ഹിജ്റഃ വര്‍ഷത്തിലെ റമദാന് മാസം പകല്‍ സമയം മുഴുവന്‍ അന്നപാനീയങ്ങളും മൈഥുനാദികളും വര്‍ജിച്ച് ദൈവവിചാരത്തോടെ ഉപവസിക്കുകയാണ് ഇസ്ലാം നിര്‍ബന്ധമാക്കിയിട്ടുള്ള വ്രതാനുഷ്ഠാനം. മാനുഷിക സംസ്കാരത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ ഉപവാസം പൂര്‍വ പ്രവാചകന്മാരുടെ സമൂഹങ്ങള്‍ക്കും നിര്‍ദേശിച്ചിരുന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട് (2: 183). മനുഷ്യന് അവന്റെ ജഡികേഛകളെയും ജന്തുസഹജമായ വാസനകളെയും മറികടക്കുമ്പോഴാണ് സംസ്കാരത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ആഗ്രഹങ്ങളും വികാരങ്ങളും അതേപടി നിറവേറ്റിക്കൊണ്ടിരിക്കുക ജൈന്തവ സ്വഭാവമാണ്. ധാര്‍മിക ബോധത്തിന്റെ പേരില്‍ അല്ലെങ്കില്‍ കൂടുതല്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചില ആഗ്രഹങ്ങളും അഭിലാഷങ്ങളുംപൂര്ത്തീകരിക്കാന് സൗകര്യമുണ്ടായിട്ടും വര്‍ജിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമ്പോഴാണ് മനുഷ്യന് ഇതര ജീവികളില്‍നിന്നു വ്യതിരിക്തനാകുന്നത്. ഈ വ്യതിരിക്തത എത്രത്തോളം വിപുലവും പ്രത്യക്ഷവുമാകുന്നുവോ അത്രത്തോളം അവന്റെ സംസ്കാരം ഉദാത്തമാകുന്നു. ജഡികേഛകളെ കീഴടക്കാനുള്ള പരിശീലനമാണ് വ്രതാനുഷ്ഠാനം. ദൈവ ഭക്തിയുടെ അനിവാര്യ താല്പര്യമായ ആത്മ നിയന്ത്രണവും സഹനശീലവും അതുവഴി വിശ്വാസി സ്വായത്തമാക്കുന്നു.
വര്‍ഷത്തിലെ 11 മാസക്കാലത്തെ ലൗകിക ജീവിതം വിശ്വാസിയുടെ ആത്മാവിലേല്പിച്ചിട്ടുള്ള മാലിന്യങ്ങള്‍ കഴുകിക്കളയാനുള്ള കാലമാണ് റമദാന് മാസം. ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി അവന് തന്റെ പ്രാഥമിക ജീവിതാവശ്യമായ ഭക്ഷണവും വെള്ളവും വര്‍ജിക്കുന്നു. അതുവരെ ചെയ്തുപോയ കര്‍മങ്ങളെക്കുറിച്ച് ആത്മ വിചാരണ നടത്തുന്നു. പാപങ്ങളില്‍ പശ്ചാത്തപിക്കുന്നു. പുണ്യങ്ങളില്‍ ഉത്സാഹിക്കുന്നു. മുസ്ലിംകള് കൂടുതല്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നതും നമസ്കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ പുണ്യങ്ങളിലേര്പ്പെടുന്നതും റമദാന് മാസത്തിലാണ്. റമദാനില്‍ അവര്‍ നിശാനമസ്കാരത്തില് കൂടുതല്‍ തല്പരരാകുന്നു. പള്ളികളില്‍ നിശാനമസ്കാരം തറാവീഹ് എന്ന പേരില്‍ സംഘടിതമായി നടത്തപ്പെടുന്നു. റമദാനില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് മറ്റു നാളുകളില്‍ ചെയ്യുന്നവയെക്കാള്‍ എത്രയോ ഇരട്ടി പുണ്യവും പ്രതിഫലവുമുള്ളതായി പ്രവാചകന് പ്രസ്താവിച്ചിട്ടുണ്ട്.
ദൈവഭക്തിയും ആത്മശുദ്ധിയുമാണ് വ്രതത്തിന്റെ കാതല്‍. അതിന്റെ അഭാവത്തില്‍ വ്രതാനുഷ്ഠാനം നിര്ജീവവും നിഷ്ഫലവുമായിരിക്കുമെന്ന് പ്രവാചകന് താക്കീതു ചയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “അസത്യഭാഷണവും ദുര്‍വൃത്തിയും ഉപേക്ഷിക്കാത്തവന് അന്നവും വെള്ളവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്പര്യവുമില്ല.”
കിഴക്കു വെള്ള കീറുന്നതു മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതാനുഷ്ഠാനത്തിന്റെ സമയം. രാത്രികാലത്ത് ഭക്ഷണം കഴിക്കാം. സ്ത്രീ സംസര്ഗവുമാകാം. രാത്രി വ്രതം പാടില്ല. അസ്തമിച്ചാലുടനെ വ്രതം ഭഞ്ജിച്ചുകൊള്ളണം. ഈത്തപ്പഴംകൊണ്ടോ വെള്ളംകൊണ്ടോ ആണ് വ്രതം അവസാനിപ്പിക്കേണ്ടത്.
റമദാനിലെ നിര്‍ബന്ധ നോമ്പിനു പുറമ ചില ഐഛിക വ്രതങ്ങളുമുണ്ട്. ദുല്‍ഹിജ്ജഃ ഒമ്പതാം നാളിലും മുഹര്‍റം 9,10 തിയ്യതികളിലും പിന്നെ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലുമെല്ലാം വ്രതമനുഷ്ഠിക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.