Anushtanangal Zakath

സകാത്

zakat.jpg
Written by admin

നമസ്‌കാരത്തോടൊപ്പം ഖുര്‍ആന്‍ 28 തവണ ആവര്‍ത്തിച്ചനുശാസിച്ചിട്ടുള്ളതാണ് ഇസ്‌ലാം കാര്യങ്ങളില്‍ മൂന്നാമത്തേതായ സകാത്. സംസ്‌കരണം, വളര്‍ച്ച, വികാസം എന്നൊക്കെയാണ് സകാത് എന്ന അറബി പദത്തിന്റെ ഭാഷാര്‍ഥം. സാങ്കേതികമായി, ശരീഅത് വിശ്വാസികളില്‍ ചുമത്തുന്ന നിര്‍ബന്ധ സാമ്പത്തിക ബാധ്യതയുടെ പേരാണ് സകാത്. കാര്‍ഷികോല്‍പന്നങ്ങള്‍, കാലികള്‍, ഖനിജങ്ങള്‍, പണം, വ്യാപാര ധനം തുടങ്ങിയ എല്ലായിനം സമ്പത്തിന്റെയും ഉടമകള്‍ സകാത് കൊടുക്കാന്‍ ബാധ്യസ്ഥരാകുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ ജലസേചനം ചെയ്ത് അധ്വാനിച്ച് വിളയിക്കുന്നതാണെങ്കില്‍ അഞ്ച് ശതമാനവും പ്രകൃത്യാ ജലസേചനം ചെയ്യപ്പെടുന്നതാണെങ്കില്‍ 10 ശതമാനവുമാണ് സകാതുവിഹിതം. വിളവ് 300 സ്വാഅ് (ഏതാണ്ട് 653 കിലോ) തികയുന്നതുവരെ സകാത് കൊടുക്കേണ്ടതില്ല. അഞ്ച് ഒട്ടകത്തിന് ഒരാട് എന്ന തോതിലാണ് ഒട്ടകത്തിന്റെ സകാത്. അഞ്ചില്‍ കുറഞ്ഞ ഒട്ടകങ്ങളുടെ ഉടമ സകാത് കൊടുക്കേണ്ടതില്ല. ഗോക്കളുടെ സകാത് 30 എണ്ണത്തിന് ഒന്ന് എന്ന തോതിലാണ്. 30-ല്‍ കുറഞ്ഞാല്‍ സകാതു വേണ്ട. ആടിന്റെ സകാത് ബാധകമാകുന്ന പരിധി 40 ആണ്. 40 എണ്ണം തികഞ്ഞാല്‍ ഒരാട് സകാതു നല്കണം. കാലികളെല്ലാം നിശ്ചിത എണ്ണം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി ഉടമയുടെ കൈവശം ഇരുന്നിട്ടുണ്ടെങ്കിലേ സകാത് കൊടുക്കേണ്ടതുള്ളൂ. മുകളില്‍ പറഞ്ഞതല്ലാത്ത മൃഗങ്ങളെ വ്യാപാരാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവ കച്ചവട സകാതിനു വിധേയമായിരിക്കും. അതല്ലാതെ, കൗതുകത്തിനുവേണ്ടിയോ സ്വന്തം ഉപയോഗത്തിനുവേണ്ടിയോ വളര്‍ത്തപ്പെടുന്ന ജന്തുക്കള്‍ക്ക് സകാത് ഇല്ല. സ്വര്‍ണം, വെള്ളി, കറന്‍സി എന്നിവയുടെ സകാത് വിഹിതം 2.5 ശതമാനമാകുന്നു. സ്വര്‍ണത്തെ സംബന്ധിച്ചേടത്തോളം 85 ഗ്രാമും വെള്ളിക്ക് 595 ഗ്രാമുമാണ് സകാതു ബാധകമാകുന്ന പരിധി. അതില്‍ കുറഞ്ഞതിന് സകാതില്ല. 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്കുള്ള പണത്തിന്റെ ഉടമകള്‍ക്കും സകാത് ബാധകമാണ്. ഇത്രയും സ്വര്‍ണം അല്ലെങ്കില്‍ തുക സൂക്ഷിക്കുന്നവര്‍ വര്‍ഷാന്തം സകാതു കൊടുക്കണം. കച്ചവടത്തിനും സകാത് കണക്കാക്കേണ്ടത് വാര്‍ഷികാടിസ്ഥാനത്തിലാകുന്നു. കച്ചവടം തുടങ്ങി വര്‍ഷം തികഞ്ഞാല്‍ മൂലധനവും ലാഭവും ചേര്‍ന്നാല്‍ 85 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ 2.5 ശതമാനം സകാതു കൊടുക്കണം. ശമ്പളം, ഡോക്ടര്‍മാരുടെയും എഞ്ചിനിയര്‍മാരുടെയും കലാസാഹിത്യകാരന്മാരുടെയും വരുമാനം എന്നിവ എപ്പോള്‍ മേല്പറഞ്ഞ മൂല്യം തികയുന്നുവോ അപ്പോള്‍ സകാതു കൊടുത്തിരിക്കണം. തന്നാണ്ടിനുശേഷം അതു സൂക്ഷിച്ചുവയ്ക്കുന്നുവെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വാര്‍ഷിക സകാത് നല്കണം. ഇതാണ് സകാതിന്റെ സാമാന്യ രൂപം. സ്വന്തം ചെലവുകഴിച്ച് മിച്ചമുണ്ടെങ്കിലേ സകാത് നല്‌കേണ്ടതുള്ളൂ. ഒരാളുടെ വരുമാനം സകാതു ബാധകമാകുന്ന പരിധിയില്‍ കവിഞ്ഞതാണെങ്കിലും അതു മുഴുവന്‍ അയാളുടെ കുടുംബ ജീവിതത്തില്‍ ചെലവായിപ്പോവുകയാണെങ്കില്‍ അയാള്‍ സകാതില്‍നിന്നൊഴിവാകുന്നു.
സകാതിന്റെ ഗുണഭോക്താക്കള്‍ എട്ടു വിഭാഗമാണെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചിരിക്കുന്നു: 1. നിര്‍ധനര്‍ (ഫുഖറാഅ്). തൊഴിലോ മറ്റു വരുമാനമോ ഇല്ലാത്ത, ഉപജീവനത്തിന് പരസഹായം അത്യാവശ്യമായവര്‍. 2. അഗതികള്‍ (മസാകീന്‍). തൊഴിലോ വരുമാനമോ ഉണ്ടെങ്കിലും അതുകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വിഷമിക്കുന്ന പാവങ്ങള്‍. 3. സകാത് ശേഖരണവിതരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരും തൊഴിലാളികളും (ആമിലീന അലൈഹാ). 4. മനസ്സ് ഇണക്കപ്പെടുന്നവര്‍ (മുഅല്ലഫതുല്‍ ഖുലൂബ്). ഇസ്ലാമിലുള്ള വിശ്വാസം ദുര്‍ബലമായതിനാല്‍ ഇസ്ലാമില്‍ ഉറപ്പിച്ചു നിര്‍ത്താനോ അല്ലെങ്കില്‍ മുസ്ലിംകള്‍ക്കെതിരിലുള്ള ദ്രോഹം തടുക്കാനോ അതുമല്ലെങ്കില്‍ മുസ്ലിംകളുടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രയോജനം ലഭിക്കാനോ വേണ്ടി സകാതു ഫണ്ടില്‍നിന്നു ധനം നല്കപ്പെടുന്ന ഒരു വിഭാഗമാണിത്. 5. അടിമ മോചനം (ഫിര്‍രിഖാബി): സമൂഹത്തില്‍ അടിമകളുണ്ടെങ്കില്‍ അവരെയും അടിമസമാനമായ പാരതന്ത്യ്രങ്ങളിലകപ്പെട്ടവരെയും ആ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. 6. കടക്കാരെ സഹായിക്കുക (അല്‍ഗാരിമീന്‍): കടം കയറി കഷ്ടപ്പെടുന്നവരുടെ കടം തീര്‍ത്തുകൊടുക്കുന്ന നടപടികള്‍ക്ക്. 7. ദൈവമാര്‍ഗം (ഫീ സബീലില്ലാഹി): മതപ്രബോധനത്തിലും മതത്തിന്റെ ശത്രുക്കളോടുള്ള സമരത്തിലും ഏര്‍പ്പെട്ടവര്‍. 8. സഞ്ചാരികള്‍ (ഇബ്‌നുസ്സബീല്‍): പ്രവാസികള്‍, അഭയാര്‍ഥികള്‍, യാത്രക്കാര്‍ തുടങ്ങിയവരെ സേവിക്കാനും സഹായിക്കാനും.
ഒരു വ്യക്തിയുടെ സ്വത്തില്‍ സകാത് നിര്‍ബന്ധമായിത്തീരുന്നതോടെ അതിന്റെ സകാതുവിഹിതമായ 2.5 ശതമാനം അയാളുടേത് അല്ലാതായിത്തീരുന്നുവെന്നാണ് ശരീഅത് അനുശാസിക്കുന്നത്. പിന്നെ അത് സകാത് ലഭിക്കാന്‍ അര്‍ഹരായ ആളുകളുടെ സ്വത്തായിത്തീരുന്നു. ന്യായമായ കാരണമില്ലെങ്കില്‍ അയാളതു കൈവശം വച്ചുകൊണ്ടിരിക്കുന്നതു പോലും അനാശാസ്യമാണ്. സകാത് കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് നല്കാതെ മരിച്ചു പോയാലും സകാതുവിഹിതം അയാളുടെ പേരില്‍ കടമായി നിലനില്ക്കും. അനന്തരാവകാശികള്‍ ആ കടം വീട്ടേണ്ടതാണ്. പരേതന്റെ സ്വത്തില്‍ സകാതുവിഹിതം കഴിച്ചു ബാക്കിയുള്ളതിലേ അവര്‍ക്ക് ദായധനാവകാശമുണ്ടായിരിക്കൂ.
സകാത് ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സമൂഹനേതൃത്വം അഥവാ ഗവണ്‍മെന്റാണ്. ഇസ്ലാമിക ഗവണ്‍മെന്റില്‍ ഒരു സകാത് വകുപ്പുണ്ടായിരിക്കും. ആ വകുപ്പിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ചെലവുകള്‍ സകാതില്‍നിന്ന് എടുക്കാവുന്നതാണ്. എന്നാല്‍ ഇതര സര്‍ക്കാര്‍ വകുപ്പുകളിലേക്കൊന്നും സകാത് ധനം മാറ്റാന്‍ പാടില്ല.
നമസ്‌കാരം പോലെ വ്യക്തിഗതമായ ബാധ്യതയാണ് സകാതും. സര്‍ക്കാര്‍ തലത്തില്‍ സകാത് ശേഖരണ വിതരണ ഏജന്‍സി ഏര്‍പ്പെടുത്താത്ത സ്ഥലങ്ങളില്‍ സംഘടിതമായി സകാത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വയം സംവിധാനമുണ്ടാക്കാന്‍ മുസ്ലിം സമുദായം ബാധ്യസ്ഥമാകുന്നു. സമുദായം അങ്ങനെയൊരു പൊതു സംവിധാനമുണ്ടാക്കിയില്ലെങ്കിലും വ്യക്തികള്‍ സകാതു ബാധ്യതയില്‍നിന്നു മുക്തരാകുന്നില്ല. ഓരോ വിശ്വാസിയും അവനവന്റെ സകാതുവിഹിതം അതിന്റെ അവകാശികളെ തേടിപ്പിടിച്ച് നല്കാന്‍ ബാധ്യസ്ഥനാകുന്നു.
കര്‍മ പ്രമാണങ്ങളില്‍ രണ്ടാമത്തേതായ നമസ്‌കാരത്തിന്റെ പൂരകമാണ് മൂന്നാം പ്രമാണമായ സകാത്. അതുകൊണ്ടുതന്നെയാവണം ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ‘അഖീമുസ്സ്വലാ'(നമസ്‌കാരം നിലനിര്‍ത്തുവിന്‍) എന്ന കല്പനയോടൊപ്പം തന്നെ ‘വ ആതുസ്സകാത്'(സകാത് നല്കുകയും ചെയ്യുവിന്‍) എന്നു കൂടി കല്പിച്ചിട്ടുള്ളത്. ദൈവഭക്തിയോട് മാനുഷികൈക്യത്തെയും അച്ചടക്കത്തെയും കൂട്ടിയിണക്കുന്ന ആരാധനാ രൂപമാണ് നമസ്‌കാരമെങ്കില്‍ ഭക്തിയോട് പരാര്‍ഥ താല്‍പര്യത്തെയും ത്യാഗശീലത്തെയും കൂട്ടിയിണക്കുന്ന ഒരാരാധനയാണ് സകാത്. നമസ്‌കാരത്തിലൂടെ തന്റെ ജീവിതവും മരണവുമെല്ലാം അല്ലാഹുവിനുള്ളതാണെന്ന് പ്രതിജ്ഞ ചെയ്യുന്ന ദൈവദാസന്‍ സകാതിലൂടെ തന്റെ സമ്പത്ത് അവന്റെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. സകാത് നല്കുന്ന ഭക്തന്‍ ദൈവത്തിന്റെ പ്രീതിക്കുവേണ്ടി സ്വന്തം സമ്പത്ത് ത്യജിക്കുന്നു. സമ്പത്ത് സമ്പന്നരില്‍ മാത്രം കറങ്ങാതെ സമൂഹത്തിലൊട്ടാകെ വിതരണം ചെയ്യപ്പെടുക എന്ന ഇസ്ലാമികാശയം (ഖു. 59:7) സാക്ഷാത്കരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവുമാണത്. സകാത്, ഉള്ളവരുടെ സമ്പത്തില്‍ ഇല്ലാത്തവര്‍ക്ക് അനിഷേധ്യമായ അവകാശം നല്കുന്നു. അതുവഴി, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ബന്ധം അസൂയയുടെയും വിദ്വേഷത്തിന്റേതുമാകുന്നതിനു പകരം സ്‌നേഹത്തിന്റേതും ഗുണകാംക്ഷയുടേതുമായിത്തീരുന്നു. ഒരേ സമയം ഉള്ളവരെയും ഇല്ലാത്തവരെയും ഭൗതികമായി വളര്‍ത്തുകയും മാനസികമായി സംസ്‌കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ആരാധന വളര്‍ച്ച, സംസ്‌കരണം എന്നീ അര്‍ഥങ്ങളുള്ള സകാത് എന്നു നാമകരണം ചെയ്യപ്പെട്ടത്.

About the author

admin

Leave a Comment