Akhirath

പരലോകവിശ്വാസം

മരിച്ചുമണ്ണടിയുന്നതോടെ മനുഷ്യജീവിതം അവസാനിക്കുന്നുവെന്ന വിശ്വാസമാണ് ഖുര്‍ആനവതരിക്കുന്ന കാലത്ത് അറബികള്‍ക്കുണ്ടായിരുന്നത്. മരണാനന്തര ജീവിതത്തിന്റെ സംഭാവ്യതയെ നിഷേധിച്ചിരുന്ന ആ സമൂഹത്തിന് അനിഷേധ്യമായ തെളിവുകള്‍ നിരത്തിക്കൊണ്ട്, മനുഷ്യന്‍ പരലോകത്ത് പുനര്‍ജനിക്കുക സാധ്യമാണെന്ന് ഖുര്‍ആന്‍ സ്ഥാപിച്ചു: ”മനുഷ്യന്‍ കണ്ടില്ലേ, നാമവനെ ഒരിന്ദ്രിയകണത്തില്‍നിന്ന് സൃഷ്ടിച്ചത്? അതിനുശേഷമവന്‍ വ്യക്തമായ താര്‍ക്കികനായിരിക്കുന്നു. നമുക്കവന്‍ ഉപമ ചമയ്ക്കുന്നു. സ്വന്തം സൃഷ്ടിപ്പിന്റെ കാര്യം മറന്നുകൊണ്ട് അവന്‍ ചോദിക്കുകയാണ്, നുരുമ്പിച്ച അസ്ഥികള്‍ ആരാണ് (വീണ്ടും) ജീവിപ്പിക്കുക? പറയുക, ആദ്യതവണ ഉണ്ടാക്കിയവന്‍തന്നെ വീണ്ടുമതിനെ ജീവിപ്പിക്കും. സൃഷ്ടിപ്പിന്റെ രഹസ്യങ്ങളെല്ലാമറിയുന്നവനത്രെ അവന്‍!” (36: 77-79). പുനരുത്ഥാനത്തെക്കുറിച്ച് സംശയാലുക്കളായവര്‍ക്ക് മനുഷ്യസൃഷ്ടിയുടെ വിവിധ ഘട്ടങ്ങളെ ഖുര്‍ആന്‍ തെളിവായുദ്ധരിക്കുന്നു. ”ജനങ്ങളേ, പുനരുത്ഥാനത്തെക്കുറിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (കേട്ടുകൊള്ളുക), നിസ്സംശയം നാമാണ് നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചത്. പിന്നെ രേതസ്‌കണത്തില്‍നിന്ന്, പിന്നെ, ഒട്ടിനില്‍ക്കുന്ന (ഭ്രൂണ)തില്‍നിന്ന്. പിന്നെ, രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഇതെല്ലാം വിവരിക്കുന്നത് നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാന്‍ വേണ്ടിയാണ്. നാമുദ്ദേശിക്കുന്ന ബീജങ്ങളെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിത അവധി വരെ നാം പാര്‍പ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു….. ഭൂമി നിര്‍ജീവമായിക്കിടക്കുന്നത് നീ കാണുന്നു. അതിന്മേല്‍ നാം ജലം വര്‍ഷിച്ചാല്‍ അത് കുടഞ്ഞെഴുന്നേല്‍ക്കുന്നു. കൗതുകകരമായ വിവിധ ഇനം സസ്യങ്ങളെല്ലാം മുളപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം തെളിയിക്കുന്നത് അല്ലാഹു (അനിഷേധ്യ) യാഥാര്‍ഥ്യമാണെന്നും അവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കുമെന്നും അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണെന്നുമത്രെ” (22: 5, 6), ”അവന്‍ ഗ്രഹിക്കുന്നില്ലേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനും അവ സൃഷ്ടിക്കാന്‍ ഒട്ടും ക്ലേശിക്കേണ്ടിവന്നിട്ടില്ലാത്തവനുമായ അല്ലാഹുവിന് മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ കഴിയുമെന്ന്? അതെ നിസ്സംശയം, അതിനെല്ലാം കഴിവുറ്റവനാണവന്‍.” (46: 33)

ഐഹികജീവിതം ഒരു പരീക്ഷണം
ഈ ലോകം മനുഷ്യന് പരീക്ഷണാലയമാണെന്നത് പരലോകത്തിന്റെ ആസ്തിക്യവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പ്രഖ്യാപിച്ചു. അല്ലാഹു ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ച് പലതരം കഴിവുകളും അവ പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. മനുഷ്യന്റെയും അവനുള്‍പ്പെടുന്ന സമൂഹത്തിന്റെയും സൈ്വരജീവിതം സാധിക്കാന്‍ ഏതു മാര്‍ഗം സ്വീകരിക്കണമെന്ന് ഗ്രഹിക്കാനാവശ്യമായ വിശേഷബുദ്ധി പ്രദാനം ചെയ്തു. മനുഷ്യന് നല്‍കപ്പെട്ട കഴിവുകള്‍ പ്രയോഗിക്കുന്നതിനും ഭൂമിയിലെ വിഭവങ്ങളുപയോഗിക്കുന്നതിലും പാലിക്കേണ്ട നിയന്ത്രണങ്ങളെന്തൊക്കെയാണെന്ന് അവനു ബോധനം നല്‍കുകയും ചെയ്തു. പ്രസ്തുത നിയന്ത്രണങ്ങള്‍ പാലിക്കാനും അവ ലംഘിക്കാനും കഴിവും സ്വാതന്ത്ര്യവുമുണ്ടായിരിക്കെ മനുഷ്യന്‍ ഏതു മാര്‍ഗം തെരഞ്ഞെടുക്കുന്നു? ഇതാണ് പരീക്ഷണം. മനുഷ്യനുമുമ്പിലുള്ള രണ്ട് മാര്‍ഗങ്ങളിലൊന്ന് നന്മയുടേതാണ്. രണ്ടാമത്തേത് തിന്മയുടേതും. സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസവും സത്യവും ഉത്കൃഷ്ടമൂല്യങ്ങളും അടിസ്ഥാനമാക്കി തനിക്കും അന്യര്‍ക്കും ഗുണം ചെയ്യുന്ന ജീവിതവുമാണ് നന്‍മയുടെ മാര്‍ഗം. ദൈവനിഷേധം, ഉത്തമമൂല്യങ്ങളുടെ തിരസ്‌കരണം, സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി അന്യരെ ദ്രോഹിക്കുന്ന ജീവിതം – ഇതാണ് തിന്മയുടെ മാര്‍ഗം. ഇതില്‍ ഏതാണ് തെരഞ്ഞെടുക്കുക? ഈ പരീക്ഷണം ഓരോ മനുഷ്യനും അഭിമുഖീകരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”ഭൂമിക്കു മുകളിലുള്ളതെല്ലാം നാം അതിനലങ്കാരമാക്കി; അവരെ ഉത്തമമായ കര്‍മം ചെയ്യുന്നവരാരെന്നു പരീക്ഷിക്കാന്‍” (18: 7). കൂടുതല്‍ വിശദമായി: ”മനുഷ്യനെ നാം മിശ്രിതമായ ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. അതിനായി അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി. മാര്‍ഗം കാണിച്ചുകൊടുത്തു. ഇതെല്ലാമുപയോഗിച്ച് അവന്ന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനാകാം.” (76: 2, 3)
പരീക്ഷണാലയമായ ഇഹലോകം നശ്വരവും പരലോകജീവിതം അനശ്വരവുമാണ്: ”പറയുക, ഇഹലോകവിഭവം തുഛമാകുന്നു. ദൈവഭയമുള്ളവര്‍ക്ക് പരലോകമാണ് ഏറെ ഉത്തമം” (4: 77). ”എന്നാല്‍ നിങ്ങള്‍ ഇഹലോകത്തിന് മുന്‍ഗണന നല്‍കുന്നു. പരലോകമാകുന്നു ഉത്കൃഷ്ടവും ശാശ്വതവും.” (86: 16, 17)
പരീക്ഷണമെന്ന സങ്കല്‍പത്തിന്റെ അനിവാര്യഘടകമാണ് പ്രതിഫലം. ഐഹികജീവിതത്തില്‍ ശരിയായ ദൈവവിശ്വാസവും ഉത്തമ കര്‍മവും സ്വീകരിച്ചവര്‍ക്ക് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതവും പരലോകത്ത് ഉന്നതമായ പ്രതിഫലവും ലഭിക്കും: ”പുരുഷനാവട്ടെ, സ്ത്രീയാവട്ടെ, ഏതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നുവോ, അവന്ന് ഈ ലോകത്ത് നാം ഉത്തമജീവിതം നില്‍കും. (പരലോകത്തില്‍) അവരുടെ പ്രതിഫലം അവരുടെ ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുകയും ചെയ്യും.” (16: 97) സദ്‌വൃത്തര്‍ക്ക് ഉത്തമപ്രതിഫലമെന്നപോലെ ദുഷ്‌കര്‍മികള്‍ക്ക് തക്കശിക്ഷയും ലഭിക്കേണ്ടതുണ്ട്: ”തീര്‍ച്ചയായും നിങ്ങളുടെ പ്രയത്‌നങ്ങള്‍ ബഹുവിധമാകുന്നു. ആര്‍ (നല്ല കാര്യങ്ങള്‍ക്ക്) ധനം നല്‍കുകയും (ദൈവനിര്‍ദേശങ്ങള്‍) സൂക്ഷിക്കുകയും നന്മയെ സത്യമായംഗീകരിക്കുകയും ചെയ്തുവോ, അവനെ നാം സുഗമമായ മാര്‍ഗത്തിലാക്കും. ആര്‍ ലുബ്ധനാവുകയും (ദൈവത്തെ നിരാകരിച്ച്) താന്‍പോരിമ നടിക്കുകയും നന്മയെ തളളിപ്പറയുകയും ചെയ്യുന്നുവോ, അവനെ നാം ദുര്‍ഘടമായ മാര്‍ഗത്തിലുമാക്കും.” (91: 4-10)

മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ് വരെ
മരണം ഇഹലോകജീവിതത്തിന്റെ അവസാനവും പരലോകജീവിതത്തിന്റെ ആരംഭവുമാണ്. മരണം മുതല്‍ പുനരുത്ഥാനം വരെയുള്ള കാലത്ത് തങ്ങുന്ന സങ്കേതത്തിന് ‘ബര്‍സഖ്’ എന്ന നാമം നല്‍കപ്പെട്ടിരിക്കുന്നു: ”അവര്‍ക്കു മരണശേഷം പുനരുജ്ജീവിപ്പിക്കപ്പെടുന്ന നാള്‍ വരെ തങ്ങുന്ന ഒരു ‘ബര്‍സഖ്’ ഉണ്ട്” (23: 100). പുനരുത്ഥാനനാള്‍ വരെയുള്ള ഇടക്കാലത്ത് കേവലമായ ശൂന്യാവസ്ഥയിലായിരിക്കയില്ല മനുഷ്യാത്മാക്കള്‍ എന്നാണ് ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്. സല്‍പന്ഥാവില്‍ ജീവിച്ച് ദൈവപ്രീതിക്കര്‍ഹത നേടിയവര്‍ക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന സ്വര്‍ഗീയപ്രതിഫലത്തിന്റെ പ്രാരംഭമായ സുഖാനുഭൂതികള്‍ മരണത്തോടെ അനുഭവവേദ്യമായിത്തുടങ്ങും. ദുര്‍മാര്‍ഗചാരികള്‍ക്ക് നരകത്തിലനുഭവിക്കാന്‍ പോകുന്ന ദുരനുഭവങ്ങളുടെ ചൂടും.
ബര്‍സഖ്ഘട്ടം അവസാനിക്കുന്നത് അന്ത്യനാളോടുകൂടിയാണ്. ഭൂലോകത്ത് മനുഷ്യജീവിതം എത്രകാലം തുടരുമെന്നോ എപ്പോള്‍ അവസാനിക്കുമെന്നോ ആര്‍ക്കും അറിഞ്ഞുകൂടാ. ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിങ്കലാണ് അന്ത്യസമയത്തെ സംബന്ധിച്ച ജ്ഞാനമുള്ളത്”(31: 34), ”ജനങ്ങള്‍ നിന്നോട് അന്ത്യസമയത്തെക്കുറിച്ച് ചോദിക്കുന്നു. പറയുക, അതേസംബന്ധിച്ച ജ്ഞാനം അല്ലാഹുവിന്റെ പക്കല്‍ മാത്രമേയുള്ളൂ” (33: 63).
മനുഷ്യലോകത്തിന്റെ അന്ത്യം സംഭവിക്കുന്നത് അവിചാരിതമായിട്ടായിരിക്കുമെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന: ”അവര്‍ അന്ത്യനിമിഷത്തെയാണോ കാത്തിരിക്കുന്നത്, അത് ആകസ്മികമായി വന്നെത്തുവാന്‍? അതിന്റെ ലക്ഷണങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു” (47: 18). എന്നിരുന്നാലും ലോകാവസാനത്തിന്റെ ലക്ഷണങ്ങളും അത് സംഭവിക്കാനടുത്തുവെന്നതിന്റെ സൂചനകളും നേരത്തേ പ്രത്യക്ഷപ്പെടുമെന്ന് ഖുര്‍ആന്‍സൂക്തങ്ങളില്‍നിന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാകുന്നു.

ഉയിര്‍ത്തെഴുന്നേല്‍പ്
ലോകാവസാനത്തോടെ പരലോകജീവിതവുമായി ബന്ധപ്പെട്ട സംഭവപരമ്പരകള്‍ക്കു തുടക്കംകുറിക്കുന്നു. അതിന്റെ ആദ്യഘട്ടം ഭൂമിയിലെ ജീവിതത്തിന്റെ അന്ത്യമാണ്. മനുഷ്യരൊന്നടങ്കം അന്നു മരണമടയും. സകല ജീവജാലങ്ങളുടെയും അന്ത്യം സംഭവിക്കും. ഖുര്‍ആന്റെ വിവരണമനുസരിച്ച്, ”കാഹളം ഊതപ്പെടും. അപ്പോള്‍ വാനിലും ഭൂമിയിലുമുള്ളവരെല്ലാം മരിച്ചുവീഴുന്നു, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ” (39: 67). രണ്ടാം ഘട്ടത്തില്‍ ഭൂമിയില്‍ ജീവിച്ചുമരിച്ച എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും: ”പിന്നെ രണ്ടാമതും ഊതപ്പെടും. അപ്പോള്‍ എല്ലാവരുമതാ എഴുന്നേറ്റ് (നാലുപാടും) നോക്കുന്നു. ഭൂമി അതിന്റെ നാഥന്റെ പ്രകാശത്താല്‍ പ്രശോഭിതമാകുന്നു. (കര്‍മങ്ങളുടെ) ഗ്രന്ഥം സമര്‍പ്പിക്കപ്പെടുന്നു. പ്രവാചകന്മാരും സാക്ഷികളും ആനയിക്കപ്പെടുന്നു. ജനങ്ങള്‍ക്കിടയില്‍ ന്യായമായ വിധി പ്രസ്താവിക്കപ്പെടുന്നു. അവരോട് അനീതി ചെയ്യപ്പെടുകയില്ല” (39: 67, 68). ലോകാരംഭം മുതല്‍ അന്ത്യനാള്‍ വരെയുള്ള സുദീര്‍ഘകാലയളവില്‍ ഭൂമുഖത്ത് ജനിച്ച് ജീവിച്ച് മരിച്ച എല്ലാ മനുഷ്യരും ഒരുമിച്ചാണന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. മൃതദേഹങ്ങള്‍ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടതാകട്ടെ, അഗ്നിയില്‍ ദഹിപ്പിക്കപ്പെട്ടതാകട്ടെ, കടലിലോ കരയിലോ ബഹിരാകാശത്തോ എവിടെ, ഏതവസ്ഥയില്‍ സ്ഥിതിചെയ്യുന്നതാകട്ടെ അവയ്‌ക്കെല്ലാം വീണ്ടും ജീവന്‍ ലഭിക്കും. ”കാഹളം ഊതപ്പെടും. അപ്പോള്‍ അവരെ ഒന്നടങ്കം നാം ഒരുമിച്ചുകൂട്ടും.” (18: 99)
ഖുര്‍ആന്റെ പൊതുവായ പരാമര്‍ശങ്ങളില്‍നിന്ന് ഗ്രാഹ്യമാകുന്നത് ശരീരത്തോടെയായിരിക്കും പുനരുത്ഥാനമെന്നാണ്. ഹദീസുകളിലത് കൂടുതല്‍ വ്യക്തമാണ്. മരണശേഷമുള്ള ഒരു കാര്യത്തെക്കുറിച്ചും ഖണ്ഡിതജ്ഞാനം സൃഷ്ടികളിലാര്‍ക്കുമില്ല. ഭൗതികലോകത്തിനപ്പുറമുള്ള അദൃശ്യകാര്യങ്ങള്‍ അറിയുന്ന പ്രപഞ്ചസ്രഷ്ടാവ് അറിയിച്ചുതന്ന വിവരങ്ങളേ ഇക്കാര്യത്തില്‍ നമ്മുടെ പക്കലുള്ളൂ.
മൃതശരീരം മണ്ണില്‍ ലയിക്കുകയും അസ്ഥികള്‍ ദ്രവിക്കുകയും ചെയ്തശേഷം എങ്ങനെയാണ് ശരീരം പൂര്‍വസ്ഥിതി പ്രാപിക്കുകയെന്ന സംശയമുന്നയിച്ച പരലോക നിഷേധികള്‍ക്ക് ഖുര്‍ആന്‍ ഇങ്ങനെ മറുപടി നല്‍കി: ”അവര്‍ ചോദിക്കുന്നു: ‘ഞങ്ങള്‍ കേവലം അസ്ഥികളും ദ്രവിച്ച അവശിഷ്ടങ്ങളുമായിത്തീര്‍ന്നശേഷം വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?’ പറയുക: ‘നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അഥവാ നിങ്ങളുടെ മനസ്സില്‍ വലുതായിത്തോന്നുന്ന മറ്റേതെങ്കിലും സൃഷ്ടിയായിക്കൊള്ളുക.’ (എന്നാലും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും). അപ്പോള്‍ അവര്‍ ചോദിക്കും: ‘ആരാണ് ഞങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുക?’ പറയുക: നിങ്ങളെ ഒന്നാം തവണ സൃഷ്ടിച്ചവന്‍തന്നെ.” (17: 49-51)

