AkhirathDawathIslam

സഫലമാകുന്ന യാത്ര

‘വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ?’
വിശുദ്ധ ഖുർആൻ : അധ്യായം: ഇബ്‌റാഹീം, സൂക്തം: 19
നിവർത്തിവെച്ച മഹാഗ്രന്ഥം പോലെയാണ് പ്രപഞ്ചം.
ഉദിച്ചുയരുന്ന സൂര്യൻ…
പെയ്തിറങ്ങുന്ന മഴ.
തഴുകിത്തലോടുന്ന കാറ്റ്….
പ്രപഞ്ചത്തിലെ വിസ്മയങ്ങൾ കാണുമ്പോൾ ചോദ്യഭാവത്തോടെ നാം ചുറ്റിലും നോക്കിത്തുടങ്ങുകയായി.

ആത്മാവിന്റെ ദാഹമാണ് ഇവിടെ ചോദ്യമായിത്തീരുന്നത്.
ഉത്തരങ്ങളും നമ്മെ തേടിയെത്തുന്നത് അകത്തുനിന്നാണ്,
ആത്മാവിൽ നിന്ന്. ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാമെന്നുവെച്ചാൽ ജീവിതത്തെ
ശുന്യതയുടെ മാറാല കെട്ടി ചോദ്യങ്ങൾ തകർത്തുകളയും.

മഴപോലെയെത്തുന്നു മാലാഖമാർ
ദൈവം സത്യമാണെന്ന് നമ്മെ ഓർമപ്പെടുത്താൻ പ്രകൃതിയുടെ താളം തന്നെ ധാരാളം. മഴയായി പെയ്തിറങ്ങാൻ നീരാവിയെ ആകാശത്തേക്കു വിളിക്കുന്നതുപോലെയാണ് മനുഷ്യർക്ക് ദൈവത്തെ കൃത്യമായി അറിയിക്കാൻ മാലാഖമാരെ ഭൂമിയിലേക്കയക്കുന്നതും.

Also read: ജീവിതത്തെ ബോധപൂ‍ർവം സമീപിക്കുന്നവരോട്

ദൈവസന്ദേശങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ജനങ്ങളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാർ. ദൈവ സന്ദേശവുമായി മാലാഖമാർ അവരെ തേടിയെത്തി. ലാളിത്യത്തോടെ സത്യസന്ധമായി ജീവിക്കുന്ന പ്രവാചകന്മാർ.
അബ്രഹാം,ദാവീദ്, യേശു, മുഹമ്മദ് സത്യത്തിന്റെ തുടർച്ചകൾ.
സത്യസന്ധത ഉയർത്തിപ്പിടിച്ചാണ് അവർ ജനങ്ങൾക്ക് ദൈവം നിശ്ചയിച്ച ജീവിതമാർഗം കാണിച്ചുകൊടുത്തത്. അവരുടെ വാക്കുകൾ സത്യമായി പുലർന്നു. വാക്കും പ്രവൃത്തിയും യോജിച്ചു നിന്നു. അവർ സത്യവാന്മാരായി സമൂഹത്തിൽ അറിയപ്പെട്ടു.

അൽ അമീൻ
ഭൂമിയിലെ അവസാനത്തെ മനുഷ്യനുവേണ്ടിയുമുള്ള ജീവിതദർശനവുമായി പ്രവാചകൻ മുഹമ്മദ് ജനങ്ങൾക്കിടയിൽ നിലകൊണ്ടതും സത്യസന്ധത ഉയർത്തിപ്പിടിച്ചുതന്നെയായിരുന്നു. മക്കാനിവാസികളൊന്നടങ്കം അൽ അമീൻ (വിശ്വസ്തൻ) എന്ന് ആദരവോടെ വിളിച്ചുവന്നിരുന്ന മുഹമ്മദ്, പ്രവാചത്വം ലഭിച്ചപ്പോൾ ഉന്നയിച്ചതും ഇതേ കാര്യമായിരുന്നു: ഞാൻ സത്യസന്ധനാണെന്ന് നിങ്ങൾ അംഗീകരിച്ചതല്ലേ? ഇതാകുന്നു സത്യമാർഗം, മുമ്പ് വന്ന തുടർച്ചകളുടെ പൂർണ്ണത.

ഊഹാപോഹങ്ങൾ കൊണ്ട് ഉയർത്തിവെച്ച ജീവിതവീക്ഷണങ്ങൾ തകർന്നു വീഴുന്നത് സത്യം കണ്ണുനിറഞ്ഞ് മുമ്പിൽ വന്ന് നിൽക്കുമ്പേഴാണ്. നിങ്ങളൊന്ന് ഓർത്തുനോക്കൂ; നമ്മൾ കരുതിയതെന്തായിരുന്നു?

നമ്മുടെ ജീവിതം ഈ ഭൂമിയിൽ തന്നെ തുടങ്ങി ഇവിടെത്തന്നെ അവസാനിക്കുമെന്നും ഈ ജീവിതത്തിനപ്പുറം ഒന്നുമില്ലെന്നും നാം കരുതി. നമ്മുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ നമുക്കുണ്ടായിരുന്ന ചിന്ത ഈ ലോകജീവിതം മുന്നിൽക്കണ്ടു കൊണ്ടുള്ളത് മാത്രമായിരുന്നു. ഈ ലോകജീവിതത്തിൽ ആവശ്യമായി വരുന്ന കാര്യങ്ങളെല്ലാം നമുക്കറിയാമെന്ന ഭാവം നമ്മെ നയിച്ചു. നാം നേടിയ ഭൗതിക പുരോഗതികൾ നമ്മെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

അപ്പോഴും അനീതിയുടെ അസ്വസ്ഥതകൾ നമ്മുടെ മുതുകിൽ തന്നെയുണ്ടായിരുന്നു. കാരണം, നീതിയുടെ പൂർത്തീകരണത്തിന് ഈ ലോകം പര്യാപ്തമേയല്ല.

