Charithram

ആധുനിക ഇസ്‌ലാമിക ചരിത്രരചന

Written by admin

മുസ്‌ലിം ലോകത്തെ, വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെയും ദക്ഷിണേഷ്യയിലെയും ആധുനിക മുസ്‌ലിം ചരിത്രകാരന്മാര്‍ കരുത്തുറ്റതും പുരോഗമനാത്മകവുമായ ഒരു ചരിത്ര രചനാ പാരമ്പര്യത്തിന്റെ പൈതൃകം പേറുന്നവരാണ്. പല നിലക്കും അവര്‍ ആ പൈതൃകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. എല്ലാ മുസ്‌ലിം നാടുകളിലെയും ഭാഷകളിലെയും ഏറ്റവും പുരാതനവും വികസിതവുമായ സാഹിത്യശാഖകളില്‍ ഒന്നാണ് ചരിത്ര രചന. എട്ടും പതിനൊന്നും നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഈ സാഹിത്യ രൂപത്തിന്റെ ഘടനയും വിഷയവും വിവരണ സ്വഭാവവുമൊക്കെ രൂപംകൊണ്ടത്. വേണ്ടത്ര അയവോടും വികാസത്തോടും കൂടി, എന്നാല്‍ മൗലികമായി വലിയ മാറ്റമൊന്നും കൂടാതെ, 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ അത് നിലനില്ക്കുകയും ചെയ്തു. സമ്പന്നവും വൈവിധ്യപൂര്‍ണവുമായിരുന്നുവെങ്കിലും പരമ്പരാഗത ചരിത്ര രചനാ രീതിയുടെ രൂപങ്ങളും കാഴ്ചപ്പാടുകളും അപര്യാപ്തമാണെന്ന് 1840-കളോടെ ബോധ്യപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക ലോകത്ത് ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും യൂറോപ്പ് ഉയര്‍ത്തിയ മൗലികമായ വെല്ലുവിളികളാണ് ഈയൊരു ബോധം ഉളവാക്കിയത്.
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചെറിയൊരു വിഭാഗം ചരിത്രകാരന്മാര്‍ യൂറോപ്യന്‍ ഗവേഷണ രീതിയെയും സമീപനങ്ങളെയും മാതൃകയാക്കി ചരിത്ര രചന തുടങ്ങിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങളില്‍ മുസ്‌ലിം ലോകത്ത് യൂറോപ്യന്‍ മാതൃകയിലുള്ള സര്‍വകലാശാലകള്‍ സ്ഥാപിതമായി. അതിന്റെ സ്വാഭാവിക പരിണതിയായി ചരിത്ര രചനയുടെ പ്രൊഫഷനലൈസേഷനും വര്‍ധിച്ചു. അത് ഇന്നും തുടരുകയാണ്. അക്കാരണത്താല്‍ യൂറോപ്പിലും അമേരിക്കയിലുമെന്നപോലെ മുസ്‌ലിം ലോകത്തും ഇന്ന് ചരിത്ര രചന മുഖ്യമായും ഒരു അക്കാദമിക സംരംഭമായി മാറിയിരിക്കുന്നു.
വിശാലമായ ഇസ്‌ലാമിക ലോകത്തിലെ ചരിത്ര രചനാ സംരംഭങ്ങളെ പൂര്‍ണമായി അവലോകനം ചെയ്യാന്‍ ഇവിടെ സാധ്യമല്ല. അതിനാല്‍ അറബ് രാജ്യങ്ങള്‍, തുര്‍കി, ഇറാന്‍ എന്നീ രാജ്യങ്ങളെ മാതൃകയായി എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെയും പാകിസ്താനിലെയും ഉത്തരാഫ്രിക്കയിലെയും ഇസ്‌ലാമിക ചരിത്ര രചന ഈ രാജ്യങ്ങളിലെ ചരിത്ര രചനയുമായി ബന്ധപ്പെട്ടുകൊണ്ട് വികാസം പ്രാപിച്ചതാണെന്നതിനാല്‍ ഇങ്ങനെ ചെയ്യുന്നതില്‍ അപാകതയോ അസാംഗത്യമോ ഇല്ല.

(i) പത്തൊമ്പതാം നൂറ്റാണ്ട്
രാഷ്ട്രീയ സമ്പദ് മേഖലകളിലാണ് യൂറോപ്പിന്റെ വെല്ലുവിളി വളരെ വേഗം അനുഭവപ്പെട്ടത്. ചരിത്ര വീക്ഷണത്തില്‍ സാരമായ മാറ്റമൊന്നും തുടക്കത്തില്‍ അത് വരുത്തിയിരുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വളരെച്ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ യൂറോപ്പ് ഉയര്‍ത്തിയ സാംസ്‌കാരിക വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരായിരുന്നുള്ളൂ. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ആ ബോധം ഏറക്കുറേ എല്ലാവരിലും വ്യാപിച്ചുകഴിഞ്ഞിരുന്നു.
19-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഒന്നാം ലോകയുദ്ധം വരെയുള്ള കാലയളവില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരുന്ന ബൗദ്ധികമായ നിലപാടു മാറ്റങ്ങള്‍ ചരിത്ര രചനയെ സ്വാധീനിക്കുകതന്നെയുണ്ടായി. എങ്കിലും ഇക്കാലത്തെ ചരിത്ര കൃതികള്‍ രിഫാഅഃ റാഫിഈ അത്ത്വഹ്ത്വാവി (1801-1873), നാമിക് കമാല്‍ (1840-1888), ജമാലുദ്ദീനില്‍ അഫ്ഗാനി (1839-97), മുഹമ്മദ് അബ്ദു (1849-1905) തുടങ്ങിയവരുടെ രാഷ്ട്രീയ, സാംസ്‌കാരിക പ്രബന്ധങ്ങളോട് കിടപിടിക്കുന്നതായിരുന്നില്ല. ചരിത്രരചന ഒരു തൊഴിലായി സ്വീകരിക്കാത്തവരാണ് അവ കൈകാര്യം ചെയ്തത് എന്നതും അക്കാലത്തെ പ്രമുഖ ബുദ്ധിജീവികളാരും അതിന് മുന്‍കൈയെടുത്തില്ല എന്നതുമാവാം നിലവാരക്കുറവിനു കാരണം. പുതിയ മാറ്റങ്ങള്‍ ആദ്യം പ്രകടമായത് കൈറോയിലും ഇസ്തംബൂളിലുമായിരുന്നു. കാരണം, ഈ രണ്ടു പട്ടണങ്ങളായിരുന്നു പാശ്ചാത്യ സമ്മര്‍ദത്തിനു ഏറ്റവുമധികം വിധേയമായിരുന്നത്. മാത്രമല്ല, അവിടത്തെ ഭരണകൂടങ്ങള്‍ ഏറ്റവുമധികം പരിഷ്‌കരണ ത്വര ഉള്ളവയുമായിരുന്നു.
പുതിയ ചരിത്ര രചനാ രീതിയുടെ പ്രഥമവും പ്രധാനവുമായ കേന്ദ്രം കൈറോ ആയിരുന്നു. പരമ്പരാഗത രീതിയിലുള്ള ഏറ്റവും ഒടുവിലത്തെ പ്രമുഖ ചരിത്ര ഗ്രന്ഥമായ അബ്ദുര്‍റഹ്മാനില്‍ ജബര്‍തി(1753-1826)യുടെ അജാഇബുല്‍ ആഥാര്‍ കൈറോയിലായിരുന്നു പ്രസിദ്ധീകൃതമായത്. 18-ാം നൂറ്റാണ്ടില്‍ മംലൂക് ഭരണകൂടത്തിന്റെ തകര്‍ച്ചക്കും 1798-1801-ലെ ഫ്രഞ്ച് അധിനിവേശത്തിനും മുഹമ്മദ് അലി(1805-1848)യുടെ വിവാദ വിധേയമായ പരിഷ്‌കരണങ്ങള്‍ക്കുമൊക്കെ സാക്ഷ്യം വഹിച്ച ചരിത്രകാരനായിരുന്നു ജബര്‍തി. എന്നിട്ടും 14-ഉം 15-ഉം നൂറ്റാണ്ടുകളിലെ പ്രമുഖ ചരിത്രകാരന്മാരുടെ മാതൃക കൈവിടാതെ പുരാവൃത്ത/ജീവചരിത്ര ശബ്ദകോശ ചട്ടക്കൂട്ടിലൊതുങ്ങിനിന്ന് രചന നടത്താനാണ് അദ്ദേഹം തൃപ്തിപ്പെട്ടത്.
വിദ്യാര്‍ഥികളെ ഉപരിപഠനാര്‍ഥം ഫ്രാന്‍സിലേക്കയച്ച മുഹമ്മദ് അലിയുടെ നടപടി ഒരുവിഭാഗം ഈജിപ്തുകാര്‍ക്ക് സമകാലിക യൂറോപ്പിന്റെ സംസ്‌കാരവും ചിന്താഗതിയും മനസ്സിലാക്കാന്‍ അവസരമൊരുക്കി. ത്വഹ്ത്വാവിയുടെ നേതൃത്വത്തില്‍ അദ്ദേഹം ആരംഭിച്ച പരിഭാഷാ കേന്ദ്രങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. വൈദ്യശാസ്ത്രം, എഞ്ചിനിയറിംഗ്, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി കൃതികള്‍ അറബിയിലേക്കും തുര്‍കിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇവയില്‍ ചരിത്ര ഗ്രന്ഥങ്ങള്‍ തുലോം കുറവായിരുന്നു. വിവര്‍ത്തനം ചെയ്യപ്പെട്ടവതന്നെ വോള്‍ട്ടയറെയും മോണ്‍ടെസ്‌ക്യുവിനെയും പോലുള്ള നവോത്ഥാന കാലക്കാരുടെതായിരുന്നു. റാങ്കെയുടെ പുതിയ ശാസ്ത്രീയ ചരിത്രമോ മൈക്കലറ്റിന്റെ കാല്പനിക ദേശീയതയെയോ പ്രതിനിധീകരിക്കുന്ന കൃതികളൊന്നും വിവര്‍ത്തനം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എങ്കിലും അവ ഭൂതകാലത്തെ തികച്ചും നൂതനമായ രീതികളിലൂടെ പരിശോധിക്കാനുള്ള വഴി തുറക്കുകയുണ്ടായി.
പുതിയ സാധ്യതകളും സംഘര്‍ഷങ്ങളും പ്രതിഫലിക്കുന്ന ആദ്യത്തെ അറബി ചരിത്ര കൃതി അലി മുബാറകി(1824-1893)ന്റെ അല്‍ഖിത്വത്വുത്തൗഫീഖിയ്യതുല്‍ ജദീദഃയാണ്. 1886-88 കാലഘട്ടത്തില്‍ കൈറോയില്‍ 20 വാല്യങ്ങളായാണ് അത് പ്രസിദ്ധീകൃതമായത്. തഖിയ്യുദ്ദീനില്‍ മഖ്‌രീസി (മ. 1442)യുടെ ക്ലാസിക് രചനയോട് സാദൃശ്യമുള്ള ഈ കൃതി ചരിത്ര-ജീവചരിത്ര വിവരണങ്ങളുടെയും ഭൂമിശാസ്ത്ര വിശദീകരണങ്ങളുടെയും ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളുടെയും മിശ്രണമായിരുന്നു. ആശയപരമായും ഘടനാപരമായും യാഥാസ്ഥിതികമായിരുന്നു ഈ ഗ്രന്ഥം. എങ്കിലും അതിന്റെ ഉള്ളടക്കം പുതിയ സാമൂഹിക, രാഷ്ട്രീയ ക്രമത്തിന്റെ ഒട്ടേറെ വശങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇത്തരം ‘സങ്കര രചന’കള്‍ പിന്നീട ്അധികമൊന്നും ഉണ്ടായില്ല. 1916-36 കാലഘട്ടത്തില്‍ ആറു വാല്യങ്ങളായി പുറത്തിറങ്ങിയ അമീന്‍സാമി(1860-1941)യുടെ തഖ്‌വീമുന്നീല്‍ ശൈലിയിലും ഉള്ളടക്കത്തിലും അല്‍ഖിത്വത്വുത്തൗഫീഖിയ്യഃയോട് കുറേയൊക്കെ അടുപ്പം പുലര്‍ത്തിയ കൃതിയാണ്.
ഉറാബി കാലഘട്ടത്തിലെ രാഷ്ട്രീയ-ആദര്‍ശ പ്രതിസന്ധി ഒരു വഴിത്തിരിവായിരുന്നു. ക്രോമര്‍ പ്രഭുവിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം രാഷ്ട്രീയ ജീവിതം സ്വാതന്ത്ര്യരഹിതവും ദുഷ്‌കരവുമായതിനാല്‍ കുറേ കാലത്തേക്ക് അതിന്റെ നേരിയ ഫലങ്ങള്‍ മാത്രമേ അനുഭവപ്പെട്ടുള്ളൂ. സാലിം നഖ്ഖാശിന്റെ ഉറാബി ലഹളയെക്കുറിച്ചു പ്രതിപാദിക്കുന്ന മിസ്വ്ര്‍ ലില്‍മിസ്വ്‌രിയ്യീന്‍ എന്ന കൃതി മാത്രമായിരുന്നു ഏക അപവാദം. 1884-ല്‍ അലക്‌സാണ്ട്രിയയില്‍ ആറ് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മുഖ്യമായും സര്‍ക്കാര്‍ രേഖകളെയും വിചാരണാ നടപടികളെയും അവലംബിച്ചുള്ളതായിരുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ചെറിയ മാറ്റങ്ങളുള്ള സാമ്പ്രദായിക രീതിയില്‍നിന്ന് സമകാലിക യൂറോപ്യന്‍ രീതികളിലേക്ക് ചരിത്ര രചന മാറിയത്. പുതിയ ചരിത്രകാരന്മാരില്‍ ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചത് സിറിയന്‍ കുടിയേറ്റക്കാരനായ ജുര്‍ജീ സൈദാന്‍(1861-1914) ആണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചരിത്ര കൃതി താരീഖുത്തമദ്ദുനില്‍ ഇസ്‌ലാമിയാണ്. 1902-1906-ല്‍ അഞ്ച് വാല്യങ്ങളിലായി കൈറോയില്‍നിന്ന് അത് പ്രസിദ്ധീകൃതമായി. യൂറോപ്യന്‍ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരെ അനുകരിച്ചുള്ള ഈ രചനയെ സ്വതന്ത്രപഠനം എന്ന് വിലയിരുത്താനാവില്ല. Umayyasd and Abbasids എന്ന പേരില്‍ ഓറിയന്റലിസ്റ്റ് പണ്ഡിതനായ ഡേവിഡ് മാര്‍ഗോലിയോത്ത് (David Margoliouth) 1907-ല്‍ ലണ്ടനില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുകയുണ്ടായി. മധ്യകാല ഇസ്‌ലാമിക ചരിത്രത്തെ ‘ആധുനിക’രീതിയില്‍ സമീപിക്കുന്ന ആദ്യത്തെ അറബി ഗ്രന്ഥമാണ് സൈദാന്റേത്. വളരെയേറെ വായിക്കപ്പെട്ട ഈ കൃതി പക്ഷേ, അധികമൊന്നും അനുകരിക്കപ്പെട്ടില്ല. പാശ്ചാത്യവല്‍ക്കരണത്തോട് ആഭിമുഖ്യമുള്ള ക്രൈസ്തവനായതുകൊണ്ട് ആധുനിക മുസ്‌ലിംകളെസ്സംബന്ധിച്ചേടത്തോളം പ്രസക്തമായ രൂപത്തില്‍ തന്റെ വിഷയം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നതാവാം കാരണം. ദേശീയവാദികളായ ഈജിപ്ഷ്യന്‍ എഴുത്തുകാരുടെ നിലപാടുകളും ചിന്താഗതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ല താനും. 1910-ല്‍ ഈജിപ്ഷ്യന്‍ യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക ചരിത്ര വിഭാഗത്തിലേക്ക് ജുര്‍ജീ സൈദാന്റെ പേര്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ വൃത്തങ്ങളിലുയര്‍ന്ന പ്രതിഷേധം മൂലം അത് പിന്‍വലിക്കുകയായിരുന്നു.
ചരിത്ര രചനാരംഗത്ത് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള വികസനത്തിനാണ് ഇസ്തംബൂള്‍ സാക്ഷ്യംവഹിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നു പോന്ന കൊട്ടാരം കൂലിയെഴുത്തുകാരുടെ പിന്‍മുറക്കാരായിരുന്നു അവിടത്തെ ചരിത്രകാരന്മാര്‍. ഏറ്റവും ഒടുവിലത്തെ ഉഥ്മാനീ കൊട്ടാരം ചരിത്രകാരന്മാരായ അഹ്മദ് ജൗദത് പാഷ (1822-1895), അഹ്മദ് ലുത്വ്ഫീ അഫന്‍ദി (1816-1907) എന്നിവരുടെ ചരിത്ര കൃതികളില്‍ പോലും കടുത്ത പഴഞ്ചന്‍ പ്രവണത കാണാം. തങ്ങള്‍ക്കു ചുറ്റും സമൃദ്ധമായ പരിവര്‍ത്തനം  നടക്കുന്നതായി ഇരു ചരിത്രകാരന്മാരും തിരിച്ചറിഞ്ഞിരുന്നു. ലുത്വ്ഫി അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ ജൗദത് പാഷ കുറച്ചുകൂടി യാഥാര്‍ഥ്യാധിഷ്ഠിതമായ നിലപാടാണ് സ്വീകരിക്കുന്നത്. തന്‍സീമാത് (Tanzimat) കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ലുത്വ്ഫി ഔദ്യോഗിക ഗസറ്റുകളാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ആ നിര്‍ണായക ഘട്ടത്തെക്കുറിച്ച ഇടുങ്ങിയതും കൃത്രിമവുമായ വിവരങ്ങള്‍ നല്കാനേ അദ്ദേഹത്തിന്റെ താരീഖി ലുത്വ്ഫി (എട്ടു വാല്യം, ഇസ്തംബൂള്‍, 1873-1910)ക്ക് കഴിഞ്ഞുള്ളൂ. മന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്ന പാഷ തകര്‍ച്ച നേരിടുന്ന ഭരണകൂടത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു. അദ്ദേഹത്തിന്റെ രചനയിലും അതിന്റെ സ്വാധീനം കാണാം. 1774-നും 1826-നുമിടക്കുള്ള നിര്‍ണായകമായ അര്‍ധ ശതകത്തെക്കുറിച്ച് 12 വാല്യങ്ങളിലായി 30 വര്‍ഷംകൊണ്ട് അദ്ദേഹം എഴുതിയ Tarihi Vekayii devletialiye പരമ്പരാഗത ശൈലിയിലുള്ളതാണെങ്കിലും അനേകം ഉഥ്മാനീ, യൂറോപ്യന്‍ രേഖകള്‍ അതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉഥ്മാനീ ബുദ്ധിജീവിയായിരുന്ന നാമിക് കമാലിന്റെ ചരിത്ര കൃതികള്‍ ലുത്വ്ഫിയുടെയും പാഷയുടെയും ഗ്രന്ഥങ്ങളെക്കാള്‍ പുരോഗമന സ്വഭാവം പുലര്‍ത്തുന്നവയാണ്. 1908-ല്‍ ‘യുവതുര്‍കികള്‍’ അധികാരം പിടിക്കുകയും തുടര്‍ന്ന് കമാലിസ്റ്റ് വിപ്ലവം നടക്കുകയും ചെയ്തതോടെ ചരിത്ര രചനാ രീതിയിലും മാറ്റങ്ങളുണ്ടായി. സമകാലിക യൂറോപ്യന്‍ സാമൂഹിക ശാസ്ത്രവും ചരിത്രവും, ചിന്തകനും രാഷ്ട്രീയക്കാരനുമായ Ziya Gokalp ( 1875-1924) തുര്‍കീ ധൈഷണിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതോടെ അതിന്ന് വമ്പിച്ച സ്വീകാര്യതയുണ്ടായി.  ഒന്നാം ലോക യുദ്ധത്തിനുശേഷം അതാതുര്‍കിന്റെ പുതിയ തലമുറ ആധുനിക തുര്‍കിയുടെ ചരിത്രമെഴുതാനും തുടങ്ങി.
