Islam

ഫിഖ്ഹിനെ സമകാലികമാക്കി നിർത്തേണ്ടതുണ്ട് – 9

ശരീഅത്തെന്നാൽ ഖുർആനിലൂടെയും പ്രവാചക സുന്നത്തിലൂടെയും അല്ലാഹു അവതരിപ്പിച്ച വെളിപാടാണെന്നാണ് നമ്മുടെ വിശ്വാസം. അതിലുപരി, ഇവ രണ്ടിനേയും ശാസ്ത്രീയമായ ചട്ടക്കൂടുകളിലൂടെ വ്യാഖ്യാനിക്കാനുള്ള മുസ്‌ലിം ബൗദ്ധിക വ്യവഹാരങ്ങളാണ് പിന്നീട് ഫിഖ്ഹ് എന്ന ജ്ഞാനമേഖലയായി രൂപാന്തരപ്പെട്ടത്. അഥവാ, ശരീഅത്ത് ദൈവിക വെളിപാടിന്റെയും മാനുഷിക വ്യവഹാരങ്ങളുടെയും സമീകരണമാണെന്നർഥം. എന്തായാലും കർമനൈരന്തര്യത്തിലും ചിന്തകളിലും ഊട്ടിയുറപ്പിക്കപ്പെട്ട കർമശാസ്ത്രം സാധുതയുടെ അളവുകോലുകളെയും ഭാഷാശാസ്ത്രപരമായ മനോവ്യാപാരങ്ങളെയും വികസിപ്പിച്ചുകൊണ്ടുവരികയുണ്ടായി. വ്യത്യസ്തമായ ശാസ്ത്രീയ വിജ്ഞാനത്തെ ഉൽപാദിപ്പിച്ച മുസ്‌ലിംകൾ അതിനെപ്പറ്റി ഏറെ അഭിമാനിക്കുന്നവരുമായിരുന്നു. അഥവാ, കർമശാസ്ത്രം രേഖീയമായ അടിത്തറ കൈവരിക്കുന്നതിനു മുമ്പുതന്നെ, മുസ്‌ലിം കർമശാസ്ത്രജ്ഞർ ഇത്തരം ലേബലുകളെപ്പറ്റി ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. അവർ ഖുർആനെപ്പോലെയുള്ള പാരമ്പര്യ ജ്ഞാനങ്ങളിലും തത്വചിന്ത പോലുള്ള ജ്ഞാനങ്ങളിലും ഒരേപോലെ അവഗാഹമുള്ളവരായിരുന്നു .

ശരീഅത്തെന്നാൽ സ്വയം നിലനിൽപ്പുള്ളൊരു വസ്തുവല്ല, മറിച്ച് ഇസ്‌ലാമിക കർമശാസ്ത്രത്തിനകത്തെ വ്യവഹാരങ്ങൾക്കകത്തുവച്ചേ അതിനെ വീക്ഷിക്കാനാകൂ. വഹ് യിലൂടെ നിർണിതമായതും ശക്തമായ വാദങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടതുമെല്ലാം അങ്ങനെ ശരീഅത്തിൽ പ്രവേശിക്കുന്നു.
നമ്മോട് കർമശാസ്ത്രത്തെ ഉപേക്ഷിക്കാനാവശ്യപ്പെടുകയും നമ്മുടെ സംസ്‌കാരത്തിൽ നിന്നും എടുത്തുകളയാനാവശ്യപ്പെടുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് വേറെയൊരു മേഖലയിലും നമുക്ക് കണ്ടെത്താനാവാത്ത വിധം നമ്മുടെ ജീവിതത്തിൽ നിന്നും മുഴുവൻ നിയമത്തെയും പറിച്ചുമാറ്റുകയാണ്. അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത് ഈ ശാഖയെ വിശദീകരിക്കുകയും സമയ,സ്ഥലങ്ങൾക്കനുസരിച്ച് അതിന്റെ മാറാവുന്ന അർഥങ്ങളെ സാധാരണാവസ്ഥയുമായി തട്ടിച്ചുനോക്കുകയുമാണ്. പ്രത്യേകിച്ചും സാഹചര്യങ്ങൾക്കനുസരിച്ചു പറഞ്ഞവയെ ഇപ്പോഴത്തെ സാഹചര്യം ഏറെ മാറിയതിനാൽ പരിഗണിക്കുക സാധ്യമല്ല.

ഇന്റർനാഷനൽ യൂനിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് എന്ന സംഘടനയുടെ അംഗങ്ങളായ ഞങ്ങൾ, സമാന്തരമായ രേഖകളെയും ഒരുപോലെ പരിഗണന നൽകി അവക്കിടയിൽ തർക്കങ്ങളും വാഗ്വാദങ്ങളും രൂപപ്പെടാത്ത രീതിയിൽ മനസ്സിലാക്കുന്ന മദ്ധ്യമപക്ഷമുള്ള ഫിഖ്ഹിനെ പുണരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അർത്ഥത്തിനു വേണ്ടിയുള്ള തിരച്ചിലും വിധി പുറപ്പെടുവിക്കും മുമ്പുള്ള രേഖയെ ഉപയോഗപ്പെടുത്തലും അല്ലെങ്കിൽ സമകാലിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഖുർആനിനെ മനസ്സിലാക്കിയുള്ള വിലയിരുത്തലും എല്ലാം അതിൽപ്പെടും. മാറ്റം എന്നത് അടയാളപ്പെടുത്തുന്നത് നിയമകർതൃത്വത്തിനും സമയാനുബന്ധമായ ഘടകങ്ങൾക്കുമിടയിൽ രൂപപ്പെടുന്നതിനെയാണെങ്കിൽ അത് ആരാധനാകാര്യങ്ങൾക്കും കൈമാറ്റ പ്രക്രിയകൾക്കുമിടയിലെ വേർതിരിവിനെയും കുറിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അല്ലാഹു പ്രാമാണികമായി പറഞ്ഞ കാര്യങ്ങളിൽ മനുഷ്യർക്ക് തങ്ങളുടേതായ നിയമങ്ങൾ നിർമിക്കുന്നത് അസാധ്യവുമായി വരുന്നു. ആദ്യമേ വിലക്കപ്പെട്ടതല്ലാത്ത യുക്തിയും യോജിപ്പുമെല്ലാമാണ് ഇതിന്റെ മൂലകാരണങ്ങൾ. ആരാധനക്ക് കാര്യമായി വേണ്ടത് തയ്യാറെടുപ്പുകളുണ്ടാകുകയും തിന്മകളിലേക്കും ഇതര വ്യാഖ്യാനങ്ങളിലേക്കും നോക്കാതിരിക്കുക എന്നതുമാണ്. എന്നാൽ സാംസ്‌കാരിക വ്യവഹാരങ്ങളിലാവട്ടെ അത് ഒരു കാര്യത്തിന്റെ മറുവശങ്ങളും അർഥങ്ങളുമെല്ലാമാണ്. ശരീഅത്തിന്റെ അടിക്കല്ലായാണ് ഖുർആനിനെയും സുന്നത്തിനെയും രാഷ്ട്രം കാണുന്നത്. അതിന്റെ അടിക്കല്ലാവട്ടെ അല്ലാഹുവിന്റെ അടിമകളുടെ നിലനിൽപ്പിനായുള്ള താൽപര്യങ്ങളാണ്. ഇതിനെ അഴിച്ചുപണിയുന്നതാണ് കരുണയും അറിവും താൽപര്യങ്ങളുമെല്ലാം ചോർത്തിക്കളയുന്നതും നീതിയെ അനീതിയാക്കി മാറ്റുന്നതും. ഇത്തരത്തിലുള്ള ചുവടുമാറ്റങ്ങളൊന്നും തന്നെ കർമശാസ്ത്രത്തിൽ കൊണ്ടുവരാവുന്ന വ്യാഖ്യാനങ്ങളല്ല.

ഇജ്തിഹാദിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്നും അതിനെ അടക്കാൻ അല്ലാഹു ആരെയും നിയോഗിച്ചിട്ടില്ലെന്നും നമ്മൾ വിശ്വസിക്കുന്നു. ജനങ്ങളെ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെ സഹായിക്കുമെന്നതിനാൽ ഇസ്‌ലാമിക കർമശാസ്ത്രത്തിൽ പുതിയ വ്യാഖ്യാനങ്ങൾ ചമക്കുന്ന മുജ്തഹിദുകളെ ഒഴിവാക്കുക അല്ലെങ്കിൽ അവർക്ക് ചെവികൊടുക്കാതിരിക്കുക എന്നതാണ് കാലാകാലങ്ങളായി നമ്മുടെ ചില മതപണ്ഡിതർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെല്ലാം തെളിയിക്കുന്നത് നമ്മുടെ മുൻഗാമികളുടെ കാലഘട്ടത്തിൽ നിന്നും സാഹചര്യം ഏറെ മാറിയതിനാൽ ഏറെ യാഥാർത്ഥ്യബോധമുള്ള ഇജ്തിഹാദ് സാധാരണമാകുന്നതിനെയാണ് കാലം ആവശ്യപ്പെടുന്നത് എന്നതാണ്. സ്വാഭാവികമായും ഉണ്ടാകാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങൾ വലിയൊരുദാഹരണമാണ് അബൂഹനീഫ ഇമാമിന്റെയും ശിഷ്യന്മാരുടെയും ഇടയിൽ നടന്ന ഫിഖ്ഹീ ചർച്ചകൾ. സമയസാഹചര്യങ്ങൾക്കിടയിലെ വ്യത്യാസങ്ങളും തെളിവുകൾക്കും ന്യായങ്ങൾക്കുമിടയിലെ വ്യത്യാസങ്ങളുമെല്ലാം ഇമാമുമാരുടെയും അവരുടെ സഹവർത്തിത്വ കാലവരെയും മന്ദഗതിയിലാണ് ഒഴുകിക്കൊണ്ടിരുന്നത്. ഇജ്തിഹാദ് ആരംഭിച്ചിട്ട് കാലമേറെ കഴിഞ്ഞിട്ടുണ്ട്, അപ്പോഴത്തെ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. നമുക്ക് പാരമ്പര്യമായിക്കിട്ടിയ കർമശാസ്ത്രത്തെ ശ്രദ്ധാപൂർവം തെരഞ്ഞെടുത്തുകൊണ്ടുള്ള സമ്പൂർണവും സൂക്ഷമവുമായ എല്ലാതരത്തിലുമുള്ള ഇജ്തിഹാദിന്റെ വാതിലുകളും തുറന്നിടുകയാണ് ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. എങ്കിൽപ്പോലും, എല്ലാവർക്കും ഇജ്തിഹാദ് നടത്താനുള്ള സാധുതയില്ല. അടിസ്ഥാനപരമായ കർമശാസ്ത്രവും അതിന്റെ വിശാരദന്മാരും ഏകോപിച്ചുപറഞ്ഞ പോലെ അതിന്റേതായ മൂല്യങ്ങളും യോഗ്യതകളും അതിലിടപെടുന്ന ആളുകൾക്കുണ്ടാവണം. വളരെ വേഗം തീർപ്പുകളിലെത്താൻ സഹായിക്കുന്ന നിർണിതഫലമായ ഖുർആനിനെയും സുന്നത്തിനെയും കൃത്യമായറിയുന്നത് അതിന്റെ ഭാഗമാണ്. ഫിഖ്ഹിലും ഉസ്വൂലുൽ ഫിഖ്ഹിലും നല്ല പാണ്ഡിത്യം വേണമെന്നതിനു പുറമേ, അറബിഭാഷയിലും അതിന്റെ വ്യത്യസ്ത ശാഖകളിലും നല്ല അറിവുണ്ടാകേണ്ടതുണ്ട്. അടിസ്ഥാനപരമായ ഫിഖ്ഹിനെയും അതിനു ചുറ്റും വളർന്നുവന്ന ഫിഖ്ഹീ ചർച്ചകളെയും അവരുടെ വീക്ഷണങ്ങളെയും വിലയിരുത്തുന്നതിലൂടെ തന്നെ ഒരു കർമശാസ്ത്ര വിശാരദനാകാനുള്ള കഴിവുനൽകുകയും പ്രവിശാലമായ തെളിവുകളിൽ നിന്നും ശാസ്ത്രീയമായവയെ വേർതിരിച്ചറിയാനുള്ള പാടവം നൽകുകയും ചെയ്യും.

READ ALSO  ശരീഅത്ത് വിജ്ഞാനം, രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങൾ

നമ്മളെന്താണ് അർഥമാക്കിയതെന്നും അതിന്റെ തെളിവുകളുണ്ടായതെങ്ങനെയെന്നും അതിലെ വിവിധ വ്യവഹാരങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നതിലൂടെ സാധ്യമാക്കാവുന്ന ഇജ്തിഹാദിന്റെ സവിശേഷതകളിലൊന്നാണ്. സുതാര്യമായ തെളിവുകളുള്ള ഇടങ്ങളിൽ ഇജ്തിഹാദിന് സാധ്യത വളരെ കുറവാണെങ്കിലും അതിനെത്തുടർന്ന് വിമർശനപരമായ വളരെയധികം ചർച്ചകൾ ഉരുത്തിരിയുന്നതായി നമുക്ക് കാണാം. അഥവാ, വിശ്വാസപരമായി വിവിധ ധ്രുവങ്ങളിലാണെങ്കിൽ പോലും അത് മുസ്‌ലിം ഉമ്മത്തിനെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. ഇസ്‌ലാമിക കർമശാസ്ത്രത്തെ വിവിധ ജ്ഞാനശാഖകളിലൂടെ സമീപിക്കുന്ന വാതിലുകളാണ് ഇജ്തിഹാദ് തുറന്നുതരുന്നത്. ശാസ്ത്ര കൗൺസിലിൽ തത്വചിന്ത പോലെയുള്ള വിഷയങ്ങളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചതുപോലെ ഇജ്തിഹാദിനെ വ്യവഹരിക്കുന്നതും വലിയൊരാവശ്യമാണെന്ന നിലപാടാണ് ആഗോളതലത്തിൽ സംഘടനക്കുള്ളത്.

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *