Hadith

ഹദീസ് ക്രോഡീകരണം

Written by admin

ഇസ്‌ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നാണ് ഹദീസ്. ആദ്യത്തേത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്‌ലാമികജീവിതം ദിശാബോധത്തോടെ, ഭ്രമണപഥത്തില്‍നിന്ന് തെറ്റാതെ മുന്നോട്ട് പോകുന്നത് ഇവ രണ്ടിന്റെയും സാന്നിധ്യം കൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യജീവിതത്തിന് വഴിവെളിച്ചമാകുന്ന മൗലികതത്ത്വങ്ങളുടെയും മാര്‍ഗദര്‍ശനങ്ങളുടെയും സമാഹാരമാണ്. പ്രസ്തുത തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജീവിതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത് ഹദീസിലൂടെയാണ്. പ്രവാചകന്‍ ഖുര്‍ആനിക തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം പോസ്റ്റുമാനോ സന്ദേശവാഹകനോ ആയിരുന്നില്ല. മറിച്ച്, ആ തത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച് അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും കൂടിയായിരുന്നു. ആ നിലക്ക് ഖുര്‍ആനികാശയത്തിന്റെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ വ്യാഖ്യാനവും വിശദീകരണവുമത്രെ ഹദീസ്. ഹദീസുകളുടെ അഭാവത്തില്‍ ഖുര്‍ആനിക തത്ത്വങ്ങളുടെ യഥാര്‍ഥ ആശയവും പൊരുളും ഗ്രഹിക്കുക അസാധ്യമാണ്.
ഇസ്‌ലാമികജീവിതത്തിന്റെ ഊടും പാവുമായി വര്‍ത്തിക്കുന്ന ഹദീസുകളുടെ ക്രോഡീകരണം ഒരു പ്രസ്ഥാനമായി വികസിച്ചത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണെങ്കിലും പ്രവാചകന്റെ ജീവിതകാലത്തുതന്നെ അതിന് തുടക്കം കുറിച്ചിട്ടുണ്ട്. പുസ്തകരചനയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് ഹദീസുകളുടെ ക്രോഡീകരണം. മുഹമ്മദ് നബിയുടേതല്ലാത്ത മറ്റൊരു പ്രവാചകന്റെയോ ആചാര്യന്റെയോ ജീവിതം ഇത്രമാത്രം ആഴത്തിലും പരപ്പിലും ക്രോഡീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. വക്രവും വികലവുമായ രൂപത്തിലാണെങ്കിലും ചില ‘സമാഹാരങ്ങള്‍’ക്ക് ഖുര്‍ആനുമായി സമാനതകളുണ്ട്. തൗറാത്ത്, ഇഞ്ചീല്‍ പോലുള്ള വേദഗ്രന്ഥങ്ങള്‍ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിലും സത്താപരമായി അവ ഖുര്‍ആനെപ്പോലെ ദൈവിക വെളിപാടുകളുടെ സമാഹാരങ്ങളാണല്ലോ. എന്നാല്‍ ഹദീസുകള്‍ക്ക് ഇത്തരത്തില്‍ പോലും സമാനതകളില്ല. ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുണ്ട്. അവ പ്രധാനമായും മൂന്ന് തരത്തിലാണ്. ഒന്ന്, അവര്‍ സ്വയം എഴുതിയത്. രണ്ട്, അവര്‍ പറഞ്ഞു കൊടുത്ത് മറ്റൊരാള്‍ എഴുതിയത്. മൂന്ന്, അവരുടെ വാക്കുകളും പ്രഭാഷണങ്ങളും മറ്റാരെങ്കിലും പകര്‍ത്തി എഴുതി സമാഹരിച്ചത്. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമുള്ള മുഹമ്മദ് നബിയുടെ വാക്കുകളും നടപടികളും മാത്രമല്ല, അദ്ദേഹത്തിന്റെ മൗനങ്ങള്‍ പോലും ഹദീസുകളില്‍ സമാഹരിക്കപ്പെട്ടിരിക്കുകയാണ്. തിരുമേനിയുടെ പരസ്യവും രഹസ്യവുമായ ജീവിതത്തിന്റെ ആവിഷ്‌കാരമാണ് അക്ഷരാര്‍ഥത്തില്‍ ഹദീസുകളില്‍ തെളിയുന്നത്. അവയില്‍ ഒന്നുപോലും വിട്ടുപോകാതെ ഭാവിതലമുറക്കായി സംരക്ഷിക്കുക എന്ന മഹത്തായ ദൗത്യമാണ് ഹദീസ് ക്രോഡീകരണത്തിന് മുന്നിട്ടിറങ്ങിയ മഹാത്മാക്കള്‍ നിര്‍വഹിച്ചത്.

കത്തുകളും കരാറുകളും
ഖുര്‍ആന്‍ ക്രോഡീകരണത്തില്‍നിന്ന് ഭിന്നമായി, പ്രവാചകന്റെ ജീവിതകാലത്ത് ആരംഭിച്ച്, നാല് ചരിത്ര ഘട്ടങ്ങളിലൂടെ വികസിച്ച് ഹി. മൂന്നാം നൂറ്റാണ്ടോടു കൂടി പൂര്‍ത്തിയായ നിരന്തര പ്രക്രിയയായിരുന്നു ഹദീസുകളുടെ ലിഖിത രൂപത്തിലുള്ള ക്രോഡീകരണം. ഖുര്‍ആന്റെ ക്രോഡീകരണത്തില്‍ പ്രവാചകന്റെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടായിരുന്നുവെങ്കില്‍ ഹദീസ് ക്രോഡീകരണത്തില്‍ അത്തരം മേല്‍നോട്ടം ഉണ്ടായിരുന്നില്ല. എന്നല്ല, ഖുര്‍ആന്റെ ക്രോഡീകരണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍, അതുമായി കൂടിക്കലരാതിരിക്കാന്‍ ആദ്യകാലത്ത് ഹദീസുകള്‍ എഴുതിവെക്കുന്നതിനെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് തന്റെ ഒട്ടേറെ ശിഷ്യന്മാര്‍ക്ക് പ്രവാചകന്‍ അതിന് അനുമതി നല്‍കുകയും അവര്‍ പ്രവാചക വചനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തു.
പ്രവാചകന്റെ ജീവിതകാലത്ത് ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഒരു വിഭാഗം, കത്തുകളും കരാറുകളും അടങ്ങുന്ന ഔദ്യോഗിക രേഖകളാണ്. അവയില്‍ നമുക്ക് ലഭ്യമായ ആദ്യരേഖ, മക്കയിലെ പീഡനം അസഹ്യമായപ്പോള്‍ തന്റെ ഒരുപറ്റം അനുയായികളെ തിരുമേനി അബ്‌സീനിയയിലേക്ക് പറഞ്ഞയച്ച സന്ദര്‍ഭത്തില്‍ അവിടത്തെ രാജാവ് നജ്ജാശിക്ക് കൊടുത്തയച്ച കത്താണ്. കത്തില്‍ പ്രവാചകന്‍ ഇങ്ങനെ എഴുതി: ”ഞാന്‍ എന്റെ പിതൃസഹോദരന്‍ ജഅ്ഫറിനെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണ്. വേറെയും കുറച്ച് മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അവര്‍ താങ്കളുടെ അടുത്തെത്തിയാല്‍ അവരെ അതിഥികളായി സ്വീകരിക്കുക” (ഉദ്ധരണം: ‘ഖുത്വുബാതെ ബാവല്‍പൂര്‍’, മുഹമ്മദ് ഹമീദുല്ല, പേജ് 62).
പ്രവാചകന്റെ കാലത്തുതന്നെ ലിഖിത രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട മറ്റൊരു പ്രധാന രേഖ ഹിജ്‌റ വേളയില്‍ പ്രവാചകനെ പിടികൂടി ഖുറൈശികളെ ഏല്‍പിക്കുന്നതിനായി നബിയുടെ പിറകെ കൂടിയ സുറാഖ മാപ്പപേക്ഷിച്ചപ്പോള്‍ നബി എഴുതിനല്‍കിയ അഭയപത്രമാണ്. അതിനെക്കുറിച്ച് ഇപ്രകാരമാണ് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത്: ”ഹിജ്‌റ പോകുമ്പോള്‍ പ്രവാചകന്റെ അടുത്ത് പേന, മഷി, കടലാസ് തുടങ്ങിയവയുണ്ടായിരുന്നു. തിരുമേനിയുടെ കൂടെ യാത്ര ചെയ്തിരുന്ന, എഴുതാനും വായിക്കാനും കഴിയുന്ന അംറുബ്‌നു ഫഹിറ എന്ന ഒരടിമയെക്കൊണ്ടാണ് തിരുമേനി സുറാഖക്ക് നല്‍കിയ അഭയ പത്രം എഴുതിച്ചത്. പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കാനായി മദീനയിലെത്തിയ സുറാഖ തന്റെ കൈവശമുണ്ടായിരുന്ന പഴയ അഭയപത്രം കാണിച്ചുകൊടുത്തപ്പോഴാണ് നബിയുടെ അടുത്തേക്ക് പ്രവേശനം ലഭിച്ചത്.”
ഹിജ്‌റക്കു ശേഷം ഇത്തരം കത്തുകളുടെയും കരാറുകളുടെയും എണ്ണം വര്‍ധിച്ചു. അവയില്‍ ഏറിയകൂറും ഔദ്യോഗിക സ്വഭാവത്തിലുള്ളതായിരുന്നു. ചില രേഖകള്‍ പ്രവാചകന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും. മേല്‍ സൂചിപ്പിച്ച ഔദ്യോഗിക രേഖകളില്‍ ചിലത്, പ്രവാചകന്‍ ജീവിച്ചതുപോലുള്ള ഒരു കാലത്തുനിന്ന് തീരെ പ്രതീക്ഷിക്കാനാവാത്തവിധം കാലത്തെ അതിവര്‍ത്തിച്ചു നില്‍ക്കുന്നവയാണ്. അത്തരമൊന്ന് ബുഖാരിയില്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ഒരിക്കല്‍ നബി അന്നുവരെയുള്ള മുസ്‌ലിംകളുടെ എണ്ണവും പേരും രേഖപ്പെടുത്തി വെക്കാന്‍ നിര്‍ദേശിച്ചു. കണക്കെടുത്തപ്പോള്‍, ബുഖാരി നല്‍കിയ വിവരണമനുസരിച്ച് കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍ എന്നിവരുള്‍പ്പെടെ ആകെ 1500 പേരാണുണ്ടായിരുന്നത്. ഈ സെന്‍സസ് റിപ്പോര്‍ട്ട് തയാറാക്കിയ കാലത്തെക്കുറിച്ച് ബുഖാരി ഒരു സൂചനയും നല്‍കിയിട്ടില്ല. എങ്കിലും പ്രവാചകന്റെ മദീനാ ജീവിതത്തിന്റെ തുടക്കത്തിലായിരിക്കും അതെന്നാണ് ഡോ. ഹമീദുല്ലയുടെ നിഗമനം. കാരണം ഹിജ്‌റക്ക് ശേഷം ഇസ്‌ലാം ദ്രുതഗതിയില്‍ പ്രചരിച്ചതും അന്നത്തെ സാഹചര്യത്തില്‍ സെന്‍സസെടുക്കാന്‍ കഴിയാത്തവിധം മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചതും ചരിത്രവസ്തുതയാണ്. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ 1,40,000 പേരാണ് അദ്ദേഹത്തിന്റെ കൂടെ പങ്കെടുത്തത്. ഇതും 1500-ഉം തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. ഇത് ചൂണ്ടിക്കാട്ടിയാണ് മേല്‍ സൂചിപ്പിച്ച സെന്‍സസ് റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടത് ഹിജ്‌റക്ക് തൊട്ടുടനെയാണെന്ന് ഹമീദുല്ല നിരീക്ഷിച്ചത്. ഏതായാലും ഈ സെന്‍സസ് റിപ്പോര്‍ട്ട് പ്രവാചകന്റെ മേല്‍നോട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണെന്നതില്‍ സംശയമില്ല.
മറ്റൊരു പ്രധാന ലിഖിതരേഖയാണ്, പ്രവാചകന്‍ രൂപകല്‍പന ചെയ്ത ‘മദീനാ പാക്ട്’ എന്ന് വിളിക്കാവുന്ന ഭരണഘടന. 52 ഖണ്ഡികകളുള്ള ഈ ഭരണഘടനക്ക് അദ്ദേഹം രൂപം നല്‍കിയത് ഹിജ്‌റയുടെ തൊട്ടുടനെയാണ്. മദീനയിലെത്തിയ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്നത് ഒരു ബഹുസ്വര സമൂഹത്തെയാണ്. മദീനയുടെ ജനസംഖ്യയില്‍ പകുതിയോളം ജൂതന്മാരായിരുന്നു. ആയിരത്തിലധികം വര്‍ഷമായി അവര്‍ അവിടത്തെ സ്ഥിരതാമസക്കാരുമാണ്. എണ്ണം കൃത്യമായി അറിയില്ലെങ്കിലും ഒരു ചെറിയ ക്രൈസ്തവ സമുദായവും മദീനയിലുണ്ടായിരുന്നു. മദീനയിലെ അടിസ്ഥാന പൗരന്മാരായ അറബികള്‍ പരസ്പരം പോരടിക്കുന്ന രണ്ട് വലിയ ഗോത്ര സഖ്യങ്ങളായി വേര്‍തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. അവരില്‍ മുസ്‌ലിംകളും അല്ലാത്തവരും ഉണ്ട്. മദീനയുടെ പ്രാന്തങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ചെറിയ ഗോത്രങ്ങള്‍ വേറെയുമുണ്ടായിരുന്നു. കൂടാതെ വിശ്വാസ സംരക്ഷണാര്‍ഥം മദീനയില്‍ പ്രവാസികളായി വന്ന മക്കയിലെ മുസ്‌ലിംകളും മദീനയിലെ അടിസ്ഥാന പൗരന്മാരായ അന്‍സ്വാരികളും ഒരേ ആദര്‍ശത്തിന്റെ വാഹകരായിരുന്നുവെങ്കിലും, വ്യത്യസ്ത ജീവിതരീതികളുടെ മുദ്രകള്‍ പേറുന്നവരായിരുന്നു. മക്കയില്‍നിന്നെത്തിയവര്‍ (മുഹാജിറുകള്‍) വ്യാപാരി സമൂഹവും മദീനക്കാര്‍(അന്‍സ്വാരികള്‍) കര്‍ഷക സമൂഹവുമായിരുന്നു. ഈ ബഹുസ്വര സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവുമായ സവിശേഷതകളെല്ലാം അനുഭാവപൂര്‍വം പരിഗണിച്ചാണ് തിരുമേനി ‘മദീനാ പാക്ടിന്’ രൂപം നല്‍കിയത്. സമസ്ത അധികാരങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഭരണസംവിധാനമല്ല ആ ഭരണഘടന വിഭാവന ചെയ്തത്. ഗോത്രങ്ങള്‍ക്ക് പല കാര്യങ്ങളിലും സ്വയംഭരണാവകാശം നല്‍കുന്ന ഒരു ഫെഡറല്‍ സംവിധാനമായിരുന്നു അത്. രാജ്യസുരക്ഷ പോലുള്ളവ മാത്രമേ കേന്ദ്രത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുണ്ടായിരുന്നുള്ളൂ. പൂര്‍ണമായും പ്രവാചകന്റെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് ആ ഭരണഘടന തയാറാക്കപ്പെട്ടത്. അതിനാല്‍ അത് ഹദീസിന്റെ ഭാഗം തന്നെയാണെന്നതില്‍ സംശയമില്ല.
