Hadith

മുസ്ത്വഫസ്സിബാഈയുടെ സംഭാവനകള്‍

Written by admin

പോരാട്ടവീര്യവും പാണ്ഡിത്യവും മേളിച്ച വ്യക്തിത്വമാണ് ഇനിയും വേണ്ടവിധം മലയാളികള്‍ക്ക് പരിചിതനായിക്കഴിഞ്ഞിട്ടില്ലാത്ത ഡോ. മുസ്ത്വഫസ്സിബാഈ(1915-1964). ദമസ്‌കസിലെ ഹിംസ്വില്‍ ആയിരുന്നു ജനനവും പ്രാഥമിക വിദ്യാഭ്യാസവും. ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പിതാവ് ശൈഖ് ഹസനുസ്സിബാഈയെ കൂടാതെ ത്വാഹിറുല്‍ അത്വാസി, സാഹിദ് അത്വാസി, മുഹമ്മദ് യാസീന്‍, അനീസ് കലാലിബ് എന്നിവരും ദമസ്‌കസില്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. 1933-ല്‍ ഉപരിപഠനത്തിനായി ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെത്തി.
ഇത് സിബാഈയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ശരീഅത്ത്, ഫിഖ്ഹ്, ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ അടിസ്ഥാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സവിശേഷ പഠനം നടത്തിയതെങ്കിലും അധ്യാപകനായോ മുഫ്തിയായോ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയാറായിരുന്നില്ല. 1948-ല്‍ ഖുദ്‌സ് മോചിപ്പിക്കാന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ആഹ്വാനമുണ്ടായപ്പോള്‍ പോരാളികള്‍ക്കൊപ്പം അദ്ദേഹവും ചേര്‍ന്നു. ‘ആയിരങ്ങള്‍ ഒന്നിച്ച് ചെയ്യേണ്ട ജോലി ഒറ്റക്ക് ചുമലിലേറ്റിയ ആള്‍’ എന്ന് സിബാഈ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ ശക്തികള്‍ അറബ്‌ലോകത്ത് പിടിമുറുക്കിയ കാലമാണ്. സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തിനും ഈജിപ്തിലെയും ഫലസ്ത്വീനിലെയും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ അദ്ദേഹം പൊരുതി. അറബ്‌നാടുകളിലെ ഏതാണ്ടെല്ലാ കൊളോണിയല്‍ ഭരണകൂടങ്ങളും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഏക പോരാളിയും ഒരു പക്ഷേ സിബാഈയായിരിക്കും. യൗവനത്തിന്റെ നല്ലൊരു പങ്ക് ഫലസ്ത്വീനിലെയും ഹിംസ്വിലെയും ബൈറൂത്തിലെയും തടവറകളിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അമ്പത് വയസ്സാകുന്നതിന് മുമ്പ് രോഗിയാവാനും മരണപ്പെടാനും അതും ഒരു കാരണമായിട്ടുണ്ടാകാം.
ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം വ്യാപരിച്ച ധൈഷണിക-പ്രവര്‍ത്തന മേഖലകളുടെ വൈപുല്യവും വൈവിധ്യവും ആരെയും അതിശയിപ്പിക്കും. സിറിയയില്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് മാത്രമല്ല, അവിടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് അടിത്തറയിട്ടതും അദ്ദേഹമാണ് (നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിറിയയിലെ ഇഖ്‌വാന്‍ ഇന്ന് ശക്തമായ ഒരു രാഷ്ട്രീയ ധാരയെ പ്രതിനിധീകരിക്കുന്നു). 1949 മുതല്‍ 1954 വരെ സിറിയന്‍ പാര്‍ലമെന്റില്‍ അംഗവുമായിരുന്നു അദ്ദേഹം.
എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന അക്കാദമിക മേഖലയിലായിരുന്നു. ”നമ്മുടെ നാഗരികതയുടെ ശോഭന ചിത്രങ്ങള്‍ വരച്ചുകാണിക്കുന്നതുകൊണ്ട് അതിലുള്ളതെല്ലാം മനോഹരവും ശോഭനവും ആണെന്ന് നമുക്ക് അഭിപ്രായമില്ല. വീഴ്ചകള്‍ പറ്റാത്ത സംസ്‌കാരമുണ്ടോ ചരിത്രത്തില്‍? മാനുഷികത ഏറ്റവും ശക്തവും സുന്ദരവുമായി പ്രതിഫലിച്ച് കാണുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിലാണ് എന്നേ അര്‍ഥമാക്കുന്നുള്ളൂ. നമ്മുടെ സംസ്‌കാരത്തിലുള്ളതെല്ലാം നിന്ദ്യവും വിലകെട്ടതുമാണെന്ന് ആരോപിക്കുന്നവര്‍ക്കുള്ള, പ്രമുഖ സംസ്‌കാരങ്ങളുടെ പട്ടികയില്‍നിന്ന് ഇതിനെ വെട്ടിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്-” ‘നമ്മുടെ സംസ്‌കാരം: ചില ശോഭന ചിത്രങ്ങള്‍’ (മിന്‍ റവാഇഇ ഹളാറതിനാ) എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ. സിബാഈ എഴുതി. സിബാഈയുടെ അക്കാദമിക പഠനത്തിന്റെയും വിമര്‍ശനത്തിന്റെയും സവിശേഷതകള്‍ ഈ വരികളില്‍ വായിക്കാം. അതിലൊന്നാമത്തേത് നിഷ്പക്ഷതയാണ്. പഠനവിഷയം വൈകാരികമായി നമ്മോട് എത്രമാത്രം അടുത്ത് നില്‍ക്കുന്നതാണെങ്കിലും വസ്തുതകള്‍ മറച്ചുവെക്കാനോ ദുര്‍വ്യാഖ്യാനം ചെയ്യാനോ ശ്രമിക്കരുത്. അതേസമയം ഇസ്‌ലാമിക സംസ്‌കാരത്തെ വേരോടെ പിഴുതു മാറ്റാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്തുനില്‍ക്കുകയും വേണം.
ഈ സാംസ്‌കാരിക ചെറുത്തുനില്‍പിന്റെ മികച്ച ഉദാഹരണമാണ് സിബാഈയുടെ മാസ്റ്റര്‍ പീസായ ‘ഇസ്‌ലാമിക നിയമ നിര്‍മാണത്തില്‍ പ്രാവാചകചര്യയുടെ സ്ഥാനം’ (അസ്സുന്നത്തു വ മകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി) എന്ന കൃതി. പ്രവാചകചര്യക്ക് നിയമനിര്‍മാണത്തിലുള്ള സ്ഥാനം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കാനാണ് ഇതിലെ ആദ്യ അധ്യായങ്ങള്‍ നീക്കിവെച്ചിരിക്കുന്നത്. അതിലല്ല കൃതിയുടെ ഊന്നല്‍. അക്കാര്യം പൂര്‍വികരും സമകാലികരുമായ നിരവധി പണ്ഡിതന്മാര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടല്ലോ. യഥാര്‍ഥത്തില്‍, ‘നമ്മുടെ സംസ്‌കാരത്തിലുള്ളതെല്ലാം നിന്ദ്യവും വിലകെട്ടതുമാണെന്ന് ആരോപിക്കുന്നവര്‍ക്കും പ്രമുഖ സംസ്‌കാരങ്ങളുടെ പട്ടികയില്‍നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ വെട്ടിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കുമുള്ള മറുപടിയാണിത്.’
ഈ കൃതി രചിക്കാന്‍ ഒരു ചരിത്രപശ്ചാത്തലമുണ്ട്. ഗോള്‍ഡ് സീഹറിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ‘ഇസ്‌ലാമിക പഠനങ്ങള്‍’ എന്ന പേരില്‍ ധാരാളം കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിനോടുള്ള കടുത്ത പക്ഷപാതിത്വവും ശത്രുതയുമായിരുന്നു ഈ കൃതികളുടെ മുഖമുദ്ര. ഇസ്‌ലാമിക ഭരണക്രമത്തെയും സംസ്‌കാരത്തെയും തകര്‍ക്കുക എന്ന കൊളോണിയല്‍-ക്രൈസ്തവ മിഷനറി ഗൂഢലക്ഷ്യങ്ങളും ഓറിയന്റലിസ്റ്റ് പഠനങ്ങള്‍ക്ക് പ്രേരണയാണ്. ഈ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ പ്രവാചകചര്യയെയും പ്രവാചകന്റെ വ്യക്തിത്വത്തെയും കടന്നാക്രമിക്കുക എന്നതാണ് അവര്‍ സ്വീകരിച്ച രീതി. പ്രവാചകനെ സ്ത്രീലമ്പടനും യുദ്ധക്കൊതിയനുമായി ചിത്രീകരിച്ച് ആ മഹദ്‌വ്യക്തിത്വത്തെ തേജോവധം ചെയ്യാന്‍ ശ്രമിച്ചു. പ്രവാചകചര്യക്കെതിരിലുള്ള ആക്രമണം കൂടുതല്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായിരുന്നു. ഇസ്‌ലാമിക ശരീഅത്തിനെ സംരക്ഷിക്കുന്ന ഇരുമ്പ് കവചം എന്ന് മുഹമ്മദ് അസദ് വിശേഷിപ്പിക്കുന്ന സുന്നത്തിനെതിരെ ബഹുമുഖ ആക്രമണമാണ് അവര്‍ പ്ലാന്‍ ചെയ്തത്. സുന്നത്ത് ഇസ്‌ലാമിക നിയമസംഹിതയുടെയോ സംസ്‌കാരത്തിന്റെയോ അടിസ്ഥാനമല്ല എന്ന് വരുത്തിത്തീര്‍ക്കലാണ് ആത്യന്തിക ലക്ഷ്യം. അതിന് ഹദീസുകള്‍ നിവേദനംചെയ്ത സ്വഹാബിമാരെക്കുറിച്ച് നുണകളും അപവാദങ്ങളും അര്‍ധ സത്യങ്ങളും പ്രചരിപ്പിച്ച് അവരുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഹീന തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്.
സ്വഹാബിമാരെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന കൃതികള്‍ അറബിയില്‍തന്നെ എഴുതപ്പെട്ടു. ഇതര ഭാഷകളില്‍ ഇറങ്ങിയ ഇത്തരം കൃതികള്‍ ഉടനടി അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ഒടുവിലത്തെ അത്താണിയായ പേരിനുള്ള ഖിലാഫത്തും തകര്‍ന്ന് പറ്റെ ശിഥിലമായിക്കഴിഞ്ഞിരുന്നു മുസ്‌ലിം സമൂഹം. മുസ്‌ലിംലോകത്തെ കൊളോണിയല്‍ ആധിപത്യം ഓറിയന്റലിസ്റ്റ് പ്രചാരണങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശൈശവദശയിലായതിനാല്‍ പ്രതിരോധിക്കാനും ആളുണ്ടായിരുന്നില്ല. മുസ്‌ലിംലോകത്തെ ബുദ്ധിജീവികളില്‍ ബഹുഭൂരിപക്ഷവും ഓറിയന്റലിസ്റ്റ് വാദമുഖങ്ങള്‍ ഏറ്റുപാടി എന്നതാണ് ഇതിന്റെ ദുരന്തഫലം. ഈജിപ്തിലെ ത്വാഹാ ഹുസൈനും അഹ്മദ് അമീനും ഓറിയന്റലിസ്റ്റ് പ്രോപഗണ്ടയുടെ ശക്തരായ വക്താക്കളായിരുന്നു. അഹ്മദ് അമീന്റെ ‘ളുഹല്‍ ഇസ്‌ലാം’ (ഇസ്‌ലാമിന്റെ പൂര്‍വാഹ്നം) എന്ന കൃതിയില്‍ ‘ഹദീസ്’ എന്നൊരു അധ്യായമുണ്ട്. ജൂതനും പ്രമുഖ ഓറിയന്റലിസ്റ്റുമായ ഗോള്‍ഡ് സീഹറിന്റെ വാദങ്ങള്‍ അപ്പടി ആവര്‍ത്തിക്കുക മാത്രമാണ് അഹ്മദ് അമീന്‍. അധ്യായത്തിന്റെ ഘടനയില്‍ പോലും മാറ്റം വരുത്തിയിട്ടില്ല.
ഇസ്‌ലാമിക ചരിത്രത്തിലെ രണ്ട് മഹദ് വ്യക്തിത്വങ്ങളാണ് ഇവരുടെ മുഖ്യ ഉന്നം. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത പ്രശസ്ത സ്വഹാബി അബൂഹുറയ്‌റയാണ് അവരിലൊരാള്‍. ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഹനഫീ മദ്ഹബിന്റെ ഇമാമായ അബൂഹനീഫയാണ് രണ്ടാമത്തെയാള്‍. അബൂഹുറയ്‌റയെ കൊള്ളരുതാത്തവനും ഓര്‍മപ്പിശകുള്ളവനും തമാശക്കാരനുമായി തരംതാഴ്ത്തുകയും ഇമാം അബൂഹനീഫയെ വാനോളം പുകഴ്ത്തുകയുമാണ് ഓറിയന്റലിസ്റ്റ് തന്ത്രം. പുകഴ്ത്താനുള്ള കാരണം കൂടി അറിഞ്ഞാലേ അതൊരു മുഖംമൂടി ആക്രമണമാണെന്ന് വ്യക്തമാവൂ. ‘അബൂഹനീഫ ഇരുപതില്‍ താഴെ ഹദീസുകളേ സ്വീകരിച്ചിട്ടുള്ളൂ’ എന്നാരോ പറഞ്ഞ ഒരു വാചകമെടുത്തുകൊടുത്ത ശേഷം അതിന് മേമ്പൊടിയായാണ് മഹത്വ വര്‍ണന. ഏറ്റവും കൂടുതല്‍ അനുയായികളുള്ള മദ്ഹബിന്റെ ഇമാം ഹദീസുകളെ സ്വീകാര്യമായി കരുതിയില്ല എന്ന് വരുത്തിത്തീര്‍ത്താല്‍ അതോടെ കഴിഞ്ഞില്ലേ സുന്നത്തിന്റെ കഥ!
ഇതാണ് ആ ചരിത്രപശ്ചാത്തലം. ഡോ. സിബാഈ വളരെ വിശദമായിത്തന്നെ ഇക്കാര്യങ്ങള്‍ തന്റെ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് മുസ്‌ലിം ലോകത്തെ പരമ്പരാഗതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ഓറിയന്റലിസ്റ്റുകളുടെയും അവരുടെ ഫണ്ട് ദാതാക്കളായ പാശ്ചാത്യ ഭരണകൂടങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. ഹദീസ് നിവേദകന്മാരുടെ വിശ്വാസ്യത തകര്‍ക്കുന്ന പഠനങ്ങള്‍ക്ക് അവര്‍ പ്രത്യേകം പരിഗണന നല്‍കി. ചില സംഭവങ്ങള്‍ സിബാഈ തന്റെ പുസ്തകത്തിന്റെ ആമുഖത്തിലും അനുബന്ധത്തിലും അനുസ്മരിക്കുന്നുണ്ട്. ഉദാഹരണത്തിന്, അബ്ദുല്‍ ഹുസൈന്‍ എന്നൊരാള്‍ ‘അബൂഹുറയ്‌റ’ എന്നൊരു പുസ്തകമെഴുതി. ഓറിയന്റലിസ്റ്റ് നുണ പ്രചാരണങ്ങളല്ലാതെ മറ്റൊന്നും ഇതിലില്ല. ഇങ്ങനെ എഴുതിയാലേ ഗവേഷണ പ്രബന്ധമാവൂ എന്ന നില വരെ വന്നുചേര്‍ന്നു.
തൊള്ളായിരത്തി അമ്പതുകളില്‍ ഏതാണ്ട് അതേ അവസ്ഥ തന്നെയായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡത്തിലും. ഹദീസ്‌നിഷേധ പ്രവണത അതിന്റെ പാരമ്യത്തിലെത്തിയ സന്ദര്‍ഭം. 1950-കളില്‍ പാകിസ്താനില്‍ ഇസ്‌ലാമിക ഭരണഘടനക്കു വേണ്ടി പ്രക്ഷോഭം നടക്കുമ്പോള്‍, ഭരണഘടനയുടെ അടിസ്ഥാനമായി സുന്നത്തിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹദീസ്‌നിഷേധികള്‍ ബഹളംവെച്ചു. പ്രക്ഷോഭത്തെ പൊളിക്കുകയായിരുന്നു ലക്ഷ്യം. ഇതിനെ ബുദ്ധിപരമായി നേരിട്ട് പരാജയപ്പെടുത്തിയത് മൗലാനാ മൗദൂദിയായിരുന്നു. അറബ് ലോകത്ത് അതേ റോളാണ് ഡോ. സിബാഈയും ഏറ്റെടുത്തത്. പോരാളികളായ ഈ രണ്ട് പരിഷ്‌കര്‍ത്താക്കള്‍ തമ്മില്‍ പല സാദൃശ്യങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയും. കൊളോണിയലിസത്തിനെതിരെ പോരാടിയും പൊതു മണ്ഡലത്തില്‍ ശക്തമായി ഇടപെട്ടും തന്നെയാണ് പടിഞ്ഞാറ് ഉയര്‍ത്തിയ ബൗദ്ധിക വെല്ലുവിളികളെ ഇവര്‍ നേരിട്ടത്.
അഞ്ഞൂറോളം പേജ് വരുന്ന ഡോ. സിബാഈയുടെ പുസ്തകത്തെ സമഗ്രമായി പരിചയപ്പെടുത്താന്‍ ഈ ചെറിയ കുറിപ്പ് മതിയാവുകയില്ല. ഹദീസുകള്‍ക്കും നിവേദകന്മാര്‍ക്കും എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ എത്ര പണ്ഡിതോചിതമായാണ് അദ്ദേഹം നേരിട്ടത്! യുക്തിഭദ്രമായ അവതരണം. വളരെ മാന്യമായ ശൈലി. സ്വഹാബിമാരെ മോശക്കാരായി ചിത്രീകരിച്ച ഓറിയന്റലിസ്റ്റുകളെയോ അവരുടെ അനുകര്‍ത്താക്കളെയോ അദ്ദേഹം പരിഹസിക്കുകയോ ഇടിച്ചുതാഴ്ത്തുകയോ ചെയ്യുന്നില്ല. പുസ്തകം വായിക്കുന്ന ഏത് നിഷ്പക്ഷമതിയും ഇത് തന്നെയല്ലേ ശരി എന്ന് സമ്മതിച്ചുപോകും. പുസ്തകത്തിന്റെ അവതരണവും ശൈലിയും ഓറിയന്റലിസ്റ്റ് സ്വാധീനത്തില്‍ കുടുങ്ങിയ പലര്‍ക്കും അതില്‍നിന്ന് പുറത്ത് കടക്കാനുള്ള രക്ഷാമാര്‍ഗമായിത്തീര്‍ന്നു.
ഇസ്‌ലാമിക പാരമ്പര്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു അറബ്‌ലോകത്ത് ആധുനികത ശക്തിപ്പെട്ടത്. സ്വാഭാവികമായും ഹദീസ്‌നിഷേധം അറബ് ആധുനികതയുടെ മുഖമുദ്രകളിലൊന്നായി. ഇന്ന് ഹദീസ്‌നിഷേധ പ്രസ്ഥാനം അറബ് ലോകത്ത് നന്നെ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവമാണ് ഇതിന് മുഖ്യകാരണമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അതേസമയം സുന്നത്തിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പണ്ഡിതന്മാരെയും കാണാതിരുന്നുകൂടാ. അവരില്‍ ഒന്നാം സ്ഥാനത്ത് സിബാഈ തന്നെയായിരിക്കും. ‘അസ്സുന്നത്തു വ മകാനതുഹാ….’ക്ക് സമാനമായ ഒരു കൃതി അറബിയില്‍ രചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം.
സമകാലിക ലോകത്ത് അബൂഹുറയ്‌റയെക്കുറിച്ച് എഴുതപ്പെട്ട ഏതു കൃതിയും സിബാഇയുടെ പുസ്തകത്തെ അവലംബിച്ചാവനല്ലാതെ തരമില്ല. അത്രക്ക് കുറിക്ക് കൊള്ളുന്നതും തെളിവുകളുടെ പിന്‍ബലമുള്ളതുമാണ് ഈ സ്വഹാബിവര്യനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് സിബാഈ നല്‍കുന്ന മറുപടികള്‍. ആ അധ്യായത്തിന്റെ ഒടുവില്‍ അഹ്മദ് അമീനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട് അദ്ദേഹം:
പ്രവാചകന്‍ മരിച്ചുകഴിഞ്ഞ് 47 വര്‍ഷം അബൂഹുറയ്‌റ വിശ്വാസിസമൂഹത്തെ നബിവചനങ്ങള്‍ പഠിപ്പിച്ച് കഴിയുകയായിരുന്നു. മുതിര്‍ന്ന സ്വഹാബികളും പ്രവാചകന്റെ ഭാര്യമാരും അക്കാലത്ത് ജീവിച്ചിരിപ്പുണ്ട്. ഇവരെല്ലാം വളരെ ബഹുമാനത്തോടെ ഈ സ്വഹാബിവര്യനെ സന്ദര്‍ശിക്കുന്നതും നബിവചനങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതുമാണ് നാം കാണുന്നത്. താബിഈ പണ്ഡിതന്മാരാവട്ടെ അദ്ദേഹത്തിന്റെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകുന്ന നേരമുണ്ടാവില്ല. താബിഈ പണ്ഡിതരുടെ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഭക്തിയുടെ നിറകുടമായ സഈദുബ്‌നു മുസയ്യബ് അദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത്. അക്കാലത്തെ പ്രശസ്തരായ എണ്ണൂറ് പണ്ഡിതന്മാരാണ് അബൂഹുറയ്‌റയില്‍നിന്ന് ഹദീസ് സ്വീകരിച്ചത്. ഇത്രത്തോളം ഹദീസ് ഉദ്ധരിച്ച വേറൊരു സ്വഹാബിയും ഇല്ലെന്നും നമുക്കറിയാം. അബൂഹുറയ്‌റ വിശ്വസ്തനാണെന്ന കാര്യത്തില്‍ ഇവരിലൊരാള്‍ക്ക് പോലുമില്ല ഭിന്നാഭിപ്രായം. പതിമൂന്ന് നൂറ്റാണ്ട് ഇങ്ങനെ കടന്നുപോയി. ഈ പ്രഗത്ഭ പണ്ഡിതന്മാര്‍ക്കും ഹദീസ് വിശാരദന്മാര്‍ക്കും യഥാര്‍ഥ അബൂഹുറയ്‌റ ആരാണെന്ന് അറിയില്ലായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?
ഇരുപതില്‍ ചില്ല്വാനം ഹദീസുകളേ ഇമാം അബൂഹനീഫ സ്വീകരിച്ചിരുന്നുള്ളൂ എന്ന ഓറിയന്റലിസ്റ്റ് കുപ്രചാരണത്തെ (ഈ കള്ള പ്രചാരണം നമ്മില്‍ പലരും ഇപ്പോഴും വിശ്വസിക്കുന്നു. അത്രക്കുണ്ട് അവര്‍ നേടിയ സ്വാധീനം)യും പ്രമാണങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ സിബാഈ നേരിടുന്നു. ഇസ്‌ലാമിക നിയമസംഹിത വലിയൊരളവോളം രൂപപ്പെട്ടിരിക്കുന്നത് നബിവചനങ്ങളുടെ അടിത്തറയിലാണ്. ഹദീസുകളെ ഏറക്കുറെ പൂര്‍ണമായി അബൂഹനീഫ തള്ളിക്കളഞ്ഞു എന്നാണ് വാദമെങ്കില്‍, അദ്ദേഹത്തിന്റെ മദ്ഹബ് ഹദീസിലെ ആശയങ്ങള്‍ക്ക് കടകവിരുദ്ധമാവേണ്ടതല്ലേ? ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഹനഫീ മദ്ഹബ് ഹദീസ് വിരുദ്ധമാണെന്ന് ഒരാളും പറഞ്ഞിട്ടില്ല. മറിച്ച്, ഹദീസ് ആശയങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടാണ് ഹനഫീ വീക്ഷണങ്ങള്‍ രൂപപ്പെട്ടത് എന്നും കാണാവുന്നതാണ്. ഇമാം ഹദീസുകള്‍ സ്വീകരിച്ചിരുന്നു എന്നുതന്നെയാണ് ഇതിന്നര്‍ഥം. പിന്നെ ഓറിയന്റലിസ്റ്റ് ആരോപണത്തിന്റെ അടിസ്ഥാനമെന്ത്?
ഇമാ അബൂഹനീഫ, ഇമാം മാലികിനെപ്പോലെയോ ഇമാം അഹ്മദിനെപ്പോലെയോ സ്വന്തമായി ഹദീസുകള്‍ ക്രോഡീകരിക്കുകയോ എഴുതിവെക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, അബൂഹനീഫക്ക് ലഭിച്ച ഹദീസുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഗ്രന്ഥരൂപത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. പത്തോളം വരും ഇത്തരം സമാഹാരങ്ങള്‍. പ്രമുഖ ഹനഫീ പണ്ഡിതനായ അബൂയൂസുഫിന്റെ ‘കിതാബുല്‍ ആസാര്‍’ ഉദാഹരണം. ഇതാണ് യഥാര്‍ഥ വസ്തുത. ഇത് തലകീഴായി പിടിച്ചാണ് ഇമാം അബൂഹനീഫയെ ഓറിയന്റലിസ്റ്റുകള്‍ സുന്നത്തിനെതിരെ സാക്ഷിക്കൂട്ടില്‍ കയറ്റുന്നത്.
ഇതുപോലെ ഓരോ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിനും അക്കമിട്ട് മറുപടി പറയുന്ന ഈ കൃതി പൂര്‍ണരൂപത്തില്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യേണ്ടതുണ്ട് (മര്‍ഹൂം അമാനി മൗലവിയുടെ പരിഭാഷ ഇപ്പോള്‍ വില്‍പനയിലില്ല. പഴയ മലയാളം എന്ന പ്രശ്‌നവുമുണ്ട്). പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിക്കുമ്പോഴേ ഉള്ളടക്കത്തിന്റെ ഗാംഭീര്യവും ശൈലിയുടെ ആര്‍ജവവും അനുഭവപ്പെടുകയുള്ളൂ.

About the author

admin

Leave a Comment