DawathIslam

ശരീഅത്ത് വിജ്ഞാനം, രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങൾ

പൊതുവെ അക്കാദമിക്കുകളുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് വിദ്യാഭ്യാസ- വൈജ്ഞാനിക രീതിശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. മോഡേൺ വിദ്യാഭ്യാസ രീതികളെ ഏറ്റവും കുറഞ്ഞ രീതിയിൽ അവലംബിക്കുന്ന ശരീഅത്ത് വിജ്ഞാന മേഖലയെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. പഠനമേഖലയിലായാലും രൂപത്തിലായാലും നൂതന മാർഗങ്ങൾ അവലംബിക്കുന്ന വിഷയത്തിലായാലും ഏറ്റവും അപ്ഡേഷൻ കുറഞ്ഞ മേഖലയാണ് ശരീഅത്ത് വിജ്ഞാനങ്ങളുടേത്. ഇനി അത്തരമൊരു മേഖലയെ വികസിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ തന്നെ പാരമ്പര്യത്തെയും വർത്തമാനത്തെയും കോർത്തുവെക്കാൻ സാധിക്കുന്ന, പഴയ നല്ലതിനെ നിലനിർത്തി ഉപകാരപ്രദമായ പുതിയത് ചേർത്തുവെച്ച് പുതിയൊരു രീതിശാസ്ത്രം രൂപപ്പെടുത്തേണ്ടതുണ്ട്.

മുസ്ലിം നാടുകളിലെ പഠനരീതികളിലെ പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. എട്ടാം നൂറ്റാണ്ടിൻറെ അവസാനകാലം ജീവിച്ച ഇബ്നു ഖൽദൂൻ അദ്ദേഹത്തിൻറെ മുഖദ്ദിമയിൽ പോലും ഈ വിഷയം ഉണർത്തിയിട്ടുണ്ട്. ശരീഅത്ത് വിജ്ഞാനമേഖലയിൽ പരിവർത്തനങ്ങൾ കൊണ്ടുവരാനുള്ള പേടി ശൈഖ് മുഹമ്മദ് ത്വാഹിർ ബിൻ ആശൂറിനെപ്പോലുള്ള നവോഥാന നായകരെപ്പോലും പിടികൂടിയിരുന്നു. അദ്ദേഹം പറയുന്നു: ‘ ഞാൻ പലപ്പോഴും ഒരുകാൽ മുന്നോട്ട് വെച്ച് മറ്റേ കാൽ പിന്നോട്ടു വലിക്കുകയായിരുന്നു. എൻറെ ബുദ്ധിയുടെ വെളിച്ചം കാലങ്ങളായി എന്തോ തെറ്റിദ്ധാരകണകളുടെ പിടിയിലകപ്പെട്ട് കുടുങ്ങിക്കിടക്കുകയാണെന്ന് ഞാനറിയുകയും ചെയ്തു’. എങ്കിലും ആ പേടികളൊന്നും ദൗത്യപൂർത്തീകരണത്തിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞിരുന്നില്ല. അദ്ദേഹം പറയുന്നു: ‘ അതുകൊണ്ടുതന്നെ സമുദായ സേവനം ഓർത്തും നമ്മുടെ ഭൂതകാലത്തെ പ്രസരിപ്പിച്ചു നിർത്തിത്തന്നെ ഭാവിയെ ശോഭനമാക്കാനും വേണ്ടി അത്തരം തെറ്റിദ്ധാരണയുടെ ഇടങ്ങളിൽ ഇടിച്ചു കയറിച്ചെന്ന് ഒരു കൈകൊണ്ട് വിളക്ക് ഉയർത്തിപ്പിടിക്കാനും മറ്റൊരു കൈകൊണ്ട് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനും നമുക്ക് സാധിക്കണം. എന്നിട്ടും നമ്മുടെ ലക്ഷ്യപൂർത്തീകരണം സാധ്യമായില്ല എങ്കിലും, കീഴടങ്ങാതെ ലക്ഷ്യത്തിൽ നിന്ന് ഒരിട പിന്മാറാതിരിക്കണം. ആക്ഷേപങ്ങൾ കേട്ട് പിന്മാറാനാണ് ഒരുക്കമെങ്കിൽ പിന്നെയെങ്ങനെ വിജയം നമ്മെത്തേടി എത്താനാണ്’.

