CharithramDawathRisalath

മുഹമ്മദ്നബി സാധിച്ചവിപ്ലവം

ഓരോ മതക്കാരും ഓരോ ജനവിഭാഗവും അവരവരുടെ ആചാര്യന്മാരെയും നേതാക്കന്മാരെയും അതിശയോക്തി കലർത്തി ഉയർത്തിക്കാട്ടാറുണ്ട്. നിറക്കൂട്ടുള്ള ചായങ്ങളിൽ കൊത്തിയെടുത്ത ഇത്തരം വിഗ്രഹശിൽപങ്ങൾ സാധാരണക്കാരന്റെ വീരാരാധനാമനസ്സിനെ തൃപ്തിപ്പെടുത്താനും ഭക്തജനങ്ങളിൽ വികാരാവേശം വളർത്താനും ആവശ്യമായിരിക്കാം. സത്യസന്ധമോ വൈചാരികമോ അല്ലാത്ത ഈ സാമാന്യരീതിയിൽ നിന്ന് ഭിന്നമായി മഹദ്വ്യക്തിത്വങ്ങളെ വിലയിരുത്തുന്നേടത്ത് മാത്രമേ മാനുഷ്യകത്തിന് അനുകരണീയമായ ജീവിത മാതൃകകൾ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാർപോലും ഇതിന്നപവാദമാകേണ്ടതില്ല. ഇന്ന് ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നതും അവർ തന്നെയാണല്ലോ! നബിമാരുടെ ‘മദ്ഹ്’പറയുന്നവരും ‘പൈശാചികവചനങ്ങൾ’എഴുതുന്നവരും കുറവല്ല. എന്നാൽ അവർ ആരായിരുന്നുവെന്നും അവർ സാധിച്ച വിപ്ലവം എന്തായിരുന്നുവെന്നും വസ്തുനിഷ്ഠമായി കണ്ടെത്തുവാനുള്ള ശ്രമം നടക്കുന്നില്ല. ഒരു മാതൃകയെന്ന നിലയിൽ മുഹമ്മദ്നബി സാധിച്ച വിപ്ലവത്തിന്റെ ചില വശങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.

ഏകമാനവികത:
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യർക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ലവകാരി (അവസാനത്തെയും) മുഹമ്മദ്നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങൾ തത്ത്വത്തിൽ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാൽ ഫലത്തിൽ സ്വന്തം ജനതയ്ക്കും നാട്ടുകാർക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാൽ മുഹമ്മദ്നബിക്ക് അവതരിച് പ്രഥമദിവ്യബോധനംതന്നെ‘മനുഷ്യ’നെയാണ് പരാമർശിക്കുന്നത്. (ഖുർആൻ.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സർവ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുർആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുർആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകൻ. അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യർ, ജാതി-മത, വർണ-വർഗ, ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാചകന്റെ പ്രബോധനത്തിൽ ആകൃഷ്ടരായത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമാക്കാരൻ സുഹൈബ്, അഗ്നിയാരാധകനായ പേർഷ്യക്കാരൻ സൽമാൻ, ആഫ്രിക്കയിലെ തൊലി കറുത്ത നീഗ്രോ അടിമ ബിലാൽ, ഉന്നതകുലജാതരായ അബൂബക്കർ, ഉമർ, പണക്കാരായ ഉസ്മാൻ, അബ്ദുറഹ്മാനുബ്നുഔഫ്, പാവപ്പെട്ടവരായ അബൂദർറ്, അബൂഹുറയ്റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തിൽ നിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകൾ, മദീനക്കാരായ അൻസ്വാറുകൾ, ശത്രുഗോത്രങ്ങളായ ഔസ്, ഖസ്റജ്-അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ വ്യക്തിത്വങ്ങൾ പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാമികദർശനത്തിന്റെ സാർവ്വലൌകികതയുടെ സമതലത്തിൽ തോളുരുമ്മി നിൽക്കുന്നതായി നാം കാണുന്നു. പ്രവാചകവിപ്ലവത്തിന്റെ മാനവികതയെ അടിവരയിടുന്ന ഈ ചേതോഹരമായ ചിത്രം ഏത് സംശയാലുവിനെയും വിസ്മയിപ്പിക്കുന്ന ചരിത്രയാഥാർത്ഥ്യമത്രെ. മുഹമ്മദ്നബിക്ക് ശേഷമാകട്ടെ, ലോകം മഹാവിപ്ലവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാംതന്നെ മനുഷ്യനുവേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ലായെന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ തൊഴിലാളി-മുതലാളി വർഗങ്ങളെയോ കിഴക്ക്-പടിഞ്ഞാറ് ദിക്കുകളെയോ വെളുപ്പ്-കറുപ്പ് വർണങ്ങളെയോ സ്വന്തം ദേശ-ഭാഷകളെയോ ആണ്, മനുഷ്യനെയല്ലാ അവർ കണ്ടത്. സാക്ഷാൽ കാറൽമാർക്സ് പോലും കവിഞ്ഞാൽ ഒരു സാമ്പത്തിക വർഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചകവിപ്ലവത്തിന്റെ തനിമയും പുതുമയും!

Also read: ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

സമഗ്രത,സമ്പൂർണത:
മുഹമ്മദ്നബി സാധിച്ച വിപ്ലവത്തിന്റെ രണ്ടാമത്തെ സവിശേഷത എല്ലാ തുറകളെയും അതുൾക്കൊള്ളുന്നു.എന്നതാണ് മനുഷ്യന്റെ ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകൻ. ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയർത്തുകകൂടി ചെയ്തു ആ മഹാപരിഷ്കർത്താവ്. പ്രവാചകശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികൾ നടത്തിയ ഒരു വിലയിരുത്തൽ ഇവിടെ ശ്രദ്ധേയ മാണ്.‘പകൽ പടയാളികൾ, പാതിരാവിൽ പ്രാർത്ഥനാനിരതർ’എന്നായിരുന്നു മുസ്ലിം ജവാന്മാർക്ക് അവർ നൽകിയ സാക്ഷ്യപത്രം. അല്ലാമാ ഇഖ്ബാൽ തന്റെ ‘പൂർണമനുഷ്യനെ’ഇവരിൽ കണ്ടെത്തിയതിൽ അത്ഭുതമില്ല. തീ തുപ്പുന്ന മഹാവിപ്ലവകാരികൾ, സ്വകാര്യജീവിതമെന്ന് സൌകര്യപൂർവ്വം ഒഴിച്ചുനിർത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകൾപോലും പ്രവാചകന്റെ പരിഷ്കരണ വരുതിക്ക് പുറത്തായിരുന്നില്ല.അതുകൊണ്ട് തന്നെ നബിയുടെ മാതൃകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികൾക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം.

മധ്യമാർഗം:
ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളെയും വിരുദ്ധ താൽപ്പര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാർഗത്തിൽ സമന്വയിപ്പിച്ചുവെന്നതാണ് വിപ്ലവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി-സമൂഹം, നിയമം-ധർമം, ആത്മാവ്-പദാർത്ഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാധന-ആയോധനം, സ്വാർത്ഥം-പരാർത്ഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷൻ, പ്രാചി-പ്രതീചി എന്നീ വൈവിധ്യങ്ങൾക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകൻ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാർഗത്തെയാണ് വിശുദ്ധഖുർആൻ മധ്യമാർഗമെന്ന് വിശേഷിപ്പിച്ചത്.മനുഷ്യൻദൈവത്തിന്റെപ്രതിനിധി:നബിയുടെ വിപ്ലവദർശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിർണയിച്ചുകൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസൻ, ഭൂതലത്തിൽ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യൻ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികൾക്ക് പാടുള്ളതും ഇല്ലാത്തതും പറയേണ്ടത് സൃഷ്ടികർത്താവാണ്. ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിന്റെ നിയമം അതാണ് ശരി. ആ വലിയ ശരിയെ പിൻപറ്റി മാത്രം ജീവിക്കുവാൻ മനുഷ്യൻ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്. എന്നാൽ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികൾക്കു നടുവിൽ ഒട്ടേറെ സ്വാതന്ത്യ്രം മനുഷ്യന് നൽകപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയിൽ, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യൻ. അടിമത്തത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ഭാവങ്ങൾ പ്രാതിനിധ്യമെന്ന സംഗമബിന്ദുവിൽ സന്ധിക്കുന്നേടത്ത് മനുഷ്യൻ അവനെത്തന്നെ തിരിച്ചറിയുന്നു.‘മനുഷ്യൻ തന്നെ കണ്ടെത്തുമ്പോൾ തന്റെ സൃഷ്ടികർത്താവിനെ കണ്ടെത്തുന്നു’

