Charithram

ഇസ്‌ലാം ആഫ്രിക്കയില്‍

Written by admin

പൗരാണിക കാലം മുതല്‍ അറബികള്‍ക്ക് ആഫ്രിക്കയിലെ വിവിധ നാടുകളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ആദ്യകാല വിശ്വാസികളില്‍ പ്രമുഖനായ ബിലാലുബ്‌നു റബാഹ്, ആഫ്രിക്കന്‍ നാടായ എത്യോപ്യക്കാരനായിരുന്നു. നബിതിരുമേനിയുടെ കാലത്ത് നുബുവ്വതിന്റെ അഞ്ചാം വര്‍ഷം ഖുറൈശികളുടെ അക്രമം അസഹ്യമായപ്പോള്‍ മുസ്‌ലിംകള്‍ ചെങ്കടല്‍ കടന്ന് എത്യോപ്യയിലെ ചക്രവര്‍ത്തിയായ നജ്ജാശിയുടെ സന്നിധിയിലെത്തി. രണ്ട് ഘട്ടങ്ങളിലായി നൂറിലധികം വിശ്വാസികള്‍ അബിസീനിയയിലേക്ക് പലായനം ചെയ്തു. ഇതിന്റെ ഫലമായി ഇസ്‌ലാമിന്റെ സന്ദേശം തുടക്കത്തില്‍ തന്നെ ഏറ്റുവാങ്ങാനുള്ള അവസരം ആഫ്രിക്കന്‍ വന്‍കരയ്ക്ക് ലഭിച്ചു.

നബിയുടെ കാലത്ത് ആഫ്രിക്കയില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിയെങ്കിലും അക്കാലത്ത് അത് അവിടെ കാര്യമായി പ്രചരിച്ചിരുന്നതായി രേഖകളൊന്നുമില്ല. ക്രി. 640-ല്‍ അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ ഈജിപ്ത് കീഴടക്കിയതോടെയാണ് ഇസ്‌ലാം ആഫ്രിക്കയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. രണ്ടാം ഖലീഫഃ ഉമറിന്റെ കാലത്ത് ക്രി. 640-ല്‍ അംറുബ്‌നുല്‍ ആസ്വ് ഈജിപ്ത് കീഴടക്കി. മൂന്ന് വര്‍ഷത്തിനുശേഷം ഈജിപ്ത് പൂര്‍ണമായി മുസ്‌ലിം ആധിപത്യത്തിലായി. തുടര്‍ന്ന് ഈജിപ്തിലെ ആയിരക്കണക്കിന് കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഇസ്‌ലാം സ്വീകരിച്ചു.

ഈജിപ്തിലെ യാക്കോബായ ക്രിസ്ത്യാനികളെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളായ ബൈസാന്തിയക്കാര്‍ വളരെ പരുഷമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. സ്വന്തം മതവിഭാഗത്തില്‍നിന്ന് ലഭ്യമാകാത്ത നീതി മുസ്‌ലിംകളില്‍നിന്ന് തങ്ങള്‍ക്ക് ലഭിച്ചത് ഇസ്‌ലാമിന്റെ മഹത്ത്വവും മാനുഷിക മുഖവും മനസ്സിലാക്കാന്‍ ഈജിപ്തുകാരെ സഹായിച്ചു. ഇക്കാരണത്താലാണ് അവര്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചതെന്ന് നിരവധി ചരിത്ര രേഖകള്‍ ഉദ്ധരിച്ച് സര്‍. തോമസ് ആര്‍നോള്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
20/640-ലുണ്ടായ ഈജിപ്ത് വിമോചനത്തോടെ ആരംഭിച്ച ആഫ്രിക്കന്‍ ജനതയുടെ ഇസ്‌ലാമാശ്ലേഷം നിരവധി നൂറ്റാണ്ടുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഉമറിനുശേഷം ഉഥ്മാന്റെ കാലത്തും ആഫ്രിക്കയിലെ കൂടുതല്‍ പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്കധീനമായി. തുനീഷ്യ, ലിബിയ (ട്രിപ്പോളി) എന്നിവിടങ്ങളില്‍ ഉഥ്മാന്റെ കാലത്താണ് ഇസ്‌ലാം പ്രചരിച്ചത്. പ്രസ്തുത കാലയളവില്‍ ആഫ്രിക്കയോടൊപ്പം ഹി. 28-ല്‍ മുസ്‌ലിംകള്‍ നാവികപ്പടയുടെ സഹായത്തോടെ കീഴടക്കിയ സൈപ്രസ് ദ്വീപിലും കാസ്പിയന്‍ സമുദ്രതീരത്തും ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിപ്രദേശങ്ങളിലും ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നു. ഉഥ്മാന്റെ കാലഘട്ടത്തില്‍തന്നെ ആഫ്രിക്കയിലെ ഇതര ക്രൈസ്തവരും ബര്‍ബരികളും ധാരാളം ഗോത്രവര്‍ഗക്കാരും കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരുന്നു. ഉമവീ കാലഘട്ടത്തിലും ആഫ്രിക്കയിലെ ഇസ്‌ലാമിന്റെ വ്യാപനം അഭംഗുരം തുടര്‍ന്നു. ഹി. 89-ല്‍ ഉമവീ ഖലീഫഃ അബ്ദുല്‍ മലികിന്റെ കാലത്ത് ഉത്തരാഫ്രിക്കയുടെ വിമോചനം പൂര്‍ത്തിയായി. അനന്തരം ഉത്തരാഫ്രിക്കയിലുടനീളം ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുകയുണ്ടായി. കടല്‍ കച്ചവടക്കാരുടെ പരിശ്രമങ്ങളും ഉത്തരാഫ്രിക്കയില്‍ ഇസ്‌ലാമിക പ്രബോധനം വ്യാപിക്കുന്നതില്‍ അനല്പമായ പങ്ക്‌വഹിച്ചിട്ടുണ്ട്.