Also read: ഇതാണ് ഗ്രന്ഥം!

ശരീഅത്ത് വിജ്ഞാന മേഖലയിലെ വിദ്യാഭ്യാസ ക്രമങ്ങൾ പ്രധാനമായി ഈ അഞ്ചു കാര്യങ്ങളെ കാര്യമായി പരിഗണിക്കേണ്ടതുണ്ട്.
1- വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുക.
2-ഭൂരിപക്ഷം വിദ്യാർഥികളെയും പ്രവേശനത്തിന് യോഗ്യരാക്കുക. ഇസ് ലാമിക സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽ പ്രത്യേക മാനദണ്ഡങ്ങൾ വല്ലതുമുണ്ടോ, അല്ല മുഴുവൻ കുട്ടികൾക്കും നൽകാറാണോ പതിവ്?
3- പാഠ്യപദ്ധതിയിലെ നിർണിത ഭാഗങ്ങൾ പുനഃപരിശോധന നടത്തുക. ഒരു വശത്തുകൂടെ വൈജ്ഞാനിക മേഖലയെയും മറ്റൊരു വശത്തുകൂടെ വർത്തമാനകാലത്തെയും കൂടെ പരിഗണിക്കുന്ന രീതിയിൽ അവ പുനഃക്രമീകരണം നടത്തുക.
4- ശരീഅത്ത് വിജ്ഞാനങ്ങൾ പഠിപ്പിക്കുമ്പോൾ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക. അധ്യാപകരെ ആ രീതിയിൽ വളർത്തിയെടുത്ത് പ്രത്യേക പരിശീലനം നൽകുക.
5- അധ്യാപകർക്ക് പ്രത്യേക യോഗ്യതകൾ, മാനദണ്ഡങ്ങൾ നിശ്ചയിക്കുക.

ശരീഅത്ത് വിജ്ഞാനങ്ങളുടെ ഭാസുരമായ ഭാവിക്ക് ശരീഅത്തിൻറെ ഫിഖ്ഹും വർത്തമാനത്തിൻറെ ഫിഖ്ഹും മാറിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ പണ്ടുതന്നെ അവതരിച്ച ശരീഅത്ത് എങ്ങനെ നടപ്പിലാകുന്നു എന്നതുമൊക്കെ ഒരുപോലെ പരിചയപ്പെടുത്തുന്ന, രണ്ടിനെയും വേർതിരിച്ചു മനസ്സിലാക്കാനുതകുന്ന വിശാലമായ പാഠ്യപദ്ധതി തന്നെ അനിവാര്യമാണ്. അപ്പോൾ മാത്രമാണ് നബി തങ്ങളുടെയും ഖുലഫാഉ റാശിദുകളുടെയും പാഠ്യരീതികളോട് സാമ്യത പുലർത്താൻ നമുക്കു സാധിക്കൂ. അത് ഉമ്മത്തിൽ ചെലുത്തുന്ന സ്വാധീനവും ചെറുതായിരിക്കില്ല.
ശരീഅത്ത് വിജ്ഞാനീയങ്ങളുടെ പാഠ്യപദ്ധതിയിലെ നൂതന മാറ്റങ്ങളെ സംബന്ധിച്ച് വലിയൊരു വിഭാഗം ഗവേഷകന്മാരും പണ്ഡിതന്മാരും ഒരുപാട് സെമിനാറുകൾ നടത്തിയും ഗ്രന്ഥങ്ങൾ രചിച്ചും ചിന്തകൾ പങ്കുവെച്ചിരുന്നു. ഇനിയും അത്തരം ശ്രമങ്ങൾ നടക്കേണ്ടതുമുണ്ട്. ശരീഅത്ത് വിദ്യാഭ്യാസത്തിൻറെ നിലവാരം അളക്കാനുതകുന്ന ചില മാനദണ്ഡങ്ങളെ കുറിച്ചുള്ളതാണ് ഈ ചിന്തകൾ.

മൻഹജ് എന്നാൽ അർഥം
അധ്യാപകർ വിദ്യാർഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പാഠഭാഗം എന്നതാണ് മൻഹജ് എന്ന പദത്തിൻറെ ഏറ്റവും ചുരുങ്ങിയ അർഥം. പക്ഷെ, വിശാലാർഥത്തിൽ പറഞ്ഞാൽ നാലു ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മൻഹജ്(സിലബസ്) എന്നത്.
1- എന്തിനു പഠിക്കുന്നു? പഠനത്തെ കൊണ്ടുള്ള ലക്ഷ്യങ്ങൾ, ഉദ്ദേശ്യങ്ങൾ എന്നിവ.
2- എന്തു പഠിക്കുന്നു? പഠനഭാഗം, ചർച്ചകൾ എന്നിവ.
3- എങ്ങനെ പഠിക്കുന്നു? പഠനത്തിന് ഉപയോഗിക്കുന്ന മാർഗങ്ങൾ, ലക്ഷ്യപൂർത്തീകരണത്തിന് സഹായിക്കുന്ന രീതികൾ, ശൈലികൾ, പ്രോഗ്രാമുകൾ എന്നിവ.
4- എങ്ങനെ ഫലങ്ങൾ വിലയിരുത്തുന്നു? മാർക്ക് നിർണയിക്കുന്നതിലെ അടിസ്ഥാനങ്ങൾ, മാനദണ്ഡങ്ങൾ.
ഇവിടെ രണ്ടു മൻഹജ് തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, ചുരുങ്ങിയ അർഥത്തിലുള്ള മൻഹജ് എന്നുള്ളത് പദങ്ങൾ വിശദീകരിക്കുക, വ്യംഗ്യമായ സാങ്കേതികാർഥങ്ങൾ വ്യക്തമാക്കുക, തെളിവില്ലാതെ പറയപ്പെട്ട കാര്യങ്ങൾ കൊണ്ട് തെളിവു പിടിക്കുക, ഉപചർച്ചകൾ നടത്തുക, ഭിന്നാഭിപ്രായങ്ങൾ അവയുടെ തെളിവുകൾ എന്നിവ പറയുക, ചില ചോദ്യങ്ങൾ ഉന്നയിക്കുക എന്ന അർഥങ്ങളിലൊക്കെ ഉപയോഗിക്കും എന്നതാണ്.

Also read: ഇദ്ദേഹത്തെ അടുത്തറിയുക

മൻഹജിൻറെ വിശാലാർഥങ്ങൾ
വിശാലാർഥത്തിലുള്ള മൻഹജ് എന്നാൽ വിദ്യാഭ്യാസത്തിൻറെ വ്യക്തമായ പ്ലാൻ തയ്യാറാക്കുക, വൈജ്ഞാനം- ധിഷണാപരം- മാനസികം എന്നീ മൂന്നു മേഖലകളായി അതിനെ തിരിക്കുക, ഓർമ- ധിഷണ- പ്രായോഗികത- പരിഹാരം- ഘടന- നിലനിൽപ് എന്നീ ഘടകങ്ങൾ പരിഗണിച്ചു കൊണ്ടാവുക, വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങൾ സാധൂകരിക്കുക, സാമൂഹക ഇടപെടുകൾ – സ്നേഹസംവാദം- എന്നിവ വികസിപ്പിക്കുന്ന മാർഗങ്ങൾ രൂപപ്പെടുത്തുക, ചിന്താപരവും ബൗദ്ധികവുമായ ശേഷികൾ വർധിപ്പിക്കുക എന്നതൊക്കെയാണ്. ഗവേഷണം- എഴുത്ത്- പ്രഭാഷണങ്ങൾ പോലോത്ത കോ- കരിക്കുലർ ആക്റ്റിവിറ്റീസ്, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക, വ്യക്തിത്വ വികസനത്തിനുതകുന്ന മറ്റു ആരോഗ്യകരമായ മാർഗങ്ങൾ അവലംബിക്കുക എന്നതൊക്കെയും അതിൻറെ വിശാലാർഥത്തിൽ പെടുന്നതാണ്.

