Islam

അന്ത്യനാളിലുള്ള വിശ്വാസം-3

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, മരണം ഒന്നിൻ്റെയും അവസാനമല്ല. വിയോഗം കൊണ്ട് ഒരു ലോകത്തു നിന്നും തൻ്റെ ചെയ്തികൾക്ക് പ്രതിഫലം കൈപ്പറ്റാനായി മറ്റൊരു ലോകത്തേക്ക് നീങ്ങുന്ന ഒരു യാത്ര മാത്രമാണത്. പരലോകത്ത് വെച്ച് എല്ലാ ആത്മാക്കൾക്കും ചെയ്ത കാര്യങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയും അവരെ അതിനെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്യും. “അന്നാളിൽ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവർത്തനഫലങ്ങൾ നേരിൽ കാണാൻ. അതിനാൽ, അണുത്തൂക്കം നന്മ ചെയ്തവൻ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവൻ അതും കാണും.”(സൂറത്തുൽ സൽസല:6-8)

എല്ലാ മതങ്ങളിലും സ്വർഗ്ഗം, നരകം, പരലോകത്തെ നന്മ തിന്മകളുടെ പ്രതിഫലങ്ങൾ തുടങ്ങിയ കാര്യങ്ങളിലുള്ള വിശ്വാസം തുടക്കം മുതലെയുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രധാനമായും ഊന്നിപ്പറയുന്നത് ബഅ്സിനെ (പുനരുജ്ജീവനം) കുറിച്ചാണ്. അതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരോട് അല്ലാഹു ഖുർആനിലൂടെ ശക്തമായ മറുപടി നൽകി. “സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവൻ തന്നെ അതാവർത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരം!” (സൂറത്തു റൂം: 27). “ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കാൻ ശക്തനാണെന്ന് ഇവരെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?” എന്ന് അല്ലാഹു ചോദിക്കുന്നു.

അല്ലാഹുവിന്റെ സർവവ്യാപിയായ ജ്ഞാനത്തെക്കുറിച്ചും ഒരിക്കലും തീരാത്ത അക്ഷയ ഖനിയായ സിദ്ധികളെക്കുറിച്ചും പടച്ചവൻ കൃത്യമായി വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്. അവന്റെ സൃഷ്ടി വൈവിധ്യത്തെ നശിപ്പിക്കരുതെന്ന് അവൻ ആജ്ഞാപിച്ചിട്ടുണ്ട്. അതിനെ കൊല ചെയ്യുകയോ, പിടിച്ചടക്കുകയോ ഒട്ടും നീതി പരമല്ലാതെ ചൂഷണം ചെയ്യുകയോ ചെയ്താൽ ദൈവത്തിന്റെ ശിക്ഷ അവന്റെ മേൽ വന്നു ഭവിക്കുക തന്നെ ചെയ്യും.
അല്ലാഹു പറയുന്നതിങ്ങനെ: “ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവർക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം. അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ നാം ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?” (സൂറത്തുസ്വാദ്: 27-28).

അല്ലാഹു വീണ്ടും ചോദിക്കുന്നു: ”നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങൾ കരുതിയിരുന്നത്?” (സൂറത്തുൽ മുഅമിനൂൻ: 115). പുനരുജ്ജീവനമോ, നന്മകൾക്ക് പ്രതിഫലം നൽകലോ പോലുള്ള കാര്യങ്ങൾ ഇല്ലാതിരുന്നെങ്കിൽ സൃഷ്ടിപ്പിൽ ഒരു ഉപകാരവുമില്ലാത്ത വസ്തുക്കളായി നമ്മൾ മാറിയേനെ എന്ന് ഖുർആൻ പറയുന്നു. ഏതോ ഒരു ളാഹിരി പണ്ഡിതനോ അല്ലെങ്കിലൊരു നിരീശ്വരവാദിയോ പറഞ്ഞ വാക്യമിതാണ്: “നമ്മൾ മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്നു. നമ്മൾ മാത്രമാണ് അനശ്വരർ”. അവിടെ വെച്ച് ജീവിതം അവസാനിക്കുകയാണെങ്കിൽ അതിനു പിന്നെ എന്താണ് പ്രസക്തി? ഖുർആൻ ഇതിനു നൽകുന്ന ഉത്തരം പുനരുജ്ജീവനത്തെ നിഷേധിച്ചവരായിരുന്നു മുശ്‌രിക്കീങ്ങൾ എന്നതാണ്. നുരുമ്പിച്ചു പോയ എല്ലുകളിലേക്ക് ജീവനെ വീണ്ടും ദൈവം ഇട്ടുകൊടുക്കുന്നത് അവർക്ക് സങ്കൽപിക്കാനായില്ല. തന്റെ കർമഫലമായല്ല ഒരാൾക്ക് ദൈവം കൂലി നൽകുന്നതെന്ന് പറഞ്ഞുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെയും അല്ലാഹുവിന്റെ നീതിയെയും ജ്ഞാനത്തെയും പറ്റി അജ്ഞത നടിക്കുന്നവരാണവർ. അവരെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തെ നോക്കി നടത്തുവാൻ ഒരു ദൈവമില്ലാത്തതുപോലെ തിന്മകൾ ചെയ്യുന്നവർക്ക് ഒരിക്കലും ശിക്ഷ ലഭിക്കുന്നില്ല.

READ ALSO  ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും-1

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം പരലോകത്ത് വെറും മിഥ്യ മാത്രമാണെന്ന് വാദിച്ചവർക്കെതിരെ ഖുർആൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അല്ലാഹുവിനും അടിമകൾക്കുമിടയിൽ മധ്യവർത്തികളായി ചിലർ വരുമ്പോഴൊക്കെയും അത് കൂടുതൽ വലിയ തിന്മകളിലേക്കു നയിക്കുകയും പലപ്പോഴും അവർ അതിൽ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ കടത്തിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. മുശ്രിക്കീങ്ങൾക്ക് പുറമേ ഖുർആനിൽ പരാമർശിച്ച ചിലരുടെയും ചിന്തയാണിത്. ഇത്തരം കടത്തിക്കൂട്ടലുകളെയും തെറ്റായ വാദങ്ങളെയും ഖുർആൻ ശക്തമായി എതിർക്കുന്നു. അല്ലാഹു പറയുന്നു: ” ആരെങ്കിലും നന്മ ചെയ്താൽ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥൻ തന്റെ ദാസന്മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.” (സൂറത്തു ഫുസ്സിലത്ത്: 46) അവൻ വീണ്ടും ആവർത്തിക്കുന്നു: “ആർ നേർവഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആർ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല”. (സൂറത്തുൽ ഇസ്റാഅ്: 15) “ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കൽ അനുവാദമില്ലാതെ ശിപാർശ ചെയ്യാൻ കഴിയുന്നവനാര്?” (സൂറത്തുൽ ബഖറ: 255)

അല്ലാഹു പറയുന്നു: “മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാർശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇച്ഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് അവൻ അനുമതി നൽകിയ ശേഷമല്ലാതെ.” (സൂറത്തുന്നജ്മ്: 26) “അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്.” (സൂറത്തുൽ അമ്പിയാഅ്: 27). ഒരു ശുപാർശകരുടെ അഭ്യർത്ഥനകളും അവർക്ക് ഉപകാരപ്പെടുകയില്ലെന്നാണ് കാഫിരീങ്ങളെപ്പറ്റി അല്ലാഹു പറയുന്നത്. അവന്റെ അനുവാദമില്ലാതെ ഒരു ശുപാർശ കൊണ്ടും കാര്യമില്ലെന്നും ശുപാർശകർ മലക്കുകളോ നബിമാരോ ആരുതന്നെയായാലും അവനെ സ്വാധീനിക്കാൻ കഴിയുകയില്ലെന്നും അവൻ പറയുന്നു. അല്ലാഹുവിനെ അവിശ്വസിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ഒരു ശിപാർശയും ഉപകാരപ്പെടില്ല. മാത്രവുമല്ല അല്ലാഹുവിൽ വിശ്വാസമില്ലാത്ത ആളുകളെ അവന്റെ താൽപര്യം മറികടന്ന് ശിപാർശ ചെയ്യുന്നത് വഴി ഒരാൾ സമ്പാദിക്കുന്നത് അല്ലാഹുവിന്റെ തന്നെ അതൃപ്തിയാണ്.

പരലോകത്ത് വെച്ച് എല്ലാവരുടെയും പ്രവൃത്തികൾ എഴുതപ്പെട്ട രേഖകൾ അവതരിപ്പിക്കപ്പെടുകയും ഓരോരുത്തരായി അതിനെ അല്ലാഹുവിന്റെ സന്നിധിയിൽ വായിക്കേണ്ടി വരികയും ചെയ്യും. “നിന്റെ ഈ കർമപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്റെ കണക്കുനോക്കാൻ നീ തന്നെ മതി” എന്ന് അവനോട് കൽപ്പിക്കപ്പെടും. നന്മ ചെയ്തവരുടെ കണക്കുപുസ്തകങ്ങൾ വലതു കയ്യിലും തിന്മ പ്രവർത്തിച്ചവരുടേത് ഇടതു കയ്യിലുമായിരിക്കും നൽകപ്പെടുക. വലുതും ചെറുതുമായ തെറ്റു പ്രവർത്തിച്ചവർ തങ്ങൾ ചെയ്തതിനെയോർത്ത് ആശങ്കപ്പെടും. അവർ പറയും: ”അയ്യോ, ഞങ്ങൾക്കു നാശം! ഇതെന്തൊരു കർമരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ.” ഖുർആൻ പറയുന്നു: “അവർ പ്രവർത്തിച്ചതൊക്കെയും തങ്ങളുടെ മുന്നിൽ വന്നെത്തിയതായി അവർ കാണുന്നു. നിന്റെ നാഥൻ ആരോടും അനീതി കാണിക്കുകയില്ല.” (അൽ കഹ്ഫ്: 49) “ഓർക്കുക: ഓരോ മനുഷ്യനും താൻ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരിൽ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നിൽ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.” (ആലു ഇംറാൻ: 30)

READ ALSO  ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാർമികത - 6

മനുഷ്യന്റെ മുമ്പിൽ തന്റെ അമലുകൾ വെക്കപ്പെടുന്നത് ഇവിടെ വെച്ചാണ്. “ആ രേഖകൾ അവനെക്കുറിച്ച് സത്യം മാത്രമേ സംസാരിക്കൂ, നിങ്ങൾ ചെയ്തത് മാത്രമാണ് നമ്മൾ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്” എന്ന് അല്ലാഹു പറയുന്നു. ആ പ്രവർത്തികളാണ് നീതിയെ നിർണയിക്കുന്നത്. “അവരിലാരെങ്കിലും അല്ലാഹുവെക്കൂടാതെ താനും ദൈവമാണെന്ന് വാദിച്ചാൽ പ്രതിഫലമായി നാമവന്ന് നരകശിക്ഷ നൽകും. അവ്വിധമാണ് നാം അക്രമികൾക്ക് പ്രതിഫലം നൽകുക.” (സൂറത്തുൽ അമ്പിയാഅ്: 47).

തുടർന്ന് ജനങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി മാറ്റും. 1) സച്ചരിതർ. ദീനിലേക്കുള്ള വിളിയാളം കേട്ടയുടനെ ഇസ്ലാം സ്വീകരിക്കുകയും തൗഹീദിൽ അടിയുറച്ചു വിശ്വസിക്കുകയും നന്മ മാത്രം പ്രവർത്തിക്കുകയും ചെയ്തവരാണവർ. സ്വർഗ്ഗത്തിലേക്ക് ആദ്യമായി പ്രവേശിപ്പിക്കപ്പെടുന്നത് അവരായിരിക്കും. 2) വലതുകൈയ്യിൽ ​ഗ്രന്ഥം നൽകപ്പെട്ടവർ. 3)ഇടതുകൈയിൽ ഗ്രന്ഥം നൽകപ്പെട്ടവർ. “മരിക്കുന്നവൻ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കിൽ അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വർഗീയാരാമവുമുണ്ടായിരിക്കും. അഥവാ, അവൻ വലതുപക്ഷക്കാരിൽ പെട്ടവനെങ്കിൽ ‘വലതുപക്ഷക്കാരിൽ പെട്ട നിനക്കു സമാധാനം’ എന്ന് സ്വാഗതം ചെയ്യപ്പെടും. മറിച്ച്, ദുർമാർഗികളായ സത്യനിഷേധികളിൽപെട്ടവനെങ്കിലോ അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സൽക്കാരമായിരിക്കും. പിന്നീട് നരകത്തിലെ കത്തിയെരിയലും. തീർച്ചയായും ഇതൊക്കെ സുദൃഢമായ സത്യം തന്നെ” എന്ന് സൂറത്തുൽ വാഖിഅ യിൽ പരാമർശിക്കപ്പെടുന്ന കൂട്ടർ ഇവർ തന്നെയാണ്. (87-95)

മനുഷ്യന്റെ ദൃശ്യ ശ്രാവ്യ പരിമിതികൾക്കപ്പുറത്തുള്ള ഭൗതികവും മാനസികവുമായ സൗഖ്യങ്ങളുടെ വൈവിധ്യമാർന്ന നിറങ്ങളാണ് സ്വർഗത്തിനുള്ളത്. “ആർക്കുമറിയില്ല; തങ്ങൾക്കായി കൺകുളിർപ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം” എന്ന് അല്ലാഹു പറഞ്ഞതു പോലെ ഒരു മനുഷ്യനും അതും മനസ്സിലാക്കാനാവില്ല. “സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർക്ക് അല്ലാഹു താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വർഗീയാരാമങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ സ്വർഗീയാരാമങ്ങളിൽ അവർക്ക് ശ്രേഷ്ഠമായ പാർപ്പിടങ്ങളുണ്ട്; സർവോപരി അല്ലാഹുവിന്റെ നിറഞ്ഞ പ്രീതിയും. അതെത്ര മഹത്തരം! ഉജ്ജ്വലമായ വിജയവും അതുതന്നെ.” (സൂറത്തു തൗബ: 72). എന്നാൽ നരകത്തിലാവട്ടെ ശക്തമായ ശിക്ഷയാണ് തിന്മ ചെയ്തവരെ കാത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: “നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീർച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവർക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടർന്നും അവർ നമ്മുടെ ശിക്ഷ അനുഭവിക്കാൻ. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.” (സൂറത്തു നിസാഅ്: 56)
( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *