Charithram

ഇസ്‌ലാം മധ്യപൗരസ്ത്യ ദേശത്ത്

syria.jpg
Written by admin

അറേബ്യന്‍ അര്‍ധദ്വീപില്‍ ഇസ്‌ലാം ഉദയം ചെയ്ത് ഏറെക്കഴിയുന്നതിനു മുമ്പുതന്നെ അതിന്റെ പ്രകാശം ലോകത്തിന്റെ വിദൂര ദിക്കുകളില്‍ പോലും ചെന്നെത്തിയിരുന്നു. സമതലങ്ങളും പീഠഭൂമികളും സമുദ്രങ്ങളും പിന്നിട്ട് കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്റെ ദിവ്യപ്രഭ പരന്നു. ഇതെല്ലാം സംഭവിച്ചത് ഒരു നൂറ്റാണ്ടില്‍ കുറഞ്ഞ കാലയളവുകൊണ്ടായിരുന്നു എന്നത് സ്മരണീയമത്രെ. ചരിത്രത്തിലെ അത്യപൂര്‍വവും അസാധാരണവുമായ ഈ സംഭവത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ ഇന്നും അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുന്നു.
മാനവരാശിയെ അഗാധമായി സ്വാധീനിച്ച നിരവധി മത ദര്‍ശനങ്ങളുടെ വിളഭൂമിയാണ് മധ്യപൗരസ്ത്യ ദേശം. ഇസ്‌ലാമിക സന്ദേശത്തിന്റെ വ്യാപനത്തിനും പ്രസ്തുത പ്രദേശം വളരെവേഗം വിധേയമായി. ഹി. ആറാം വര്‍ഷം ഹുദൈബിയ്യഃ സന്ധിയെത്തുടര്‍ന്നുളവായ സമാധാനാന്തരീക്ഷത്തില്‍ അറേബ്യക്ക് പുറത്തുള്ള രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി കത്തുകളയച്ചിരുന്നു. ദിഹ്‌യതുല്‍ കല്‍ബി മുഖേന റോമിലെ കൈസറിനും അബ്ദുല്ലാഹിബ്‌നു ഹുദാഫതസ്സഹ്മി വശം ഇറാനിലെ ഖുസ്രു പര്‍വേസ് ഷായ്ക്കും ഹഃ ഹാത്വിബുബ്‌നു അബീ ബല്‍തഅഃ വഴി ഈജിപ്തിലെ മുഖൗഖിസിനും അംറുബ്‌നു ഉമയ്യഃ വഴി എത്യോപ്യയിലെ നജ്ജാശിക്കും അയച്ച കത്തുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. തന്റെ കാലത്ത് തന്നെ ഇസ്‌ലാമിന്റെ സന്ദേശം അറേബ്യയുടെ അതിര്‍ത്തിക്കപ്പുറമെത്തിക്കുന്നതില്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നതിന് ഈ സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

ഇസ്‌ലാമിന്റെ ഉദയഘട്ടത്തിലെ രണ്ട് വന്‍ ശക്തികളായിരുന്നു പേര്‍ഷ്യയും റോമും. ഇസ്‌ലാം അറേബ്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ പേര്‍ഷ്യയും റോമും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറു രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ആളും ആയുധവും വിഭവങ്ങളുമൊക്കെ താരതമ്യേന കുറവായിരുന്നിട്ടും ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലത്താല്‍ ഇസ്‌ലാമിന്റെ ശക്തിയും സ്വാധീനവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ഈ വന്‍ ശക്തികള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. ഇതില്‍നിന്നുളവായ രാഷ്ട്രീയ കാരണങ്ങളാലാണ് നബിക്ക് തന്റെ ജീവിതാന്ത്യത്തില്‍ തബൂക്, മുഅ്തഃ പ്രദേശങ്ങളിലേക്ക് സൈന്യത്തെ നിയോഗിക്കേണ്ടിവന്നത്.

ദൈവദൂതന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് ഹഃ അബൂബക്ര്‍ ഖലീഫഃയായി. ഉസാമതുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ സിറിയന്‍ അതിര്‍ത്തിയിലേക്ക് നബി നിയോഗിച്ചിരുന്ന സൈന്യത്തെ അങ്ങോട്ടയക്കാന്‍ അബൂബക്ര്‍ തീരുമാനിച്ചു. റോമക്കാര്‍ക്കെതിരെ പടപൊരുതുകയായിരുന്നു ലക്ഷ്യം. സിറിയയും പേര്‍ഷ്യയും ഉത്തരാഫ്രിക്കയും ഇസ്‌ലാമിന്റെ വരുതിയില്‍ വന്ന വിസ്മയകരമായ ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. മനുഷ്യ സംസ്‌കൃതിയുടെ ചരിത്രം പഠിക്കുന്ന ഏവരെയും അദ്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമായിരുന്നു ഇസ്‌ലാമിന്റെ വ്യാപനവും വികാസവും. അവിശ്വസനീയമാംവിധം ഹ്രസ്വമായ ഒരു കാലയളവില്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഇസ്‌ലാമിക വിശ്വാസം വഹിച്ച പങ്ക് വിവരണാതീതമാണ്.

ഈ മുന്നേറ്റങ്ങള്‍ക്കൊക്കെ നിമിത്തമായത് ആദ്യകാല വിശ്വാസികളുടെ മാതൃകാ ജീവിതവും ഖലീഫഃമാരുടെ നീതിനിഷ്ഠമായ ഭരണവും ജീവിത ലാളിത്യവുമാണ് എന്ന കാര്യം മറക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ വ്യാപനത്തില്‍ അവ മുഖ്യ പങ്ക്‌വഹിക്കുകയുണ്ടായി. സര്‍ തോമസ് ആര്‍നോള്‍ഡിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
സിറിയ, ഫിലസ്ത്വീന്‍, ജോര്‍ദാന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ മധ്യപൗരസ്ത്യ ദേശത്തെ മിക്ക നാടുകളും ഖിലാഫതുര്‍റാശിദഃയുടെ കാലത്ത് തന്നെ ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ വന്നു. യമന്‍ നബിയുടെ കാലത്ത് തന്നെ ഇസ്‌ലാമിക ഭരണത്തിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിക വ്യവസ്ഥയുടെ വരുതിയില്‍ വന്ന നാടുകളിലെ ജനങ്ങളധികവും അതിനെ ഒരു വിമോചന പ്രസ്ഥാനമായി വരവേല്ക്കുകയാണുണ്ടായത്.

സിറിയ, ഈജിപ്ത്, ഫിലസ്ത്വീന്‍ തുടങ്ങിയ നാടുകള്‍ അക്കാലത്ത് റോമക്കാരുടെ കിരാത ഭരണത്തിലായിരുന്നു. അവിടത്തെ ജനങ്ങള്‍ ക്രിസ്ത്യാനികളായിരുന്നിട്ടും ക്രൈസ്തവ റോം അടിമകളോടെന്നപോലെയാണ് അവരോട് പെരുമാറിയിരുന്നത്. ഇറാഖീ ജനതയെ പേര്‍ഷ്യന്‍ ഭരണകൂടം നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രസ്തുത സന്ദര്‍ഭത്തില്‍ അറബി മുസ്‌ലിംകളുടെ ആഗമനം തദ്ദേശീയര്‍ക്ക് വര്‍ധിച്ച ആഹ്ലാദമുളവാക്കുന്ന സംഗതിയായാണ് അനുഭവപ്പെട്ടത്. ഈ നാടുകള്‍ കീഴടക്കാന്‍ മുസ്‌ലിംകള്‍ക്ക് തദ്ദേശീയരുടെ നിര്‍ലോഭമായ സഹായവും സഹകരണവും ലഭിച്ചു. തങ്ങള്‍ കീഴടക്കിയ നാടുകളിലെ ജനങ്ങള്‍ക്ക് അവരുടെ പഴയ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തുടരുന്നതിന് എല്ലാവിധ സ്വാതന്ത്ര്യവും മുസ്‌ലിം ഭരണാധികാരികള്‍ നല്കിയിരുന്നു. അതോടൊപ്പം ഇസ്‌ലാം സ്വീകരിക്കുക വഴി ഉണ്ടാകാവുന്ന ഇഹപര മോക്ഷത്തെക്കുറിച്ച് അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബഹുഭൂരിപക്ഷം പേരും ഇസ്‌ലാം ആശ്ലേഷിക്കുകയാണുണ്ടായത്.

മുസ്‌ലിംകള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ഒരിടത്തും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ ആരെയും പീഡിപ്പിക്കുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ല. ആരുടെയും മതചിഹ്നങ്ങളെ അനാദരിച്ചുമില്ല. വ്യക്തിനിയമങ്ങളില്‍ കൈകടത്തിയിരുന്നുമില്ല. പക്ഷപാതരഹിതവും നീതിനിഷ്ഠവുമായ സമീപനമാണ് ഇസ്‌ലാമിക ഭരണത്തില്‍ തെളിഞ്ഞു നിന്നിരുന്നത്. മുസ്‌ലിം പ്രജകളുടെ ജീവിതവും ഏറക്കുറേ മാതൃകാപരമായിരുന്നു. ഈ വക കാരണങ്ങളാല്‍ മുസ്‌ലിംകള്‍ ജയിച്ചടക്കിയ പ്രദേശങ്ങളിലെ ജനങ്ങളധികവും സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുവാന്‍ മുന്നോട്ട് വന്നു. ഇസ്‌ലാമില്‍ വരാതെ അതത് പ്രദേശങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്ന ഇതര ജനവിഭാഗങ്ങള്‍ക്കും മുസ്‌ലിം ഭരണാധികാരികളെക്കുറിച്ച് ഒരാക്ഷേപവും ഉണ്ടായിരുന്നില്ല. അഥവാ തെളിയിക്കാവുന്ന വല്ല ആക്ഷേപവും ഉയര്‍ന്നിരുന്നെങ്കില്‍ ഖലീഫഃ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമായിരുന്നു. രണ്ടാം ഖലീഫഃ ഉമറിനെ, ഉമറുല്‍ ഫാറൂഖ് (നീതിമാനായ ഉമര്‍) എന്ന് ആദ്യമായി വിളിച്ചത് ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം ന്യൂനപക്ഷമായ ക്രിസ്ത്യാനികളായിരുന്നുവെന്നത് സ്മരണീയമത്രെ. അക്കാലം മുതലിങ്ങോട്ട് ഇസ്‌ലാമിക ചൈതന്യം മധ്യപൗരസ്ത്യ ദേശത്ത് ഇടതടവില്ലാതെ നിലനിന്നുപോന്നു. പിന്നീടൊരിക്കലും ഇസ്‌ലാം അവിടങ്ങളില്‍നിന്ന് വേരറ്റ് പോയിട്ടില്ല. ഇന്നും ഇസ്‌ലാമിന്റെ ശക്തികേന്ദ്രം മധ്യപൗരസ്ത്യ ദേശം തന്നെയാണ്.
നാലാം ഖലീഫഃ അലി(40/661)യുടെ വിയോഗത്തോടെ ഇസ്‌ലാമിക ചരിത്രത്തില്‍ കുടുംബവാഴ്ചയിലധിഷ്ഠിതമായ രാജഭരണത്തിന്റെ കാലഘട്ടം ഉദയം ചെയ്തു. നബിതിരുമേനി നട്ടുവളര്‍ത്തി, ഖുലഫാഉര്‍റാശിദുകളുടെ സംരക്ഷണത്തില്‍ പടര്‍ന്നുപന്തലിച്ച ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സ്വാഭാവികമായ വ്യാപനത്തിന് രാജഭരണാരംഭത്തോടെ അല്പം മങ്ങലേല്ക്കുകയുണ്ടായി. നബിയും സച്ചരിതരായ ഖലീഫഃമാരും പിന്തുടര്‍ന്ന ഉന്നത ഗുണവിശേഷങ്ങള്‍-കറകളഞ്ഞ നീതി, സത്യസന്ധത, ആത്മാര്‍ഥത, വിശ്വസ്തത, വിനയം, രാഷ്ട്രത്തിന്റെ സമ്പത്തെന്നപോലെ ഭരണവും അമാനതാണെന്ന ബോധം, കൂടിയാലോചന, സര്‍വോപരി ദൈവഭയം എന്നിവ- ഭരണകൂടത്തിന്റെ അടിത്തറയായി പരിലസിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയിലേക്ക് ദ്രുതഗതിയില്‍ ജനം കടന്നു വരുന്നതിന് ഈ സാഹചര്യം നിമിത്തമായിട്ടുണ്ട്. വാളോ യുദ്ധമോ, നിര്‍ബന്ധമോ ഒരിക്കലും ഈ പ്രചാരണത്തിന് കാരണമായിരുന്നില്ല. ഇസ്‌ലാമിക ആദര്‍ശത്തിന്റെ മേന്മയും മുസ്‌ലിംകളുടെ ജീവിത മാതൃകയുമായിരുന്നു ജനകോടികളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്.

ഹി. 40 മുതല്‍ 132 വരെ അറേബ്യയിലും മധ്യപൗരസ്ത്യ ദേശത്തും ഉമവീ വാഴ്ചയാണ് നിലനിന്നത്. 92 വര്‍ഷം നീണ്ട ഈ ഭരണം കുറഞ്ഞ ഇടവേളയൊഴിച്ചാല്‍ ആദ്യകാല ഖലീഫഃമാരുടേതില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലായിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തില്‍ അനഭിലഷണീയമായ പല മാതൃകകളും ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ പ്രസ്തുത കാലയളവില്‍ സാമ്പത്തിക സൈനിക രംഗങ്ങളില്‍ വമ്പിച്ച മുന്നേറ്റങ്ങളുമുണ്ടായി. മുസ്‌ലിംകള്‍ ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നുചെന്ന് അവിടം കീഴടക്കിയത് ഇക്കാലത്താണ്.
ഭരണം രാജവാഴ്ചയിലേക്ക് വഴിമാറിയെങ്കിലും ഏറക്കുറേ ജനാഭിപ്രായം മാനിക്കപ്പെടുകയും ഭരണാധികാരികള്‍ ജനക്ഷേമകരമായ പല നടപടികളും സ്വീകരിക്കുകയും ചെയ്തുപോന്നു. ഒരു പരിധിവരെ നീതിനിര്‍വഹണവും നടന്നിരുന്നു. ഭരണകൂടത്തില്‍ പല പദവികളിലും അന്യമതസ്ഥര്‍ക്ക്- ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും – കാര്യമായ സ്ഥാനങ്ങള്‍ നല്കിയിരുന്നു. ഹി. 99-101 വരെ ഉമര്‍ രണ്ടാമന്റെ കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന് കാര്യമായ ഊന്നല്‍ നല്കുകയും പ്രസ്തുത ആവശ്യാര്‍ഥം ധാരാളം പേരെ നിയോഗിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ഖുറാസാനില്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ഇക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവരികയുണ്ടായി. ആഫ്രിക്കയിലെ ബര്‍ബറി ജനത ഏറക്കുറേ പൂര്‍ണമായിത്തന്നെ ഇസ്‌ലാമിലേക്ക് വന്നത് ഇക്കാലത്താണ്.

