Hadith

സുന്നത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രായോഗികത

sunnah.jpg
Written by admin

സുന്നത്തിന്റേതാണല്ലോ, പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്‌ലാമിനുണ്ടായ പോഷണത്തിന്റെ ഹേതു കണ്ടെത്താനുള്ള വഴി. എങ്കില്‍, ഇന്നത്തെ നമ്മുടെ ശോഷണത്തിന്റെ കാരണം തേടുമ്പോഴും എന്തുകൊണ്ട് ആ വഴി പോയിക്കൂടാ? സുന്നത്തിന്റെ നിഷ്ഠയിലുള്ള നിഷ്‌കര്‍ഷ തന്നെയാണ് ഇസ്‌ലാമികമായ നിലനില്‍പും മുന്നേറ്റവും എന്നു പറഞ്ഞാലര്‍ഥം. സുന്നത്തിന്റെ തിരസ്‌കാരമാണ് ഇസ്‌ലാമിനെ രോഗാതുരവും ജീര്‍ണവുമാക്കുന്നത്. ഇസ്‌ലാം എന്ന കെട്ടിടത്തിന്റെ ഇരുമ്പു ചട്ടക്കൂടാണ് സുന്നത്ത്. ചട്ടക്കൂട് എടുത്തുമാറ്റിയ ഒരു കെട്ടിടം കടലാസുവീടുപോലെ പൊളിഞ്ഞുവീഴുമ്പോള്‍ എന്തുള്ളൂ അത്ഭുതപ്പെടാന്‍!
ഈ ലളിതമായ പരമാര്‍ഥം, ഇസ്‌ലാമിക ചരിത്രത്തിലുടനീളം എല്ലാ പണ്ഡിതന്മാരാലും ഐകകണ്‌ഠ്യേന അംഗീകൃതമായ വസ്തുത, മുസ്‌ലിം ബഹുജനം ഇന്നു കേള്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. അത്രക്കുണ്ട് മുസ്‌ലിം മനസ്സുകളില്‍ പാശ്ചാത്യസംസ്‌കാരവും നാഗരികതയും ചെലുത്തുന്ന സ്വാധീനത്തിന്റെ ഊക്ക്. എന്നുവെച്ച് നേര് നേരല്ലാതാവുമോ! ആകെ കുഴഞ്ഞുമറിഞ്ഞ് നാണംകെട്ട നമ്മുടെ ഇന്നത്തെ ജീര്‍ണാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ ഈ നേര് കണ്ണുതുറന്നു നാം കണ്ടേ തീരൂ.
മനുഷ്യജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ ആവശ്യകതകളെ പരസ്പരം പൂര്‍ണമായും പൊരുത്തപ്പെടുത്തുക – ഇസ്‌ലാമിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന് ഇതാണെന്ന് നാം കാണുന്നു. അതീന്ദ്രിയമായ മറ്റെല്ലാ സമ്പ്രദായങ്ങളില്‍നിന്നും ഇസ്‌ലാം വേറിട്ടുനില്‍ക്കുന്നത് ഇതുകൊണ്ടാണ്. ആദ്യകാലങ്ങളില്‍ ചെന്നേടങ്ങളിലെല്ലാം വെന്നിക്കൊടി പാറിക്കുവാന്‍ ഇസ്‌ലാമിനു കഴിഞ്ഞതും ഇതുകൊണ്ടുതന്നെ. സ്വര്‍ഗം നേടാന്‍ ഭൂമിയെ തള്ളിപ്പറയേണ്ടതില്ലെന്ന് അത് ജനങ്ങളെ പഠിപ്പിച്ചു. ഒരുവശത്ത് ലൗകികവും മറുവശത്ത് അലൗകികവുമായ അന്തര്‍ചോദനകളാല്‍ പരീക്ഷിക്കപ്പെടുന്ന മനുഷ്യജീവിതത്തെക്കുറിച്ച് അഗാധമായ ഉള്‍ക്കാഴ്ചയും ഉല്‍ക്കണ്ഠയും മുത്തുനബിക്കുണ്ടായിരുന്നു. അതുകൊണ്ട്, ഇരുധ്രുവാഭിമുഖതകളോടും പൊരുത്തപ്പെട്ടുപോകാനുള്ള തെളിഞ്ഞ മാര്‍ഗനിര്‍ദേശങ്ങളായി തിരുദൂതരുടെ ഓരോ വാക്കും പ്രവൃത്തിയും. സ്വജീവിതംകൊണ്ട് അവിടുന്ന് ഖുര്‍ആനിന് വ്യാഖ്യാനം രചിച്ചു. നബിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത് തികച്ചും മതപരം എന്നും ചിലത് തികച്ചും ലൗകികം എന്നും വേര്‍തിരിവ് കല്‍പിച്ച് ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്നവര്‍ ഇസ്‌ലാമിനെ ശരിയാംവിധം മനസ്സിലാക്കിയിട്ടില്ല. അല്ലാഹുവിന്റെ ദൂതന്‍ എന്ന നിലയില്‍ മുഹമ്മദ് മുസ്ത്വഫാ(സ)യെ വിലകുറച്ചു നിരൂപിക്കുന്നതാണ് ഇതിനു മൂലകാരണം. ഖുര്‍ആനിലെ ചില ഉദ്‌ബോധനങ്ങള്‍ അത് അവതരിച്ച കാലത്തെ അപരിഷ്‌കൃതരായ അറബികളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും പരിഷ്‌കൃതരായ ആളുകള്‍ ഇന്ന് അനുസരിക്കേണ്ടതില്ലെന്നും വാദിക്കുന്നവര്‍ ഇസ്‌ലാമിനെ ശരിയാംവിധം മനസ്സിലാക്കിയവരല്ലല്ലോ. ഇസ്‌ലാമിനുവിരുദ്ധമായ ആശയങ്ങളാണ് അവരുടേത്.
ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ശാരീരിക സൗഖ്യത്തിനുവേണ്ടി ചെയ്യുന്ന പരിശ്രമങ്ങളിലുള്ള അതേ തീവ്രത കാണുമല്ലോ ആത്മസുഖത്തിനുവേണ്ടിയുള്ള അധ്വാനങ്ങളിലും. അതേപോലെ മുച്ചൂടും മുകരുന്നതാവണം മുഹമ്മദ് നബിയുടെ നേതൃത്വവും മാതൃകയും ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍. സാന്മാര്‍ഗികവും പ്രായോഗികവും സാമൂഹികവും വൈയക്തികവുമായ എല്ലാ കാര്യങ്ങളിലും തിരുദൂതരാവണം വഴികാട്ടി. നബിചര്യ പിന്തുടരുകയെന്നാല്‍ ഇതാണര്‍ഥം.
ഖുര്‍ആന്‍ പറയുന്നു:
”റസൂല്‍ നിങ്ങള്‍ക്കനുവദിച്ചത് സ്വീകരിക്കുക; അദ്ദേഹം വിരോധിച്ചത് നിരാകരിക്കുക.” (59:7)
റസൂല്‍ പറഞ്ഞു:
‘യഹൂദികള്‍ വിഘടിച്ചു എഴുപത്തൊന്നു മതശാഖകളായി; ക്രിസ്ത്യാനികള്‍ എഴുപത്തി രണ്ടും. മുസ്‌ലിംകള്‍ വിഘടിച്ചു എഴുപത്തിമൂന്നു അവാന്തരവിഭാഗങ്ങളാകും.’ (സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു ദാരിമി, മുസ്‌നദുബ്‌നു ഹമ്പല്‍)
യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും ഇടയിലുള്ളതിനേക്കാള്‍ അവാന്തരവിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിത്തീരും എന്നാണ്, അല്ലാതെ മുസ്‌ലിംകള്‍ക്കിടയില്‍ എഴുപത്തി മൂന്ന് വിഭാഗങ്ങളെ എണ്ണിക്കണക്കാക്കാം എന്നല്ല, അറബി ഭാഷയില്‍ ഇപ്പറഞ്ഞതിനര്‍ഥം.
റസൂല്‍ തുടര്‍ന്നു പറഞ്ഞു:
‘ആ വിഭാഗങ്ങളില്‍ ഒന്നൊഴികെ എല്ലാവരും നരകത്തില്‍ ചെല്ലും.’
ആ ഒരു വിഭാഗം ഏതെന്നാരാഞ്ഞപ്പോള്‍ റസൂല്‍ പ്രതിവചിച്ചു:
‘എന്റെയും എന്റെ സഹചാരികളുടെയും ആശയാദര്‍ശങ്ങള്‍ ആധാരമാക്കുന്ന കക്ഷി.’
ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ ഇക്കാര്യം ഒരു തെറ്റുധാരണക്കും ഇടവരുത്താതെ ഇപ്രകാരം വ്യക്തമാക്കുന്നു:
”ഇല്ല, നിന്റെ രക്ഷിതാവാണ, അവര്‍ക്കിടയില്‍ തര്‍ക്കവിഷയകമായ കാര്യങ്ങളില്‍ നിന്നെ വിധികര്‍ത്താവാക്കുകയും നിന്റെ വിധിത്തീര്‍പ്പില്‍ ഒരു നീരസവും തോന്നാതിരിക്കുകയും സര്‍വാത്മനാ കീഴടങ്ങുകയും ചെയ്യാത്ത കാലത്തോളം അവര്‍ വിശ്വാസികളാകുകയില്ല.” (4:65)
”റസൂലേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ മാതൃക പിന്തുടരുക; അല്ലാഹു നിങ്ങളെ സ്‌നേഹിക്കും, നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമല്ലോ അല്ലാഹു. പറയുക: അല്ലാഹുവിനെയും റസൂലിനെയും അനുസരിപ്പിന്‍. അവര്‍ വിമുഖരാവുന്നുവെങ്കില്‍, നോക്കൂ! സത്യനിഷേധികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.” (3: 31-32)
അതുകൊണ്ട്, ഖുര്‍ആനും പിന്നെ മുഹമ്മദ് നബിയുടെ മാതൃകയുമാണ് വ്യക്തിജീവിതത്തിലും സമൂഹത്തിലും പിന്തുടരേണ്ട ഇസ്‌ലാമിക നിയമം. ഖുര്‍ആനികാധ്യാപനങ്ങളുടെ ഒരേയൊരു ആധികാരിക വ്യാഖ്യാനമാണ് റസൂലിന്റെ സുന്നത്ത്. വ്യാഖ്യാനങ്ങളില്‍ വരുന്ന ഭിന്നാഭിപ്രായങ്ങളും പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഉണരുന്ന സംശയങ്ങളും ദൂരീകരിക്കാന്‍ സുന്നത്തിനെത്തന്നെ ആശ്രയിച്ചേ മതിയാവൂ. ഉപമാരൂപമായ സൂക്തങ്ങള്‍ കുറെയുണ്ടല്ലോ ഖുര്‍ആനില്‍. സുനിശ്ചിതമായ ഒരു രീതി അവലംബിക്കുന്നില്ലെങ്കില്‍ അവയുടെ വ്യാഖ്യാനങ്ങള്‍ പലവിധത്തിലാവും. അതുപോലെ, പ്രായോഗിക പ്രാധാന്യമുണ്ടെങ്കിലും ഊന്നിപ്പറയാത്ത പല നിര്‍ദേശങ്ങളുമുണ്ട് ഖുര്‍ആനില്‍. ഖുര്‍ആന്‍ ആദ്യന്തം ഒരേ ആശയവും ആദര്‍ശവുമാണ് അവതരിപ്പിക്കുന്നതെന്നത് ശരി. എന്നാല്‍ മേല്‍പറഞ്ഞ കാരണങ്ങളാല്‍ അവ്യക്തവും അപൂര്‍ണവുമെന്ന് തോന്നുന്ന ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് അനുമാനങ്ങളെ ആശ്രയിച്ച് വ്യാഖ്യാനം ചമച്ച് ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ സൂക്ഷിക്കണം. ഖുര്‍ആന്‍ അല്ലാഹുവില്‍നിന്നു വെളിപ്പെട്ട അറിവാണ്, അതിന്റെ രൂപവും ഉള്ളടക്കവും കുറ്റമറ്റതാണ് – ഇതാണ് നമ്മുടെ വിശ്വാസം. അപ്പോള്‍, ഖുര്‍ആനികാധ്യാപനങ്ങളനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ ഒരേയൊരു വഴിയേയുള്ളൂ: മുഹമ്മദ് നബിയുടെ ജീവിതമാതൃക നിരുപാധികം പിന്തുടരുക. പ്രവാചകജീവിതം ഖുര്‍ആന്റെ വ്യാഖ്യാനമാകയാല്‍ നമ്മുടെ സ്വന്തവും സ്വതന്ത്രവുമായ സമീപനം ഒഴിവാക്കുക.
ആരിലൂടെയാണോ ഖുര്‍ആന്‍ മനുഷ്യര്‍ക്കു അവതരിച്ചുകിട്ടിയത് ആ വ്യക്തിമാത്രമാണ് ഖുര്‍ആനികാധ്യാപനങ്ങളുടെ ഏറ്റവും യോഗ്യനായ വ്യാഖ്യാതാവ് എന്ന് നമ്മുടെ യുക്തിബോധം സമ്മതിക്കുന്നു. എന്നിട്ടും നമ്മള്‍ ഇക്കാലത്ത് കേള്‍ക്കുന്ന ഒരു മുദ്രാവാക്യം നോക്കുക:
‘ഖുര്‍ആനിലേക്ക് മടങ്ങുക. സുന്നത്തിന് അടിമപ്പണിയെടുക്കുന്നത് അവസാനിപ്പിക്കുക.’
വിവരക്കേടാണിത്. ഇസ്‌ലാമിനെക്കുറിച്ചുള്ള അജ്ഞത. ഒരു കൊട്ടാരത്തിന്റെ കവാടം തുറന്ന് അകത്തുകടക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതിനുള്ള യഥാര്‍ഥ താക്കോല്‍ ഉപയോഗിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന ഒരാളെ ഓര്‍മിപ്പിക്കുന്നു ഈ മുദ്രാവാക്യം!
അതുകൊണ്ട്, മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരം, അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും നാം അറിയുന്നത് എങ്ങനെ എന്നതാണ് സുപ്രധാന ചോദ്യം. ഹദീസുകളിലൂടെയാണത്. ദൂതരുടെ ദേഹവിയോഗാനന്തരം ആദ്യനൂറ്റാണ്ടുകളില്‍ സമാഹരിക്കപ്പെടുകയും സൂക്ഷ്മപരിശോധന നടത്തി സ്വീകരിക്കപ്പെടുകയും ചെയ്ത, നബിയുടെ സഹചരന്മാര്‍ നല്‍കിയ വിവരങ്ങളാണ് ഹദീസുകള്‍. ഇന്നു പല മുസ്‌ലിംകളും ഈ ഹദീസുകളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. അതുകൊണ്ട് സുന്നത്ത് പിന്തുടരാന്‍ അവര്‍ വൈമുഖ്യം കാണിക്കുന്നു.
ഈ നിലപാട് ശരിയാണോ? ഹദീസുകളെ നിരാകരിക്കാന്‍ എന്താണ് ഇവര്‍ക്കുള്ള ന്യായം? യുക്തിസഹമായ ഒരു ന്യായവും മുന്നോട്ടുവെക്കുന്നതല്ല ഇന്നേവരെയുള്ള അവരുടെ ‘ശാസ്ത്രീയ ഗവേഷണങ്ങള്‍’. ഏതു യൂറോപ്യന്‍ ചരിത്രകാരനേക്കാളും സുക്ഷ്മത പാലിച്ച് പരിശോധന നടത്തിയാണല്ലോ സമാഹര്‍ത്താക്കള്‍, വിശിഷ്യാ ഇമാം ബുഖാരിയും മുസ്‌ലിമും, ഹദീസുകള്‍ ക്രോഡീകരിച്ചത്. അതുകൊണ്ട് ഹദീസ് നിരാകരണത്തിനു ന്യായയുക്തമായ കാരണം കണ്ടെത്താന്‍ സ്വാഭാവികമായും അവര്‍ വളരെ ബുദ്ധിമുട്ടുന്നു.
ഹദീസുകളുടെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പുവരുത്താന്‍ ഒരു ശാസ്ത്രീയ ഗവേഷണശാഖ തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഓരോ ഹദീസിന്റെയും രൂപം, ഉള്ളടക്കം, നിവേദനം ചെയ്യപ്പെട്ട വഴി, നിവേദകരുടെ ശൃംഖലയിലെ ഓരോ വ്യക്തിയുടെയും ജീവചരിത്രം – എല്ലാം കൂലങ്കഷമായ പരിശോധനക്കു വിധേയമാക്കപ്പെടുന്നു. തികച്ചും സത്യസന്ധവും വിശ്വാസയോഗ്യവുമെന്ന് ബോധ്യംവരുത്തിയാണ് ഓരോ ഹദീസും സ്വീകരിക്കപ്പെടുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു ഹദീസിനെ ചോദ്യം ചെയ്യുന്നവര്‍ അതിനെ അസ്വീകാര്യമാക്കുന്ന വ്യക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടിവരും.
ഒരു ഉദാഹരണമെടുക്കാം: ഇന്ത്യാചരിത്രം സംസാര വിഷയമായ ഒരു സദസ്സില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്ന് പറയുന്നു:
‘മഹ്മൂദ് ഗസ്‌നിയോ! അങ്ങനെയൊരാള്‍ ഇന്ത്യയില്‍ വന്നിട്ടേയില്ല. അയാളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരണം ചരിത്രസത്യമല്ല, കെട്ടുകഥയാണ്.’
ഇതുകേള്‍ക്കുമ്പോള്‍ വിഖ്യാതനായ ഒരു ചരിത്രകാരന്‍ മഹ്മൂദ് ഗസ്‌നി ഇന്ത്യയില്‍ വന്നിരുന്നു എന്നു തെളിയിക്കുന്ന ചരിത്രരേഖകള്‍ മുന്നോട്ടുവെക്കുന്നു. ആദ്യത്തെയാള്‍ അതംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അയാളുടെ ബുദ്ധിക്ക് എന്തോ തകരാറുണ്ട്. ഇതല്ലേ ഹദീസ് നിഷേധിക്കുന്നവരുടെ അവസ്ഥ? ഏതെങ്കിലും ഒരു ഹദീസ് സ്വീകാര്യമല്ലെങ്കില്‍ അതങ്ങ് വെറുതെ പറഞ്ഞാല്‍ പോരല്ലോ. ചരിത്രപരമായ തെളിവുകള്‍ അതിനെതിരെ ഹാജരാക്കേണ്ടതില്ലയോ!
ഒരു ഹദീസ് വ്യാജമാവണമെങ്കില്‍, ഒന്നുകില്‍ പ്രവാചകന്റെ സഹചരന്മാരിലൊരാള്‍, ആ ഹദീസിന്റെ ഉറവിടം, അല്ലെങ്കില്‍ നിവേദകരുടെ പരമ്പരയിലാരെങ്കിലും മനഃപൂര്‍വം കള്ളംപറഞ്ഞുവെന്ന് വരണം. പ്രവാചകസഹചരന്മാര്‍ മനഃപൂര്‍വം കള്ളം പറയില്ലെന്നുറപ്പ്. മനഃശാസ്ത്രദൃഷ്ട്യാ അതിനൊരു സാധ്യതയുമില്ല. കാരണം, അല്ലാഹുവുമായി നേരിട്ടു ബന്ധപ്പെടുന്ന പ്രവാചകനോടൊപ്പം സഹവസിച്ചവര്‍ നബിയെപ്പറ്റി അങ്ങേയറ്റം ഭയഭക്തിയോടെയല്ലാതെ ഒരക്ഷരം മിണ്ടുകയില്ല. ചരിത്രവസ്തുതകള്‍ ഇതിനു തെളിവാണ്. അല്ലാഹുവിന്റെ ദൂതരുടെ പ്രീതിക്കായി സ്വന്തത്തെയും സ്വന്തമെന്നെണ്ണുന്ന എല്ലാറ്റിനെയും ത്യജിക്കാന്‍ സന്നദ്ധരായവരില്‍ ഒരാള്‍ അവിടുത്തെക്കുറിച്ച് എന്തുപറയുമ്പോഴും ഏറ്റവും ജാഗ്രത പാലിക്കും. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘കരുതിക്കൂട്ടി എന്നെപ്പറ്റി കള്ളം പറയുന്നത് ആരായാലും നരകത്തിലായിരിക്കും ആ വ്യക്തിയുടെ വാസം.’ ഈ തിരുമൊഴിയുടെ ഗൗരവം ഗ്രഹിച്ചവരാണ് സ്വഹാബികള്‍. അല്ലാഹുവിന്റെ പ്രമാണമാണ് തിരുദൂതരിലൂടെ വെളിപ്പെടുന്നതെന്ന കാര്യത്തില്‍ അവര്‍ക്കൊരു സംശയവുമില്ലായിരുന്നു. അങ്ങനെയുള്ള സ്വഹാബികളില്‍ ഒരാള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുമെന്ന് കരുതാന്‍ മനശ്ശാസ്ത്രപരമായി ഒരു സാധ്യതയുമില്ല.
‘ഈ കുറ്റകൃത്യംകൊണ്ട് ആര്‍ക്കാണ് പ്രയോജനം?’ ഇതാണ് ഒരു ക്രിമിനല്‍കേസ് മുന്നില്‍ വന്നാല്‍ ന്യായാധിപനെ അഭിമുഖീകരിക്കുന്ന ആദ്യചോദ്യം. കോടതിവിധിനിര്‍ണയത്തിനുള്ള ഈ അടിസ്ഥാനപ്രമാണം ഹദീസിന്റെ കാര്യത്തിലും പ്രയോഗിക്കാം. ചില വ്യക്തികളുടെയോ കക്ഷികളുടെയോ സാമൂഹികപദവിയുമായി നേരിട്ടു ബന്ധമുള്ള ഹദീസുകളുടെ കാര്യത്തിലൊഴികെ വ്യാജഹദീസുകൊണ്ടുള്ള പ്രയോജനം ആരോപിക്കാനാവില്ല. ഉദാഹരണമായി, പ്രവാചകന്റെ വേര്‍പാടിനുശേഷം ആദ്യനൂറ്റാണ്ടില്‍ വിവിധ കക്ഷികളുടെ പക്ഷത്തു നിന്നുണ്ടായ അവകാശവാദങ്ങളെടുക്കുക. അതുമായി ബന്ധപ്പെട്ട മിക്ക വ്യാജഹദീസുകളും ഹദീസ് പണ്ഡിതന്മാര്‍ തള്ളിക്കളയുന്നു. കക്ഷിരാഷ്ട്രീയവുമായി ബന്ധമുള്ള ഹദീസുകളൊന്നുംതന്നെ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചില വ്യക്തികളുടെയോ കക്ഷികളുടെയോ സ്ഥാപിതതാല്‍പര്യം ആ ഹദീസുകളുടെ ഉള്ളടക്കത്തിലുണ്ടെന്നു കണ്ടതുകൊണ്ടാവണം അവര്‍ അങ്ങനെ ചെയ്തത്. ആരുടെയും സ്ഥാപിതതാല്‍പര്യം സംശയിക്കാനില്ലാത്ത ഹദീസുകള്‍ മാത്രമാണ് അവര്‍ സ്വീകരിച്ചത്.
ഒരു ഹദീസിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാന്‍ ഒരു ന്യായം തീര്‍ച്ചയായുമുണ്ട്: പ്രവാചകനില്‍നിന്ന് നേരിട്ടു കേട്ട സ്വഹാബിക്കോ നിവേദകരില്‍ ഒരാള്‍ക്കോ അത് വെളിപ്പെടുത്തിയപ്പോള്‍ വാക്കില്‍ പിശക് സംഭവിച്ചിരിക്കാം എന്നതാണത്. സ്വഹാബിമാരുടെ സത്യസന്ധതയും വിശ്വസ്തതയും സംശയാതീതമാണെങ്കിലും പ്രവാചകമൊഴികള്‍ മനസ്സിലാക്കിയത് ശരിയാംവിധമല്ലാതെ വന്നതിനാലോ, ഓര്‍മപ്പിശക് മൂലമോ, മറ്റേതെങ്കിലും മാനസിക ഹേതുവാലോ പിണഞ്ഞ അബദ്ധമാവാം അത്. എന്നാല്‍, സ്വഹാബിമാരുടെ പക്ഷത്ത് തിരുമൊഴികള്‍ ഗ്രഹിച്ചതിലോ വെളിപ്പെടുത്തിയതിലോ അബദ്ധം പിണയാനിടയുണ്ടോ എന്നൊരു ചോദ്യമുണ്ട്. ഇല്ല എന്നാണ് അതിനുള്ള ഉത്തരം. ചരിത്രത്തില്‍ അവരുടെ മനശ്ശാസ്ത്രം വായിച്ചെടുത്ത് നമുക്ക് അതിനുള്ള തെളിവുകള്‍ നല്‍കാന്‍ കഴിയും. തിരുദൂതരോടൊപ്പം സഹവസിച്ച ഓരോ സ്വഹാബിയും അവിടുത്തെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും കല്‍പിച്ച പ്രാമുഖ്യവും പ്രാധാന്യവും പരമമായിരുന്നു. തിരുദൂതരിലൂടെ പ്രകാശിതമാവുന്നത് അല്ലാഹുവിന്റെ പ്രമാണമാണെന്ന് അറിഞ്ഞ അവര്‍, അവിടുത്തെ മാര്‍ഗനിര്‍ദേശങ്ങളും മാതൃകയുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ അങ്ങേയറ്റം ജാഗരൂകരായിരുന്നു. വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പ്രവാചകമൊഴികള്‍ ഹൃദിസ്ഥമാക്കാന്‍ അവര്‍ ബദ്ധശ്രദ്ധരായി. ഒന്നും വിട്ടുപോകാതിരിക്കാന്‍ ഈരണ്ടുപേരായാണ് പ്രവാചകനെ അവര്‍ സേവിച്ചത്. ഒരാള്‍ ഏതു നേരത്തും കൂടെയുണ്ടാവും. അപരന്‍ ഉപജീവനം തേടിപ്പോകും. ഇപ്രകാരം മാറി മാറി പ്രവാചകനോടൊപ്പം സഹവസിച്ച അവര്‍ എല്ലാ വിവരവും പരസ്പരം കൈമാറും. അതുകൊണ്ട് പ്രവാചകനില്‍നിന്ന് ഒരു കാര്യം ഗ്രഹിക്കുന്നതില്‍ പിശക് പറ്റാന്‍ സാധ്യതയില്ല എന്നുതന്നെ പറയാം. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഹൃദിസ്ഥമാക്കുന്നതില്‍ എത്രത്തോളം ബദ്ധശ്രദ്ധരായിരുന്നോ അത്രത്തോളം തന്നെ അവധാനപൂര്‍വം ഹദീസുകളും അവര്‍ ഓര്‍മയില്‍ സൂക്ഷിച്ചു. അതിനാല്‍, ഏതെങ്കിലും ഹദീസില്‍ കൂട്ടിച്ചേര്‍ക്കലോ വിട്ടുകളയലോ ഉണ്ടായി എന്നു കരുതാന്‍ ന്യായമില്ല.
കൂടാതെ, ഐകരൂപ്യമുള്ളവയാണ് ഹദീസ്പണ്ഡിതന്മാരാല്‍ ആധികാരികമെന്ന് നിര്‍ണയിക്കപ്പെട്ടതും സ്വീകൃതവുമായ പ്രവാചകമൊഴികള്‍. സ്വതന്ത്രവും വ്യത്യസ്തവുമായ നിവേദകശൃംഖലയിലൂടെയാണ് കൈമാറപ്പെട്ടതെങ്കിലും രണ്ടോ ചിലപ്പോള്‍ കൂടുതലോ നിവേദകര്‍ ഹദീസ് കുറ്റമറ്റതും അംഗീകരിക്കാവുന്നതുമാണെന്ന് (സ്വഹീഹ്) സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് നിവേദനത്തിന്റെ ഓരോ ഘട്ടത്തിലും.
ഇതെല്ലാം കണക്കിലെടുത്താലും ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ സ്ഥാനമോ പ്രാമാണികതയോ ഒരു ഹദീസിനും കല്‍പിക്കുന്നില്ല ഒരു മുസ്‌ലിമും. കുറ്റമറ്റതാണോ ഒരു ഹദീസ് എന്നു നിരന്തരം പരിശോധിക്കപ്പെടുന്നുമുണ്ട്. അസംഖ്യം വ്യാജഹദീസുകളുടെ കാര്യം, പാശ്ചാത്യവിമര്‍ശകര്‍ കരുതുംപോലെ, ഒരിക്കലും ഗൗനിക്കാതിരുന്നിട്ടില്ല ഹദീസ് പണ്ഡിതന്മാര്‍. സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമാണ് ഓരോ ഹദീസും അംഗീകൃതമാവുന്നത്. അതുകൊണ്ട്, വ്യാജഹദീസുകള്‍ പ്രചാരത്തിലുണ്ടെന്ന് കണ്ട് എല്ലാ ഹദീസുകളും നിരാകരിക്കപ്പെടണമെന്ന വാദം, ഏതെങ്കിലും അറബിക്കഥയില്‍ പ്രതിപാദിക്കപ്പെടുന്നതുകൊണ്ട് ഒരു ചരിത്രസത്യം സ്വീകാര്യമല്ലെന്നു പറയുംപോലെ നിരര്‍ഥകമാണ്.
ഇക്കാലത്തെ അധാര്‍മികവും അനിസ്‌ലാമികവുമായ ജീവിതസമ്പ്രദായങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള വ്യഗ്രതയാണ് ആധുനിക വിമര്‍ശകരെ ഹദീസുകള്‍ക്കെതിരെ തിരിയാന്‍ യഥാര്‍ഥത്തില്‍ പ്രേരിപ്പിക്കുന്നത്. ഹദീസുകള്‍ സ്വീകാര്യമല്ലെന്ന് വരുത്തിത്തീര്‍ത്താല്‍ അവര്‍ക്ക് ഖുര്‍ആന്‍ തോന്നിയപോലെ വ്യാഖ്യാനിച്ച് തോന്നിയ പോലെ ജീവിക്കാം. സാന്മാര്‍ഗികവും പ്രായോഗികവും വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ അസാമാന്യ പദവി വഹിക്കുന്ന ഇസ്‌ലാമിക നിയമാവലി അങ്ങനെ അവര്‍ക്ക് കാറ്റില്‍ പറത്താം.
റസൂലിന്റെ സുന്നത്ത് പിന്തുടരുകയും പാശ്ചാത്യരുടെ ജീവിതശൈലി അനുകരിക്കുകയും ചെയ്തു ജീവിക്കാന്‍ ഒരേ സമയം സാധ്യമല്ലല്ലോ. മുസ്‌ലിം ബുദ്ധിജീവികള്‍ എന്നു പറയപ്പെടുന്നവര്‍ ആഗ്രഹിക്കുന്നത് അതാണ്. പാശ്ചാത്യമായ എന്തിനെയും മുസ്‌ലിംകള്‍ ഇന്ന് ഇരുകൈയും നീട്ടി പുണരുന്നു. ആധുനിക നാഗരികത അവരെ ഹഠാദാകര്‍ഷിക്കുന്നത് അത് പാശ്ചാത്യമായതുകൊണ്ടു മാത്രം. ഈ പാശ്ചാത്യവത്കരണമാണ് സുന്നത്തിനെ തള്ളിപ്പറയാനുള്ള മുഖ്യ പ്രേരണ. പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാനാദര്‍ശങ്ങള്‍ക്ക് എതിരാണല്ലോ സുന്നത്ത്. അതുകൊണ്ടാണവര്‍ സുന്നത്തിനെതിരെ തിരിയാന്‍ നിര്‍ബന്ധിതരാവുന്നത്.
എന്തുകൊണ്ടാണ് ഹദീസുകളെ ആശ്രയിച്ചുകൊണ്ടല്ലാതെ ഒരാള്‍ക്കും യഥാര്‍ഥ ഇസ്‌ലാമികജീവിതം നയിക്കാനാവില്ലെന്ന് വരുന്നത്? ഏതു നിസ്സാരകാര്യത്തിനും പ്രവാചകമാതൃക പിന്തുടര്‍ന്നാലേ ജീവിതം ഇസ്‌ലാമികമാവൂ എന്നുണ്ടോ? പ്രവാചകനോളം ശ്രേഷ്ഠനായ വേറൊരു മനുഷ്യനില്ല എന്നത് നേര്. എന്നാലും പ്രവാചകന്റെ ഓരോ വാക്കും പ്രവൃത്തിയും അനുകരിച്ചുവേണം ജീവിതം ചിട്ടപ്പെടുത്തുക എന്ന് വരുന്നത് മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമല്ലേ? -ഇസ്‌ലാമിനെ കണ്ടുകൂടാത്ത വിമര്‍ശകര്‍ പണ്ടേ ഉന്നയിക്കുന്ന ചോദ്യങ്ങള്‍. ഇസ്‌ലാമികലോകത്തിന്റെ ജീര്‍ണതക്കുള്ള കാരണങ്ങളില്‍ മുഖ്യമായ ഒന്ന്, സുന്നത്ത് പിന്തുടരുന്നതിലുള്ള കടുംപിടുത്തമാണെന്ന് അവര്‍ വാദിക്കുന്നു. ഇത് വ്യക്തിയെ നിസ്സഹായാവസ്ഥയിലാക്കുകയും സമൂഹത്തിന്റെ വികസനത്തിനും പുരോഗതിക്കും കൂച്ചുവിലങ്ങ് തീര്‍ക്കുകയും ചെയ്യുന്നുവെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. സുന്നത്തിനെതിരായ ഈ നീക്കത്തെ നാം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇസ്‌ലാമിന്റെ ഭാവി.