ശരീഅത്ത് വിജ്ഞാനത്തിൻറെ ആവശ്യകത
ശരീരത്തിൽ ഹൃദയം എങ്ങനെയാണോ അപ്രകാരമാണ് ഒരു സമൂഹത്തിലെ പണ്ഡിതർ. അവരുടെ നന്മയും മോശവുമാണ് സമൂഹത്തെയും നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതും. മുസ് ലിമീങ്ങൾ നന്മയുള്ളവരാകുന്നത് ഇസ് ലാമിനെ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ്, ഇത് സാധ്യമാകുന്നത് പണ്ഡിതന്മാരിലൂടെയും.
ഇനി പണ്ഡിതന്മാർ നന്മയുള്ളവരാകുന്നത് അവർ ശരിയാംവിധം ശിക്ഷണം ലഭിച്ച, അധ്യാപനം സിദ്ധിച്ചവരാണെങ്കിൽ മാത്രമാണ്. വിദ്യാഭ്യാസമാണ് ഒരു പഠിതാവിൻറെ ഭാവി നിർണയിക്കുന്നതും നിജപ്പെടുത്തുന്നതും. പണ്ഡിതന്മാർ അത്തരക്കാർ ആവണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ രീതിയും ശിക്ഷണവും അധ്യാപനവും അത്തരത്തിൽ ആക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മൻഹജിൻറെ വ്യത്യസ്ത തലങ്ങൾ, മാനദണ്ഡങ്ങൾ

1- ലക്ഷ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ.
2- ഉള്ളടക്കവുമായി ബന്ധപ്പെട്ടവ.
3- അധ്യാപന മാർഗങ്ങൾ, രീതിശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ടവ.
4- വിദ്യാഭ്യാസ മാധ്യമങ്ങൾ, ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ടത്.
5- വിദ്യാഭ്യാസ പരമായ പദ്ധതികൾ, പ്രോഗ്രാമുകൾ.
6- മൂല്യനിർണയത്തിൻറെ അടിസ്ഥാനം, സ്ട്രാറ്റജി.

Also read: സർവ്വാതിശായിയായ വേദഗ്രന്ഥം

ലക്ഷ്യവുമായി ബന്ധപ്പെട്ടവ
ശരീഅത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിജയമെന്നുള്ളത് വിജ്ഞാനത്തിൻറെ ലക്ഷ്യം അറിയുക എന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇമാം ഗസ്സാലി(റ) തൻറെ മുസ്തസ്വ്ഫ എന്ന ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ ‘പഠിതാവിന് വിജ്ഞാനം കരസ്ഥമാകണമെങ്കിൽ ഇൽമിനെക്കുറിച്ചുള്ള പൊതുധാരണ ഉണ്ടായിരിക്കുക, ഇൽമിൻറെ ലക്ഷ്യങ്ങൾ അറിയുക, തുടർന്ന് ഇൽമ് കരസ്ഥമാക്കുക’ എന്നീ ഘടകങ്ങൾ വളരെ പ്രധാനമാണ്. ഇത്തരത്തിൽ മുൻധാരണയില്ലാതെ പഠിച്ചു തുടങ്ങുന്ന ഇൽമുകൾ വിജയകരമായി പര്യവസാനിക്കലും അതിൻറെ ലക്ഷ്യവും നിഗൂഢ രഹസ്യങ്ങളും അറിയലും ശ്രമകരമാണെന്നും അദ്ദേഹം പറയുന്നു.
വളരെ പ്രധാനപ്പെട്ടൊരു ചിന്തയാണിത്. സ്വഹീഹായ ഹദീസുകളും മറ്റും വേർതിരിച്ചറിയാതെ ഹദീസ് പഠിക്കുന്നതും അറബി ഭാഷയുടെ ശരിയായ ഉച്ചാരണം അറിയാതെ അറബി ഭാഷാ നിയമങ്ങൾ പഠിക്കുന്നതും ഒക്കെ ഇക്കൂട്ടത്തിൽ പെടും.

വിജ്ഞാനത്തിൻറെ ലക്ഷ്യങ്ങൾ അറിയുക
ഓരോ വിജ്ഞാനത്തിനും ഓരോ ലക്ഷ്യങ്ങളുണ്ടാകും, ആ വിജ്ഞാനം പഠിച്ചു കഴിയുന്നതോടെ ഒരാൾക്ക് അത് കരസ്ഥമാവുകയും ചെയ്യും. അങ്ങനെയല്ലെങ്കിൽ ആ ശ്രമങ്ങളൊക്കെയും ഉപകാരമില്ലാത്ത വെറും വിനോദം തന്നെയാണ്. ഒരു കർമം കൊണ്ട് സ്ഥിരപ്പെടാത്ത വിഷയങ്ങൾ, മസ്അലകൾ പഠിക്കുക എന്നത് വെറുതെയാണെന്ന് ഇമാം ശാത്വിബി പറഞ്ഞതും അതുകൊണ്ടു തന്നെയാവും. അപ്പോൾ ഓരോ വിജ്ഞാനത്തിനും പിന്നിൽ ഓരോ ലക്ഷ്യങ്ങളുണ്ടാകും. ഇമാം ഗസ്സാലി(റ) പറയുന്നു: ‘ ഉസ്വൂലി പണ്ഡിതൻ തെളിവുകളെ പറ്റി പരിശോധിക്കുമ്പോൾ അതിലൂടെ വിധികൾ(അഹ്കാം) എടുക്കുക എന്നതാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് മനസ്സിലാകും. പ്രത്യക്ഷത്തിൽ തന്നെ, ആരംഭത്തിൽ തന്നെ തുടർന്നു പറയുന്ന കാര്യങ്ങളെക്കുറിച്ചു മുൻധാരണ ഉണ്ടാകുന്ന ഗ്രന്ഥങ്ങൾ ഞാൻ രചിച്ചതും അതുകൊണ്ടു തന്നെയായിരുന്നു’.
ഉദാഹരണത്തിന് ഹദീസ് പഠനം, തിരുസുന്നത്ത് ആധാരപ്പെടുത്തിയുള്ളതാണ്. ഹദീസ് സ്വഹീഹ് ആണോ അല്ലെയോ, സനദിൽ വല്ല പ്രശ്നങ്ങളും ഉണ്ടോ, എന്നിവയൊക്കെ ഇതിൻറെ ആദ്യ ഘട്ടത്തിൽ കടന്നുവരേണ്ട ഒന്നാണ്. കർമശാസ്ത്ര ഭിന്നതകൾ, അതിലെ വ്യത്യസ്ത രീതികൾ എന്നിവ പഠിക്കുമ്പോൾ ആദ്യമായി അഭിപ്രായ ഭിന്നതയുടെ കാരണം മനസ്സിലാക്കുകയാണ് വേണ്ടത്. ഭിന്നാഭിപ്രായങ്ങൾ സ്വീകരിച്ചു പഠിക്കുക, തെളിവോടെയുള്ള എതിരഭിപ്രായങ്ങളെ മാനിക്കുക, പക്ഷപാതിത്വം ഒഴിവാക്കുക, വൈജ്ഞാനികമായ വിമർശനങ്ങൾ അതും ബഹുമാനപൂർവം മാത്രം നടത്തുക, ചിന്താപരവും കർമശാസ്ത്രപരവുമായ ഭിന്നതകൾ ഹൃദയങ്ങൾ തമ്മിൽ അകലാനുള്ള കാരണം ആവാതിരിക്കുക എന്നിവയൊക്കെ ഇതിൻറെ ഭാഗമാണ്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

You may also like

More in:Dawath

Leave a reply

Your email address will not be published. Required fields are marked *