ഉമവീ കാലഘട്ടത്തില്‍ ഭരണകൂടത്തിന്റെ തണലിലല്ലാതെയും പല നാടുകളിലും ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിച്ചുകൊണ്ടിരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ നിരവധി സ്വഹാബിവര്യന്മാരുടെ പരിശ്രമങ്ങള്‍ ഇവയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍, ആഇശഃ, അബൂഹുറയ്‌റഃ, അനസുബ്‌നു മാലിക് തുടങ്ങിയ സ്വഹാബി പണ്ഡിതന്മാരും ഹസനുല്‍ ബസ്വ്‌രി, ഉര്‍വതുബ്‌നുസ്സുബൈര്‍, സഈദുബ്‌നുല്‍ മുസയ്യിബ്, ഇമാം ജഅ്ഫര്‍, ഖതാദഃ, സുഹ്‌രി, ശഅ്ബി, മുജാഹിദ്, സ്വാദിഖ് തുടങ്ങിയ പണ്ഡിതന്മാരും ഇസ്‌ലാമിക പ്രബോധനത്തിനും വിവിധ വൈജ്ഞാനിക മേഖലകളുടെ പ്രചാരണത്തിനും ഊന്നല്‍ നല്കിക്കൊണ്ട് ജനങ്ങള്‍ക്ക് ശരിയായ ഇസ്‌ലാമിക ബോധനം നല്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഇസ്‌ലാമിക വിജ്ഞാനശാഖകള്‍ക്ക് വ്യവസ്ഥാപിതത്വം കൈവരികയും അവയുടെ അടിത്തറ ഭദ്രമാവുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ്. ക്രി. 634 മുതല്‍ 750 വരെയുള്ള കാലഘട്ടത്തെ ചരിത്രകാരന്മാര്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശിലാസ്ഥാപന കാലഘട്ടമായി പരിഗണിക്കുന്നു.

ഉമവികളെത്തുടര്‍ന്ന് അബ്ബാസികള്‍ അധികാരത്തില്‍ വന്നു (750-1258/132-656). ഏകദേശം അഞ്ച് നൂറ്റാണ്ടു നീണ്ടുനിന്ന അബ്ബാസീ ഭരണകാലത്ത് നിരവധി വൈജ്ഞാനിക-ചിന്താസരണികള്‍ ഉടലെടുത്തു. ഖലീഫഃമാര്‍ പലരും അതില്‍ നേരിട്ട് പക്ഷം ചേരുകയും ചെയ്തിരുന്നു. ബഗ്ദാദ് ആയിരുന്നു അബ്ബാസികളുടെ ഭരണകേന്ദ്രം. മുസ്‌ലിം നാഗരികതയുടെ സുവര്‍ണ കാലമായിരുന്നു അത്. പുതിയ പ്രദേശങ്ങളൊന്നും പിടിച്ചടക്കിയില്ലെങ്കിലും സാമ്രാജ്യം വളരെ വിശാലമായിരുന്നു. പല പുതിയ ജനവിഭാഗങ്ങളും ഇക്കാലത്ത് ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. ഇസ്‌ലാമിന്റെ പ്രചാരണവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വികാസവും ഈ കാലഘട്ടത്തിലും തുടര്‍ന്നുകൊണ്ടിരുന്നു. മത-വിജ്ഞാന മേഖലകളില്‍ ഇസ്‌ലാമിക ലോകത്ത് അബ്ബാസീ കാലഘട്ടം എണ്ണമറ്റ സംഭാവനകള്‍ നല്കുകയുണ്ടായി. തഫ്‌സീര്‍, ഹദീഥ്, ദൈവശാസ്ത്രം, കര്‍മശാസ്ത്രം (ഫിഖ്ഹ്), ഇതര വിജ്ഞാന ശാഖകള്‍ എന്നിവയില്‍ പ്രബലങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ ഇക്കാലത്ത് ക്രോഡീകരിക്കപ്പെടുകയോ രചിക്കപ്പെടുകയോ ചെയ്തു. ഇല്‍മുല്‍ കലാമില്‍ സുന്നി-മുഅ്തസിലീ വിഭാഗങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും തമ്മില്‍ ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ ദീര്‍ഘകാലം തുടരുകയുണ്ടായി. ചിന്താരംഗത്തും തത്ത്വചിന്താമേഖലയിലും പല നൂതന പ്രവണതകളും ഇക്കാലത്തുടലെടുത്തു. അവയില്‍ പലതും പരമ്പരാഗത ഇസ്‌ലാമിക ചിന്തക്കന്യമായിരുന്നു. ഇസ്‌ലാമിക ലോകം അറബി മേല്‌ക്കോയ്മയില്‍നിന്നും ക്രമേണ പേര്‍ഷ്യന്‍ സ്വാധീനത്തിലേക്ക് നീങ്ങിയത് ഇക്കാലത്താണ്.

മുസ്‌ലിം ലോകത്ത് ഇസ്‌ലാമേതര ദര്‍ശനങ്ങള്‍ക്കും ജൂത-ക്രൈസ്തവ മതങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. മറ്റ് മതസ്ഥര്‍ക്ക് അവരുടെ മതം ആചരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഒരിക്കലും തടയപ്പെട്ടിരുന്നില്ല. രാജവാഴ്ചയും ഖിലാഫതും തമ്മിലുള്ള അന്തരം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ മഹാന്‍മാരായ പണ്ഡിതന്മാര്‍ ഇക്കാലഘട്ടത്തില്‍ നടത്തിയിട്ടുണ്ട്. ഇമാം അബൂഹനീഫഃ ഉദാഹരണം. ദൈവശാസ്ത്ര സംവാദങ്ങളും സജീവമായിരുന്നു. അബ്ബാസീ ഭരണാധികാരികളില്‍ ചിലരുടെ ഇഷ്ടവിഷയമായിരുന്നു ഇത്തരം സംവാദങ്ങള്‍. ഖലീഫഃമാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച പണ്ഡിതന്മാര്‍ക്ക് പീഡനങ്ങളേല്‌ക്കേണ്ടിവരികയുണ്ടായി. ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍ ഇതിനൊരുദാഹരണമാണ്.

