Zakath

സക്കാത്തുമുതൽ ബിസിനസിൽ നിക്ഷേപം നടത്താമോ?

ലാഭം കിട്ടുന്ന സാമ്പത്തിക പദ്ധതികളിൽ സക്കാത്തു മുതൽ നിക്ഷേപം നടത്തൽ കഴിഞ്ഞ കാലങ്ങളിലെ പണ്ഡിതൻമാർക്കിടയിൽ പരിചയമില്ലാത്ത ഒരു പുതിയ വിഷയമാണ്‌. കാരണം, അക്കാലത്ത്‌ സാധാരണയായി സക്കാത്തു മുതൽ ഒരുമിച്ചുകൂട്ടപ്പെടുകയും അർഹരായവർക്കിടയിൽ വീതിക്കപ്പെടുകയുമാണ്‌ ചെയ്യാറുള്ളത്‌.

എന്നാൽ, ഇക്കാലത്ത്‌ സക്കാത്തായി ലഭിക്കുന്ന സമ്പത്ത്‌ ഒരു നിക്ഷേപമായി മാറ്റുന്നതിൽ ജനങ്ങൾ ഏറെ താത്‌പര്യം കാണിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌, നിക്ഷേപ സാധ്യതയുള്ള വലിയ പദ്ധതികൾ മുന്നിൽ വരികയും അതിൽ നിന്ന്‌ മതിയായ ലാഭവിഹിതം ലഭിക്കുന്നതുമായ ഇക്കാലത്ത്‌. “സക്കാത്തിന്റെ മുഴുവൻ തുകയോ അല്ലെങ്കിൽ കുറച്ച്‌ ഭാഗമോ നിക്ഷേപിക്കുന്നത് അനുവദനീയമാവുമോ ?” എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്. അതിലൂടെ ലഭിക്കുന്ന ലാഭവിഹിതവും സകാത്ത് അവകാശികൾക്ക് നൽകാമല്ലോ‌.

ഈ വിഷയം വളരെയേറെ പ്രാധന്യം അർഹിക്കുന്ന ഒന്നാണ്. വ്യക്തികളുടെ നിത്യജീവിതവുമായി ഇതിന്‌ വലിയ ബന്ധമുണ്ട്‌. ഇതിനെ അനുവദനീയമാക്കുന്നവരും നിഷിദ്ധമാക്കുന്നവരും ഇസ്‌ലാമിക പണ്ഡിതൻമാർക്കിടയുലുണ്ട്. ദരിദ്രരെയും അഗതികളെയും സകാത്തിന്റെ സമ്പത്ത് കൊണ്ട്‌ സഹായിക്കൽ ഏറെ ആവശ്യമാണന്ന് കൂടി പരി​ഗണിക്കുബോൾ ഇത്തരം ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

ആധുനിക പണ്ഡിതൻമാർ ലാഭം കിട്ടുന്ന പദ്ധതികളിൽ സകാത്തിൻ്റെ സമ്പത്ത് നിക്ഷേപിക്കുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലരുടെ അഭിപ്രായം അനുവദനീയമാണെങ്കിൽ മറ്റു ചിലരുടേത് നിഷിദ്ധമാണ്. ഭൂരിഭാഗം പണ്ഡിതൻമാരുടേയും നിലപാട്‌ അനുവദനീയമാണ്‌ എന്നാണ്. ഡോ. യൂസുഫുൽ ഖർദാവി, ശൈഖ്‌ മുസ്‌തഫ അസ്സർഖാഅ്‌, ഡോ. അബ്ദുൽഅസീസുൽ ഖയ്യാഥ്‌, ശൈഖ്‌ അബ്ദുൽ ഫത്താഹ്‌ അബൂ ഗദഹ്, ഡോ. അബ്ദുസ്സലാമുൽ അബ്ബാദി, ഡോ. ഹസ്സൻ അബ്ദുല്ലാ അൽ ആമീൻ, ഡോ. മുഹമ്മദ്‌ സ്വാലിഹ്‌ അൽഫറഫൂർ, ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ അന്നബ്‌ഹാൻ ഡോ. വഹ്‌ബ അസ്സഹീലീ, ഡോ. ഫരീദ്‌ വാസിൽ തുടങ്ങിയവരെല്ലാം ഈ നിലപാട്‌ സ്വീകരിച്ചവരാണ്‌.

ചിലർ അനുവദനീയമാക്കുന്നതിന്‌ ഒരു നിബന്ധന വെച്ചിട്ടുണ്ട്‌. അതായത്‌, ഈ സമ്പത്ത്‌ പാവങ്ങളുടെ ആവശ്യങ്ങളും സകാത്തിന്റെ മറ്റു ക്രയവിക്രയങ്ങളുമെല്ലാം കഴിച്ച്‌ മിച്ചമുള്ളതായിരിക്കണം. ഡോ. ഹുസൈൻ ശഹാത്ത, ഡോ. ഹുസാമുദ്ദീൻ ഗഫാന, ശൈഖ്‌ സ്വാബൂൻ മുഹമ്മദ്‌, ശൈഖ്‌ അഹ്‌മദുൽ ഖലീലി തുടങ്ങിയവരടെ  നിലപാടിതാണ്.‌ ഡോ. മുഹമ്മദ്‌ അത്വസ്സയ്യിദ്‌, മുഫ്‌തി മുഹമ്മദ്‌ തഖി ഉസ്‌മാനി, ഡോ. അബ്ദുല്ലാ ഉൽവാൻ എന്നിവർ ഇത്തരം നിക്ഷേപങ്ങൾ തീരെ അനുവദനീയമല്ല എന്ന പക്ഷത്താണുള്ളത്.

അനുവദനീയമാണെന്ന്‌ പറയുന്നവരുടെ തെളിവുകൾ

അനസ്‌ ബ്‌നു മാലിക്‌ (റ) റിപ്പോർട്ട്‌ ചെയ്യുന്നു: അൻ‌സ്വാരികളിലൊരു വ്യക്തി നബി(സ) യുടെ സന്നിധിയിൽ വന്ന്‌ സഹായം അഭ്യർത്ഥിച്ചു. നബി ചോദിച്ചു: “നിന്റെ വീട്ടിൽ എന്തെങ്കിലുമുണ്ടോ?” അയാൾ മറുപടി പറഞ്ഞു: “ഒരു കമ്പിളിയുണ്ട്‌. അതിന്റെ ഒരു ഭാഗം ധരിക്കാനും മറുഭാഗം വിരിക്കാനും ഉപയോഗിക്കുന്നു. പിന്നെ വെള്ളം കുടിക്കുന്ന ഒരു പാത്രവുമുണ്ട്‌.” നബി തങ്ങൾ പറഞ്ഞു: “അവ രണ്ടും കൊണ്ട്‌ വരൂ.” രണ്ട്‌ സാധനങ്ങളുമായി അയാൾ നബിയുടെ അടുക്കലേക്ക്‌ എത്തിയപ്പോൾ അവ രണ്ടും കയ്യിലെടുത്ത്‌ ചുറ്റുമുള്ള അനുയായികളോടായി പറഞ്ഞു: “ഈ സാധനങ്ങൾ ആര്‌ വാങ്ങും?” ഒരാൾ പറഞ്ഞു: “ഞാനിതിനെ ഒരു ദിർഹമിന്‌ എടുക്കാം.” നബി രണ്ടോ മൂന്നോ പ്രാവശ്യം ചോദ്യം  ആവർത്തിച്ചു: “ഇതിന്‌ ഒരു ദിർഹമിനേക്കാൾ കൂടുതൽ ആര്‌ തരും.” മറ്റൊരാൾ പറഞ്ഞു: “ഞാൻ രണ്ട്‌ ദിർഹമിനെടുക്കാം.” അപ്പോൾ നബി ആ രണ്ടു വസ്‌തുക്കളും അയാൾക്ക്‌ നൽകി, പകരം കിട്ടിയ രണ്ട്‌ ദിർഹമുകളും  ഉടമക്ക്‌ നൽകിയിട്ട്‌ പറഞ്ഞു: “ഒരു ദിർഹമിന്‌ അരി വാങ്ങിയിട്ട്‌ വീട്ടുകാർക്ക്‌ കൊടുക്കുക, ശേഷിച്ച ദിർഹം കൊണ്ട് കോടാലി വാങ്ങിയിട്ട്‌ എന്റെ അടുത്ത്‌ വരിക.” അയാൾ പറഞ്ഞ പ്രകാരം പ്രവർത്തിച്ചു. കോടാലിയുമായി വന്നപ്പോൾ നബിതങ്ങൾ ആശീർവദിച്ച്‌ കൊണ്ട്‌ പറഞ്ഞു: “പോയി മരങ്ങൾ വെട്ടി വിറക് വിറ്റ് ജീവിക്കൂ. പതിനഞ്ച്‌ ദിവസത്തേക്ക്‌ ഇവിടെ കാണരുത്‌.” അയാൾ പോയി മരങ്ങൾ വെട്ടി വിറ്റ്‌ കഴിഞ്ഞ്‌കൂടി. പിന്നീട്‌ നബിയുടെ സന്നിധിയിൽ വന്ന്‌ അയാൾ പറഞ്ഞു: “എനിക്കിപ്പോൾ‌ പത്ത്‌ ദിർഹം കിട്ടിയിരുന്നു. കുറച്ചു ദിർഹം കൊണ്ട്‌ വസ്‌ത്രങ്ങളും കുറച്ച്‌ ദിർഹം കൊണ്ട്‌ അന്നപാനീയങ്ങളും വാങ്ങിച്ചു.” തിരു നബി (സ) അരുളി: “അന്ത്യ നാളിൽ നിന്റെ മുഖത്ത്‌ യാചനയുടെ കുത്ത്‌ ഉണ്ടാകുന്നതിനേക്കാൾ ഇതാണ്‌ നിനക്കേറ്റവും നല്ലത്‌. മൂന്ന് പേർക്ക് മാത്രമേ യാചന പാടുള്ളൂ.” കഠിന ദാരിദ്രത്തിലകപ്പെട്ടവൻ, കടത്തിൽ മുങ്ങിയവൻ, രോഗക്കെടുതിയിലായവൻ.

ഈ നബി വചനത്തിൽ നിന്ന്‌ വ്യക്തമാകുന്ന കാര്യം; ദരിദ്രന്റെയും പാവപ്പെട്ടവന്റെയും കയ്യിൽ അവന്റെ അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞ്‌ മിച്ചമുള്ളവ നിക്ഷേപം നടത്താവുന്നതാണ്‌ എന്നാണ്. ഇപ്രകാരം നിക്ഷേപ പദ്ധതികൾ അവകാശികളായ വ്യക്തികളിലേക്ക്‌ എത്തുകയും ചെയ്യും.

ചില പണ്ഡിതൻമാർ ‘അല്ലാഹുവിന്റെ മാർഗത്തിൽ’ എന്ന പ്രയോ​ഗത്തിന്‌ വിശാലാർത്ഥമാണ് സ്വീകരിച്ചിരിക്കുന്നത്‌. എല്ലാ നന്മകളും പൊതുപ്രവർത്തനങ്ങളും ലാഭം കിട്ടുന്ന നിക്ഷേപങ്ങളടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഇതിൽ പെടുന്നുവെന്നാണ് അവരുടെ പക്ഷം. ഈ അഭിപ്രായത്തെയാണ്‌ സലഫി മതപണ്ഡിതൻമാരും ആധുനികരിൽ അധികപേരും തെരഞ്ഞെടുത്തിട്ടുള്ളത്‌.

ഭരണാധികരികൾക്ക് യുദ്ധ സമയത്ത് യുദ്ധോപകരണങ്ങൾ തയ്യാറാക്കാൻ ഈ സമ്പത്ത് ഉപയോ​ഗിക്കാമെന്ന് അഭിപ്രായമുള്ള പണ്ഡിതൻമാരുമുണ്ട്. ഇതുപോലെ അത്യാവശ്യ സമയത്ത്‌ സകാത്തിന്റെ പണം കൊണ്ട്‌ നിക്ഷേപം നടത്തലും അനുവദനീയമാണന്നാണ് അവരുടെ പക്ഷം‌.

സകാത്ത്‌ വീട്ടുന്നതിന്‌ സ്വകാര്യ ഉടമസ്ഥത നിബന്ധന വെച്ചിട്ടുള്ള പണ്ടിതൻമാരെപോലെ, പൊതു ഉടമസ്ഥതയിലും ശരിയാവുമെന്ന് ധാരാളം ആധുനിക ഫത് വകളും വന്നിട്ടുണ്ട്. നബി തങ്ങൾ അരുളി: “സകാത്ത്‌ കൊടുത്ത്‌ തീരാതിരിക്കാൻ വേണ്ടി നിങ്ങൾ യതീമിന്റെ സമ്പത്ത്‌ സംരക്ഷിക്കുക.” ഈ ഹദീസിൽ നിന്ന്‌ യതീം സംരക്ഷകർ യതീമിന്റെ സമ്പത്ത്‌ നിക്ഷേപം നടത്തുന്നത്‌ ശരിയാണ്‌ എന്ന്‌ മനസ്സിലാക്കാം. സക്കാത്തിൻ്റെ സമ്പത്തും യതീമിന്റെ സമ്പത്തിനേക്കാൾ പ്രാധാന്യക്കുറവുള്ളതല്ല. ഈ അഭിപ്രായം അനുസരിച്ച്‌ നിക്ഷേപം നടത്തൽ പദ്ധതി സകാത്ത്‌ അവകാശികളുടെ ഒരു പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലാകണം. ആ പദ്ധതിയുടെ മേൽനോട്ടത്തിൽ സകാത്ത്‌ ഫൗണ്ടേഷൻ നേതൃസ്ഥാനത്ത്‌ വരാവുന്നതാണ്‌. ഇത്തരത്തിലുള്ള വരുമാനം അവകാശികളായ ജനങ്ങൾക്ക്‌ പദ്ധതിയെ വിൽക്കാത്ത, അവസാനിപ്പിക്കാൻ ഉദ്ദേശിക്കാത്ത കാലമത്രയും നിസ്സംശയം ലഭിക്കുകയും ചെയ്യും.

വിശുദ്ധ ഖുർആനിൽ സകാത്തന്റെ അവകാശികളെക്കുറിച്ച് പരാമർശമുണ്ട്‌. അവരിലേക്ക്‌ സക്കാത്തിനെ എങ്ങനെ എത്തിച്ച്‌ കൊടുക്കും? അതിനെക്കുറിച്ച്‌ വിശദീകരണമില്ല. ആയതിനാൽ, എത്തിച്ചു കൊടുക്കുന്നതിന്റെ മാർഗങ്ങളും രീതികളും തെരഞ്ഞെടുക്കുന്നത്‌ ഒരു ഗവേഷണ വിഷയമാണ്‌ എന്നത്‌ ഇതിൽ നിന്ന്‌ വ്യക്തമാണ്‌. പ്രധാന വിഷയം ലക്ഷ്യ സാഫല്യമാണ്‌. അതായത്‌, സകാത്തിന്റെ സമ്പത്ത്‌ അതിന്റെ അവകാശികളിലേക്ക്‌ എത്തിച്ച്‌ കൊടുക്കുക.

ഇക്കാര്യത്തിൽ ഖിലാഫെ ഖിയാസ്‌ ഇസ്‌തിഹ്‌സാൻ പ്രകാരം പ്രവർത്തിക്കാവുന്നതാണ്‌. അതായത്‌, യഥാർത്ഥത്തിൽ ഇത്‌ അനുവദനീയമല്ലെങ്കിലും അത്യവശ്യം പരിഗണിച്ച്‌ തെരഞ്ഞടുക്കാവുന്നതാണ്‌. ഒരു ദരിദ്രൻ്റെ ജീവിത കാലം മുഴുവൻ ആവശ്യമുള്ള പണമത്രയും സകാത്തായി കൊടുക്കാൻ പറ്റുമെന്നാണ്‌ ശാഫിഈ പക്ഷം. ഈ അഭിപ്രായത്തിൽ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്കൾക്ക് സകാത്തിന്റെ സമ്പത്ത്‌ കൊണ്ട്‌ ഫാക്ടറികൾ, ഭൂമികൾ, നിർമാണ-വ്യവസായ ശാലകളുമെല്ലാം നടത്താവുന്നതാണ്‌. മാത്രമല്ല, ദരിദ്രർക്ക് പൂർണ്ണമായോ ഭാഗികമായോ ഉടമയുമാകാം. എന്തുകൊണ്ടെന്നാൽ, അതിൽ നിന്ന്‌ കിട്ടുന്ന വരുമാനം അവരുടെ ജീവിതാവശ്യങ്ങൾക്ക് തികയേണ്ടതാണ്‌.

അനുവദനീയമല്ലെന്ന്‌ പറയുന്നവരുടെ തെളിവുകൾ

നിക്ഷേപം നടത്തിയാൽ അതിൽ നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്‌. അത്‌ വ്യക്തവുമാണ്‌. കച്ചവടത്തിന്‌ ലാഭവും നഷ്ടവുമുണ്ടാകാം. ഈ ഒരു പ്രതിസന്ധി സകാത്തിന്റെ പണം സംരക്ഷിക്കുന്നവർക്കോ നടത്തിപ്പുകാർക്കോ പാവപ്പെട്ടവരുടെ ലാഭത്തിൽ നിന്ന്‌ കുറവ്‌ വന്നാലും അവരെ ബാധിക്കില്ല. നിർമ്മാണ കാർഷിക പദ്ധതികളിൽ സകാത്തിന്റെ പണം നിക്ഷേപം നടത്തലിലൂടെ അവകാശികൾക്ക്‌ സകാത്ത്‌ വിഹിതം കിട്ടാൻ വൈകുന്നുണ്ട്‌. ഇത്‌ ഭൂരിപക്ഷ പണ്ഡിതൻമാരുടെ അഭിപ്രായമായ സകാത്ത്‌ പെട്ടെന്ന്‌ തന്നെ വീട്ടൽ നിർബന്ധമാണ്‌ എന്നതിന് എതിരുമാണ്‌.

സകാത്തിന്റെ പണം നിക്ഷേപിക്കുന്നതിലൂടെ അതിന്റെ വലിയ ഒരു ഭാഗം നടത്തിപ്പ്‌ പ്രക്രിയകളിൽ ചെലവായിപ്പോകുന്നുവെന്നതാണ് മറ്റൊരാക്ഷേപം. സക്കാത്ത് ഭരണാധികാരികളുടെയോ പ്രതിനിധികളുടെയോ കയ്യിൽ വിശ്വസ്ഥതയോടെ ഉള്ളതാണ്‌. അതിൽ കൈകാര്യം ചെയ്യാനോ നിക്ഷേപം നടത്താനോ അവർക്ക്‌ അവകാശമില്ല.

സകാത്തിന്റെ പണം നിക്ഷേപിക്കുന്നതിലൂടെ അവകാശികൾ അതിന്റെ ഉടമകളാകുന്നില്ല. അത്‌ സകാത്ത്‌ വീട്ടാൻ ഉടമസ്ഥത എന്ന നിബഡന വെച്ച ഭൂരിഭാഗം പണ്ഡിതൻമാരുടെയും നിലപാടിനെതിരാണ്‌. വിശുദ്ധ ഖുർആൻ സക്കാത്തിൻ്റെ അവകാശികളെ പറഞ്ഞിടത്ത്‌ ‌ ചേർന്നു വന്ന ‘ലാമ്’ ഉടമസ്ഥത എന്ന അർത്ഥത്തിന്‌ വേണ്ടി വന്നതാണ്‌. “സകാത്ത്‌ ദരിദ്രർക്കും അഗതികൾക്കും മാത്രമുള്ളതാണ്‌.” (തൗബ 60)

നിഷിദ്ധമാക്കിയവരുടെ തെളിവുകൾക്കുള്ള എതിരഭിപ്രായങ്ങൾ

കച്ചവടത്തിൽ നഷ്ട സാധ്യത കണക്കിലെടുത്ത് കച്ചവടം ചെയ്യാതിരിക്കൽ ശരിയല്ലല്ലോ. കച്ചവടത്തിൽ നഷ്ടമുണ്ടാകാമെന്ന്‌ കരുതി ആരെങ്കിലും തന്റെ പണം അതിലിറക്കാതിരിക്കില്ല എന്നത് അതിൽ ലാഭത്തിന്റെ സാധ്യതകൂടി ഉള്ളത് കൊണ്ടാണല്ലോ. മാത്രവുമല്ല, പൌരാണിക പണ്ഡിതൻമാരൊക്കെ പാവപ്പെട്ടവർക്ക്‌ ക്രാഫ്‌റ്റ്‌ മിഷീനോ കച്ചവടസാധനങ്ങളോ വാങ്ങിക്കൊടുക്കാൻ സമ്മതവും നൽകിയിരുന്നു. അതിലൂടെ‌ ലാഭവും മെച്ചവും കിട്ടാൻ വേണ്ടിയായിരുന്നല്ലോ അങ്ങനെ ചെയ്‌തത്‌. എന്നാൽ, ആ വസ്‌തുക്കളിലും നഷ്ടത്തിന്‌ സാധ്യതയുണ്ട്‌. പക്ഷെ, കേവസ നഷ്ട സാധ്യത മുന്നിൽകണ്ട് അതിനെ നിരോധിച്ചിട്ടുമില്ല.

മാത്രവുമല്ല, ഏതെങ്കിലുമൊരു നിക്ഷേപ പദ്ധതികളിൽ മുതൽ മുടക്കും മുമ്പേ അതിന്റെ സാമ്പത്തിക സ്ഥിതികൾ വിശദമായി അന്യേഷിക്കാറുമുണ്ട്‌. അതിൽ നിന്ന്‌ ലാഭമുണ്ടാക്കുന്നതും റിസ്കില്ലാത്തതുമായ പദ്ധതികൾ തെരഞ്ഞെടുക്കപ്പെടാറാണല്ലോ പതിവ്. വലിയ റിസ്കുള്ള പദ്ധതികളിൽ നിക്ഷേപം നടത്തുകയുമില്ല. അത്തരം മേഖലയിൽ കഴിവ്‌ തെളിയിച്ച വിശ്വസ്‌തരെയും നല്ല നടത്തിപ്പുകാരെയും ജോലിക്കാരായി നിയമിക്കുകയുമാണ് ചെയ്യാറ്. ഇവർ പണക്കാരോ സ്വന്തം സകാത്ത്‌ വീട്ടുന്നവരോ ആയിരിക്കും. ഈ രൂപത്തിൽ സകാത്ത്‌ മുതലിന്റെ സംരക്ഷണത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും വിശ്വസ്ഥതയോടെയും ജോലി ചെയ്യുന്നവരും ആവും.

നഷ്ടം വരുമോയെന്ന പ്രതിസന്ധിയെ കുറക്കാൻ ഇത്തരം രീതികൾ സ്വീകരിക്കാവുന്നതുമാണ്‌. കേവലം ഒരു പദ്ധതിയിൽ നിക്ഷേപം നടത്താതെ വ്യത്യസ്ഥ പദ്ധതികളിൽ നിക്ഷേപം നടത്തുക വഴി സക്കാത്തിൻ്റെ പണത്തിൽ വർദ്ധനവുണ്ടാക്കാനും അവകാശികൾക്ക് ആ ലാഭം കിട്ടാനും സാധിക്കും.

“സകാത്തിന്റെ പണം നിക്ഷേപം നടത്തുന്നതിലൂടെ അവകാശികളിലേക്ക്‌ പെട്ടെന്ന്‌ എത്തുന്നില്ല. സകാത്തിന്റെ പണം എത്രയും നേരത്തെ‌ വീട്ടണമെന്ന കാര്യം‌ ഇവിടെ നടക്കുന്നുമില്ല” എന്ന്‌ പറഞ്ഞവർക്കുള്ള മറുപടി ഇങ്ങനെ മനസ്സിലാക്കാം. സക്കാത്തിൻ്റെ പണം പെട്ടെന്ന്‌ വീട്ടാൻ സ്റ്റേറ്റിനെയോ സകാത്ത് ഒരുമിച്ച്‌ കൂട്ടുന്ന അതോറിറ്റിയെയാണ്‌ ഏൽപിക്കാറുള്ളത്‌. അവർ ചെലവഴിക്കുമ്പോൾ വൈകാവുന്നതുമാണ്‌. അതിനുള്ള തെളിവ്‌ മഹാനായി അനസ്‌ ബ്‌നു മാലിക്‌(റ) റിപ്പോർട്ട്‌ ചെയ്‌ത ഹദീസാണ്. അദ്ദേഹം പറയുന്നു: “ഞാൻ അബ്ദുല്ലാഹിബ്‌നു അബീ റബാഹയുമായി നബിയുടെ സന്നിധിയിൽ ഹാജറായപ്പോൾ നബിയുടെ കയ്യിൽ അടയാളം വെക്കുന്ന ഉപകരണം കാണുകയുണ്ടായി. അത്കൊണ്ട് സക്കാത്തിൻ്റെ ഒട്ടകങ്ങളുടെ മേൽ അടയാളം വെക്കുന്നുമുണ്ട്‌. അതായത്‌ നബി തങ്ങൾ സകാതിന്റെ ഒട്ടകങ്ങളുടെ മേൽ അടയാളം വരുത്തുക വഴി ഒരു പ്രത്യേക അടയാളം വെക്കുക തന്നെയായിരുന്നു.

ഈ ഹദീസിൽ നിന്ന്‌ മനസ്സിലാകുന്നത്‌; സക്കാത്തായി വരുന്ന ഒട്ടകങ്ങളെ എത്രനേരം വൈകിപ്പിച്ചും അവകാശികളിലേക്ക്‌ എത്തിച്ചാൽ പ്രശ്‌നമില്ല എന്നാണ്. ആ ഒട്ടകങ്ങളെ പെട്ടെന്ന്‌ അതിന്റെ അവകാശികളിലേക്ക്‌ നൽകുകയാണെങ്കിൽ അവകളുടെ മേൽ അടയാളം വെക്കേണ്ട ആവശ്യം തന്നെ വരുന്നില്ല. ഇതിൽ നിന്ന്‌ മനസ്സിലാകുന്നത്‌ ഭരണാധികാരികൾക്ക് ആവശ്യമാണെന്ന്‌ മനസ്സിലാകുകയാണെങ്കിൽ അവകാശികളിലേക്ക്‌ സകാതിന്റെ പണം എത്തിക്കുന്നതിൽ അടുത്ത വർഷം വരെ വൈകിപ്പിക്കാവുന്നതാണ്‌. ഒരുപാട്‌ ആധുനിക പണ്ഡിതൻമാർ ഫത് വ നൽകിയിട്ടുള്ളത്‌ സകാതിന്റെ പണം അവകാശികളിലേക്ക്‌ എത്തിക്കുന്നതിൽ അടുത്ത വർഷം വരെ വൈകിപ്പിക്കാവുന്നതാണ് എന്നാണ്‌. ഏതായാലും മുഴുവൻ പണവും വൈകിക്കിപ്പേണ്ടതില്ല മറിച്ച്‌, അത്യാവശ്യങ്ങൾക്കോ മറ്റോ വേണ്ടി ചിലവഴിക്കാൻ കുറച്ച്‌ പ്രത്യേക ഭാഗം തന്നെ നൽകാവുന്നതാണ്‌.

അനുവദനീയമല്ലെന്ന്‌ പറയുന്നവരുടെ മറ്റൊരു തെളിവ്‌ സകാത്ത്‌ പണത്തിന്റെ ഒരു വലിയ ഭാഗം നടത്തിപ്പുകാര്യങ്ങളിൽ ചെലവായിപ്പോകുമെന്നതാണ്‌. അതിനുള്ള മറുപടി; ആ ചിലവുകളെ സകാത്തിന്റെ സമാഹരണത്തിലും വിതരണത്തിലും ജോലി ചെയ്യുന്നവർക്ക്‌ സകാത്തിന്റെ അവകാശം ഉള്ള പോലെ അവരെയും അതിൽ ഉൾപ്പെടുത്തണമെന്നുള്ളതാണ്‌. സകാത്തിന്റെ പണം നിക്ഷേപം നടത്തുന്നവർക്ക്‌ നിർബന്ധമായ കാര്യം ആ ചിലവുകളെ കുറച്ച്‌ കൊണ്ട്‌ വരാനോ അല്ലെങ്കിൽ സാധിക്കും വിധം കുറഞ്ഞ‌ ചെലവിനായി ശ്രമിക്കണമെന്നുള്ളതാണ്‌.
എന്നാൽ, ആ ചെലവഴിക്കപ്പെടുന്ന പണം ഉപകാരമില്ലാത്തതായോ നഷ്ടപ്പെട്ടോ പോകില്ല. മാത്രമല്ല, ഒരുപാട്‌ പേർക്ക്‌ തൊഴിലവസരം ലഭിക്കുകയും ചെയ്യുന്നുണ്ട്‌. ഈ തൊഴിൽ കൂടിയില്ലെങ്കിൽ അവർ ദിവസക്കൂലിയില്ലാതെ ദാരിദ്രത്തിന്റെ പടുകുഴിയിൽ വീണിട്ടുണ്ടാകകുമായിരുന്നു. ചിലർ പറയുന്നത് നടത്തിപ്പ്‌ ചിലവിനെ ക്ഷേമ ചാരിറ്റി ഫണ്ടുകളിലോ മറ്റോ ആയി പൂർത്തിയാക്കി,
സാധനങ്ങൾ വിൽക്കുന്ന സമയത്ത്‌ ആ ചിലവുകളെ കൂടി അതിലുൾപ്പെടുത്തി ചെലവുകൾ പൂർത്തിയാക്കാവുന്നതാണ്‌ എന്നാണ്.

“സകാത്ത്‌ ഭരണാധികാരികളുടെയോ പ്രതിനിധികളുടേയോ കൈകളിൽ വിശ്വസ്ഥതയോടെ ഏൽപിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിൽ ഒരു വിധത്തിലുള്ള കൈകാര്യം നടത്തലിനും അവർക്ക്‌ അനുവാദമില്ല.” ഇത്‌ അംഗീകരിക്കാൻ പറ്റാത്ത, സ്വീകാര്യമല്ലാത്ത ഒരു കാര്യമാണ്‌. കാരണം, ചില സന്ദർഭങ്ങളിൽ സക്കാത്തിൻ്റെ പണത്തിൽ കൈകാര്യം ചെയ്യാൻ മത പണ്ഡിതൻമാർ അനുമതി കൊടുത്തിട്ടുണ്ട്‌. ഉദാഹരണത്തിന്‌, പലപ്പോഴും സകാത്തിന്റെ സമ്പത്ത്‌ വിൽക്കാനോ അല്ലെങ്കിൽ അതിനെ ഒരു സ്ഥലത്ത്‌ നിന്ന് മറ്റൊരു സ്ഥലത്തേക്ക്‌ നീക്കാനോ പറ്റുന്നുണ്ട്‌. മാലികീ, ശാഫിഈ, ഹ‌ബലീ പണ്ഡിതൻമാർക്ക്‌ ഇതേ അഭിപ്രായമാണ്‌. എപ്രകാരം അത്യാവശ്യ സമയത്ത്‌ സകാത്തിന്റെ സമ്പത്ത്‌ വിൽക്കാൻ അനുവാദമുണ്ടോ അപ്രകാരം അത്യാവശ്യസമയത്ത്‌ അതിനെ നിക്ഷേപം നടത്തലും അനുവദനീയമാണ്‌.

സകാത്തിന്റെ സമ്പത്ത്‌ നിക്ഷേപം നടത്തുന്നതിന്‌ എതിർക്കുന്നവരുടെ മറ്റൊരു വാദം: “ഇത്‌ ഭൂരിഭാഗം പണ്ഡിതൻമാരും നിബന്ധന വെച്ചിട്ടുള്ള ‘ഉടമസ്ഥതയുടെ’ അടിസ്ഥാന തത്വങ്ങൾക്ക്‌ എതിരാണ്‌. എന്നാൽ, ഇതിന്ന് മുഴുവൻ പണ്ഡിതൻമാരുടെയും ഏകാഭിപ്രായമില്ല. ഈ വിഷയത്തിൽ പണ്ഡിതൻമാർക്ക്‌ നാല്‌ അഭിപ്രായങ്ങളുണ്ട്‌.

1: സകാത്തിന്റെ എട്ടവകാശികൾക്കും ഉടമസ്ഥതയിൽ നിബന്ധനകളുണ്ട്‌. ഇത്‌ ഹനഫികളുടെ അഭിപ്രായമാണ്‌. അതിൽ സകാത്ത് മുതലിന്റെ ഉടമസ്ഥത എന്ന നിബന്ധനയാൽ മറ്റാരേക്കാളും നിയന്ത്രണങ്ങളുണ്ട്‌. അവർ അതിനെ സക്കാത്തിൻ്റെ ഒരു ഭാഗമായിട്ട്‌ തന്നെ എണ്ണിയിട്ടുണ്ട്‌. കാരണം, മഹാന്മാർ പറയുന്നു: “സക്കാത്തിൻ്റെ പണം കൊണ്ട്‌ പള്ളി പണിയാനോ കഫൻ പുടവ പുതപ്പിക്കാനോ സാധിക്കില്ല. അതിൽ സക്കാത്തിൻ്റെ ഒരു ഭാഗമായ ഉടമസ്ഥതയില്ലെന്നതാണ്‌ കാരണം.”

2: സക്കാത്തിൻ്റെ ആദ്യ നാല്‌ അവകാശികൾക്ക്‌ ഉടമസ്ഥത നിബന്ധനയുണ്ട്‌. അതായത്‌, ദരിദ്രർ, അഗതികൾ സകാത്ത് ജോലിക്കാർ, പുതു വിശ്വാസികൾ. കാരണം, അല്ലാഹു സക്കാതിനോട് ബന്ധിച്ച്‌ അവകാശികളുടെ ഭാഗത്ത്‌ ഉടമസ്ഥതയെ സൂചിപ്പിക്കാൻ ‘ലാമ്’ ആണ്‌ ഉപയോഗിച്ചത്‌. എന്നാൽ, ശേഷിച്ച മറ്റു നാല്‌ പേർക്ക്‌ വേണ്ടി അല്ലാഹു ലാമിനു പകരം ‘ഫീ’ എന്നാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഇത്‌ ശാഫിഈകളുടെയും ഹമ്പലികളുടെയും അഭിപ്രായമാണ്‌. ‘അൽ മദ്‌ഹബിൽ’ പറയുന്നത്‌: “സകാതിന്റെ അവകാശികളിൽ ആദ്യനാല്‌ പേരോട്‌ ചേർത്ത്‌ ഉടമസ്ഥതയുടെ ‘ലാമ്’ കൊടുക്കുകയും അവകൾക്കിടയിൽ പങ്കാളിത്തത്തെ അറിയിക്കുന്ന ‘വാവ്’ ബന്ധിപ്പിച്ച്‌ വരികയും ചെയ്‌തിട്ടുണ്ട്‌. അതിനാൽ വ്യക്തമാകുന്നത്‌, സക്കാത്തിൻ്റെ സമ്പത്ത്‌ ഒരു പോലെ പങ്കാളിത്തമുള്ള ഈ നാല്‌ പേർക്കിടയിലും ഉടമസ്ഥതയുള്ളതാണ്‌.

3: അവകാശികളുടെ ആദ്യ നാല്‌ ഇനക്കാർക്ക്‌ പുറമേ ‘യുദ്ധത്തിന് പോകുന്നവർക്ക്‌’ ഉടമസ്ഥതയുണ്ടെന്ന്‌ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇത്‌ മാലികീ മദ്‌ഹബിന്റെ അഭിപ്രായമാണ്‌.

4: ഉടമസ്ഥതയെന്ന നിബന്ധന ആരുടെയെങ്കിലുമല്ല. അത്‌ ശിയാക്കളുടെയും അല്ലാമ ശൗകാനിയുടേതുമാണ്‌. അവർ പറയുന്നു: “സകാതിന്റെ ഉടമസ്ഥത സ്ഥിരപ്പെടുത്താൻ അടിസ്ഥാനമല്ലാത്ത കാരണങ്ങളാൽ തെളിവ്‌ ചോദിക്കപ്പെട്ടാൽ അതിന്‌ തെളിവ്‌ നിരത്താൻ പറ്റില്ല. എന്നല്ല, യഥാർത്ഥത്തിൽ ആ തെളിവ്‌ ബലഹീനവുമാണ്‌. ആ അഭിപ്രായത്തെ നിരവധി ആധുനിക പണ്ഡിതൻമാർ പ്രബലമാക്കിയിട്ടുണ്ട്‌. ഉദാഹരണം, സയ്യിദ്‌ അബുൽ അഅ്‌ലാ മൗദൂദി, ശൈഖ്‌ മുഹമ്മദ്‌ അബൂ സുഹ്‌റ, ഈജിപ്‌ത്‌ ദാറുൽ ഇഫ്‌താഅ്‌, ശൈഖ്‌ മുസ്ഥഫാ അസ്സർഖാഅ്‌ എന്നിവരുടേതെല്ലാം ഇതേ അഭിപ്രായമാണ്‌. കാരണം, ‘ലാമ്’ ഉടമസ്ഥതക്ക്‌ എന്ന പോലെ ‘പ്രത്യേകമാക്കാനും’ ഉപയോഗിക്കപ്പെടാറുണ്ട്‌. ഇനി നമ്മൾ അതിനെ വ്യക്തി ഉടമസ്ഥതക്ക്‌ വേണ്ടി മാത്രം പറയുകയാണെങ്കിൽ സകാത്തിന്റെ സമ്പത്തിൽ നിന്ന്‌ കിട്ടുന്ന ഒരുപാട്‌ ഉപകാരങ്ങൾ ഇല്ലാതായിപ്പോവും. ലാമിൽ വ്യക്തി ഉടമസ്ഥത എന്ന അർത്ഥമുണ്ടെന്നതിന്റെ തെളിവ്‌ എന്താണ്‌? ഞാൻ ലാമിന്റെയും ഫീയുടെയും ഇടയിൽ ഒരു വ്യത്യാസവും കാണുന്നില്ല. സകാത്തിനോട്‌ ബന്ധപ്പെട്ട്‌ ഇസ്ലാമിക പ്രാമാണികതയിൽ രണ്ടിന്റെയും ഉപയോഗങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണമായി, ദരിദ്രർക്ക്‌ ഖുർആനിൽ ലാമിന്റെയും ഹദീസിൽ ഫീയുടെയും ഉപയോഗമുണ്ട്‌. ആ ഹദീസ് ഇതാണ്‌: “ഒരു ഗ്രാമീണൻ തിരുനബിയോട്‌ ചോദിച്ചു: ‘ഞങ്ങളിലെ പണക്കാരിൽ നിന്ന് സക്കാത്ത് എടുത്തിട്ട് ഞങ്ങളിലെ ദരിദ്രർക്ക് നൽകാനല്ലെ അല്ലാഹു നിങ്ങളോട്‌ കൽപിച്ചത്‌? നബി തങ്ങൾ അതെയെന്ന്‌ മറുപടി പറഞ്ഞു.

ആ അഅ്‌റാബി ‘ഞങ്ങളുടെ ദരിദ്രരിൽ’ എന്ന്‌ പറഞ്ഞിരുന്നു. പക്ഷേ, നബി തങ്ങൾ അതിനെ തെറ്റായി പറഞ്ഞില്ല എന്ന്‌ മാത്രമല്ല അംഗീകരിക്കുക കൂടി ചെയ്‌തു. പഴയതും പുതിയതുമായ മതപണ്ഡിതൻമാർക്കിടയിൽ ഏകോപിതമായ ഒരു വിഷയമല്ല ഉടമസ്ഥത എന്ന്‌ മനസ്സിലായല്ലോ. രണ്ടാമതൊരു വിഷയം, ആധുനികസമൂഹത്തിലെ ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ട പോലെ സാമൂഹിക ഉടമസ്ഥതയും അംഗീകരിക്കപ്പെടുന്നു എന്നുള്ളതാണ്‌.

സമ്പത്ത്‌ നിക്ഷേപിക്കുന്നതിന്റെ നിബന്ധനകൾ

സകാത്തിന്റെ സമ്പത്ത് നിക്ഷേപം നടത്തൽ അനുവദനീയമാണെന്ന്‌ പറഞ്ഞ മഹാന്മാരായ പണ്ഡിതൻമാർ തന്നെ അതിന്‌ ചില നിബന്ധനകളും പറഞ്ഞിട്ടുണ്ട്‌. അത്‌ അറിഞ്ഞിരിക്കൽ അത്യാവശ്യമാണ്‌:

1. സകാത്തിന്റെ സമ്പത്ത്‌ നിക്ഷേപം നടത്തുന്നതിലൂടെ അവകാശികൾക്ക്‌ ശരിക്കും അതിന്റെ ലാഭം എത്തുമെന്ന കാര്യം ഉറപ്പാക്കണം. ഉദാഹരണത്തിന്‌, ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ഥിരമായ വരുമാനം ഒരുമിച്ച്‌ കൂട്ടാനും അത്‌ വഴി അവർക്ക്‌ അഭിമാനിതരായി ജീവിതം കഴിച്ച്‌ കൂട്ടാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

2. കച്ചവടം, വ്യവസായം, കൃഷി എന്നിവ പോലെ അനുവദനീയമായ വഴികൾ തെരഞ്ഞെടുത്താവണം നിക്ഷേപം നടത്തേണ്ടത്‌. പലിശ, അഴിമതി, വഞ്ചന പോലോത്ത നിഷിദ്ധമായ വഴികളെ സൂക്ഷിക്കുകയും വേണം.

3. നിക്ഷേപം നടത്തി പണം നഷ്ടപ്പെടാത്ത മാർഗങ്ങളെയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. എന്നല്ല, അതിലൂടെ ലാഭം കിട്ടാനുള്ള വലിയ സാധ്യതയുമുണ്ടാകണം.

4. നിക്ഷേപം നടത്തുന്ന പണി വിശ്വസ്‌തരായ, പരിചയസമ്പന്നരായ ആളുകളുടെ സംരക്ഷണത്തിലാവണം.

5. നിക്ഷേപം നടത്താനുള്ള തീരുമാനം എടുക്കുന്നതിന്‌ മുമ്പ്‌ പദ്ധതിയുടെ സാമ്പത്തിക പഠനവുമായി ബന്ധപ്പെട്ട്‌ വിദഗ്‌ദർ കൃത്യമായി പരിശോധിക്കണം. അതിന്‌ ശേഷം ആ പദ്ധതിയിൽ നിന്ന്‌ ലാഭം കിട്ടാനുള്ള സാധ്യതയാണ്‌ കൂടുതലെങ്കിൽ അതിൽ നിക്ഷേപം നടത്താവുന്നതാണ്‌.

6. അത്യവശ്യസമയത്ത്‌ ഫണ്ട്‌ തിരിച്ച്‌ തരുന്ന വിഭാഗക്കാർ, അവകാശികൾക്ക്‌ പെട്ടെന്ന്‌ കൊടുക്കാനോ ആവശ്യാർത്ഥം സഹായിക്കാനോ കഴിയുന്ന വിഭാഗക്കാർ, ഇത്തരം ആളുകളിൽ നിക്ഷേപം നടത്തുക.

7. ഏത്‌ സമയവും പദ്ധതി മാറ്റാൻ സാധിക്കണം. അതായത്‌, പദ്ധതിയിലുള്ള സാധനങ്ങളെ കറൻസിക്ക്‌ വേണ്ടി വിൽക്കാൻ സാധിക്കണം.

8. ഈ പദ്ധതി വല്ല കാരണത്താലോ അവസാനിക്കുകയാണെങ്കിൽ അതിന്റെ പണവും മറ്റെല്ലാ വസ്‌തുക്കളും സക്കാത്തിൻ്റെ ഫണ്ടിലേക്ക്‌ മടക്കുകയും അവകാശികൾക്ക്‌ നൽകുകയും വേണം.

‌ നിക്ഷേപ പദ്ധതികളുടെ ഇനങ്ങൾ

സകാത്തിന്റെ മുതൽ നിക്ഷേപം നടത്താൻ ഒരു വഴി മാത്രമല്ല ഉള്ളത്‌. മറിച്ച്‌, അനവധി വഴികളും വ്യത്യസ്ഥ രൂപങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്‌, ലാഭം നൽകുന്ന പദ്ധതികൾ തുടങ്ങുമ്പോൾ അത്‌ ചെറുതാകട്ടെ വലുതാകട്ടെ അതിൽ നിന്ന്‌ കിട്ടുന്ന ലാഭങ്ങൾ അവകാശികൾക്കിടയിൽ വീതിക്കപ്പെടണം. അല്ലെങ്കിൽ, ഫാക്ടറികളോ കച്ചവട വ്യവസായങ്ങളോ ഉണ്ടാക്കണം. ഫലസ്ഥീനിലെ നാബിലിസ്‌ സക്കാത്ത്‌ കമ്മിറ്റിയുടെ കീഴിലുള്ള അസ്സഫാ ടെറി ഫാറം അതിന്റെ ഒരു ഉദാഹരണമാണ്‌. അപ്രകാരം ഹോസ്‌പിറ്റലുകൾ, ക്ലിനിക്കുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ പോലോത്ത പൊതു സേവന പദ്ധതികളും തുടങ്ങാവുന്നതാണ്‌.

ഇത്‌ സകാത്ത്‌ ഓതോറിറ്റിയുടെ ഉടമസ്ഥതയിലായിരിക്കും. അവകാശികൾക്ക്‌ അവരുടെ ആതുര, വിദ്യാഭ്യാസ സേവനങ്ങളെ സൗജന്യമായോ ഭാഗികമായ ഫീസോടെയോ പ്രയോജനപ്പെടുത്താം. സക്കാത്തിന്റെ അവകാശികളല്ലാത്തവർ അതിനെ പ്രയോജനപ്പെടുത്തുകയാണെങ്കിൽ അവരോട്‌ അർഹമായ ഫീസ്‌ തന്നെ വസൂലാക്കണം.

മുൻകാല പണ്ഡിതൻമാർ അതിൽ ബദ്ധശ്രദ്ധ പുലർത്തുകയും പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ശരീഅത്ത്‌ ഏത്‌ ഒട്ടകങ്ങളുടെ മേലാണോ സകാത്ത് നിർബന്ധമാക്കിയത്‌ അതിൽ തന്നെ പെൺ ഒട്ടകത്തിനെ സകാതായി വെച്ചിച്ചുണ്ട്‌. നബി തങ്ങളുടെ കൽപനയുണ്ട്‌: “സകാതിന്റെ 24 ഒട്ടകങ്ങൾ വരെ എല്ലാ അഞ്ചിലും ഒരു ആട്‌ നിർബന്ധമാണ്‌. 24 മുതൽ 35 വരെ ഒരു വയസ്സുള്ള പെൺ ഒട്ടകം അതില്ലെങ്കിൽ രണ്ട്‌ വയസ്സുള്ള ആൺ ഒട്ടകത്തെ കൊടുക്കണം. 45 ഒട്ടകത്തിന് രണ്ട് വയസ്സുള്ള പെൺ ഒട്ടകത്തെ കൊടുക്കണം. 60 ഒട്ടകങ്ങൾക്ക് മൂന്ന്‌ വയസ്സുള്ള ചെനയുള്ള പെൺ ഒട്ടകത്തെ കൊടുക്കണം. 75 ഒട്ടകങ്ങൾക്ക് നാല്‌ വയസ്സുള്ള പെൺ ഒട്ടകത്തെ കൊടുക്കണം. 90 ഒട്ടകങ്ങൾക്ക് രണ്ട്‌ വയസ്സുള്ള രണ്ട്‌ പെൺ ഒട്ടകങ്ങളെ കാടുക്കണം. 120 ഒട്ടകങ്ങൾക്ക് മൂന്ന്‌ വയസ്സുള്ള ചെനയുള്ള രണ്ട്‌ പൺ ഒട്ടകത്തെ കൊടുക്കണം. ഇനിയങ്ങോട്ട്‌ എല്ലാ നാൽപത്‌ ഒട്ടകങ്ങൾക്കും രണ്ട്‌ വയസ്സുള്ള പെൺഒട്ടകങ്ങളെയും അമ്പത്‌ ഒട്ടകങ്ങൾക്ക് മൂന്ന്‌ വയസ്സുള്ള പെൺ ഒട്ടകങ്ങളെയുമാണ്‌ കൊടുക്കേണ്ടത്‌. മേയുന്ന ആടുകൾ നാൽപത്‌ എണ്ണം വരെയുണ്ടെങ്കിൽ ഒരു ആടിനെ സക്കാത്ത് കൊടുക്കണം. മുന്നൂറ്‌ ആടുകൾ വരെയുണ്ടെങ്കിൽ മൂന്ന്‌ ആടുകളെയും ശേഷം എല്ലാ നൂറിലും ഓരോ ആടുകൾ വീതവുമാണ്‌ നൽകേണ്ടത്‌. മുന്നൂറ്‌ ആടുകൾ വരെ മൂന്ന്‌ ആടുകളും ശേഷം എല്ലാ നൂറിലും ഓരോ ആടിനെയും സകാതായി കൊടുക്കണം.

പെണ്ണൊട്ടകം പ്രസവിക്കുന്നതും പാൽനൽകുന്നതുമായതു കൊണ്ടാകാം അവകളെ തന്നെ കൊടുക്കണമെന്ന്‌ പറഞ്ഞതിലെ ഹിക്‌മത്ത്.
സകാത്ത് വീട്ടുന്നവർ അവരുടെ ശമ്പളത്തിൽ നിന്ന്‌ ഒരു വലിയ തുക പാവപ്പെട്ടവന് കിട്ടിയാൽ അവന്‌ യോജിച്ച പുതിയ ഒരു ജോലി തുടങ്ങാൻ സാധിക്കും. ഉദാഹരണത്തിന്‌, അവർ വലുതായി കുറച്ചു കൂടി പണം കൊടുത്താൽ സ്വന്തമായി ഒരു കട തുടങ്ങാൻ സാധിക്കും. അതുപോലെ, ലോഹമുണ്ടാക്കുന്നവന്‌ കുറച്ചു കൂടി പണം കൊടുത്താൽ കൂടുതൽ ആയുധങ്ങളും മറ്റും ഉണ്ടാക്കാൻ പറ്റും.

ഇപ്രകാരം നിങ്ങൾ നോക്കുകയാണെങ്കിൽ നിക്ഷേപം നടത്തുന്നതിന്റെ ഇത്തരത്തിലുള്ള വഴികൾ തെളിഞ്ഞു വരികയാണ്‌. ദരിദ്രരുടെ ആവശ്യങ്ങൾ പൂർത്തിയാക്കലാണ്‌ ഇസ്ലാമിക ശരീഅത്ത്‌ നിർബന്ധമായ സകാത്തിലൂടെ ലക്ഷ്യമിടുന്നത്‌.

ഈ വിഷയം മനസ്സിലാക്കിയാൽ ലഭിക്കുന്ന കാര്യങ്ങൾ : ആധുനിക പണ്ഡിതൻമാരുടെ അഭിപ്രായങ്ങളും അനുവദനീയമാണെന്നും അല്ലെന്നും പറയുന്നവരുടെ തെളിവുകളും മനസ്സിലാക്കിയ ശേഷം അറിയാൻ കഴിഞ്ഞത്‌ സക്കാത്തിൻ്റെ സമ്പത്ത് നിക്ഷേപം നടത്തൽ അനുവദനീയമാണ്‌ എന്നാണ്‌. 1992 ൽ ബൈനൽ അഖ്‌വാമി സകാത്ത് തൻസീം (അൽ ഹുയ്യിഉ അൽ ആലമിയ്യ ലി സ്സകാത്‌)ന്റെ ഭാഗമായി നടന്ന മൂന്നാം സെമിനാറിലും ഇതിന്റെ തീരുമാനമുണ്ടായിരുന്നു. അതിൽ ചർച്ച ചെയ്യപ്പെട്ട തീരുമാനങ്ങൾ:

“ഈ സെമിനാർ ഇസ്ലാമിക്‌ ഫിഖഹ്‌ അകാദമിയുടെ ലാഭമുണ്ടാക്കുന്ന പദ്ധതികളിൽ സക്കാത്തിൻ്റെ സമ്പത്ത്‌ നിക്ഷേപം നടത്താൻ പറ്റുമെന്ന തീരുമാനത്തെ ഉറപ്പിക്കുകയാണ്‌. സകാത്ത്‌ സമ്പത്തിന്റെ ലക്ഷ്യം അത്‌ അവകാശികളിലേക്ക് എത്തണമെന്നുള്ളതാണ്‌. കർമ്മ ശാസ്‌ത്രത്തിന്റെ തഹ്‌ഖീഖ്‌ എന്ന മേഖലയിൽ അഗ്രഗണ്യരായ മുഹഖികുകളുടെ ഉത്തരവാദിത്തം, സകാത്ത് സമ്പത്തിനോടും അത്‌ നിക്ഷേപിക്കുന്നതിന്റെ വിധികളോടും താത്‌പര്യം കാണിക്കാനും ആ ശ്രേണിയിലുള്ള പുതിയ മസ്‌അലകൾ വരുമ്പോൾ നന്നായി ശ്രദ്ധിച്ച്‌ മുന്നേറാനുമാണ്‌. സക്കാത്തിൻ്റെ ശ്രേണിയിൽ പുതിയ മസ്‌അലകൾ അധിക ചർച്ചയും മറ്റും അത്യാവശ്യമാണ്‌. അവകളെ വിശദീകരിക്കാനും അവ്യക്ത ഭാഗങ്ങളെ വെളിച്ചത്ത്‌ കൊണ്ട്‌ വരാനും ആ മേഖലയിലെ ബൗദ്ധിക ചർച്ചകളെ പ്രാവർത്തിക രൂപത്തിൽ ബന്ധിപ്പിക്കാനും സാധിക്കണം. എന്നാലേ, അത്തരം മസ്‌അലകളെ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കൂ.

ആശയ മൊഴിമാറ്റം- അനസ് പി എഴൂർ
അവലംബം- തഹ്ഖീഖാതെ ഇസ് ലാമി

Leave a reply

Your email address will not be published. Required fields are marked *