അരിത്രിയ, സോമാലിയ എന്നിവിടങ്ങളിലെ ജനങ്ങളധികവും ഹി. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നതായി മനസ്സിലാക്കപ്പെടുന്നു. എത്യോപ്യയില്‍ വ്യാപകവും വ്യവസ്ഥാപിതവുമായി ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചത് ക്രി. 1300-ല്‍ അവിടെയെത്തിയ അബൂഅബ്ദില്ലാ മുഹമ്മദ് എന്ന പ്രബോധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഖേന എത്യോപ്യക്കാരില്‍ വലിയൊരു വിഭാഗം മുസ്‌ലിംകളായി. എത്യോപ്യയില്‍ നിരവധി ഇസ്‌ലാമിക ഭരണകൂടങ്ങള്‍ അധികാരം വാഴുകയുണ്ടായി. ക്രി. 1285 മുതല്‍ 1445 വരെയുള്ള ഈഫാത് സുല്‍ത്വാന്‍മാരുടെ ഭരണകാലത്ത് ധാരാളം അറബികള്‍ അബിസീനിയയില്‍ കുടിയേറിയിരുന്നു. ഇതിന്റെ ഫലമായി വര്‍ധിച്ച തോതില്‍ മതപരിവര്‍ത്തനം നടന്നിരിക്കണം. 15-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍മാര്‍ ആഫ്രിക്കയിലെത്തുമ്പോള്‍ ഇസ്‌ലാം എത്യോപ്യയിലെ നിര്‍ണായക ശക്തിയായി മാറിയിരുന്നു.

(i) സുഡാന്‍
ഹി. എട്ടാം നൂറ്റാണ്ടില്‍ ചെങ്കടല്‍ വഴി നിരവധി അറബി ഗോത്രങ്ങള്‍ സുഡാനില്‍ പ്രവേശിച്ചു. ഇവര്‍ സുഡാനിലെ സിനാര്‍ പ്രദേശത്ത് താമസമാക്കി. ഇവരുടെ പ്രവര്‍ത്തനഫലമായി അവിടത്തെ ജനത ഇസ്‌ലാമാശ്ലേഷിച്ചു. യൂറോപ്യന്മാരുടെ ആഗമന കാലത്ത് വടക്കന്‍ സുഡാനിലെ ജനത മുഴുവനും മുസ്‌ലിംകളായി മാറിയിരുന്നു.
ആഫ്രിക്കയില്‍ ഇസ്‌ലാമിന്റെ ആദ്യസംഘം എത്തിയ നാട് എന്ന സ്ഥാനം ലഭിച്ചത് എത്യോപ്യക്കായിരുന്നുവെങ്കിലും ഇസ്‌ലാമിക നാഗരികതയ്ക്ക് വിളനിലമായത് ഈജിപ്ഷ്യന്‍ മണ്ണാണ്. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലെന്ന് കീര്‍ത്തി കേട്ട ആ നാട് ഇസ്‌ലാമിക സംസ്‌കാരത്തിനും വൈജ്ഞാനിക വികാസത്തിനും ഇന്നും ലോകത്തിന് തന്നെ മാതൃകയായി നിലനില്ക്കുന്നു. ഈജിപ്തിലെ പ്രമുഖങ്ങളായ നിരവധി പട്ടണങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രചാര കേന്ദ്രങ്ങളായി നൂറ്റാണ്ടുകളോളം നിലനിന്നു. ചരിത്രപരമായ കാരണങ്ങളാലും ഈജിപ്തിന്റെ പ്രത്യേക സാഹചര്യങ്ങളാലുമാണ് ഈ സൗഭാഗ്യം അതിന്ന് ലഭിച്ചത്. ലോകത്തിലെത്തന്നെ ഏറ്റവും പൗരാണികവും പ്രസിദ്ധവുമായ സര്‍വകലാശാല-അല്‍അസ്ഹര്‍- ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടത്.

