CharithramIslam

ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

ഭൗതിക പുരോഗതിയിലും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലും ആധുനിക യുഗം കഴിഞ്ഞ കാലഘട്ടങ്ങളേക്കാളെല്ലാം മികച്ചുനിൽക്കുന്നു. എന്നിട്ടും പടിഞ്ഞാറൻ നാടുകളിലെ സാമൂഹികശാസ്ത്രജ്ഞന്മാരും മനോവിജ്ഞാനികളും വൈദ്യവിദ്വാന്മാരും, വിപൽക്കരമാംവിധം വർധിച്ചുവരുന്ന ഞരമ്പുരോഗങ്ങളെക്കുറിച്ച് വിഭ്രാന്തരാണ്. ലോകത്തെ ആകപ്പാടെ അസ്വസ്ഥതയും അമ്പരപ്പും ആവരണം ചെയ്തിരിക്കുന്നു. അതിനാൽ ആധുനിക നാഗരികത നേടിക്കൊടുത്ത ജീവിതസൗകര്യങ്ങളുടെയും ക്ഷേമൈശ്വര്യങ്ങളുടെയും ആനന്ദം ആളുകൾക്ക് അപ്രാപ്യമായിരിക്കുന്നു; പരിഷ്‌കൃതനാടുകളിൽ വിശേഷിച്ചും. മഹത്തായ ശാസ്ത്രീയനേട്ടങ്ങളുടെ ഫലമായി മുഴുവൻ മനുഷ്യരാശിക്കും ലഭിക്കുന്ന സൗഭാഗ്യങ്ങളെസ്സംബന്ധിച്ച് 19-ാം നൂറ്റാണ്ടിലെ ചിന്തകന്മാരും ശാസ്ത്രകാരന്മാരും പുലർത്തിയിരുന്ന സകല സുന്ദരസ്വപ്നങ്ങളും പാഴ്ക്കിനാവുകളായി പരിണമിച്ചിരിക്കുന്നു.

ആസ്വാദന മാർഗങ്ങൾ അനായാസമാകുന്നതിനനുസരിച്ച് അസ്വാസ്ഥ്യങ്ങളും അസന്തുഷ്ടികളും അധികരിക്കുകയാണ്. ജീവിതനിലവാരം മെച്ചപ്പെട്ട നാടുകളിലെ മനോരോഗങ്ങളുടെ തോത് പിന്നാക്ക പ്രദേശങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്. ഈ വിഷയത്തിൽ അമേരിക്കയിലെ സ്ഥിതിവിവരക്കണക്കുകൾ വസ്തുത വ്യക്തമാക്കാൻ പര്യാപ്തമത്രെ.

ആളുകളെ അടിപ്പെടുത്തുന്ന അസ്വാസ്ഥ്യം ഒന്നും രണ്ടും ലോക യുദ്ധങ്ങൾകൊണ്ടോ മൂന്നാമത്തേതിന്റെ മുന്നൊരുക്കംകൊണ്ടോ മാത്രമുണ്ടായതല്ല. അതിന്റെ ആവിർഭാവം അഭിനവനാഗരികത സ്വന്തം അരുമമക്കൾക്ക് ഒരുക്കിക്കൊടുത്ത മാനസിക പശ്ചാത്തലത്തിൽനിന്നാണ്. സാമ്രാജ്യത്വത്തിന്റെ സാന്നിധ്യംകൊണ്ടു മാത്രവുമല്ല അതുണ്ടാകുന്നത്. സാമ്രാജ്യത്വത്തിന്റെ കീഴെ മർദിത ജനത അസഹ്യമായ അസ്വസ്ഥതകളനുഭവിക്കുന്നുണ്ടെന്നത് അനിഷേധ്യംതന്നെ; എങ്കിലും സാമ്രാജ്യത്വത്തിന്റെ പിടിത്തത്തിൽപ്പെടാത്ത ജനവിഭാഗങ്ങളെയും അസംതൃപ്തി അടക്കിവാഴുന്നുണ്ട്. എന്തിനധികം, സാമ്രാജ്യത്വത്തിന്റെ ഗുണഭോക്താക്കൾപോലും അതിൽനിന്ന് മുക്തരല്ല.

ചുരുക്കത്തിൽ, വിഭിന്നങ്ങളായ ആധുനിക സാമൂഹിക ജീവിതവ്യവസ്ഥകൾ സ്വീകരിച്ച സകല സ്ഥലങ്ങളിലും അസ്വസ്ഥതകളുണ്ട്. പടിഞ്ഞാറൻനാടുകൾ, പൗരസ്ത്യരാജ്യങ്ങൾ, സോവിയറ്റ് യൂനിയൻ എന്നുവേണ്ട, ഒരു പ്രദേശവും ഇതിൽനിന്നൊഴിവല്ല. നാഗരികത പ്രാപിച്ച സമൂഹങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ അതാണ് തെളിയിക്കുന്നത്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളെ(നോർവേ, സ്വീഡൻ, ഡന്മാർക്) പോലെ ഏറ്റവുമധികം സാമ്പത്തികവും നാഗരികവുമായ പുരോഗതി പ്രാപിച്ചവ എന്നു ഗണിക്കപ്പെടുന്ന പ്രദേശങ്ങളിലാണിത് സംഭവിക്കുന്നതെന്നതത്രെ ഏറെ അദ്ഭുതകരം. തങ്ങളനുഭവിക്കുന്ന സുഖസമ്പൂർണമായ ജീവിതത്തിൽ മടുപ്പുതോന്നുന്നതിനാലാണ് അവിടങ്ങളിലെ ആളുകൾ ആത്മഹത്യയിലഭയം തേടുന്നതെന്ന വസ്തുത അതിലേറെ വിചിത്രമാകുന്നു.

യഥാർഥത്തിൽ ഈ അസ്വാസ്ഥ്യവും ധർമഭ്രംശവും ആധുനിക പാശ്ചാത്യനാഗരികതയുടെയും അവിടങ്ങളിൽ നിലനിൽക്കുന്ന തത്ത്വശാസ്ത്രങ്ങളുടെയും സൃഷ്ടിയാണ്.

പാശ്ചാത്യനാഗരികത
സ്‌പെയിനിലെയും ഇതര ഇസ്‌ലാമിക രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലൂടെ ഇസ്‌ലാമിക നാഗരികതയുമായുണ്ടായ സമ്പർക്കത്തിൽനിന്നാണ് പാശ്ചാത്യ നാഗരികത രൂപംപ്രാപിച്ചതെന്ന വസ്തുത അനിഷേധ്യമാണല്ലോ. മുസ്‌ലിം ചിന്തകന്മാർക്കും ദാർശനികന്മാർക്കും ഗ്രീക്ക് തത്വശാസ്ത്രങ്ങളോട് അതിയായ ആഭിമുഖ്യമുണ്ടായിരുന്നു. സമർഥരായ പാശ്ചാത്യ വിദ്യാർഥികൾ അറബികളിൽ നിന്ന് ഗ്രീക്ക് തത്ത്വചിന്തയും ഗ്രന്ഥങ്ങളും സ്വായത്തമാക്കി. ആദ്യമൊക്കെ ചർച്ച് മേധാവികൾ രൂക്ഷമായി എതിർത്തിരുന്നു; എങ്കിലും അവർ എല്ലാം അവഗണിച്ച് പഠനത്തിൽ മുഴുകി. തുടർന്ന് പടിഞ്ഞാറൻ മനസ്സുകൾ വിശാലങ്ങളായി. ചർച്ചുകൾ പ്രചരിപ്പിക്കുന്ന ചിന്തകൾക്കും വിജ്ഞാനങ്ങൾക്കും വിരുദ്ധമാണ് വസ്തുതകളെന്ന് അവർക്ക് ബോധ്യമായി. ഫലം, ചർച്ചും ശാസ്ത്രവും തമ്മിലുള്ള സുദീർഘമായ സംഘട്ടനമായിരുന്നു. ശാസ്ത്രജ്ഞന്മാരും ദാർശനികരും പലതരം പീഡനങ്ങളനുഭവിച്ചു. കാരാഗൃഹങ്ങൾക്കും നാടുകടത്തലുകൾക്കും മതഭ്രഷ്ടുകൾക്കും അവർ വിധേയരായി. എങ്കിലും അവസാനം, ചർച്ചുകളുടെ മേൽ ശാസ്ത്രം വിജയംവരിക്കുകയാണുണ്ടായത്. അതോടെ പ്രശ്‌നം അവസാനിക്കുകയും ചെയ്തു.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

അങ്ങനെ, വ്യക്തമായ രണ്ട് മുഖമുദ്രകളോടെ പാശ്ചാത്യ നാഗരികത രണ്ട് കാലുകളിൽ നിലയുറപ്പിച്ചു. ഗ്രീക്ക് തത്ത്വചിന്തയുടെയും അതിന്റെ ഭൗതികവും വിഗ്രഹാരാധനാപരവുമായ സമീപനത്തിന്റെയും മുദ്രയാണ് അവയിലൊന്ന്. രണ്ടാമത്തേത്, മതത്തോടും അതിന്റെ സ്വാധീനതകളോടും മതക്കാരോടുമുള്ള കടുത്ത ശത്രുതയുടെ മുദ്രയും. ഈ രണ്ട് പ്രചോദനങ്ങളുടെയും പ്രതിഫലനങ്ങൾ നിറഞ്ഞ അഭിപ്രായങ്ങളാണ് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ പാശ്ചാത്യ ചിന്തകരിൽ നിന്ന് പുറത്തു വന്നത്. ഇന്നോളം പാശ്ചാത്യ വിചാരവിഹായസ്സിനെ അടക്കിവാണ ധാർമികവും ദാർശനികവുമായ മുഴുവൻ ചിന്താപ്രസ്ഥാനങ്ങളും അവ രണ്ടിന്റെയും തണലിലാണ് തഴച്ചുവളർന്നത്.
ഭൗതികമാത്രമായ അടിത്തറയിലാണ് പടിഞ്ഞാറൻ നാഗരികത നിലനിൽക്കുന്നത്. അത് മതത്തിന്റെ ആത്മീയതയിൽ നിന്നും മനുഷ്യമനസ്സുകളിലുള്ള അതിന്റെ സ്വാധീനതയിൽനിന്നും മുക്തമത്രെ. അങ്ങനെ പാശ്ചാത്യരുടെ മേൽ മതത്തിന്റെ പിടിത്തം അൽപാൽപമായി നഷ്ടപ്പെട്ടു കൊണ്ടിരുന്നു. തദ്ഫലമായി തങ്ങളിപ്പോൾ ആഴമേറിയ കുഴിയിലും അഗാധമായ അസ്വാസ്ഥ്യത്തിലുമാണെന്ന് അവർക്കുതന്നെ അറിയാം. അവരുടെ ചിന്തകന്മാരും ബുദ്ധിജീവികളും തങ്ങൾക്ക് കൈമോശംവന്ന മതചൈതന്യം വീണ്ടെടുക്കണമെന്നാഗ്രഹിക്കുന്നു. എന്നാൽ അവർക്കതെങ്ങനെ സാധിക്കും? വൃക്ഷം വേരുറക്കുകയും ഫലങ്ങളുൽപാദിപ്പിക്കുകയും ചെയ്തുകഴിഞ്ഞില്ലേ!

