AkhirathThouheed

മലകുകള്‍: ആജ്ഞാനുസാരം പ്രവര്‍ത്തിപ്പിക്കുന്നവർ

സ്രഷ്ടാവും വിധാതാവുമായ അല്ലാഹു പ്രപഞ്ചത്തെ തന്റെ ആജ്ഞാനുസാരം പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടി ചില സൃഷ്ടികളെ പ്രത്യേകം സൃഷ്ടിച്ചു നിയോഗിച്ചിട്ടുണ്ട്. അവരാണ് മലകുകള്‍. മലകുകള്‍ മനുഷ്യര്‍ക്ക് അദൃശ്യരാകുന്നു. ഋതുഭേദങ്ങള്‍, ജനിമൃതികള്‍ തുടങ്ങിയ പ്രാപഞ്ചിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് മലകുകളാണ്. പക്ഷേ, അവര്‍ ദൈവത്തിന്റെ പങ്കാളികളോ സഹായികളോ അല്ല; സൃഷ്ടികളും ദാസന്മാരും മാത്രമാകുന്നു. മലകുകളെ സംബന്ധിച്ച വിശ്വാസം മിക്ക മതങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഹൈന്ദവ-യവന ഇതിഹാസങ്ങള്‍ ദേവന്മാരായി സങ്കല്പിക്കുന്നത് മലകുകളെയാണ്. ദേവന്മാര്‍ ദൈവത്തിന്റെ ബന്ധുക്കളോ സഹായികളോ സ്വതന്ത്രമായ അധികാരങ്ങളും ശക്തികളുമുള്ള ഉപദൈവങ്ങളോ ആണെന്നാണ് വിശ്വാസം. ബഹുദൈവവിശ്വാസികളായ അറബികള്‍ മലകുകള്‍ ദൈവത്തിന്റെ പെണ്‍മക്കളാണെന്ന് കരുതിയിരുന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ ഈ സങ്കല്പങ്ങളെയെല്ലാം നിഷേധിച്ചിരിക്കുന്നു. മലകുകള്‍ക്ക് അല്ലാഹുവിന്റെ കഴിവുകളിലോ അധികാര ശക്തികളിലോ യാതൊരു പങ്കുമില്ല. മലകുകളെ ദൈവ സന്തതികളായി കരുതിയവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:  وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُّكْرَمُونَ (കരുണാമയനായ ദൈവം സന്തതിയെ സ്വീകരിച്ചിട്ടുള്ളതായി അവര്‍ പറയുന്നു. ഇല്ല. അവര്‍ ആദരണീയരായ ദൈവദാസന്മാരാകുന്നു – 21: 26)

وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ إِنَاثًا ۚ أَشَهِدُوا خَلْقَهُمْ (കരുണാവാരിധിയുടെ അടിമകളായ മലകുകളെ അവര്‍ സ്ത്രീകളായി സങ്കല്പിക്കുന്നു. അവരുടെ സൃഷ്ടിക്ക് ഇവര്‍ സാക്ഷികളായിരുന്നുവോ?- 43: 19)
അല്ലാഹുവിന്റെ അടിമകളും ആജ്ഞാനുവര്‍ത്തികളുമായ മലകുകള്‍ക്കു ദൈവത്തിന്റെ അധികാരങ്ങളോ ശക്തികളോ ഇല്ലെന്നു മാത്രമല്ല; സാക്ഷാല്‍ ദൈവത്തിന്റെ ആജ്ഞകളില്‍നിന്ന് അല്പം പോലും വ്യതിചലിക്കാന്‍ അവര്‍ക്കു സാധ്യവുമല്ല. സ്വന്തമായി വല്ലതും ഇഛിച്ചു പ്രവര്‍ത്തിക്കുക അവരുടെ പ്രകൃതിയേയല്ല. മനുഷ്യന്‍ അവരെ ദൈവത്തിന്റെ പങ്കാളികളായി വരിച്ച് അവരോട് പ്രാര്‍ഥിക്കുന്നത് ഭോഷ്‌കാണ്. ദൈവാജ്ഞയാല്‍, മനുഷ്യന്റെ ആദ്യപിതാവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചവരാണവര്‍. അവര്‍ക്കു നല്കാത്ത ജ്ഞാനം ദൈവം മനുഷ്യന്നു നല്കിയിരിക്കുന്നു. ഭൂമിയിലെ പ്രാതിനിധ്യവും മനുഷ്യര്‍ക്കാണ് നല്കിയിട്ടുള്ളത്.

Also read: ആരാണ് കാഫിര്‍

മലകുകളില്‍ ചിലര്‍ സദാ മനുഷ്യരുടെ കൂടെയുണ്ട്. ഓരോ മനുഷ്യന്റെയും എല്ലാ കര്‍മങ്ങളും അവര്‍ സസൂക്ഷ്മം നിരീക്ഷിച്ചു രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സകല മനുഷ്യരുടെയും കര്‍മപുസ്തകംജീവിത റിക്കാര്‍ഡുകള്‍ അവര്‍ സൂക്ഷിക്കുന്നു. മരണാനന്തര വിചാരണാവേളയില്‍ അത് ദൈവസമക്ഷം ഹാജരാക്കപ്പെടുന്നതാണ്.
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുക പോലും ചെയ്യുന്നില്ല; അവന്റെ കൂടെ അത് നിരീക്ഷിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്നവര്‍(മലക്) ഇല്ലാതെ – 50: 18)

فَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِ وَإِنَّا لَهُ كَاتِبُونَ (ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മങ്ങളാചരിക്കുന്നുവോ അവന്റെ പ്രയത്‌നം വിലമതിക്കാതെ തള്ളപ്പെടുന്നതല്ല. നാമതു രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്’- 21: 94)
وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢ (നിങ്ങള്‍ക്കുമേല്‍ നാം സൂക്ഷിപ്പുകാരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന ആദരണീയരായ എഴുത്തുകാര്‍. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവര്‍ അറിയുന്നുണ്ട്’ – 82: 10-12)
മലകുകളുടെ സത്തയെന്ത്, രൂപമെന്ത് എന്നൊന്നും ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ല. അവര്‍ അഗോചരമായ അതിഭൗതിക സൃഷ്ടികളാണ്. പരിശുദ്ധരാണ്. ആദരണീയരാണ്. ഇത്രയേ ഖുര്‍ആനില്‍ നിന്നും സുന്നതില്‍നിന്നും വ്യക്തമാകുന്നുള്ളൂ.

പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മലകുകളിലൂടെയാണ് അല്ലാഹു നിശ്ചയിച്ച സന്മാര്‍ഗദര്‍ശനം, അഥവാ വെളിപാടുകളും വേദങ്ങളും മനുഷ്യര്‍ക്ക് എത്തിക്കുന്നത്. ജിബ്‌രീല്‍ (ഗബ്രിയേല്‍) എന്ന മലകായിരുന്നു മുഹമ്മദ്‌നബിക്ക് വെളിപാടുകള്‍ എത്തിച്ചിരുന്നത്. മലകുകളുടെ ദൗത്യത്തിന് ഇസ്ലാമിക ദര്‍ശനത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വേദങ്ങളുടെയും പ്രവാചകന്മാരുടെയും ആധികാരികത മലകുകളിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു.

You may also like

More in:Akhirath

Leave a reply

Your email address will not be published. Required fields are marked *