വിചാരണ
അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന മനുഷ്യരഖിലം വിചാരണയ്ക്കായി ഹാജറാകുന്നതാണ് അടുത്ത സംഭവം. അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ അണിനിരക്കും; ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത എല്ലാ കര്‍മങ്ങളെക്കുറിച്ചും വിചാരണ നേരിടാന്‍. വിചാരണയ്ക്കാവശ്യമായ സാക്ഷ്യങ്ങള്‍ അവിടെ ഹാജറാക്കപ്പെടും. മനുഷ്യന്റെ ഓരോ പ്രവൃത്തിയും വാക്കും ചലനവും സൂക്ഷ്മമായി രേഖപ്പെടുത്തിയ ഗ്രന്ഥം ഓരോരുത്തര്‍ക്കും നല്‍കപ്പെടും. അവ രേഖപ്പെടുത്തിയ മലക്കുകളും അവയ്ക്കു സാക്ഷ്യം വഹിക്കുന്ന സാക്ഷികളും കൂടെയുണ്ടാവും (ഖുര്‍ആന്‍ 18: 47-49).
പരലോകത്തിലെ വിചാരണയില്‍ മുഖ്യമായ ഒരു സാക്ഷ്യം ദൈവദൂതന്മാരുടേതായിരിക്കും. മനുഷ്യര്‍ക്ക് സത്യത്തിന്റെയും നന്മയുടെയും മാര്‍ഗം കാണിച്ചുകൊടുക്കാന്‍ ദൈവത്താല്‍ നിയുക്തരായവരാണ് പ്രവാചകന്മാര്‍. ആദിമമനുഷ്യന്‍ മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ജനസമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ അല്ലാഹു മനുഷ്യരില്‍നിന്നുതന്നെയുള്ള ഒട്ടേറെ ദൂതന്മാരെ തെരഞ്ഞെടുത്ത് നിയോഗിക്കുകയുണ്ടായി (ഖുര്‍ആന്‍: 16: 36, 4: 165). അവര്‍ താന്താങ്ങള്‍ നിയോഗിക്കപ്പെട്ട ജനതയ്ക്ക് ദൈവസന്ദേശമെത്തിക്കുകയും ചെയ്തു. മനുഷ്യരോട് അവരുടെ കര്‍മങ്ങളെക്കുറിച്ചെന്നപോലെ പ്രവാചകന്മാരോട് അവരുടെ കര്‍ത്തവ്യനിര്‍വഹണത്തെക്കുറിച്ചും അല്ലാഹു ചോദിക്കും (ഖുര്‍ആന്‍: 7: 6). സത്യമാര്‍ഗത്തിലേക്കുള്ള ക്ഷണം ശ്രവിച്ചശേഷം അസത്യത്തിന്റെ വഴി തെരഞ്ഞെടുത്ത മനുഷ്യര്‍ക്കെതിരില്‍ പ്രവാചകന്മാര്‍ സാക്ഷ്യംവഹിക്കും; ദൈവസന്ദേശം വ്യക്തമായും യഥാതഥമായും തങ്ങളവര്‍ക്കെത്തിച്ചുകൊടുത്തുവെന്ന്.
ദൈവദൂതന്മാരിലൊരാളായ ഈസാനബി (യേശുക്രിസ്തു) നല്‍കുന്ന സാക്ഷ്യത്തിന്റെ ഉദാഹരണം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ”അല്ലാഹു ചോദിക്കും: ‘മര്‍യമിന്റെ പുത്രന്‍ ഈസാ, അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കി വരിക്കൂ എന്ന് നീ ജനങ്ങളോട് പറഞ്ഞിരുന്നുവോ?’ അദ്ദേഹം മറുപടി പറയും: ‘നീ പരിശുദ്ധന്‍! എനിക്കവകാശമില്ലാത്തതു പറയാന്‍ പാടില്ലല്ലോ. ഞാനങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയതറിയുമായിരുന്നു. എന്റെ മനസ്സിലുള്ളതൊക്കെ നീയറിയുന്നു. നിന്റെ മനസ്സിലുള്ളതൊന്നും ഞാനറിയുന്നില്ല. നീ എല്ലാ അദൃശ്യങ്ങളും നന്നായറിയുന്നവനല്ലോ. നീ എന്നോട് കല്‍പിച്ചതല്ലാതെ ഒന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍ എന്ന്” (5: 116, 117)
മുഹമ്മദ്‌നബി വരെയുള്ള ദൈവദൂതന്മാര്‍, ദൈവസന്ദേശം താന്താങ്ങളുടെ ജനതയ്‌ക്കെത്തിച്ചുകൊടുത്തതായി സാക്ഷ്യം വഹിക്കുന്നതുപോലെ മുഹമ്മദ്‌നബിക്കുശേഷം ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് ദൈവസന്ദേശമെത്തിച്ചതിന് സാക്ഷ്യം വഹിക്കേണ്ടത് മുസ്‌ലിം സമൂഹമാണ്.
കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥത്തിനും, പ്രവാചകന്മാര്‍, മലക്കുകള്‍ തുടങ്ങിയ സാക്ഷികള്‍ക്കും പുറമെ മനുഷ്യന്റെ ശരീരാവയവങ്ങളും ചര്‍മവും അവന്റെ പ്രവൃത്തികള്‍ക്ക് സാക്ഷ്യംവഹിക്കും. അതിനാല്‍, ഭൂമിയിലെ കോടതികളില്‍ കുറ്റവാളികള്‍ കുറ്റം നിഷേധിക്കുന്നതുപോലെ ദൈവത്തിന്റെ കോടതിയില്‍ തങ്ങളുടെ ചെയ്തികള്‍ നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമാവുകയില്ല. അവരുടെ വായകള്‍ക്ക് മുദ്രവയ്ക്കും. അവരുടെ കരങ്ങള്‍ സംസാരിക്കും. അവരുടെ കാലുകള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യും (ഖുര്‍ആന്‍: 36: 65). അവരുടെ കണ്ണുകളും കാതുകളും ചര്‍മങ്ങളും അവര്‍ക്കെതിരില്‍ സാക്ഷിപറയും. സ്വചര്‍മങ്ങളോട് അവര്‍ ചോദിക്കും: ‘നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷിപറഞ്ഞതെന്ത്?’ അവ മറുപടി പറയും: ‘സകല വസ്തുക്കള്‍ക്കും സംസാരശേഷി നല്‍കിയ അല്ലാഹു ഞങ്ങള്‍ക്കും സംസാരശേഷി നല്‍കി സംസാരിപ്പിക്കുകയാണ്” (ഖുര്‍ആന്‍: 41: 20, 21).
അല്ലാഹുവിന്റെ കോടതിയിലെ വിചാരണ തികച്ചും നീതിപൂര്‍വകവും സൂക്ഷ്മമായ വിവരങ്ങളെ ആധാരമാക്കിയുള്ളതുമായിരിക്കും. മനുഷ്യകര്‍മങ്ങള്‍ മുഴുവന്‍ യഥാതഥം രേഖപ്പെടുത്താനുള്ള സംവിധാനങ്ങളും ലോകത്തവന്‍ ചെയ്തുവച്ചിട്ടുണ്ട്: ”നിങ്ങള്‍ ഒരു കര്‍മവും ചെയ്യുന്നില്ല, നിങ്ങളേര്‍പ്പെട്ടിരിക്കുന്നതിന് നാം സാക്ഷികളായിരിക്കവെയല്ലാതെ. ഭൂമിയിലോ ആകാശത്തോ ഒരണുവിനു തുല്യമോ അതേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ അറിവില്‍പെടാതെയും സുവ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടാതെയുമിരിക്കുന്നുമില്ല” (ഖുര്‍ആന്‍: 10: 61).
ഈ വിചാരണയില്‍ മനുഷ്യന്‍ പരസ്പരമുള്ള ഋണബാധ്യതകളുടെ കാര്യത്തില്‍ തീരുമാനമെടുക്കപ്പെടും. ഒരാള്‍ മറ്റൊരാളുടെ സമ്പത്ത് അപഹരിക്കുകയോ അഭിമാനത്തിന് ക്ഷതമേല്‍പിക്കുകയോ ശരീരത്തിന് ഉപദ്രവമേല്‍പിക്കുകയോ രക്തം ചിന്തുകയോ മറ്റേതെങ്കിലും നിലയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരമുണ്ടാകും. അക്രമത്തിനു വിധേയരായവരുടെ അവകാശങ്ങള്‍ അക്രമിയില്‍നിന്ന് വാങ്ങിക്കൊടുക്കും. ധനമോ മറ്റു വസ്തുക്കളോ നഷ്ടപരിഹാരമായി നല്‍കിക്കൊണ്ടായിരിക്കില്ല അത്. സല്‍ക്കര്‍മമാണ് പരലോകത്ത് ഏറ്റവും വിലപിടിപ്പുള്ള വസ്തു. അക്രമി തന്റെ ജീവിതകാലത്ത് വല്ല സല്‍ക്കര്‍മവും ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍നിന്നെടുത്താണ് അയാളുടെ അതിക്രമത്തിനിരയായവര്‍ക്ക് നല്‍കുക. അയാളുടെ പാപങ്ങള്‍ക്കു പകരംനല്‍കാന്‍ അയാളുടെ സല്‍ക്കര്‍മങ്ങള്‍ മതിയാകാതെവരുന്നപക്ഷം ഉത്തമര്‍ണന്മാരുടെ പാപങ്ങള്‍ അയാളുടെ മേല്‍ ചുമത്തപ്പെടും.
ദൈവഭക്തിയോടെ സച്ചരിതരായി ജീവിച്ചവരുടെ വിചാരണ ലഘുവായിരിക്കുമെന്നും, ദൈവാജ്ഞകള്‍ ധിക്കരിച്ച് അധര്‍മികളായി ജീവിച്ചവരുടെ വിചാരണ അതീവ ക്ലേശകരമായിരിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദൈവനീതി
നീതിയുടെ പ്രതീകമാണ് തുലാസ്. അന്ത്യനാളിലെ വിചാരണയില്‍ ഓരോരുത്തരുടെയും നന്മയും തിന്മയും കുറവോ കൂടുതലോ ഇല്ലാതെ കൃത്യമായി കണക്കാക്കുകയും സത്യവും അസത്യവും വേര്‍തിരിച്ചുകാണിക്കുകയും ചെയ്യുന്ന തുലാസാണ് അല്ലാഹു ഉപയോഗിക്കുക: ”പുനരുത്ഥാന നാളില്‍ നാം കൃത്യമായ തുലാസുകള്‍ സ്ഥാപിക്കും. അപ്പോള്‍ ഒരാളോടും അണുഅളവ് അനീതി ചെയ്യപ്പെടുകയില്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കിലും നാമതു വെളിയില്‍ കൊണ്ടുവരും” (ഖുര്‍ആന്‍: 23: 47). കടുകുമണിയേക്കാള്‍ ചെറുതാണെങ്കില്‍പോലും ഒരു കര്‍മവും വൃഥാവിലാകയില്ല: ”അന്നു ജനങ്ങള്‍ അവരുടെ കര്‍മങ്ങള്‍ കാണിക്കപ്പെടാനായി വന്നെത്തും. ആര്‍ അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചുവോ, അതവന്‍ കാണും. ആര്‍ അണുത്തൂക്കം തിന്മചെയ്തുവോ, അതവനും കാണും.” (99: 6-8). ഇങ്ങനെ, മനുഷ്യര്‍ ജീവിതകാലത്ത് പ്രവര്‍ത്തിച്ച നന്മയും തിന്മയും നിഷ്‌കൃഷ്ടമായി പരിശോധിച്ചശേഷം നീതിമാനായ അല്ലാഹു ഓരോരുത്തരുടെയും കര്‍മത്തിനനുസൃതമായ രക്ഷാശിക്ഷകള്‍ വിധിക്കും.
സ്വകര്‍മത്താല്‍ ദൈവികരക്ഷയ്ക്ക് അര്‍ഹത നേടാത്തവര്‍ക്ക് ആരുടെയും ശിപാര്‍ശയോ സഹായമോ ഫലം ചെയ്യുന്നതുമല്ല: ”ആരും ആര്‍ക്കും ഉപകാരപ്പെടാത്ത ഒരു ദിനത്തെ ഭയപ്പെടുക. ആരുടെയും ശിപാര്‍ശ അന്ന് സ്വീകരിക്കപ്പെടുകയില്ല. ആരില്‍നിന്നും മോചനദ്രവ്യം കൈപ്പറ്റുകയില്ല. ആര്‍ക്കും ആരുടെയും സഹായം ലഭിക്കുകയുമില്ല.” (2: 48)
അല്ലാഹുവിന്റെ ഉത്തമദാസന്മാരും മലക്കുകളും പരലോകത്ത് മനുഷ്യര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യുമെന്ന് ഖുര്‍ആനിലും ഹദീസിലുമുണ്ട്. അതു പക്ഷേ, ശിക്ഷിക്കപ്പെടേണ്ടവരെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താനോ, അനര്‍ഹര്‍ക്ക് അന്യായമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനോ ഉപകരിക്കുകയില്ല: ”അന്ന് ആര്‍ക്കും ശുപാര്‍ശ ഫലപ്പെടുകയില്ല. കാരുണ്യവാനായ അല്ലാഹു ആര്‍ക്കെങ്കിലും അതിന്നനുമതി നല്‍കുകയും അവന്റെ ഭാഷണം അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്താലല്ലാതെ” (20: 109). ശിപാര്‍ശ ചെയ്യാന്‍ ആര്‍ക്കെങ്കിലും അല്ലാഹു അനുവാദം നല്‍കുന്നുവെങ്കില്‍ അതും നിരുപാധികമായിരിക്കയില്ല, ശിപാര്‍ശ ലഭിക്കാനര്‍ഹതയുള്ളവര്‍ക്കുവേണ്ടി മാത്രമായിരിക്കും: ”അവര്‍ ശിപാര്‍ശ ചെയ്യുന്നതല്ല, അല്ലാഹു ആര്‍ക്കുവേണ്ടിയുള്ള ശിപാര്‍ശ ഇഷ്ടപ്പെടുന്നുവോ, അവര്‍ക്കുവേണ്ടിയല്ലാതെ” (21: 28).
ദൈവനീതിയെ കവിഞ്ഞുനില്‍ക്കുന്ന ഒന്നുമാത്രമേയുള്ളൂ, ദൈവകാരുണ്യം. കരുണാമയനായ അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരുടെ കര്‍മങ്ങളെ വിലയിരുത്തുന്നത് അവര്‍ക്ക് ഗുണകരമായ വിധത്തിലാണ്. തിന്മയ്ക്ക് തത്തുല്യമായ പ്രതിഫലമാണ് വിധിക്കുക. നന്മയ്ക്കാകട്ടെ പത്തിരട്ടി പ്രതിഫലമാണ് നല്‍കപ്പെടുക: ”ആര്‍ നന്മചെയ്തുകൊണ്ട് ഹാജറാകുന്നുവോ, അവന്ന് പത്തിരട്ടി പ്രതിഫലമുണ്ട്. ആര്‍ തിന്മയുംകൊണ്ട് ഹാജറാകുന്നുവോ, അവന് കുറ്റത്തിന് തുല്യമായ പ്രതിഫലമേ നല്‍കപ്പെടുകയുള്ളൂ. ആരോടും അനീതി ചെയ്യപ്പെടുന്നതല്ല” (6: 180). അത്രയുമല്ല, ഒരാള്‍ ഒരു സല്‍ക്കര്‍മം ചെയ്യാനുദ്ദേശിച്ചാല്‍, അതുചെയ്യാന്‍ സാധിച്ചില്ലെങ്കില്‍പോലും അയാളുടെ നന്മയായി അത് രേഖപ്പെടുത്തുമെന്നും തിന്മചെയ്യാനുദ്ദേശിച്ചശേഷം അത് ചെയ്യാതിരുന്നാല്‍ അത് തിന്മയായി രേഖപ്പെടുത്തുകയില്ലെന്നും നബിവചനങ്ങളില്‍ വന്നിട്ടുണ്ട്. സൃഷ്ടികളോടുള്ള ദൈവകാരുണ്യമാണിതിന്റെയും അടിസ്ഥാനം.
മാറ്റമില്ലാത്ത ദൈവനീതിയുടെ താല്‍പര്യമാണ്, നന്മയ്ക്ക് ഗുണവും തിന്മയ്ക്ക് ശിക്ഷയും പ്രതിഫലം ലഭിക്കുക എന്നത്. നന്മയുടെയും തിന്മയുടെയും രണ്ടു മാര്‍ഗങ്ങള്‍ മുന്നിലിരിക്കെ നന്മയുടെ മാര്‍ഗമുപേക്ഷിച്ചുകൊണ്ട് സ്വാര്‍ഥം മോഹിച്ചും ഇഛയ്ക്കടിപ്പെട്ടും തിന്മയുടെ വഴി തെരഞ്ഞെടുത്തവര്‍ക്ക് അതിന്റെ ഫലം ലഭിക്കേണ്ടതുണ്ട്. സ്വയം ക്ലേശമനുഭവിച്ചും സഹജീവികള്‍ക്ക് ഉപകാരം ചെയ്തുകൊണ്ടും ജീവിതകാലം കഴിച്ചുകൂട്ടുന്ന സദ്‌വൃത്തരായ ആളുകള്‍ക്ക് അനുയോജ്യമായ പ്രതിഫലം ഈ ലോകത്ത് മിക്കപ്പോഴും ലഭിക്കുന്നില്ല. അന്യരുടെ ഗുണത്തിനുവേണ്ടി അവര്‍ ചെയ്ത ത്യാഗങ്ങള്‍ക്ക് ഒരു ഫലവും ലഭിക്കുകയില്ലെന്നു വരുന്നത് ദൈവനീതിക്കു നിരക്കുന്നതല്ല. അപ്രകാരംതന്നെ, സ്വന്തം സുഖാനന്ദങ്ങള്‍ക്കുവേണ്ടി അന്യരെ പലവിധത്തിലും ദ്രോഹിക്കുകയും, അവരോട് അനീതിയും അക്രമവും പ്രവര്‍ത്തിക്കുകയും, അന്യായമായ സമ്പാദ്യങ്ങള്‍ നേടി മദോന്മത്തരും അഹങ്കാരികളുമായി ജീവിക്കുകയും ചെയ്തവര്‍ ഒരു ക്ലേശവുമനുഭവിക്കാതെ രക്ഷപ്പെടരുതെന്നും നീതിയുടെ താല്‍പര്യമാണ്. അധര്‍മകാരികള്‍ക്ക് പരലോകത്ത് ദൈവം ശിക്ഷ നല്‍കുന്നത് അതിനാല്‍ അന്യായമെന്ന് ഗണിച്ചുകൂടാ. കരുണാമയനെന്ന ദൈവത്തിന്റെ വിശേഷണത്തിന് അത് വിരുദ്ധവുമല്ല.

കുറ്റസമ്മതം
സാക്ഷിമൊഴികളുടെയും ശരീരാവയവങ്ങളുടെ ഏറ്റുപറച്ചിലിന്റെയും സ്വന്തം കര്‍മറിക്കാര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ പാപങ്ങള്‍ തെളിയിക്കപ്പെടുമ്പോള്‍ കുറ്റവാളികള്‍ക്ക് അതംഗീകരിക്കയല്ലാതെ മറ്റു മാര്‍ഗമുണ്ടാവുകയില്ല. വിചാരണാവേളയില്‍ അവരോടുള്ള ചോദ്യവും അവരുടെ കുറ്റസമ്മതവും ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുനല്‍കിയും നിങ്ങളില്‍നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളുടെയടുക്കല്‍ വന്നിരുന്നില്ലേ? അവര്‍ പറയും: ‘അതെ, ഞങ്ങള്‍ക്കെതിരായിത്തന്നെ ഞങ്ങള്‍ സാക്ഷ്യംവഹിക്കുന്നു!’ (യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍) ഭൗതികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ നിഷേധികളായിരുന്നുവെന്ന് ഞങ്ങള്‍ക്കെതിരില്‍ അവര്‍ സാക്ഷ്യംവഹിക്കുകതന്നെ ചെയ്യും” (6: 130). ഏറിയാലവര്‍ പറയുക തങ്ങളുടെ മുന്‍ഗാമികളും നേതാക്കളും തങ്ങളെ വഴിപിഴപ്പിച്ചുവെന്നാണ്. പക്ഷേ, നേതാക്കളതു നിഷേധിക്കും: ”ഈ അക്രമികള്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം താങ്കള്‍ കാണുകയാണെങ്കില്‍! അവരന്ന് പരസ്പരം കുറ്റമാരോപിക്കും. (ഇഹലോകത്ത്) അടിച്ചമര്‍ത്തപ്പെട്ടവര്‍ അഹങ്കാരിക(ളായ നേതാക്ക)ളോട് പറയും: ‘നിങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നു.’ അഹങ്കാരികളായിരുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരോട് മറുപടി പറയും: നിങ്ങള്‍ക്ക് വന്നുകിട്ടിയ സന്മാര്‍ഗത്തില്‍നിന്ന് ഞങ്ങളാണോ നിങ്ങളെ തടഞ്ഞത്? അല്ല, നിങ്ങള്‍ സ്വയം കുറ്റവാളികളായിരുന്നു” (34: 31, 32). സ്വന്തം അപഥസഞ്ചാരം കാരണമായി ശിക്ഷയ്ക്കിരയാകുന്നവര്‍ തങ്ങളെ വഴിപിഴപ്പിച്ചവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കാന്‍ അല്ലാഹുവിനോടാവശ്യപ്പെടും. ”അവര്‍ പറയും, ഞങ്ങളുടെ നാഥാ! ഞങ്ങളുടെ നേതാക്കളെയും മുഖ്യന്മാരെയും ഞങ്ങളനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്തു. നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ. അവരെ നീ കഠിനമായി ശപിക്കുകയും ചെയ്യേണമേ!” (33: 67, 68). വഴിപിഴപ്പിക്കുന്ന നേതാക്കള്‍ക്കെന്നപോലെ, അവരെ അനുസരിച്ച് സ്വയം മാര്‍ഗഭ്രംശത്തിലകപ്പെടുകയും ഒരുവേള തങ്ങളുടെ പിന്‍തലമുറകള്‍ക്ക് തെറ്റായ മാതൃകയാവുകയും ചെയ്ത അനുയായികള്‍ക്കും ഇരട്ടി ശിക്ഷ ലഭിക്കാനര്‍ഹതയുണ്ടെന്നാണ് അപ്പോള്‍ അല്ലാഹു മറുപടി നല്‍കുക: ”അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടി ശിക്ഷയുണ്ട്. പക്ഷേ, നിങ്ങളതറിയുന്നില്ല” (7: 38). ജനങ്ങളെ വഴിപിഴപ്പിക്കുന്ന പിശാചിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനും ശ്രമംനടക്കും. പക്ഷേ, പിശാചും അവരെത്തന്നെ കുറ്റപ്പെടുത്തും: ”വിധി കല്‍പിക്കപ്പെട്ടാല്‍ ചെകുത്താന്‍ പറയും: അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ് യഥാര്‍ഥമായത്. ഞാന്‍ നിങ്ങളോട് ചില വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. നിങ്ങളുടെ മേല്‍ എനിക്ക് ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ (ദുര്‍മാര്‍ഗത്തിലേക്ക്) ക്ഷണിച്ചു. നിങ്ങളതു സ്വീകരിച്ചു. അതിനാല്‍, എന്നെ കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവുകയില്ല. നിങ്ങള്‍ക്കെന്നെ രക്ഷപ്പെടുത്താനും കഴിയില്ല.” (14: 22).

