Islam

മാനുഷിക മൂല്യങ്ങളും ഇസ്‌ലാമും – 11

ഇസ്‌ലാമിക വീക്ഷണത്തിലെ മനുഷ്യൻ ബഹുമാനിക്കപ്പെടുന്നവനും ഔന്നത്യമുള്ളവനുമായ ജീവിയാണ്. അല്ലാഹു പറയുന്നു: “ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവർക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങൾ ആഹാരമായി നൽകി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാൾ നാമവർക്ക് മഹത്വമേകുകയും ചെയ്തു.” (സൂറത്തുൽ ഇസ്റാഅ്: 70)

മാത്രവുമല്ല, ഓരോ മനുഷ്യജീവിയും തങ്ങൾ അല്ലാഹുവിൻ്റെ ഈ ഭൂമി സംരക്ഷിക്കുന്നു എന്ന പേരിൽ ബഹുമാനിക്കപ്പെടുന്നവനുമാണ്. അല്ലാഹു പറയുന്നു: “നിന്റെ നാഥൻ മലക്കുകളോടു പറഞ്ഞ സന്ദർഭം: ”ഭൂമിയിൽ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.” (സൂറത്തുൽ ബഖറ: 30) ആ ബഹുമാനത്തെ അവമതിക്കാനാവില്ലെന്നതു കൊണ്ടു തന്നെയാണ് അല്ലാഹു മനുഷ്യനെ സർവ ജീവജാലങ്ങളുടെയും നേതാവാക്കി മാറ്റിയത്. “ആകാശഭൂമികളിലുള്ളതൊക്കെയും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനിൽ നിന്നുള്ളതാണ്. തീർച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.” (സൂറത്തുദ്ദാതിയ: 13) അല്ലാഹു തന്റെ അടിമകളായ മനുഷ്യരുടെ മേൽ അല്ലാഹുവിന്റെ ഔന്നത്യത്തെ വിളിച്ചറിയിക്കാനും തന്റെ ദൗത്യങ്ങൾ നേരാംവണ്ണം നിർവഹിക്കാനും വേണ്ടി ചില അവകാശങ്ങൾ കനിഞ്ഞരുളുകയുണ്ടായി. മാനുഷികമായ സ്വാതന്ത്ര്യത്തിന്റെ മേൽ നിർമിക്കപ്പെട്ടതാണ് അവൻ മനുഷ്യർക്കു മേൽ നിർബന്ധമാക്കിയ കാര്യങ്ങളോരോന്നും. അതിനു വേണ്ടി പോരാടാനാണ് മുസ്ലിംകളോട് അല്ലാഹു കല്പിച്ചത്. “കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂർണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവർ വിരമിക്കുകയാണെങ്കിലോ, അവർ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.” (സൂറത്തുൽ അൻഫാൽ: 39)

ഇസ്ലാം പലപ്പോഴും യുക്തിയെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചിന്തയെ ജ്ഞാനോൽപാദനത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നാണാവശ്യപ്പെട്ടത്. “ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവർ അൽപവും ആലോചിച്ചുനോക്കിയിട്ടില്ലേ?” എന്ന സൂക്തത്തിൽ ചിന്തയുടെ പ്രാധാന്യത്തെയാണ് ഖുർആൻ ഉദ്ഘോഷിക്കുന്നത്. ഖുർആൻ വീണ്ടും പറയുന്നു: പറയുക: ”ഞാൻ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിനെ ഓർത്ത് നിങ്ങൾ ഓരോരുത്തരായോ ഈരണ്ടുപേർ വീതമോ എഴുന്നേറ്റുനിൽക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോൾ ബോധ്യമാകും. നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തില്ലെന്ന്. കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുംമുമ്പെ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നവൻ മാത്രമാണ് അദ്ദേഹമെന്നും.” (സൂറത്തു സബഅ്: 46) മുൻഗാമികൾ പിന്തുടർന്നതോ, പിന്തുടരാൻ കൽപിച്ചതോ നേതാക്കൾ ആഹ്വാനം ചെയ്‌തതോ ആയ ഒരു കാര്യത്തെയും അന്ധമായി പിന്തുടരരുതെന്നാണ് ഇസ്ലാം പറയുന്നത്. “അവർ വിലപിക്കും: ”ഞങ്ങളുടെ നാഥാ, ഞങ്ങൾ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവർ ഞങ്ങളെ വഴിപിഴപ്പിച്ചു.” (സൂറ അഹ്സാബ്: 67) സൂറത്തുൽ അൻആമിൽ തന്നെ നിങ്ങൾക്ക് ചിന്തിച്ചു കൂടെ എന്ന ചോദ്യം അല്ലാഹു ഇടക്കിടെ ചോദിക്കുന്നതു കാണാം.

ഉറപ്പില്ലാത്തതും സംശയമുളവാക്കുന്നതുമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ഖുർആൻ ആവശ്യപ്പെടുന്നു. “അവർക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവർ ഊഹത്തെ മാത്രം പിൻപറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.” (സൂറത്തുന്നജ്മ്: 28) ബഹുദൈവ വിശ്വാസികളെ അല്ലാഹു ആക്ഷേപിക്കുന്നതങ്ങനെയാണ്. തെളിവുകളില്ലാതെ ഒരു വാദഗതിയെയും സ്വീകരിക്കരുത് എന്നതിന്റെ ഉദാഹരണമായി അല്ലാഹു ഖുർആനിലൂടെ ചൂണ്ടിക്കാട്ടുന്നു. “അവരോട് പറയൂ: നിങ്ങൾ തെളിവു കൊണ്ടുവരിക; നിങ്ങൾ സത്യസന്ധരെങ്കിൽ.” (സൂറ ബഖറ: 111) “ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങൾ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക.” (അൽ അഹ്ഖാഫ്: 4) “പറയുക: ”നിങ്ങളുടെ വശം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങൾ പിൻപറ്റുന്നത്. നിങ്ങൾ കേവലം അനുമാനങ്ങളാവിഷ്‌കരിക്കുകയാണ്.” (അൽഅൻആം: 148) അതിലുപരി, വിശ്വാസപരമായ സത്യത്തെയും ജ്ഞാനത്തെയും തേടുന്നത് ഇസ്ലാമിൽ നിർബന്ധമാണ്. അതുവഴി, യുക്തിയെ ഉപയോഗപ്പെടുത്തുക എന്നത് പ്രതിഫലാർഹമായ ഒരു ആരാധനയായി മാറുന്നു. അതുകൊണ്ട് തന്നെ യുക്തി ഇസ്ലാമിൽ എതിർക്കപ്പെടേണ്ടതായ ഒരു കാര്യമല്ല. ഇസ്ലാമും ശാസ്ത്രവും തമ്മിൽ യാതൊരു വിധ സംഘട്ടനങ്ങളും ചരിത്രപരമായി ഇല്ല. നമ്മെ സംബന്ധിച്ചിടത്തോളം, മതം ശാസ്ത്രവും ശാസ്ത്രം മതവുമാണ്.

READ ALSO  പ്രവാചകന്മാരിലുള്ള വിശ്വാസം-4

ഇസ്ലാം ശാസ്ത്രത്തെ പരീക്ഷിക്കുന്നത് ബുദ്ധിയെയും പ്രായോഗിക ശേഷിയെയുമെല്ലാം ഉപയോഗപ്പെടുത്തിയാണ്. ഈ ബുദ്ധിയെയാണ് വിവിധ മേഖലകളെ പുരോഗമിപ്പിക്കുന്നതിലെ ചാലകശക്തിയായി ഇസ്ലാം കാണുന്നത്. ബാക്കിയുള്ള തത്വ ശാസ്ത്രങ്ങളിൽ നിന്നും മാനുഷിക പരീക്ഷണങ്ങളിൽ നിന്നുമെല്ലാം രൂപപ്പെടുത്തിയെടുക്കുന്ന ജ്ഞാനം ഒരു നിലക്കും ഇസ്ലാമിക കാഴ്ചപ്പാടിനോട് വിരുദ്ധമാകില്ല. കാരണം, ആ വിരുദ്ധത ഇല്ലാതിരുന്നെങ്കിലേ അതിന്റെ സാധുതയും സാധ്യതയും വ്യക്തമാകുന്നുള്ളൂ. അതുകൊണ്ട് തന്നെ, അതിലെ ചില ഭാഗങ്ങളിൽ ഭേദഗതി വരുത്തിയതിന് ശേഷം മാത്രമേ ഇസ്‌ലാമിക സംവിധാനത്തിൻ്റെ ഭാഗമാകുന്നുള്ളൂ.

മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, മാനസികപരമായും ശാരീരികപരമായുമുള്ള ആരോഗ്യം സംരക്ഷിക്കുന്നതിൽ ഇസ്ലാമിന് അതിൻ്റേതായ കാഴ്ചപ്പാടുണ്ട്. നിൻ്റെ ശരീരം നിൻ്റെ ബാധ്യത ആണ് എന്ന് പ്രവാചകൻ പറയുന്നു. അഥവാ, വിശക്കുമ്പോൾ ഭക്ഷണം കഴിക്കേണ്ടത്, അത് ശരീരത്തിന് നൽകേണ്ടത് അതിൻ്റെ ഉടമയായ നിൻ്റെ ചുമതലയാണ്. രോഗമുണ്ടാകുമ്പോൾ ചികിത്സിക്കേണ്ടതും അഴുക്കാകുമ്പോൾ വൃത്തിയാക്കേണ്ടതും ക്ഷീണിക്കുമ്പോൾ വിശ്രമം കൊടുക്കുന്നതുമെല്ലാം അയാളുടെ ജോലിയാണ്.

ഒരു രോഗം ഉണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന് ഇസ്ലാം വ്യക്തമായി പറഞ്ഞുവെക്കുന്നുണ്ട്. രോഗം സംഭവിക്കുമ്പോൾ അതിനു കൃത്യമായ ചികിത്സയും പരിചരണവും ആവശ്യമാണ്. പ്രത്യേകിച്ചും, പകരുന്ന വലിയ പകർച്ചവ്യാധികൾ പടരുന്ന നേരത്ത് അതിനെ പ്രതിരോധിക്കേണ്ടത് ക്വാറന്റെനിൽ പോയാണ്. അതു വഴി വലിയൊരു വിഭാഗത്തിന്റെ തന്നെ ആരോഗ്യത്തെ നമുക്ക് സുരക്ഷിതമാക്കാനാകും. മാതൃത്വം, ജനനം തുടങ്ങിയ അവസ്ഥകളിലും ഭിന്നശേഷിക്കാരായ ആളുകൾക്കുമെല്ലാം പ്രത്യേകം സൗകര്യം ഏർപ്പെടുത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. അതു പോലെ ശാരീരിക വിദ്യാഭ്യാസവും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന കാര്യം തന്നെയാണ്. അത് ശരീരത്തിനും മനസിനും ഊർജവും ശക്തിയും നൽകും. അഥവാ, ശക്തനായ ഒരു വിശ്വാസിയെയാണ് അശക്തനേക്കാൾ ദൈവത്തിന് കൂടുതലിഷ്ടം എന്നർഥം.

അതുപോലെത്തന്നെ പ്രധാനമാണ് അശരണരുൾപ്പെടെ എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതും. “മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? അവൻ അനാഥയെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനും. അതിനാൽ നമസ്‌കാരക്കാർക്ക് നാശം! അവരോ, തങ്ങളുടെ നമസ്‌കാര കാര്യത്തിൽ അശ്രദ്ധരാണ്. അവർ ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നവരാണ്. നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.” (സൂറ മാഊൻ: 1-7) മാത്രവുമല്ല, വ്യഭിചാരം, മദ്യപാനം ഉൾപ്പെടെയുള്ള കാര്യങ്ങളെ വിലക്കാനുള്ള കാരണവും അത് മനസിനും ശരീരത്തിനും ഒരുപോലെ അപകടകരമാണ് എന്നതുകൊണ്ടാണ്. തന്റെയോ മറ്റൊരാളുടേയോ മേലിലുള്ള അക്രമവും ഇസ്ലാമിൽ വിലക്കപ്പെടുന്നത് അങ്ങനെയാണ്.

മത വിധികളിലൂടെയും ധാർമികമായ വഴികാട്ടലിലൂടെയും നിയമപരമായ നടപടികളിലൂടെയുമെല്ലാമാണ് ഇസ്ലാം മനുഷ്യജീവിതത്തെ വ്യവഹരിക്കുന്നത്. അതുവഴി അഴിമതി, ദുർനടപ്പ്, നശീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കാനാകുന്നു. ഖുർആൻ പറയുന്നു: “‍നന്മ വരുത്തിയശേഷം നിങ്ങളതിൽ നാശമുണ്ടാക്കരുത്.” (അൽ അഅ്റാഫ്: 56) “അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല.” (സൂറ ബഖറ: 205)

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *