വശക്തനും അജയ്യനുമാണ്” (22: 39, 40).
‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ അതിക്രമം അരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച. നിങ്ങള്‍ അവരുമായി ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും അവരുമായി യുദ്ധം ചെയ്യുക. അവര്‍ നിങ്ങളെ പുറന്തള്ളിയത് എവിടെനിന്നാണോ അവിടെ നിന്ന് നിങ്ങളവരെയും പുറന്തള്ളുക. ‘ഫിത്‌ന’ അഥവാ അടിച്ചമര്‍ത്തി ആധിപത്യം നേടല്‍ കൊലയേക്കാള്‍ ക്രൂരമത്രെ. അവര്‍ നിങ്ങളോട് പോരാടാത്തേടത്തോളം കാലം മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അവരോടും പടവെട്ടരുത്. എന്നാല്‍ അവിടെവെച്ചും അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരോട് പോരാടുക. അതുതന്നെയാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (2: 190,191).
‘നിങ്ങള്‍ യുദ്ധത്തിന് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്ക് അനിഷ്ടകരം തന്നെ. എന്നാല്‍ ഗുണകരമായ ഒരു കാര്യം നിങ്ങള്‍ക്ക് അരോചകമായി തോന്നിയേക്കാം. ദ്രോഹകരമായ കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല” (2: 216).
യുദ്ധസംബന്ധമായി ആദ്യം അവതീര്‍ണമായ സൂക്തങ്ങളാണിവ. ഇതവതരിപ്പിക്കപ്പെട്ട ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന ആര്‍ക്കും ഇസ്ലാമില്‍ യുദ്ധം അനുവദിക്കപ്പെട്ടതെന്തുകൊണ്ടെന്ന് അനായാസം ബോധ്യമാകും.
നാടും വീടും സ്വത്തും സ്വന്തക്കാരുമുള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തശേഷവും സൈ്വരം നല്‍കാതെ ഭീഷണിയും കുഴപ്പം കുത്തിപ്പൊക്കാനുള്ള ശ്രമവും തുടര്‍ന്നപ്പോഴാണ് അല്ലാഹു പ്രവാചകന്നും അനുചരന്മാര്‍ക്കും യുദ്ധത്തിന് അനുമതി നല്‍കിയത്. ഹിജ്‌റ ഒന്നാം വര്‍ഷം ദുല്‍ഹജ്ജിലാണ് ഇതുണ്ടായത്. ഇതു സംബന്ധമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചില വസ്തുതകള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
1. യുദ്ധത്തിനിരയായതിനാലാണ് തിരിച്ച് യുദ്ധം ചെയ്യാന്‍ അനുവദിക്കപ്പെട്ടത്. അഥവാ; സത്യവിശ്വാസികളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു.
2. സ്വന്തം വീടുകളില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് കടുത്ത അതിക്രമത്തിനും അനീതിക്കും ഇരയായവര്‍ക്കാണ് യുദ്ധാനുമതി നല്‍കപ്പെട്ടത്.
3. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ’ന്ന് പറഞ്ഞ് വിശ്വാസം പ്രഖ്യാപിച്ചുവെന്നതല്ലാതെ ഒരു തെറ്റും മുസ്ലിംകള്‍ ചെയ്തിരുന്നില്ല. ശത്രുക്കള്‍ക്ക് അവരുടെ മേല്‍ മറ്റൊരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല.
4. ഇത്തരം സന്ദര്‍ഭങ്ങളിലും പ്രതിരോധാനുമതി നല്‍കപ്പെടുന്നില്ലെങ്കില്‍ ഭൂമിയില്‍ കടുത്ത നാശമാണുണടാവുക. വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കുകയില്ല.
5. ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോടാണ് തിരിച്ച് യുദ്ധം ചെയ്യേണടത്.