കൈറോയിലും ഇസ്തംബൂളിലും ബൗദ്ധിക മണ്ഡലത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍ 19-ാം നൂറ്റാണ്ടിലെ ഇറാനില്‍ കാണാന്‍ കഴിഞ്ഞില്ല. രാജ്യത്തിന്റെ ഒറ്റപ്പെട്ട അവസ്ഥയും ദാരിദ്ര്യവും ഖാജാര്‍ കൊട്ടാരവും, പരമ്പരാഗത രീതിയില്‍ തന്നെ ചരിത്ര രചന തുടരാന്‍ ചരിത്ര പണ്ഡിതരെ നിര്‍ബന്ധിച്ചു. 1905-11-ലെ ഭരണഘടനാ വിപ്ലവം പരിവര്‍ത്തന പ്രക്രിയയിലെ ഒരു നാഴികക്കല്ലായിരുന്നു. എങ്കിലും പില്ക്കാലത്തെ പേര്‍ഷ്യന്‍ ബൗദ്ധിക വിസ്‌ഫോടനം മുഴുവന്‍ ആ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നുവെന്ന് വിലയിരുത്തുന്നത് ശരിയല്ല.

(ii) യുദ്ധകാലം (1919-1945)
മധ്യപൗരസ്ത്യ ദേശത്ത് എല്ലാ രംഗത്തും സാരമായ മാറ്റങ്ങള്‍ വരുത്തിയ സംഭവമായിരുന്നു ഒന്നാം ലോകയുദ്ധം. ചരിത്ര രചനാ രംഗത്തും പുതിയൊരു കാലഘട്ടത്തിന് അത് തുടക്കം കുറിച്ചു. വികാസം, പ്രൊഫഷനലൈസേഷന്‍, സര്‍വകലാശാലാ കേന്ദ്രീകരണം, യൂറോപ്യന്‍ രീതിയോട് സാദൃശ്യം, നിര്‍ണിത ഇതിവൃത്തം എന്നിവയായിരുന്നു പുതിയ ചരിത്രരചനാ രീതിയുടെ സവിശേഷതകള്‍. കൈറോ, ഇസ്തംബൂള്‍, തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റികള്‍ പുതിയ ചരിത്രരചനാ രീതിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചു. നിരവധി ചരിത്ര പണ്ഡിതന്മാര്‍ യൂറോപ്പില്‍നിന്ന് -വിശിഷ്യാ പാരീസില്‍നിന്ന്- ഡോക്ടറേറ്റ് നേടി എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. യൂറോപ്യരെ ഉദ്ദേശിച്ച് ഫ്രഞ്ചിലും ഇംഗ്ലീഷിലും നാട്ടുകാരെ ഉദ്ദേശിച്ച് അറബിയിലും പേര്‍ഷ്യനിലും തുര്‍കിയിലും എഴുതുക എന്ന പുതിയ രീതിക്കും ഈ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ തുടക്കമിട്ടു.
ഈ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ പരമ്പരാഗത ചരിത്ര രചനാരീതി പൂര്‍ണമായും അപ്രത്യക്ഷമായി എന്നു പറഞ്ഞുകൂടാ. ഇക്കാലത്തെ പ്രമുഖ ചരിത്ര ഗ്രന്ഥങ്ങളില്‍ ചിലത് പരമ്പരാഗത രീതിയിലുള്ളതു തന്നെയായിരുന്നു. ഇബ്‌നുല്‍അമീന്‍ മഹ്മൂദ് കമാല്‍ ഐനലി(1870-1957)ന്റെ Osmanli devrinde Son Sadrazamlar ഉം ദമസ്‌കസിലെ അറബി ഭാഷാ അക്കാദമിയുടെ സ്ഥാപകനായ അഹ്മദ് കുര്‍ദ് അലി(1876-1953)യുടെ ഖിത്വത്വുശ്ശാമും ഉദാഹരണം. പാശ്ചാത്യ ഓറിയന്റലിസത്തിന്റെ നിരൂപണ രീതികളെക്കുറിച്ച് നല്ല പിടിപാടുണ്ടായിട്ടും ഭൂപ്രദേശങ്ങളുടെ വിവരണത്തിനിടയില്‍ ചരിത്രം പ്രതിപാദിക്കുക എന്ന പഴയ സമ്പ്രദായമാണ് കുര്‍ദ് അലി സ്വീകരിച്ചത്. ഇബ്‌നുഅസാകിറി(മ. 1176)ന്റെ കാലം മുതലാരംഭിച്ച ഈ സിറിയന്‍ രീതി 18-ാം നൂറ്റാണ്ടുവരെ വ്യാപകമായി നിലവിലുണ്ടായിരുന്നു. ഈ രീതിയില്‍ രചിക്കപ്പെട്ട പ്രമുഖ കൃതികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഖിത്വത്വുശ്ശാം.
ആധുനിക രീതിയില്‍ രചിക്കപ്പെട്ട ചരിത്ര കൃതികള്‍ അവ പുറത്തിറങ്ങിയ നാടുകളിലെ രാഷ്ട്രീയ-സാംസ്‌കാരിക വാഗ്വാദങ്ങളുടെ മര്‍മം നേര്‍ക്കുനേരെ വിവരിക്കുന്നതായിരുന്നു. സമകാലിക സംഭവങ്ങള്‍ മാത്രമല്ല, വിദൂര ഭൂതകാലത്തെ ചരിത്ര സംഭവങ്ങളും ഇതേ രീതിയില്‍ തന്നെയാണ് വിവരിക്കപ്പെട്ടത്. ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിനും 19-ാം നൂറ്റാണ്ടിന്റെ ചരിത്രത്തിനും ഈജിപ്തില്‍ ഒരുപോലെ പ്രാമുഖ്യം നല്കപ്പെട്ടു. 19-ാം നൂറ്റാണ്ടു സംബന്ധമായ ശ്രദ്ധേയ ചരിത്ര കൃതികള്‍ അബ്ദുര്‍റഹ്മാന്‍ റാഫിഈ(1889-1966)യുടെയും മുഹമ്മദ് സ്വബ്‌രി(1894-1978)യുടെയും മുഹമ്മദ് ശഫീഖ് ഗിര്‍ബാലി(1894-1961)ന്റേതുമാണ്. മുസ്വ്ത്വഫാ കാമില്‍ രൂപവല്‍ക്കരിച്ച നാഷനല്‍ പാര്‍ട്ടിയുടെ ശക്തനായ വക്താവായിരുന്ന റാഫിഈ അറബിയില്‍ മാത്രമാണ് എഴുതിയത്. പ്രൊഫഷനല്‍ അക്കാദമിക്കുകളായിരുന്ന സ്വബ്‌രിയും ഗിര്‍ബാലും സോര്‍ബോണില്‍നിന്ന് ഡോക്ടറേറ്റ് നേടിയവരായിരുന്നു. കൈറോ യൂനിവേഴ്‌സിറ്റിയില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ഇരുവരുടെയും മുഖ്യ രചനകള്‍ ഫ്രഞ്ചിലും ഇംഗ്ലീഷിലുമാണ്.
ഡോ. ത്വാഹാ ഹുസൈന്റെ ഫിശ്ശിഅ്‌രില്‍ ജാഹിലീ (കൈറോ 1926), മുഹമ്മദ് ഹുസൈന്‍ ഹൈകലിന്റെ ഹയാതു മുഹമ്മദ് (കൈറോ, 1934), അഹ്മദ് അമീന്റെ ഫജ്‌റുല്‍ ഇസ്‌ലാം, ദുഹല്‍ ഇസ്‌ലാം, ളുഹ്‌റുല്‍ ഇസ്‌ലാം (കൈറോ 1928-1953) എന്നിവയാണ് ആദ്യകാല ഇസ്‌ലാമിക ചരിത്രം പ്രതിപാദിക്കുന്ന ശ്രദ്ധേയമായ ആധുനിക ഗ്രന്ഥങ്ങള്‍. ഇബ്‌നു ഖല്‍ദൂനെക്കുറിച്ച പഠനത്തിന് ത്വാഹാ ഹുസൈന്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലവിലുള്ള ജാഹിലീ കവിതകളുടെ പ്രാമാണികതക്കു നേരെ അദ്ദേഹം നടത്തിയ ആക്രമണം യൂറോപ്യന്‍ ഗ്രന്ഥ നിരൂപണ രീതിയുടെ തനിയാവര്‍ത്തനം തന്നെയായിരുന്നു. ഇസ്‌ലാമിന്റെ വിശുദ്ധിയും ശാസ്ത്രീയ ചരിത്രരീതിയും സമന്വയിക്കാനുള്ള ശ്രമമാണ് ഹൈകലും അഹ്മദ് അമീനും നടത്തിയത്. ആധുനിക നിരൂപണ രീതികള്‍ ഉപയോഗിച്ചുള്ള ഹൈകലിന്റെ പ്രവാചക ജീവചരിത്രം ആധുനിക ജീവചരിത്രങ്ങളുടെ തനിമയും ഗ്രാഹ്യതയും ഉള്‍ക്കൊള്ളുന്നതാണ്. ആദ്യ സംരംഭമെന്ന നിലയില്‍ അഹ്മദ് അമീന്റെ പഠനങ്ങള്‍ വ്യാപകമായ ആദരവും അംഗീകാരവും പിടിച്ചുപറ്റി. തുര്‍കിയില്‍ അതാതുര്‍കിനെ പിന്‍പറ്റിയ പണ്ഡിതന്മാര്‍ തകര്‍ന്നുപോയ ഉഥ്മാനീ സാമ്രാജ്യത്തില്‍നിന്ന് പുറംതിരിഞ്ഞ് അതിനെക്കാള്‍ പുരാതനമായ ‘ആധികാരിക’ തുര്‍കി ചരിത്രത്തിലാണ് ശ്രദ്ധയൂന്നിയത്, വിശിഷ്യാ സല്‍ജൂഖികളുടെയും മധ്യേഷ്യയുടെയും ചരിത്രത്തില്‍. അത്തരം പ്രമുഖ പണ്ഡിതന്മാരിലൊരാളായിരുന്നു സകീ വലീദി തോഗന്‍ (1890-1970). റഷ്യന്‍ തുര്‍കിസ്താനില്‍നിന്ന് കുടിയേറിയ അദ്ദേഹം മധ്യേഷ്യയിലെ തുര്‍കി വംശജരുടെ മധ്യകാല-ആധുനിക സാഹിത്യത്തിനും ചരിത്രത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചു. ഏഴാം നൂറ്റാണ്ടിലെ ഒരു പ്രമുഖ വസീര്‍ കുടുംബത്തിലെ പിന്‍മുറക്കാരനായ മുഹമ്മദ് ഫുആദ് കോപ്രുലു (1890-1966) അനാത്വൂലിയന്‍ സല്‍ജൂഖികളുടെ ചരിത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇറാനില്‍ രിദാ ഷായുടെ ഭരണകാലത്ത് നവ അക്കേമേനിയനിസ(Neo Achaemendism)വും പൗരോഹിത്യ വിരുദ്ധതയും ചരിത്ര രചനയെ സ്വാധീനിച്ചു. രാജഭക്തിയോടൊപ്പം ആഴത്തിലുള്ള ദേശീയബോധവും പൗരോഹിത്യ വിരുദ്ധതയും ഈ കാലഘട്ടത്തിലെ ചരിത്ര കൃതികളില്‍ കാണാം. അഹ്മദ് കസ്‌റാവി(1890-1946)യുടെ രചനകളില്‍ ഈ പ്രവണതകള്‍ മുഴുവന്‍ പ്രകടമാണ്. പൗരോഹിത്യ വൃത്തി ഉപേക്ഷിച്ച് അഭിഭാഷകനും ജഡ്ജിയും എഴുത്തുകാരനുമൊക്കെയായി മാറിയ അദ്ദേഹം കഴിവുറ്റ ചരിത്രകാരന്‍ കൂടിയാണെന്ന് തെളിയിച്ചു. ഇറാനിയന്‍ സാംസ്‌കാരിക പാരമ്പര്യത്തെയും ശീഇസത്തെയും വിമര്‍ശിച്ച അദ്ദേഹത്തിന് ശകാരങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ലഭിച്ചു. ഒടുവില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായ ശഹ്‌രിയാരാനേ ഗുംനാമി(വിസ്മൃതരായ ഭരണകര്‍ത്താക്കള്‍)ല്‍ സല്‍ജൂഖികള്‍ക്കു മുമ്പ് തന്റെ പ്രവിശ്യ ഭരിച്ചിരുന്ന ഭരണകൂടങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. യുവാവായിരിക്കെ താന്‍ പങ്കെടുത്ത ഭരണഘടനാ വിപ്ലവത്തെക്കുറിച്ച് മൂന്ന് വാല്യങ്ങളിലായി അദ്ദേഹം എഴുതിയ താരീഖെ മശ്‌റൂത്വാഐ ഇറാന്‍ എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖമായ ചരിത്ര ഗ്രന്ഥം.
ഈ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ മുഴുവന്‍ ഭരണകൂടങ്ങള്‍ക്ക് നിര്‍ബന്ധപൂര്‍വം കീഴ്‌പെട്ടവരായിരുന്നില്ല. എന്നല്ല, പലരും ഭരണകൂടങ്ങളെ എതിര്‍ക്കുകയും അതിന്റെ പേരില്‍ പ്രശ്‌നങ്ങളിലകപ്പെടുകയും ചെയ്തു. പില്ക്കാലത്ത് പ്രസക്തിയില്ലാത്തവിധം, രചയിതാക്കളുടെ നിലപാടുകളും പക്ഷപാതിത്വവുംകൊണ്ട് കുത്തിനിറച്ചവയായിരുന്നില്ല ആ ചരിത്രഗ്രന്ഥങ്ങളൊന്നും. ഇന്നും അവയ്ക്ക് വായനാ മൂല്യമുണ്ട്. പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന റാഫിഈയുടെ കൃതികള്‍ ഉദാഹരണം. ഈജിപ്ഷ്യന്‍, തുര്‍കി, ഇറാനിയന്‍ മുസ്‌ലിം സാംസ്‌കാരികത്തനിമകള്‍ക്കുവേണ്ടിയുള്ള മുറവിളികളടക്കമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാലത്തെ കൃതികള്‍ രൂപംകൊണ്ടത്.

(iii) ശീതയുദ്ധവും മധ്യപൗരസ്ത്യ ദേശീയതകളും (1945 മുതല്‍ 1970 വരെ)
രണ്ടാം ലോകയുദ്ധത്തോടെ മേഖലയില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആധിപത്യം തകരുകയും അമേരിക്ക-സോവിയറ്റ് ചേരിപ്പോരിന്റേതായ ഒരു ദ്വിധ്രുവ ലോകക്രമം നിലവില്‍ വരികയും ചെയ്തു. തങ്ങളുടെ ഭൂതകാലത്തെ മുഴുവന്‍ വിദേശാധിനിവേശത്തിനെതിരിലുള്ള ചെറുത്തുനില്പിന്റെ ചട്ടക്കൂട്ടില്‍ വ്യാഖ്യാനിക്കാനുള്ള പ്രവണത 70-കളുടെ തുടക്കം വരെയെങ്കിലും അറബ് നാടുകളിലും ഇറാനിലും നിലനിന്നു. ചിലയിടത്തൊക്കെ ഇപ്പോഴും അത് നിലനില്ക്കുന്നുണ്ട്. ആധുനിക കാലത്ത് ഇംഗ്ലണ്ടും ഫ്രാന്‍സും അധിനിവേശം നടത്തിയപോലെ മധ്യകാലഘട്ടത്തില്‍ മംലൂകുകളും അറബികളുമടക്കമുള്ള മുസ്‌ലിംകളും അധിനിവേശം നടത്തി എന്നായിരുന്നു വാദം. 50-കളുടെ മധ്യത്തോടെ ആരംഭിച്ച വിപ്ലവ കാലഘട്ടത്തില്‍ മാര്‍ക്‌സിസത്തെ ഒരു ബൗദ്ധിക പാരമ്പര്യമായി ഗൗരവബുദ്ധ്യാ പരിഗണിക്കുകയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ വര്‍ഗ സംഘട്ടനത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുകയും ചെയ്തു.
തുര്‍കിയില്‍ അതാതുര്‍ക് വിപ്ലവത്തിനു ശേഷം ഭരണകൂടത്തിന്റെ നയങ്ങള്‍ മൂലം സാമ്പത്തിക വളര്‍ച്ച മുരടിച്ചുവെങ്കിലും 1960 വരെയെങ്കിലും വിദേശാധിനിവേശത്തെക്കുറിച്ച ആശങ്കകള്‍ ഇല്ലാതായി. സൈപ്രസിലെ തുടര്‍ച്ചയായ പ്രതിസന്ധികള്‍ കാരണം 1960-കളില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടു. ഇതിനിടയിലും നാട്ടിന്‍പുറങ്ങളിലെ വ്യാപകമായ ദാരിദ്ര്യത്തെക്കുറിച്ചും വന്‍നഗരങ്ങളില്‍ തൊഴിലാളിവര്‍ഗം സംഘടിച്ചു രംഗത്തു വരാത്തതിനെക്കുറിച്ചുമുള്ള മാര്‍ക്‌സിസ്റ്റു വ്യാഖ്യാനങ്ങള്‍ രംഗത്തുണ്ടായിരുന്നു.
യുദ്ധാനന്തര കാലത്ത് ചരിത്രകാരന്മാര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അനിവാര്യമായും ഏര്‍പ്പെടേണ്ടി വന്നത് പക്ഷേ, ചരിത്ര രചനയുടെ പ്രൊഫഷനലൈസേഷനെ പ്രതികൂലമായി ബാധിച്ചില്ല. ചരിത്ര രചനയുടെ പ്രൊഫഷനലൈസേഷന്‍ ഇക്കാലത്ത് വര്‍ധിച്ചതേയുള്ളൂ. മധ്യ പൗരസ്ത്യ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ചയാണ് അതിന് ആക്കം കൂട്ടിയത്. സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍ പുതിയ പ്രൊഫസര്‍മാര്‍ അനിവാര്യമായി. പ്രൊഫസറാകാന്‍ ആവശ്യമായ വിശ്വസനീയമായ ഗവേഷണ ബിരുദങ്ങള്‍ക്ക് 1970-കളുടെ തുടക്കം വരെയും ലണ്ടനെയോ പാരീസിനെയോ ആശ്രയിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ധാരാളം വിദ്യാര്‍ഥികള്‍ ഉത്തര ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പുതിയ വിദ്യാസ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിച്ചുതുടങ്ങി. തന്മൂലം മധ്യപൗരസ്ത്യ പണ്ഡിതന്മാര്‍ക്കിടയില്‍ ചരിത്ര ഗവേഷണത്തിലെ ദ്വിഭാഷാ സ്വഭാവം പിന്നെയും വര്‍ധിച്ചു. ഇക്കാലത്ത് ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ പ്രബന്ധങ്ങളില്‍ മിക്കവയും സോര്‍ബോണിലും ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലും ഡോക്ടറേറ്റിനു സമര്‍പ്പിക്കപ്പെട്ട തീസിസുകളായിരുന്നു.
ആദര്‍ശത്തിന്റെയും രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും പ്രതിഫലനങ്ങള്‍ മാത്രമാണ് ഇക്കാലത്തെ വൈജ്ഞാനിക രചനകള്‍ എന്ന് വിലയിരുത്തുന്നത് തികഞ്ഞ അബദ്ധമായിരിക്കും. ഇതര രാഷ്ട്രീയ-ആദര്‍ശ ചിന്താഗതിക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്നതിനെ ആശ്രയിച്ചാണ് ഒരു കൃതിയുടെ ‘വൈജ്ഞാനികത’ നിര്‍ണയിക്കപ്പെടുന്നതെങ്കില്‍ ഇക്കാലത്ത്  പുറത്തിറങ്ങിയ ഒട്ടേറെ കൃതികള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നുവെന്ന് തീര്‍ത്തു പറയാം. ഏറ്റവും പ്രമുഖരായ ചരിത്രകാരന്മാരെ മാത്രം പരാമര്‍ശിക്കുകയാണെങ്കിലും, ഹലീല്‍ ഈല്‍സികിനെ ഒഴിച്ചുനിര്‍ത്തി ആധുനിക ഉഥ്മാനീ പഠനങ്ങളോ അബ്ദുല്‍ അസീസിദ്ദൂരിയെ ഒഴിച്ചു നിര്‍ത്തി ആദ്യകാല ഇസ്‌ലാമിക ചരിത്രമോ സങ്കല്പിക്കാനാവില്ല. തുര്‍കി പണ്ഡിതന്മാരുടെ ഇഷ്ടവിഷയമായ സല്‍ജൂഖീ ചരിത്രത്തില്‍ ഉഥ്മാന്‍ തുരാന്‍, മുഹമ്മദ് കോയ്‌മെന്‍, ഇബ്‌റാഹീം കഫെസോഗ്‌ലു എന്നിവരുടെ കൃതികള്‍ ഈ വിഷയകമായി ലോകത്ത് രചിക്കപ്പെട്ട മറ്റെല്ലാ ചരിത്ര ഗ്രന്ഥങ്ങളെയും കവച്ചുവയ്ക്കുന്നതാണ്. ഈജിപ്തില്‍ നാസ്വിര്‍ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കൈറോ സര്‍വകലാശാലയിലെ മുഹമ്മദ് അനീസിന്റെ ശിഷ്യന്മാര്‍ 19-20 നൂറ്റാണ്ടുകളിലെ ഈജിപ്തിന്റെ സാമൂഹിക-സാമ്പത്തിക ചരിത്രത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വേദിക്ക് രൂപം നല്കുകയുണ്ടായി. കുരിശുയോദ്ധാക്കളുടെയും അയ്യൂബികളുടെയും മംലൂകുകളുടെയും ചരിത്രം പ്രതിപാദിക്കുന്ന ധാരാളം പഠനങ്ങളും ലേഖനങ്ങളും സഈദ് അബ്ദുല്‍ ഫത്താഹ് ആശൂറും ശിഷ്യന്‍മാരും പുറത്തിറക്കി. ഈ പഠനങ്ങളിലേക്ക് പാശ്ചാത്യ പണ്ഡിതന്മാരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പൗരാണിക കാലത്തെ പക്ഷപാതിത്വത്തെ കവച്ചുവച്ച പുതിയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ സ്വതന്ത്ര ചരിത്ര ഗവേഷണത്തിന് ഒരുപാട് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. നാസ്വിറിന്റെ ഭരണകാലത്തെ ഈജിപ്തിലെയും ഷായുടെ കാലത്തെ ഇറാനിലെയും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍, ഇറാഖിലെയും സിറിയയിലെയും രാഷ്ട്രീയ സംഘര്‍ഷാവസ്ഥ, തുര്‍കിയില്‍ നിരന്തരമുണ്ടായ സൈനിക ഇടപെടലുകള്‍, അറബ്-ഇസ്‌റാഈല്‍ സംഘര്‍ഷം മൂലമുണ്ടായ വിലക്ക് എന്നിവയൊക്കെ സ്വതന്ത്ര ചരിത്രഗവേഷണത്തെ ക്ലേശകരമാക്കി.

(iv) എഴുപത്കള്‍ക്കു ശേഷം
1970 മുതല്‍ മധ്യപൗരസ്ത്യ നാടുകളില്‍ യൂനിവേഴ്‌സിറ്റികളും ഗവേഷണ സ്ഥാപനങ്ങളും വര്‍ധിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് മുന്‍ഗണന ലഭിച്ചതോടൊപ്പം അക്കാദമിക രീതിയിലുള്ള ചരിത്ര പഠനത്തിന്റെ വ്യാപനത്തിനും അത് സഹായകമായി. ചരിത്ര പ്രാധാന്യമുള്ള പുരാതന വസ്തുക്കളുടെയും രേഖകളുടെയും-വിശേഷിച്ചും ഉഥ്മാനീ കാലഘട്ടവുമായി ബന്ധമുള്ളവ – ശേഖരണത്തിനും സൂക്ഷിപ്പിനും കേന്ദ്രങ്ങള്‍ ആരംഭിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇറാനില്‍ ഷാ ഭരണകാലത്തെന്നപോലെ ഇസ്‌ലാമിക് റിപ്പബ്ലിക്കിനു കീഴിലും ഇത്തരം പ്രവണതകള്‍ പൊതുവേ കുറവാണ്. 60-കള്‍ക്കുശേഷം യൂറോപ്പിലെയും അമേരിക്കയിലെയും കലാലയങ്ങളില്‍ മധ്യപൗരസ്ത്യ ദേശക്കാരായ ചരിത്രകാരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇവരില്‍ മിക്കവരും പാശ്ചാത്യ സര്‍വകലാശാലകളില്‍നിന്നാണ് ബിരുദം നേടിയിരുന്നതെങ്കിലും മധ്യപൗരസ്ത്യ ദേശ സംസ്‌കാരങ്ങളെക്കുറിച്ചും ചരിത്രാനുഭവങ്ങളെക്കുറിച്ചും സ്വന്തമായ കാഴ്ചപ്പാടുള്ളവരായിരുന്നു.
മധ്യപൗരസ്ത്യ നാടുകളിലെ ചരിത്രകാരന്മാര്‍ വ്യത്യസ്ത രാഷ്ട്രീയ കാലാവസ്ഥകളില്‍ ചരിത്ര രചന നടത്താന്‍ നിര്‍ബന്ധിതരാണ്. അസ്ഥിരമെങ്കിലും ഗണ്യമായ തോതിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈജിപ്തില്‍ സാഹചര്യമൊരുങ്ങിയിട്ടുണ്ട്. ഇതില്‍നിന്നു ഭിന്നമായി സിറിയയും ഇറാഖും അസ്ഥിരതയില്‍നിന്ന് കടുത്ത ഏകാധിപത്യത്തിലേക്കാണ് മാറിയത്. തുര്‍കിയിലാകട്ടെ അരാജകത്വത്തോളമെത്തിയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കര്‍ക്കശമായ സൈനിക സെന്‍ഷ്വര്‍ഷിപ്പിന്റെയുമൊക്കെ കൂടിക്കുഴച്ചിലാണുണ്ടായത്. 80-കളുടെ പാതിയോടെ ഇതിലല്പം അയവ് വന്നിട്ടുണ്ട്. എങ്കിലും അതാതുര്‍കിനെ വിമര്‍ശിക്കുന്നത് ഇന്നും അവിടെ നിയമ വിരുദ്ധമാണ്. 1914 മുതല്‍ 1938 വരെയുള്ള നിര്‍ണായക കാലഘട്ടത്തെക്കുറിച്ച സ്വതന്ത്രമായ ചരിത്രരചനയെ ഇത് അസാധ്യമാക്കിത്തീര്‍ക്കുന്നു.
ഇറാനിലെ ഇസ്‌ലാമിക വിപ്ലവം പുതിയ ഗവേഷണങ്ങള്‍ക്കുള്ള സാധ്യത തുറന്നുവെങ്കിലും മറ്റു ചിലത് അടച്ചുകളഞ്ഞു. മതേതര ആഭിമുഖ്യമുള്ള ചരിത്രകാരന്മാര്‍ക്ക് ശീര്‍ഷകങ്ങളും പദങ്ങളും തികഞ്ഞ ജാഗ്രതയോടെ മാത്രമേ ഉപയോഗിക്കാനാവൂ.
ഇത്തരം ഭരണകൂട, സാംസ്‌കാരിക സമ്മര്‍ദങ്ങള്‍ക്കിടയിലും രാഷ്ട്രീയവും മതപരവുമായി തികച്ചും നിഷ്പക്ഷമായ ചരിത്ര രചനകളും എമ്പാടും നിലനിന്നു പോരുന്നു. പുറമേനിന്ന് അടിച്ചേല്പിക്കപ്പെടുന്ന അജണ്ടകള്‍ക്കുപരി സ്വന്തം കാഴ്ചപ്പാടില്‍ രചനകള്‍ നിര്‍വഹിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് ആപേക്ഷികമായ സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ടാണ് ഇതു സാധ്യമായത്. കുരിശു യുദ്ധങ്ങളും സ്വലാഹുദ്ദീന്റെ വ്യക്തിപ്രഭാവവും ഭാഗികമായി ഒഴിച്ചുനിര്‍ത്തിയാല്‍ മധ്യകാല (900-1500) ഇസ്‌ലാമിക ചരിത്രം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. അബ്ബാസീ, ഉഥ്മാനീ കാലഘട്ടങ്ങള്‍ ഇപ്പോള്‍ അറബ് ദേശീയ വാദങ്ങളില്‍ കാര്യമായ വിഷയമല്ല. 18, 19 നൂറ്റാണ്ടുകളുടെ സാമൂഹിക-സാമ്പത്തിക ചരിത്രം കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഒന്നാംകിട രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. അബ്ബാസികളും സല്‍ജൂഖികളും മംലൂകുകളും ഇന്നും ആഴമേറിയ പഠനങ്ങള്‍ക്ക് വിഷയമാണ്.
മധ്യപൗരസ്ത്യ ദേശത്തെയും ഇതര മുസ്‌ലിം ഭൂപ്രദേശങ്ങളിലെയും പ്രധാന രാജ്യങ്ങളിലെല്ലാം പ്രാദേശിക ഭാഷകളില്‍ രചന നിര്‍വഹിക്കുന്ന വലിയൊരു വിഭാഗം പ്രൊഫഷനല്‍ അക്കാദമിക് ചരിത്രകാരന്മാരുണ്ട്. മേഖലയുടെ ചരിത്രം മുഖ്യമായും തദ്ദേശീയരായ പണ്ഡിതന്മാരുടെ കൈകളിലാണെന്നര്‍ഥം. സാധാരണ ഗതിയില്‍ ഇത് സ്വാഭാവികമാണെങ്കിലും 18, 19 നൂറ്റാണ്ടുകളില്‍ ഈ അവസ്ഥയല്ല നിലനിന്നിരുന്നത്.

അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

About the author

admin

Leave a Comment