ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും-1
ദോഹ കേന്ദ്രമായുള്ള ആഗോള പണ്ഡിതരുടെ കൂട്ടായ്മയായ ഇൻ്റർനാഷണൽ യൂണിയൻ ഓഫ് മുസ്ലിം സ്കോളേഴ്സിന്റെ (IIUMS) അഭ്യർത്ഥന പ്രകാരമാണ് മുസ്ലിം പൗരൻ രാഷ്ട്രവുമായി ഇടപെടുമ്പോൾ ഓർക്കേണ്ട കാര്യങ്ങളെപ്പറ്റി മുപ്പത്തോളം ലേഖനങ്ങളുടെ ഒരു സമാഹാരം പുറത്തിറക്കിയത്. പ്രശസ്ത പണ്ഡിതൻ ശൈഖ് യൂസുഫുൽ ഖറദാവിയാണ് ഇതിന് മുഖവുരയെഴുതിയിട്ടുള്ളത്. അറബി ഭാഷയിലുള്ള ഈ സമാഹാരം വ്യാപകമായ ആവശ്യത്തെ തുടർന്ന് പ്രശസ്ത അക്കാദമിക വിദഗ്ധനായ ഫാബക്രി ജന്ന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഈ പരിഭാഷയുടെ മലയാള വിവർത്തനമാണ് ഖണ്ഡശയായി ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഇസ്ലാമിക രാഷ്ട്രം: സ്വത്വവും സ്വഭാവവും
ഇസ്ലാമിക രാഷ്ട്രത്തെപ്പറ്റിയുള്ള ഇസ്ലാമിക വീക്ഷണം സുദൃഢവും സുവ്യക്തവുമാണ്. ഖുർആൻ തന്നെ പറയുന്നത് കാണുക: “ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന് നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും. നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അതൊരു വലിയ കാര്യം തന്നെ; അല്ലാഹു നേര്‍വഴിയിലാക്കിയവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ കൃപയുള്ളവനും കരുണാമയനുമാകുന്നു.” (അൽബഖറ: 143)
ഇസ്ലാമിക രാഷ്ട്രം എന്നത് വിശ്വാസത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ്. വംശശുദ്ധിക്കോ മറ്റോ അതിൽ യാതൊരു പ്രാധാന്യവുമില്ല. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും അതിന് അതിർത്തികളോ തടസ്സങ്ങളോ ഇല്ല. വ്യത്യസ്ത ദേശക്കാരെയും വർണക്കാരെയും വംശക്കാരെയും ഉൾക്കൊള്ളുന്ന ഒരു സാർവലൗകിക രാഷ്ട്രമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഏക വിശ്വാസത്തിൻ്റെയും ഏക നിയമങ്ങളുടെയും മൂല്യങ്ങളുടെയും ഒറ്റ ഖിബ്ലയുടെയും രാഷ്ട്രമാണത്.
Also read: ജീവിതത്തെ ബോധപൂർവം സമീപിക്കുന്നവരോട്
വ്യത്യസ്ത പ്രാദേശികതകളെയും ഭാഷകളെയും ഉൾക്കൊള്ളുന്ന ആ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നത് മുസ്ലിംകൾ ആഗോളതലത്തിൽ കൂടുതലുപയോഗിക്കുന്ന അറബിയെന്ന പൊതുഭാഷയാണ്. അനറബികളായ എണ്ണമറ്റ പ്രതിഭാധനരായ മുസ്ലിംകൾ സൃഷ്ടിച്ചെടുത്ത ഇസ്ലാമിക നവോത്ഥാനത്തിൻ്റെ ഭാഷയെന്നതിലുപരി ഇസ്ലാമിക സംസ്കാരത്തിൻ്റെയും ആരാധനയുടെയും ഭാഷ കൂടിയാണത്. ആഫ്രിക്കക്കാരനും ഏഷ്യക്കാരനും യൂറോപ്യനും തുടങ്ങി എണ്ണമറ്റ വംശപരവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്തതകളെ ഒന്നിപ്പിക്കുന്നത് ഇസ്ലാം എന്ന രൂഢമൂലമായ വിശ്വാസമാണ്. ഏകദൈവത്തിലും ഏക ഗ്രന്ഥത്തിലും ഏക പ്രവാചകനിലും ഉള്ള വിശ്വാസം എല്ലാ മുസ്ലിംകളെയും പരിമിതികൾ മറികടന്ന് ഒരുമിക്കാനും സാഹോദര്യത്തിൻ്റെ ഇസ്ലാമിക മാതൃക സൃഷ്ടിക്കാനും സഹായിക്കുന്നു. അള്ളാഹു പറയുന്നു: “സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്കുന്ന ഉപദേശമാണിത്”.(അൽ അൻആാം: 153)
തന്റെ രാഷ്ട്രത്തെ കുറിച്ച് അഭിമാനിതനാകുന്നതിലോ മുസ്ലിം സഹോദരങ്ങളെ സ്നേഹിക്കുന്നതിലോ ഒരു തെറ്റുമില്ല. കാരണം മതത്തോടുള്ള സ്നേഹമോ പ്രൗഢിയോ ഒന്നും അതിനോട് വിരുദ്ധമല്ലല്ലോ. എല്ലാ വിഭാഗങ്ങൾക്കും മനുഷ്യകുലത്തിനാകമാനവും തുറന്നിടപ്പെട്ട വാതിലാണ് ഇസ്ലാമിന്റേത്. ഏതെങ്കിലും തരത്തിൽ പരസ്പരവിരുദ്ധമോ, മുൻവിധികൾ നിറഞ്ഞതോ ആകാത്തിടത്തോളം അതിനൊരു പ്രശ്നവുമില്ല. “മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍” എന്ന് ഖുർആൻ പറയുന്നത് പോലെ പ്രവാചകൻ സ്ഥാപിച്ച ഒന്നാണ് ഇസ്ലാമിക രാഷ്ട്രം.
ജനങ്ങളെ അവരുടെ നേട്ടങ്ങളെക്കുറിച്ചും സന്തോഷനിമിഷങ്ങളെക്കുറിച്ചുമെല്ലാം ഉദ്ബോധനം നടത്തിയും നേർപാത കാണിച്ചുമെല്ലാമാണ് ഇസ്ലാമിക രാഷ്ട്രം ഉണ്ടായി വന്നത്. ഒട്ടും ക്ഷണികമായിരുന്നില്ല അതിന്റെ വളർച്ച. ഖുർആൻ പറയുന്നു: “മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു.” (ആലു ഇംറാൻ: 110). ദൈവിക സന്ദേശങ്ങൾ അടിസ്ഥാനമായുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രാഥമികമായ ഘടകങ്ങൾ രണ്ടെണ്ണമാണ്:
ഒന്ന്, ഏക ദൈവത്തിലുളള വിശ്വാസം. അല്ലാഹുവിനെയല്ലാതെ വേറെ ആരെയും ആശ്രയിക്കരുതെന്നും അവനല്ലാതെ ദൈവമില്ലെന്നും അവൻ മാത്രമാണ് കാര്യങ്ങളുടെ നിയന്ത്രണകർത്താവെന്നുമുള്ള മൂന്നു ഘടകങ്ങൾ ഉൾച്ചേർന്നതാണ് ഇത്. ഇസ്ലാമിക ചിന്തകളൊക്കെയും വിഭാവനം ചെയ്യുന്നത് പോലെ ഒട്ടേറെ അടരുകളുള്ള ഒന്നാണ് വിശ്വാസം എന്നത്.
Also read: ജീവിതത്തെ ബോധപൂർവം സമീപിക്കുന്നവരോട്
രണ്ട്, ഖുർആനിൽ പറഞ്ഞിട്ടുള്ള എല്ലാ നന്മകളെയും നല്ല മൂല്യങ്ങളെയും ജനങ്ങളെ പഠിപ്പിക്കുന്ന ഒരു സന്ദേശമാണ് അത് നൽകുന്നത്. വിശ്വസിക്കാനുള്ള അവകാശത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും അത് പരാമർശിക്കുന്നുണ്ട്. വഞ്ചന, വിശ്വാസം മറച്ചുപിടിക്കുക, തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുക, അധാർമികതയിലേർപ്പെടുക തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അതിലുൾപ്പെടുന്നു.
ജീവിതത്തിലെ ഏതു അനിശ്ചിത ഘട്ടങ്ങളെയും ഒരു പാറക്കല്ലിൻ്റെ ശക്തിയോടെ പരിഹരിക്കാനും പുനരുദ്ധരിക്കാനും ഒരു രാഷ്ട്രത്തിന് ബാധ്യതയുണ്ട്. അല്ലാഹു പറയുന്നതിങ്ങനെ: “സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്കുന്ന ഉപദേശമാണിത്.” (അൽ അൻആം: 154)
ചരിത്രപരമായി നോക്കിയാൽ തന്നെ പടിഞ്ഞാറിൽ നിന്നും കുരിശുയുദ്ധക്കാരും കിഴക്കുനിന്ന് മംഗോളീയരും ആക്രമിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്ത, യുദ്ധങ്ങളും ദൗർഭാഗ്യങ്ങളും നിറഞ്ഞ ഭൂമികയായിരുന്നു ഇസ്ലാമിക രാഷ്ട്രം. എന്നാൽ ഒട്ടും വൈകാതെ തന്നെ, ഇമാദുദ്ദീൻ, നൂറുദ്ദീൻ, സലാഹുദ്ദീൻ, ഖത്സ് എന്നിവരെപ്പോലുള്ള പോരാളികളെ അള്ളാഹു കനിഞ്ഞരുളുകയും അവരുടെ കൈകളാൽ, മരണാസന്നമായിരുന്ന മഹദ് സംസ്കാരത്തെ വീണ്ടെടുക്കുകയും ചെയ്തു.
ഇന്ന് ഇസ്ലാമിക രാഷ്ട്രം പുതിയ തരത്തിലുള്ള യുദ്ധങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത് സ്വയം അതിന്റെ സ്വത്വത്തെ തന്നെ നവീകരിക്കാനാവശ്യപ്പെടുകയാണ്. അത് വിശ്വാസത്തെയും മതവീക്ഷണങ്ങളെയും നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെ നിരന്തരം പുണരുക എന്നല്ലാതെ ഇതിനെ കൃത്യമായി പ്രതിരോധിക്കാൻ നമുക്ക് മുമ്പിൽ മറ്റു മാർഗങ്ങളില്ല. ഉമർ (റ) പറഞ്ഞതിങ്ങനെയായിരുന്നു: “നിന്ദ്യരായ ജനതയായിരുന്ന നമ്മളെ അള്ളാഹു ഇസ്ലാമിലൂടെ ഉയർത്തി. മറ്റു മാർഗങ്ങളിലൂടെ നമ്മൾ ഉയർച്ച തേടുമ്പോഴെല്ലാം അവൻ നമ്മളെ നിന്ദ്യരാക്കുകയേ ചെയ്യൂ.”
Also read: കുറ്റവും ശിക്ഷയും
ഇമാം ദാറു ഹിജ്റ മാലിക് ബിൻ അനസ് (റ) വിനെ ഉദ്ധരിച്ച് പറയുന്നതിങ്ങനെ: “ഖുർആനും പ്രവാചകന്റെ സുന്നത്തുമാണ് ദീനിനെ ഇത്രത്തോളം വിശാലമാക്കിയത്. അവയെ കൈവിട്ടാൽ ആ രാഷ്ട്രത്തിന് ഇസ്ലാമികപരമായി സാധുതയില്ല. നിങ്ങൾ അല്ലാഹുവിന്റെ ആ പാശത്തെ ഒരുമിച്ച് നിന്ന് മുറുകെപ്പിടിക്കുക. കൈവിട്ടാൽ നമ്മൾ ഭിന്നിച്ചു പോകുക തന്നെ ചെയ്യും.” ( തുടരും )
വിവ- അഫ്സൽ പി.ടി മുഹമ്മദ്