Hadith

ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി

Written by admin

ഹദീസ് വിജ്ഞാനീയങ്ങളില്‍ യുഗപ്രഭാവനാണ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി. ആധുനിക ഇസ്‌ലാമിക പണ്ഡിത ലോകം ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹദീസുകള്‍ സംശോധന നടത്തി നെല്ലും പതിരും വേര്‍തിരിക്കുന്നതില്‍ അദ്ദേഹത്തിനുള്ള അഗാധജ്ഞാനം എന്നും മുസ്‌ലിം ലോകം വാഴ്ത്തും, തീര്‍ച്ച.

ശൈഖ് അല്‍ബാനി, അബൂഅബ്ദിര്‍റഹ്മാന്‍ എന്നീ പേരുകളിലറിയപ്പെടുന്ന മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി ക്രി. 1914 (ഹി. 1332)ലാണ് ജനിച്ചത്. അല്‍ബേനിയന്‍ തലസ്ഥാനമായിരുന്ന സ്‌കോഡറി(ടഒഗഛഉഋഞ)ല്‍ ദരിദ്ര മുസ്‌ലിം കുടുംബത്തില്‍ പിറന്ന അല്‍ബാനി പിതാവ് അല്‍ഹാജ് നൂഹുന്നജാത്തിയില്‍നിന്ന് ദീനീപാഠങ്ങളും സംസ്‌കാരവും പഠിച്ചു.
ആയിടക്കാണ് മതചിഹ്നങ്ങളെ തള്ളിപ്പറയുന്ന കമാല്‍ അത്താത്തുര്‍ക്കിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് അഹ്മദ് സോഗോ അല്‍ബേനിയയില്‍ രാജാവായത്. മത-സാമൂഹിക രംഗങ്ങളില്‍ പല വിലക്കുകളും അദ്ദേഹം ഏര്‍പ്പെടുത്തി. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കരുതെന്ന ഉത്തരവ് ഉദാഹരണം. ദീനീ ചിട്ടകളില്‍ ജീവിച്ചുപോന്ന മുസ്‌ലിംകള്‍ അല്‍ബേനിയ വിട്ടുപോകാന്‍ ഇത് ഇടയാക്കി. അങ്ങനെയാണ് ശൈഖ് നൂഹും കുടുംബവും സിറിയയിലെ ദമസ്‌കസിലേക്ക് കുടിയേറിയത്.
ദമസ്‌കസില്‍ വെച്ചാണ് ശൈഖ് അല്‍ബാനി അറബി പഠിക്കുന്നത്. അദ്ദേഹവും സഹോദരന്മാരും ജംഇയ്യത്തുല്‍ ഇസ്ഹാഫില്‍ ഖൈരീ സ്‌കൂളില്‍ ചേര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസം അവസാനിക്കുന്നതിന് മുമ്പ് സിറിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സ്‌കൂള്‍ അഗ്നിക്കിരയായി. സാറൂജ മാര്‍ക്കറ്റിലുള്ള മറ്റൊരു സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിതാവില്‍നിന്ന് ഖുര്‍ആന്‍ പാരായണ നിയമങ്ങളും സ്വര്‍ഫും ചില ഹനഫീ ഗ്രന്ഥങ്ങളും പഠിച്ചു. നിരവധി പണ്ഡിത ശ്രേഷ്ഠരില്‍നിന്ന് വ്യവസ്ഥാപിതമായി ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കാന്‍ ശൈഖ് അല്‍ബാനിക്ക് അവസരമുണ്ടായി. ശൈഖ് സഈദുല്‍ ബുര്‍ഹാനിയില്‍നിന്ന് ‘മറാഖില്‍ ഫലാഹും’ ചില ആധുനിക സാഹിത്യ ഗ്രന്ഥങ്ങളും അഭ്യസിച്ചു. ഹദീസ് വിജ്ഞാനീയങ്ങളില്‍ പ്രത്യേകം വ്യുല്‍പത്തി കണ്ടറിഞ്ഞ ഉസ്താദ് മുഹമ്മദുല്‍ മുബാറക്ക് അദ്ദേഹത്തോട് ശൈഖ് റാഹിബുത്ത്വബ്ബാഖിന്റെ കീഴില്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. അവിടെവെച്ച് അദ്ദേഹം ഹദീസ് വിജ്ഞാനീയങ്ങളില്‍ അംഗീകാരം കരസ്ഥമാക്കി.
ശൈഖ് അല്‍ബാനിയെ കൂടുതല്‍ സ്വാധീനിച്ചവരിലൊരാള്‍ സ്വന്തം പിതാവ് തന്നെയാണ്. മതാനുഷ്ഠാനങ്ങളില്‍ നിഷ്‌കര്‍ഷയുണ്ടായിരുന്ന പിതാവ് മകനെ ജുമുഅ-ജമാഅത്തുകള്‍ക്ക് പള്ളിയിലേക്ക് കൊണ്ടുപോവുക പതിവായിരുന്നു. ഇബ്‌നു അറബി, ശൈഖ് നാബുല്‍സി, യഹ്‌യ നബി(അ) തുടങ്ങിയ മഹാന്മാരുടെ ഖബ്‌റിടങ്ങളുള്ള പള്ളികള്‍ ലക്ഷ്യമാക്കി പോകുന്ന പിതാവിനെ കുട്ടിക്കാലത്ത് അല്‍ബാനി അനുഗമിച്ചിരുന്നു.
എന്നാല്‍ കടുത്ത ഹനഫീ മദ്ഹബ് പക്ഷപാതിയായ പിതാവിനോട് ശൈഖ് അല്‍ബാനിക്ക് വിയോജിക്കേണ്ടതായും വന്നു. ദീനിലോ മദ്ഹബില്‍ പോലുമോ അടിസ്ഥാനമില്ലാത്ത ആചാരങ്ങളില്‍ പിതാവിനുണ്ടായിരുന്ന താല്‍പര്യം മകന് അംഗീകരിക്കാനായില്ല. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിക്കൊണ്ടുമാത്രം ജീവിക്കാന്‍ ശൈഖ് അല്‍ബാനി ശ്രദ്ധിച്ചു. ദുര്‍ബലമായ ഹദീസുകളെ അദ്ദേഹം പരിഗണിച്ചില്ല. വ്യക്തമായ തെളിവുകളോടെ തന്റെ അഭിപ്രായങ്ങള്‍ സമര്‍ഥിച്ചപ്പോള്‍ മകന്റെ മുമ്പില്‍ പിതാവിന് മൗനം പാലിക്കേണ്ടി വന്നു. ചിലപ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ മാറ്റാന്‍ പിതാവ് തയാറായി. ഇത് പിതൃ-പുത്ര ബന്ധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. പരമരഹസ്യങ്ങള്‍വരെ പിതാവ് അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു.
ആദ്യകൃതി: പുണ്യാത്മാക്കളുടെ ഖബ്‌റിടങ്ങള്‍ ഉന്നംവെച്ച് പോകുന്നത് പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മനസ്സിലാക്കിയ ശൈഖ് അല്‍ബാനി അത് സംബന്ധമായി പിതാവിന്റെ ഗ്രന്ഥശേഖരങ്ങള്‍ ഉപയോഗപ്പെടുത്തി പഠനം നടത്തി. തന്റെ ഉസ്താദ് ബുര്‍ഹാനിയുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹത്തിന് തൃപ്തി വന്നില്ല. ശൈഖ് അല്‍ബാനി പഠനങ്ങളുമായി മുമ്പോട്ട് പോയി. ഖുര്‍ആനും സുന്നത്തും പണ്ഡിത വചനങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. തന്റെ കണ്ടെത്തലുകള്‍ ‘തഹ്ദീറുസ്സാജിദി മിന്‍ ഇത്തിഖാദില്‍ ഖുബൂരി മസാജിദ് (ശ്മശാനങ്ങള്‍ പള്ളികളാക്കി നമസ്‌കരിക്കുന്നവന്നുള്ള താക്കീത്) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പ്രധാനമായും രണ്ട് കാര്യങ്ങളില്‍ ഊന്നിയാണ് ഈ കൃതി.
1) ഖബ്‌റുകള്‍ക്കു മേല്‍ പള്ളി നിര്‍മിക്കുന്നതിന്റെ വിധി.
2) ഇത്തരം പള്ളികളില്‍ നമസ്‌കരിക്കുന്നതിന്റെ വിധി.