പ്രവാചകന്റെ നിര്‍ദേശ പ്രകാരം ഹസ്രത്ത് അലി എഴുതി തയാറാക്കിയ ഹുദൈബിയാ സന്ധിയാണ് പ്രവാചക കാലഘട്ടത്തിലെ മറ്റൊരു സുപ്രധാന ലിഖിത രേഖ. അതുപോലെ, മക്കാ വിജയത്തിനു ശേഷം ഇസ്‌ലാമികരാഷ്ട്രം വിശാലമായതോടെ പ്രവാചകന്‍ വിവിധ ഗോത്രങ്ങളുമായുണ്ടാക്കിയ കരാറുകളും പ്രവിശ്യയിലെ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയ ഉത്തരവുകളും വിദേശ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് എഴുതിയ പ്രബോധനപരമായ കത്തുകളും പ്രവാചകജീവിതത്തില്‍തന്നെ ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളാണ്. ഇത്തരം നാനൂറോളം ഔദ്യോഗിക രേഖകള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്.
പ്രവാചകന്റെ ജീവിതകാലത്തുതന്നെ ലിഖിത രൂപത്തില്‍ ക്രോഡീകൃതമായ വേറൊരു വിഭാഗം ഹദീസുകള്‍, സ്വഹാബികള്‍ സ്വന്തം നിലക്ക് എഴുതി സൂക്ഷിച്ചവയാണ്. അറബികള്‍ പൊതുവെ നിരക്ഷരരായിരുന്നുവെങ്കിലും, അവരുടെ കൂട്ടത്തില്‍ എഴുത്തും വായനയും അറിയുന്നവരും ഉണ്ടായിരുന്നു. അത്തരം സാക്ഷരര്‍ നബിയോട് ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ അനുവാദം ചോദിക്കുകയും പ്രവാചകന്‍ അനുമതി നല്‍കുകയും ചെയ്തതിന് ഒട്ടേറെ തെളിവുകളുണ്ട്. തിര്‍മിദി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരു സ്വഹാബി പ്രവാചകനോട് ഇങ്ങനെ ഉണര്‍ത്തിച്ചു: ‘അങ്ങേയറ്റം പ്രാധാന്യമുള്ളതും താല്‍പര്യമുള്ളതുമായ ധാരാളം കാര്യങ്ങള്‍ ദിവസവും അങ്ങ് വിവരിച്ചുതരുന്നു. പക്ഷേ, എനിക്ക് ഓര്‍മശക്തി തീരെ കുറവായതിനാല്‍ അവ പൂര്‍ണമായും ഓര്‍ത്തു വെക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാനെന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?’ ‘നിന്റെ വലത് കൈയിന്റെ സഹായം തേടുക’ – പ്രവാചകന്‍ മറുപടി പറഞ്ഞു. ഹദീസുകള്‍ എഴുതിയെടുക്കാനുള്ള അനുമതിയായിരുന്നു ഇതെന്നതില്‍ സംശയമില്ല. വിശദാംശങ്ങള്‍ അറിയില്ലെങ്കിലും അനുമതി കിട്ടിയ ശേഷം അദ്ദേഹം നിരവധി ഹദീസുകള്‍ എഴുതിയെടുത്തിട്ടുണ്ടാവാമെന്ന് ചിന്തിക്കാവുന്നതാണ്.

സ്വഹാബിമാരുടെ ഏടുകള്‍
പ്രവാചകന്റെ കാലത്തുതന്നെ ഹദീസുകള്‍ ധാരാളമായി എഴുതി സൂക്ഷിച്ചിരുന്ന മറ്റൊരു സ്വഹാബിയാണ് അബ്ദുല്ലാഹിബ്‌നു അംറിബ്‌നി ആസ്വ്. അസാമാന്യനായ ബുദ്ധിശാലിയും വിജ്ഞാനദാഹിയുമായിരുന്നു അദ്ദേഹം. ഹിജ്‌റ വേളയില്‍ പതിനാറോ പതിനേഴോ വയസ്സുള്ള യുവാവായ അദ്ദേഹത്തിന് നബി ഖുര്‍ആനോടൊപ്പം ബൈബിള്‍ പഠിക്കാനുള്ള അനുവാദവും നല്‍കിയിരുന്നു. ഒരാള്‍ക്ക് ഹദീസുകള്‍ എഴുതി വെക്കാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയിരിക്കുന്നുവെന്നറിഞ്ഞ അബ്ദുല്ല അതിനു ശേഷം പ്രവാചകനില്‍നിന്ന് കേള്‍ക്കുന്നതൊക്കെയും എഴുതിവെക്കാന്‍ തുടങ്ങി. പ്രവാചകന്‍ നേരില്‍തന്നെ അദ്ദേഹത്തിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പൂര്‍ണമായ മനസ്സമാധാനം ലഭിക്കുന്നതിനായി, താന്‍ എഴുതിയെടുക്കുന്നതില്‍ തിരുമേനിക്ക് വല്ല നീരസവുമുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അര്‍ഥശങ്കക്കിടമില്ലാത്തവിധമായിരുന്നു പ്രവാചകന്റെ മറുപടി: ‘എന്റെ ജീവന്‍ ആരുടെ കരങ്ങളിലാണോ, അവന്‍ സത്യം. ഇവിടെനിന്ന് പുറത്തുവരുന്നതെല്ലാം (തന്റെ വായിലേക്ക് ചൂണ്ടിക്കൊണ്ട്) സത്യമാണ്.” അതോടെ വര്‍ധിതാവേശത്തോടെ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സമാഹാരത്തില്‍ 10000 ഹദീസുകള്‍ ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകനും മകനു ശേഷം പൗത്രനും ആ കോപ്പിയുടെ സഹായത്തോടെയാണ് ഹദീസുകള്‍ പഠിപ്പിച്ചിരുന്നത്.