ലോകത്തിലെ ഏറ്റവും പ്രചാരണക്ഷമമായ ആശയമത്രേ ഇസ്‌ലാമിന്റെത്. ആവിര്‍ഭാവം മുതല്‍ ഇന്നുവരെ അതിന്റെ വ്യാപനം അനുസ്യൂതമായി തുടര്‍ന്നുപോന്നിട്ടുണ്ട്. അക്രമികളായ ഭരണാധികാരികളുടെ കീഴില്‍ പോലും ഇസ്‌ലാം പുതിയ അനുയായികളെ സൃഷ്ടിച്ചുകൊണ്ടിരുന്നത് ചരിത്രത്തിലെ വിസ്മയങ്ങളില്‍ പെടുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മധ്യ-പൗരസ്ത്യ ദേശത്ത് പ്രാരംഭദശയില്‍ തന്നെ വ്യാപിച്ച ഇസ്‌ലാം ഇന്നും പുതിയ പുതിയ അനുയായികളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നത് കാണാം.
അബ്ബാസീ സാമ്രാജ്യം ഉമവികളുടെതിനോളം വിശാലമായിരുന്നില്ല. കാരണം, മുസ്‌ലിം സ്‌പെയ്‌നും മൊറോക്കോയും അബ്ബാസികളുടെ വരുതിയില്‍നിന്ന് സ്വതന്ത്രമായിരുന്നു. അബ്ബാസീ ഭരണത്തിന്റെ അന്ത്യത്തില്‍ തുര്‍കികള്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചു. അവരുടെ സ്വാധീനം പിന്നീട് അബ്ബാസീ ഭരണത്തിന്റെ പതനത്തിന് തന്നെ വഴിവെക്കുകയുണ്ടായി. അബ്ബാസികളുടെ പതനത്തെത്തുടര്‍ന്ന് രണ്ടു നൂറ്റാണ്ടുകാലം ഇസ്‌ലാമിക ലോകം ചെറിയ ചെറിയ ഭരണകൂടങ്ങളുടെ ആധിപത്യത്തിലായിരുന്നു. ഈ സന്ദര്‍ഭത്തിലും അദ്ഭുതകരമായ ആദര്‍ശമാറ്റങ്ങള്‍ നടന്നിരുന്നു. അബ്ബാസികളെ പരാജയപ്പെടുത്തിയ ചെങ്കിസ് ഖാന്റെ പിന്‍ഗാമികള്‍ പിന്നീട് പരാജിതരുടെ മതം സ്വീകരിച്ച് ലോകചരിത്രത്തില്‍ മുസ്‌ലിം ഭരണാധികാരികളായിട്ടാണ് അറിയപ്പെട്ടത്.

അബ്ബാസീ ഭരണത്തിന്റെ ഒടുവില്‍ തുര്‍കികള്‍ ഇസ്‌ലാമിലേക്കു കടന്നുവന്നു. ധീരരും രണോത്‌സുകരുമായിരുന്ന അവര്‍ അബ്ബാസീ ഖലീഫഃ മുഅ്തസ്വിമിന്റെ കാലത്ത് സൈന്യത്തില്‍ സ്വാധീനം നേടി. ഒടുവില്‍ മുതവക്കിലിന്റെ കാലത്ത് അവരുടെ ശക്തി വര്‍ധിക്കുകയും മുതവക്കില്‍ വധിക്കപ്പെടുകയും ചെയ്തു. തുര്‍കീ പട്ടാളക്കാരും സൈനിക മേധാവികളും മുഴുവന്‍ മുസ്‌ലിംകളായിരുന്നില്ല. മുസ്‌ലിംകളായവര്‍ക്ക് തന്നെ തുടക്കത്തില്‍ വേണ്ട രീതിയില്‍ ഇസ്‌ലാമിക ശിക്ഷണം ലഭിച്ചിരുന്നുമില്ല. ഇത്തരം ചില ന്യൂനതകള്‍ പ്രകടമായിരുന്നുവെങ്കിലും ഇസ്‌ലാമിക ലോകത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വംശീയ താല്‍പര്യങ്ങളെക്കാള്‍ പ്രാമുഖ്യം നല്കിയിരുന്നു തുര്‍കികള്‍.
വിവിധ വംശങ്ങളുടേതായി നിലനിന്ന മുസ്‌ലിം ഭരണത്തിന്റെ സുദീര്‍ഘമായ കാലയളവില്‍ ഭരണം പലപ്പോഴും ശരിയായ പാതയില്‍നിന്ന് അകന്നുപോയിരുന്നു. ജനങ്ങളുടെ ഇസ്‌ലാമിക വിശ്വാസത്തിനു തന്നെയും സാരമായ വ്യതിയാനങ്ങള്‍ വരുത്തിയ നിരവധി പ്രസ്ഥാനങ്ങളും ചിന്താധാരകളും ഉടലെടുത്തിരുന്നു. അതേസമയം വിജയികള്‍ പരാജിതരുടെ മതം സ്വീകരിച്ച വിസ്മയകരമായ സംഭവങ്ങള്‍ക്കും ചരിത്രം സാക്ഷ്യം വഹിച്ചു. വ്യതിയാനങ്ങളുടേതായ സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ നേരെ നയിക്കാനും അവര്‍ക്ക് ശിക്ഷണം നല്കാനും നിരവധി പരിഷ്‌കര്‍ത്താക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും മധ്യപൗരസ്ത്യ ദേശം ജന്മം നല്കുകയുണ്ടായി.

