Anushtanangal Namaskaram

നമസ്‌കാരം

namaz.jpg
Written by admin

صَلاة (സ്വലാത്) എന്ന സാങ്കേതിക ശബ്ദത്തിന്റെ തര്‍ജമഃയായി ഉപയോഗിക്കപ്പെടുന്ന പദമാണ് നമസ്‌കാരം. ഇസ്ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്‌കാരം. ശരീരംകൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന എന്നാണത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇസ്ലാമിനെയും കുഫ്‌റി(സത്യനിഷേധം)നെയും തമ്മില്‍ വേര്‍തിരിക്കുന്ന അടയാളമാണ് നമസ്‌കാരമെന്ന് നബി പ്രസ്താവിച്ചിട്ടുണ്ട്. അശ്രദ്ധ കൊണ്ടോ മനഃപൂര്‍വമായോ നമസ്‌കാരം ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. നമസ്‌കാരം അനാവശ്യമാണെന്ന് നിശ്ചയിച്ച് അതുപേക്ഷിക്കുന്നവന്‍ ഇസ്ലാമില്‍നിന്നു ബഹിഷ്‌കൃതനാകുമെന്നാണ് പണ്ഡിതമതം.
നമസ്‌കാരം സമയബന്ധിതമായ ആരാധനയാണ്. അത് അതിന്റെ സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണം. നിര്‍ബന്ധ നമസ്‌കാരം അഞ്ചു നേരമാണ്. സ്വുബ്ഹ് (പ്രഭാത നമസ്‌കാരം), ളുഹ്ര്‍ (മധ്യാഹ്ന നമസ്‌കാരം), അസ്ര്‍ (ഉത്തരാഹ്ന നമസ്‌കാരം), മഗ്‌രിബ്‌ (സന്ധ്യാനമസ്‌കാരം), ഇശാ (നിശാനമസ്‌കാരം) മുഖവും കൈകാലുകളും കഴുകി ശിരസ്സും ചെവിയും വെള്ളം തൊട്ടുതടവി അംഗശുദ്ധി (വുദൂ) വരുത്തിയ ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. വുദൂ ചെയ്യാന്‍ തടസ്സമുള്ളവര്‍ അംഗശുദ്ധി പ്രതീകാത്മകമായി ചെയ്താല്‍ മതിയാകും. വൃത്തിയുള്ള ഏതെങ്കിലും പ്രതലത്തില്‍ കൈപ്പത്തി അടിച്ച ശേഷം അവകൊണ്ട് മുഖവും കൈകളും തടവുകയാണത്. ഈ കര്‍മത്തിന് തയമ്മും എന്നു പറയുന്നു. ശുദ്ധിയാക്കിയ ശരീരത്തില്‍ ശുദ്ധിയുള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയുള്ള സ്ഥലത്തുവെച്ചുവേണം നമസ്‌കാരം നിര്‍വഹിക്കാന്‍.
നമസ്‌കാരം ഒരു സാമൂഹിക അനുഷ്ഠാനമാണ്. പള്ളിയില്‍വച്ച് സംഘടിതമായിട്ടാണത് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴില്‍ സ്ഥലത്തോ വഴിയിലോ തങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെവച്ച് നമസ്‌കരിക്കുന്നതില്‍ തെറ്റില്ല.
ഓരോ നമസ്‌കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് أذان (അദാന്‍) (ബാങ്ക്) എന്നാണ് അറിയപ്പെടുന്നത്; വിളിച്ചറിയിക്കാന്‍ നിയുക്തനാകുന്ന ആള്‍ മുഅദ്ദിന്‍ എന്നും.
നമസ്‌കാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഇഖാമത് എന്ന പേരില്‍ വീണ്ടും ഒരറിയിപ്പുണ്ടാകുന്നു. തുടര്‍ന്ന് ഇമാം നമസ്‌കാരത്തിന് നേതൃത്വം നല്കുന്നു. കഅ്ബയെ അഭിമുഖീകരിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ നമസ്‌കരിക്കേണ്ടത്. നമസ്‌കാരത്തില്‍ അഭിമുഖീകരിക്കുന്ന ദിശയെ ഖിബ്ലഃ എന്നു പറയുന്നു.
നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സാങ്കേതികമായി ഫര്‍ദ് നമസ്‌കാരം എന്നാണറിയപ്പെടുന്നത്. ഫര്‍ദു നമസ്‌കാരത്തിനു പുറമ ധാരാളം ഐഛിക (സുന്നത്) നമസ്‌കാരങ്ങളെയും പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ദിവസങ്ങളില്‍ ളുഹ്ര്‍ നമസ്‌കാരത്തിന്റെ സ്ഥാനത്ത് ജുമുഅഃയാണ് നടത്തുക. ജുമുഅഃ സ്ഥാപിക്കേണ്ടതും തദ്ദേശത്തെ എല്ലാ മുസ്ലിംകളും അതില്‍ പങ്കെടുക്കേണ്ടതും സവിശേഷ ബാധ്യതയാണ്. ഒരു ഉദ്‌ബോധനവും രണ്ടു റക്അതു നമസ്‌കാരവുമാണ് ജുമുഅഃ. നമസ്‌കാരത്തിനു മുമ്പാണ് ഉദ്‌ബോധനം നടക്കേണ്ടത്. ഈ ഉദ്‌ബോധനത്തെ ഖുത്വ്ബഃയെന്നും ഉദ്‌ബോധകനെ ഖത്വീബ് എന്നും പറയുന്നു.
വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കുന്നതിനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്‍ഗ ലബ്ധിക്കും ദുര്‍മാര്‍ഗമുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിനു ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്നു വിരമിക്കുകയുമാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നിലനില്ക്കുന്നു. അത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍നിന്നെല്ലാം തടയുകയും ദൈവ പ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു:
وَأَقِمِ الصَّلَاةَإِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ (നമസ്‌കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്‌കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു – 29: 45) പ്രവാചകന്‍ നമസ്‌കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്:(നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ? അതുപോലെ സംശുദ്ധവും സംസ്‌കൃതവുമായിത്തീരുന്നു നമസ്‌കരിക്കുന്നവന്റെ മനസ്സ്.)
മാനുഷികൈക്യത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും പ്രായോഗിക പരിശീലനവും കൂടിയാണ് സംഘടിത നമസ്‌കാരം. രാജാവും പ്രജയും ഉള്ളവനും ഇല്ലാത്തവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും എല്ലാം ഒരേ അണിയില്‍ തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട്, അല്ലാഹുവിന്റെ ദാസന്മാരെന്ന നിലയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മൂര്‍ത്ത രൂപത്തില്‍ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടാണത് നിര്‍വഹിക്കപ്പെടുന്നത്. പള്ളിയില്‍ ആദ്യമെത്തുന്നത് ഒരടിമയാണെങ്കിലും അയാള്‍ ഒന്നാം നിരയിലെ ഒന്നാമനാകുന്നു. അയാളുടെ ഉടമയെത്തുമ്പോള്‍ ആ നിരയില്‍ സ്ഥലമുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം തോള്‍ ചേര്‍ന്നു നില്ക്കണം. ഇല്ലെങ്കില്‍ അയാള്‍ തന്റെ അടിമയുടെ പിന്നണിയില്‍ നിലകൊള്ളണം. എല്ലാ ഉച്ചനീചത്വങ്ങളും തിരസ്‌കരിക്കപ്പെടുന്ന ഇടമാണ് മസ്ജിദ് (പള്ളി). അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സ്ഥലം എന്നാണ് മസ്ജിദ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.
വിശ്വാസികള്‍ക്ക് അവരുടെ ചുറ്റുവട്ടത്തുള്ള സഹവിശ്വാസികളെ ദിവസം അഞ്ചുവട്ടം കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്നുവെന്നതാണ് സംഘടിത നമസ്‌കാരത്തിന്റെ മറ്റൊരു സാമൂഹികമാനം. ഏതെങ്കിലും ഭൗതിക താല്‍പര്യങ്ങളല്ല ഈ ഒത്തുചേരലിന്റെയും കണ്ടുമുട്ടലിന്റെയും പ്രേരകം. അതുകൊണ്ടുതന്നെ അത് നിഷ്‌കളങ്കമാണ്. അതവരില്‍ പരസ്പരം പരിചയവും ധാരണയും സൗഹൃദവും വളര്‍ത്തുന്നു.
ഒരേ നേതാവിന്റെ പിന്നില്‍ അണിനിരക്കുക, അദ്ദേഹത്തിന്റെ അനക്കങ്ങളെയും അടക്കങ്ങളെയും കണിശമായി പിന്തുടരുക, നമസ്‌കാരത്തിന്റെ നിയമങ്ങള്‍ കൃത്യമായി പാലിക്കുക ഇതൊക്കെ വിശ്വാസികളെ അച്ചടക്കത്തിന്റെ പാഠങ്ങള്‍ ശീലിപ്പിക്കുന്നു. വ്യഷ്ടിഗതമായും സമഷ്ടിഗതമായും ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കുന്നതിനുള്ള പരിശീലനവുമാണത്.
നമസ്‌കാരത്തിന്റെ ഉദ്ദിഷ്ട ഫലങ്ങള്‍ ഉളവാക്കുന്നതിന് അത് ഭയഭക്തിയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കപ്പെടേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾ فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْ يُرَاءُونَ

അന്ത്യവിചാരണയെ തള്ളിപ്പറയുന്നവനെ നീ കണ്ടുവോ? അനാഥരെ ആട്ടിയകറ്റുന്നവനും അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍. എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്കു നാശമാണുള്ളത്. അവര്‍ ആളുകളെ കാണിക്കുക മാത്രമാകുന്നു. നിസ്സാരമായ ഉപകാരങ്ങള്‍പോലും അവര്‍ വിലക്കുന്നു -107:1-7) യഥാര്‍ഥ നമസ്‌കാരത്തില്‍ നിന്നുളവാകേണ്ടത് പരലോക വിചാരവും സമത്വഭാവനയും സാഹോദര്യ വികാരവും പരോപകാര താല്‍പര്യവുമാണെന്നും അതുളവാക്കാത്ത നമസ്‌കാരം കേവലം ജാടയാണെന്നുമാണ് ഈ സൂക്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

About the author

admin

Leave a Comment