ഇസ്‌ലാം പശ്ചിമ-മധ്യമ സുഡാനിലേക്കും സാവന്ന പ്രദേശങ്ങളിലേക്കും വ്യാപിച്ചത് ഈജിപ്തിലൂടെയാണ്. ഹി. ആറാം നൂറ്റാണ്ടില്‍ ഇബാദീ ഭരണകാലത്താണ് മാലി ജനത ഇസ്‌ലാം ആശ്ലേഷിച്ചത്. മാലിയിലെ ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും ഇസ്‌ലാമികമായിട്ടില്ല. നിരവധി അന്ധവിശ്വാസങ്ങള്‍ അവര്‍ വച്ചുപുലര്‍ത്തുന്നു. ഗോത്രപാരമ്പര്യങ്ങളിലും ആചാരങ്ങളിലും അധിഷ്ഠിതമാണ് അവരുടെ വിശ്വാസം. ഐതിഹ്യങ്ങളിലും അദ്ഭുത കഥകളിലും അവര്‍ക്ക് ഏറെ താല്‍പര്യമാണ്. ഹി. രണ്ടാം നൂറ്റാണ്ടില്‍ ഇദ്‌രീസികളുടെ ഭരണകാലത്ത് മൊറോക്കോ പൂര്‍ണമായി ഇസ്‌ലാമില്‍ വന്നു. ഇദ്‌രീസുബ്‌നു അബ്ദില്ലായാണ് മൊറോക്കോയിലും പശ്ചിമാഫ്രിക്കയിലും ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചത്. ഹി. 169-ല്‍ ഫഖ്ഖ്‌യുദ്ധത്തില്‍ അലവികള്‍ പരാജയപ്പെട്ടപ്പോള്‍ ഒളിച്ചോടിയ ഇദ്‌രീസ് രണ്ടു വര്‍ഷത്തിനുശേഷം ആഫ്രിക്കയിലെ ത്വന്‍ജഃ പ്രവിശ്യയില്‍ വലീലഃ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഔറബഃ, മിക്‌നാസഃ, സനാതഃ തുടങ്ങിയ ബര്‍ബര്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തി. അത് വമ്പിച്ച വിജയമായിത്തീര്‍ന്നു. ഹി. 172-ല്‍ അദ്ദേഹം ഈ ഗോത്രക്കാരുടെ ഇമാമായി തെരഞ്ഞെടുക്കപ്പെട്ടു. വലീലഃ കേന്ദ്രമാക്കി അദ്ദേഹം ശക്തമായ ഭരണകൂടം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലത്ത് ധാരാളം ബര്‍ബരികള്‍ ഇസ്‌ലാമിലേക്ക് വന്നു.
സഹാറാ അതിര്‍ത്തിയില്‍ നൈജര്‍ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ടിമ്പക്‌റ്റോ എന്ന നഗരം അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കേന്ദ്രമായി പരിലസിച്ചു. ആ പട്ടണം ഇന്ന് സുഡാനിലാണ്. സഹാറ മരുഭൂമിയിലെ ബര്‍ബര്‍ വംശക്കാരില്‍ അധികവും ഹി. നാലാം നൂറ്റാണ്ടോടെ മുസ്‌ലിംകളായി. നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സഹാറ മരുഭൂമി താണ്ടിക്കടന്ന് ബര്‍ബര്‍ വംശജരായ ലംതൂനഃ ഗോത്രക്കാരുടെ വാസസ്ഥലമായ ഓഡ് ഗാസ്റ്റിലെത്തിയ പ്രസിദ്ധ സഞ്ചാരി ഇബ്‌നുഹൗഖല്‍ അവിടത്തെ ജനങ്ങളെല്ലാം മുസ്‌ലിംകളാണെന്ന് കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ലംതൂനഃ ഗോത്രക്കാരാണ് സഹാറയിലെ ജനങ്ങളില്‍ ഇസ്‌ലാം പ്രചരിപ്പിച്ചത്.

മുറാബിത്വ് രാജവംശത്തിന്റെ സ്ഥാപകനായ യൂസുഫുബ്‌നു താശുഫീന്റെ പിതൃവ്യന്‍ അബ്ദുല്ലാഹിബ്‌നു യാസീന്‍ ക്രി. 1042-ല്‍ ഇസ്‌ലാമിക പ്രബോധനത്തിനായി സനിഗല്‍ നദിയിലെ ഒരു തുരുത്തില്‍ ഒരു മഠം സ്ഥാപിച്ചു. അവിടെനിന്ന് നാട്ടിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പ്രബോധക സംഘങ്ങളെ അയച്ചുകൊണ്ടിരുന്നു. സനിഗലിലെ പ്രസിദ്ധമായ തഖ്മൂര്‍ ഗോത്രമാണ് ആദ്യമായി ഇവിടെ ഇസ്‌ലാം സ്വീകരിച്ചത്. 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആ പ്രദേശത്തെ കറുത്ത വര്‍ഗക്കാരില്‍ പൂര്‍ണമായും ഇസ്‌ലാം പ്രചരിച്ചു. അക്കാലത്ത് നൈജര്‍ നദീതീരത്തിന്റെ മധ്യത്തിലായി സൂന്‍ഗായി, മാലി എന്നീ രണ്ട് ഗോത്രങ്ങള്‍ക്കിടയ്ക്ക് ഇസ്‌ലാമിനുണ്ടായ വളര്‍ച്ച അദ്ഭുതകരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇങ്ങനെ സ്വൂഫീ പ്രബോധക സംഘങ്ങളിലൂടെയും ഭരണാധികാരികളിലൂടെയും ഇസ്‌ലാം ആഫ്രിക്കയുടെ ഇതര പ്രദേശങ്ങളില്‍ ദ്രുതഗതിയില്‍ വ്യാപിച്ചുകൊണ്ടിരുന്നു.
ക്രി. 1200-ല്‍ നൈജര്‍ തീരത്തെ ജന്ന എന്ന പട്ടണത്തിലെ രാജാവ് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ മാലിയിലെ 4200 പണ്ഡിതന്മാര്‍ പങ്കെടുത്തിരുന്നതായി രേഖകളുണ്ട്. യൂറോപ്യന്മാര്‍ ആഫ്രിക്കയിലെത്തുമ്പോള്‍ ആഫ്രിക്കന്‍ ജനതയുടെ പകുതിയും മുസ്‌ലിംകളായിക്കഴിഞ്ഞിരുന്നു. ആഫ്രിക്കയിലെ ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം പ്രവാചകന്റെ കാലം മുതല്‍ ആധുനിക കാലഘട്ടം വരെ നീണ്ടുനില്ക്കുന്നതായി കാണാം.

ഈജിപ്തിലെ അയ്യൂബീ സുല്‍ത്വാന്‍മാരുടെ കാലത്താണ് നൂബിയന്‍ ദേശത്ത് (കിഴക്കന്‍ സുഡാന്‍) ഇസ്‌ലാമിക പ്രചാരണം നടന്നതെങ്കില്‍ മൊഗാദിശു (സോമാലിയ), മുംബാസ (കെനിയ), സാന്‍സിബാര്‍, പമ്പ, കില്‍വ (താന്‍സാനിയ), മൊസാംബിക്, സോഫാല, ജൂഹാന (ഖമര്‍ദ്വീപ്) എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഹി. ഒന്നാം നൂറ്റാണ്ടില്‍തന്നെ ഇസ്‌ലാം പ്രചരിച്ചിരുന്നു. ഹി. 65-ല്‍ ഹദറമൗതില്‍നിന്ന് വന്ന സുലൈമാന്‍, സഈദ് എന്നീ സഹോദരന്മാരുടെ സംഘവും പിന്നീട് ക്രി. 975-ല്‍ തെക്കന്‍ ഇറാനില്‍നിന്ന് വന്ന വഹ്ബുബ്‌നു അലിയും അദ്ദേഹത്തിന്റെ ആറ് സഹോദരന്മാരുമായിരുന്നു മേല്‍പറയപ്പെട്ട പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. നൈജര്‍ നദിയുടെ കിഴക്കന്‍ കൈവഴിയിലുള്ള പ്രദേശങ്ങളില്‍ ഹി. 7-ാം നൂറ്റാണ്ടിനു മുമ്പ് ഇസ്‌ലാം എത്തിയിരുന്നതായി കാണാം. ചുരുക്കത്തില്‍ ക്രി. 15, 16 നൂറ്റാണ്ടോട് കൂടി ആഫ്രിക്കയില്‍ ഇസ്‌ലാം സ്വാധീനം നേടിക്കഴിഞ്ഞിരുന്നു.

(ii) ഹൗസാലാന്റ് (നൈജീരിയ)
ആഫ്രിക്കയിലെ ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാണ് നൈജീരിയ. ഹി. 7-10 നൂറ്റാണ്ടുകള്‍ക്കിടയ്ക്കാണ് അവിടെ ഇസ്‌ലാം ശക്തി പ്രാപിക്കുന്നത്. ക്രി. 16-ാം നൂറ്റാണ്ടില്‍ ബോര്‍നോ പ്രവിശ്യയില്‍നിന്നാണ് വടക്കന്‍ നൈജീരിയയില്‍ ഇസ്‌ലാം വ്യാപകമായി പ്രചരിച്ചത്.
അതിനുമുമ്പ് 13, 14 നൂറ്റാണ്ടുകളില്‍ പശ്ചിമാഫ്രിക്കയില്‍നിന്ന് വന്ന കച്ചവടക്കാര്‍ നൈജീരിയയിലെ ഫുലാനി, ഹൗസ ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവര്‍ മുഖേന പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്‌ലാം വ്യാപിച്ചു. ഉത്തര നൈജീരിയ ഇന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ദക്ഷിണ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കാണ് ഭൂരിപക്ഷം. ഇസ്‌ലാം സ്വീകരിച്ചിട്ടും ഇവിടത്തെ ജനങ്ങളില്‍ ഗോത്ര-വര്‍ഗ സംസ്‌കാരത്തില്‍ അധിഷ്ഠിതവും ബഹുദൈവ വിശ്വാസത്തിന്റെ കലര്‍പ്പുള്ളതുമായ പല ആചാരങ്ങളും നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉഥ്മാന്‍ ദാന്‍ഫോദിയോ (1754-1817) എന്ന ഫുലാനീ പണ്ഡിതനാണ് ഇസ്‌ലാമിനെക്കുറിച്ച് ഇവര്‍ക്ക് ശരിയായ ബോധനം നല്കിയത്.

(iii) സാംസ്‌കാരിക സങ്കലനം: ഭാഷയും മതവും
ഖിലാഫതുര്‍റാശിദഃയുടെ കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിക സാമ്രാജ്യത്തില്‍ വിവിധ മതക്കാരും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരും ഉണ്ടായിരുന്നു. ഇറാനികള്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരും അഗ്നിയാരാധകരുമായിരുന്നു. സിറിയയിലെയും ഈജിപ്തിലെയും ക്രിസ്ത്യാനികള്‍ സുറിയാനി, യൂനാനി ഭാഷകള്‍ സംസാരിക്കുന്നവരായിരുന്നു. അറേബ്യയിലും അതിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും മാത്രമായിരുന്നു അറബി ഭാഷ സംസാരിക്കപ്പെട്ടിരുന്നത്. അറബികള്‍ ഏതാണ്ട് എല്ലാവരും മുസ്‌ലിംകളായിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് എന്നീ നാടുകളില്‍ ഇസ്‌ലാം ദ്രുതഗതിയില്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടങ്ങളിലെ ജനത തങ്ങളുടെ പാരമ്പര്യ മതവിശ്വാസങ്ങള്‍ വെടിഞ്ഞ് കൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിച്ചു. ആദ്യകാല ഖലീഫഃമാരുടെ കാലത്ത് വംശദേശ വ്യത്യാസമില്ലാതെ ഇസ്‌ലാമില്‍ പ്രവേശിച്ച എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെട്ടിരുന്നു. ഉമവീ കാലം മുതല്‍ ഇതിന് ചില്ലറ വ്യതിയാനങ്ങള്‍ സംഭവിച്ചുതുടങ്ങി. മുസ്‌ലിംകള്‍ക്കധീനമായ പ്രദേശങ്ങളിലെ നിവാസികളധികവും ഇസ്‌ലാമിലേക്കു വന്ന് പുതിയ സംസ്‌കാരത്തിനും നാഗരികതയ്ക്കും അസ്തിവാരമിട്ടപ്പോള്‍ അവയെ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായി വര്‍ത്തിച്ചത് അറബി എന്ന പൊതുഭാഷയായിരുന്നു.

