Charithram

ഇസ്‌ലാമിക ചരിത്രം ഉര്‍ദുവില്‍

urdu.jpg
Written by admin

ഉര്‍ദു ഭാഷയില്‍ ഇസ്‌ലാമിക ചരിത്രശാഖ സാമാന്യം വികാസം നേടിയിട്ടുണ്ട്. അല്ലാമഃ ശിബ്‌ലി നുഅ്മാനിയും സയ്യിദ് സുലൈമാന്‍ നദ്‌വിയും ചേര്‍ന്നെഴുതിയ സീറതുന്നബി പ്രവാചക ചരിത്രത്തെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും ആധികാരികവും പ്രാമാണികവുമായ രചനകളിലൊന്നാണ്. ഷാ മുഈനുദ്ദീന്‍ അഹ്മദ് നദ്‌വിയുടെ താരീഖെ ഇസ്‌ലാം, അക്ബര്‍ ഷാ നജീബാബാദിയുടെ താരീഖെ ഇസ്‌ലാം (മൂന്ന് വാല്യം), ഥര്‍വത് സ്വൗലതിന്റെ മില്ലതെ ഇസ്‌ലാമിയ്യഃ കീ മുഖ്തസ്വര്‍ താരീഖ് (നാല് വാല്യം) തുടങ്ങിയ കൃതികള്‍ ഇസ്‌ലാമിക ചരിത്രത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന രചനകളാണ്. അഅ്‌ളംഗഢിലെ ദാറുല്‍ മുസ്വന്നിഫീന്‍ പ്രസിദ്ധീകരിച്ച സിയറുസ്സ്വഹാബഃ (എട്ടു വാല്യം) ഖിലാഫതുര്‍റാശിദഃയെയും സ്വഹാബിമാരെയും കുറിച്ചുള്ള മികച്ച പഠനമാണ്. മൗലവി മുഹമ്മദ് ദകാഉല്ലാ ദഹ്‌ലവിയുടെ താരീഖെ ഹിന്ദുസ്താന്‍ (ഒമ്പത് വാല്യം, 1916-1919) ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്തെക്കുറിച്ച ആധികാരിക പഠനമാണ്. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്തെക്കുറിച്ച് സവിശേഷ പഠനം നടത്തിയ സ്വബാഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്റെ ഒട്ടേറെ കൃതികള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയും ഇസ്‌ലാമിക ചരിത്ര രചനാ രംഗത്തര്‍പ്പിച്ച സേവനങ്ങളും വളരെ വിലപ്പെട്ടതാണ്. മൗലാനാ മൗദൂദിയുടെ പല കൃതികളും ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച ഉള്‍ക്കനമുള്ള വിശകലനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സീറതെ സര്‍വറെ ആലം, ഖിലാഫത് വ മുലൂകിയ്യത്, തജ്ദീദ് വ ഇഹ്‌യായെ ദീന്‍, സലാജിഖഃ തുടങ്ങിയ കൃതികള്‍ ഉദാഹരണം. ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച ഗ്രന്ഥകാരന്റെ ആദര്‍ശാധിഷ്ഠിതമായ കാഴ്ചപ്പാടും സമീപനവും മനസ്സിലാക്കാന്‍ ഏറെ പര്യാപ്തമാണവ. ടിപ്പുസുല്‍ത്വാനെ കുറിച്ചെഴുതിയ ഒരു ലേഖനത്തിലും മൗലാനാ മൗദൂദി തന്റെ ചരിത്ര സമീപനം വ്യക്തമാക്കിയിട്ടുണ്ട്. സീറതെ സര്‍വറെ ആലം {പവാചക ചരിത്രവും ഖിലാഫത് വ മുലൂകിയ്യത് ഇസ്‌ലാമിക ഖിലാഫത് രാജവാഴ്ചയിലേക്ക് വഴിമാറാനിടയായ സാഹചര്യങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച വസ്തുനിഷ്ഠമായ നിരൂപണ പഠനവുമാണ്. ഇസ്‌ലാമിലെ നവോത്ഥാന സംരംഭങ്ങളെക്കുറിച്ച അന്വേഷണമാണ് തജ്ദീദ് വ ഇഹ്‌യായെ ദീന്‍. സലാജിഖഃ എന്ന കൃതിയില്‍ സല്‍ജൂഖികളുടെ ഉദയം മുതല്‍ മലിക് ഷാ വരെയുള്ള ചരിത്രം പ്രതിപാദിക്കുന്നു. ചരിത്രകാരന്‍ എന്നതിലുപരി ഒരു ചരിത്രനിരൂപകന്‍ എന്ന മൗദൂദിയുടെ മൗലിക വ്യക്തിത്വം ഈ കൃതികളിലെല്ലാം തെളിഞ്ഞുനില്ക്കുന്നുവെന്നതാണ് അവയുടെ പ്രധാന സവിശേഷത. സയ്യിദ് അബുല്‍ഹസന്‍ നദ്‌വിയുടെ മാദാ ഖസിറല്‍ ആലമു ബി ഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍, അസ്സീറതുന്നബവിയ്യഃ, താരീഖെ ദഅ്‌വത് വ അസീമത്, അല്‍മുസ്‌ലിമൂന ഫില്‍ഹിന്ദ്, അലി മുര്‍തദാ തുടങ്ങിയവയും ഇസ്‌ലാമിക ചരിത്ര പ്രധാനമായ ഗ്രന്ഥങ്ങളാണ്. വൈചാരികമെന്നതിനെക്കാള്‍ വൈകാരികമാണ് നദ്‌വികൃതികള്‍. അദ്ദേഹത്തിന്റെ കൃതികളുടെ മുഖ്യ ആകര്‍ഷകത്വവും അതുതന്നെയാണ്. മൗലാനാ മസ്ഊദ് ആലം നദ്‌വിയുടെ അറബിയിലുള്ള താരീഖുദ്ദഅ്‌വതില്‍ ഇസ്‌ലാമിയ്യഃ ഫില്‍ഹിന്ദ് ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ ഇസ്‌ലാമികമായ വീക്ഷണ കോണില്‍ സമീപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു മാതൃകയാണ്. ഗ്രന്ഥകാരന്റെ നിശിതമായ നിരീക്ഷണപാടവവും അതില്‍ തെളിഞ്ഞു കാണാം. സയ്യിദ് അഹ്മദ് ശഹീദിന്റെ മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ഹിന്ദുസ്താന്‍ കീ പഹ്‌ലീ ഇസ്‌ലാമി തഹ്‌രീക് എന്ന കൃതിയും ചെറുതെങ്കിലും വസ്തുനിഷ്ഠമായ നിരൂപണ പാടവംകൊണ്ട് വേറിട്ടുനില്ക്കുന്നു.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

About the author

admin

Leave a Comment