6. അത്തരം ഘട്ടങ്ങളിലും പരിധിവിടരുത്. അതിക്രമം അരുത്. ഖുര്‍ആന്‍ 2: 190ലെ ‘അതിക്രമം അരുത്’ എന്ന നിര്‍ദേശം വിശദീകരിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ‘സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങളുണ്ടാക്കാത്തവരുടെ നേരെ നിങ്ങള്‍ കൈ ഉയര്‍ത്തരുത്. യുദ്ധത്തില്‍ അനിസ്ലാമിക മാര്‍ഗങ്ങളുപയോഗിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും മുറിവേറ്റവരെയും കയ്യേറ്റം ചെയ്യരുത്. ശത്രുപക്ഷത്ത് കൊല്ലപ്പെട്ടവരെ അംഗഛേദം ചെയ്ത് വികൃതമാക്കരുത്. കൃഷിസ്ഥലങ്ങളെയും കാലികളെയും അനാവശ്യമായി നശിപ്പിക്കരുത്. ഇത്തരം മൃഗീയവും അക്രമപരവുമായ സകല പ്രവൃത്തിയും ‘അതിക്രമ’ത്തിന്റെ നിര്‍വചനത്തില്‍ പെടുന്നതാണ്. അവയെല്ലാം നബിവചനത്തില്‍ നിരോധിക്കപ്പെട്ടിട്ടുണട്. ബലപ്രയോഗം, കൂടാതെകഴിയാത്തേടത്ത് മാത്രം നടത്തുക, ആവശ്യമുള്ളത്ര മാത്രം നടത്തുക എന്നതാണ് ഈ വാക്യത്തിന്റെ ഉദ്ദേശ്യം”(തഫ്ഹീമുല്‍ ഖുര്‍ആന്‍. ഭാഗം 1, പുറം 134).
7. ഇങ്ങോട്ടു ചെയ്ത അതിക്രമങ്ങള്‍ക്ക് തുല്യനിലയില്‍ തിരിച്ചടിക്കാന്‍ അനുവാദമുണ്ട്.
8. ഫിത്‌ന അഥവാ, വിശ്വാസ സ്വാതന്ത്ര്യമുള്‍പ്പെടെ മൌലികാവകാശങ്ങള്‍ നിഷേധിച്ച് അടിച്ചമര്‍ത്തി ആധിപത്യം നടത്തല്‍ കൊലയേക്കാള്‍ ഗുരുതരവും ക്രൂരവുമാണ്. ‘ഫിത്‌ന’യുടെ വിവക്ഷ സയ്യിദ് മൌദൂദി ഇങ്ങനെ വിശദീകരിക്കുന്നു: ‘ഇവിടെ ഫിത്‌ന എന്ന വാക്ക് ഇംഗഌഷില്‍ Persecution എന്ന വാക്കിന്റെ അതേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് ഒരു വ്യക്തിയോ പാര്‍ട്ടിയോ നിലവിലുള്ള ആദര്‍ശ സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് മറ്റു ചില ആദര്‍ശ സിദ്ധാന്തങ്ങള്‍ സത്യമെന്നുകണ്ട് സ്വീകരിക്കുകയും വിമര്‍ശന പ്രബോധനങ്ങള്‍ വഴി സമുദായത്തിലെ നിലവിലുള്ള വ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഏക കാരണത്താല്‍ അവരെ അക്രമമര്‍ദനങ്ങള്‍ക്കിരയാക്കുക. മനുഷ്യന്റെ രക്തം ചിന്തുക വളരെ ചീത്ത പ്രവൃത്തി തന്നെ. മനുഷ്യരിലൊരു വിഭാഗം തങ്ങളുടെ ചിന്താപരമായ ആധിപത്യം അന്യരുടെ മേല്‍ നിര്‍ബന്ധപൂര്‍വം വെച്ചുകെട്ടുകയും ജനങ്ങള്‍ സത്യം സ്വീകരിക്കുന്നതിനെ ബലം പ്രയോഗിച്ചു തടയുകയും സംസ്‌കരണത്തിനുള്ള ന്യായവും ബുദ്ധിപൂര്‍വവുമായ പരിശ്രമങ്ങളെ തെളിവുകള്‍കൊണട് നേരിടുന്നതിനു പകരം മൃഗീയശക്തികൊണ്ട് നേരിടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കൊലപാതകത്തെക്കാള്‍ കഠിനതരമായ തെറ്റാണ് വാസ്തവത്തിലവര്‍ ചെയ്യുന്നത്.”(തഫ്ഹീമുല്‍ ഖുര്‍ആന്‍ 1/135)
9. യുദ്ധം നിഷിദ്ധമായ മസ്ജിദുല്‍ ഹറാമില്‍ വെച്ചായാലും ശത്രുക്കള്‍ ഇങ്ങോട്ട് പോരാട്ടം നടത്തിയാല്‍ തിരിച്ച് പൊരുതാവുന്നതാണ്. എന്നാല്‍ മറ്റിടങ്ങളിലെന്നപോലെ അവിടെവെച്ചും ആദ്യം യുദ്ധമാരംഭിക്കാവതല്ല.
