Islam

മിതവാദമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര- 10

ഭൗതിക കാര്യങ്ങൾക്കും മത കാര്യങ്ങൾക്കും അനാവശ്യമായ പരിഗണനയോ അവഗണനയോ നൽകാതെ സന്തുലിതവും സുതാര്യവുമായ മാതൃകകളാണ് നാം ഉണ്ടാക്കേണ്ടത് എന്നാണല്ലോ ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. ആ സന്തുലിതാവസ്ഥയെ കൈവിടുന്നത് വലിയ അക്രമമാണെന്ന് അല്ലാഹു പറയുന്നു: “അവൻ തുലാസ് സ്ഥാപിച്ചു. നിങ്ങൾ തുലാസിൽ ക്രമക്കേട് വരുത്താതിരിക്കാൻ. അതിനാൽ നീതിപൂർവം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തിൽ കുറവു വരുത്തരുത്.” (സൂറത്തു റഹ്മാൻ: 9) എല്ലാ കാര്യങ്ങളിലും ഇസ്‌ലാം ഈ മധ്യമ നിലപാട് സ്വീകരിച്ചതായും അതിനെ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാക്കിയതും നമുക്കറിയാം.

ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്തുലിതത്വം പ്രത്യയശാസ്ത്രപരവും കർമപരവുമുൾപ്പെടെ, വ്യക്തിപരവും സാമൂഹികപരവുമുൾപ്പെടെ എല്ലാ മേഖലകളിലും അനിവാര്യമായ സന്തുലിതത്വം സ്വീകരിക്കുകയും ആത്മാവിനെയും ശരീരത്തെയും സന്തുലിതമാക്കുകയും ഇഹലോകത്തിനും പരലോകത്തിനുമിടയിലെ നമ്മുടെ അവകാശങ്ങൾക്കും ബാധ്യതകൾക്കുമിടയിൽ മനസിനെയും ഹൃദയത്തെയും നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. ഖുർആൻ പറയുന്നു: മറ്റുചിലർ പ്രാർഥിക്കുന്നു: ”ഞങ്ങളുടെ നാഥാ! ഞങ്ങൾക്കു നീ ഈ ലോകത്ത് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.” (സൂറത്തുൽ ബഖറ: 201) ”അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാൽ ഇവിടെ ഇഹലോക ജീവിതത്തിൽ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടിൽ നാശം വരുത്താൻ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (സൂറത്തുൽ ഖസ്വസ്: 77) അതേസമയം, വ്യക്തിക്കും സമൂഹത്തിനുമിടയിലെ കാര്യങ്ങൾ നിയന്ത്രിച്ചു നിർത്തുന്ന ഇസ്‌ലാം കാപിറ്റലിസം ചെയ്തതുപോലെ ആവശ്യമുണ്ടാകുന്നിടത്ത് വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പൂർണമായും തുറന്നുവെക്കുന്നുമില്ല. ഒരു വ്യക്തിയുടെ സർഗാത്മകത ചുരുങ്ങി നശിക്കുന്ന രീതിയിൽ ഇസ്‌ലാം ഒരു വ്യക്തിയിലേക്കു മാത്രമായി സാമൂഹികാധികാരങ്ങളെയും കർതൃത്വത്തെയും ഇട്ടു കൊടുക്കുന്നില്ല. മറിച്ച്, ശരീഅത്ത് സംവിധാനിച്ച പരിമിതികൾക്കും നിയമങ്ങൾക്കും ഉള്ളിൽ നിന്നു കൊണ്ട് വ്യക്തിപരമായ അവകാശങ്ങൾ ഇസ്ലാം ഒരു വ്യക്തിക്ക് വകവെച്ചു കൊടുക്കുന്നു.