ദൈവികമായ ഏതു മതത്തിന്റെയും സവിശേഷത അതിന്റെ അനുയായികൾക്കത് മനസ്സമാധാനവും സ്വസ്ഥതയും സംഭാവനചെയ്യുന്നുവെന്നതാണ്. മതമവർക്ക് ജീവിതത്തിന്റെ ഭാരം ലഘൂകരിച്ചുകൊടുക്കുന്നു. വേദനകൾക്ക് ശമനം നൽകുന്നു. വികാരങ്ങളെ നിയന്ത്രിക്കുന്നു. ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നു. അറേബ്യൻ നാഗരികത പുഷ്പിച്ച് പ്രശോഭിതമായപ്പോൾ ഇസ്‌ലാം അതാണ് സാധിച്ചത്. എന്നാൽ പാശ്ചാത്യനാഗരികത ശുദ്ധമായ ദൈവിക സന്ദേശങ്ങളുൾക്കൊള്ളുന്ന മതത്തെ പൊതുജീവിതത്തിന്റെ ആധാരശിലകളിൽനിന്ന് അടർത്തിയെടുത്തപ്പോൾ സ്വന്തം സന്താനങ്ങൾക്ക് എന്തൊരു ദുരന്തമാണത് വരുത്തിവെച്ചത്! വ്യക്തികളുടെയും സമൂഹങ്ങളുടെയും അന്തരംഗത്ത് ആശയും ആവേശവും ത്യാഗസന്നദ്ധതയും കാരുണ്യവികാരവുമുണർത്തിവിടുന്ന ആയുധം എവ്വിധമാണവർ പാഴാക്കിയത്!

ഒരേ തൂവലുള്ള രണ്ടു പക്ഷികൾ
പാശ്ചാത്യൻ നാഗരികതയുടെയും, പ്രാരംഭഘട്ടത്തിൽ അത് അഭിമുഖീകരിക്കുകയും സംഘട്ടനത്തിലേർപ്പെടുകയും ചെയ്ത മതത്തിന്റെയുമിടയിൽ വിധി പറയുകയല്ല നാമിവിടെ ചെയ്യുന്നത്; സമൂഹത്തിന് സൗഭാഗ്യം സംഭാവന ചെയ്ത് മനുഷ്യമനസ്സുകളിൽ സമാധാനം വിതറുന്നതിൽ പടിഞ്ഞാറൻ നാഗരികത പരാജയപ്പെടാനുണ്ടായ കാരണങ്ങളിലേക്ക് വെളിച്ചം വീശുക മാത്രമാണ്. തങ്ങളുമായി ഏറ്റുമുട്ടിയ മതത്തെ കൈയൊഴിച്ച് മുന്നോട്ടു നീങ്ങാനത് നിർബന്ധിതമായി. എന്നാൽ, പ്രദീപ്തമായ ചൈതന്യത്തിന്റെ തലോടലിലൂടെയും സജീവമായ മനസ്സാക്ഷിയുടെ മന്ദഹാസത്തിലൂടെയും ആശ്വാസമേകുന്ന മറ്റൊരു മതത്തെ തേടിയതുമില്ല. എന്നല്ല, അതിന്റെ തണൽ ആസ്വദിക്കാതെത്തന്നെ സ്വയം മുന്നോട്ടു പോകാൻ സാധിക്കുമെന്ന് അത് തെറ്റിദ്ധരിച്ചു. സ്വന്തം അനുയായികളുടെ മേൽ ഈ ഭൗതികവത്കൃത നാഗരികത കെട്ടിയേൽപിച്ച കടുത്ത യാതനകളുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ഭരണകൂടങ്ങളുമായി സഹകരിക്കാൻ മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും ചർച്ചുകൾ ഇന്ന് ആത്മാർഥമായാഗ്രഹിക്കുന്നുണ്ട്. ഞാൻ നേരിൽക്കണ്ട പടിഞ്ഞാറൻ നാടുകളിലെല്ലാം അതിന്റെ വിവിധ സ്വരങ്ങളും വ്യത്യസ്ത സൂചനകളും അനുഭവപ്പെടുകയുണ്ടായി.

ഇപ്പോൾ സ്വിറ്റ്‌സർലന്റ് സന്ദർശിക്കുന്നവർക്ക് സർവസാധാരണമായി കാണാവുന്ന ഒരു കാഴ്ചയുണ്ട്. ചർച്ചുകൾ രൂപം നൽകിയ ‘ശാന്തിസേന’യിലെ അംഗങ്ങൾ ഞായറാഴ്ചകളിൽ വാദ്യസംഗീതങ്ങളോടെ പ്രധാന മൈതാനങ്ങളും പാർക്കുകളും പ്രദക്ഷിണം ചെയ്യുന്നു. ഈ സംഘത്തിൽ യുവാക്കളും യുവതികളും കുട്ടികളും വൃദ്ധന്മാരുമൊക്കെ ഉണ്ടായിരിക്കും. അവർ മതകീർത്തനങ്ങൾ സംഗീതസാന്ദ്രമായി ആലപിക്കുന്നു. താൽപര്യമുള്ള പ്രേക്ഷകരെല്ലാം അവർക്ക് ചുറ്റും ഒരുമിച്ചുകൂടുകയും അത് ശ്രദ്ധിക്കുകയും ചെയ്യുന്നു.
ലണ്ടനിലെ ഹൈഡ്പാർക്ക് സന്ദർശിക്കുന്നവർക്ക് സ്വതന്ത്രമായ പ്രഭാഷണം നടക്കുന്ന വേദികൾ കാണാം; ഞായറാഴ്ചകളിൽ വിശേഷിച്ചും. ചർച്ചുകളിൽനിന്നുള്ള സുവിശേഷകരും പ്രഭാഷകരുടെ കൂട്ടത്തിലുണ്ടാവും. സാധ്യമാവുന്നത്ര ഉയർന്ന സ്വാധീനമാർഗങ്ങളുപയോഗിച്ച് ഭൂരിപക്ഷം പേരെയും ആകർഷിച്ചെടുക്കാനവർ ശ്രമിക്കുന്നു. സിനിമാശാലകൾ നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ ഇരുമ്പുകൊണ്ടുണ്ടാക്കിയ പ്രസംഗപീഠത്തിൽ കയറിനിൽക്കുന്ന ഒരാളെക്കാണാം. അയാളുടെ കൂട്ടുകാരനായിരിക്കും പ്രസ്തുത പീഠം ചുമക്കുന്നത്. പ്രഭാഷകൻ ജനങ്ങളെ ഉപദേശിക്കുകയും മതകാര്യങ്ങൾ അവർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. ഒരു ദിവസം രാത്രി വഴിമധ്യേയുള്ള സിനിമാശാലയുടെ വാതിൽക്കൽ നിന്നുകൊണ്ട് ജനങ്ങളെ ഉപദേശിക്കുകയും സദാചാരവിധ്വംസകങ്ങളായ സിനിമാശാലകളെ സംബന്ധിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ഒരാളെ എനിക്ക് നേരിൽ കാണാൻ കഴിഞ്ഞു. ആരുടെയും ശ്രദ്ധയാകർഷിക്കുമാറ് അത്യുച്ചത്തിലാണ് അയാൾ സംസാരിച്ചുകൊണ്ടിരുന്നത്. പോലീസ് അത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആരും അയാളെ എതിർത്തിരുന്നില്ല. എന്നല്ല, ചിലരെല്ലാം അത് ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. എങ്കിലും, അയാളുടെ സംസാരത്താൽ സ്വാധീനിക്കപ്പെട്ട് സിനിമയിൽനിന്നു പിന്തിരിഞ്ഞ ഒരാളെയും കാണാനെനിക്ക് കഴിഞ്ഞില്ല.

Also read: ശരീഅത്ത് വിജ്ഞാനം, രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങൾ

എല്ലാ ചർച്ചുകൾക്കും ഓരോ സമ്മേളനഹാളുണ്ടാവുകയെന്ന സമ്പ്രദായം യൂറോപ്പിലും അമേരിക്കയിലും ഇന്നു സാധാരണമായിരിക്കുന്നു. നൃത്തങ്ങൾക്കും വിനോദ പരിപാടികൾക്കും സമ്മേളനങ്ങൾക്കും യുവതീയുവാക്കൾ അവിടെ ഒത്തുകൂടുന്നു. ചർച്ചിന്റെ ഭാഗമായി അതിനോടു ചേർന്നുള്ള ഇത്തരമൊരു സദസ്സ് യൂറോപ്പിൽ ഞാൻ സന്ദർശിക്കുകയുണ്ടായി. നൃത്തനൃത്യങ്ങൾക്കും കളിവിനോദങ്ങൾക്കും മറ്റുമുള്ള ഇതര സദസ്സുകളിൽനിന്ന് ഒട്ടും ഭിന്നമായിരുന്നില്ല അത്. അതിന്റെ ഡയറക്ടർ എനിക്ക് സദസ്സുകളുടെ സ്ഥിതിഗതികളും സവിശേഷതകളും പരിപാടികളും വിശദീകരിച്ചുതന്നു. അപ്പോൾ, അവിടെ ഒത്തുകൂടുന്നവർക്ക് മതപരമായ ഉപദേശനിർദേശങ്ങൾ നൽകാറുണ്ടോ എന്നു ഞാൻ അദ്ദേഹത്തോട് അന്വേഷിച്ചു. മറുപടി നിഷേധരൂപത്തിലായിരുന്നു. ചർച്ചുകളുമായി ഒരു ബന്ധവുമില്ലാത്ത സദസ്സുകളുടെ അതേ നിലപാടാണ് ഇവിടെയുമെങ്കിൽ ഇതിനുവേണ്ടി ധനം വിനിയോഗിക്കുകവഴി ചർച്ചിന് എന്താണ് നേട്ടം എന്നു ഞാൻ ചോദിച്ചു. യുവതീയുവാക്കൾ സമ്മേളനസ്ഥലത്തേക്ക് വരുമ്പോൾ ചർച്ചിന്റെ മുന്നിലൂടെ നടക്കുകയും അതിനെ ഓർക്കുകയും ചെയ്യുകയെന്നതുതന്നെ മതിയായ നേട്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!

ചില യൂറോപ്യൻ നാടുകളിലെ ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ കട്ടിലുകൾക്കരികെ ഒരു പുസ്തകം കാണാം. ‘വേദഗ്രന്ഥസുഹൃൽ സംഘം'(Association of Lovers of the Holly Bible) വകയാണത്. ഉറങ്ങുന്നതിനുമുമ്പും ഉണർന്നശേഷവും അത് വായിക്കുകവഴി തന്റെ മതത്തെയും വിശ്വാസത്തെയും ഓർക്കുവാൻവേണ്ടിയാണ് അവരത് സമ്മാനിക്കുന്നത്.

യൂറോപ്പിലെ അധിക സർവകലാശാലകളിലും ക്രൈസ്തവവിദ്യാർഥികളുടെ സംഘടനകൾ ഉണ്ട്. അവർ വാരാന്തയോഗങ്ങൾ നടത്തുന്നു. ചർച്ചിലെ ഏതെങ്കിലും ഉത്തരവാദപ്പെട്ട വ്യക്തികൾ അവരോട് പ്രസംഗിക്കുകയും മതതത്ത്വങ്ങളും സിദ്ധാന്തങ്ങളും അവർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. ചില വിദ്യാർഥികളെല്ലാം സുവിശേഷകരുമായി വിവാദത്തിലേർപ്പെടാറുമുണ്ട്.

പശ്ചിമജർമനിയിലെ ഭരണകൂടം ചർച്ചിന്റെ പേരിൽ പൗരന്മാരിൽനിന്ന് പ്രത്യേക നികുതി പിരിക്കാറുണ്ട്. മതപ്രചാരണാർഥമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ചർച്ചിനെ സഹായിക്കലാണ് ലക്ഷ്യം. ജർമനിയിലെ കോളോൺ സർവകലാശാലയിലെ ആശുപത്രിയിലായിരുന്നു ഞാൻ. എന്റെ മുറിയുടെ മുന്നിൽ കട്ടിലിനഭിമുഖമായി തോട്ടത്തിൽ ഓടുകൊണ്ടുള്ള വലിയൊരു കുരിശു സ്ഥാപിച്ചിരുന്നു. ആശുപത്രിയിലെ മുഴുവൻ മുറികളുടെ മുമ്പിലും ഇതുപോലുള്ളവ കാണാമായിരുന്നു. മാനേജരുടെയും ഡോക്ടർ മാരുടെയും മുറികളുടെ മുൻവശവും അതിൽനിന്നൊഴിവായിരുന്നില്ല. ഞാൻ അതിന്റെ രഹസ്യമന്വേഷിച്ചപ്പോൾ, ജനങ്ങളിൽ മതത്തെസ്സംബന്ധിച്ച സ്മരണ നിലനിർത്താനായി ചർച്ചുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണവയെന്ന് അറിയാൻ കഴിഞ്ഞു. ആശുപത്രി സർവകലാശാലയുടെ കീഴിലാണെന്നും ചർച്ചുമായി അതിന് ഒരു ബന്ധവുമില്ലെന്നും ഓർക്കേണ്ടതുണ്ട്.

ഹോളിവുഡ് ഇപ്പോൾ ശ്രദ്ധേയങ്ങളായ നിരവധി മതചിത്രങ്ങൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും വിസ്മരിക്കാവതല്ല. യൂറോപ്പിൽ വളരെയേറെ പ്രചരിച്ചുകഴിഞ്ഞ ‘ധാർമിക പുനരായുധീകരണ സംഘങ്ങളെ’ക്കുറിച്ച് (Moral Re-armament Organizations) നമ്മിലധിക പേരും കേട്ടിരിക്കും. മധ്യപൗരസ്ത്യ നാടുകളിലേക്കും വിദൂരപൗരസ്ത്യ പ്രദേശങ്ങളിലേക്കും അവർ ചില സന്ദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കൈറോയും അതിലുൾപ്പെട്ടിരുന്നു. സിറ്റ്‌സർലന്റിൽ സുസാൻ നഗരത്തിനടുത്തുള്ള അവരുടെ കേന്ദ്രം ഞാൻ സന്ദർശിക്കുകയുണ്ടായി. കാരുണ്യം, നീതി, ശ്രേഷ്ഠത എന്നീ ഗുണങ്ങൾ ആർജിക്കാനാണ് പ്രത്യക്ഷത്തിൽ അവരാഹ്വാനം ചെയ്യുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലെ മതപരവും ധാർമികവുമായ നവോന്മേഷ പ്രകടനങ്ങളിൽ ചിലതാണിവ; തങ്ങളുടെ നാഗരികത സൃഷ്ടിച്ച പ്രയാസങ്ങൾ ലഘൂകരിക്കാൻ മതത്തെ പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി അവിടത്തുകാർ ചിന്തിച്ചുതുടങ്ങിയതിന്റെ സൂചനകൾ. എന്നാൽ, അവരുടെ മതമേധാവികളുടെയും സാമൂഹികശാസ്ത്രജ്ഞന്മാരുടെയും കരങ്ങളിൽനിന്ന് കടിഞ്ഞാൺ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് പാളം പിഴച്ചിരിക്കുന്നു. അതിനാൽ ആ നാഗരികതക്ക് അതിന്റെ സ്വാഭാവിക നാശം സംഭവിക്കുന്നതുവരെ ഈ ഘോരവിപത്ത് ദിനേന രൂക്ഷത പ്രാപിച്ചുകൊണ്ടേയിരിക്കും.

Also read: സർവ്വാതിശായിയായ വേദഗ്രന്ഥം

സാമാന്യജനങ്ങളുടെ ധാർമിക നിലവാരം ഉയർത്താനുള്ള മാർഗമെന്ന നിലക്ക്, യൂറോപ്പിനെ മതത്തിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നത് കമ്യൂണിസത്തോടുള്ള വിമുഖതയും അതിന്റെ പ്രചാരണത്തെ സംബന്ധിച്ച വിഭ്രാന്തിയുമായിരിക്കും. പക്ഷേ, പടിഞ്ഞാറുകാരിൽ കമ്യൂണിസത്തിന്റെ പ്രവാഹത്തെ പ്രതിരോധിക്കാൻ മതം പര്യാപ്തമല്ലാതായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, മതമിന്നവിടെ ഏറെ ദുർബലമാണ്. പാശ്ചാത്യ സംസ്‌കാരദർശനങ്ങളുടെ പ്രചാരണഫലമായി അതിനെപ്പറ്റി ആഴത്തിൽ സംശയം ജനിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ സാമ്പത്തികവും സാമൂഹികവുമായ പരിപാടികളിലൂടെ കമ്യൂണിസത്തെ പ്രതിരോധിക്കേണ്ടതുണ്ട്. കാരണം, പാശ്ചാത്യ ധൈഷണികതപോലെ ഭൗതികമാത്രമായ യുക്തിവാദവും പദാർഥത്തെ മാത്രമേ മനസ്സിലാക്കുന്നുള്ളൂ; അതിൽ തൃപ്തിയടയുകയും ചെയ്യുന്നു.

യഥാർഥത്തിൽ കമ്യൂണിസംപോലും ഈ നാഗരികതയുടെ ദുരന്തസൃഷ്ടിയും ക്ഷുദ്രസന്തതിയുമത്രെ; പാശ്ചാത്യ സംസ്‌കാരത്തിന്റെ പാപങ്ങളിൽനിന്ന് ഉടലെടുത്തതും വിപത്തുകളിൽനിന്നു വ്യാപിച്ചതും. 18-ാം നൂറ്റാണ്ടിലാണ് മാർക്‌സിന്റെയും എംഗൽസിന്റെയും തത്ത്വശാസ്ത്രം ജന്മമെടുത്തത്. ജർമൻകാരനായ ജൂതന്മാരായിരുന്നു അവർ. മനുഷ്യനും അവന്റെ മനസ്സമാധാനത്തിനുമിടയിൽ വമ്പിച്ച വിടവുകളുണ്ടാക്കുകവഴി അവർ കാര്യങ്ങളൊക്കെ കുഴപ്പത്തിലാക്കിയിരിക്കുന്നു. കമ്യൂണിസം ദൈവത്തിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം തകർത്തു. മാനവ ചരിത്രാരംഭം മുതലിന്നോളം മനുഷ്യരാശിയുടെ പൊതുസമാധാനത്തിനാധാരമായി നിലനിന്ന ധാർമികമൂല്യങ്ങളോടുള്ള ആഭിമുഖ്യം ഇല്ലാതാക്കി. നവജാത കമ്യൂണിസ്റ്റ് ആദർശത്തിന് ഒരു രാഷ്ട്രവും ലഭിച്ചു. അനുയായികളുടെ ജീവിതനിലവാരം മുമ്പെന്നത്തേക്കാളുമുയർത്തുന്നതിൽ അത് വിജയിക്കുകയും ചെയ്തു. പക്ഷേ, ഭൗതികമായ തത്ത്വശാസ്ത്രംകൊണ്ട് സ്വന്തം അനുയായികളെപ്പോലും, അവരെ ബാധിച്ച വിവിധതരം അസ്വസ്ഥതകളിൽനിന്നും മാനസികവും സാമൂഹികവുമായ ഭീതികളിൽനിന്നും രക്ഷിക്കാൻ അതിനു കഴിഞ്ഞില്ല. ഇനിയൊട്ടു കഴിയുകയുമില്ല. ഭരണാധികാരികളെ വിമർശിച്ചാൽ തങ്ങളുടെ ഗതി എന്തായിരിക്കുമെന്ന ഭയം പ്രജകളിൽ അത് അടിച്ചേൽപിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെ ആവേശിച്ച ഭയം സാധാരണ പൗരന്റേതിനെക്കാൾ അനേകമിരട്ടി കൂടുതലത്രെ. പാർട്ടി അംഗങ്ങൾക്ക് തങ്ങളുടെ പരമോന്നത നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ശക്തിയായി പിന്തുണക്കുകയും അന്ധമായി ന്യായീകരിക്കുകയും ചെയ്യാം. അല്ലെങ്കിൽ സ്വന്തം ശവക്കുഴി തേടാം.

ഭയത്തിനും വിഭ്രാന്തിക്കും വിപത്തിനും സ്വാർഥതക്കും ശത്രുതക്കുമെതിരെ മനുഷ്യൻ സൂക്ഷിച്ചുവെച്ചിരുന്ന അവസാനത്തെ ആയുധംകൂടി ദൈവത്തെയും മതത്തെയും നിഷേധിക്കുകവഴി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നശിപ്പിച്ചിരിക്കുന്നു. ലോകത്തെങ്ങുമുള്ള അതിന്റെ ഭരണകൂടങ്ങൾ സ്വേച്ഛാധികാരവാഴ്ചയിലൂടെയും ചോരക്കൊതിപൂണ്ട പ്രകോപനങ്ങളിലൂടെയും തങ്ങളുടെ കീഴിലുള്ള പ്രജകളെ ഒരുപറ്റം മനുഷ്യമൃഗങ്ങളാക്കിയിട്ടുണ്ട്. മറ്റ് മാന്യസമൂഹങ്ങൾക്കുള്ളതുപോലെ സ്വതന്ത്രമായ ആഗ്രഹാഭിലാഷങ്ങളോ ഉദാത്തമായ ആദർശങ്ങളോ മഹിതമായ മോഹങ്ങളോ അവർക്കില്ല.