പ്രവാചകന്റെ ജീവിതകാലത്തുതന്നെ ഹദീസുകള്‍ എഴുതി ക്രോഡീകരിക്കാന്‍ താല്‍പര്യമെടുത്ത മറ്റൊരു സ്വഹാബി അനസുബ്‌നു മാലികാണ്. ഹിജ്‌റ പോകുമ്പോള്‍ 10 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹത്തെ മദീനയിലെത്തിയ ഉടനെ മാതാവ് കൈപിടിച്ച് നബിസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തന്റെ മകന് എഴുത്തും വായനയും അറിയാമെന്ന് അഭിമാനത്തോടെ അറിയിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നബി(സ) അനസിനെ സേവകനാക്കി കൂടെ നിര്‍ത്തി. അനസിന്റെ താമസം പ്രവാചകന്റെ വീട്ടിലായിരുന്നതിനാല്‍, നബി(സ)യുടെ ജീവിതം വളരെ അടുത്തുനിന്ന് കാണാന്‍ അവസരം ലഭിച്ചു. അദ്ദേഹം നബിയില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ശ്രദ്ധാപൂര്‍വം എഴുതി സൂക്ഷിച്ചിരുന്നു. നബിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചറിയാന്‍ തന്നെ സമീപിക്കുന്നവരോട് അനസ് തന്റെ പഴയ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച ആ ഏടുകള്‍ പുറത്തെടുത്ത് ഇപ്രകാരം പറയും: ‘നബി(സ)യുടെ ജീവിതത്തില്‍നിന്ന് ഞാന്‍ കുറിച്ചെടുത്ത കുറിപ്പുകളാണിത്. സമയാസമയം അത് പ്രവാചകനെ വായിച്ചുകേള്‍പ്പിക്കുകയും അബദ്ധങ്ങളുണ്ടെങ്കില്‍ അദ്ദേഹം അത് തിരുത്തുകയും ചെയ്യുമായിരുന്നു.’ തിരുമേനിയുടെ നേരിട്ടുള്ള പുനഃപരിശോധനക്ക് വിധേയമായതിനാല്‍ ഏറ്റവും ആധികാരികമെന്ന് അനസിന്റെ സമാഹാരത്തെ കരുതാമെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഡോ. ഹമീദുല്ലയുടെ നിരീക്ഷണം.
ഇവരെ കൂടാതെ പ്രവാചകന്റെ ജീവിതകാലത്ത് ഹദീസ് എഴുതി സൂക്ഷിച്ചിരുന്ന വേറെയും സ്വഹാബിമാരുണ്ടായിരുന്നു. അബൂറാഫിഅ് എന്ന വിമുക്ത അടിമ അവരിലൊരാളാണ്. അബ്ദുല്ലാഹിബ്‌നു അംറിന്റെ സമാഹാരത്തില്‍ പതിനായിരം ഹദീസുകളുണ്ടായിരുന്നതായി മുകളില്‍ സൂചിപ്പിച്ചു. ആവര്‍ത്തനം ഒഴിവാക്കിയാല്‍ ബുഖാരിയുടെ സമാഹാരത്തില്‍ രണ്ടായിരത്തോളം ഹദീസുകളേ ഉള്ളൂ. പ്രവാചകന്റെ കാലത്തുതന്നെ എത്രയധികം ഹദീസുകള്‍ സമാഹരിക്കപ്പെട്ടുവെന്ന് ഇതില്‍നിന്ന് ഊഹിക്കാമല്ലോ. നിര്‍ഭാഗ്യവശാല്‍ തിരുമേനിയുടെ കാലത്തെ ഹദീസ് സമാഹാരങ്ങളിലെ മുഴുവന്‍ ഹദീസുകളും ഒരുമിച്ചല്ല നമുക്ക് ലഭിച്ചിരിക്കുന്നത്. ഹദീസുകളുടെ പില്‍ക്കാല സമാഹര്‍ത്താക്കള്‍ അവയെ ഒന്നിച്ച് ഒരു സ്ഥലത്ത് പറയുന്നതിനു പകരം പലയിടങ്ങളിലായി ചേര്‍ത്തതാണ് അതിനു കാരണം. ഉദാഹരണത്തിന്, അബ്ദുല്ലയുടെ സമാഹാരത്തിലെ ഒരു ഹദീസ് ഒരു അധ്യായത്തിലാണെങ്കില്‍ മറ്റൊരു ഹദീസ് വേറൊരു അധ്യായത്തിലായിരിക്കും. മേല്‍ഹദീസുകളുടെ വിഷയാധിഷ്ഠിത ക്രോഡീകരണമാണ് ഈയൊരവസ്ഥ സംജാതമാക്കിയത്. അതിനാല്‍ ഹദീസിന്റെ പ്രഥമവും ഏറ്റവും ആധികാരികവുമായ സമാഹാരം അതിന്റെ തനത് രൂപത്തില്‍ നമ്മുടെ കൈകളില്‍ എത്തുകയുണ്ടായില്ല.

പ്രവാചകന്റെ മരണശേഷം
ഹദീസ് ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടം നബിയുടെ മരണാനന്തരമുള്ള സ്വഹാബിമാരുടെ ജീവിതകാലമാണ്. തങ്ങള്‍ മനഃപാഠമാക്കിയ ഹദീസുകള്‍ക്ക് ലിഖിത രൂപം നല്‍കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പല സ്വഹാബിമാരും ചിന്തിച്ചത് നബിയുടെ മരണശേഷമാണ്. മരണത്തിന് തങ്ങള്‍ കൂടി കീഴടങ്ങുന്നതോടെ ഹദീസുകളുടെ വലിയൊരു സമാഹാരം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്ന ആശങ്കയാണ് അവരെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. മറ്റാര്‍ക്കും വേണ്ടിയല്ലെങ്കിലും ചുരുങ്ങിയത് തങ്ങളുടെ മക്കള്‍ക്കെങ്കിലും പ്രവാചകജീവിതം പകര്‍ന്നു നല്‍കണമെങ്കില്‍ എഴുതിവെച്ചേ പറ്റൂ എന്ന കാര്യം ബോധ്യപ്പെടാത്ത ആരും സ്വഹാബിമാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ സ്വഹാബികള്‍ നേരിട്ട് തയാറാക്കിയ അത്തരം ഒട്ടേറെ ഗ്രന്ഥങ്ങളെക്കുറിച്ച് ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ഹസ്രത്ത് സമുറതുബ്‌നുജുന്‍ദുബ്, ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്, സഅ്ദുബ്‌നു ഉബാദഃ തുടങ്ങിയവര്‍ ഇങ്ങനെ ഹദീസുകള്‍ എഴുതി സൂക്ഷിച്ചിരുന്ന പ്രധാനികളാണ്. ഈ സമാഹാരങ്ങളില്‍ ഒന്നിനെക്കുറിച്ച് ‘അത് ധാരാളം വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും, മറ്റൊന്നിനെക്കുറിച്ച് ‘അത് അങ്ങേയറ്റം ബൃഹത്താണെ’ന്നുമാണ് ഇബ്‌നു ഹജര്‍ എഴുതിയത്.
പ്രവാചകശിഷ്യന്മാരില്‍ ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്തവരില്‍ ഒരാള്‍ അബൂഹുറയ്‌റയാണ്. അദ്ദേഹം വാമൊഴിയായി നിവേദനം ചെയ്തത് നേര്‍ ശിഷ്യന്മാരിലൂടെയോ അവരുടെ ശിഷ്യന്മാരിലൂടെയോ പില്‍ക്കാലത്ത് ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെടുകയാണുണ്ടായത് എന്നാണ് മനസ്സിലാക്കപ്പെട്ടുവരുന്നത്. എന്നാല്‍, അബൂഹുറയ്‌റ സ്വയംതന്നെ ഹദീസുകള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹസനുബ്‌നു അംറുബ്‌നു ഉമയ്യ ദുമിരി എന്ന അബൂഹുറയ്‌റയുടെ ഒരു ശിഷ്യന്‍ വാര്‍ധക്യകാലത്ത് അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു: ‘താങ്കള്‍ മുമ്പെപ്പോഴോ ഇന്ന കാര്യം വിശദീകരിച്ച് തന്നിരുന്നല്ലോ. ഞാനത് മറന്നുപോയി. അതിനാല്‍ ഒരിക്കല്‍ കൂടി അത് പറഞ്ഞുതന്നാലും.” താന്‍ അങ്ങനെയൊരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു അബൂഹുറയ്‌റയുടെ മറുപടി. പറഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ ശിഷ്യനും ഉറച്ചുനിന്നു. ശിഷ്യന്‍ വിടാന്‍ ഭാവമില്ലെന്ന് കണ്ടപ്പോള്‍ അബൂഹുറയ്‌റ അദ്ദേഹത്തെയും കൂട്ടി വീട്ടിലേക്ക് പോയി. പോകുമ്പോള്‍ വഴിയില്‍ വെച്ച് അദ്ദേഹം ശിഷ്യനോട് ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അതിന്റെ ലേഖന രൂപം എന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.’ വീട്ടിലെത്തി പുസ്തകങ്ങള്‍ ഒന്നൊന്നായി പരിശോധിച്ചു നോക്കിയപ്പോള്‍ മൂന്നാമത്തെ പുസ്തകത്തില്‍ ശിഷ്യന്‍ സൂചിപ്പിച്ച ഹദീസ് കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ച് ഇബ്‌നു ഹജറിന്റെ വിവരണത്തില്‍, അബൂഹുറയ്‌റ ഹദീസിന്റെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തനിക്ക് കാണിച്ചുതന്നുവെന്ന് ശിഷ്യന്റെ വാചകം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തന്റെ അസാമാന്യ ഓര്‍മശക്തി മൂലം ആയിരക്കണക്കിന് ഹദീസുകള്‍ അബൂഹുറയ്‌റയുടെ മനസ്സില്‍ സംരക്ഷിക്കപ്പെട്ടതോടൊപ്പം അവയെല്ലാം അദ്ദേഹം എഴുതി സൂക്ഷിക്കുകയും ചെയ്തുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
സ്വഹാബിമാരുടെ കാലത്തെ ഹദീസ് ക്രോഡീകരണത്തിന്റെ മറ്റൊരു രൂപം ശിഷ്യന്മാര്‍ എഴുത്തിലൂടെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സ്വഹാബിമാര്‍ എഴുതി നല്‍കിയ മറുപടികളാണ്. ചോദ്യങ്ങള്‍ അധികവും പ്രവാചകന്റെ ജീവിതത്തെയും നടപടിക്രമങ്ങളെയും കുറിച്ചായതിനാല്‍ സ്വാഭാവികമായും തങ്ങള്‍ കേള്‍ക്കുകയോ കാണുകയോ അനുഭവിക്കുകയോ ചെയ്ത കാര്യങ്ങളാണ് അവര്‍ മറുപടിയായി നല്‍കിയത്. ആഇശ, അബ്ദുല്ലാഹിബ്‌നു അബീ ഔഫ്, മുഗീറതുബ്‌നു ശുഅ്ബഃ തുടങ്ങിയവര്‍ ഇങ്ങനെ ഹദീസുകള്‍ എഴുതി നല്‍കിയ സ്വഹാബികളാണ്.
സ്വഹാബിമാരുടെ കാലത്തെ ഹദീസ്‌ക്രോഡീകരണത്തിന്റെ മൂന്നാമത്തെ രൂപം, ശിഷ്യന്മാര്‍ക്ക് അവര്‍ എഴുതി നല്‍കുകയോ വാമൊഴിയായി പകര്‍ന്ന് നല്‍കിയതോ അവരുടെ സാന്നിധ്യത്തില്‍ ശിഷ്യന്മാര്‍ എഴുതി സൂക്ഷിക്കുകയോ ചെയ്തവയാണ്. തുടക്കത്തില്‍ ഇത് സ്വഹാബിമാരുടെ പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. പിന്നീടത് ശിഷ്യന്മാരിലേക്ക് ചേര്‍ക്കപ്പെട്ടു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അബൂഹുറയ്‌റ തന്റെ ശിഷ്യനായ ഹമ്മാമുബ്‌നു മുനബ്ബിഹിന്(40-131) എഴുതി നല്‍കിയ സമാഹാരമാണ്. ‘സ്വഹീഫ ഹമ്മാം’ എന്ന പേരില്‍ അറിയപ്പെട്ട 140-ഓളം ഹദീസുകളുള്ള പ്രസ്തുത സമാഹാരം അതിന്റെ തനത് രൂപത്തില്‍ കണ്ടെടുത്ത് അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
സ്വഹാബിമാരുടെ കാലത്തെ ഹദീസ് ക്രോഡീകരണത്തെക്കുറിച്ച് പറയുമ്പോള്‍ അബൂബക്ര്‍, ഉമര്‍, അലി തുടങ്ങിയ പ്രമുഖ സ്വഹാബിമാരുടെ ഇക്കാര്യത്തിലുള്ള നിലപാട് കൂടി വ്യക്തമാക്കുന്നത് ഉചിതമായിരിക്കും. പ്രവാചകനു ശേഷമുള്ള തന്റെ രണ്ടര വര്‍ഷത്തെ ഹ്രസ്വമായ ഭരണകാലത്തിനിടയില്‍ 500 ഹദീസുകളുടെ ഒരു സമാഹാരം അബൂബക്ര്‍(റ) തയാറാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജ്ഞാനദാഹിയായ മകള്‍ ആഇശ(റ)യുടെ താല്‍പര്യപ്രകാരം അത് മകള്‍ക്ക് നല്‍കുകയും ചെയ്തു. പക്ഷേ, പ്രസ്തുത കോപ്പി മകള്‍ക്ക് കൈമാറിയ ദിവസം രാത്രി ഒരുപോള കണ്ണടക്കാന്‍ കഴിയാതെ അദ്ദേഹം വിരിപ്പില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട ആഇശ(റ) പിതാവിന് എന്തോ അസുഖം പിടിപെട്ടതായി ആശങ്കിച്ചെങ്കിലും പിതാവിനോട് അതിനെക്കുറിച്ച് ചോദിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. പക്ഷേ, നേരം വെളുത്ത് അധികം കഴിയുന്നതിന് മുമ്പ് മകളുടെ കൈയില്‍നിന്ന് പ്രസ്തുത സമാഹാരം തിരികെ വാങ്ങി, അത് വെള്ളമൊഴിച്ച് നശിപ്പിച്ചതിനു ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘ഈ സമാഹാരത്തിലെ ഹദീസുകളില്‍ ചിലത് ഞാന്‍ പ്രവാചകനില്‍നിന്ന് നേരിട്ട് കേട്ടതാണ്. അവയെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. പക്ഷേ, ചില ഹദീസുകള്‍ ഞാന്‍ വേറെ സ്വഹാബിമാരില്‍നിന്ന് കേട്ടതാണ്. അവയെക്കുറിച്ച് എനിക്ക് അത്ര ആത്മവിശ്വാസം പോരാ. അതിനാല്‍ നബി പറയാത്തതായി വല്ലതും അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടാന്‍ ഞാന്‍ നിമിത്തമായിത്തീരുമോ എന്ന് ഭയപ്പെടുകയാണ്’ (ഉദ്ധരണം: ഖുത്വ്ബാതെ ബാവല്‍പൂര്‍, പേജ്: 79). ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്നതിന് വിലക്കുള്ളതുകൊണ്ടല്ല അബൂബക്ര്‍(റ) ഇത് ചെയ്തത്. അങ്ങനെയായിരുന്നുവെങ്കില്‍ എഴുതിവെക്കാന്‍ നേരത്തേതന്നെ അദ്ദേഹം തുനിയുമായിരുന്നില്ലല്ലോ. ഹദീസുകളുടെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മത മാത്രമാണ് ഇതില്‍നിന്ന് തെളിയുന്നത്.
തന്റെ ഭരണകാലത്ത് ഉമറും ഹദീസ് ക്രോഡീകരിക്കാന്‍ ആലോചിക്കുകയും തന്റെ സഹപ്രവര്‍ത്തകരുമായി അക്കാര്യം കൂടിയാലോചിക്കുകയും ചെയ്തിരുന്നു. ഉമറിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചെങ്കിലും പിന്നീട് ഉമര്‍ സ്വയംതന്നെ അത് വേണ്ടെന്ന് വെച്ചു. തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘പൂര്‍വ സമുദായങ്ങള്‍ അവരുടെ പ്രവാചകന്മാരുടെ വചനങ്ങളെല്ലാം സമാഹരിച്ച് സൂക്ഷിച്ച് വെച്ചിരുന്നു. അതോടൊപ്പം, ദൈവം അവതരിപ്പിച്ച ഗ്രന്ഥത്തെ അവര്‍ വിസ്മരിക്കുകയും അതിനെ മാറ്റിമറിക്കുകയും ചെയ്തു. ഖുര്‍ആന്ന് ഇങ്ങനെയൊരു ഗതി ഒരിക്കലും ഉണ്ടായിക്കൂടാ എന്നാണെന്റെ ആഗ്രഹം’ (അതേ പുസ്തകം, പേജ്: 76).
അലി(റ) തന്റെ ഖിലാഫത്ത് കാലത്ത് ഒരു ദിര്‍ഹമിന്റെ കടലാസ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും പ്രസ്തുത കടലാസില്‍ തനിക്കോര്‍മയുള്ള ധാരാളം ഹദീസുകള്‍ എഴുതിവെക്കുകയും ചെയ്തു (അതേ പുസ്തകം, പേജ്: 77). പ്രമുഖ സ്വഹാബിയായ സൈദുബ്‌നു സാബിതിനും സ്വന്തമായ ഒരു സമാഹാരമുണ്ടായിരുന്നു.

താബിഉകളുടെ ഘട്ടം
ഹദീസ് ക്രോഡീകരണത്തിന്റെ മൂന്നാം ചരിത്രഘട്ടം താബിഉകളും താബിഉത്താബിഉകളുമായി വ്യവഹരിക്കപ്പെടുന്ന സ്വഹാബി ശിഷ്യന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും ജീവിതകാലമാണ്. സ്വഹാബിമാര്‍ തങ്ങളുടെ ജീവിതകാലത്ത് ശിഷ്യന്മാര്‍ക്ക് എഴുതി നല്‍കുകയോ അവരുടെ സമാഹാരത്തില്‍നിന്ന് ശിഷ്യന്മാര്‍ പകര്‍ത്തിയെഴുതുകയോ ചെയ്ത സമാഹാരങ്ങള്‍ രണ്ടാം ഘട്ടത്തിലെ സമാഹാരമായാണ് എണ്ണപ്പെടുന്നത്. അതുകൊണ്ടാണ് അബൂഹുറയ്‌റയുടെ ശിഷ്യനായ ഹമ്മാമുബ്‌നു മുനബ്ബിഹിലേക്ക് ചേര്‍ക്കപ്പെട്ട ‘സ്വഹീഫ ഹമ്മാമി’നെ സ്വഹാബികളുടെ കാലത്തെ രചനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്വഹാബിമാരുടെ മരണശേഷം അവരുടെ ശിഷ്യന്മാരിലൂടെയോ ശിഷ്യന്മാരുടെ ശിഷ്യന്മാരിലൂടെയോ സമാഹരിക്കപ്പെട്ടവയാണ് മൂന്നാം ഘട്ടത്തെ പ്രതിനിധീകരിക്കുന്ന രചനകള്‍. ഈ ഘട്ടത്തില്‍ ഒരാള്‍തന്നെ അനേകം സ്വഹാബിമാരില്‍നിന്നോ സ്വഹാബിശിഷ്യന്മാരില്‍നിന്നോ ഹദീസുകള്‍ പഠിച്ച് സമാഹരിച്ചിരുന്നു. അതിനു വേണ്ടി വിപുലവും സാഹസികവുമായ ഒട്ടേറെ യാത്രകള്‍ അവര്‍ നടത്തി. അക്കാലത്ത് ജീവിച്ച ഇമാം സുഹ്‌രി എന്ന താബിഈ പണ്ഡിതന്‍ മദീനയിലെ ഓരോ വീട്ടിലും കയറിയിറങ്ങി ഹദീസും സ്വഹാബിമാരുടെ ചരിത്രവും ശേഖരിച്ച് രേഖപ്പെടുത്തി. മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടെ പലരുടെയും കൈവശത്തിലാണെങ്കിലും പ്രവാചകന്റെ ഹദീസുകള്‍ ഏറക്കുറെ പൂര്‍ണമായി സമാഹരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അവയെ ആസ്പദമാക്കിയുള്ള ഫിഖ്ഹ് ക്രോഡീകരണത്തിനും ചെറിയ തോതിലെങ്കിലും അക്കാലത്ത് തുടക്കം കുറിക്കപ്പെട്ടു. ഈ കാഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഉമറുബ്‌നു അബ്ദില്‍ അസീസിനെ പോലുള്ള ഒരു മാതൃകാ ഭരണാധികാരിയുടെ ഔദ്യോഗികമായ പ്രേരണയും സഹായവും ഹദീസ് ക്രോഡീകരണത്തിനുണ്ടായി എന്നതാണ്. ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഇസ്‌ലാമിക നവോത്ഥാന നായകരില്‍ ഒരാളായി എണ്ണുന്നതിനുള്ള ഒരുകാരണവും ഈ പ്രേരണയും സഹായവുമാണ്. അദ്ദേഹം തന്റെ കാലത്ത് ജീവിച്ച പ്രസിദ്ധ പണ്ഡിതനായ അബൂബക്‌റുബ്‌നു ഹസ്മിന് ഇപ്രകാരം എഴുതി: ‘താങ്കള്‍ക്ക് ലഭിച്ച ഹദീസുകള്‍ക്കെല്ലാം ലിഖിത രൂപം നല്‍കി എനിക്ക് എത്തിക്കണം. കാരണം, പണ്ഡിതന്മാര്‍ വിട ചൊല്ലുന്നതോടെ വിജ്ഞാനവും നഷ്ടപ്പെട്ട് പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’ (ഉദ്ധരണം: താരീഖ് ദഅ്‌വത്ത് വ അസീമത്- അബുല്‍ ഹസന്‍ നദ്‌വി പേജ് 1/40). അബൂബക്ര്‍ ഇബ്‌നുഹസ്മിന്റെ മുമ്പില്‍ ഈ നിര്‍ദേശം വെച്ചപ്പോള്‍ ഉമറ ബിന്‍തു അബ്ദിര്‍റഹ്മാന്റെയും ഖാസിമുബ്‌നു മുഹമ്മദുബ്‌നു അബീബക്‌റിന്റെയും ഹദീസ് സമാഹാരത്തെക്കുറിച്ച് ഉമര്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. അബൂബക്‌റുബ്‌നു ഹസ്മിനെ മാത്രം ആശ്രയിക്കാതെ രാഷ്ട്രത്തിലെ പണ്ഡിതന്മാരുടെയെല്ലാം ശ്രദ്ധക്കായി, പ്രവാചകന്റെ കിട്ടാവുന്ന ഹദീസുകളെല്ലാം