റശീദ് രിദായുടെ സ്വാധീനം
സയ്യിദ് റശീദ് രിദായാണ് ശൈഖ് അല്‍ബാനിയെ ഹദീസ് പഠനത്തിലേക്കാനയിച്ചത്. ചെറുപ്പത്തിലേ ധാരാളമായി വായിക്കുമായിരുന്നു അല്‍ബാനി. അദ്ദേഹത്തിന് വായിക്കാന്‍ കൂടുതല്‍ താല്‍പര്യം അറേബ്യന്‍ കഥകളായിരുന്നു. പിന്നീട് ഭാഷാന്തരം ചെയ്യപ്പെട്ട ഡിറ്റക്ടീവ് കഥകളിലേക്ക് തിരിഞ്ഞു. പിന്നെ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കാനുള്ള ത്വരയായി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കച്ചവടക്കാരന്‍ വില്‍പനക്ക് വെച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ‘അല്‍മനാറി’ന്റെ ഒരു ഭാഗം കാണാനിടയായി. അത് വാങ്ങി വായിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനിനെക്കുറിച്ച പ്രൗഢമായ ഒരു ലേഖനം അതിലുണ്ടായിരുന്നു. ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന ഒരു വിമര്‍ശന പഠനം. ശൈഖ് അല്‍ബാനിയില്‍ അത് വളരെ കൗതുകം ജനിപ്പിച്ചു. ഗ്രന്ഥം മുഴുവന്‍ അദ്ദേഹം വായിക്കുകയും ചെയ്തു. പുറമെ, ഹാഫിള് ഇറാഖിയുടെ പരിശോധനാ ഗ്രന്ഥവും അദ്ദേഹം സൂക്ഷ്മമായി പഠിച്ചു. ആ പുസ്തകം വാടകക്ക് എടുക്കേണ്ടിയിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അതിന് തടസ്സമായി നിന്നു. അങ്ങനെ ആ സൂക്ഷ്മപഠനം മുഴുവന്‍ പകര്‍ത്തിയെടുക്കാനും അത് ചുരുക്കിയെഴുതിവെക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഹദീസ് വിജ്ഞാനീയ പഠനങ്ങളുമായി മുമ്പോട്ടുപോകാന്‍ അദ്ദേഹത്തിനു ധൈര്യമായി. കൂടാതെ വിവിധ ഭാഷാ സാഹിത്യ ഗ്രന്ഥങ്ങളുടെ സഹായവും തേടി. ഈ പഠനം പൂര്‍ത്തിയായപ്പോള്‍ മൂന്ന് വാള്യങ്ങളിലായി രണ്ടായിരം പേജുകള്‍ ഉണ്ടായിരുന്നു. ഇരുപത് വയസ്സുകാരന്റെ ഈ ധീരകൃത്യം പണ്ഡിതലോകത്തെ വിസ്മയിപ്പിച്ചു.
തന്റെ വൈജ്ഞാനിക നേട്ടങ്ങള്‍ക്ക് പ്രധാനമായും രണ്ടു കാരണങ്ങളാണ് കണ്ടെത്താന്‍ കഴിയുകയെന്ന് ശൈഖ് അല്‍ബാനി പറഞ്ഞിട്ടുണ്ട്. ഒന്ന്, അല്‍ബേനിയയില്‍നിന്ന് സിറിയയിലേക്കുള്ള പലായനം. രണ്ട്, വാച്ച്‌റിപ്പയറിംഗ് പഠിക്കാന്‍ കഴിഞ്ഞത്. അല്‍ബേനിയയില്‍ തന്നെ തങ്ങിയിരുന്നുവെങ്കില്‍ അറബിഭാഷ പഠിക്കാനവസരം നഷ്ടപ്പെടുകയും ഖുര്‍ആനും സുന്നത്തും മനസ്സിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമായിരുന്നു. വാച്ച്‌റിപ്പയര്‍ പണിയാകട്ടെ, കുറെയധികം ഒഴിവ് സമയങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു; ളാഹിരിയ്യ ലൈബ്രറിയില്‍ ദിവസവും വായിക്കാന്‍ അവസരമൊരുക്കി.
സലീമുല്‍ ഖുസൈ്വബാത്തിയെയും മകന്‍ ഇസ്സത്തിനെയും അദ്ദേഹം പ്രത്യേകം ഓര്‍ക്കുന്നുണ്ട്. ദമസ്‌കസിലെ വലിയ ഗ്രന്ഥാലയത്തിന്റെ ഉടമകളായിരുന്ന ഇവര്‍ തനിക്കാവശ്യമായ കൃതികള്‍ പ്രതിഫലം കൂടാതെ നല്‍കുമായിരുന്നു.
രണഭൂമിയില്‍: മനുഷ്യജീവിതം മുഴുവന്‍ ഇസ്‌ലാമികാടിത്തറയില്‍ വേണമെന്നും അതിന് ഖുര്‍ആന്റെയും നബിചര്യയുടെയും പിന്‍ബലമുണ്ടായിരിക്കണമെന്നും നിര്‍ബന്ധമുള്ളവര്‍ക്ക് അനുകരണത്തിന്റെയും മദ്ഹബീ പക്ഷപാതത്തിന്റെയും പിന്നാലെ പോകുന്നവരുമായി ഇടയേണ്ടിവരുമെന്ന് തീര്‍ച്ച. ശൈഖ് അല്‍ബാനിയുടെ സലഫീ ചിന്ത അവരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു.
ഒരിക്കല്‍ ശൈഖ് അല്‍ബാനി വഹാബീ ചിന്തക്കാരനാണെന്നും അദ്ദേഹം മുസ്‌ലിംകളെ ഭിന്നിപ്പിക്കുകയാണെന്നും കാണിച്ച് ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ഒരു വലിയ ഹരജി ചിലയാളുകള്‍ ശാമിലെ മുഫ്തിക്ക് സമര്‍പ്പിച്ചു. മുഫ്തി അത് പോലീസ് മേധാവിക്ക് കൈമാറി. പോലീസ് മേധാവി അല്‍ബാനിയെ വിളിച്ചുവരുത്തിയെങ്കിലും വെറുതെവിടുകയാണുണ്ടായത്.
നോമ്പിന്റെ പ്രതിഫലത്തെക്കുറിച്ച ഒരു ഹദീസ് ഖുത്വ്ബയില്‍ കേട്ട ചിലര്‍ ശൈഖ് അല്‍ബാനിയോട് അതിന്റെ നിജസ്ഥിതി ആരാഞ്ഞു. ആ ഹദീസ് ദുര്‍ബലമാണെന്ന് അദ്ദേഹം മറുപടി നല്‍കി. അവര്‍ ഖത്ത്വീബിനെ സമീപിച്ച് സംഭവം വിവരിച്ചു. ഖത്ത്വീബ് തുടര്‍ന്നുള്ള ഏതാനും ഖുത്വ്ബകള്‍ വഹാബിസത്തെ ആഞ്ഞടിക്കാനാണ് ഉപയോഗിച്ചത്. വഴിപിഴച്ചവരായ അക്കൂട്ടരുമായി അടുത്തുപോകരുതെന്നും സന്താനങ്ങളെ അവരില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും ഖത്ത്വീബ് ഉണര്‍ത്തി. ആ പള്ളിയില്‍ ശൈഖ് നമസ്‌കരിക്കുന്നത് തടയണമെന്ന് ചിലര്‍ വാദിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ ആ ദൃഢചിത്തതക്ക് തിളക്കം കൂട്ടുകയാണ് ചെയ്തത്.
സ്‌നേഹിതരെയും പരിചയക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് ശൈഖ് ചര്‍ച്ചാക്ലാസുകള്‍ നടത്തിക്കൊണ്ടിരുന്നു. സ്‌നേഹിതന്മാരുടെ വീടുകളിലാണ് പലപ്പോഴും ചര്‍ച്ചാക്ലാസുകള്‍ നടക്കുക. പിന്നീട് ക്ലാസുകള്‍ നടത്താനായി ഒരു വീട് വാടകക്കെടുത്തു. ഹദീസുകളും അവയുടെ പരമ്പരകളുമാണ് പഠനവിധേയമാക്കുക. ആളുകള്‍ അടിക്കടി വര്‍ധിച്ചുവന്നതിനാല്‍ സ്ഥലം മതിയാകാതെ വന്നു. അപ്പോഴേക്കും എതിരാളികള്‍ ഇടപെട്ടു പരിപാടി നിര്‍ത്തിവെപ്പിച്ചു. ശൈഖാവട്ടെ, ഗ്രന്ഥരചനയിലേക്കും പഠന പരിശോധനകളിലേക്കും തിരിച്ചുപോയി.
ദമസ്‌കസ്, ഹലബ്, ലാദിഖിയ്യ എന്നീ പട്ടണങ്ങളില്‍ ചില ഹദീസ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. ഹദീസ് വിജ്ഞാനീയങ്ങളില്‍ തല്‍പരരായ പലരും അതില്‍ സംബന്ധിച്ചിരുന്നു. ചോദ്യോത്തര-ചര്‍ച്ചാ പരിപാടികള്‍ പുരോഗമിച്ചു വന്നപ്പോള്‍ എതിരാളികള്‍ ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ശൈഖ് അല്‍ബാനിയെ അടുത്ത പ്രദേശത്തേക്ക് നാടുകടത്തി. ജനങ്ങളോട് ഇനി പ്രസംഗിക്കുകയില്ലെന്ന് അദ്ദേഹത്തോട് എഴുതി വാങ്ങിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍
അവധാനതയും എതിരാളികളോട് സാവകാശവും കാണിക്കുന്നവരാണ് പണ്ഡിതന്മാര്‍. ശൈഖ് അല്‍ബാനിയും കുറെയേറെ ഈ സ്വഭാവക്കാരന്‍ തന്നെ. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ വിമര്‍ശനം വളരെ രൂക്ഷമായിത്തീരും. ആത്മവിശ്വാസവും സത്യമെന്ന് താന്‍ വിശ്വസിക്കുന്നതിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാകാം ഇതിന്നദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹം തന്റെ ‘സില്‍സിലത്തുല്‍ അഹാദീസിദ്ദഈഫ വല്‍ മൗദൂഅഃ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: ‘ഇമാം അബുല്‍ഹസന്‍ അല്‍ഖസ്‌വീനിയുടെ അഭിപ്രായം അംഗീകരിച്ചുകൊണ്ട് ഇമാം നവവി യാത്ര ഉദ്ദേശിക്കുന്നവന്‍ ‘ലിഈലാഫി ഖുറൈശ്’ ഓതുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. എല്ലാ ആപത്തില്‍നിന്നുമുള്ള രക്ഷയാണതെന്നാണ് അവരുടെ പക്ഷം……… ഇത് ദീനില്‍ നടത്തുന്ന നിയമനിര്‍മാണമാണ്. അതിന് തെളിവുകള്‍ ഇല്ല. ആപത്തില്‍ നിന്നുള്ള രക്ഷയാണതെന്ന് അദ്ദേഹത്തിന് എവിടെനിന്ന് കിട്ടി?’ (പേജ് : 374).
ഖുര്‍ആനും സുന്നത്തും പൂര്‍വികരുടെ രീതിയിലാണ് മനസ്സിലാക്കേണ്ടതെന്നും ശരിയായ തെളിവുകളില്ലാതെ ഒന്നും സ്വീകരിക്കാന്‍ ബാധ്യതയില്ലെന്നും നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ശൈഖിന്റെ അഭിപ്രായത്തെ മാനിക്കാതിരിക്കാനാവില്ല. സ്വതന്ത്രമായ ഇസ്‌ലാമിക ചിന്ത പുനര്‍ജനിക്കാനും ചിന്തകളില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകള്‍ നീക്കം ചെയ്യാനും അതുകൊണ്ടാണ് സാധ്യമാകുക. എന്നിരുന്നാലും തന്റെ രീതിയോട് യോജിക്കാത്തവരെ അതി രൂക്ഷമായി വിമര്‍ശിക്കാതെ, കുറച്ചുകൂടി സംയമനത്തിന്റെയും സാവകാശത്തിന്റെയും ശൈലി സ്വീകരിക്കാമായിരുന്നു അദ്ദേഹത്തിനെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്.
സുദായ സമുദ്ധാരണം
ജീര്‍ണതകള്‍ തുടച്ചുനീക്കി സമുദായത്തെ സമുദ്ധരിക്കാന്‍ രണ്ട് നിര്‍ദേശങ്ങളാണ് ശൈഖ് അല്‍ബാനി മുന്നോട്ട് വെക്കുന്നത്. 1) തസ്വ്ഫിയത്ത് (ശുദ്ധീകരണം). 2) തര്‍ബിയത്ത് (ശിക്ഷണം)
വിവിധ സന്ദര്‍ഭങ്ങളില്‍ കടന്നുകൂടിയ ഇസ്‌ലാംവിരുദ്ധ ദുരാചാരങ്ങളില്‍നിന്ന് സമുദായത്തെ ശുദ്ധീകരിക്കലാണ് ഒന്നാമത്തേത്. തിരുസുന്നത്തിന്റെ തണല്‍ പറ്റിനില്‍ക്കുന്ന പുതു നിര്‍മിതികളെ (ബിദ്അത്ത്) അറുത്ത് മാറ്റുകയാണ് ആദ്യം വേണ്ടത്. എന്നിട്ട് യഥാര്‍ഥ സുന്നത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കണം. സച്ചരിതരായ പൂര്‍വസൂരികളുടെ ആശയങ്ങളും ചിന്താഗതികളും കൈവിടാന്‍ പാടില്ല. ഹദീസുമായി ബന്ധപ്പെട്ട സര്‍വ വിജ്ഞാനീയങ്ങളും പഠിക്കുന്നതിലൂടെയാണത് സാധിക്കുക. പാശ്ചാത്യ പഠനങ്ങള്‍, ആധുനിക മുസ്‌ലിം ചിന്തകളില്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. തത്ത്വശാസ്ത്രം, വിദ്യാഭ്യാസം, കലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പാശ്ചാത്യചിന്തയുടെ അധിനിവേശവും പഠനവിധേയമാക്കണം.
പുതുതലമുറയെ ഇസ്‌ലാമിക വിശ്വാസാദര്‍ശമനുസരിച്ച് വളര്‍ത്തിയെടുക്കലാണ് തര്‍ബിയത്ത്. അര്‍പ്പണബോധത്തോടെ ഇബാദത്തുകളില്‍ നിഷ്ഠയുള്ളവരാകാന്‍ അവരെ ശീലിപ്പിക്കണം. ഇബാദത്തുകളുടെ ഭൗതികഫലങ്ങള്‍ ആദ്യമേ അവര്‍ക്ക് ചൊല്ലിക്കൊടുക്കുന്നത് ഗുണകരമല്ല.
വിലയിരുത്തല്‍
തിരുസുന്നത്തിന്റെ സംരക്ഷണത്തിന് ശൈഖ് അല്‍ബാനി നല്‍കിയ മഹദ് സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് ചില പണ്ഡിതന്മാര്‍ നടത്തിയ എതിരഭിപ്രായങ്ങളെയും വിലകുറച്ചു കാണേണ്ടതില്ല. ചിലത് ശ്രദ്ധിക്കുക:
1) കഴിഞ്ഞുപോയവരും ആധുനികരുമായ പല പണ്ഡിതന്മാരുമായി ആശയവിനിമയം നടത്തുമ്പോള്‍ പ്രകടിപ്പിച്ച മൂര്‍ച്ചയേറിയ ശൈലി മിതത്വം വിട്ടുപോയിട്ടുണ്ട്. അഭിപ്രായ വ്യത്യാസമുള്ളപ്പോള്‍ പ്രിയപ്പെട്ടവരോടും അതേ മൂര്‍ച്ച കാണിക്കാറുണ്ട്.
2) എതിരാളികള്‍ക്ക് നല്‍കിയ മറുപടികള്‍ വായനക്കാര്‍ അവധാനതയോടെ മാത്രമേ സ്വീകരിക്കാവൂ. അദ്ദേഹത്തിനും തെറ്റു സംഭവിച്ചിട്ടുണ്ട്.
3) ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് അദ്ദേഹം കാണിച്ച കാര്‍ക്കശ്യവും അവരെപ്പറ്റി അദ്ദേഹം നല്‍കിയ കടുത്ത വിധികളും ചര്‍ച്ച ചെയ്യപ്പെടണം.
4) ചില ശര്‍ഈ വിധികളെ മതിയായ തെളിവുകളില്ലാതെ അദ്ദേഹം സ്വീകരിക്കുകയും എതിരാളികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
5) ഹദീസുകളെ സ്വഹീഹ്, ദഈഫ് എന്നിങ്ങനെ വേര്‍തിരിച്ച് സ്വഹീഹ് മാത്രം അംഗീകരിക്കുക, ദഈഫിന് ഒരു വിലയും നല്‍കാതിരിക്കുക എന്നത് പൂര്‍വ പണ്ഡിതന്മാരുടെ നടപടിക്രമങ്ങള്‍ക്കെതിരാണ്.
1999 ഒക്‌ടോബര്‍ രണ്ട് ശനിയാഴ്ച (1420 ജമാദുല്‍ ആഖിര്‍)യിലാണ് ശൈഖ് അല്‍ബാനി ചരമമടഞ്ഞത്. 88 വയസ്സായിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് അദ്ദേഹത്തെ ഖബ്‌റടക്കിയത്. വേഗം മറമാടണമെന്ന വസ്വിയ്യത്തുള്ളതിനാല്‍ കേട്ടറിഞ്ഞെത്തിയ രണ്ടായിരത്തോളം പേര്‍ മാത്രമേ ജനാസയെ അനുഗമിച്ചുള്ളൂ. തന്റെ ലൈബ്രറിയിലെ പുസ്തകങ്ങളും കൈയെഴുത്തു പ്രതികളുമെല്ലാം മദീന മുനവ്വറയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് നല്‍കണമെന്നും വസ്വിയ്യത്ത് ചെയ്തിരുന്നു. സ്വന്തമായി രചിച്ചതും പരിശോധിച്ച് ശരിയാക്കി എഴുതിയതും ഉള്‍പ്പെടെ 221 കൃതികള്‍ രചിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇപ്പോഴും അച്ചടിച്ചിട്ടില്ല. പ്രധാനപ്പെട്ടവ താഴെ:
1) ‘ഇര്‍വാഉല്‍ ഗലീല്‍ ഫീ തഖ്‌രീജി അഹാദീസി മനാറിസ്സബീല്‍’, 8 വാള്യങ്ങള്‍. 2707 ഹദീസുകള്‍ സംശോധന നടത്തി പ്രസിദ്ധീകരിച്ചത്. ഹമ്പലീ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥമാണിത്.
2) ‘സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ’ – 7 വാള്യങ്ങള്‍. ഇത് അച്ചടിക്ക് തയാറായിരിക്കുന്നു. ഓരോ വാള്യത്തിലും 500 ഹദീസ് വീതം.
3) സില്‍സിലത്തുല്‍ അഹാദീസിദ്ദഈഫ വല്‍ മൗദൂഅ – 7 വാള്യങ്ങളില്‍ 3500 ഹദീസുകള്‍. ഇതിന് എട്ട് വാള്യങ്ങള്‍ കൂടി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
4) സ്വഹീഹുത്തര്‍ഗീബി വത്തര്‍ഹീബ്, ദഈഫുത്തര്‍ഗീബി വത്തര്‍ഹീബ്. ഇമാം മുന്‍ദിരിയുടെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ബൃഹദ് ഗ്രന്ഥത്തിലെ സ്വഹീഹും ദഈഫും വേര്‍തിരിക്കുന്ന ഗ്രന്ഥം.
5) സ്വഹീഹുല്‍ ജാമിഇസ്സ്വഗീര്‍ വസിയാദതുഹു – 8202 ഹദീസ് ഉള്‍പ്പെടുത്തിയത്.
6) ദഈഫുല്‍ ജാമിഇസ്സ്വഗീരി വസിയാദത്തുഹു – 6468 ഹദീസുകള്‍
7) സ്വഹീഹു സുനനി ഇബ്‌നുമാജ (രണ്ടുവാള്യം)
8) ദഈഫുസുനനി ഇബ്‌നുമാജ (ഒരു വാള്യം)
9) സ്വഹീഹുസുനനി അബീദാവൂദ് (മൂന്ന് വാള്യം)
10) ദഈഫ് സുനനി അബീദാവൂദ് (ഒരു വാള്യം)
11) സ്വഹീഹുസുനനിത്തിര്‍മിദി (മൂന്ന് വാള്യം)
12) ദഈഫു സുനനിത്തിര്‍മിദി (ഒരു വാള്യം)
13) സ്വഹീഹു സുനനി ന്നസാഈ (മൂന്നു വാള്യം)
14) ദഈഫു സുനനി ന്നസാഈ (ഒരു വാള്യം)
15) മുഖ്തസ്വറു സ്വഹീഹില്‍ ബുഖാരി (നാല് വാള്യം)
16) ഫിഹ്‌റസ് മഖ്ത്വൂത്വാത്തുള്ളാഹിരിയ്യ ഫീ ഇല്‍മില്‍ ഹദീസ്

About the author

admin

Leave a Comment