Also read: മുഹമ്മദ്നബി സാധിച്ചവിപ്ലവം

ആ നീതിയുടെ ലോകം എത്ര സുന്ദരമായിരിക്കും 
മറ്റൊരു ലോകം കൂടിയേ തീരൂ. മരണത്തിനപ്പുറത്തേക്ക് നീണ്ട് കിടക്കുന്ന ഒരു ലേകം. ദൈവം വിശുദ്ധ ഖുർആനിലൂടെ ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുമ്പോൾ ആകാംക്ഷയും വർധിക്കുന്നു. ആ നീതിയുടെ ലോകം എങ്ങനെയിരിക്കും?
വിശുദ്ധ ഖുർആൻ നാമിങ്ങനെ വായിക്കുന്നു:

‘എല്ലാ മനുഷ്യരും മരണം രുചിക്കും. കർമഫലമെല്ലാം ഉയർത്തെഴുന്നേൽപ്പുനാളിൽ മാത്രമാണ് മുഴുവനായും നിങ്ങൾക്കു നൽകുക. അപ്പോൾ നരകത്തീയിൽ നിന്ന് അകറ്റപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയിച്ചവൻ. ഐഹികജീവിതം ചതിക്കുന്ന വിഭവങ്ങൾ മാത്രമാണ്.’ (വിശുദ്ധഖുർആൻ: അധ്യായം: ആലുഇംറാൻ, സൂക്തം: 185)

കർമഫലം ലഭിക്കുമ്പോൾ
നന്മക്ക് രക്ഷയും തിന്മക്ക് ശിക്ഷയുമെന്നത് നീതിബോധത്തിന്റെ താൽപര്യമാണ്. ഇഹലോകത്ത് അപ്രകാരം സംഭവിക്കണമെന്നില്ല. നന്മ ചെയ്തവനെ അവമതിക്കുന്നതും തിന്മ ചെയ്തവനെ ആനയിക്കുന്നതും ഇവിടെ സാധാരണമാണ്. എന്നാൽ നന്മയാകട്ടെ, തിന്മയാകട്ടെ എല്ലാ ധാർമികഫലങ്ങളും ശരിയായും പൂർണമായും പരലോകത്ത് പ്രത്യക്ഷപ്പെടും!

‘ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താൽ അതവൻ കാണും. ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താൽ അതുമവൻ കാണും.’ (വിശുദ്ധ ഖുർആൻ: അധ്യായം : സിൽസാൽ, സൂക്തം: 6)

അവിടെ ഐഹികവിഭവങ്ങൾക്കല്ല, സത്യത്തിനും നന്മക്കുമായിരിക്കും തൂക്കവും വിലയും! അവിടെ സുഖാനന്ദങ്ങൾ സദ്‌വൃത്തനും ദുഖയാതനകൾ ദുർവൃത്തനുമാണ് ലഭിക്കുക. സത്യവിശ്വാസവും സൽകർമങ്ങളുമായി ആ ലോകത്തെത്തിയ ഓരോ മനുഷ്യന്റെയും മുഖത്ത് തന്റെ ജീവിതയാത്ര സഫലമായ സംതൃപ്തി. അവരിൽ ദൈവവും സംപ്രീതനാണ്.
‘അവർക്ക് അവരുടെ നാഥങ്കൽ അർഹമായ പ്രതിഫലമുണ്ട്. താഴ്ഭാഗത്തുകൂടെ ആറുകളൊഴുകുന്ന സ്വർഗീയാരാമങ്ങൾ. അവരതിൽ എക്കാലവും സ്ഥിരവാസികളായിരിക്കും. ദൈവം അവരെക്കുറിച്ച് സംതൃപ്തരായിരിക്കും. അവർ ദൈവത്തിലും സംപ്രീതരായിരിക്കും. ഇതെല്ലാം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവർക്കുള്ളതാണ്.'(വിശുദ്ധ ഖുർആൻ: അധ്യായം: അൽബയ്യിന, സൂക്തം: 8)

Also read: ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

നാം ഓരോരുത്തരും ചെയ്യുന്ന കർമങ്ങളുടെ പ്രതിഫലം നാം തന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന ആ ദിനത്തെക്കുറിച്ച് നാം ഓർത്തിരിക്കേണ്ടതല്ലേ? നമ്മുടെ ഈ ലോകജീവിതത്തിൽ അത്തരമൊരു ചിന്തയോടെ നാം പ്രവർത്തിക്കേണ്ടതില്ലേ? സ്വന്തക്കാരോ ബന്ധുക്കളോ സുഹൃത്തുകളോ സഹായിക്കാനെത്താത്ത, സ്വന്തം പ്രവൃത്തിയുടെ ഫലം നാമൊറ്റക്ക് അനുഭവിക്കേണ്ടി വരുന്ന ആ ദിനം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതില്ലേ?

‘മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകനും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങൾ ഭയപ്പെടുക. നിശ്ചയമായും ദൈവത്തിന്റെ വാഗ്ദാനം സത്യമാണ്. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഒരു കൊടുംചതിയൻ ദൈവത്തിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.’ (വിശുദ്ധ ഖുർആൻ: അധ്യായം: ലുഖ്മാൻ, സൂക്തം : 33)

You may also like

More in:Akhirath

Leave a reply

Your email address will not be published. Required fields are marked *