പരതിപ്പിടിച്ച് തന്റെ മുമ്പില്‍ ഹാജരാക്കണമെന്ന ഒരു പൊതു ഉത്തരവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രസ്തുത ഉദ്യമത്തിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് മാന്യമായ ശമ്പളവും അദ്ദേഹം നിശ്ചയിച്ചു. ഇപ്രകാരം ഉമറിന്റെ കല്‍പന പ്രകാരം ഇമാം സുഹ്‌രി ശേഖരിച്ച ഹദീസുകള്‍ കൊണ്ടുവരാന്‍ മാത്രം അനേകം ഒട്ടകങ്ങള്‍ വേണ്ടിവരികയുണ്ടായത്രെ (ഉദ്ധരണം: സുന്നത്ത് കീ ആയീനി ഹൈസിയത്- അബുല്‍അഅ്‌ലാ മൗദൂദി). ഇമാം സുഹ്‌രിയെ കൂടാതെ ഇബ്‌നു ജുറൈജ് (മരണം 150), ഇബ്‌നു ഇസ്ഹാഖ് (മരണം 151), സഈദുബ്‌നു അബീ അറൂബമദനി (മരണം 154), മഅ്മര്‍ യമനി (മരണം 153), റബീഅബ്‌നു സ്വബീഹ് (മരണം 160) തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഹദീസുകള്‍ സമാഹരിച്ച പ്രധാനികളില്‍പെടുന്നു.

നവോത്ഥാന ദൗത്യം
മേല്‍ സൂചിപ്പിച്ച സമാഹാരങ്ങള്‍ തയാറാക്കപ്പെട്ടത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. എന്നാല്‍ ഹദീസുകളുടെ ബൃഹത്തായ സമാഹാരം നേരത്തെ സൂചിപ്പിച്ചപോലെ ഒരു പ്രസ്ഥാനമായി വികസിച്ചത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്. ഹദീസ് ക്രോഡീകരണത്തിന്റെ നാലാമത്തേതും അവസാനത്തേതുമായ ചരിത്രഘട്ടം എന്ന് ഇതിനെ നമുക്ക് കാലനിര്‍ണയം ചെയ്യാവുന്നതാണ്. ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത അതുവരെയുള്ള ഹദീസ് സമാഹര്‍ത്താക്കള്‍ അധികവും അറബികളായിരുന്നുവെങ്കില്‍ ഈ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കളില്‍ ഭൂരിപക്ഷവും അനറബികളായിരുന്നുവെന്നതാണ്. ഈ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കള്‍ നിര്‍വഹിച്ച ചരിത്രപരമായ ദൗത്യം കേവലം വൈയക്തികമായ വൈജ്ഞാനികാഭിരുചിയുടെ ഭാഗമെന്നതിലുപരി, ഒട്ടേറെ വ്യക്തികള്‍ ഭാഗഭാക്കായ വിപുലമായ ഒരു ഇസ്‌ലാമിക നവോത്ഥാന സംരംഭമായിട്ടു വേണം മനസ്സിലാക്കാന്‍. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിലെ ഇസ്‌ലാമും ഇസ്‌ലാമിക സമൂഹവും അഭിമുഖീകരിച്ച സന്ദര്‍ഭത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണം. രാഷ്ട്രീയമായും സാംസ്‌കാരികമായും ഇസ്‌ലാം ഒരു വന്‍ പ്രവാഹമെന്നോണം ഏഷ്യയും ആഫ്രിക്കയും കടന്ന് യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്ന സവിശേഷ ചരിത്രഘട്ടമായിരുന്നു അത്. അതിശക്തമായ ഒരു പ്രവാഹം ഒരു മേഖലയിലൂടെ കടന്നുപോകുമ്പോള്‍ ചുറ്റുഭാഗത്തുനിന്ന് നല്ലതും ചീത്തയുമായ പലതും കൂടിക്കലരുക സ്വാഭാവികമാണ്. അതിനാല്‍ ഇസ്‌ലാം എന്ന പ്രവാഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന സംസ്‌കാരങ്ങളുടെ ചീത്ത വശങ്ങള്‍ ഇസ്‌ലാമില്‍ കൂടിക്കലരാതിരിക്കണമെങ്കില്‍ ഭദ്രമായ ഒരു ചട്ടക്കൂട് ഈ പ്രവാഹത്തിന് ആവശ്യമായിരുന്നു. ഈ ചട്ടക്കൂട് പണിയാന്‍ ആദ്യം ഇസ്‌ലാമിക നിയമസംഹിത ക്രോഡീകരിക്കപ്പെടണം. പ്രസ്തുത നിയമത്തിന്റെ ഉപധാനങ്ങളിലൊന്നായ ഹദീസുകളുടെ സമാഹരണം പൂര്‍ത്തിയാകാതെ നിയമത്തിന്റെ ക്രോഡീകരണം പൂര്‍ണമാകില്ല. ഹദീസുകള്‍ അപ്പോഴേക്കും സമാഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നുവെങ്കിലും, അവ മൂന്ന് ഭൂഖണ്ഡങ്ങളിലായി പലരുടെയും കൈവശമായി ചിതറിക്കിടക്കുകയായിരുന്നു. ഇവയെല്ലാം പരതിപ്പിടിച്ച് എല്ലാവര്‍ക്കും അനായാസം ലഭിക്കാവുന്ന തരത്തില്‍ ഏതാനും ബൃഹത് ഗ്രന്ഥങ്ങളില്‍ സമാഹരിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് നവോത്ഥാന നായകരെന്ന് വിശേഷിപ്പിക്കാവുന്ന അക്കാലത്തെ പണ്ഡിതന്മാര്‍ നിര്‍വഹിച്ചത്. അതിനായി അവര്‍ നടത്തിയ അറ്റമില്ലാത്ത യാത്രകളും ത്യാഗപരിശ്രമങ്ങളും ലോകത്തിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. അവര്‍ നിര്‍വഹിച്ച സേവനത്തെ ഇസ്‌ലാമിക നവോത്ഥാന പരമ്പരയില്‍ കണ്ണിചേര്‍ക്കാനുള്ള മറ്റൊരു പ്രധാന കാരണം, പ്രവാചകന്‍ പറഞ്ഞതായി ആരോ പറഞ്ഞുകേട്ട ഹദീസുകള്‍ മുഴുവന്‍ യാതൊരു വിവേചനബോധവുമില്ലാതെ തങ്ങളുടെ സമാഹാരത്തില്‍ എടുത്ത് ചേര്‍ത്ത കേവലം കോപ്പിയിസ്റ്റുകളായിരുന്നില്ല ഈ സമാഹര്‍ത്താക്കള്‍ എന്നതാണ്. അങ്ങനെയായിരുന്നുവെങ്കില്‍ ഇത്ര വലിയ സ്വീകാര്യത അവരുടെ സമാഹാരങ്ങള്‍ക്ക് ലഭിക്കുമായിരുന്നില്ല. വ്യാജ ഹദീസുകള്‍ പ്രചരിച്ച ഒരു ചരിത്രഘട്ടത്തിലാണ് അവര്‍ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് ഇസ്‌ലാമിക സമൂഹത്തില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മതപരമായ മാനം കൂടിയുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഇടപെട്ട് ഓരോ കക്ഷിയും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാനോ സംരക്ഷിക്കാനോ വേണ്ടി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മതത്തിന്റെ വര്‍ണം നല്‍കുകയായിരുന്നു. ഖുര്‍ആനെ തൊട്ടുകളിക്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരും എളുപ്പവഴിയായി ഹദീസുകളെ പിടികൂടി. ഹദീസുകള്‍ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നതിനാല്‍ വ്യാജമാണോ അല്ലേ എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനുമാവുമായിരുന്നില്ല. അതിനാല്‍ പലര്‍ക്കും എതിരായും അനുകൂലമായും വ്യാജ ഹദീസുകള്‍ നിര്‍മിക്കപ്പെട്ടു. ഇത്തരമൊരു സാഗരത്തില്‍നിന്ന് ശരിയായ ഹദീസുകള്‍ മാത്രം തപ്പിയെടുത്ത് സമാഹരിക്കുക എന്നത് അങ്ങേയറ്റം ദുഷ്‌കരമായിരുന്നു. അത്തരമൊരു സാഹസിക കൃത്യമാണ് ആ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കള്‍ നിര്‍വഹിച്ചത്. അതിനായി അസ്മാഉര്‍രിജാല്‍ (നിവേദക നിരൂപണം) എന്ന പുതിയൊരു വിജ്ഞാനശാഖക്കുതന്നെ അവര്‍ രൂപം കൊടുത്തു. ഭരണകൂടത്തിന്റെയോ സ്വന്തക്കാരുടേയോ യാതൊരു സ്വാധീനത്തിനും വഴങ്ങാത്ത, തീര്‍ത്തും നിഷ്പക്ഷമായിരുന്നു അവരുടെ ഈ വിമര്‍ശന പദ്ധതി. ഹദീസ് ലഭിച്ചത് സ്വന്തം പിതാവില്‍നിന്നാണെങ്കിലും, അദ്ദേഹത്തില്‍ വല്ല ദൗര്‍ബല്യവും കണ്ടാല്‍ അത് വെട്ടിത്തുറന്ന് പറയാന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഭരണാധികാരികളെയും അവര്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കി. ഹദീസ് പണ്ഡിതന്മാരുടെ അപാരമായ ഇഛാശക്തിക്കും വൈജ്ഞാനിക സത്യസന്ധതക്കും ഉത്തരവാദിത്വബോധത്തിനുമുള്ള മികച്ച ദൃഷ്ടാന്തവും, ഇസ്‌ലാമിക സമൂഹത്തിന് എന്നും അഭിമാനിക്കാവുന്ന മഹത്തായ സാംസ്‌കാരിക പൈതൃകവുമാണ് ഈ വൈജ്ഞാനികശാഖ. ഹാഫിള് ഇബ്‌നു ഹജറിന്റെ ഇസ്വാബയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ അതിനെക്കുറിച്ച് ഇപ്രകാരം കുറിച്ചിരിക്കുന്നു: ‘അസ്മാഉര്‍രിിജാല്‍ എന്ന പേരില്‍ സവിശേഷമായൊരു നിരൂപണ പദ്ധതിക്ക് രൂപംകൊടുത്ത മുസ്‌ലിംകളെപ്പോലെ മറ്റൊരു സമൂഹവും ലോകത്തുണ്ടായിട്ടില്ല; ഇന്നും ഇല്ല. അതിലൂടെ വിസ്മൃതിയിലാണ്ടുപോവുമായിരുന്ന അഞ്ചു ലക്ഷം മനുഷ്യരുടെ ജീവചരിത്രമാണ് സംരക്ഷിക്കപ്പെട്ടത്’ (ഉദ്ധരണം: ഖുത്വ്ബാത്തെ മദാരിസ്- സയ്യിദ് സുലൈമാന്‍ നദ്‌വി).
ഹദീസ്പണ്ഡിതന്മാര്‍ നടത്തിയ അസാധാരണവും സാഹസികവുമായ ഈ ഉദ്യമത്തിലൂടെ പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ഹദീസുകളെല്ലാം മൂന്നാം നൂറ്റാണ്ടോടു(ഹി. 300)കൂടി പ്രാമാണികവും സര്‍വാംഗീകൃതവുമായ ഏതാനും ബൃഹത് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടു. സ്വിഹാഹുസ്സിത്തഃ എന്ന പേരില്‍ വിശ്രുതമായ ആറ് ഹദീസ് സമാഹാരങ്ങള്‍ അവയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നു.
ചുരുക്കത്തില്‍, ഹദീസ് സമാഹരണത്തിലൂടെ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ മാത്രമല്ല, ഇസ്‌ലാമിലെ ഏറ്റവും സുവര്‍ണമായ കാലഘട്ടത്തിന്റെ, അഥവാ നബിയും സ്വഹാബിമാരും ജീവിച്ച കാലത്തിന്റെ ചരിത്രം കൂടിയാണ് സമാഹരിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇസ്‌ലാമികസമൂഹത്തില്‍ നടന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന സംരംഭങ്ങളുടെയുമെല്ലാം പ്രധാന ഊര്‍ജസ്രോതസ്സും അടിത്തറയുമായി വര്‍ത്തിച്ചത് ഈ സമാഹാരങ്ങളാണ്. ഈ നാലാം ഘട്ടത്തിലെ ഹദീസ് ക്രോഡീകരണം കേവല വൈജ്ഞാനിക പ്രവര്‍ത്തനം മാത്രമായിരുന്നില്ലെന്നും ഇസ്‌ലാമിക നവോത്ഥാനപരമ്പരയിലെ സുപ്രധാന കണ്ണിയായിരുന്നുവെന്നും പറയാന്‍ കാരണം അതാണ്.

About the author

admin

Leave a Comment