നരകം
കുറ്റവാളികളെന്ന് തെളിയുന്നവര്‍ക്ക് നരകശിക്ഷ വിധിക്കപ്പെടും. ‘ജഹന്നം’ എന്നാണ് ഖുര്‍ആന്‍ നരകത്തിന് നല്‍കിയിരിക്കുന്ന പേര്‍: ”തങ്ങളുടെ നാഥനെ നിഷേധിച്ചവര്‍ക്ക് ജഹന്നമിലെ ശിക്ഷലഭിക്കും. അതെത്ര ചീത്ത സങ്കേതം” (67: 7). നരകശിക്ഷയില്‍ ഏറ്റവും മുഖ്യമായത് അഗ്നികൊണ്ടുള്ള ശിക്ഷയാണ്. അതിനാല്‍ ഖുര്‍ആനില്‍ പലേടത്തും നരകത്തിനു പര്യായമായി നാര്‍ (അഗ്നി) എന്ന നാമംതന്നെ പ്രയോഗിച്ചിരിക്കുന്നു. ജഹീം, സഈര്‍ തുടങ്ങിയ പേരുകളും ഇതേ ആശയം കുറിക്കുന്നു.
ഇഹലോകത്ത് അഗ്നിയിലകപ്പെടുന്ന മനുഷ്യന്‍ അതുമൂലമനുഭവിക്കുന്ന വേദനയ്ക്ക് ഒരവസാനമുണ്ട്. എന്നാല്‍, പരലോകത്ത് നരകാഗ്നിയില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷ ശാശ്വതമാണ് (2: 217). നരകത്തില്‍ ശരീരം കത്തിയെരിയുന്നതിന്റെ വേദനയ്ക്ക് അന്ത്യമുണ്ടാവുകയില്ല. നരകാഗ്നിയില്‍ കരിഞ്ഞുപോകുന്ന ചര്‍മങ്ങള്‍ക്കു പകരം പുതിയ ചര്‍മങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ വേദന നിരന്തരമായിരിക്കും (ഖുര്‍ആന്‍: 4: 56). ഒടുവില്‍ മരിച്ചിട്ടെങ്കിലും നരകശിക്ഷയൊന്നവസാനിച്ചുകിട്ടിയാല്‍ മതിയെന്ന് അവരാഗ്രഹിക്കുന്നു. പക്ഷേ, നരകത്തില്‍ മരണമില്ല: ”സത്യനിഷേധികള്‍ക്കുള്ളത് നരകാഗ്നിയാകുന്നു. മരിച്ചു രക്ഷപ്പെടാന്‍ അവരുടെ കഥ കഴിക്കുകയില്ല; അതിലെ ശിക്ഷ ലഘൂകരിക്കപ്പെടുകയുമില്ല” (35: 36, 37).
അഗ്നികൊണ്ടുള്ള ശിക്ഷയ്ക്കുപുറമേ നരകത്തില്‍ പ്രവേശിച്ചവരനുഭവിക്കുന്ന ഇതര ശിക്ഷകളിവയാണ്: ”അവരുടെ തലയ്ക്കുമുകളിലൂടെ തിളച്ച ജലം ഒഴിക്കപ്പെടും. അതുമൂലം ഉദരങ്ങളിലുള്ളതും ചര്‍മങ്ങളുമെല്ലാം ഉരുകും. അവര്‍ക്ക് (ശിക്ഷ നല്‍കാന്‍) ഇരുമ്പുദണ്ഡുകളുമുണ്ട്” (ഖുര്‍ആന്‍: 22: 19-21)
”സ്വര്‍ണവും വെള്ളിയും നിധിയാക്കിവയ്ക്കുകയും അവ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക. അവ നരകാഗ്നിയില്‍ ചുട്ടുപഴുപ്പിച്ച് അതുകൊണ്ടവരുടെ നെറ്റികളും പാര്‍ശ്വങ്ങളും മുതുകുകളും ചൂടുവയ്ക്കപ്പെടുന്ന ദിനത്തില്‍.” (9: 34, 35)
”സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും സജ്ജമാക്കിയിരിക്കുന്നു” (76: 4).
”അവരുടെ ഉടുപ്പുകള്‍ ടാര്‍ കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ അഗ്നി വലയംചെയ്തിരിക്കും.” (14: 49, 50)
”അവരുടെ കണ്ഠങ്ങളില്‍ വളയങ്ങളിടുന്ന സന്ദര്‍ഭമോര്‍ക്കുക” (40: 70)
”(ദുര്‍വൃത്തര്‍ക്ക്) നമ്മുടെ പക്കല്‍ കനത്ത ചങ്ങലകളും ആളിക്കത്തുന്ന അഗ്നിയുമുണ്ട്. തൊണ്ടയില്‍ തങ്ങുന്ന ആഹാരവും വേദനയേറിയ ശിക്ഷയുമുണ്ട്.” (73: 12, 13)
”ചുട്ടുതിളയ്ക്കുന്ന നീരുറവയില്‍നിന്ന് അവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. ഉണങ്ങിയ മുള്‍ച്ചെടിയല്ലാതെ അവര്‍ക്കാഹാരമില്ല. അത് ശരീരപോഷണത്തിനോ വിശപ്പടക്കുന്നതിനോ ഉതകുകയുമില്ല.” (88: 4-7)
”സത്യത്തെ തള്ളിപ്പറഞ്ഞ അപഥസഞ്ചാരികളേ! നിങ്ങള്‍ ‘സഖൂം’ വൃക്ഷത്തില്‍നിന്ന് തിന്നും. അതു തിന്ന് വയര്‍ നിറയ്ക്കും. അനന്തരം അതിനുമീതെ തിളച്ചവെള്ളം കുടിക്കും. ദാഹാര്‍ത്തരായ ഒട്ടകങ്ങള്‍ കുടിക്കുന്നപോലെ” (56: 51-55).
ഇത്തരം ശാരീരികപീഡനങ്ങള്‍ക്കു പുറമെ കടുത്ത മാനസികപ്രയാസങ്ങളും ദുഃഖവും നരകശിക്ഷയുടെ ഭാഗമായുണ്ടാവും (ഖുര്‍ആന്‍: 25: 13, 14). നരകശിക്ഷ അനുഭവിക്കുമ്പോള്‍ ഭാര്യാസന്താനങ്ങള്‍ ഒപ്പമുണ്ടാകുന്നത് മാനസികപ്രയാസം വര്‍ധിപ്പിക്കും (ഖുര്‍ആന്‍: 32: 22, 23).
തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് അവര്‍ അല്ലാഹുവിനോട് കേഴും: ”അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു. ഞങ്ങള്‍ പിഴച്ചവര്‍തന്നെയായിരുന്നു. രക്ഷിതാവേ, ഞങ്ങളെ ഇതില്‍നിന്ന് മോചിപ്പിക്കേണമേ. അതിനുശേഷം ഞങ്ങള്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അക്രമികള്‍തന്നെ!” (23: 106, 107). അതുകൊണ്ടും പക്ഷേ, ഒരു പ്രയോജനവും സിദ്ധിക്കയില്ല. തെറ്റു ചെയ്തവര്‍ക്ക് പശ്ചാത്തപിക്കാന്‍ ജീവിതകാലത്തുതന്നെ ധാരാളം സന്ദര്‍ഭമുണ്ടായിരുന്നു. അന്നവര്‍ സ്വന്തം കഴിവുകളിലഹങ്കരിച്ച് മതിമറന്ന് ജീവിച്ചു. ഇനിയിപ്പോള്‍ രോദനംകൊണ്ട് ഫലമില്ല. വീണ്ടുമൊരു ജീവിതം ലഭിക്കുന്നപക്ഷം തെറ്റ് ആവര്‍ത്തിക്കയില്ലെന്ന അവരുടെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല: ”അവരെ മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചയച്ചാലും വിരോധിക്കപ്പെട്ട കര്‍മങ്ങള്‍തന്നെ വീണ്ടുമവര്‍ ചെയ്യും. അവര്‍ പറയുന്നത് കളവുമാത്രം.” (5: 28)
ദൈവധിക്കാരത്തിലും അധര്‍മങ്ങളിലും മുഴുകി ജീവിച്ചവര്‍ക്ക് നരകശിക്ഷയില്‍നിന്ന് മോചനമില്ല. എന്നാല്‍, ദൈവവിശ്വാസമംഗീകരിച്ചശേഷം തെറ്റായ കര്‍മങ്ങള്‍ ചെയ്തു ജീവിച്ചവരോ? അവരുടെ ദുഷ്‌കര്‍മങ്ങള്‍ അവരുടെ തുലാസില്‍ കൂടുതല്‍ ഘനം തൂങ്ങുന്നതുകാരണം അവര്‍ നരകശിക്ഷയ്ക്കര്‍ഹരായിത്തീര്‍ന്നു. പക്ഷേ, പൂര്‍ണ ദൈവധിക്കാരികളില്‍നിന്ന് വ്യത്യസ്തമായി അവര്‍ ദൈവവിശ്വാസമംഗീകരിക്കുകയും എന്തെങ്കിലും ചില സല്‍പ്രവൃത്തികള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനവര്‍ക്ക് പ്രതിഫലം ലഭിക്കേണ്ടതുണ്ട്. ഈയടിസ്ഥാനത്തില്‍ നരകത്തില്‍ പ്രവേശിക്കുന്ന ദൈവവിശ്വാസികള്‍ തങ്ങള്‍ ചെയ്ത കുറ്റങ്ങളുടെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ അവരെ നരകത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്.