ഇസ്‌ലാം പ്രചരിച്ച നാടുകളിലെ ജനങ്ങള്‍ തങ്ങളുടെ പ്രാദേശിക ഭാഷകള്‍ക്ക് പകരം അറബിയെ സ്വന്തം ഭാഷയായി അംഗീകരിച്ചു. സ്വാഭാവികമായും അത് അറബി ഭാഷയ്ക്ക് മേല്‌ക്കോയ്മ ലഭിക്കാന്‍ കാരണമായി. പ്രാദേശിക ഭാഷകളുടെ സ്ഥാനം ക്രമേണ അറബി ഭാഷയ്ക്ക് കൈവന്നു. ഇങ്ങനെ ഇസ്‌ലാമികവല്‍ക്കരണവും അറബിവല്‍ക്കരണവും ഒരേ സമയം സംഭവിച്ചത് ആഫ്രിക്കയിലെ മുസ്‌ലിം ആധിപത്യത്തിന്റെ സവിശേഷതകളിലൊന്നാണ്. പില്ക്കാലത്ത് ഈജിപ്ത്, അല്‍ജീരിയ, മൊറോക്കോ തുടങ്ങിയ നാടുകളിലെ ജനങ്ങള്‍ അറബികളായിട്ടാണ് അറിയപ്പെട്ടത്. അറബി-ഇസ്‌ലാമികവല്‍ക്കരണത്തിന് വിധേയമായ ആഫ്രിക്കയുടെ ആധുനിക ചരിത്രം (15-ാം നൂറ്റാണ്ടിനുശേഷം) കോളനി വാഴ്ചയുമായി ബന്ധപ്പെട്ടതാണ്. മധ്യപൗരസ്ത്യ ദേശത്തെ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊറോക്കോ, അല്‍ജീരിയ, തുനീഷ്യ, ലിബിയ, മൗറിത്താനിയ, ഈജിപ്ത്, സുഡാന്‍, ജിബൂത്തി, സോമാലിയ എന്നിവിടങ്ങളിലും ജനങ്ങളുടെ സംസാരഭാഷ അറബിയായി മാറി. അങ്ങനെ ആഫ്രിക്കന്‍ ജനതയുടെ സംസ്‌കാരം ഇസ്‌ലാമിക സംസ്‌കാരവുമായി സംയോജിക്കപ്പെട്ടു. ഇസ്‌ലാമിന് പൂര്‍ണമായി സ്വാധീനം നേടാന്‍ കഴിയാത്തിടങ്ങളില്‍പോലും പ്രാദേശിക ഭാഷകള്‍ അറബിയുടെ സ്വാധീനത്താല്‍ അറബി ലിപി സ്വീകരിച്ചു നിലനിന്നു. എത്യോപ്യയിലെ ആംഹറിക്, ഗുറാജ്, ഒറോമോ എന്നിവ ഉദാഹരണം. തെക്കന്‍ സുഡാനില്‍ ജനങ്ങള്‍ മുസ്‌ലിംകളായിട്ടില്ലെങ്കിലും അവരുടെ വൈജ്ഞാനിക -വ്യവഹാരഭാഷ അറബിയായിട്ടുണ്ട്.ആഫ്രിക്കന്‍ സാഹിത്യം എന്നാല്‍ ഏറെക്കാലം ഇസ്‌ലാമിക സാഹിത്യമായിരുന്നു.1898 മുതല്‍ 1955 വരെ നീണ്ടുനിന്ന സുഡാനിലെ ബ്രിട്ടീഷ് ആധിപത്യം ആഫ്രിക്കയുടെ തെക്കോട്ടുള്ള ഇസ്‌ലാമിന്റെയും അറബി ഭാഷയുടെയും വ്യാപനത്തെ മന്ദഗതിയിലാക്കി. ഇസ്‌ലാമികവത്കൃത ഉത്തര സുഡാന്‍ ദക്ഷിണ സുഡാനുമായി ബന്ധപ്പെടുന്നത് ബ്രിട്ടീഷുകാര്‍ തടയുകയും ബ്രിട്ടീഷ് മേല്‍നോട്ടത്തില്‍ ദക്ഷിണ സുഡാനെ ക്രൈസ്തവവല്‍ക്കരിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്തു.

പൂര്‍വ ആഫ്രിക്കയുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് ഇസ്‌ലാം ആഫ്രിക്കയുടെ തെക്ക് ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദക്ഷിണ ആഫ്രിക്കയില്‍ എത്തുന്നത്. 18-ാം നൂറ്റാണ്ടില്‍ മലായ്-മുസ്‌ലിം അടിമകളുടെ ഇറക്കുമതിയിലൂടെയാണ് ഇസ്‌ലാം ദക്ഷിണാഫ്രിക്കയില്‍ വ്യാപിച്ചത്. ദക്ഷിണേഷ്യ, തെക്ക് കിഴക്കേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‌ലിം വ്യാപാരികളായിരുന്നു ഇതില്‍ മുഖ്യ പങ്കു വഹിച്ചത്. അക്കാലത്ത് ഇന്ത്യയിലെ ഗുജറാത്തില്‍നിന്നുള്ള ധാരാളം മുസ്‌ലിം വ്യാപാരികള്‍ ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നു. ആ സമൂഹവുമായുള്ള സമ്പര്‍ക്കം വഴി ഇസ്‌ലാം ദക്ഷിണാഫ്രിക്കയില്‍ പ്രചരിച്ചിരുന്നു. ആഫ്രിക്കയുടെ വടക്കന്‍ ഭാഗങ്ങളെക്കാള്‍ യൂറോപ്പില്‍നിന്ന് വളരെ അകന്ന് കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ ജനത മറ്റെല്ലാവരെക്കാളും വേഗത്തില്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു. ഇംഗ്ലീഷുകാരുടെ ദക്ഷിണാഫ്രിക്കയിലെ ആധിപത്യവും വെള്ളക്കാരുടെ കോളനികളുടെ സാന്നിധ്യവുമാണ് ഇതിന് കാരണമായത്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ ഉത്തരാഫ്രിക്കയിലെ മുസ്‌ലിംകളിലേതുപോലെ അറബി ഭാഷ വ്യാപകമായി പ്രചരിച്ചിരുന്നില്ല. അവര്‍ ഇംഗ്ലീഷിനെ തങ്ങളുടെ വൈജ്ഞാനിക ഭാഷയാക്കുകയായിരുന്നു.