ചുരുക്കത്തിൽ മുതലാളിത്തം, കമ്യൂണിസം എന്നീ ചിറകുകളുപയോഗിച്ച് പാശ്ചാത്യനാഗരികത മനുഷ്യന്റെ സ്വാസ്ഥ്യവും സമാധാനവും സംതൃപ്തിയും കെടുത്തിക്കളഞ്ഞിരിക്കുന്നു. ഭൗതികക്ഷേമൈശ്വര്യങ്ങളെയാണ് അത് അത്യുന്നത ലക്ഷ്യമായി അംഗീകരിക്കുന്നത്. മനുഷ്യന്നത് പ്രാപിക്കാൻ പറ്റിയില്ലെങ്കിൽ പരാജിതനായി ജീവിക്കാം. അവിടെയെത്തിച്ചേർന്നാൽ അസ്വസ്ഥതയും മടുപ്പും വിരക്തിയും ഏറ്റുവാങ്ങാം. ആത്മഹത്യയിലൂടെയല്ലാതെ അതൊട്ടവസാനിക്കുകയുമില്ല.

Also read: ഇദ്ദേഹത്തെ അടുത്തറിയുക

ചില ശുഭസൂചനകൾ
ആധ്യാത്മികവും സാംസ്‌കാരികവുമായ മേഖലകളിൽ തങ്ങളുടെ നാഗരികതയെ ബാധിച്ച ദീവാളി പാശ്ചാത്യർക്കിന്ന് ശരിക്കും ബോധ്യമായിരിക്കുന്നു. അവരിലധിക പേരും അന്വേഷണവ്യഗ്രതയോടെ പൗരസ്ത്യരിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുന്നു. അവരുടെ മതദർശനങ്ങളിൽനിന്ന്, തങ്ങളുടെ ആത്മീയമായ ശൂന്യത നികത്തി മഹിതമായ മനുഷ്യത്വത്തിലേക്ക് നയിക്കുന്ന വല്ലതും ലഭിക്കുമോ എന്നതാണവരുടെ പ്രതീക്ഷ. അതിനാലവർ-വിശിഷ്യാ അമേരിക്കക്കാർ-ബുദ്ധമതവും ബഹായിസവും ആശ്ലേഷിക്കുന്നത് അൽപംപോലും അദ്ഭുതകരമല്ല. എന്നാൽ, ഇസ്‌ലാം പുണരുന്ന പാശ്ചാത്യർ പൊതുവെ രണ്ടു തരക്കാരാണ്- അതിലൂടെ മനഃസംതൃപ്തി നേടുന്നവരും, ആത്മാവിന്റെ അന്തർദാഹം ശമിപ്പിക്കുന്നവരും.

ഫുആദ് (ഇപ്പോഴത്തെ കൈറോ) സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, ആംഗല ഓറിയന്റലിസ്റ്റായ അബൂബക്ർ. കൈറോവിലെ താമസക്കാലത്താണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ലണ്ടൻ ദേശീയ ഗ്രന്ഥാലയത്തിലെ പൗരസ്ത്യ വിഭാഗത്തിന്റെ കാര്യദർശിയായി അദ്ദേഹം പിന്നീട് സേവനമനുഷ്ഠിക്കുകയുണ്ടായി. തന്റെ ഇസ്‌ലാം ആശ്ലേഷണ കഥ വിവരിക്കവേ ആ നവമുസ്‌ലിം പറയുകയുണ്ടായി: ”പാശ്ചാത്യ നാഗരികത സകലവിധ ശ്രേഷ്ഠതയും സൗന്ദര്യവും വിനഷ്ടമാക്കിയിരിക്കുന്നു.”

ഞാൻ ചോദിച്ചു: ”ശ്രേഷ്ഠതയും മാന്യതയും അത് വിനഷ്ടമാക്കിയിരിക്കുന്നുവെന്നതിൽ എനിക്കു സംശയമില്ല. എന്നാൽ സൗന്ദര്യം അങ്ങനെയാണോ? സൗന്ദര്യം സംരക്ഷിക്കുന്ന സമുന്നത നാഗരികതയെന്ന നിലക്കാണല്ലോ ജനങ്ങളതിനെ കാണുന്നത്? പ്രകൃതി, വേഷങ്ങൾ, നഗരങ്ങൾ, ഭവനങ്ങൾ, വനിതകൾ എല്ലാറ്റിന്റെയും സൗന്ദര്യം……”

”ചേതനയുടെ ചേതോഹാരിതയും നൈസർഗികമായ സംവേദനശേഷിയും സൃഷ്ടിയുടെ സൗന്ദര്യവും അത് പൂർണമായും നശിപ്പിച്ചിരിക്കുന്നു” – അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

1956-ലെ ഗ്രീഷ്മകാലത്ത് ഞാൻ പാരീസിലെ പള്ളിയിൽ ജുമുഅ പ്രസംഗം നിർവഹിക്കുകയായിരുന്നു. പ്രവാചകന്റെ ജന്മദിന സ്മരണകൾ അയവിറക്കവേ ഇസ്‌ലാമിന്റെ കരുണാമയവും നീതിനിഷ്ഠവുമായ സന്ദേശത്തെക്കുറിച്ച് ഞാൻ വിശദമായി സംസാരിച്ചു. ഇസ്‌ലാമിന്റെ വിജയങ്ങളിലും ഭരണമേഖലകളിലും അത് എവ്വിധം പ്രകടമായിരുന്നുവെന്ന് വ്യക്തമായി വിവരിക്കുകയും ചെയ്തു. ഒപ്പം അൽജീരിയൻ സമരവും അതിൽ കാണപ്പെടുന്ന രക്തരൂഷിതമായ കൊടുംക്രൂരതകളും എന്റെ നിശിത വിമർശനങ്ങൾക്കു വിധേയമായി. പള്ളിയിലെത്തിയ പലരുമായും പ്രസംഗാനന്തരം ഞാൻ പരിചയപ്പെട്ടു. കൂട്ടത്തിൽ റോമക്കാരനായ മുസ്തഫാ വിൽസനുമുണ്ടായിരുന്നു. അദ്ദേഹം പാരീസിൽ ഇറ്റലിയുടെ രാഷ്ട്രപ്രതിനിധിയായിരുന്നു. പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും നയതന്ത്രപ്രവർത്തനങ്ങളുപേക്ഷിക്കുകയും ചെയ്തു. ഇപ്പോൾ( 1968) അദ്ദേഹം ആത്മാർഥതയോടും ആദർശതീവ്രതയോടുംകൂടി ഇസ്‌ലാം സ്വീകരിച്ച ഒരുസംഘം ഫ്രഞ്ച് യുവാക്കളുടെ നേതാവാണ്. ആ സംഘത്തെസ്സംബന്ധിച്ച് അധികമാരും അറിയുകയില്ല. ആഴ്ചയിലൊരിക്കൽ അവർ മുസ്തഫയുടെ വീട്ടിൽ ഒത്തുകൂടുന്നു. പൗരസ്ത്യരീതിയിലുള്ള വെള്ള വസ്ത്രങ്ങളാണ് അവരണിയാറുള്ളത്. ചില യുവാക്കളെല്ലാം മനോഹരമായി താടി വളർത്തിയിരിക്കുന്നു. അവർ വിശുദ്ധ ഗ്രന്ഥം വായിക്കുകയും ഇസ്‌ലാമിക പഠനങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നു. മുസ്തഫാവിൽസൺ എന്നോടു പറഞ്ഞു: ”തങ്ങളുടെ വിജയകരമായ മുന്നേറ്റങ്ങളിൽ മുസ്‌ലിംകൾ പ്രകടിപ്പിച്ച കാരുണ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭാഷണം ശ്രവിച്ചു. ഇസ്‌ലാമിന്റെ മേൽ പാശ്ചാത്യർ വെച്ചുകെട്ടുന്ന ക്രൂരതയും നിർദയത്വവും നിഷേധിക്കലാവാം നിങ്ങളുടെ ലക്ഷ്യം. എന്നാൽ അതിന് അത്രയൊന്നും പ്രയാസപ്പെടേണ്ടതില്ല. ഓരോ ജനതക്കും ചില പ്രത്യേകതകളുണ്ട്. കാരുണ്യത്തെസ്സംബന്ധിച്ച പാശ്ചാത്യരുടെ കപടമായ പ്രചാരണമാണ് അവരുടെ പ്രകടമായ പ്രത്യേകത.”

ഫ്രഞ്ചുകാരായ ഈ യുവമുസ്‌ലിംകളോട് ചില അറബ് സുഹൃത്തുക്കൾ ഇസ്‌ലാമിന്റെ മഹത്ത്വത്തെയും, പുരോഗമന പ്രക്രിയകളോടു രചനാത്മകമായി പ്രതികരിക്കാനും സഹഗമനം ചെയ്യാനുമുള്ള അതിന്റെ സവിശേഷ യോഗ്യതയെയും സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. ഒരറബ് രാജ്യത്തുവെച്ചാണ് സംസാരിക്കുന്നതെന്നു തോന്നുമാറ് ശക്തിയാർജിക്കുന്നതിന്റെയും ടാങ്കുകൾ നിർമിക്കുന്നതിന്റെയും വിമാനങ്ങൾ സമ്പാദിക്കുന്നതിന്റെയും അനിവാര്യതയും കൂട്ടത്തിൽ അവർ പരാമർശിച്ചു. അപ്പോൾ ഫ്രഞ്ച് യുവാക്കളിലൊരാൾ പറഞ്ഞു: ”സഹോദരാ, പടിഞ്ഞാറൻ നാഗരികത പോരാട്ടങ്ങളിലൂടെയും പടക്കോപ്പുകളിലൂടെയും ഞങ്ങളുടെ ഞരമ്പുകളെ തളർത്തിയതിനാലാണ് ഞങ്ങൾ അതിനോട് വിടപറഞ്ഞ് ഇസ്‌ലാമിൽ അഭയം തേടിയത്. ഞങ്ങളുടെ ആത്മാക്കളെ വഹിച്ച്, ഞങ്ങളിലെ മനുഷ്യത്വം നശിപ്പിച്ച്, കേവല ഭൗതികതകൊണ്ട് ദേഹേച്ഛകളെ ഉത്തേജിപ്പിക്കുകയാണത് ചെയ്തത്. അതിനാൽ ഇസ്‌ലാമിന്റെ ആത്മീയ വശം ഞങ്ങൾക്ക് വിവരിച്ചുതരിക. ഞങ്ങൾ മാനുഷിക മഹത്വവും ആത്മശാന്തിയും ദർശിക്കുന്നത് അതിലാണ്.”

മസ്തിഷ്‌കതരംഗങ്ങളെപ്പറ്റി പ്രത്യേക പഠനം നടത്താനായി പാരീസിൽ താമസിക്കുന്ന സ്വിറ്റ്‌സർലന്റ്കാരി പെൺകുട്ടി ഞങ്ങളോട് പറയുകയുണ്ടായി: ”ഞാൻ പാവപ്പെട്ട ഒരു യുവതിയാണ്. എന്റെ വീട്ടുകാരയക്കുന്ന പണം ഈ ‘വ്യാവസായിക’ നഗരത്തിൽ എന്റെ പ്രാണൻ നിലനിർത്താൻപോലും പര്യാപ്തമല്ല. ഇതൊരു വൃത്തികെട്ട പട്ടണമാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഈ നഗരം മനുഷ്യനെ ദുരാഗ്രഹവും വിശപ്പുമുള്ള മൃഗമാക്കി മാറ്റുന്നു. നിത്യവൃത്തിക്കായി വല്ല വീട്ടിലും വേലക്കാരിയായി നിൽക്കാമെന്നെനിക്കു തോന്നി. പൗരസ്ത്യ കുടുംബങ്ങളെയാണ് ഞാൻ സമീപിച്ചത്. കാരണം എന്റെ മാന്യതയും മനുഷ്യത്വവും മാനിക്കുന്ന ധാർമികാന്തരീക്ഷം അവിടെ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അങ്ങനെ ദിനേന നിർണിത സമയം ജോലി ചെയ്യാമെന്ന വ്യവസ്ഥയിൽ ഒരിന്ത്യൻ കുടുംബവുമായി കരാറിലേർപ്പെട്ടു. നിർഭാഗ്യവശാൽ എന്റെ ഉദ്ദേശ്യം സഫലമായില്ല. അവരെയെല്ലാം വെള്ളക്കാരുടെ ആത്മാക്കൾ ആവേശിച്ചിരുന്നു.”

Also read: ഇതാണ് ഗ്രന്ഥം!

ആത്മീയജീവിതത്തിലേക്കുള്ള പാശ്ചാത്യരുടെ മടക്കയാത്രക്കു തുടക്കം കുറിക്കുന്നതിന്റെ ചില സൂചനകളാണിവ. ഭൗതിക നാഗരികത സ്വന്തം ജീവിതത്തിൽ ഒഴുക്കിവിട്ട വേദനയുടെയും വിഭ്രാന്തിയുടെയും വിരസതയുടെയും കെടുനീരുറവകൾ അവർക്ക് മടുത്തിരിക്കുന്നു. സന്തുലിതമായ സമീപനവും, ആധ്യാത്മികവും ധാർമികവുമായ ബോധവുമുള്ള മുഴുവൻ പാശ്ചാത്യരുടെയും സംസാരത്തിൽ അത് പ്രകടമായി കാണാം.

നമ്മുടെ ബാധ്യത
മാനവരാശി ദർശിച്ചതിൽ വെച്ചേററവും ഉയർന്ന ഭൗതികജീവിതം പടിഞ്ഞാറൻ നാഗരികതയുടെ സൃഷ്ടിയാണ്. എന്നാൽ, നാം നേരത്തേ മനസ്സിലാക്കിയപോലെ മനുഷ്യനെ വിജയവിഹായസ്സിലേക്കുയർത്താൻ അതുമാത്രം മതിയാവുകയില്ല. ഭൗതിക പുരോഗതി പരിരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഉദാത്തമായ ആത്മീയജീവിതം കൂടി ഉറപ്പുവരുത്തുന്ന ഒരു പുത്തൻ നാഗരികതയാണിന്നാവശ്യം. അതിന് ആത്മീയതയെയും ഭൗതികതയെയും സമഞ്ജസമായി സമന്വയിപ്പിക്കാൻ സാധിക്കണം. രണ്ടിനുമിടയിൽ തികഞ്ഞ സന്തുലിതത്വം പുലർത്തുകയും വേണം. ഒന്ന് മറ്റൊന്നിനെ മറികടക്കരുത്. ഇത്തരമൊരു നാഗരികത കണ്ടെത്താൻ കഴിയുമോ? ഈ ബാധ്യത നിർവഹിക്കാൻ ഏതെങ്കിലും സമൂഹത്തിന് സാധിക്കുമോ?

പാശ്ചാത്യലോകത്തിന് ഈ ദൗത്യം ഏറ്റെടുത്തു നടത്തുക സാധ്യമല്ല. പുരോഗതിയുടെയും ഭൗതികശക്തിയുടെയും ഉന്നതങ്ങളിലാണത് നിലകൊള്ളുന്നത്; ശരിതന്നെ. പക്ഷേ ആത്മീയരംഗത്തെ പതനം അതിന്റെ മുഴുവൻ യോഗ്യതകളും നശിപ്പിച്ചിരിക്കുന്നു. ഉദ്ദിഷ്ടസമാധാനത്തിലേക്കും ഉത്കൃഷ്ടജീവിതത്തിലേക്കും ലോകത്തെ നയിക്കാൻ ഇന്ന് അതിന്റെ പക്കൽ ഒന്നുമില്ല.

കമ്യൂണിസ്റ്റ് ലോകത്തിന് ഈ ഉത്തരവാദിത്വം പൂർത്തീകരിക്കാൻ അത്രപോലും സാധ്യമല്ല. കാരണം, ആത്മീയതയോടും മതമൂല്യങ്ങളോടും സദാചാര സിദ്ധാന്തങ്ങളോടും സമരം പ്രഖ്യാപിച്ച് കേവല ഭൗതികതയിൽ ആണ്ടിറങ്ങിയ പ്രത്യയശാസ്ത്രമാണത്. പാശ്ചാത്യരും പൗരസ്ത്യരുമായ ഈ രണ്ടു വിഭാഗങ്ങളുടെയും തലക്കു മുകളിൽ അവരുടെ നാഗരികത തകർന്നുവീഴുന്നതുവരെ ലോകത്തിന്റെ അസ്വസ്ഥതയും അസംതൃപ്തിയും അവർ പങ്കുവെച്ചുകൊണ്ടിരിക്കും.

വിഗ്രഹാരാധനാപരമായ പൗരസ്ത്യമതങ്ങൾക്കും ഈ ബാധ്യത ഏറ്റെടുത്ത് നടത്തുക സാധ്യമല്ല. കാരണം, യഥാർഥ നാഗരികതയുടെ ജനനം യുക്തിബന്ധുരമായ ജ്ഞാനത്തിൽനിന്നും സുബദ്ധമായ ചിന്തയിൽനിന്നുമാണ്. യാഥാസ്ഥിതിക, മൂഢ വിശ്വാസങ്ങളോടുള്ള എതിർപ്പ് അതിന്റെ അനിവാര്യതയത്രെ. വിഗ്രഹാരാധന ഇത്തരം ധൈഷണിക സമീപനങ്ങളുടെയൊക്കെ ശത്രുവാണ്. പ്രതീക്ഷിത നാഗരികതയിൽ രചനാത്മകവും നിർമാണപരവുമായ ആധ്യാത്മികതയാണാവശ്യം. മനുഷ്യപുരോഗതിയും വളർച്ചയുമായി പൊരുത്തപ്പെട്ടുപോകാൻ അതിനുമാത്രമെ സാധിക്കൂ. എന്നാൽ, പൗരസ്ത്യമായ വിഗ്രഹാരാധന മനുഷ്യനെ മുരടിപ്പിക്കുന്ന നിഷേധാത്മകമായ ആധ്യാത്മികതയിലധിഷ്ഠിതമാണ്. അത് ജീവിതയാഥാർഥ്യങ്ങളിൽനിന്ന് ഒളിച്ചോടുകയും കർത്തവ്യ നിർവഹണത്തിൽ പരാജയമടയുകയും ചെയ്യുന്നു. ഭൗതിക വളർച്ചയെ മാലിന്യമായി കണക്കാക്കുന്നു. അത്തരം മാലിന്യങ്ങളിൽനിന്ന് മുക്തി നേടുകയും അവക്കെതിരിൽ അങ്കംവെട്ടുകയും വേണമെന്ന വാദമാണവക്കുള്ളത്.

അതിനാൽ ഒരു സമുദായത്തിനു മാത്രമേ ഉദ്ദിഷ്ട നാഗരിക ബാധ്യത നിറവേറ്റാൻ കഴിയൂ- മുസ്‌ലിം സമുദായമാണത്. നാളത്തെ നാഗരികതയുടെ നിർമാതാക്കളാവാൻ നമുക്കല്ലാതെ മറ്റാർക്കും സാധ്യമല്ല. അതിന്റെ കാരണങ്ങളിവയാണ്.

1. നാഗരികതകളുടെ നിർമാണത്തിന് നിദാനവും സഹായകവുമായ ഒരു മതാദർശം നമ്മുടെ വശമുണ്ട്. ഏകദൈവത്വസിദ്ധാന്തത്തിലധിഷ്ഠിതമാണത്. സ്വച്ഛവും സമുജ്ജ്വലവും സമ്പൂർണവും സമുന്നതവുമായ ഏകദൈവത്വം. അത് അറിവിന്റെ ആദർശമാണ്. ബുദ്ധിയെ ആദരിക്കുകയും ചിന്താശീലത്തെ പ്രോത്സാഹിപ്പിക്കുകയും നിഗൂഢതകളുടെ മൂടുപടങ്ങൾ വലിച്ചുകീറുകയും ചെയുന്ന ആദർശം. മാന്യവും മിതവുമായ മാനുഷിക സ്വഭാവങ്ങളുടെ സിദ്ധാന്തമാണത്. ഒരുതരം തീവ്രതയും അതിഷ്ടപ്പെടുന്നില്ല. ആയാസരഹിതങ്ങളായ നിയമങ്ങളാണ് അത് ആവിഷ്‌കരിക്കുന്നത്. മുഴുവൻ മനുഷ്യരുടെയും നന്മയാണത് മുന്നിൽ കാണുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിലൊതുങ്ങുന്ന വ്യക്തിയുടെ നന്മയും, വ്യക്തിയുടെ ഗുണത്തിനു ഹാനിവരുത്താത്ത സാമൂഹികക്ഷേമവും. ഒപ്പം മാനവരാശിയുടെ നന്മക്ക് സഹായകമായ സാമുദായിക നന്മയും അത് സംഭാവന ചെയ്യുന്നു. അങ്ങനെ, വർഗങ്ങളുടെയും സമുദായങ്ങളുടെയും ശ്രേഷ്ഠതകൾക്കും സവിശേഷതകൾക്കും ക്ഷതം വരുത്തുകയോ അവയുടെ അന്തസ്സ് ഹനിക്കുകയോ ചെയ്യാതെത്തന്നെ മനുഷ്യരാശിക്കൊട്ടാകെ അത് നന്മ ഉറപ്പുവരുത്തുന്നു.

2. രചനാത്മകവും സൃഷ്ടിപരവുമായ ആധ്യാത്മിക സിദ്ധാന്തത്തിന്റെ വക്താക്കളാണ് നാം. അത് ദൈവികമാണ്. പോർക്കളത്തിലെ പടയാളിയിലും ഫാക്ടറിയിലെ തൊഴിലാളിയിലും പാഠശാലയിലെ അധ്യാപകനിലും ഗവേഷണാലയത്തിലെ ദാർശനികനിലും ന്യായപീഠത്തിലെ ജഡ്ജിയിലും ഓഫീസ് ജോലിയിൽ വ്യാപൃതനായ ഉദ്യോഗസ്ഥനിലും നേതൃത്വം നൽകുന്ന നായകനിലും അതിന്റെ പ്രതിഫലനങ്ങൾ പ്രകടമായി കാണാം. കളിയിലും കാര്യത്തിലും, നടത്തത്തിലും നിറുത്തത്തിലും, പകലിലും പാതിരാവിലും, ആയാസത്തിലും അനായാസത്തിലും, ആനന്ദത്തിലും അസ്വാസ്ഥ്യത്തിലും അതിന്റെ സാന്നിധ്യം അനുഭവപ്പെടും. അത് മനുഷ്യനെ സമ്പൂർണതയുടെ സമുന്നത സീമകളിലേക്കുയർത്തുന്നു. മനുഷ്യനെയും അവൻ ജീവിക്കുന്ന ഭൂമിയെയും അവന്റെ കൂട്ടുകാരായ ജനങ്ങളെയും സൃഷ്ടിച്ച ദൈവത്തെയും ഓർമിപ്പിക്കുന്നു. ഈ മഹാപ്രപഞ്ചവും അതിലെ ഒരു ഘടകമായ മനുഷ്യനും അതേ സ്രഷ്ടാവിനുമാത്രം കീഴ്‌പ്പെട്ടു ജീവിക്കണമെന്ന് അനുശാസിക്കുന്നു.

Also read: അല്ലാഹു

3. അത്യുദാത്തമായ നാഗരികതയുടെ നിർമിതിക്ക് നാം ശക്തരാണെന്ന് നേരത്തേതന്നെ തെളിയിച്ചിട്ടുണ്ട്. പ്രതിയോഗികൾ എന്തൊക്കെപ്പറഞ്ഞാലും പ്രചരിപ്പിച്ചാലും നമ്മുടെ നാഗരികത പാശ്ചാത്യ നാഗരികതയെക്കാൾ പലനിലക്കും മെച്ചപ്പെട്ടതായിരുന്നുവെന്നതാണ് സത്യം. ജനങ്ങളോടുള്ള നിസ്സീമമായ ദയ, സ്വഭാവത്തിലെ മാന്യത, ഭരണത്തിലെ നീതി, ജീവിതത്തിലെ ഉദാത്തമായ ചൈതന്യം, വിവിധ കാലഘട്ടങ്ങളിലെ മുഴുവൻ സമൂഹങ്ങളെക്കാളും സമുന്നതമായ നിലവാരം ഇവയിലൊക്കെയും വൈജ്ഞാനികവും ചിന്താപരവുമായ പിന്നാക്കാവസ്ഥ നിലനിന്നിരുന്ന കാലത്തുതന്നെ മഹിതവും മോഹനവുമായ മാനുഷിക സംതൃപ്തി സൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ ശാസ്ത്രീയ പുരോഗതിയുടെയും നവംനവങ്ങളായ കണ്ടുപിടിത്തങ്ങളുടെയും ഇക്കാലത്ത് നമുക്കത് നിഷ്പ്രയാസമത്രെ.

നാഗരികതയുടെ കടിഞ്ഞാൺ പിടിക്കുന്നത് നാമാണെങ്കിൽ ശൂന്യാകാശസഞ്ചാരം ദൈവനിഷേധത്തിന്റെ പ്രചാരണത്തിന് സഹായകമാക്കുകയില്ല. നാം സ്വായത്തമാക്കുന്ന സമരസാമഗ്രികൾ രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും തകർത്ത് അവയെ സ്വന്തം ആജ്ഞാനുവർത്തികളാക്കാൻ ഉപയോഗിക്കുകയില്ല. നമ്മുടെ പ്രക്ഷേപണ പരിപാടികൾ ജനങ്ങളെ വഴിപിഴപ്പിക്കാനായിരിക്കുകയില്ല. ലൈംഗികാസക്തി വളർത്തി അരാജകത്വം സൃഷ്ടിക്കാൻ സഹായിക്കുന്ന സിനിമകൾ അനുവദിക്കുകയില്ല. സ്ത്രീകളെ കേവലം ഭോഗവസ്തുക്കളാക്കി തരംതാഴ്ത്തുകയില്ല. പിന്നാക്ക വിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ അവമതിക്കാനും അവരുടെ വിഭവങ്ങൾ തട്ടിയെടുക്കാനും നാഗരിക പുരോഗതി ഉപയോഗപ്പെടുത്തുകയുമില്ല.

പാശ്ചാത്യർക്കു ശേഷം നാഗരികതയുടെ ധ്വജവാഹകരാകാൻ അർഹതയുള്ള ഏകസമുദായം നാമാണെന്നതിന്റെ അടിസ്ഥാനകാരണങ്ങളാണിവ. പ്രയാസങ്ങൾ പോക്കി മാനവരാശിക്ക് സമാധാനവും സ്വസ്ഥതയും ശാന്തിയും നൽകുന്ന നവ്യമായൊരു നാഗരികതയായിരിക്കും അത്.

നമ്മുടെ ആദർശത്തിന്റെ മൂലപ്രമാണങ്ങളിലേക്ക് നാം തിരിച്ചുചെന്നാൽ, ആധുനിക മാനവികത ആവശ്യപ്പെടുന്ന നാഗരിക ബാധ്യത നിറവേറ്റാൻ ഇതര ജനസമുദായങ്ങളെക്കാൾ നമുക്കാണർഹതയെന്ന് ദൈവികഗ്രന്ഥം സൂചിപ്പിക്കുന്നതായി കാണാം. വർഗീയമോ വംശീയമോ ആയ നമ്മുടെ സവിശേഷതകൊണ്ടല്ല അത്. ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത മിഥ്യകളാണവ. മറിച്ച് നാമതിനർഹരാവുന്നത് മുകളിൽ വിവരിച്ച മൗലികകാരണങ്ങളാലത്രെ.

വിശുദ്ധഖുർആൻ പറയുന്നു: ”നിങ്ങൾ ജനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ്. നിങ്ങൾ നന്മ കൽപിക്കുന്നു; തിന്മ വിരോധിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു.”(3:110)

നമ്മുടെ ആദർശത്തിന്റെ സവിശേഷതകളും സ്വഭാവങ്ങളുടെ മേന്മകളുമാണിത് ദ്യോതിപ്പിക്കുന്നത്. മറ്റൊരു സൂക്തത്തിൽ ഇങ്ങനെ കാണാം: ”ഭൂമിയിൽ നാമവർക്ക് ആധിപത്യം നൽകിയാൽ നമസ്‌കാരം നിലനിർത്തുന്നവരും സകാത്ത് കൊടുക്കുന്നവരും നന്മ കൽപിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമാണവർ.”(22:41)

വിശുദ്ധ ഖുർആനിൽ വേറെയൊരിടത്തിങ്ങനെ വായിക്കാം: ”നിങ്ങളെ നാമൊരു മധ്യമസമുദായമാക്കി. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാവാൻ വേണ്ടി; പ്രവാചകൻ നിങ്ങൾക്ക് സാക്ഷിയാവാനും.”(2:143)

ദൗത്യനിർവഹണത്തിന് നമ്മെ പ്രേരിപ്പിക്കുകയാണിവിടെ- സത്യത്തിന്റെയും സുകൃതത്തിന്റെയും സമുന്നത സരണിയിലേക്ക് മാനവസമൂഹത്തെ സദാ നയിക്കുകയെന്ന മഹത്തായ ദൗത്യം. അത് ഏതെങ്കിലും കാലത്തോ ദേശത്തോ തലമുറയിലോ പരിമിതമല്ല.

വിധിയുടെ വിളിക്ക് ഉത്തരം നൽകിയപ്പോൾ ഒരിക്കൽ നാം പതാകയേന്തി; ഒരിക്കൽ മാത്രം. അപ്പോൾ നാം മാനവരാശിയെ സന്മാർഗത്തിന്റെയും വെളിച്ചത്തിന്റെയും വേദിയിലേക്കു നയിക്കുകയും ചെയ്തു. പിന്നീട് നാം ആ പതാക താഴെവെച്ച് ദൗത്യനിർവഹണത്തിൽനിന്ന് ഓടിയൊളിച്ചു. എന്നാലിതാ ഈ ദൈവിക സൂക്തങ്ങൾ വീണ്ടും നമ്മോടാവശ്യപ്പെടുന്നു, രണ്ടാമതൊരിക്കൽക്കൂടി ആ പതാക വഹിക്കാൻ; പുതുതായി പ്രകാശനാളം കൊളുത്തിവെക്കാൻ. അങ്ങനെ നമുക്ക് ആശങ്കയുടെയും അസ്വസ്ഥതയുടെയും ദേഹേച്ഛയുടെയും അക്രമത്തിന്റെയും നിരാശതയുടെയും നിന്ദ്യതയുടെയും അന്ധകാരങ്ങളിലലയുന്ന ജനസമൂഹങ്ങളെ മോചിപ്പിക്കാം. ബാധ്യതാ നിർവഹണത്തിന് നാം രംഗത്തെത്തിയില്ലെങ്കിൽ അവലംബം ആത്മഹത്യ മാത്രമാണ്-ഉപകരണങ്ങളും വിഷദ്രാവകങ്ങളുമുപയോഗിച്ചുള്ള വ്യക്തികളുടെ ആത്മാഹുതിയും ആറ്റം, ഹൈഡ്രജൻ ബോംബുകളുപയോഗിച്ചുള്ള സമൂഹങ്ങളുടെ കൂട്ടായ ആത്മഹത്യയും.

Also read: വിവാഹമോചനം

നാം മുന്നോട്ട്
നവ്യമായ ഒരു നാഗരികതയുടെ വിപ്ലവകാഹളം മുഴക്കി നാം രംഗത്തു വരുന്നത് രണ്ട് വിഭാഗക്കാർ നിന്ദാപൂർവം വീക്ഷിക്കുന്നു.
1. പാശ്ചാത്യ നാഗരികതക്ക് വിടുവേല ചെയ്യുന്നവർ. പടിഞ്ഞാറുകാരുമായി കിടപിടിക്കാൻ പ്രാപ്തരാണ് നാമെന്ന വിശ്വാസം പോലും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പാശ്ചാത്യർക്ക് നായകത്വം നൽകുകയെന്നത് അവർക്ക് ചിന്തിക്കാൻപോലും സാധ്യമല്ല. പാശ്ചാത്യരുടെ പിഴച്ച ചിന്തകൾ പേറി പറ്റേ പരിക്ഷീണിതരായിട്ടുണ്ട് അവർ എന്നതുതന്നെ കാരണം. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത്തരക്കാരുടെ അംഗസംഖ്യ അൽപാൽപം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ നാഗരികതയുടെ അനർഥങ്ങളും ദുരന്തഫലങ്ങളും ആളുകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു; ദുർബല ജനവിഭാഗങ്ങളിൽ വിശേഷിച്ചും. അപ്രകാരംതന്നെ നമ്മുടെയിടയിൽ കാണപ്പെടുന്ന ആലോചനാ ശീലവും രാഷ്ട്രീയബോധവും ശുഭസൂചകമത്രെ. തീർച്ചയായും പാശ്ചാത്യ സാമ്രാജ്യത്വ വികസനമോഹികളുടെ രാഷ്ട്രീയസ്വാധീനങ്ങൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു. പ്രസ്തുത സ്വാധീനത്തിൽനിന്നു പുറത്തുകടക്കുക അസാധ്യമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നേതൃത്വം നാമാവശേഷമാവുകയാണ്. പാശ്ചാത്യൻ ‘പരിഷ്‌കൃത’ നാഗരികതയുടെ പിടിത്തവും ഒട്ടും വൈകാതെ തീർച്ചയായും ക്ഷയിക്കും. സ്വതന്ത്രചിന്തയുടെ വക്താക്കളെന്ന് സ്വയം ഊറ്റംകൊള്ളുന്ന പ്രസ്തുതവിഭാഗം യഥാർഥത്തിൽ ചിന്താപരമായ പാപ്പരത്തത്തിന്റെയും അടിമത്തത്തിന്റെയും അതിനീചമായ പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.

2. പ്രയാസഹേതുകമായ പാശ്ചാത്യ നാഗരികതയുടെ നാശത്തിൽ വിശ്വസിക്കുന്നുവെങ്കിലും പുതിയൊരു നാഗരികതയുമായി രംഗത്തെത്താൻ നമുക്കു സാധിക്കുമെന്ന് വിശ്വസിക്കാത്തവർ. നാമും പാശ്ചാത്യരുമായുള്ള അനൽപമായ അന്തരം കാണുമ്പോൾ നവ്യമായൊരു നാഗരികതയുടെ നായകത്വമേൽക്കാൻ നമുക്കു കഴിയുമെന്നു പറയുന്നത് അവരുടെ വീക്ഷണത്തിൽ മിഥ്യാസങ്കൽപവും പാഴ്‌സ്വപ്നവും മാത്രമാണ്.

എന്നാൽ, പടിഞ്ഞാറൻ നാഗരികതയുടെ പതനവും ഒപ്പം നാഗരിക നായകത്വം നമ്മിൽ വന്നെത്തലും വെറും പത്തോ ഇരുപതോ അമ്പതോ വർഷംകൊണ്ട് സാധിതമാകുമെന്ന വാദമൊന്നും നമുക്കില്ല. ഓരോ നാഗരികതയുടെയും ഉത്ഥാനപതനങ്ങൾക്ക് പ്രകൃതിപരമായ കാരണങ്ങളുണ്ട്. അവക്ക് മാറ്റമില്ല. ഭദ്രമായൊരു കോട്ടയുടെ അടിത്തറക്ക് വിള്ളലേറ്റാൽ അതിന്റെ ഭദ്രതയെ അതൊരിക്കലും ബാധിച്ചിട്ടില്ലെന്ന് കുറെക്കാലം ആളുകൾക്കു തോന്നും. യഥാർഥത്തിലത് തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു നാൾ അത് തകർന്ന് നിലംപൊത്തും.

ഉണർന്നുനോക്കുമ്പോൾ തിക്തമായ ചില സത്യങ്ങളാണ് നമ്മെ തുറിച്ചുനോക്കുന്നത്. നമ്മുടെ ചില നാടുകളിൽ നിന്ന് സാമ്രാജ്യശക്തികൾ നമ്മെ ആട്ടിയോടിച്ചിരിക്കുന്നു. മറ്റു ചില പ്രദേശങ്ങളിൽനിന്നും ആട്ടിപ്പായിക്കാൻ പാടുപെട്ട് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ മേൽക്കോയ്മയുടെ പുതിയ സംസ്‌കാരം അടിച്ചേൽപിച്ച ജീവിതരീതികളാണ് നാമഭ്യസിക്കുകയും അവലംബിക്കുകയും ചെയ്യുന്നത്. ആ സംസ്‌കാരമാണ് നമ്മുടെ നാടുകളിൽ ആധിപത്യം നടത്തുന്നത്. പടിഞ്ഞാറൻ നാടുകളിലുണ്ടാക്കിയ ഉൽപന്നങ്ങളാണ് നമുക്കിഷ്ടം. ജീവിതനിലവാരത്തിൽ അവരോടൊപ്പമെത്തലാണ് നമ്മുടെ ലക്ഷ്യം.

യഥാർഥത്തിൽ നാമിപ്പോൾ വേണ്ടത് ഒരു സാംസ്‌കാരിക മാനദണ്ഡം അംഗീകരിക്കുകയാണ്; പുതിയ നാഗരികതയുണ്ടാക്കിയ പ്രയാസങ്ങളും നമ്മുടെ ആവശ്യങ്ങളും പരിതഃസ്ഥിതികളും പരിഗണിച്ചുകൊണ്ടുള്ള നൂതനമായൊരു മാനദണ്ഡം. തുടർന്ന് നമ്മുടെ ലക്ഷ്യമെന്തെന്നും ചുവടുവെപ്പുകളെങ്ങനെയാണെന്നും നിർണയിക്കേണ്ടതുണ്ട്. ആധുനിക നാഗരികതയുടെ മണ്ഡലത്തിൽ ചുറ്റിക്കറങ്ങുകയാണോ നാം വേണ്ടത്; നൂറ്റാണ്ടുകളോളം നമ്മുടെ മുന്നിൽ സഞ്ചരിക്കുകയും ഇപ്പോൾ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ പിറകെപ്പോയി അവരോടൊപ്പമെത്തുകയും അവരെത്തിപ്പെട്ട അവസ്ഥകൾ സ്വയം ഏറ്റുവാങ്ങുകയുമാണോ നാം ചെയ്യേണ്ടത്? അതോ പ്രത്യേകമായ പാത തെരഞ്ഞെടുത്ത് അഭിനവ പരിഷ്‌കൃത സമൂഹത്തിനു പിണഞ്ഞ പിഴവുകളിൽനിന്നു മുക്തരായി സാവേശം മുന്നോട്ടു പോവുകയോ?

അടുത്ത ഏതാനും വർഷങ്ങൾകൊണ്ട് ഭൗതികശക്തിയിൽ പാശ്ചാത്യരോടൊപ്പമെത്താൻ നമുക്ക് സാധ്യമല്ലെന്നത് സത്യം തന്നെ. കുറഞ്ഞ കാലംകൊണ്ട് കൃത്രിമ ഉപഗ്രഹവും ഭൂഖണ്ഡാന്തര റോക്കറ്റുകളും നമുക്കുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിക്കാവതല്ല. ഏതാനും കൊല്ലങ്ങൾകൊണ്ട് നാമത് സ്വായത്തമാക്കിയാൽപ്പോലും അപ്പോഴേക്കുമവർ ഈ മേഖലകളിൽ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടാവും.

അതിനാൽ നമുക്കും മുഴുവൻ മാനുഷ്യകത്തിനും പ്രയോജനകരമായ പുതിയ നാഗരിക മാനദണ്ഡങ്ങൾ സ്വീകരിച്ച്, കഴിയുന്നത്ര കഴിവാർജിക്കലാണ് കരണീയമായ മാർഗം. നാഗരികതയുടെ അവക്രമായ പാത പിന്തുടരാൻ നമുക്ക് സമ്പൂർണ സ്വാതന്ത്ര്യമുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളും പ്രതിപ്രവർത്തനങ്ങളും പഠിച്ചറിയാൻ വേണ്ടത്ര സമയവുമുണ്ട്. നാമിന്നകപ്പെട്ട കുരുക്കുകളിൽനിന്നു പുറത്തുകടന്ന് ഭാവി ഭാസുരമാക്കാൻ അതാണാവശ്യം. നമ്മുടെ വശമുള്ളതും സത്യമെന്ന് ഗതകാലാനുഭവങ്ങൾ തെളിയിച്ചതുമായ മൂല്യങ്ങളും മാനദണ്ഡങ്ങളും ആ മാർഗം നമുക്കധീനപ്പെടുത്തിത്തരും. അങ്ങനെ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ പൂർണമായും പ്രകാശരഹിതമായിട്ടില്ലാത്ത, വിപ്ലവത്തിന്റെ അഗ്നിജ്വാലകൾ കെട്ടടങ്ങിയിട്ടില്ലാത്ത, കനത്ത ആഘാതങ്ങളുടെയും നിരന്തര ഭീഷണികളുടെയും നാനാവിധ വഞ്ചനകളുടെയും മുന്നിൽ അടിയറവു പറഞ്ഞിട്ടില്ലാത്ത, നമ്മുടെ യാത്രാസംഘത്തിന് ഇനിയും മുന്നോട്ടു പോകാൻ കഴിയും.

ഈ കടമ നാം നിർവഹിച്ചാൽ മനുഷ്യചരിത്രത്തെ അത്യദ്ഭുതകരമായി തിരിച്ചുവിടാൻ നമുക്ക് സാധിച്ചതുതന്നെ. എങ്കിൽ ഏഷ്യയുടെയും ആഫ്രിക്കയുടെയും മേൽ ആത്മീയവും ധാർമികവുമായ ആധിപത്യം നേടാൻ നമുക്ക് കഴിയും. അപ്പോൾ ഇതര ഭൂഖണ്ഡങ്ങളെക്കാൾ സ്വസ്ഥതയും സമാധാനവും അവിടങ്ങളിൽ സംജാതമാവുകയും അവ കൂടുതൽ സൗഭാഗ്യപൂർണങ്ങളായിത്തീരുകയും ചെയ്യും. അതോടെ മാർഗഭ്രംശത്തിന്റ ഫലമായി ധാർമികശക്തി ക്ഷയിച്ച പാശ്ചാത്യലോകം നമ്മിലേക്കു തിരിഞ്ഞുനോക്കും. തങ്ങളുടെ വ്യഥയും വേദനയും ശമിപ്പിക്കാനാവശ്യമായ മരുന്നുകൾ അവർ നമ്മിൽനിന്നു വാങ്ങും. അങ്ങനെ നാഗരികതയുടെ നായകത്വവും ചരിത്രത്തിന്റെ നിയന്ത്രണവും നമ്മിൽ വന്നുചേരും.

Also read: ഖുര്‍ആൻെറ യുദ്ധസമീപനം

ഞാൻ സ്വപ്നം കാണുകയല്ല; ഭാവനയെ വേട്ടയാടുകയുമല്ല. എഴുത്തുകാരുടെ മനസ്സുകളിൽ കാണുന്നപോലുള്ള ക്രമാനുഗതികത്വം ചരിത്രസംഭവങ്ങൾക്കുണ്ടാകണമെന്നില്ല. ഉണ്ടാവാറുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. ലോകം യാദൃച്ഛികതകൾ നിറഞ്ഞതത്രെ. എന്നാൽ ഭാവിയെ സംബന്ധിച്ച് സ്വതന്ത്രമായി ചിന്തിക്കാൻ അതൊരിക്കലും തടസ്സമാവേണ്ടതില്ല. ദാർശനികരുടെ വീക്ഷണങ്ങളിലൂടെയും പ്രവാചകന്മാരുടെ ശബ്ദങ്ങളിലൂടെയും സമുദ്ധാരകരുടെ സംരംഭങ്ങളിലൂടെയും കാലത്തിന്റെ കരങ്ങളാണ് ചരിത്രസംഭവങ്ങളെ നിയന്ത്രിക്കുന്നത്.

നമ്മുടെ നാഗരിക ചരിത്രത്തിൽ ഹൃദ്യവും മനോജ്ഞവുമായ നിരവധി മാതൃകകളുണ്ട്. ദൈവവിശ്വാസം, സത്യത്തോടുള്ള പ്രതിബദ്ധത, ആത്മവിശ്വാസം വളർത്തൽ, സൃഷ്ടികളിൽ സൗന്ദര്യം ദർശിക്കൽ, ജനങ്ങളോടു കരുണകാണിക്കൽ, തീരുമാനത്തിൽ നീതിപുലർത്തൽ തുടങ്ങിയവയെല്ലാം അതിന്റെ രചനാത്മകമായ ആത്മീയവ്യവസ്ഥയിൽ പെടുന്നു. ജീവിത യാഥാർഥ്യത്തിന്റെ നടുവിൽ നിന്നുകൊണ്ട് നാഗരികതയിൽ ഭാഗഭാക്കാകുന്നതോടൊപ്പമാണ് ഇതെല്ലാം. ഭരണാധികാരികൾ, പണ്ഡിതന്മാർ, വൈരാഗികൾ, ദാർശനികന്മാർ, നായകന്മാർ, ന്യായാധിപന്മാർ, വ്യാപാരികൾ, തൊഴിലാളികൾ, സ്ത്രീകൾ, പുരുഷന്മാർ, യുവാക്കൾ, വൃദ്ധന്മാർ, പണക്കാർ, പാവപ്പെട്ടവർ എല്ലാവരും ആ ആത്മീയവ്യവസ്ഥയിൽ തുല്യരാണ്. ദാർശനികരുടെ മായാലോകത്ത് കഴിയുന്നവരുടെയല്ല, ഭൂമിയിൽ ഇതര മനുഷ്യരോടൊപ്പം ജീവിച്ചവരുടെ, മാനുഷിക സമ്പൂർത്തിയുടെ മഹിതമായ മാതൃകകളാണവ.

രചനാത്മകമായ ഈ ആധ്യാത്മികത്വത്തിന്റെ ശോഭന ചിത്രങ്ങൾ പുതിയതോ പഴയതോ ആയ ഇതര നാഗരികതകളിൽ കണ്ടെത്തുകയില്ല. ഗതകാല സമൂഹങ്ങളിൽ ആത്മീയവാദികളായ പലരെയും ചരിത്രം കണ്ടിട്ടുണ്ട്; വിദൂര പൗരസ്ത്യ സമൂഹങ്ങളിൽ വിശേഷിച്ചും. മുഗ്ധമായ ആത്മീയ ചൈതന്യത്തിൽ മികച്ചുനിൽക്കുന്ന പലരെയും നമുക്കിന്നും കാണാം. എന്നാൽ ഇവരും അവരുമൊക്കെ നാഗരികതയോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതും സ്വീകരിക്കുന്നതും. അതിന്റെ നിർമിതിയിൽ പങ്കുചേരാനവർ വിസമ്മതിക്കുന്നു. മഠങ്ങളിലും മരമൂട്ടിലും മലമുകളിലും വനഗഹ്വരങ്ങളിലും മരുഭൂമിയിലുമാണവർ വസിക്കുന്നത്. എന്നാൽ നമ്മുടെ ചരിത്രത്തിലെ ആത്മീയാചാര്യന്മാർ അത്തരക്കാരല്ല. ജീവിതം കെട്ടിപ്പൊക്കാനുള്ള സമരസംരംഭങ്ങളിൽ അതർഹിക്കുന്ന മുഴുവൻ അധ്വാനപരിശ്രമങ്ങളോടും ത്യാഗാർപ്പണങ്ങളോടുംകൂടിയാണ് അവർ പങ്കാളികളായിരുന്നത്. നാഗരികതകളുടെ ചരിത്രത്തിൽ വിസ്മയാവഹമായ ആ മാതൃകകളുടെ സവിശേഷതയും മഹത്വവും അതത്രെ.

ചരിത്രത്തിന്റെ വാതായനത്തിലൂടെ രണ്ടാമതൊരിക്കൽകൂടി മാന്യമായി പ്രവേശിക്കാനാണ് നാമുദ്ദേശിക്കുന്നത്. സമ്പൂർണവും സമുന്നതവുമായൊരു ഭാവിയുടെ നിർമാണത്തിനു വേണ്ടിയാണിത്. പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും ഉത്കൃഷ്ടമായ പല പൈതൃകങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ വൃത്താന്തങ്ങൾ നമ്മെ പുളകമണിയിക്കുകയും കർമോത്സുകരാക്കുകയും ചെയ്യട്ടെ.

അതിനാൽ ഗതകാല ചരിത്രത്തിലെ ശോഭനചിത്രങ്ങൾ നാമിവിടെ അനാവരണം ചെയ്യുന്നത്, പാശ്ചാത്യ നാഗരികതയെക്കാൾ ഉദാത്തവും സമ്പൂർണവുമായ ഒരു നവനാഗരികതയുടെ നിർമിതിക്ക് നാം ശക്തരാണെന്നു തെളിയിക്കാനാണ്; പൂർവികരെപ്പോലെ പുതിയൊരു നാഗരികതയുടെ സ്രഷ്ടാക്കളാവാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന വസ്തുത സമുദായത്തിലെ പുതിയതലമുറയെ ബോധ്യപ്പെടുത്താനും. അതിനാൽ നമ്മുടെ നാഗരികതയിലെ നിത്യഹരിതസ്മരണകൾ അയവിറക്കാൻ അനുയോജ്യമായ അവസരവും ഇതുതന്നെ.

എന്നാൽ, നമ്മുടെ നാഗരികതയിലുള്ളതു മുഴുവൻ സുന്ദരവും സമുജ്ജലവുമാണെന്ന അവകാശവാദമൊന്നും നമുക്കില്ല. വീഴ്ചകളില്ലാത്ത ഒരൊറ്റ നാഗരികതയേയും ചരിത്രം കണ്ടിട്ടില്ല. ഇസ്‌ലാമിക നാഗരികതയും ഇതിനപവാദമല്ല. ഇസ്‌ലാമിക നാഗരികതയിൽ സനാതനമായ മാനുഷികമൂല്യങ്ങൾ ശക്തവും സുന്ദരവുമാണെന്നും എല്ലാ ന്യൂനതകളും ദൗർബല്യങ്ങളും അതിന്റെമേൽ വെച്ചുകെട്ടുന്നത് തീരെ വസ്തുതാപരമല്ലെന്നും വ്യക്തമാക്കുകയാണിവിടെ ഉദ്ദേശ്യം. പുതിയ തലമുറയുടെ കണ്ണുകൾ നമ്മുടെ നാഗരികതയുടെ ഉദാത്തമായ പൈതൃകങ്ങളിൽനിന്നു തെറ്റിക്കാനാണ് പ്രതിയോഗികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരാശിയെ നാശഗർത്തത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന സ്വന്തം നാഗരികതയിലേക്ക് അവരെ ആകർഷിക്കലാണ് ലക്ഷ്യം. അതിനാൽ ഈ കപട തന്ത്രം തകർക്കേണ്ടതുണ്ട്. യഥാർഥത്തിൽ അവരുടെ നാഗരിക ചരിത്രത്തിൽ ഔന്നത്യത്തിന്റെ ഒരേടുണ്ടെങ്കിൽ ന്യൂനതകളുടെയും മ്ലേച്ഛതകളുടെയും ആയിരമായിരം പേജുകളുമുണ്ട്. സ്വന്തം സംസ്‌കാരത്തിന്റെ നേട്ടങ്ങൾ പാടിപ്പുകഴ്ത്തുന്ന പാശ്ചാത്യ സാമ്രാജ്യവികസന മോഹികളുടെ ഉള്ളിലിരുപ്പ് കാണാതിരുന്നുകൂടാ.

Also read: വിവാഹമോചനം

മധ്യകാല നൂറ്റാണ്ടുകളിൽ പ്രകാശം പരത്തുകയും ജീവൻപകരുകയും ചെയ്തിരുന്നത് നമ്മുടെ നാഗരികതയായിരുന്നുവെന്ന് പുതിയ തലമുറയെ ഉണർത്താനാണ് അക്കാലത്തെ അതിന്റെ ശോഭന ചിത്രങ്ങളിലൂടെ ചില ഉദാഹരണങ്ങൾ നാം ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നത്. സ്വന്തം ഭൂതകാലമറിയാത്ത ഒരു സമൂഹത്തിനും വർത്തമാനകാലത്ത് വിജയംവരിക്കാനാവില്ല. സ്വന്തം സവിശേഷതകളും ശ്രേഷ്ഠതകളും നിഷേധിക്കുന്നവർക്ക് ശോഭനമായ ഭാവിയില്ല. ഭൂതത്തെക്കുറിച്ചോർത്തു വിലപിക്കുന്നത് അലസന്മാരുടെയും കർമവിമുഖരുടെയും സ്വഭാവമാണ്. അപ്രകാരംതന്നെ നന്മ നിറഞ്ഞതും വെളിച്ചം വാരിവിതറുന്നതുമായ ഗതകാലത്തെപ്പറ്റി പഠിക്കാതിരിക്കുന്നതും അതിനെ അഗണ്യമാക്കുന്നതും അസൂയാലുക്കളുടെയും പടുവിഡ്ഢികളുടെയും പ്രകൃതമാണ്. അതിനാൽ നമ്മുടെ നവോത്ഥാനത്തിൽ പഴയ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തണം. നവോത്ഥാനത്തിന്റെ പരിണതി നിർഭയമാകാൻ അതനിവാര്യമാണ്. അതിന്റെ വിജയപഥം പ്രയാസരഹിതമാകാൻ അത് ഏറെ സഹായകവുമത്രെ.

നമ്മുടെ നവോത്ഥാനം ലക്ഷ്യംവെക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും അടയാളങ്ങൾ പ്രകടമാകാൻ ഭൂതകാല നേട്ടങ്ങളുമായി അതിന്റെ മഹത്വങ്ങൾ ചേർന്നുനിൽക്കട്ടെ! ഭാവിയുമായി അതിന്റെ ബന്ധം ഉറ്റതാവട്ടെ! അപ്പോൾ യാത്രാസംഘം മുന്നേറും; വിടവ് അവസാനിക്കും; കെട്ടിടം പൂർത്തിയാവും.

ഉദ്ദേശ്യങ്ങളെല്ലാം പൂർത്തീകരിക്കുന്നത് അല്ലാഹുവാണ്. സർവ സഹായവും അവനിൽനിന്നത്രെ.

You may also like

More in:Charithram

Leave a reply

Your email address will not be published. Required fields are marked *