സ്വര്‍ഗം
സദ്‌വൃത്തരായി ജീവിച്ചവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പ്രതിഫലമാണ് സ്വര്‍ഗം. ‘ജന്നത്ത്’ (തോട്ടം, ആരാമം) എന്ന നാമമാണ് ഖുര്‍ആന്‍ സ്വര്‍ഗത്തിന് നല്‍കുന്നത്. ‘ഫിര്‍ദൗസ്’ (പറുദീസ) എന്നും ചില ഖുര്‍ആന്‍വാക്യങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നു. (ഉദാ. 18: 107, 23: 11). ജന്നത്തു അദ്ന്‍ (നിത്യവാസത്തിനുള്ള ആരാമം), ജന്നത്തുല്‍ ഖുല്‍ദ് (ശാശ്വതമായ തോട്ടം), ജന്നത്തുന്നഈം (അനുഗ്രഹപൂര്‍ണമായ ആരാമം) എന്നിങ്ങനെ സ്വര്‍ഗത്തിന് വിവിധ വിശേഷണങ്ങളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
ഫലവൃക്ഷങ്ങള്‍, തണല്‍, സുരഭിലപുഷ്പങ്ങള്‍, അരുവികള്‍, പക്ഷിമൃഗാദികള്‍ എന്നിവയെല്ലാം സ്വര്‍ഗത്തിലുള്ളതായി വിവിധ ഖുര്‍ആന്‍സൂക്തങ്ങള്‍ വിവരിക്കുന്നു. സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങള്‍, സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിതമായ പാത്രങ്ങള്‍, വിവിധ തരം പട്ടുവസ്ത്രങ്ങള്‍ എന്നിവ അവിടെ നിര്‍ലോഭം ലഭിക്കും. സന്തോഷം പങ്കിടുന്ന സുഹൃത്തുക്കളും ആനന്ദം പകരുന്ന ഇണകളും മനസ്സിന് കുളിര്‍മ നല്‍കിക്കൊണ്ട് വിഹരിക്കുന്ന കുഞ്ഞുങ്ങളും സ്വര്‍ഗത്തിലുണ്ട്. കൊട്ടാരസദൃശമായ രമ്യഹര്‍മ്യങ്ങള്‍, മുന്തിയ തരം പരവതാനികള്‍, സുഖദായകമായ ഗൃഹോപകരണങ്ങള്‍ എന്നിവയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം. പാദാര്‍ഥികാസ്വാദനങ്ങള്‍ക്കു പുറമെ മാനസികസൗഖ്യവും സംതൃപ്തിയും സന്തോഷാനന്ദങ്ങളും സര്‍വോപരി അല്ലാഹുവിന്റെ തൃപ്തികടാക്ഷവും സ്വര്‍ഗവാസികള്‍ക്ക് ലഭിക്കും.
നരകവാസികള്‍ കഠിനശിക്ഷകള്‍ക്ക് വിധേയരാകുമ്പോള്‍ സ്വര്‍ഗപ്രാപ്തര്‍ വര്‍ണനാതീതമായ സുഖാനന്ദങ്ങളും സര്‍വവിധ അനുഗ്രഹങ്ങളുമാസ്വദിക്കും. മനുഷ്യദൃഷ്ടികള്‍ കണ്ടിട്ടില്ലാത്തതും ശ്രവണപുടങ്ങള്‍ കേട്ടിട്ടില്ലാത്തതും മനുഷ്യമനസ്സ് വിഭാവനചെയ്തിട്ടില്ലാത്തതുമെന്ന് ആ സ്വര്‍ഗീയാനുഭൂതികളെ നബിവചനങ്ങള്‍ വിശേഷിപ്പിക്കുന്നു. മനുഷ്യനു പരിചയമുള്ള ആസ്വാദനവസ്തുക്കളുമായി സാദൃശ്യപ്പെടുത്തിക്കൊണ്ട് ഖുര്‍ആനില്‍ വിവരിച്ച ചില ഉദാഹരണങ്ങള്‍ താഴെ:
”അവര്‍ ക്ഷമിച്ചതിന് പകരമായി സ്വര്‍ഗവും പട്ടുടുപ്പുകളും അവന്‍ പ്രതിഫലം നല്‍കും. അതിലവര്‍ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കും. അവര്‍ക്ക് സൂര്യതാപമോ കഠിനശൈത്യമോ അനുഭവപ്പെടുകയില്ല. സ്വര്‍ഗത്തിലെ തണല്‍വൃക്ഷങ്ങള്‍ അവര്‍ക്കുമീതെ താണുകിടക്കും. അതിലെ പഴങ്ങള്‍ അവര്‍ക്ക് കൈയെത്താവുന്ന വിധം സൗകര്യത്തിലായിരിക്കും. വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളുമായി (പരിചാരകര്‍) അവര്‍ക്കിടയില്‍ ചുറ്റിനടക്കും”(76: 12-15). ”അവര്‍ക്കിടയില്‍ നിത്യകുമാരന്മാര്‍, ഒഴുകുന്ന ഉറവകളില്‍നിന്നുള്ള പാനീയങ്ങള്‍ നിറച്ച ചഷകങ്ങളും കൂജകളും പാനപാത്രങ്ങളുമായി ചുറ്റിക്കറങ്ങും. അതു പാനംചെയ്താലവര്‍ക്ക് ബുദ്ധിമാന്ദ്യമോ തലകറക്കമോ അനുഭവപ്പെടുകയില്ല. അവര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ പാകത്തില്‍ പഴങ്ങളും ഇഷ്ടപ്പെടുന്ന പക്ഷിമാംസവും വിശാലാക്ഷികളായ ഹൂറികളുമുണ്ടായിരിക്കും. (ചിപ്പികളില്‍) മറഞ്ഞിരിക്കുന്ന മുത്തുപോലെ അഴകുറ്റവര്‍. ഇതെല്ലാം അവര്‍ ചെയ്തുകൊണ്ടിരുന്ന സല്‍ക്കര്‍മങ്ങളുടെ പ്രതിഫലമാകുന്നു” (56: 17-24)
”ഭക്തന്മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ ഉപമയിതാ: അതില്‍ മലിനമാകാത്ത നീരൊഴുകുന്ന അരുവികളുണ്ട്. രുചിഭേദം വരാത്ത പാല്‍പ്പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് സ്വാദിഷ്ടമായ മദിരാനദികളുണ്ട്. തെളിഞ്ഞ മധുവൊഴുകുന്ന ആറുകളുണ്ട്. എല്ലാതരം പഴങ്ങളും അവര്‍ക്കവിടെ ലഭിക്കും. തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമുക്തിയും”(47: 15). ”താനുദ്ദേശിക്കുന്നപക്ഷം അതിനേക്കാളെല്ലാം വിശിഷ്ടമായത് നിനക്ക് നല്‍കാന്‍ കഴിയുന്നവന്‍ അനുഗ്രഹമുടയവന്‍. താഴെ ആറുകളൊഴുകുന്ന ആരാമങ്ങളും (വസിക്കാന്‍) കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ അവനു സാധിക്കും” (25: 10)
”ഉള്ളില്‍ കസവുകൊണ്ട് ചിത്രവേല ചെയ്ത പട്ടുമെത്തകളില്‍ അവര്‍ ചാരിക്കിടക്കും. തോട്ടങ്ങളില്‍ പാകമായ പഴങ്ങള്‍ താണുനില്‍ക്കുന്നുണ്ടാകും” (55: 54)
”അവിടെ ഉയര്‍ന്ന മഞ്ചങ്ങളുണ്ട്. ഒരുക്കിവയ്ക്കപ്പെട്ട പാനപാത്രങ്ങളും. നിരത്തിവെക്കപ്പെട്ട ഉപധാനങ്ങളും വിരിക്കപ്പെട്ട മേത്തരം പരവതാനികളുമുണ്ട്” (88: 13-16)
”ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചവര്‍ ഉദ്യാനങ്ങളിലും സൗഭാഗ്യങ്ങളിലുമായിരിക്കും. അവരുടെ നാഥന്‍ കനിഞ്ഞേകിയ വിഭവങ്ങളില്‍ അവര്‍ ആനന്ദമടയും. അവരുടെ നാഥനവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു. (അവരോട് പറയപ്പെടും) ‘നിങ്ങള്‍ സല്‍ക്കര്‍മം പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായി ഉല്ലാസപൂര്‍വം തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. അവര്‍ വിതാനിക്കപ്പെട്ട മഞ്ചങ്ങളില്‍ ചാരിയിരിക്കും. നാമവര്‍ക്ക് മുഗ്ധാക്ഷികളായ ‘ഹൂറി’കളെ വിവാഹം ചെയ്തു കൊടുക്കും. വിശ്വാസികളും വിശ്വാസത്തില്‍ അവരെ അല്‍പമെങ്കിലും പിന്തുടര്‍ന്ന സന്താനങ്ങളുമാണെങ്കില്‍ ആ സന്താനങ്ങളെ (സ്വര്‍ഗത്തില്‍) നാമവരോടൊന്നിച്ച് ചേര്‍ക്കും. അവരുടെ കര്‍മത്തിലൊന്നിനും നാം പ്രതിഫലം നല്‍കാതെ വിട്ടുകളയുകയില്ല.” (52: 17-21)
സ്വര്‍ഗത്തിലെ ആസ്വാദ്യവസ്തുക്കളായി വിവരിക്കപ്പെട്ടതെല്ലാം സുഖഭോഗവസ്തുക്കളാകയാല്‍ ഖുര്‍ആന്‍ പറയുന്ന സ്വര്‍ഗം കേവലം ശാരീരികാസ്വാദനങ്ങള്‍ മാത്രമാണെന്ന് ധരിക്കേണ്ടതില്ല. ആത്മീയതയുടെ ഉന്നതശ്രേണികളിലാണ് സ്വര്‍ഗവാസികള്‍ സ്ഥിതിചെയ്യുകയെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലേറെയുണ്ട്. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന സുകൃതികള്‍ തികഞ്ഞ മനസ്സംതൃപ്തിയോടെയാണവിടെ കഴിയുക. അവര്‍ പരസ്പരം സമാധാനവും ദൈവകടാക്ഷവും ആശംസിക്കും. പരസ്പരസൗഹാര്‍ദവും സ്‌നേഹവുമല്ലാതെ, വിദ്വേഷമോ കാലുഷ്യമോ അവരുടെ മനസ്സുകളിലുണ്ടായിരിക്കുകയില്ല. മനുഷ്യവര്‍ഗത്തിലെ ഏറ്റവും മഹത്തുക്കളും ഉത്കൃഷ്ടരുമായ പുണ്യാത്മാക്കളുടെ സഹവാസത്തിലുമായിരിക്കുമവര്‍.
സ്വര്‍ഗം എന്ന പ്രയോഗം മനസ്സിലങ്കുരിപ്പിക്കുന്ന ആശയം സുഖാസ്വാദനങ്ങളുമായി ബന്ധപ്പെട്ടതാണ്. എല്ലാ മതങ്ങളുടെയും, എക്കാലത്തുമുണ്ടായിട്ടുള്ള മനുഷ്യസമൂഹങ്ങളുടെയും വിഭാവനം ഇക്കാര്യത്തിലൊന്നുതന്നെ. അതിനു യുക്തമായ ന്യായവും കണ്ടെത്താന്‍ കഴിയും. ഭൂലോകത്ത് സര്‍വവിധ തിന്മകളും വെടിഞ്ഞ് നന്മയും ധര്‍മവും അവലംബിച്ച് ജീവിക്കുന്നതിനുള്ള പ്രതിഫലമാണ് സ്വര്‍ഗം. ധര്‍മനിഷ്ഠരായി ജീവിക്കുമ്പോള്‍ ലോകപ്രകൃതിയനുസരിച്ച് ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. ചിലപ്പോള്‍ ജീവന്‍തന്നെ നഷ്ടപ്പെടുന്നു. നീതിയും ധര്‍മവും സംസ്ഥാപിക്കാനുള്ള സംഘട്ടനത്തില്‍ ധര്‍മാത്മാക്കള്‍ അളവറ്റ കഷ്ടനഷ്ടങ്ങള്‍ക്കു വിധേയരായതിനു ലോകചരിത്രം സാക്ഷിയാണ്. ഇതിനെല്ലാം പ്രതിഫലമായി, അവര്‍ക്കീ ലോകത്ത് നിഷേധിക്കപ്പെട്ടതും, അസത്യവാദികളും അധര്‍മികളും ഇഹലോകത്ത് അനുഭവിച്ചതുമായ സുഖഭോഗങ്ങള്‍ക്ക് തുല്യമോ അതിനെക്കാളുത്തമമോ ആയ ആനന്ദാസ്വാദനങ്ങള്‍ സ്വര്‍ഗത്തിലവര്‍ക്ക് ലഭിക്കുന്നത് തികച്ചും ന്യായയുക്തമാകുന്നു. ഇഹലോക ജീവിതത്തില്‍ നന്മയുടെയും സത്യത്തിന്റെയും മാര്‍ഗം പിന്‍പറ്റാന്‍ മനുഷ്യര്‍ക്ക് പ്രേരണയായിട്ടത്രെ ദൈവം മുന്‍കൂട്ടി അതവരെ ദൈവദൂതന്മാര്‍ വഴി അറിയിക്കുന്നത്.

മധ്യവര്‍ത്തികള്‍
മഹത്കര്‍മങ്ങള്‍ മൂലം ഉത്തമപ്രതിഫലത്തിനര്‍ഹത നേടുന്നവര്‍ സ്വര്‍ഗത്തിലും ദുഷ്‌കര്‍മങ്ങള്‍ നിമിത്തം ശിക്ഷയ്ക്കര്‍ഹരായിത്തീരുന്നവര്‍ നരകത്തിലും പ്രവേശിക്കുമ്പോള്‍ ഈ രണ്ടു വിഭാഗത്തിലുമുള്‍പ്പെടാത്ത ഒരു കൂട്ടര്‍ അവശേഷിക്കും. അഅ്‌റാഫിലുള്ളവര്‍ എന്നാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നത്. സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഇവര്‍ക്ക് സ്വര്‍ഗവാസികളെയും നരകവാസികളെയും കാണാന്‍ കഴിയും. ഖുര്‍ആനിലെ അല്‍അഅ്‌റാഫ് എന്ന അധ്യായത്തില്‍ ഇവരെസ്സംബന്ധിച്ച് പറയുന്നുണ്ട് (46-48)
മധ്യവര്‍ത്തികളായ ഇവര്‍ അന്തിമമായി സ്വര്‍ഗപ്രാപ്തരാകുമെന്നാണ് പ്രസ്തുത ഖുര്‍ആന്‍സൂക്തങ്ങള്‍ നല്‍കുന്ന സൂചന. അതേ അധ്യായത്തില്‍തന്നെ പറയുന്നു: ”എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്ക് ഭവിപ്പിക്കുന്നു. എന്നാല്‍, എന്റെ കാരുണ്യം സര്‍വവസ്തുക്കളെയുമുള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമാകുന്നു” (7: 156).

ശാശ്വതജീവിതം
ഇസ്‌ലാമികവിശ്വാസമനുസരിച്ച് പരലോകജീവിതം അനന്തമാണ്. അന്ത്യവിധിയില്‍ വിജയം നേടുന്നവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗത്തിലെ ജീവിതത്തിനൊരവസാനമില്ല. പരാജിതര്‍ പ്രവേശിക്കുന്ന നരകത്തിലെ ജീവിതവും അങ്ങനെത്തന്നെ. വിവിധ ഖുര്‍ആന്‍സൂക്തങ്ങളും നബിവചനങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഉദാ: ”വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍, അവര്‍തന്നെയാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ ശാശ്വതരായിരിക്കും”(2: 82).
ജീവിതസംസ്‌കരണം
പരലോകവിശ്വാസത്തിലൂടെ സമൂഹത്തില്‍ നന്മയും ഉത്തമമൂല്യങ്ങളും നിലനിര്‍ത്തുന്നതിലും, തിന്മയും അധാര്‍മികപ്രവണതകളും നിയന്ത്രിക്കുന്നതിലും പരലോകവിശ്വാസത്തിന് അനല്‍പമായ പങ്കുണ്ട്. അഭൗമമായ ഒരു ശക്തിയിലും കര്‍മങ്ങള്‍ക്കെല്ലാം കണക്കുപറയേണ്ടുന്ന ഒരു മറുലോകത്തിലുമുള്ള വിശ്വാസത്തിനേ മനുഷ്യകര്‍മങ്ങളെ നേര്‍വഴിക്കു തിരിച്ചുവിടാനാകൂ. അതുകൊണ്ടുതന്നെയാണ് ആധ്യാത്മികചിന്തയുടെയും ധര്‍മബോധത്തിന്റെയും സ്രോതസ്സുകളായ മതസംഹിതകളൊന്നൊഴിയാതെ മരണാനന്തരലോകവുമായി മനുഷ്യജീവിതത്തെ ബന്ധിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനും പരലോകബോധത്തെ ദൈവവിശ്വാസവുമായി അഭേദ്യമാംവിധം കൂട്ടിയോജിപ്പിക്കുകയും, അനശ്വരമായ ഭാവിജീവിതത്തെക്കുറിച്ച് ഒരേസമയം ഭയവും പ്രതീക്ഷയും ജനിപ്പിച്ചുകൊണ്ട് അതിനെ ഭൗതികജീവിതം സാത്വികവും ധര്‍മനിഷ്ഠവുമാക്കാനുള്ള പ്രേരകമാക്കുകയും ചെയ്തിരിക്കുന്നു.
ഖുര്‍ആനിലെ ഒന്നാമധ്യായം അല്‍ഫാതിഹയില്‍ പരാമൃഷ്ടമായ യൗമുദ്ദീനിന്റെ വിശദീകരണത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് പരലോകവിശ്വാസത്തിന് വിശ്വാസിയുടെ ജീവിതത്തിലുള്ള സ്വാധീനം ഇങ്ങനെ വിവരിക്കുന്നു:
”പ്രതിഫലദിനത്തിലുള്ള വിശ്വാസം ഇസ്‌ലാമികാദര്‍ശത്തിലെ മുഖ്യവിശ്വാസകാര്യങ്ങളിലൊന്നാണ്. മനുഷ്യദൃഷ്ടിയെയും ഹൃദയത്തെയും ഭൂലോകത്തിനുശേഷം വരാനുളള ഒരു ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ അതു നിര്‍ണായക പങ്കുവഹിക്കുന്നു. അപ്പോള്‍ ഭൂമിയിലെ ആവശ്യങ്ങള്‍ അവരെ അധീനപ്പെടുത്തുകയില്ല. പകരം പ്രസ്തുത ആവശ്യങ്ങളെ അതിജയിക്കാനവര്‍ക്കു കഴിവുണ്ടാകും. ഈ ഭൂമിയിലൊതുങ്ങുന്ന ഹ്രസ്വമായ ആയുഷ്‌കാലത്തിനകത്തുതന്നെ തങ്ങളുടെ കര്‍മഫലം ലഭിക്കുമോയെന്ന ആശങ്കയും അവരെ കീഴടക്കുകയില്ല. അപ്പോളവര്‍ക്ക് ദൈവപ്രീതിക്കുവേണ്ടി ദൈവം നിശ്ചയിക്കുന്നേടത്ത് ഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെ കര്‍മംചെയ്യാന്‍ കഴിയും. മനസ്സമാധാനത്തോടെ; നന്മയില്‍ പരിപൂര്‍ണവിശ്വാസത്തോടെ; സാവകാശത്തോടെയും സഹനത്തോടെയും ദൃഢവിശ്വാസത്തോടെയും ആ ഫലപ്രാപ്തി ഭൂമിയിലാകുന്നതും പരലോകത്താകുന്നതും അവര്‍ക്കു സമം. ഇക്കാരണങ്ങളാല്‍ ഈ വിശ്വാസം സ്വാഭീഷ്ടത്തിനും ദേഹേഛകള്‍ക്കുമടിമപ്പെടുന്നതില്‍നിന്ന്, മനുഷ്യോചിതമായ ഉല്‍ക്കര്‍ഷത്തിലേക്കുള്ള വഴിത്തിരിവായി ഗണിക്കപ്പെടുന്നു”.

You may also like

More in:Akhirath

Leave a reply

Your email address will not be published. Required fields are marked *