10. യുദ്ധം അനിവാര്യമായി വരുമ്പോള്‍ അതിന് ആജ്ഞാപിക്കപ്പെട്ടാല്‍ വിട്ടുനില്‍ക്കാവതല്ല. യുദ്ധം അനിഷ്ടകരമാണെങ്കിലും.
യുദ്ധകാര്യത്തില്‍ ഇതിനേക്കാള്‍ ഉദാരവും നീതിപൂര്‍വവും മാനുഷികവും വിട്ടുവീഴ്ചാപരവുമായ സമീപനം സ്വീകരിച്ച മറ്റൊരാദര്‍ശമോ മതമോ ജനതയോ ഇന്നോളം ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സമകാലീന ലോകത്തും ഇതിനു സമാനത കാണുക സാധ്യമല്ല.

യുദ്ധം നിര്‍ബന്ധമാവുന്നത്
ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാനും തളര്‍ത്താനും ശ്രമിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അവിടത്തെ പൗരന്മാരായ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ശത്രുക്കളെ നേരിടാന്‍ ആവശ്യപ്പെട്ടുകൊണട് അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഇതാ ഭീതിയുണര്‍ത്തുന്നു. നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍ തോറും വെട്ടുക. അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും മാത്സര്യം കാണിച്ചതിനാലാണിത്” (8: 12, 13)
പ്രവാചക ജീവിതത്തിലെ പ്രഥമ പടയോട്ടത്തിന്റെ പശ്ചാത്തലത്തില്‍ അവതീര്‍ണമായ വാക്യമാണിത്. പ്രവാചകനുമായി സന്ധിയുണ്ടാക്കിയശേഷം അതു ലംഘിച്ച് അതിക്രമം കാണിച്ചവരോടും ഇതേ സമീപനം തന്നെ സ്വീകരിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടത്.