(i) സിറിയ
മദീനഃക്കുശേഷം ഇസ്‌ലാമിക ഭരണത്തിന്റെ കേന്ദ്രമായിരുന്നു സിറിയ. സിറിയയിലെ ദമസ്‌കസ് കേന്ദ്രമാക്കിയാണ് ഉമവികള്‍ ഇസ്‌ലാമിക സാമ്രാജ്യം ഭരിച്ചത്. പിന്നീട് ബഗ്ദാദ് കേന്ദ്രമാക്കി അബ്ബാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ സിറിയയുടെ സ്ഥാനം ഒരു പ്രവിശ്യയുടെതായി ചുരുങ്ങി. ഫിലസ്ത്വീനും ജറൂസലമും സിറിയന്‍ പ്രവിശ്യയിലായിരുന്നു. അബ്ബാസികള്‍ക്ക് ശേഷം ബുവൈഹികള്‍, സങ്കികള്‍, അയ്യൂബികള്‍ എന്നിവരുടെ ഭരണത്തിന്‍ കീഴിലായി. പിന്നീട് സിറിയ കുരിശ് യുദ്ധങ്ങളുടെ രംഗഭൂമിയായി. നിര്‍ണായകമായ ഒരു പോരാട്ടത്തിനൊടുവില്‍ സ്വലാഹുദ്ദീനില്‍ അയ്യൂബി ഖുദ്‌സ് മോചിപ്പിച്ചു. അതിനു ശേഷം മംലൂകുകളുടെ ആധിപത്യത്തിലായ സിറിയ ഈജിപ്തിന്റെ ഭാഗമായി. തുടര്‍ന്ന് നാലു നൂറ്റാണ്ടുകാലം ഉഥ്മാനീ തുര്‍കികളുടെ ആധിപത്യത്തില്‍ വന്നു. സുദീര്‍ഘമായ ഈ കാലയളവില്‍ നിരവധി ചിന്തകന്മാരും പണ്ഡിതന്മാരും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ  പ്രചാരണത്തിലും വ്യാപനത്തിലും കാര്യമായ പങ്കുവഹിച്ചു. പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ ജനിച്ചതും വളര്‍ന്നതും തന്റെ ചിന്തകള്‍ പ്രചരിപ്പിച്ചതും സിറിയയിലായിരുന്നു. ഉഥ്മാനീ ഖിലാഫത് നാശോന്മുഖമായപ്പോള്‍ ഇതര മുസ്‌ലിം ഭൂപ്രദേശങ്ങളെപ്പോലെ സിറിയയും പാശ്ചാത്യ സാമ്രാജ്യ ശക്തികളുടെ പിടിയിലമര്‍ന്നു. 1920 മാര്‍ച്ചില്‍ ഫ്രഞ്ച് സൈന്യം സിറിയ കൈവശപ്പെടുത്തി. പിന്നീട് സ്വാതന്ത്ര്യപ്പോരാട്ടങ്ങളും അറബി ദേശീയതയുടെ വളര്‍ച്ചയും സൃഷ്ടിച്ച അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഒടുവില്‍ സ്വതന്ത്രമായി.
ഇസ്‌ലാമിക സന്ദേശത്തിന്റെ കിരണങ്ങള്‍ ആദ്യകാലത്ത് തന്നെ പ്രചരിച്ച പ്രദേശമായിരുന്നു സിറിയ. സച്ചരിതരായ ഖലീഫഃമാരുടെ കാലത്ത് ഇസ്‌ലാമിക സന്ദേശത്തിന്റെ മുന്നേറ്റത്തില്‍ കാര്യമായ പങ്കുവഹിച്ചവരായിരുന്നു അവിടത്തെ ജനത. ദീര്‍ഘകാലം ആ പാരമ്പര്യം അവര്‍ നിലനിര്‍ത്തിപ്പോന്നു. ബനൂ ഇസ്‌റാഈലീ പ്രവാചകന്മാര്‍ക്ക് ശേഷം മുഹമ്മദ്‌നബിയുടെ ഒട്ടേറെ സ്വഹാബിവര്യന്മാരുടെ പ്രവര്‍ത്തനങ്ങളാല്‍ വിശുദ്ധമാണ് പ്രസ്തുത പ്രദേശം. പ്രമുഖ സ്വഹാബിമാരായ ബിലാല്‍, അബൂഉബൈദതല്‍ ജര്‍റാഹ്, ഖാലിദുബ്‌നുല്‍ വലീദ്, മുആവിയഃ തുടങ്ങിയ ഏറെപ്പേരെ മറമാടിയിരിക്കുന്നത് സിറിയയിലാണ്.