ഇസ്‌ലാം നിഗൂഢാര്‍ഥപ്രധാനമായ ഒരു വരട്ടുവാദത്തെയല്ല അടിസ്ഥാനമാക്കുന്നതെന്ന് നാം അഭിമാനിക്കുന്നുണ്ടല്ലോ. യുക്തിക്ക് മുന്നില്‍ വിമര്‍ശനത്തിനുള്ള എല്ലാ വാതിലുകളും അത് തുറന്നുകൊടുക്കുന്നു. അതുകൊണ്ട്, സുന്നത്തുകള്‍ പിന്തുടരാന്‍ എന്തുകൊണ്ട് ബാധ്യസ്ഥരായി എന്നു മാത്രം മനസ്സിലാക്കിയാല്‍ പോരാ നമ്മള്‍. അതിനുള്ള സഹജമായ കാരണം കൂടി അറിഞ്ഞിരിക്കണം.
ഇസ്‌ലാം മനുഷ്യന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ഏകീഭാവം വരുത്തുന്നുണ്ടല്ലോ. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍ ഇസ്‌ലാമിന്റെ വിഭാവനകള്‍ക്കെല്ലാം ഒരു സാകല്യമുണ്ട്. അതില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനാവില്ല. അതില്‍നിന്ന് ഒന്നും വിട്ടുകളയാനുമാവില്ല. സാരസംഗ്രഹവാദത്തിന് ഇസ്‌ലാമില്‍ ഇടമില്ല. ഖുര്‍ആന്റേതും മുഹമ്മദ് നബി(സ)യുടേതുമെന്ന് തിരിച്ചറിയുന്ന അധ്യാപനങ്ങള്‍ അപ്പടി അംഗീകരിച്ചേ തീരൂ. അല്ലെങ്കില്‍ അവക്ക് വിലയില്ലാതാവും. യുക്തിക്ക് പ്രാമുഖ്യം നല്‍കുന്ന മതമെന്ന് കണ്ട് ഇസ്‌ലാമിനെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്: വ്യക്തികള്‍ക്ക് അതിന്റെ അധ്യാപനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ടെന്ന്. യുക്തിവാദ പ്രസ്ഥാനമാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണക്ക് കളമൊരുക്കിയത്. ഇന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നതരം യുക്തിവാദവും, യുക്തിവിചാരവും തമ്മില്‍ അജഗജാന്തരമുണ്ട്. നിയന്ത്രണ സ്വഭാവമുള്ളതാണ് മതാധ്യാപനങ്ങളെക്കുറിച്ച യുക്തിവിചാരം. ദാര്‍ശനികമായ ചെപ്പടിവിദ്യകളുടെ സഹായം കൂടാതെ മനുഷ്യ മനസ്സിന് ഉള്‍ക്കൊള്ളാനാവാത്തതൊന്നും അടിച്ചേല്‍പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തലാണ് മതകാര്യങ്ങളിലുള്ള യുക്തിവിചാരം. ഇസ്‌ലാമിന്റെ കാര്യത്തില്‍ കാലാകാലങ്ങളില്‍ യുക്തിവിചാരം അത് ഏതുമേ മടിയാതെ പിന്താങ്ങിയിട്ടുണ്ട്. മനുഷ്യന് മനസ്സിലാക്കാനാവാത്ത കാര്യങ്ങളിലുള്ള വിശ്വാസം ഇസ്‌ലാമിലുണ്ടെന്നത് ശരി. എന്നാല്‍, മനുഷ്യബുദ്ധിക്ക് വിരുദ്ധമായ ഒന്നുമില്ല.
മതാധ്യാപനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണ സ്വഭാവമുണ്ടാവും യുക്തിവിചാരത്തിന്- ശരിയും തെറ്റും അടയാളപ്പെടുത്തുക മാത്രം ചെയ്യുന്ന ഒരു ആലേഖനോപകരണം പോലെയാണ് അത് പ്രവര്‍ത്തിക്കുക. യുക്തിവാദം എന്നു പറയപ്പെടുന്നതാകട്ടെ ചെയ്യുന്നത് ഇതല്ല. ശരിതെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നേടത്ത് അത് നിര്‍ത്തുന്നില്ല. അനുമാനങ്ങളിലേക്ക് മറുകണ്ടം ചാടുന്നു. ശുദ്ധ യുക്തിവിചാരത്തെപ്പോലെ ഗ്രഹണക്ഷമമോ (ൃലരലുശേ്‌ല) അപക്ഷപാതിയോ (റലമേരവലറ) അല്ല അത്. നേരെമറിച്ച് അങ്ങേയറ്റം ആത്മനിഷ്ഠമാണ്, ശീലാനുസാരിയാണ്. യുക്തിവിചാരത്തിന് അതിന്റെ പരിമിതികളെക്കുറിച്ച് അറിയാം. എന്നാല്‍, ലോകത്തെയും അതിലെ നിഗൂഢതകളെയുമെല്ലാം സ്വന്തം കൈക്കുള്ളില്‍ വാരിപ്പിടിക്കാന്‍ കഴിയുമെന്ന അപഹാസ്യ നിലപാടെടുക്കുന്നു യുക്തിവാദം. തല്‍ക്കാലം അല്ലെങ്കില്‍ ഒരിക്കലും മനുഷ്യനു മനസ്സിലാക്കാന്‍ പറ്റാത്ത കുറേ കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് സമ്മതിക്കാന്‍, മതം ചര്‍ച്ചാവിഷയമാകുമ്പോള്‍, അത് കൂട്ടാക്കുന്നില്ല. അതേസമയം ശാസ്ത്രമോ യുക്തിവാദം തന്നെയോ ചര്‍ച്ചാവിഷയമാകുമ്പോള്‍ സംഗതി ശരിയാണെന്ന് സമ്മതിക്കുന്നുമുണ്ട്. യുക്തിശൂന്യമാണ് ഈ നിലപാട്.
നല്ലൊരു ശതമാനം ആധുനിക മുസ്‌ലിംകള്‍ പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍ മുറുകെപ്പിടിക്കാന്‍ കൂട്ടാക്കാതിരിക്കുന്നതിന്റെ കാരണമിതാണ്: ഭാവനാശൂന്യമായ യുക്തിവാദത്തിന് അവര്‍ അനര്‍ഹമായ പ്രാമാണ്യം കല്‍പിക്കുന്നു. സമ്പൂര്‍ണത എന്ന ആശയം ഉള്‍ക്കൊള്ളാന്‍ സ്വാഭാവികമായും നമ്മുടെ മനസ്സിന് കഴിയില്ലല്ലോ. അനശ്വരമെന്നും അനന്തമെന്നും പറഞ്ഞാല്‍ എന്താണെന്ന് അറിയാന്‍ കഴിയില്ല. എന്താണ് ഈ ജീവിതമെന്നുപോലും പറയാനാവില്ല. അതുകൊണ്ട്, അതീന്ദ്രിയമായ അടിസ്ഥാനങ്ങളുള്ള ഒരു മതത്തിലെ കാര്യങ്ങള്‍ ശരിയാംവിധം മനസ്സിലാക്കാന്‍ ഒരു വഴികാട്ടി നമുക്ക് വേണം; സാധാരണമല്ലാത്ത ഗ്രാഹകശക്തിയും നമുക്കെല്ലാം പൊതുവായുള്ള ആത്മനിഷ്ഠ യുക്തിവിചാരത്തിനു കഴിവുള്ള മനസ്സിനുടമയായ വഴികാട്ടി- ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനവും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനുമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍, ധര്‍മാനുസൃതമായി മാത്രമല്ല ബുദ്ധിപരമായും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ‘കണ്ണടച്ച്’ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് നമ്മള്‍. ‘കണ്ണടച്ച്’ എന്നു പറഞ്ഞാലര്‍ഥം നമ്മുടെ യുക്തിവിചാര ശക്തി കൈവെടിയണമെന്നല്ല. മറിച്ച്, നമുക്കുള്ള അറിവും കഴിവുമനുസരിച്ച് അത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുകതന്നെ വേണം; നമുക്ക് പിന്തുടരാനുള്ള നബിചര്യകളുടെ ആന്തരാര്‍ഥം ഗ്രഹിക്കാന്‍ ശ്രമിക്കണം. എന്നാല്‍, ആന്തരാര്‍ഥം ഗ്രഹിച്ചാലും ഇല്ലെങ്കിലും റസൂലിന്റെ കല്‍പനകള്‍ എല്ലാം അനുസരിക്കുകതന്നെ വേണം നമ്മള്‍.
സേനാവ്യൂഹത്തില്‍ ഒരു സ്ഥാനത്ത് നിലയുറപ്പിക്കാന്‍ പടനായകന്റെ ഉത്തരവ് ലഭിക്കുന്ന ഒരു ഭടനെ ഉദാഹരണമായെടുക്കുക. ഉത്തരവിന്റെ ഉദ്ദേശ്യം അപ്പോള്‍ അയാള്‍ക്ക് പിടികിട്ടുന്നുണ്ടെങ്കില്‍ നല്ലത്. എന്നാല്‍, അയാള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ലെങ്കിലോ; പടനായകനെ ധിക്കരിക്കാനോ ഉത്തരവ് തല്‍ക്കാലം അനുസരിക്കേണ്ടതില്ലെന്ന് വെക്കാനോ പറ്റുമോ ഭടന്? പറ്റില്ല. മനുഷ്യകുലത്തിന് ലഭിച്ച ഏറ്റവും മഹാനായ നായകനായാണ് മുഹമ്മദ് നബി(സ)യെ മുസ്‌ലിംകള്‍ കാണുന്നത്. ആത്മീയ മണ്ഡലത്തിലെന്നപോലെ സാമൂഹികമേഖലയിലും ഇസ്‌ലാം എവിടെ നില്‍ക്കണമെന്ന് നമ്മേക്കാള്‍ നന്നായറിയുന്നത് പ്രവാചകനാണെന്ന് സ്വാഭാവികമായും നമ്മള്‍ വിശ്വസിക്കുന്നു. നമ്മോട് ചിലത് ചെയ്യാന്‍ കല്‍പിക്കുകയും ചിലത് അരുതെന്ന് വിലക്കുകയും ചെയ്യുമ്പോള്‍ തിരുദൂതര്‍ക്ക് എന്തോ ‘തന്ത്രപ്രധാനമായ’ ഉദ്ദേശ്യമുണ്ട്; മനുഷ്യരുടെ ആത്മീയമോ സാമൂഹികമോ ആയ ക്ഷേമത്തിന് അവശ്യം ആവശ്യമായത്. ചിലപ്പോള്‍ ആ ഉദ്ദേശ്യം തെളിഞ്ഞുകാണാം; ചിലപ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്തവിധം ഒളിഞ്ഞിരിക്കും; ചിലപ്പോള്‍ പ്രവാചക കല്‍പനയുടെ ഗഹനമായ അര്‍ഥം നമുക്ക് പിടികിട്ടും; ചിലപ്പോള്‍ ഉപരിപ്ലവമായ, നേര്‍ക്കുനേരെയുള്ള, അര്‍ഥം ഗ്രഹിച്ച് തൃപ്തരാകേണ്ടിവരും. എങ്ങനെയായാലും പ്രവാചകന്റെ കല്‍പനകള്‍ നാം അനുസരിച്ചേ മതിയാവൂ- ആധികാരികത സംശയാതീതമാണെങ്കില്‍. പ്രവാചകകല്‍പനകളില്‍ ചിലതിനു പരമപ്രാധാന്യമുണ്ട്, ചിലതിനു അത്ര പ്രാധാന്യമില്ല. എന്നാല്‍, ‘പരമപ്രധാന’മെന്ന് സ്ഥിരപ്പെട്ട കല്‍പനകള്‍ക്കു പ്രാമുഖ്യം നല്‍കുമ്പോള്‍, അനിവാര്യമല്ലെന്നെണ്ണി ഒരു കല്‍പനയും തള്ളിക്കളയാന്‍ നമുക്കവകാശമില്ല. കാരണം, റസൂലിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ”അദ്ദേഹം തനിക്കു തോന്നിയപോലെ ഒന്നും പറയുന്നില്ല.” (53:3).
അതായത്, ഒരു വസ്തുനിഷ്ഠമായ ആവശ്യം വന്നുകൂടുമ്പോളാണ് റസൂല്‍ വചിക്കുന്നത്. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചുള്ള വചനം. അതുകൊണ്ട്, പ്രവാചക സുന്നത്ത് അക്ഷരാര്‍ഥത്തില്‍ മാത്രമല്ല, ഭാവാര്‍ഥത്തിലും നാം പിന്തുടരേണ്ടതുണ്ട്- ഇസ്‌ലാമിന്റെ ആദര്‍ശത്തോട് നേരായും കൂറു നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍.
സുന്നത്ത് പിന്തുടരേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ പ്രമാണീകരിക്കപ്പെട്ടാല്‍ അതിന് ഇസ്‌ലാമിലുള്ള മതപരവും സാമൂഹികവുമായ സാംഗത്യം എന്താണെന്നറിയാന്‍ അവകാശമുണ്ട് ഓരോ മുസ്‌ലിമിനും; അത് അവന്റെ ചുമതലയുമാണ്. ജനനം മുതല്‍ മരണം വരെ അവന്റെ ജീവിതത്തെ മുച്ചൂടും ചൂഴ്ന്നുവെന്നു കരുതപ്പെടുന്ന മഹത്തായ ഈ നിയമാവലികളുടെ, പ്രധാനവും അപ്രധാനവുമായ എല്ലാ ദശാസന്ധികളിലും അനുസരിക്കാന്‍ ബാധ്യസ്ഥമായ പെരുമാറ്റച്ചട്ടങ്ങളുടെ ആത്മീയാര്‍ഥം എന്താണ്? ഒരര്‍ഥവുമില്ലെന്ന് വരുമോ? താന്‍ ചെയ്തതുപോലെ വേണം എന്തും ചെയ്യാന്‍ എന്ന് പ്രവാചകന്‍ അനുയായികളോട് കല്‍പിച്ചതില്‍ എന്തു നന്മയാണുള്ളത്? ഇരു കൈകളും വൃത്തിയുള്ളതാണെങ്കില്‍ വലം കൈകൊണ്ടെന്ന പോലെ ഇടതുകൈകൊണ്ടും തിന്നാല്‍ എന്താണ് തെറ്റ്? താടി വടിക്കുന്നതും നീട്ടുന്നതും സ്വന്തം സൗകര്യമനുസരിച്ചായിക്കൂടേ? ഇതുപോലുള്ള കാര്യങ്ങള്‍ മനുഷ്യന്റെ പുരോഗതിയെയും സമൂഹത്തിന്റെ ക്ഷേമത്തെയും എങ്ങനെയാണ് ബാധിക്കുക? ബാധിക്കുകയില്ലെങ്കില്‍ നമ്മുടെ മേല്‍ അവ നിര്‍ബന്ധമാക്കുന്നത് എന്തിന്?
ഇസ്‌ലാമിന്റെ നിലനില്‍പിന് സുന്നത്തിന്റെ അനുവര്‍ത്തനം കൂടിയേ കഴിയൂ എന്നു വിശ്വസിക്കുന്ന നമ്മള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.
എന്റെ അറിവ് വെച്ചു നോക്കുമ്പോള്‍, സുന്നത്ത് സുസ്ഥാപിതമായതിനു കുറഞ്ഞത് വ്യക്തമായ മൂന്ന് കാരണങ്ങള്‍ കാണുന്നു: ചിട്ടയോടെ ചട്ടങ്ങളനുസരിക്കാന്‍ മനുഷ്യന് പരിശീലനം നല്‍കലാണ് ഒരു കാരണം. ബോധപൂര്‍വം ജാഗ്രതയോടെ ആത്മനിയന്ത്രണം ചെയ്തുകൊണ്ട് ജീവിക്കാനുള്ള പരിശീലനം. ചിട്ടയില്ലാത്ത പ്രവൃത്തികളും ശീലങ്ങളും മനുഷ്യന്റെ ആത്മീയ പുരോഗതിയില്‍ തടസ്സങ്ങളുണ്ടാക്കാം. ശ്രദ്ധയെ ആത്മീയകാര്യങ്ങളില്‍ ഏകാഗ്രമാക്കാന്‍ വിലങ്ങുതടികള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നമ്മുടെ ഇഛാനുസരണം ധര്‍മനിഷ്ഠയോടെയാവണം നാം ചെയ്യുന്നതെന്തും. അതിന് നാം നമ്മെത്തന്നെ പരിശോധിക്കാന്‍ പഠിച്ചിരിക്കണം. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഇക്കാര്യം ലളിത സുന്ദരമായ ഭാഷയില്‍ ഇപ്രകാരം പ്രകാശിപ്പിക്കുന്നു: ”കണക്ക് ബോധിപ്പിക്കാന്‍ വിളിക്കപ്പെടും മുമ്പേ നിങ്ങള്‍ നിങ്ങളുടെ കണക്ക് നിങ്ങളെത്തന്നെ ബോധിപ്പിക്കുക.”
”നേരില്‍ കണ്ടുകൊണ്ടെന്ന പോലെ നിന്റെ റബ്ബിനെ നീ ആരാധിക്കുക.” (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ)
ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല ഇസ്‌ലാമില്‍ ആരാധന. ജീവിതം ജീവിച്ചുതീര്‍ക്കല്‍ തന്നെയാണ് അത്. നമ്മിലെ ആത്മീയഭാവങ്ങളെയും ഭൗതികാഭിനിവേശങ്ങളെയും തമ്മിലിണക്കിച്ചേര്‍ത്ത് ഒന്നാക്കലാണ് ആരാധനയുടെ ലക്ഷ്യം. അതിന്, ബോധപൂര്‍വമല്ലാതെയും അനിയന്ത്രിതമായും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താനിടയുള്ള എല്ലാറ്റിനെയും ഒഴിവാക്കാന്‍ ആവുംവിധം പരിശ്രമിക്കണം. ആത്മപരിശോധനയാണ് അതിലേക്കുള്ള ആദ്യ ചുവട്. ശീലമായിപ്പോയ, അപ്രധാനമെന്ന് കരുതുന്ന പലതും നമ്മുടെ നിത്യജീവിതത്തില്‍ കാണാനാവും. കുറേ ചെറിയ, നിസ്സാര കാര്യങ്ങള്‍. എന്നാല്‍, ചെറുതായും നിസ്സാരമായും നാമെണ്ണുന്ന കാര്യങ്ങളാവും കണക്കെടുക്കുമ്പോള്‍ വലുതും ഗുരുതരവുമായി വരിക. വലുതുകളെ വലുപ്പം കൊണ്ടുതന്നെ സ്പഷ്ടമായി നിരീക്ഷിക്കാനാവുമല്ലോ. ചെറുതുകളുടെ കാര്യമതല്ല. നമ്മുടെ ശ്രദ്ധയില്‍ അവ പെട്ടെന്നു വരില്ല; നമുക്ക് നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം വഴുതിക്കളിക്കുകയും ചെയ്യും. അതുകൊണ്ട് ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ട്.
വലംകൈ കൊണ്ട് തിന്നുന്നതിലും താടിനീട്ടുന്നതിലും വലിയ കാര്യമില്ലെന്നു വരാം. എന്നാല്‍, ചില പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് സുസ്ഥാപിതമായ ഒരു മാര്‍ഗത്തിലൂടെ ചരിക്കുന്നത് വളരെ പ്രധാനമാണ്. ശരീരത്തെപ്പോലെ മനസ്സും മടിപിടിച്ചതാവാം എന്നതുകൊണ്ട് ആത്മപരിശോധനയിലും ആത്മനിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമുക്ക് വല്ലാതെ പാടുപെടേണ്ടിവരും. വ്യായാമം ചെയ്യാത്ത ഒരാളോട് കുറേ ദൂരം നടക്കാന്‍ പറഞ്ഞു നോക്കൂ. അല്‍പം നടന്നാല്‍ അയാള്‍ തളരും. എന്നാല്‍ നടത്തം പതിവാക്കിയ ഒരാളുടെ കാര്യമിതല്ല. സോത്സാഹം അയാള്‍ എത്ര ദൂരവും താണ്ടും. ജീവിതത്തില്‍ എല്ലാ മേഖലയിലും സുന്നത്ത് പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു വിശദീകരണം ഇതിലുണ്ട്. നാം എന്തു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും എല്ലായ്‌പ്പോഴും ബോധപൂര്‍വം ത്യാജ്യഗ്രാഹ്യവിവേചനത്തോടെയാവുമ്പോള്‍ ആത്മപരിശോധന നടത്താനുള്ള കഴിവ് അവിരതം വര്‍ധിക്കും. ജീവിതത്തിലുടനീളം നിര്‍ത്താതെ പരിശീലനം തുടരുന്നതിനാല്‍ നമ്മുടെ സാന്മാര്‍ഗികാലസ്യം കുറഞ്ഞ് കുറഞ്ഞുവന്ന് വിട്ടൊഴിയും.
‘പരിശീലനം’ കൊണ്ട് ഫലം കിട്ടണമെങ്കില്‍ അത് യാന്ത്രികമാവരുത്. നിത്യജീവിതത്തില്‍ സുന്നത്ത് പിന്തുടരുന്നത് ബോധപൂര്‍വമല്ലെങ്കില്‍ അതിനു വിദ്യാഭ്യാസ മൂല്യം ഇല്ലാതാവും. തിരുദൂതരുടെ സ്വഹാബിമാരും തുടര്‍ന്നുവന്ന തലമുറകളും ചിട്ടയോടെ സുന്നത്തനുഷ്ഠിച്ചിരുന്നു. ബോധപൂര്‍വം സുന്നത്തിനായി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. നിരന്തരം നബിചര്യ പിന്തുടരുന്ന ശീലം വളര്‍ത്തിയെടുത്ത അവര്‍ക്ക് അതുകൊണ്ട് നേട്ടമുണ്ടായി. പില്‍ക്കാലത്ത് മുസ്‌ലിംകള്‍ സുന്നത്തിനെ അവഗണിച്ചു. സുന്നത്ത് തുറന്നിട്ട തത്ത്വവിദ്യയുടെ തണല്‍വഴി വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ അവര്‍ കൂട്ടാക്കിയില്ല. സ്വൂഫിസത്തിന്റെ സ്വാധീനമാവാം ഈ ദുര്യോഗത്തിന് കാരണം. ഇസ്‌ലാമില്‍ തുടക്കത്തിലേ സ്ഥിരപ്പെട്ടുപോയ സുന്നത്തുകളെ മുരടോടെ പിഴുതെറിയാന്‍ സ്വൂഫിസത്തിനായില്ല എന്നത് ശരി. പക്ഷേ, ചൈതന്യം ചോര്‍ത്തിക്കളഞ്ഞ് സുന്നത്തുകളെ നിര്‍വീര്യമാക്കുന്നതില്‍ ഒരളവോളം അത് വിജയിച്ചു. നിഗൂഢമായ പശ്ചാത്തലത്തില്‍ നിഷ്‌കാമ്യപ്രാധാന്യം മാത്രമുള്ള ഒരു ചിത്രലിപിയായാണ് സുന്നത്തിനെ സ്വൂഫികള്‍ കണ്ടത്. ദൈവശാസ്ത്രജ്ഞരും നിയമജ്ഞരും ചട്ടങ്ങളുടെ ഒരു സംഹിതയായും കണ്ടു. മുസ്‌ലിം ബഹുജനത്തെ സംബന്ധിച്ചാവട്ടെ ഉള്ളില്‍ ഒരു ജൈവപദാര്‍ഥവുമില്ലാത്ത പൊള്ളയായ കങ്കാളം മാത്രമായി സുന്നത്ത്. ഇതെല്ലാമായിട്ടും ഖുര്‍ആനികാധ്യാപനങ്ങളും നബിചര്യകളും കേടുപാടുകള്‍ കൂടാതെ നമ്മുടെ മുമ്പിലുണ്ടല്ലോ. ഓരോന്നും നമുക്ക് പ്രയോഗത്തില്‍ വരുത്താവുന്നതേയുള്ളൂ. ഹദീസ്‌നിഷേധികള്‍ അനുമാനിക്കുംപോലെ കപട ഭക്തരുടെ കാട്ടിക്കൂട്ടലുകളോ നാമമാത്രപൂജകരുടെ നിഷ്‌കര്‍ഷകളോ അല്ല സുന്നത്ത്. സുബോധത്തോടെ ദൃഢബോധ്യത്തോടെ, അത്യന്തം ശ്രദ്ധയോടെ കര്‍മാനുഷ്ഠരായ ആളുകള്‍ നേടുന്ന പരിശീലനമാണ് അത്. സ്വഹാബിമാര്‍-സ്ത്രീകളും പുരുഷന്മാരും- അങ്ങനെയുള്ളവരായിരുന്നു.