ഹിജ്‌റ ഏഴാം വര്‍ഷം പ്രവാചകനും അനുയായികളും ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടു. ആരാധന നിര്‍വഹിക്കാന്‍ മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നതിനാല്‍ ആരും കൂടെ ആയുധമെടുത്തിരുന്നില്ല. എന്നിട്ടും മക്കയിലെ ബഹുദൈവ വിശ്വാസികള്‍ അവരെ തടയുകയും ഉംറ നിര്‍വഹിക്കുന്നത് വിലക്കുകയും ചെയ്തു. അതേ തുടര്‍ന്നുണടായ ദീര്‍ഘമായ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഇരുവിഭാഗവും സന്ധിയില്‍ ഒപ്പുവെച്ചത്. കരാര്‍ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകളുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു. എന്നിട്ടും സന്ധി വ്യവസ്ഥകള്‍ ലംഘിച്ച് അതിക്രമം കാണിച്ചത് ശത്രുക്കളാണ്. ഇവ്വിധം കരാര്‍ലംഘനം നടത്തി ശത്രുതാപരമായ സമീപനം സ്വീകരിച്ച അതിക്രമകാരികളുടെ കാര്യത്തില്‍ അവതീര്‍ണമായ സൂക്തങ്ങളാണ് ഒമ്പതാം അധ്യായത്തിന്റെ ആദ്യഭാഗത്തുള്ളത്. ഖുര്‍ആന്‍ പറയുന്നു: ‘കരാര്‍ ചെയ്തശേഷം അവര്‍ തങ്ങളുടെ പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ നായകന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്‍ക്ക് ഒട്ടും വിലയില്ല. യുദ്ധം കാരണമായെങ്കിലും അവര്‍ വിരമിച്ചെങ്കിലോ,” ‘തങ്ങളുടെ പ്രതിജ്ഞകള്‍ ലംഘിച്ചുകൊണേടയിരിക്കുകയും ദൈവദൂതനെ നാട്ടില്‍ നിന്ന് പുറന്തള്ളാനൊരുമ്പെടുകയും ചെയ്യുന്ന ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? അക്രമം ആദ്യം ആരംഭിച്ചത് അവര്‍ തന്നെയായിരുന്നിട്ടും? നിങ്ങളവരെ പേടിക്കുന്നുവോ? അവരേക്കാള്‍ ഭയപ്പെടാന്‍ അര്‍ഹന്‍ അല്ലാഹുവത്രെ. നിങ്ങള്‍ വിശ്വാസികളെങ്കില്‍” (9 :12,13).
‘അതിനാല്‍ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ ബഹുദൈവ വിശ്വാസികളെ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ ബന്ധികളാക്കുക. ഉപരോധിക്കുക. അവര്‍ക്കായി എല്ലാ മര്‍മസ്ഥലങ്ങളിലും പതിയിരിക്കുകയും ചെയ്യുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാപരനുമല്ലോ” (9: 5).
‘നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കും. നിന്ദിതരാക്കും. അവര്‍ക്കെതിരെ അവന്‍ നിങ്ങളെ സഹായിക്കും. വിശ്വാസികളായ ജനത്തിന് മനസ്സുഖമേകുകയും ചെയ്യും” (9: 14).
സന്ധിലംഘിച്ച് അതിക്രമം കാണിച്ചവര്‍ക്കുപോലും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാനും സമീപനത്തില്‍ മാറ്റം വരുത്താനും നാലു മാസത്തെ അവധി അനുവദിക്കപ്പെടുകയുണടായി. അത്തൗബ അധ്യായം ആരംഭിക്കുന്നതു തന്നെ അക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ്: ‘നിങ്ങളുമായി സന്ധിചെയ്തിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തു നിന്നുള്ള വിമുക്തി പ്രഖ്യാപനമിതാ: നിങ്ങളിനി നാലു മാസം നാട്ടില്‍ സൈ്വമായി സഞ്ചരിച്ചുകൊള്ളുക. അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ല. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു” (9: 1, 2).
സന്ധിലംഘിച്ച് അതിക്രമം കാണിച്ചവര്‍ക്ക് നല്‍കപ്പെട്ട അവധി ഈ പ്രഖ്യാപനമുണടായ ഹിജ്‌റ ഒമ്പതാം വര്‍ഷം ദുല്‍ഹജ്ജ് പത്ത് മുതല്‍ പത്താം വര്‍ഷം റബീഉല്‍ആഖിര്‍ പത്തുവരെയുള്ള നാലു മാസമായിരുന്നു. ഇവിടെ ഉദ്ധരിച്ച അഞ്ചാം വാക്യത്തിലെ ‘യുദ്ധം നിഷിദ്ധമായ മാസങ്ങള്‍’ എന്നതിന്റെ ഉദ്ദേശ്യം കാലാവധി അനുവദിക്കപ്പെട്ട ഈ നാലു മാസമത്രെ. അതിനിടയില്‍ യുക്തമായ ഏതു നിലപാട് സ്വീകരിക്കാനും ശത്രുക്കള്‍ക്ക് അവസരം നല്‍കപ്പെട്ടിരുന്നു. സുരക്ഷിതമായ സങ്കേതം കണ്ടെത്തി പോകാനാണെങ്കില്‍ അതിനും, അതല്ല, ശത്രുതാ നിലപാട് തുടരാനും യുദ്ധം നടത്താനുമാണ് തീരുമാനമെങ്കില്‍ അതിന് സജ്ജമാവാനും ആവശ്യമായ സമയം അനുവദിക്കപ്പെടുകയാണുണ്ടായത്. അഥവാ, കാലാവധിക്കുശേഷവും അവരില്‍ നിന്ന് ആരെങ്കിലും അഭയം തേടിവന്നാല്‍ അതനുവദിക്കുകയും അപ്പോഴും അവര്‍ക്ക് ഇസ്ലാമിനെസ്സംബന്ധിച്ച് പഠിക്കാന്‍ അവസരമൊരുക്കുകയും ഇഷ്ടമുണെടങ്കില്‍ സ്വീകരിക്കാനും ഇല്ലെങ്കില്‍ നിരാകരിക്കാനും അനുവാദം നല്‍കുകയും വേണമെന്നും തുടര്‍ന്നുള്ള ആറാം വാക്യം വ്യക്തമാക്കുന്നു. അപ്പോഴവര്‍ ഇസ്ലാം സ്വീകരിക്കാതെ സത്യനിഷേധത്തിലുറച്ചു നിന്നാലും അവരെ ദ്രോഹമൊന്നുമേല്‍പിക്കാതെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കണമെന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്: ‘ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ നീ അവസരം നല്‍കുക. പിന്നീട് അവനെ തന്റെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാല്‍ ഈ വിധമാണ് ചെയ്യേണടത്” (9: 6).
ദീര്‍ഘമായ പത്തൊമ്പത് വര്‍ഷം പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിക്കുകയും നാട്ടില്‍നിന്ന് ആട്ടിയോടിക്കുകയും നാടുവിട്ട ശേഷവും സ്വൈരം നല്‍കാതെ യുദ്ധം ചെയ്യുകയും അവസാനം ഇരുപതാമത്തെ വര്‍ഷമുണ്ടാക്കിയ സമാധാനസന്ധി ലംഘിച്ച് അതിക്രമം കാണിക്കുകയും ചെയ്ത മക്കയിലെ കൊടിയ ശത്രുക്കളോട് സ്വീകരിക്കേണട നിലപാടാണ് ഈ സൂക്തങ്ങള്‍ വിശദീകരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കളുടെ സമീപനം എട്ടുമുതല്‍ പത്ത് വരെയുള്ള വാക്യങ്ങള്‍ ഒന്നുകൂടി വിശദീകരിക്കുന്നു:
‘സന്ധി ലംഘിക്കാത്തവരല്ലാത്ത ബഹുദൈവവിശ്വാസികളുടെ കാര്യത്തില്‍ വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? അവര്‍ക്കു നിങ്ങളെ കീഴ്‌പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അവര്‍ നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധങ്ങളോ സന്ധിവ്യവസ്ഥകളോ ഒന്നും തന്നെ പരിഗണിക്കുകയില്ല എന്നിരിക്കെ? സംസാരത്തില്‍ അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കുകയാണ്. അവരിലേറെപ്പേരും അധര്‍മകാരികളത്രെ. അവര്‍ തുച്ഛവിലയ്ക്ക് ദൈവികസൂക്തങ്ങള്‍ വിറ്റിരിക്കുന്നു. അതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും ചെയ്തിരിക്കുന്നു. എത്രമാത്രം ഹീനമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിശ്വാസിയുടെ കാര്യത്തില്‍ അവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അവര്‍ അതിക്രമം കാണിക്കുന്നവര്‍ തന്നെ” (9: 810).
ഇങ്ങനെയെല്ലാമായിരുന്നിട്ടും അവര്‍ക്ക് നാലുമാസത്തെ അവധി അനുവദിക്കുകയും അതിനുശേഷമാണ് ശത്രുത ഉപേക്ഷിച്ച് അഭയംതേടി വരുന്നതെങ്കിലും അഭയമനുവദിക്കുകയും ദൈവിക സന്ദേശം കേള്‍പ്പിച്ചശേഷം സുരക്ഷിത സ്ഥാനത്ത് എത്തിച്ചുകൊടുക്കുകയും വേണമെന്നാണല്ലോ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കരാര്‍ ലംഘിക്കാത്തവരോട് സ്വീകരിക്കേണ്ട സമീപനം ഇതേ അധ്യായത്തിലെ നാലാമത്തെയും ഏഴാമത്തെയും സൂക്തങ്ങളില്‍ സംശയരഹിതമായി വിവരിച്ചിട്ടുണ്ട്:
‘നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് അത് പാലിക്കുന്നതില്‍ വീഴ്ചയൊന്നും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികള്‍ക്ക് ഇത് ബാധകമല്ല. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതുപാലിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്” (9: 4).
‘സന്ധി ലംഘിച്ച ഈ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവോടും അവന്റെ ദൂതനോടും വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനരികെ വെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവരോടൊഴികെ. അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും നല്ല നിലയില്‍ വര്‍ത്തിക്കുക. എന്തെന്നാല്‍ അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്” (9: 7).
രാജ്യം ശത്രുക്കളോട് യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ശത്രുക്കളെ സഹായിക്കുകയും നാട്ടുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചാരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നതുള്‍പ്പെടെ സകല വിദ്രോഹ വൃത്തികളിലും വ്യാപൃതരാവുന്ന കപടവിശ്വാസികളായ രാജ്യദ്രോഹികളെ പൊറുപ്പിക്കാനാര്‍ക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ വളരെ കര്‍ക്കശമായ സമീപനമാണ് ഖുര്‍ആന്‍ അവരോടു സ്വീകരിച്ചത്: ‘കപടവിശ്വാസികളും രോഗബാധിതമായ മനസ്സുള്ളവരും മദീനയില്‍ സംഭ്രമജനകമായ വാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികളില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീര്‍ച്ചയായും നാം നിന്നെ എഴുന്നേല്‍പിക്കുന്നതാണ്. പിന്നെ വളരെക്കുറച്ചേ അവര്‍ക്ക് ഈ പട്ടണത്തില്‍ നിന്നോടൊപ്പം താമസിക്കാന്‍ കഴിയുകയുള്ളൂ. നാനാഭാഗത്തുനിന്നും അവരുടെ മേല്‍ ശാപവര്‍ഷം ഉണടാകും. എവിടെ കണെടത്തിയാലും പിടികൂടപ്പെടുകയും വഷളാംവണ്ണം വധിക്കപ്പെടുകയും ചെയ്യും. ഇത്തരം ആളുകളുടെ കാര്യത്തില്‍ നേരത്തെ തുടര്‍ന്നു വന്നിട്ടുള്ള ദൈവിക നടപടിയാണിത്. അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല” (33: 6062).
കൂടെനിന്ന് വഞ്ചനകാണിക്കുകയും ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്ന ഇത്തരം കപടവിശ്വാസികളോടു സ്വീകരിക്കേണ്ട സമീപനം പാരുഷ്യത്തിന്റേതായിരിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘വിശ്വസിച്ചവരേ, നിങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടെ. അറിയുക. അല്ലാഹു ഭക്തന്മാരോടൊപ്പമത്രെ” (9: 123).
‘തങ്ങള്‍ എവ്വിധം സത്യം നിഷേധിച്ചുവോ അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണ് അവരാഗ്രഹിക്കുന്നത്. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ അവരില്‍ ആരെയും നിങ്ങള്‍ ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. സ്വദേശം വെടിയാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരിലാരെയും നിങ്ങള്‍ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക. നിങ്ങളുമായി കരാറിലേര്‍പ്പെട്ട ജനതയുമായി കൂടിച്ചേര്‍ന്ന കപടന്മാര്‍ ഈ വിധിയില്‍ നിന്ന് ഒഴിവാകുന്നു. അപ്രകാരം നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യാന്‍ മനസ്സൊട്ടും അനുവദിക്കാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതില്‍ നിന്നൊഴിവാകുന്നു. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരെ നിയോഗിക്കുകയും അങ്ങനെ അവര്‍ നിങ്ങളോട് പോരാടുകയും ചെയ്യുമായിരുന്നു. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ മാറിനില്‍ക്കുകയും നിങ്ങളുടെ നേരെ സമാധാന ഹസ്തം നീട്ടുകയും ചെയ്യുന്നുവെങ്കില്‍പിന്നെ അവരെ അക്രമിക്കാന്‍ അല്ലാഹു ഒരു വഴിയും നിങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടില്ല. എന്നാല്‍, മറ്റൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം. അവര്‍ നിങ്ങളോടും സ്വജനത്തോടും സമാധാനത്തില്‍ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം കിട്ടുമ്പോഴെല്ലാം അവരതില്‍ പൂണ്ടു പിടിക്കുന്നു. ഇക്കൂട്ടര്‍ നിങ്ങള്‍ക്കെതിരെ വരുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും നിങ്ങളോട് സന്ധിക്കും സമാധാനത്തിനും അപേക്ഷിക്കുകയും സ്വകരങ്ങള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ എവിടെവെച്ചു കണ്ടാലും അവരെ പിടികൂടുകയും വധിക്കുകയും ചെയ്യുക. അവര്‍ക്കെതിരെ നില്‍ക്കാന്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായവും തെളിവും നല്‍കിയിരിക്കുന്നു”(4: 8991).
ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഏറെ ദ്രോഹമേല്‍പിച്ച കപടവിശ്വാസികളോടുപോലും ഇങ്ങോട്ട് യുദ്ധം ചെയ്യുകയോ ശത്രുസമൂഹത്തോട് ചേര്‍ന്നുനില്‍ക്കുകയോ സംഭ്രമജനകവും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍ മാത്രമേ സായുധമായി നേരിടാവൂ എന്നും അവര്‍ തങ്ങളുടെ കരങ്ങള്‍ പിന്‍വലിച്ചാല്‍ പിന്നെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നുമാണ് ഉപര്യുക്ത വാക്യങ്ങള്‍ ആവശ്യപ്പെടുന്നത്. കപടവിശ്വാസികളോടുപോലും എത്ര ഉദാരമായ നിലപാടാണ് ഖുര്‍ആന്‍ സ്വീകരിച്ചതെന്ന് ഈ വിശുദ്ധ വചനങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.
ഖുര്‍ആന്‍ മനുഷ്യജീവന്ന് കല്‍പിക്കുന്ന വില വിവരണാതീതമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയാണെന്ന് അതു പ്രഖ്യാപിക്കുന്നു. ഭൂമിയില്‍ നടന്ന ആദ്യത്തെ കൊലപാതകം വിവരിച്ചശേഷം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ‘അക്കാരണത്താല്‍ ഇസ്രയേല്‍ വംശത്തിനു നാം നിയമമാക്കി: ആരെയെങ്കിലും കൊന്നതിനു പകരമായോ ഭൂമിയില്‍ കുഴപ്പം സൃഷ്ടിച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാണ്. ഒരാള്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയാണ്”(5: 32).
വളരെയേറെ അനിവാര്യമായ സാഹചര്യത്തിലല്ലാതെ മനുഷ്യജീവന്‍ ഹനിക്കാവതല്ലെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രത്തെ അകത്തും പുറത്തുമുള്ള ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താനും മര്‍ദിതരുടെ മോചനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും മാത്രമേ യുദ്ധം പാടുള്ളൂവെന്ന് അത് ഊന്നിപ്പറയുന്നു. അപ്പോഴും മരണം പരമാവധി കുറക്കണമെന്ന് കണിശമായി അനുശാസിക്കുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും യുദ്ധത്തില്‍നിന്ന് വിട്ടൊഴിഞ്ഞു നില്‍ക്കുന്നവരെയും ആരാധനാലയങ്ങളില്‍ അനുഷ്ഠാന നിഷ്ഠരായി കഴിയുന്നവരെയും ദ്രോഹിക്കാനോ വധിക്കാനോ പാടില്ലെന്ന് പഠിപ്പിക്കുന്നു. അതോടൊപ്പം ശത്രുക്കള്‍ യുദ്ധത്തില്‍നിന്ന് വിരമിച്ചാലുടനെ പോരാട്ടം അവസാനിപ്പിക്കണമെന്നും. അതുകൊണടു തന്നെ പ്രവാചകന്റെ കാലത്തുനടന്ന 81 യുദ്ധങ്ങളിലായി 259 വിശ്വാസികളും 759 ശത്രുക്കളുമുള്‍പ്പെടെ 1018 പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. യുദ്ധം അനിവാര്യമായി വന്നപ്പോഴും ജീവനഷ്ടം പരമാവധി കുറയ്ക്കാനാണ് പ്രവാചകനും അനുചരന്മാരും ശ്രമിച്ചത്. ഇസ്ലാം ആവശ്യപ്പെടുന്നതും അതുതന്നെ. അറേബ്യയില്‍ ഇസ്ലാം വരുത്തിയതുപോലുള്ള സമഗ്രവും വ്യാപകവുമായ വിപഌം സൃഷ്ടിക്കാന്‍ അത്രയും പേരുടെ ജീവനഷ്ടമേ വേണ്ടിവന്നുള്ളൂവെന്നത് എന്നും മഹാ വിസ്മയമായാണനുഭവപ്പെടുന്നത്. എക്കാലത്തെയും ചരിത്രകാരന്മാരെ അദ്ഭുത സ്തബ്ധരാക്കുന്ന ഒന്നത്രെ ഇത്.
അതോടൊപ്പം ഇങ്ങോട്ട് യുദ്ധത്തിനു വരാത്ത മുഴുവന്‍ അമുസ്ലിംകളോടും സ്വീകരിക്കേണ്ട സമീപനം ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കിയിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുന്നില്ല. നിസ്സംശയം, നീതിനിഷ്ഠരെ അല്ലാഹു ഇഷ്ടപ്പെടുന്നു” (60:8).
‘മതത്തിന്റെ പേരില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയും നിങ്ങളെ നിങ്ങളുടെ വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ചെയ്തവരോട് നിങ്ങള്‍ ഉറ്റബന്ധം പുലര്‍ത്തുന്നതു മാത്രമാണ് അല്ലാഹു വിരോധിക്കുന്നത്. അത്തരക്കാരെ ഉറ്റമിത്രങ്ങളാക്കുന്നവര്‍ അതിക്രമികള്‍ തന്നെ”(60: 9).
അക്രമത്തിനൊരുങ്ങാത്ത അന്യമതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കാനും നീതിപൂര്‍വം പെരുമാറാനുമുള്ള ആഹ്വാനവും ഈ വിശുദ്ധവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
പൊതുസമൂഹത്തോട് സ്വീകരിക്കേണ്ട സമീപനം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ‘നന്മയുടെയും ഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിന്റെയും അതിക്രമത്തിന്റെയും കാര്യത്തില്‍ അന്യോന്യം സഹകരിക്കരുത്”(5: 2).
സര്‍വോപരി ശത്രുക്കളോടുപോലും അനീതി അരുതെന്ന് അതനുശാസിക്കുന്നു: ‘ഒരു ജനതയോടുള്ള ശത്രുത നിങ്ങളെ അനീതി ചെയ്യാന്‍ പ്രേരിപ്പിക്കരുത്. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്കു ചേര്‍ന്നത്. നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്”(5: 8)

About the author

admin

Leave a Comment