മതത്തിലെ തീവ്രത വ്യക്തിക്ക് ക്ഷതമേൽപിക്കുമെന്നതിന് പുറമേ സമൂഹത്തിനും ഭീഷണിയാണ്. അതുകൊണ്ട് മുൻ കഴിഞ്ഞ സമൂഹങ്ങളൊരുപാട് നശിച്ചു പോയിട്ടുണ്ടെന്നും ഇബ്നു ഖയ്യിം നമ്മെ ഓർമപ്പെടുത്തുന്നു. അതുപോലെ മതത്തിന്റെയും മതമൂല്യങ്ങളുടെയും വികേന്ദ്രീകരണവും അതുപോലെ അപകടകരമാണ്. ഇതു നിയന്ത്രിക്കാൻ വേണ്ടിയാണ് നന്മ കാംക്ഷിച്ച് ഓരോ രാഷ്ട്രത്തിലും സന്തുലിതാവസ്ഥയുടെ തത്വങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഇതു വഴി പൊള്ളയായ വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കുന്നവരെയും അധാർമികതയുടെ പ്രയോക്താക്കളെയും നിയന്ത്രിക്കാനും സൂഫിസത്തിന്റെ പാത പിന്തുടരുന്നവരെ വഴി നടത്താനുമാകും. പലപ്പോഴും സൂഫിസത്തിന്റെ ശത്രുക്കൾ വരെ ഈ പാതയാണ് പിൻപറ്റുന്നത്. മതത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്ന ബൗദ്ധിക ഘടകങ്ങളെ വരെ ഖുർആനിന്റെ അന്തസ്സത്തയിലേക്ക് മടങ്ങിക്കൊണ്ട് പ്രതിരോധിക്കാനും അവയുടെ അതിക്രമങ്ങൾക്ക് മറുപടി കൊടുക്കാനും അതു കൊണ്ട് സാധിക്കും. യാഥാർത്ഥ്യത്തെപ്പറ്റി ശ്രദ്ധിക്കാത്ത ഐഡിയലിസ്റ്റുകളുടെയും വ്യക്തിയെ പരിശുദ്ധവാനാക്കി സമൂഹത്തെ ബലിയാടാക്കുന്ന ലിബറൽ തത്വങ്ങൾക്കുമിടയിലെ മിതപ്പെടുത്തലാണത്. അഥവാ, മാർക്സിസം മുന്നോട്ടുവെക്കുന്ന കോർപറേറ്റ് തത്വങ്ങൾ പ്രകാരം മനുഷ്യസമൂഹം വലിയൊരു മൂലധനവും വ്യക്തി ആ മൂലധനത്തെ വർധിപ്പിച്ചു കൊണ്ടിരിക്കുന്ന ആളുമാണ്. യാഥാസ്ഥികർക്കിടയിൽ അവരുടെ മാർഗങ്ങളും ഉപകരണങ്ങളുമുപയോഗിച്ചും ആധുനികർക്കിടയിൽ അതിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും ഉപയോഗിച്ച് കൊണ്ടും ഉണ്ടാക്കേണ്ട മധ്യമ സ്വഭാവമാണത്.

READ ALSO  പ്രവാചകന്മാരിലുള്ള വിശ്വാസം-4

മതത്തിനുള്ളിലും അതിന്റെ ഘടകങ്ങളിലും പൂർണമായ അഴിച്ചുപണി വേണമെന്ന് വാദിക്കുന്നവർക്കിടയിലും പാരമ്പര്യത്തെ കാത്തുസൂക്ഷിക്കണമെന്ന് വാദിക്കുന്നവർക്കിടയിലും മിതത്വം രൂപപ്പെടുത്തുക എന്ന വെല്ലുവിളി മുൻഗാമികളെ വേട്ടയാടിയിരുന്നില്ല. അതു പോലെത്തന്നെ മത ഗ്രന്ഥങ്ങളെ പൂർണമായും തള്ളിക്കളയുന്നവർക്കിടയിലും ശരീഅത്തിന്റെ നിയമങ്ങൾക്കുള്ളിൽ നിന്ന് അവയെ വ്യാഖ്യാനിക്കുന്നവർക്കിടയിലും ഈ മിതത്വം കൊണ്ടുവരിക എന്നത് പുതിയ കാലത്തിന്റെ ആവശ്യമാണ്.

പരസ്യ പ്രബോധകർക്കും അടച്ചിട്ടിരുന്ന് പ്രബോധനം നടത്തുന്നവർക്കുമിടയിൽ, മതത്തെ വികലമാക്കി അവതരിപ്പിച്ച് മുസ്‌ലിംകളെത്തന്നെ അവിശ്വാസികളായി പ്രഖ്യാപിക്കുന്ന തീവ്രസ്വഭാവക്കാർക്കും മതത്തെ ശത്രുതയോടെ കാണുന്നവർക്കുമിടയിൽ, ഇസ്ലാം വിരോധിച്ച കാര്യങ്ങളെ ഇനിയൊട്ടും നിരോധിക്കാനില്ലെന്ന മട്ടിൽ ഊതി വീർപ്പിക്കുന്നവർക്കും ഈ ലോകത്ത് ഒന്നും വിരോധിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നവർക്കുമിടയിൽ, ഭാവിയോ വർത്തമാനമോ നോക്കാതെ ഭൂതത്തെ വലിച്ചു കൊണ്ടുവരുന്നവർക്കും ഭൂതത്തെപ്പറ്റി പറ്റെ അജ്ഞരായിരിക്കുന്നവർക്കുമിടയിൽ ഒരു മിത സ്വഭാവം രൂപപ്പെടുത്താനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. കേന്ദ്രീകൃത സ്വഭാവം ഉണ്ടാവുന്നതോടെ സ്വാഭാവികമായി രൂപപ്പെടുന്ന ഈ മിത സ്വഭാവം ശരീഅത്തിനെ സന്ദർഭാനുസരണം നടപ്പാക്കുന്നതിന് വിഘാതമാകുന്ന ഇസ്‌ലാമിന്റെ പ്രധാന വെല്ലുവിളി ഒന്നുമല്ല. അഥവാ, യുക്തിയെ കൂടെക്കൂട്ടുന്ന ഒരു വിശ്വാസിക്ക് അവന്റെ സമൂഹത്തെയും കുടുംബത്തെയുമെല്ലാം ഒന്നിച്ചുനിർത്താനാവുകയും അതുപോലെ പരസ്പര വിശ്വാസത്തിലും ശക്തിയിലും അധിഷ്ഠിതമായ ഇസ്ലാമിക വിശ്വാസത്തെ കേന്ദ്രമാക്കിയുള്ള ഒരു ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനുമാകും. ഇസ്ലാമിക മൂല്യങ്ങളും അദബുമെല്ലാമാകും അപ്പോൾ ഒരാളെ മുന്നോട്ടു നയിക്കുക.

ഇത്തരത്തിൽ പരസ്പരാശ്രയത്വമുള്ള ജനത ഉറച്ച പാറക്കല്ലിനു സമാനമായിരിക്കും. അവർ പരസ്പരം വിശപ്പാറ്റുകയും ജോലിയില്ലാത്തവർക്ക് ജോലി കണ്ടെത്തി നൽകുകയും രോഗികൾക്ക് സാന്ത്വനമായി ചികിത്സ നൽകുകയും അശരണരെയും അനാഥരായ കുട്ടികളെയും പ്രായമായി അവഗണിക്കപ്പെട്ടവരെയും വിധവകളെയും സംരക്ഷിക്കുകയും ചെയ്യും. അത് പ്രതിഫലിക്കുക ജീവിതത്തിന്റെ നിഖില മേഖലകളിലുമാകും. അഥവാ, മനസിനും ശരീരത്തിനും ഉന്മേഷവും ഊർജവും നൽകുകയും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വരികയും ചെയ്യും.

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *