Hajj

ഹജ്ജും ഉംറയും: ആരാധനയിലെ പിഴവുകള്‍

1- ഇഹ്‌റാമിലും അതിന് ശേഷവും വന്നുപോകുന്ന പിഴവുകള്‍: ഇഹ്‌റാമിന്റെ വസ്ത്രം ഒരിക്കലും മാറ്റാന്‍ പറ്റില്ലെന്നാണ് ചിലരുടെ വിശ്വാസം. അതൊരിക്കലും ശരിയല്ല. ചിലരത് കഴുകി വൃത്തിയാക്കാന്‍ പാടില്ലെന്നും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം അനുവദനീയമാണ്. ഇഹ്‌റാം കെട്ടിയവന് കുളിക്കാന്‍ പാടില്ലെന്ന് വിശ്വാസിക്കുന്നവരുമുണ്ട്. സുന്നത്ത് കുളിയാണെങ്കിലും വൃത്തിയാകാന്‍ വേണ്ടി കുളിക്കുകയാണെങ്കിലും ഇഹ്‌റാം കെട്ടിയവനെ സംബന്ധിച്ചെടുത്തോളം കുളിക്കല്‍ അനുവദനീയമാണ്. കറുപ്പോ പച്ചയോ അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കല്‍ അനുവദനീയമല്ലെന്നും അത്തരം നിറത്തിലുള്ള വസ്ത്രങ്ങല്‍ ധരിക്കല്‍ നിര്‍ബന്ധമാണെന്നും കരുതുന്നവരുണ്ട്(പ്രത്യേകിച്ചും സ്ത്രീകള്‍). അതും ശരിയല്ല. യഥാര്‍ത്ഥത്തില്‍ ഭംഗി വെളിപ്പെടുത്താത്ത രീതിയില്‍ അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍കൊണ്ട് ഇഹ്‌റാം കെട്ടാവുന്നതാണ്.(1)

ചിലര്‍ ഇഹ്‌റാം വസ്ത്രം സുഗന്ധം പുരട്ടുന്നത് കാണാം. അത് ശരീഅത്ത് കല്‍പിച്ചതോ അനുവദനീയമോ അല്ല. ചിലര്‍ വാച്ച്, കണ്ണട, ബെല്‍റ്റ് എന്നിവ ധരിക്കല്‍ അനുവദനീയമാണെങ്കില്‍ പോലും അത് ധരിക്കാന്‍ മടികാണിക്കുന്നു. പാന്റ്, തൊപ്പി, ഷര്‍ട്ട് എന്നിങ്ങനെ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിക്കുന്നതിനെത്തൊട്ടാണ് യഥാര്‍ത്ഥത്തില്‍ ശരീഅത്ത് വിലക്കിയിട്ടുള്ളത്. ശക്തമായ വെയിലുള്ളപ്പോള്‍ തണലിലിരിക്കാന്‍ ചിലര്‍ മടികാണിക്കുന്നു. മറ്റുചിലര്‍ മീഖാത്തിന് മുമ്പ് തന്നെ ഇഹ്‌റാം കെട്ടുന്നു. അതൊരിക്കലും അനുവദനീയമല്ല. ചിലര്‍ ഇഹ്‌റാം കെട്ടാതെത്തന്നെ മീഖാത്തും കടന്നുപോകുന്നു, പ്രത്യേകിച്ചും ജിദ്ദ വഴി വിമാനത്തില്‍ വരുന്നവര്‍. അവരെ സംബന്ധിച്ചെടുത്തോളം അവര്‍ ജിദ്ദയില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വീണ്ടും മീഖാത്തിലേക്ക് തന്നെ പോകേണ്ടതാണ്. സ്ത്രീകളില്‍ ഹയ്‌ളുകാരിയോ നിഫാസുകാരിയോ ആണെങ്കില്‍ മീഖാത്തില്‍ വെച്ച് ഇഹ്‌റാം ചെയ്യാന്‍ മടിക്കേണ്ടതില്ല. കാരണം, തിരുനബി(സ്വ) തന്റെ പത്‌നിമാരോട് കുളിക്കുകയും രക്തം വരുന്നിടത്ത് സുഗന്ധം പുരട്ടിയ പഞ്ഞിവെക്കുകയും ചെയ്ത് മീഖാത്തില്‍ വെച്ച് ഇഹ്‌റാം ചെയ്യാനും ത്വവാഫല്ലാത്ത ബാക്കിയെല്ലാ ആരാധാന കര്‍മ്മങ്ങളും ചെയ്യാന്‍ കല്‍പിക്കുന്നുണ്ട്. ത്വവാഫ് ശുദ്ധിയായതിന് ശേഷം മാത്രമേ ചെയ്യാവൂ.(2)

Also read: ജീവിതത്തെ ബോധപൂ‍ർവം സമീപിക്കുന്നവരോട്

ഇഹ്‌റാം കെട്ടുന്ന ചില സ്ത്രീകള്‍ കയ്യുറ ധരിക്കാറുണ്ട്. അത് തെറ്റാണ്. കാരണം, ഇഹ്‌റാം ചെയ്യുന്നവര്‍ കയ്യുറ ധരിക്കുന്നത് പ്രവാചകന്‍(സ്വ) വിലക്കിയ കാര്യമാണ്.(3) ഇഹ്‌റാം കെട്ടുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്‌കാരം നിര്‍ബന്ധമാണെന്ന് കരുതുന്നവരുണ്ട്. അത് ശരിയല്ലെന്ന് മാത്രമല്ല വുളൂഇന് ശേഷമുള്ള സുന്നത്ത് നമസ്‌കാരമല്ലാതെ അങ്ങനെയൊരു ഇബാദത്ത് പറയുന്ന ഹദീസ് വന്നിട്ടേയില്ല. എന്നാല്‍ ഫര്‍ള് നിസ്‌കാരത്തിന് തൊട്ടുടനെ ഇഹ്‌റാം കെട്ടുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. ളുഹ്‌റ് നമസ്‌കാര ശേഷം പ്രവാചകനും ഇഹ്‌റാം ചെയ്തിരുന്നു. ത്വവാഫിന് വേണ്ടിയുള്ള രണ്ട് റക്അത്തിനെക്കുറിച്ചും ഹദീസ് വന്നിട്ടില്ല. ചിലര്‍ ആരാധനകളെല്ലാം അവസാനിക്കുന്നത് വരെ പൂണൂല്‍ ധരിക്കാറുണ്ട്. എന്നാല്‍ ത്വവാഫുല്‍ ഖുദൂമിലാണ് അത് നിയമമാക്കപ്പെട്ടിട്ടുള്ളത്.(4)

2- ത്വവാഫിലെ പിഴവുകള്‍: തൊട്ടടുത്തുള്ള ആളുകള്‍ക്ക് ബുദ്ധിമട്ടുണ്ടാകുന്ന തരത്തില്‍ ഉറക്കെ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുകയോ ദിക്‌റ് ചൊല്ലുകയോ ചെയ്യരുത്. ഹജ്‌റ് ഇസ്മാഈലിന്റെ പിന്നില്‍ വെച്ചായിരിക്കണം ത്വവാഫ് നില്‍വ്വഹിക്കേണ്ടത്. ചിലര്‍ അതിനകത്തേക്ക് പ്രവേശിക്കുകയും ഹിജ്‌റ് ഇസ്മാഈലിന്റെയും കഅ്ബയുടെയും ഇടയില്‍ വെച്ച് ത്വവാഫ് നിര്‍വ്വഹിക്കുകയും ചെയ്യാറുണ്ട്. അത് സ്വീകാര്യമായ ത്വവാഫല്ല. ചിലര്‍ ഓരോ ത്വവാഫിലും ഓരോ ദിക്‌റുള്‍ പ്രത്യേകമായി ചൊല്ലും. തിരുനബി(സ്വ)യോ സ്വഹാബത്തോ താബിഉകളോ അങ്ങനെ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലര്‍ റുക്‌നുല്‍ യമാനിയുടെ അടുത്തെത്തുമ്പോള്‍ ഉറക്കെ തക്ബീര്‍ ചൊല്ലുകയും അതിനെ ചുംബിക്കുകയും ചെയ്യും. അതിനും യാതൊരു അടിസ്ഥാനവുമില്ല. റുക്‌നുല്‍ യമാനിയെ തൊട്ടുമുത്തല്‍ മാത്രമാണ് സുന്നത്തുള്ളത്. ഹജറുല്‍ അസ്‌വദിലേക്കാണ് അഭിമുഖീകരിക്കുകയും ചുംബിക്കുകയും ചെയ്യേണ്ടത്. ഹജറുല്‍ അസ്‌വദ് അല്ലാത്ത കഅ്ബയുടെ മറ്റു ഭാഗങ്ങള്‍ തൊട്ടു മുത്തം വെക്കുന്നവരുണ്ട്. ശരീഅത്തില്‍ അങ്ങനെയൊരു നിര്‍ദ്ദേശമേയില്ല. എന്നാല്‍ ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള മുല്‍തസമില്‍ കഴിയുമെങ്കില്‍ നില്‍ക്കുന്നത് നല്ലതാണ്.(6)

ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ തിരുക്കുകൂട്ടി മറ്റുള്ളവരെ(പ്രത്യേകിച്ചും സ്ത്രീകളെ) ബുദ്ധിമുട്ടിക്കുക, കഅ്ബ ഇടത് വശത്താക്കാതെ ത്വവാഫ് ചെയ്യുക, രണ്ട് കൈകൊണ്ടും ഹജറുല്‍ അസ്‌വദിലേക്ക് ചൂണ്ടുക എന്നിവക്കൊന്നും ഒരു അടിസ്ഥാനവുമില്ല. ഹജറുല്‍ അസ്‌വദിലേക്ക് ഒരു കൈകൊണ്ട് ചൂണ്ടി അല്ലാഹു അക്ബര്‍ എന്ന പറയുകയാണ് വേണ്ടത്. അതുപോലെത്തന്നെ ഹജറുല്‍ അസ്‌വദ് ചുംബിക്കുന്ന സമയത്ത് ‘അല്ലാഹുമ്മ ഈമാനന്‍ ബിക, വ തസ്വ്ദീഖന്‍ ബിവഅ്ദിക, വ ഇത്തിബാഅന്‍ ലിസുന്നത്തി റസൂലിക സ്വല്ലല്ലാഹു അലൈഹി വസല്ലം’ എന്ന് പറയുന്നതും അടിസ്ഥാന രഹിതമാണ്. അതില്‍ വന്ന ഹദീസ് സ്വീകാര്യമായ ഹദീസല്ല. ഇമാം മാലിക് അടക്കമുള്ള പണ്ഡിതന്മാര്‍ അത് നിഷേധിച്ചിട്ടുണ്ട്. ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരത്തില്‍ മഖാമു ഇബ്രാഹീമിന് തൊട്ടുപിന്നില്‍ നിസ്‌കരിക്കാന്‍ ചിലര്‍ തിരക്കുകൂട്ടും. അതവനും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായിരിക്കും. അവന്റെയും കഅ്ബയുടെയും ഇടയില്‍ മഖാമുണ്ടായിരിക്കണമെന്ന വിശ്വാസമാണ് അതിന് കാരണം. എന്നാല്‍, കഅ്ബയില്‍ നിന്നും ദൂരെയായി നിസ്‌കരിച്ചാലും അത് സ്വീകാര്യമാകുന്നതാണ്. ഈ രണ്ട് റക്അത്ത് ദീര്‍ഘിപ്പിക്കേണ്ടതില്ല. കാരണം, ചുരുക്കലാണ് സുന്നത്ത്. ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതണം. ജനങ്ങള്‍ക്ക് വന്നേക്കാവുന്ന ബുദ്ധിമുട്ട് ഓഴിവാക്കുക എല്ലാവര്‍ക്കും അവസരം നല്‍കുക എന്നതെല്ലാമാണ് അതിന്റെ താല്‍പര്യം.

Also read: മനുഷ്യകുലത്തിനുവേണ്ടി ലോകാനുഗ്രഹിയായ പ്രവാചകൻ ചെയ്തത്

3- സഅ്‌യിലെ പിഴവുകള്‍: ചിലര്‍ സ്വഫാ മര്‍വയില്‍ വെച്ച് മസ്ജിദുല്‍ ഹറാമിലേക്ക് ചൂണ്ടുന്നത് കാണാം. എന്നാല്‍, സ്വഫാ മര്‍വയില്‍ നില്‍ക്കുന്നുവെങ്കില്‍ കഅ്ബക്ക് അഭിമുഖമായാണ് നില്‍ക്കുകയും പ്രാര്‍ത്ഥിക്കുന്നവെപ്പോലെ കൈകള്‍ ഉയര്‍ത്തുകയുമാണ് ചെയ്യേണ്ടത്. എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയും തക്ബീറും ഹംദും ചൊല്ലി ഇഹപരലോകത്ത് നിന്ന് നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.(7)

സ്വഫാ മര്‍വക്കിയിലെ നടത്തത്തില്‍ ധൃതി കാണിക്കേണ്ടതില്ല. പച്ച നിറത്തിലുള്ള അടയാളങ്ങള്‍ക്കിടിയില്‍ പുരുഷന്മാരാണ് ഉളരി നടക്കേണ്ടത്. സ്ത്രീ അതില്‍ ഉളരി നടക്കേണ്ടതില്ല. മഹാനായ ഉമറി(റ)നെത്തൊട്ട് ബയ്ഹഖിയും ദാറഖുത്വ്‌നിയും ഉദ്ധരിക്കുന്നു; അദ്ദേഹം പറയുന്നു: സ്ത്രീകള്‍ സ്വഫാ മര്‍വയില്‍ ഉളരി നടക്കേണ്ടതില്ല. ശബ്ദം ഉയര്‍ത്തേണ്ടതുമില്ല. ശരീര ഭാഗങ്ങള്‍ വെളിവാകുന്നതില്‍ നിന്നും അവള്‍ സ്വയം സംരക്ഷിക്കുകയാണ് വേണ്ടത്.(8) അതുപോലെത്തന്നെ ഓരോ സഅ്‌യിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ കൊണ്ടുവരുന്നതിന് ഹദീസില്‍ തെളിവില്ല. പക്ഷെ, സഅ്‌യ് ചെയ്യുന്നവന് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഉമറി(റ)നെത്തൊട്ട് ഉദ്ധരിക്കുന്നു: സഅ്‌യിന്റെ സമയത്ത് അദ്ദേഹം ‘അല്ലാഹുമ്മ ഇഅ്ഫിര്‍ വര്‍ഹം, വതജാവസ് എമ്മാ തഅലം, ഇന്നക്ക അന്‍തല്‍ അഅസ്സുല്‍ അക്‌റം'(9) എന്ന് പ്രാര്‍ത്ഥിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുമായിരുന്നു.

4- അറഫ ദിനത്തിലെ പിഴവുകള്‍: ആരാധനയാണെന്ന് കരുതി ചിലര്‍ പര്‍വ്വതം കയറാറുണ്ട്. മറ്റു ചിലര്‍ അറഫയുടെ പുറത്ത് താമസിക്കും. അവരുടെ ഹജ്ജ് തന്നെ സ്വീകരിക്കപ്പെടുകയില്ല. പ്രവാചകന്‍(സ്വ) പറയുന്നു: ‘ഹജ്ജ് എന്ന് പറഞ്ഞാല്‍ അത് അറഫയാണ്’.(10) അറഫ ദിനത്തില്‍ കൂട്ടുകാരുമായി ഐച്ഛിക വിഷയങ്ങളില്‍ സ്വറപറഞ്ഞിരിക്കരുത്. അത് പ്രവാചക ചര്യക്ക് എതിരാണ്. പകരം ദിക്‌റിലും പ്രാര്‍ത്ഥനയിലും മുഴുകണം.

5- മുസ്ദലിഫയില്‍ വെച്ചുണ്ടാകുന്ന പിഴവുകള്‍: മുസ്ദലിഫയിലേക്ക് പോകുമ്പോള്‍ ധൃതി കാണിക്കുക. തിരുനബി(സ്വ) പറയുന്നു: ‘സാവകാശം..സാവകാശം’.(11) മുസ്ദലിഫയിലേക്ക് പ്രവേശിക്കുന്നതിന് പകരം കല്ല് പൊറുക്കുന്നതില്‍ വ്യാപൃതനാവുക. ചിലപ്പോഴത് മഅ്‌രിബ്, ഇശാഅ് നമസ്‌കാരങ്ങള്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഇബ്‌നു ബാസ് പറയുന്നു: ‘മശ്അറില്‍ നിന്നും മിനയിലേക്ക് പോകും വഴി കല്ല് ശേഖരിക്കാനാണ് പ്രവാചകന്‍ കല്‍പിച്ചിട്ടുള്ളത്. അത് മുസ്ദലിഫയില്‍ നിന്നായാലും മറ്റു സ്ഥലങ്ങളില്‍ നിന്നായാലും കുഴപ്പമില്ല’. ഖിബിലക്ക് മുന്നിടാതെ നിസ്‌കരിക്കാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ചിലര്‍ രാത്രി ഖിയാമുല്ലൈലാക്കി മാറ്റും. മറ്റു ചിലര്‍ സമയമാകുന്നതിന് മുമ്പ് തന്നെ സുബ്ഹി നിസ്‌കരിക്കും. എന്നാല്‍, മുസ്ദലിഫയില്‍ വെച്ച് പ്രഭാതമാകുന്നത് വരെ പ്രവാചകന്‍ ഉറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.(12) വിത്വ്‌റ് നിസ്‌കരിച്ചവന്‍ ഉറങ്ങണം. ഇനി നിസ്‌കരിക്കാതെ ഉറങ്ങിയവനാണെങ്കില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതിനുവേണ്ടി എഴുന്നേല്‍ക്കണം.

6- റമ്‌യിലും അതിനുശേഷവും വന്നുപോകുന്ന പിഴവുകള്‍: പിശാചിനെയാണ് താന്‍ എറിയുന്നതെന്ന് കരുതി ചിലര്‍ വലിയ കല്ലുകളും ചെരുപ്പുകളും ഉപയോഗിക്കും. ചിലര്‍ അസഭ്യം പറയും. അതെല്ലാം വളരെ മോഷപ്പെട്ട കാര്യമാണെന്ന് മാത്രമല്ല തിരുചര്യക്ക് എതിരുമാണ്. ഹജ്ജാജുകളെക്കുറിച്ച് മോശമായ കാഴ്ചപ്പാട് അതുണ്ടാക്കിത്തീര്‍ക്കും. അതുപോലെ ശക്തമായി എറിയുകയോ ചീത്തവിളിക്കുകയോ ചെയ്യരുത്. റമ്‌യിന്റെ വേളയില്‍ ഭവ്യത കാണിക്കുകയും ആരാധനയാണെന്ന് നിയ്യത്ത് ചെയ്യുകയും അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുകയും ചെയ്യണം. പ്രവാചകന്‍(സ്വ) പറയുന്നു: ‘കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫും സ്വഫാ മര്‍വ്വക്കിടയിലെ നടത്തവും റമ്‌യുമെല്ലാം നിര്‍ബന്ധമാക്കിയത് ദൈവിക സ്മരണക്ക് വേണ്ടിയാണ്’.(13) റമ്‌യിന്റെ സമയത്ത് ആര്‍ത്തട്ടഹസിക്കുന്നവര്‍ ആരെയാണ് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്? എറിയാന്‍ ഉപയോഗിക്കുന്ന കല്ല് കഴുകി വൃത്തിയാക്കേണ്ടതില്ല. പന്ത്രണ്ടിന് മക്കയില്‍ പോവുകയും വിദാഇന്റെ ത്വവാഫ് ചെയ്യുകയും പിന്നീട് ജംറയില്‍ വന്ന് കല്ലെറിയുകയും അതിന് ശേഷം ഹജ്ജ് പൂര്‍ത്തിയാക്കി പോകുന്നവരുണ്ട്. അതൊരിക്കലും സ്വീകാര്യമല്ല. കാരണം ആരാധനാ കര്‍മ്മത്തിന്റെ അവസാനം ജംറയിലെ കല്ലേറല്ല, മറിച്ച് വിദാഇന്റെ ത്വവാഫാണ്.

Also read: ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും

അവലംബം:
1 സുനനുല്‍ ഖുബ്‌റാ(5/47) എന്ന് ഗ്രന്ഥത്തില്‍ ആയിശ ബീവിയെത്തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു; മഹതി പറഞ്ഞു: ഇഹ്‌റാം കെട്ടിയ സ്ത്രീ കുങ്കുമം പൂശിയ വസ്ത്രം ധരിക്കുകയോ മഖാവരണം ഇടുകയോ ബുര്‍ഖയിടുകയോ ചെയ്യരുത്. ഇനി ആവശ്യമെങ്കില്‍ മുഖത്തേക്ക് വസ്ത്രം താഴ്ത്തിയിടാവുന്നതാണ്. ഈ ഹദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി ഇര്‍വാഅ്(4/212) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. മന്‍സിക് എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു തൈമിയ പറയുന്നു: സ്ത്രീക്ക് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം. ഒട്ടകക്കട്ടിലില്‍ തണലുകൊള്ളാം. പക്ഷെ, നിഖാബ് ധരിക്കുന്നതും കയ്യുറ ധരിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മുഖം സ്പര്‍ശിക്കാത്ത എന്തെങ്കിലും വസ്തു കൊണ്ട് അവള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നതില്‍ ഏകാഭിപ്രായമാണ്. എന്നാല്‍ മുഖം സ്പര്‍ശിക്കുന്നതാണെങ്കിലും അനുവദനീയമാണെന്നതാണ് ശരിയായ പക്ഷം.
2 നബി(സ്വ)യുടെ ഹജ്ജിന്റെ വിശേഷണം ജാബിര്‍(റ) ഉദ്ധരിക്കുന്നു; ഞങ്ങള്‍ ദുല്‍ഹുലൈഫയിലായിരിക്കെ അസ്മാഅ് ബന്‍ത് ഉമൈസ് പ്രസവിച്ചു. അവര്‍ നബി(സ്വ)ക്കരികില്‍ വന്ന് എന്തുചെയ്യണമെന്ന് ചോദിച്ചു. പ്രവാചകന്‍(സ്വ) പറഞ്ഞു: ‘കുളിച്ചതിന് ശേഷം രക്തം വരുന്നിടത്ത് വസ്ത്രം വെക്കുക എന്നിട്ട് ഇഹ്‌റാം ചെയ്യുക’. ആയിശ ബീവിയെത്തൊട്ട് ഇമാം ബുഖാരിയും ഇമാം മുസ്ലിമും ഉദ്ധരിക്കുന്നു; മഹതി പറയുന്നു: ഹജ്ജിന് വേണ്ടി ഞങ്ങള്‍ പ്രവാചകനൊപ്പം പോയി. സര്‍ഫിലെത്തിയപ്പോള്‍ എനിക്ക് രക്തം വന്നുതുടങ്ങി. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന എന്റെ അടുത്തേക്ക് പ്രവാചകന്‍ കടന്നുവന്നു ചോദിച്ചു: ‘എന്തിനാണ് കരയുന്നത്?’. മഹതി പറഞ്ഞു: ഇക്കൊല്ലം എനിക്ക് ഹജ്ജ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ ഭയക്കുന്നു. ‘നീ നിഫാസുകാരിയാണോ?’ പ്രവാചകന്‍ ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അന്നേരം അവിടുന്ന അരുളി: ‘അത് അല്ലാഹു എല്ലാ സ്ത്രീയുടെ മേലും നിശ്ചയിച്ചുവെച്ചതാണ്. ശുദ്ധിയാകുന്നതുവരെ ത്വവാഫല്ലാത്ത മറ്റെല്ലാ കര്‍മ്മങ്ങളും ഒരു ഹാജിയെപ്പോലെത്തന്നെ നിര്‍വ്വഹിക്കൂ’.
3 ‘ഇഹ്‌റാം ചെയ്ത സ്ത്രീ നിഖാബോ കയ്യുറയോ ധരിക്കരുതെന്ന’ ഹദീസുണ്ട്.
4 പൂണൂല്‍ ധരിക്കുന്ന രൂപം: വലതു ഭാഗത്തെ കക്ഷത്തിന് താഴെ ഭാഗത്തൂടെ വസ്ത്രം പ്രവേശിപ്പിക്കുകയും ഇടതു ഭാഗത്തെ ചുമലലൂടെ പ്രവേശിപ്പിക്കുകയും ചെയ്യുക. ത്വവാഫിന് തൊട്ടുമുമ്പ് മുതല്‍ അത് അവസാനിക്കുന്നത് വരെയാണ് ഇത് ധരിക്കല്‍ സുന്നത്തെന്ന് ഇബ്‌നു ആബിദീന്‍ തന്റെ ഹാഷിയയില്‍ പറയുന്നുണ്ട്.
5 മജ്മൂഉല്‍ ഫതാവയില്‍(26/121) ഇബ്‌നു തൈമിയ പറയുന്നു: റുക്‌നുല്‍ യമാനിയെ ചുംബിക്കുകയെന്നതുകൊണ്ടുള്ള ഉദ്ദേശം കൈകൊണ്ട് തൊട്ട് ചുംബിക്കലാണ്. എന്നാല്‍, കഅ്ബയുടെ മറ്റു ഭാഗങ്ങള്‍, മഖാമു ഇബ്രാഹീം, ഭൂലോകത്തെ എല്ലാ പള്ളികളും ചുമരുകളും അമ്പിയാക്കളുടെ മഖ്ബറകള്‍ തുടങ്ങിയവയൊന്നും തൊട്ട് ചുംബിക്കേണ്ടതില്ല.
6 മനാസികുല്‍ ഹജ്ജി വല്‍ഉംറ എന്ന ഗ്രന്ഥത്തില്‍ ശൈഖ് അല്‍ബാനി പറയുന്നു: പ്രവാചകനെത്തൊട്ട് ര്ണ്ട് മാര്‍ഗത്തലൂടെ വന്ന ഹദീസാണത്. സ്വഹാബികള്‍ അങ്ങനെ ചെയ്തിരുന്നുവെന്നതിനാല്‍ തന്നെ അതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
7 നബി(സ്വ)യുടെ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് ജാബിര്‍(റ) പറയുന്നു: ഞങ്ങള്‍ സ്വഫക്കരികിലെത്തിയപ്പോള്‍ പ്രവാചകന്‍(സ്വ) ”() എന്ന സൂക്തം പാരായണം ചെയ്തു. പിന്നീട് സ്വഫയില്‍ കയറി ഖിബിലക്ക് അഭിമുഖമായി നിന്ന് തക്ബര്‍ ചൊല്ലി ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു ്‌വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹി ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വ്അ്ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു എന്ന് മൂന്ന് തവണ ചൊല്ലുകയും ഓരോന്നിടിടയിലും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
8 മുഗ്നിയില്‍ ഇബ്‌നു ഖാദമ പറയുന്നു: സ്ത്രീകളുടെ ത്വവാഫും സഅ്‌യുമെല്ലാം നടത്തമാണ്. ഇബനു മുന്‍ദിര്‍ പറയുന്നു: സത്രീകള്‍ കഅ്ബക്കു ചുറ്റും സ്വഫാ മര്‍വ്വക്കിടയിലും ഉളരി നടക്കേണ്ടിതില്ലെന്നും പൂണൂല്‍ ധരിക്കേണ്ടതില്ലെന്നും പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്. തൊലി കാണിക്കുകയെന്നതാണ് അതിന്റെ ഉദ്ദേശം. അതുകൊണ്ട് തന്നെ സ്ത്രീകള്‍ അത് ചെയ്യേണ്ടതില്ല.
9 ഉമര്‍(റ), അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ), ഇന്ബു മസ്ഊദ്(റ) എന്നിവരെത്തൊട്ട് ഇബ്‌നു അബീ ശയ്ബ ഇത് ഉദ്ധരിച്ചിട്ടുണ്ട്. പൂര്‍വ്വകാല പണ്ഡിതന്മാരില്‍ ഒരുകൂട്ടം അത് സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് ഇമാം അല്‍ബാനി തന്റെ മനാസികുല്‍ ഹജ്ജി വല്‍ ഉംറ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
10 ഇബ്‌നു അബീ ശയ്ബ(13683), അഹമദ്(18296), അബൂദാവൂദ്(1949), തിര്‍മുദി(889), നസാഇ(3044), ഇബുന മാജ(3015), ഇബ്‌നു അബീ ആസ്വിം(957), ഇബ്‌നു ഖുസൈമ(2822), ദാറകുത്വ്‌നി(2/42), ഹാകിം(3100), ബയ്ഹഖി(9593).
11 മുത്തഫഖുന്‍ അലൈഹി.
12 ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ജാബിര്‍(റ) പറയുന്നു; നബി(സ്വ) മുസ്ദലിഫയില്‍ വന്ന് ഒറ്റ ബാങ്ക് കൊണ്ടും രണ്ട് ഇഖാമത്തു കൊണ്ടും മഗ്‌രിബും ഇശാഉം നമസ്‌കരിക്കുകയും ചെയ്തു. അതിനിടയില്‍ സുന്നത്ത് നിസ്‌കാരമൊന്നും നിര്‍വ്വഹിച്ചില്ല. പിന്നീട് സുബ്ഹിയാകുന്നതുവരെ പ്രവാചകന്‍ ഉറങ്ങി. സുബ്ഹുയായപ്പോള്‍ എഴുന്നേറ്റ് നിസ്‌കരിക്കുകയും ചെയ്തു.
13 ഇബ്‌നു അബീ ശയ്ബ(15333), ഇസ്ഹാഖ് ബ്‌നു റാഹവയ്ഹി(928), അഹ്‌മദ്(23830), അബൂദാവൂദ്(1888), തിര്‍മുദി(902), ഇബ്‌നു ഖുസൈമ(2738), ഹാകിം(1685), ബയ്ഹഖി/ ശുഅ്ബുല്‍ ഈമാന്‍(4081).

വിവ- മുഹമ്മദ് അ ഹ്സൻ പുല്ലൂര്

Leave a reply

Your email address will not be published. Required fields are marked *