Anushtanangal

സത്യസാക്ഷ്യ പ്രഖ്യാപനം

Written by admin

لاَ إِلَهَ إِلاَّ اللَّهُ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ الله അല്ലാഹുവല്ലാതെ വേറെ ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു ഇതാണ് ഇസ്ലാമിനെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന അടിസ്ഥാന ആദര്‍ശം. ഈ ആദര്‍ശത്തെ പരസ്യമായി പ്രഖ്യാപിക്കുകയാണ് മുസ്ലിം ചെയ്യേണ്ട ഒന്നാമത്തെ നിര്‍ബന്ധ കര്‍മം. ദൈവം ഉണ്ടെന്നും ഏകനാണെന്നും മുഹമ്മദ് ദൈവം നിയോഗിച്ച ദൂതനാണെന്നും മനസ്സില്‍ കരുതിയതുകൊണ്ട് മാത്രം ഒരുവന്‍ മുസ്ലിമാകുന്നില്ല. അയാള്‍ തന്റെ വിശ്വാസം വാചാ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യേണ്ടതുണ്ട്. ഈ സാക്ഷ്യപ്പെടുത്തല്‍, താന്‍ ദൈവത്തിന്റെ ദാസനാണെന്നും, മുഹമ്മദ്‌നബിയിലൂടെ ദൈവം നല്കിയിട്ടുള്ള വിധിവിലക്കുകളനുസരിച്ചു ജീവിക്കുന്നവനാണെന്നുമുള്ള ഒരു പ്രതിജ്ഞകൂടിയാകുന്നു. സത്യസാക്ഷ്യ വചനത്തിന്റെ പ്രഖ്യാപനത്തിലൂടെയാണ് ഒരാള്‍ സത്യവിശ്വാസിയും മുസ്ലിം സമൂഹത്തില്‍ അംഗവുമായി പരിഗണിക്കപ്പെടുന്നത്.
സത്യസാക്ഷ്യ പ്രഖ്യാപനത്തിന്റെ സാധാരണ രൂപം,  أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ.أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ (അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാ) അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നുഎന്നാണ്.
ഈ വാക്യങ്ങള്‍ തികഞ്ഞ അര്‍ഥബോധത്തോടെയും സ്വയം സമ്മതത്തോടെയും ഉച്ചരിക്കുന്നതോടെ ഒരാള്‍ മുസ്ലിമായിത്തീരുന്നു അയാള്‍ അതുവരെ ഏതു മതക്കാരനായിരുന്നാലും ശരി. ഈ വചനം ഉച്ചരിക്കാത്തവന്‍ മുസ്ലിം സമുദായത്തില്‍ ജനിച്ചവനായാലും മുസ്ലിമാവുകയില്ല. ഈ വചനത്തെ കലിമതുശ്ശഹാദഃ (സാക്ഷ്യവചനം) എന്നും കലിമതുത്തൗഹീദ് (ഏകദൈവത്വ വചനം) എന്നും പറയാറുണ്ട്. മലയാളികള്‍ ഇതിനെ കലിമഃ (വചനം) എന്നും ശഹാദതു കലിമഃ എന്നുമാണ് പറയാറുള്ളത്. സാക്ഷ്യ പ്രഖ്യാപനത്തെ ‘കലിമഃ ചൊല്ലല്‍’ എന്നും പറഞ്ഞുവരുന്നു.

About the author

admin

Leave a Comment