ഇത്രയുമാണ് സുന്നത്തിന്റെ വ്യക്തിപ്രാധാന്യമുള്ള വശം. അടുത്തതായി സമൂഹത്തില്‍ സുന്നത്തിനുള്ള പ്രാധാന്യവും ഉപയോഗ്യതയും എന്തെന്ന് നോക്കാം: പ്രവൃത്തികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ വളരുന്ന തെറ്റുധാരണകളാണ് പലപ്പോഴും സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിമരുന്നിടുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഓരോന്നായിരിക്കുമല്ലോ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മനോഭാവം. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശൈലിയും ശീലവും കാണും. മനോഭാവങ്ങളും സമ്പ്രദായങ്ങളും തികച്ചും വ്യത്യസ്തമായാല്‍ അത് വ്യക്തികള്‍ പരസ്പരം അടുക്കുന്നതിനു വിഘാതമാവുന്നു. എന്നാല്‍, ഒരു കൂട്ടം വ്യക്തികള്‍ ഒരേ ജീവിതരീതിയും മനോഭാവവും പിന്തുടര്‍ന്നാലോ? പരസ്പരം മനസ്സിലാക്കി അനുഭാവപൂര്‍വം പെരുമാറും. സംഘര്‍ഷങ്ങള്‍ കൂടാതെ കഴിക്കും. വ്യക്തിയുടെ എന്ന പോലെ സമൂഹത്തിന്റെയും ക്ഷേമം മുന്‍നിര്‍ത്തി ജീവിതരീതികളില്‍ ഒരു ഐകരൂപ്യം വരുത്താന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത് അതുകൊണ്ടാണ്. വ്യക്തിപരമോ സാമൂഹികമോ ആയ നിലയും വിലയുമൊന്നും അതിനു തടസ്സമാവരുത്.
സുന്നത്തിന്റെ കടുംപിടുത്തം കൊണ്ട്, ഇതിനു പുറമെ ഇസ്‌ലാമിക സമൂഹത്തില്‍ വേറൊരു വലിയ പ്രയോജനം കൂടിയുണ്ട്. സുന്നത്തുകള്‍ സമൂഹത്തെ പരസ്പര ബന്ധമുള്ളതും കെട്ടുറപ്പുള്ളതുമാക്കുന്നു. പാശ്ചാത്യസമൂഹ തലത്തിലുള്ളതുപോലെ പരസ്പര വിദ്വേഷവും ചിന്താകുഴപ്പവും പരിവര്‍ജിക്കപ്പെടുന്നു. ‘സാമൂഹികപ്രശ്‌നം’ ഉയര്‍ന്നുവരുമ്പോഴാണല്ലോ അവിടങ്ങളില്‍ കുഴപ്പമുണ്ടാകുന്നത്. വികലവും ന്യൂനതകളുള്ളതുമെന്ന് ഏതെങ്കിലും കീഴ്‌നടപ്പുകളോ സമ്പ്രദായങ്ങളോ ആചാരങ്ങളോ വിലയിരുത്തപ്പെടുമ്പോഴാണ് ‘സാമൂഹികപ്രശ്‌നം’ തലപൊക്കുക. ഇസ്‌ലാമില്‍ അതിനു പഴുതില്ല. ഖുര്‍ആനും നബിചര്യകളുമാണ് ഇസ്‌ലാമികസമൂഹത്തിന്റെ നിലനില്‍പിന്നാധാരം. ഖുര്‍ആന്‍ ദൈവവചനം. നബി ദൈവദൂതന്‍. ഈ വിഷയത്തില്‍ അടിസ്ഥാന ആശയാദര്‍ശങ്ങളില്‍, ആര്‍ക്കും സന്ദേഹമില്ലാത്തതിനാല്‍ ‘സാമൂഹികപ്രശ്‌ന’ത്തിനു മുളച്ചുപൊന്താന്‍ ഇസ്‌ലാമില്‍ ഇടമില്ല. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ‘സുദൃഢമായ ഒരു കെട്ടിടം’പോലെയാണെന്ന് ഖുര്‍ആനില്‍ സങ്കല്‍പിക്കപ്പെടുന്നത്. ഖുര്‍ആനും സുന്നത്തും സാമൂഹികജീവിതത്തില്‍ പരമപ്രധാനമാകുമ്പോള്‍ ചെറിയ പ്രശ്‌നങ്ങളും ഭാഗികമായ ‘പരിഷ്‌കരണ’വും അപ്രസക്തമാവും. വൈരുധ്യാധിഷ്ഠിത ചിന്താക്കുഴപ്പമില്ലാതെ ദൈവികനിയമങ്ങളും ദൈവദൂതന്റെ മാതൃകയും പിന്തുടരുന്നതിനാല്‍ ഇസ്‌ലാമിക സമൂഹത്തിന് അതിന്റെ ഊര്‍ജം മുഴുവന്‍ ഭൗതികവും ബൗദ്ധികവുമായ ക്ഷേമകാര്യങ്ങള്‍ക്കായി ചെലവാക്കാനാവും. ഇതു മാത്രമാണ്, ഇതല്ലാതെ മറ്റൊന്നുമല്ല ഇസ്‌ലാമിക സമൂഹിക സംഘടനയുടെ മതപരമായ വാസ്തവികത.
ഇനി നമ്മള്‍ സുന്നത്ത് കര്‍ശനമായി പിന്തുടരുന്നത് എന്തിനെന്നും എന്തുകൊണ്ടെന്നും നോക്കാം.
ദൈനംദിന ജീവിതത്തില്‍ റസൂലിന്റെ മാതൃകയനുസരിച്ച് നാം പിന്തുടരേണ്ട കാര്യങ്ങള്‍ നിരവധി. അങ്ങനെ നമ്മുടെ ജീവിതവ്യാപാരങ്ങളിലെല്ലാം റസൂല്‍ നിത്യസാന്നിധ്യമായിത്തീരുന്നു. ‘ദൈവദൂതന്മാരില്‍ അന്ത്യനും’ ‘ലോകര്‍ക്ക് കാരുണ്യവു’മാണല്ലോ റസൂല്‍. അങ്ങനെയുള്ളൊരു പ്രവാചകന്റെ മാര്‍ഗദര്‍ശനം മുഴുവനായോ അതില്‍ ചിലതോ സ്വീകാര്യമല്ലെന്ന നിലപാട് ദൈവിക മാര്‍ഗദര്‍ശനത്തെത്തന്നെ നിരാകരിക്കലാവും. അങ്ങനെ വരുമ്പോള്‍, ദൈവിക മാര്‍ഗദര്‍ശനത്തിന് ഖുര്‍ആനോടെയും മുഹമ്മദ് നബി(സ)യുടെ നിയോഗത്തോടെയും പൂര്‍ണ വിരാമമായില്ലെന്ന യുക്തിയിലേക്കാണെത്തുക. ‘മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍’ക്ക് ഇസ്‌ലാമും ഒരു പരിഹാരം എന്നു മാത്രമാവും യുക്തി. അപ്പോള്‍, അതോ ഇതോ എന്തുവേണമെങ്കിലും തെരഞ്ഞെടുക്കാമെന്നാവും. അങ്ങനെപോയാല്‍ നമ്മള്‍ എവിടെയാണെത്തുക? ഇസ്‌ലാമിലല്ലെന്നുറപ്പ്. കാരണം, ഖുര്‍ആന്‍ പറയുന്നു: ”ഇന്നു നാം നിങ്ങളുടെ മതം നിങ്ങള്‍ക്ക് തികവുള്ളതാക്കിയിരിക്കുന്നു, നമ്മുടെ അനുഗ്രഹം നിറവേറ്റുന്നു, ഇസ്‌ലാമിനെ നിങ്ങളുടെ മതമായി നിശ്ചയിക്കുന്നു.” (5:3)
നമുക്ക് താങ്ങാനാവാത്തതൊന്നും ഇസ്‌ലാം അടിച്ചേല്‍പിക്കുന്നില്ല. മാര്‍ഗങ്ങളില്‍ ഒന്നല്ല ഇസ്‌ലാം. ഇസ്‌ലാമാണ് മാര്‍ഗം. ആരിലൂടെ ഇസ്‌ലാം തികവുള്ളതാക്കപ്പെട്ടോ ആ മനുഷ്യന്‍ മാര്‍ഗദര്‍ശികളില്‍ ഒരാളല്ല; അദ്ദേഹമാണ് മാര്‍ഗദര്‍ശി. അദ്ദേഹത്തിന്റെ മാതൃകയനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചതും കല്‍പിച്ചതുമെല്ലാം പിന്തുടരലാണ് ഇസ്‌ലാം. സുന്നത്തിനെ നിരാകരിക്കുമ്പോള്‍ നിങ്ങള്‍ ഇസ്‌ലാമിന്റെ യാഥാര്‍ഥ്യം തള്ളിക്കളയുകയാണ് ചെയ്യുന്നത്.

About the author

admin

Leave a Comment