അറബികളുടെ പടയോട്ടത്തെക്കാള്‍ ബര്‍ബരീ മുസ്‌ലിംകളുടെ വാണിജ്യയാത്രകളാണ് പശ്ചിമാഫ്രിക്കന്‍ പ്രദേശങ്ങളിലധികവും ഇസ്‌ലാം പ്രചരിക്കാന്‍ ഇടയായതെന്ന് യൂറോപ്യന്‍ ക്രൈസ്തവ ചരിത്രകാരന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കിഴക്കേ ആഫ്രിക്കയിലെ ഇസ്‌ലാമിന് കൂടുതലും അറബി സ്വാധീനമാണുള്ളത്. കിഴക്കനാഫ്രിക്ക ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഇന്നുവരെ അതിന്റെ അറബിച്ചുവ നിലനിര്‍ത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാം അവിടെ ഒരു വൈദേശിക മതമായിത്തന്നെ നില്ക്കുന്നു. എന്നാല്‍ പശ്ചിമാഫ്രിക്കയില്‍ സ്ഥിതി വ്യത്യസ്തമാണ്. കിഴക്കേ ആഫ്രിക്കയില്‍ പശ്ചിമാഫ്രിക്കയിലേതുപോലെ ശക്തരായ പ്രാദേശിക മുസ്‌ലിം നേതാക്കള്‍ ഉയര്‍ന്നുവരുന്നുമില്ല. അറബി വംശജര്‍ തന്നെയാണ് ഇന്നും കിഴക്കനാഫ്രിക്കയിലെ നേതൃത്വ രംഗത്തുള്ളത്. അതുമൂലം വൈദേശികമായ ഒരു ബുദ്ധിമുട്ട് ഇസ്‌ലാമിന് കിഴക്കനാഫ്രിക്കന്‍ നാടുകളില്‍ അഭിമുഖീകരിക്കേണ്ടിവന്നു. നൈജീരിയ പോലുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്‌ലാം അറബിവല്‍ക്കരണത്തിനു പകരം ആഫ്രിക്കന്‍വല്‍ക്കരണത്തിന് വിധേയമായതു മൂലമാണ് ക്രൈസ്തവ കോളനിവാഴ്ചക്കാലത്തുപോലും നൈജീരിയയില്‍ ഇസ്‌ലാം വ്യാപിക്കാനിടയായതെന്നാണ് പാശ്ചാത്യന്‍ ചരിത്രമതം. താഴെ വിവരിക്കുന്ന കാരണങ്ങളാലാണ് ആഫ്രിക്കയില്‍ മുഖ്യമായും ഇസ്‌ലാം പ്രചരിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം.