Also read: ജീവിതത്തെ ബോധപൂ‍ർവം സമീപിക്കുന്നവരോട്

വിമോചനത്തിന്റെ ദൈവമാർഗം:
ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്യ്രത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുർആൻ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് പ്രവാചകവിപ്ലവത്തിന്റെ അഞ്ചാമത്തെ സവിശേഷത. മർദ്ദകനെതിരെ മർദ്ദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല പ്രവാചകന്റെ രീതി. മർദ്ദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനിൽ മൌലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകൻ. മർദ്ദകനോട് അവിടുന്ന് ദയയും നീതിയും യാചിക്കുകയായിരുന്നില്ല, ദൈവത്തിന്റെ പേരിൽ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവിഷ്യത്തിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചുകുലുക്കുകയും അവനിലെ മനുഷ്യനെ ഉയിർത്തെഴുന്നേല്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചനപാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തിൽ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമ മോചനത്തിന് ആക്കംകൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിർണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെക്കൊണ്ട് തറവാട്ടുകാരിയായ സൈനബയെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകൻ ഉസാമയെ സർവ്വസൈന്യാധിപനായി നിയമിച്ചത് അങ്ങനെ നൂറ്നൂറ് സംഭവങ്ങൾ ആ ചരിത്രസത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏറ്റവുമൊടുവിൽ, മക്കാ വിജയത്തിന്റെ ചരിത്രമുഹൂർത്തത്തിൽ ബിലാലെന്ന നീഗ്രോയുവാവിലൂടെ കഅ്ബയുടെ ഉത്തുംഗ ഗോപുരത്തിൽ വിജയത്തിന്റെ ബാങ്കൊലി മുഴങ്ങിയേടത്ത് ആ നൂതന വിപ്ലവം അതിന്റെ ക്ളൈമാക്സിൽ എത്തിനിൽക്കുന്നതായി നാം കാണുന്നു.

വിപ്ലവം ആരുടെ?:
മുഹമ്മദ്നബി സാധിച്ച മഹാ വിപ്ലവത്തിന്റെ ഏറ്റവും മൌലികമായ സവിശേഷത ആ വിപ്ലവത്തിന്നാധാരമായ ജീവിതദർശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്.നബി നബിയാകുന്നതും അതുകൊണ്ടുതന്നെ. അബ്ദുല്ലായുടെ മകൻ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് 40-ാം വയസ്സിൽ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം, അതാണ് പ്രവാചകൻ. “അദ്ദേഹം സ്വേഛപ്രകാരം സംസാരിക്കുന്നില്ല. അത് ദിവ്യബോധനം മാത്രമാണ്.” (ഖുർആൻ:53:3,4) “അങ്ങനെ നാം നിങ്ങളെ ഒരു മധ്യമസമൂഹമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാൻ; പ്രവാചകൻ നിങ്ങൾക്ക് സാക്ഷികളായിരിക്കുവാനും.” (ഖുർആൻ : 2:143) “….അദ്ദേഹം അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം ഇറക്കിവെക്കുകയും അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകൾ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.” (ഖുർആൻ:7:157)

You may also like

More in:Charithram

Leave a reply

Your email address will not be published. Required fields are marked *