DawathIslam

കുറ്റവും ശിക്ഷയും

നിറയെ ആളുകളുണ്ട് ബസ്സിൽ. ഒരു വൃദ്ധൻ എങ്ങനെയോ അതിൽ കയറിപ്പറ്റി. ധാരാളം ചെറുപ്പക്കാർ സീറ്റിലിരിക്കുന്നുണ്ടായിരുന്നെങ്കിലും അവരാരും അയാൾക്കുവേണ്ടി എഴുന്നേറ്റു കൊടുത്തില്ല. അദ്ദേഹം നിൽക്കുന്നതിന്റെ തൊട്ടടുത്ത് മുതിർന്ന പൗരന്മാർ എന്നെഴുതിയിട്ടുണ്ട്. എന്നിട്ടും അവിടെയിരിക്കുന്ന ചെറുപ്പക്കാർ എഴുന്നേറ്റില്ല. ടിക്കറ്റ് മുറിച്ചു കൊടുത്ത കണ്ടക്ടറും ആ വൃദ്ധന് സീറ്റുകൊടുക്കാൻ ശ്രമിച്ചില്ല. ഒടുവിൽ വൃദ്ധൻ കണ്ടക്ടറോട് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് തനിക്ക് സൗകര്യപ്പെടുത്തിത്തരാൻ ആവശ്യപ്പെട്ടു. കണ്ടക്ടർ ഉടനെ ഒരു ചെറുപ്പക്കാരനെ എഴുന്നേൽപ്പിച്ച് അയാൾക്ക് സീറ്റ് നൽകി.

വൃദ്ധരെ കാണുമ്പോൾ എഴുന്നേറ്റ് കൊടുക്കുക എന്നത് സ്വാഭാവികമായി ചെറുപ്പക്കാരിൽ നിന്നുമുണ്ടാവേണ്ട വിനയഭാവമാണ്. അതില്ലാതെ പോകുമ്പോൾ നിയമം ആവശ്യമായി വരുന്നു. നിയമം ഉണ്ടായാലും അത് പാലിക്കപ്പെടണമെന്നില്ല. നിയമം നടപ്പിലാക്കിയില്ലെങ്കിലുള്ള ഭവിഷ്യത്തോർത്തുമാത്രമാണ് പലരും അതിന് ശ്രമിക്കുന്നത്. നിയമങ്ങൾ ഭൂമിയിൽ ആവശ്യമാക്കിത്തീരക്കുന്നത് മനുഷ്യന്റെ ഈ മനോഭാവമാണ്.

സമുഹമനസ്സാക്ഷിയുടെ കോടതിയിൽ
2012 ഡിസംബർ 16 ലെ കാളരാത്രിയിൽ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ആ ഇരുപത്തിമൂന്നുകാരിയെ നാം മറന്നിട്ടില്ലല്ലോ. ഇന്ത്യക്കാരെ മുഴുവൻ വേദനിപ്പിച്ച ആ ദാരുണസംഭവത്തെത്തുടർന്ന് സമൂഹത്തിൽ നിന്നുണ്ടായ പ്രതികരണം നിങ്ങളോർക്കുന്നുണ്ടാവും. അക്രമികൾക്ക് അങ്ങേയറ്റത്തെ ശിക്ഷ തന്നെ കൊടുക്കണമെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. അക്രമികളെ ഷണ്ഡീകരിക്കണമെന്ന് പറഞ്ഞവരും വധശിക്ഷയിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സാമൂഹ്യനീതി നടക്കണമെങ്കിൽ ശിക്ഷാസമ്പ്രദായങ്ങൾ നടപ്പിലാക്കണം. ഇപ്രകാരം ചിന്തിക്കുന്നവരാണ് മനുഷ്യർ. സ്വാതന്ത്ര്യം മധുരതരമാണെങ്കിലും അവനവന്റെ അഭിമാനത്തെ, രക്തത്തെ, സമ്പത്തിനെ ചോദ്യംചെയ്യുന്ന സ്വാതന്ത്ര്യത്തെ ആരും അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷകൾ സാഹചര്യമനുസരിച്ച് ആവശ്യമെന്ന് വിശ്വസിക്കുന്നവരാണ് അധികപക്ഷവും.

Also read: ഇസ് ലാമിക നാ​ഗരികത സുന്ദരവും സമുജ്ജലുവുമാണ്

കുറ്റം ചെയ്താൽ ശിക്ഷ കിട്ടണമെന്നത് മനുഷ്യന്റെ നീതിബോധത്തിന്റെ ആവശ്യമാണ്. നന്മക്ക് രക്ഷയും തിന്മക്ക് ശിക്ഷയും വേണമെന്ന് മനുഷ്യൻ ആഗ്രഹിക്കുന്നു. ഈ ശിക്ഷ നടപ്പിലാക്കുന്നിടത്ത് മനുഷ്യനെ അതിവൈകാരികത പിടികൂടുമ്പോഴാണ് ശിക്ഷ വളരെ കൂടിപ്പോകുന്നുവെന്ന പരാടിയുണ്ടാവുന്നത്. ദൈവം കൽപ്പിക്കുന്ന ശിക്ഷകൾ ഒരിക്കലും അതിവൈകാരികതയിൽനിന്ന് ഉടലെടുക്കുന്നതല്ല. മനുഷ്യസമൂഹത്തിൻരെ നന്മയും ക്ഷേമവുമാണ് അവയുടെ അടിസ്ഥാനം.

തിന്മ ഒരുസാമൂഹ്യപ്രശ്‌നമായി ഉയരുന്നിടത്താണ് ദൈവികനിയമങ്ങൾ അർഥവത്താകുന്നത്. മുഷ്യജീവിതത്തിൽ നടപ്പിലാക്കുന്നതിനായി സ്രഷ്ടാവായ ദൈവം അന്ത്യദൂതരായ മുഹമ്മദ് നബിയിലൂടെ മനുഷ്യർക്ക് നിർദേശിച്ചു കൊടുത്ത നിയമങ്ങൾക്കാണ് ശരീഅത്ത് എന്നു പറയുന്നത്.

ലക്ഷങ്ങളെ കൊന്നവൻ ലേകപോലീസ് ചമയുന്നു. കോടികൾ കൊള്ളയടിച്ചവൻ ഖജനാവിന്റെ കാവൽക്കാരനായി മാറുന്നു. അധോലോകമാഫിയകൾ ആത്മീയ കൾട്ടുകളുമായി രംഗത്തെത്തുന്നു. അതേസമയം, അടക്ക കട്ടവൻ പിടികിട്ടാപുള്ളിയും പട്ടിയെ കൊന്നവൻ കൊടുംകുറ്റവാളിയുമാകുന്നു. ഇത്തരം തലതിരിഞ്ഞ ലോകത്ത് സാമൂഹികസുരക്ഷക്കായി നീതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത പറയേണ്ടതില്ലല്ലോ.

ശിക്ഷ നടപ്പിലാക്കാനല്ല, പരമാവധി ശിക്ഷയിലെ ഇളവുകൾ അനുവദിക്കാനാണ് സാധാരണയായി ശരീഅത്ത് ശ്രമിക്കാറുള്ളത്. ശിക്ഷ നടപ്പിലാക്കിയപ്പോഴെല്ലാം ശരീഅത്ത് നിയമങ്ങൾ കുറ്റവാളികൾക്കുള്ള ശിക്ഷ എന്നതിനേക്കാളും സമൂഹത്തിന്റെ സുരക്ഷയും ഭദ്രതയുമാണ് ഉറപ്പുവരുത്തിയത് എന്ന് ചരിത്രം പരിശോധിച്ചാൽ കാണാനാകും.

നമുക്ക് പരിചയമുള്ള നിയമവ്യവസ്ഥകൾ ശിക്ഷയെപ്പറ്റി വാചാലമാകുന്നു. എന്നാൽ ഇസ്‌ലാമിൽ പ്രശ്‌നപരിഹാരങ്ങൾക്കുള്ള ആദ്യപടിയല്ല ശിക്ഷ. അതിന് മുമ്പ് തെറ്റിലേക്കുള്ള വാതിലുകളടക്കാനാണ് ശരീഅത്ത് നിഷ്‌കർഷിക്കുന്നത്.

കുറ്റം ചെയ്യാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നെങ്കിൽ ശിക്ഷയേ പാടില്ലെന്നാണ് ശരീഅത്തിന്റെ കീഴ്‌വഴക്കം. ഭരണാധികാരിയാണെങ്കിൽ പോലും അയാൾ നിയമത്തിന് അതീതനല്ല.

ഖലീഫാ ഉമറിന്റെ ഭരണകാലത്ത് ഒരു മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി. മോഷണത്തിനുള്ള കാരണമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: ‘എനിക്ക് വിശപ്പു സഹിക്കാൻ കഴിയാതെ വന്നപ്പോൾ മോഷ്ടിച്ചതാണ്.’ വറുതിയുടെ കാലത്താമ് ഈ സംഭവം. ഖലീഫ അയാളെ ശിക്ഷയിൽനിന്നൊഴിവാക്കി. രാഷ്ട്രത്തിന്റെ ഖജനാവിൽ നിന്ന് അയാൾക്ക് റേഷൻ നൽകാൻ കൽപ്പിക്കുകയും ചെയ്തു.

Also read: സഫലമാകുന്ന യാത്ര

ഇസ്‌ലാമിക ശരീഅത്ത് കേവലം ശിക്ഷാവിധികളുടെ നിയമപുസ്തകമല്ല. ജീവിതത്തിന്റെ പച്ചപ്പും തനിമയും സംരക്ഷിക്കുന്ന രക്ഷാകവചമാണത്, മുസ്‌ലിമിന് മാത്രമല്ല, ഇവിടെ വസിക്കുന്ന ഓരോരുത്തർക്കും വേണ്ടിയുള്ളതാണ് ആ നിയമങ്ങളും ചട്ടങ്ങളും. ഈ പ്രകൃതിക്കു തന്നെയും വേണ്ടിയുള്ളതാണ്! പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും വസ്തുക്കളോടുമുള്ള അടങ്ങാത്ത കാരുണ്യമാണ് ആ നിയമങ്ങളുടെ കാതൽ. പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും മരുഭൂമിയിൽ അലയുന്നവർക്കുള്ള തെളിനീരാണത്. അനീതികളിൽ കുടുങ്ങി വലയുന്നവർക്കുള്ള ആശ്വാസമാണത്.

‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്നത് നീതിന്യായത്തിലെ വളരെ പ്രധാനപ്പെട്ട തത്ത്വമാണ്. ഇങ്ങനെ കൊട്ടിഘോഷിക്കുമ്പോൽതന്നെ എത്ര നിരപരാധികളാണ് ലോകത്തെങ്ങും ജയിലറകൾക്കകത്ത് വിചാരണപോലും കഴിയാതെ വോദനതിന്ന് കഴിയുന്നത്! കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്നു. ഇതാണ് ലോകം. എന്നാൽ കുറ്റം ചെയ്തവൻ മാത്രം ശിക്ഷിക്കപ്പെടുന്നതാണ് ദൈവികനിയമങ്ങളുടെ സ്വഭാവം. കുറ്റത്തിന് തുല്യമാകുന്ന ശിക്ഷ മാത്രം ചുമത്തുന്നതാണ് അതിന്റെ പ്രത്യേകത. അതേസമയം വിട്ടുവീഴ്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൈവികനിയമങ്ങൾ ശിക്ഷാവിധികളിലൂടെ കുറ്റവാളികളെ തകർത്തുകളയാനല്ല ശ്രമിക്കുന്നത്. സമൂഹത്തിന് അതിജീവനത്തിന്റെ പുതുജീവൻ നൽകുകയാണ് ശരീഅത്ത് നിയമങ്ങൾ ചെയ്യുന്നത്.

You may also like

More in:Dawath

Leave a reply

Your email address will not be published. Required fields are marked *