1. അറബികളുടെ പടയോട്ടങ്ങള്‍
ഇസ്‌ലാമിന്റെ പ്രാരംഭ ദശ മുതല്‍ അറബി പടയോട്ടങ്ങളും രാഷ്ട്രീയ ആധിപത്യവും അതിന്റെ പ്രചാരണത്തിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അംറുബ്‌നുല്‍ ആസ്വിന്റെ ഈജിപ്ത് വിമോചനം മുതല്‍ തുടങ്ങി ചരിത്രത്തിലുടനീളം നീണ്ടുനിന്നിട്ടുള്ളതും കാനിം-ബോര്‍ണോ സല്‍ത്വനത്-സോജ്ഹായ് ഭരണകൂടം, സ്വാഹിലി നഗര രാഷ്ട്രങ്ങളായ കില്‍വ, പേയ്റ്റ് തുടങ്ങിയ ആധുനിക നഗരരാഷ്ട്രങ്ങളുടെ രൂപീകരണം വരെയെത്തുന്ന കാലത്ത് ഇസ്‌ലാം ആഫ്രിക്കയില്‍ രാഷ്ട്രീയ ശക്തിയായിത്തന്നെ പ്രചരിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെട്ട ആഫ്രിക്കയില്‍ യൂറോപ്യന്‍ നഗരങ്ങളെ വെല്ലുന്ന തരത്തിലുള്ള നഗരങ്ങളും വൈജ്ഞാനിക കേന്ദ്രങ്ങളും മുസ്‌ലിംകള്‍ നിര്‍മിക്കുകയുണ്ടായി. കൈറോ, ഖൈറവാന്‍, ടിമ്പക്‌റ്റോ തുടങ്ങിയ പട്ടണങ്ങള്‍ ഇതിനുദാഹരണമാണ്.
2. അറബി മുസ്‌ലിംകളുടെ കുടിയേറ്റം
ഈ കുടിയേറ്റങ്ങള്‍ വമ്പിച്ച തോതില്‍ മതപരിവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. യമനിലെയും ഉമാനിലെയും അറബി-മുസ്‌ലിംകള്‍ കിഴക്കനാഫ്രിക്കന്‍ നാടുകളിലെ വിവിധ ദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നു. താന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളുടെ ഉദ്ഭവത്തിന് കാരണമായത് ഈ കുടിയേറ്റമാണ്.
3. കച്ചവട-വാണിജ്യ മാര്‍ഗങ്ങളിലൂടെയുള്ള പ്രചാരണം
പൗരാണിക കാലം മുതല്‌ക്കേ സഹാറയിലൂടെയുള്ള സാര്‍ഥവാഹക സംഘങ്ങള്‍ കച്ചവട യാത്രകള്‍ നടത്തിയിരുന്നു. ആഫ്രിക്കക്കാരും അറബികളുമായ സ്വാഹിലി കച്ചവട സംഘങ്ങള്‍ തങ്ങളുടെ യാത്രയ്ക്കിടക്ക് ഗനിയ, മാലി, സെനിഗല്‍, ഉഗാണ്ട, സയര്‍, മലാവി, മൊസാംബിക് എന്നീ ദേശങ്ങളില്‍ ഇസ്‌ലാം പ്രചരിപ്പിച്ചിരുന്നു.
4. ദഅ്‌വഃ പ്രവര്‍ത്തനങ്ങള്‍ (മിഷനറി സംഘം)
ആദ്യകാലങ്ങളില്‍ ശീഇകളിലെ വിവിധ നേതാക്കന്മാരും സ്വൂഫി വര്യന്മാരും പണ്ഡിത സംഘങ്ങളും ഇത്തരം പ്രബോധന പ്രവര്‍ത്തനം നടത്തിയിരുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് അസുഖങ്ങള്‍ സുഖപ്പെടുത്തിയ മന്ത്രവാദികളിലൂടെയും ഇസ്‌ലാമിന് അനുയായികളെ ലഭിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ സംസ്‌കാരം നിലനില്ക്കുന്ന ആഫ്രിക്കയില്‍ ജനങ്ങളില്‍ നല്ലൊരു പങ്കും ഇങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ ഇസ്‌ലാമിലേക്ക് വന്നവരാണ്. എന്നാല്‍ പ്രബോധനം ലക്ഷ്യം വച്ച് ആഫ്രിക്കയിലെത്തിയ സ്വൂഫിവര്യന്മാരുടെ പ്രവര്‍ത്തനവും കുറവല്ല. ആധുനിക കാലഘട്ടത്തില്‍ അറബി നാടുകളില്‍നിന്നുള്ള ദഅ്‌വഃ സംഘങ്ങള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്നു. (നോ: ആഫ്രിക്ക).
5. നവോത്ഥാന സംരംഭങ്ങള്‍
ഉഥ്മാന്‍ ദാന്‍ഫോദിയോ (1754-1817 നൈജീരിയ), മുഹമ്മദുബ്‌നു അബ്ദില്ലാ (സുഡാന്‍), മുഹമ്മദുബ്‌നു അലി സനൂസി (1791-1851 ലിബിയ), ഇമാം ഹസനുല്‍ ബന്നാ, മുസ്വ്ത്വഫസ്സിബാഈ തുടങ്ങിയ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലെ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആഫ്രിക്കന്‍ ജനതയില്‍ നല്ലൊരു പങ്കിനും ഇസ്‌ലാമിന്റെ ശരിയായ വശം മനസ്സിലാക്കാന്‍ കഴിഞ്ഞത്.
അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ, ബഹുദൈവത്വപരമായ പല വിശ്വാസങ്ങളും വച്ചുപുലര്‍ത്തിയിരുന്ന ആഫ്രിക്കന്‍ ജനതയില്‍ മുന്‍ചൊന്ന നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കയുടെ ഉത്തര-പശ്ചിമ ഭാഗങ്ങളിലും എത്യോപ്യയിലും ലക്ഷക്കണക്കിന് അപരിഷ്‌കൃതരായ ഗോത്രവര്‍ഗക്കാര്‍ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ തുടങ്ങിയത് സനൂസിയുടെ പ്രവര്‍ത്തനഫലമായിട്ടായിരുന്നു. ഹൗസ, ഫുലാനീ ഗോത്രക്കാരായ നൈജീരിയന്‍ മുസ്‌ലിംകളെ തൗഹീദിന്റെ വാഹകരാക്കി മാറ്റുന്നതിലും അവര്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ ചിത്രം മനസ്സിലാക്കിക്കൊടുക്കുന്നതിലും ദാന്‍ഫോദിയോയുടെ പ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സുഡാനീ മുസ്‌ലിംകളെ വിശ്വാസത്തിന്റെ ശരിയായ പാതയില്‍ ചരിക്കാന്‍ പ്രേരിപ്പിച്ചത് മുഹമ്മദ് അബ്ദുല്ലായുടെ പ്രവര്‍ത്തനങ്ങളാണ്. ഇന്ന് ആഫ്രിക്കയിലെ പകുതിയിലധികം ജനങ്ങളും മുസ്‌ലിംകളാണ്. ആഫ്രിക്കയുടെ മേധാവിത്വത്തിനും അതിന്റെ ക്രൈസ്തവവല്‍ക്കരണത്തിനുമായി യൂറോപ്യന്‍ ക്രൈസ്തവ മിഷനറികളുടെ അനവധി സംഘങ്ങള്‍ ഇന്ന് അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഫ്രിക്കന്‍ മുസ്‌ലിംകളില്‍ പലരെയും അടിമകളാക്കി അമേരിക്കയില്‍ കൊണ്ടുപോയി വിറ്റ് കോടികള്‍ സമ്പാദിച്ച സാമ്രാജ്യ ശക്തികള്‍ പിന്നീട് അവരുടെ ഭൂപ്രദേശങ്ങള്‍ പങ്കിട്ടെടുത്തു. ഇന്ന് അവരെ ക്രൈസ്തവ വല്‍ക്കരിക്കാനായി കോടിക്കണക്കിന് ഡോളറുകള്‍ ചെലവിടുന്നു. പലപ്പോഴും ഈ മിഷനറി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുമായി വംശീയ-വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. മുസ്‌ലിംകളായി അറിയപ്പെടുന്നുവെങ്കിലും ഇസ്‌ലാമിന്റെ തനത് ചിത്രം മനസ്സിലാക്കാത്തവരാണ് ഗോത്രവര്‍ഗക്കാരും ആദിമവാസികളും മറ്റും. അവരില്‍ പലരും തങ്ങളുടെ പാരമ്പര്യ ഗോത്ര ദൈവങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിക്കുന്നവരായുണ്ട്. അവര്‍ക്കിടയില്‍ പ്രബോധനം നടത്തുന്നതിന് മുസ്‌ലിം ദഅ്‌വഃ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ക്രൈസ്തവവല്‍ക്കരിക്കുന്നതിന് ക്രിസ്തീയ മിഷനറി സംഘങ്ങളും രംഗത്തുണ്ട്.

ഇസ്‌ലാം ആഫ്രിക്കന്‍ ജനതയുടെ ജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇസ്‌ലാമിക വിജ്ഞാനം സാര്‍വത്രികമായ ഇടങ്ങളില്‍ അന്ധവിശ്വാസങ്ങള്‍  ദൂരീകൃതമായി. നരഹത്യ, നരഭോജനം തുടങ്ങിയ അത്യന്തം അപരിഷ്‌കൃതമായ ആചാര സമ്പ്രദായങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വ്യാപനത്തോടെ വിരാമമായി. രാഷ്ട്രീയമായ ഭദ്രത കൈവന്നു. ഇസ്‌ലാം ജനങ്ങളെ ഏകോപിപ്പിക്കുകയും ശക്തമായ ഭരണകൂടങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്തു. സാമ്പത്തിക-നീതിന്യായ ക്രമങ്ങള്‍ക്ക് ഉന്നതമായ ആദര്‍ശത്തിന്റെ അസ്തിവാരം കൈവന്നു. അറബി ഭാഷയില്‍ ഗ്രന്ഥരചന ആരംഭിക്കുകയും ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ലിപികളില്ലാതിരുന്ന നിരവധി ആഫ്രിക്കന്‍ ഭാഷകള്‍ക്ക് ലിപി ലഭ്യമായി. ഉദാ. ഹൗസ, ഫുലാനി, സ്വാഹിലി, ഒരോമോ. അടിമകള്‍ക്ക് പോലും മാന്യമായ പരിഗണന നല്കപ്പെട്ടു. സാംസ്‌കാരിക രംഗവും അഭിവൃദ്ധിപ്പെട്ടു. അറേബ്യന്‍ ജനതയില്‍ ഇസ്‌ലാം സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ പല മാതൃകകളും ആഫ്രിക്കയിലും ആവര്‍ത്തിക്കപ്പെട്ടു.എന്നാല്‍ 18, 19 നൂറ്റാണ്ടുകളില്‍ ആഫ്രിക്കയില്‍ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്മാരും അവരുടെ പിന്തുണയോടെ തദ്ദേശീയര്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം തുടങ്ങിയ ക്രിസ്ത്യന്‍ പാതിരിമാരും ആഫ്രിക്കയുടെ സാംസ്‌കാരിക സ്വത്വം തകര്‍ക്കുന്നതിനും അവരെ പല നിലയില്‍ ചൂഷണം ചെയ്യുന്നതിനും ശ്രമിക്കുകയുണ്ടായി.
ആഫ്രിക്കയില്‍ നിലനിന്നിരുന്ന കിരാതവും അപരിഷ്‌കൃതവുമായ അടിമവ്യാപാരം അതിന്റെ എല്ലാ കെടുതികളോടും കൂടി യൂറോപ്യന്‍മാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയപ്പോള്‍ ഇസ്‌ലാം അതിന് ആധിപത്യം ലഭിച്ച നാടുകളിലെ അടിമകളോട് അങ്ങേയറ്റം മനുഷ്യത്വപരമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്. പടിഞ്ഞാറന്‍ സാമ്രാജ്യ ശക്തികളില്‍ താരതമ്യേന സഹിഷ്ണുതാപൂര്‍വമായ സമീപനം പുലര്‍ത്തിയിരുന്ന ബ്രിട്ടീഷുകാര്‍പോലും ആഫ്രിക്കയില്‍ വിശിഷ്യാ, സുഡാനിലും നൈജീരിയയിലും ഇസ്‌ലാം വിരുദ്ധവും ക്രൈസ്തവ പക്ഷപാതത്തിലധിഷ്ഠിതവുമായ ഒരു സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെതില്‍നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ പലപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു മതത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. ഇരു അധിനിവേശ ശക്തികളും തമ്മിലുള്ള പ്രകടമായ വ്യത്യാസമാണിവിടെ കാണാന്‍ കഴിയുന്നത്. മുസ്‌ലിം രാഷ്ട്രീയ ശക്തികള്‍ ആഫ്രിക്കന്‍ ജനതയുടെ സര്‍വതോമുഖമായ വികസനത്തിനും മോചനത്തിനും വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ ജനതയെ ചൂഷണം ചെയ്യാനും അവരുടെ ഭൂപ്രദേശം കോളനികളാക്കാനും ശ്രമിക്കുകയാണ് പാശ്ചാത്യര്‍ ചെയ്തത്. ഈ വശം മറച്ചുപിടിച്ചുകൊണ്ട് ചരിത്രത്തിന് പുതിയ ഭാഷ്യം ചമയ്ക്കാനാണ് പടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചുപോന്നത്. ആഫ്രിക്കയിലെ ഗോത്രവര്‍ഗ മതങ്ങളുടെ സഹിഷ്ണുതാപരമായ സമീപനം മൂലമാണത്രെ ഇസ്‌ലാം- ക്രൈസ്തവ മതങ്ങള്‍ക്ക് അവിടെ ദ്രുതഗതിയില്‍ പ്രചാരണം സിദ്ധിച്ചത്! ഇസ്‌ലാമിന്റെ വ്യാപനം, വികാസം, നവോത്ഥാനം തുടങ്ങിയവയെയും ആഫ്രിക്കന്‍ ജനതയുടെ പട്ടിണി, വരള്‍ച്ച, ദാരിദ്ര്യം എന്നിവയെയും പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തിന്റെ തിളക്കവുമായി താരതമ്യപ്പെടുത്തി വികൃതമാക്കാനുള്ള പടിഞ്ഞാറന്‍ ചരിത്രകാരന്മാരുടെ ശ്രമം കൗതുകകരമാണ്.

അവലംബം : ഇസ്‌ലാമിക വിജ്ഞാനകോശം

About the author

admin

Leave a Comment