ഉമവീ- അബ്ബാസീ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക ഭരണം രാജവാഴ്ചക്ക് വഴിമാറിയെങ്കിലും ഇസ്‌ലാമിനെ ലോകസമക്ഷം സമര്‍പ്പിക്കാന്‍ പര്യാപ്തമായ മൂല്യങ്ങളും മാതൃകകളും സിറിയയിലെ ജനങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്നു. ഇസ്‌ലാമിക മാതൃകകള്‍ക്ക് അബ്ബാസികളുടെ കാലഘട്ടത്തില്‍ അപചയം സംഭവിച്ചിരുന്നുവെങ്കിലും അതൊരു ശരിയായ നടപടിയല്ല എന്ന കാര്യം ജനങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ആധുനിക യുഗത്തിന്റെ തുടക്കത്തില്‍ സംഭവിച്ച പാശ്ചാത്യാധിനിവേശത്തോടെ സ്ഥിതിഗതികള്‍ ആകെ മാറി. ചര്‍ച്ചും സ്റ്റേറ്റും വേര്‍തിരിക്കപ്പെട്ടു എന്നു മാത്രമല്ല, രാഷ്ട്രഭരണത്തില്‍ മതത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടു. ലോകത്തെങ്ങും കോളനിവാഴ്ചയെത്തുടര്‍ന്നുളവായ ഈ പരിതഃസ്ഥിതിയില്‍നിന്ന് മധ്യപൗരസ്ത്യ ദേശവും മുക്തമായിരുന്നില്ല. പാശ്ചാത്യന്‍ ചിന്തകളുടെ കാറ്റേറ്റ് വളര്‍ന്ന പ്രാദേശിക ഭരണാധികാരികള്‍ അവയ്ക്ക് തങ്ങളുടെ നാട്ടില്‍ പ്രചാരണം നല്കി. നേരത്തെ ഇസ്‌ലാമിലെ തൗഹീദ് സങ്കല്പത്തിന് അപചയം സംഭവിച്ചപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ, മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ് തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ജനങ്ങളെ ഒരു പരിധിവരെ തൗഹീദിന്റെ ശരിയായ വിഭാവനയിലേക്ക് തിരിച്ചുകൊണ്ടു വരുവാന്‍ കഴിഞ്ഞിരുന്നു. പില്ക്കാലത്ത് അറബ്-മുസ്‌ലിം ലോകത്ത് ഉദയംകൊണ്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന നായകന്‍മാരുടെ പ്രവര്‍ത്തനങ്ങളും സിറിയയിലും വ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ജമാലുദ്ദീനില്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദ@ാ, അമീര്‍ ശകീബ് അര്‍സ്‌ലാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സാര്‍വലൗകിക ഇസ്‌ലാമിക സാഹോദര്യത്തിനും ആത്യന്തികമായി ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനുമുള്ള ആഹ്വാനങ്ങളായിരുന്നു. 20-ാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്ത് ഉദയംകൊണ്ട ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വിശിഷ്യാ, ഈജിപ്ഷ്യന്‍ മണ്ണില്‍ രൂപംകൊണ്ട അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്ന് സിറിയയിലും ശക്തമായ വേരുകളുണ്ട്. ഡോ. മുസ്വ്ത്വഫാ ഹസന്‍ സിബാഇയാണ് സിറിയന്‍ പ്രദേശത്ത് ഇഖ്‌വാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനം അഭിലഷിക്കുന്നവരാണ് ജനതയില്‍ നല്ലൊരു ഭാഗം.

(ii) ഇറാഖ്
മംഗോളിയന്‍ ആക്രമണത്തെത്തുടര്‍ന്ന് 656/1258-ല്‍ അബ്ബാസീ സാമ്രാജ്യം തകര്‍ന്നു. ഇറാഖില്‍ മംഗോളുകളുടെ ഭരണം ആരംഭിച്ചു. ആദ്യം അവരിലെ ഈല്‍ഖാനി വംശം ഇറാന്‍ കേന്ദ്രമാക്കി ഇറാഖ് ഭരിച്ചു. പിന്നീട് 1340 മുതല്‍ 1401 വരെ ജലാഇര്‍ വംശത്തിന്റെ ഭരണമായിരുന്നു ഇറാഖില്‍. പിന്നീട് തുര്‍കികള്‍ അധികാരത്തില്‍ വന്നു. ഇടയ്ക്ക് തുര്‍കികളെ തോല്പിച്ച് 1621 മുതല്‍ 1631 വരെ സ്വഫവികള്‍ ഇറാഖ് ഭരിച്ചു. തുര്‍കി ഖിലാഫതിന്റെ പതനത്തിന് മുമ്പേ 1918-ല്‍ ഇറാഖ് ബ്രിട്ടീഷുകാരുടെ കോളനിയായി.
ബഗ്ദാദിന്റെ ഉയര്‍ച്ച മുതല്‍ ഉഥ്മാനീ ഖിലാഫതിന്റെ പതനം വരെ മംഗോളുകളുടെ ആദ്യകാല ഭരണകര്‍ത്താക്കളില്‍ ചിലരുടെ കാലമൊഴിച്ചാല്‍ നിരവധി നൂറ്റാണ്ടുകാലം ഇറാഖ് മുസ്‌ലിം ഭരണത്തിലായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ വിളനിലമായ ആദ്യകാല ഇറാഖും ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ കേന്ദ്രമായ ബഗ്ദാദും കാലക്രമത്തില്‍ മണ്‍മറഞ്ഞ് പോയി. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ബ്രിട്ടീഷ് കോളനിയായി മാറിയ ഇറാഖ് 1932 ഒക്‌ടോബര്‍ 3-ന് സ്വതന്ത്രമായി. അവിടന്നിങ്ങോട്ടുള്ള സംഭവവികാസങ്ങള്‍ ആധുനിക ഇറാഖിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

(iii) തുര്‍കി
മധ്യപൗരസ്ത്യ ദേശത്തെ ഇതര ഭൂപ്രദേശങ്ങളുടേതില്‍നിന്ന് ഭിന്നമല്ല തുര്‍കിയുടെ ചരിത്രവും. നീണ്ട നൂറ്റാണ്ടുകാലം നിലനിന്ന ഉഥ്മാനീ ഖിലാഫത്, അബ്ബാസികളുടെ കേന്ദ്രഭരണത്തിന് ശേഷം മുസ്‌ലിം ലോകത്തെ ഏകോപിപ്പിച്ച് നിര്‍ത്തിയിരുന്ന പ്രബല ശക്തിയായിരുന്നു.
ലോകചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലം നിലനിന്ന ഭരണകൂടമായിരുന്നു ഉഥ്മാനികളുടേത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുസ്വ്ത്വഫാ കമാല്‍ പാഷ, ഖിലാഫത് ദുര്‍ബലപ്പെടുത്തിയതായി പ്രഖ്യാപിക്കുന്നത് വരെ പ്രസ്തുത ഭരണക്രമം ഒരു സജീവ സാന്നിധ്യമായിരുന്നു.
ഖിലാഫതിന്റെ ഔദ്യോഗികമായ വിപാടനം 1924-ലാണ് സംഭവിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുസ്‌ലിംലോകത്തെ കൂട്ടിയിണക്കുന്ന കണ്ണി എന്ന സ്ഥാനം അതിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ഭൂപ്രദേശങ്ങള്‍ മിക്കതും ഒന്നൊന്നായി യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍ പങ്കിട്ടെടുക്കാന്‍ തുടങ്ങിയിരുന്നു. സിറിയ ഫ്രഞ്ചുകാരുടെയും ഇറാനും ഇറാഖും ഗള്‍ഫ് രാജ്യങ്ങളും ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും കൈകളിലായി. അതോടെ മധ്യപൗരസ്ത്യ നാടുകളില്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ അടിത്തറ തകരുകയും മന്ദഗതിയിലെങ്കിലും തുടര്‍ന്നുകൊണ്ടിരുന്ന ഇസ്‌ലാമിക സന്ദേശത്തിന്റെ വ്യാപനത്തിന് വിഘാതം നേരിടുകയും ചെയ്തു. അതിലുപരിയായി ഇസ്‌ലാമിനെക്കുറിച്ച വിഭാവനയിലും കാഴ്ചപ്പാടിലും അനഭിലഷണീയമായ പല പ്രവണതകളും നാമ്പെടുക്കുകയും ചെയ്തു.
അറബി-മുസ്‌ലിം ഭൂപ്രദേശങ്ങളില്‍ ആധിപത്യമുറപ്പിച്ച പാശ്ചാത്യ ശക്തികള്‍ മിക്കതും ചരിത്രപരമായ കാരണങ്ങളാല്‍ ഇസ്‌ലാമിനോട് പകയുള്ളവരും കൊളോണിയല്‍ താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമായിരുന്നു. മതം ഭരണ-സാമൂഹിക മേഖലകളില്‍ ഇടപെടരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തദ്ഫലമായി സാമൂഹിക- സാമ്പത്തിക മേഖലകളില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം അവര്‍ പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി മധ്യപൗരസ്ത്യ ഇസ്‌ലാമിക നാടുകളില്‍ ഈ സങ്കല്പത്തിന് ധാരാളം പ്രചാരകരെ കിട്ടി.
മുസ്‌ലിംനാടുകളില്‍നിന്ന് പാശ്ചാത്യര്‍ വിടപറഞ്ഞശേഷവും അവിടത്തെ ജനത ഇസ്‌ലാമിന് പകരം പടിഞ്ഞാറന്‍ ദര്‍ശനങ്ങള്‍ നിലനിര്‍ത്താന്‍ ഔല്‍സുക്യം കാണിച്ചത് മേല്‍പറഞ്ഞ കാരണങ്ങളാലാണ്.
മധ്യപൗരസ്ത്യ ദേശത്തെ ഇസ്‌ലാമിന്റെ വ്യാപന ചരിത്രത്തില്‍ ഇടക്കാലത്ത് സംഭവിച്ച മാന്ദ്യം നീങ്ങിത്തുടങ്ങിയത് 20-ാം നൂറ്റാണ്ടില്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്തതോടെയാണ്. ഇന്ന് അവിടെ ഇസ്‌ലാമിക നവജാഗരണത്തിന്റെ അലയൊലികള്‍ ഏറക്കുറേ എല്ലായിടത്തും ദൃശ്യമാണ്.

അവലംബം : ഇസ്‌ലാമിക വിജ്ഞാനകോശം

About the author

admin

Leave a Comment