സാങ്കേതിക പദങ്ങള്‍/പ്രയോഗങ്ങള്‍
അല്ലാഹു
സത്യദൈവം, സാക്ഷാല്‍ ദൈവം, പരമേശ്വരന് എന്നര്‍ഥത്തിലുള്ള അറബിവാക്കാണ് അല്ലാഹു. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല.
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാതെ ദൈവമില്ല എന്നര്‍ഥം. ഇസ്ലാമിന്റെ ആദര്ശവാക്യമാണിത്. ഒരാള്‍ മുസ്ലിമാവണമെങ്കില്‍ ഈ ആദര്‍ശം ഉള്‍ക്കൊണ്ട് അംഗീകരിച്ച് നാവുകൊണ്ട് ഉരുവിടണം. ഇസ്ലാം ദൈവത്തില്‍ പങ്കുചേര്‍ക്കുന്നത് ഒരുനിലക്കും അംഗീകരിക്കുന്നില്ല. അല്ലാഹു ഏകനാണെന്നും അവന് മാത്രമേ വഴിപ്പെടാവൂ എന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു.
റബ്ബ്
സംരക്ഷകന്‍, പരിപാലകന് എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെ കുറിക്കാനാണ് കൂടുതലും ഇതുപയോഗിക്കുന്നത്. ഖുര്‍ആനില്‍ റബ്ബുന്നാസ് (ജനങ്ങളുടെ സംരക്ഷകന്‍) എന്ന് അല്ലാഹുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മറ്റു അര്‍ഥങ്ങളിലും ചിലപ്പോള്‍ പ്രയോഗിക്കാറുണ്ട് റബ്ബുല്‍ ബൈത്ത് എന്നാല്‍ വീട്ടുടമസ്ഥന് എന്ന് അര്‍ഥം.
റബ്ബുല്‍ ആലമീന്‍
ലോകങ്ങളുടെ, പ്രപഞ്ചങ്ങളുടെ സംരക്ഷകന്‍. അല്ലാഹുവിന്റെ വിശേഷണം. ഭൂമിയുടെയും സൂര്യചന്ദ്രാദികളുടെയും മാത്രമല്ല സകലലോകങ്ങളുടെയും സ്രഷ്ടാവും നിയന്താവുമാണ് അല്ലാഹു.
റസൂല്‍
ദൂതന്, ഒരു പ്രത്യേക ദൂതുമായി നിയോഗിക്കപ്പെട്ടവന് ഇതിന്റെ ബഹുവചനമാണ് റുസുല്‍, അഥവാ ദൈവദൂതന്മാര്
മുര്സല്
അയക്കപ്പെട്ടവന്‍ അഥവാ ദൈവത്താല്‍ നിയോഗിതനായ പ്രവാചകന്. മുര്‍സലീന്‍ എന്നത് ബഹുവചനരൂപം.
Also read: കാഫിര്‍ എന്നതിൻറെ വിവക്ഷ ?
റസൂലുല്ലാഹ്
അല്ലാഹുവിന്റെ ദൂതന്. ഏത് ദൈവദൂതനും ഈ വിശേഷണം ചേരും.
നബി
പ്രവാചകന്, റസൂല്‍, നബി എന്നിവക്ക് സൂക്ഷമാര്‍ഥത്തില്‍ ചില അര്‍ഥവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇവ പര്യായ പദങ്ങളായി ഉപയോഗിക്കുന്നു.
ഇന്‍ശാ അല്ലാഹ്
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍. ഏതൊരു കാര്യം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോഴും മുസ്ലിം ഇന്‍ശാ അല്ലാഹ് എന്ന് പറയുന്നു. താന്‍ നിസ്സാരനും ദുര്ബലനുമാണെന്നും അല്ലാഹു ഇഛിച്ചില്ലെങ്കില് ഒരു പ്രവര്‍ത്തിയും തനിക്ക് ചെയ്യാനാവില്ലെന്നും സമ്മതിക്കലാണിത്. വിനയത്തിന്റെയും ദൈവത്തോടുള്ള കടപ്പാടിന്റെയും ഒരു പ്രകടനരൂപം.
Also read: മനുഷ്യരുടെ മാര്‍ഗദര്‍ശനാര്‍ഥം നൽകിയ വേദങ്ങള്‍
മാശാ അല്ലാഹ്
അല്ലാഹുവിന്റെ ഇംഗിതം എന്ന് ഭാഷാര്‍ഥം. മനോഹരമായ എന്തെങ്കിലും കാണുമ്പോള്‍ അശ്ചര്യം പ്രകടിപ്പിക്കാനാണ് സാധാരണ പ്രയോഗിക്കാറുള്ളത്.
അല്‍ഹംദു ലില്ലാഹ്
സര്‍വസ്തുതിയും അല്ലാഹുവിന്. ദൈവസാമീപ്യവും ഭയഭക്തിയും വര്‍ദ്ധിക്കാന്‍ ഈ സ്തോത്രം ആരാധനാവേളകളിലും അല്ലാത്തപ്പോഴും നിരന്തരം ചൊല്ലിക്കൊണ്ടിരിക്കണമെന്ന് നിശ്കര്‍ഷിച്ചിട്ടുണ്ട്. പ്രസംഗം തുടങ്ങുന്നത് സാധാരണ ഈ വാക്യം ഉരുവിട്ടുകൊണ്ടായിരിക്കും. ഹംദ് കൊണ്ട് തുടങ്ങുക. എന്നാണിതിന് പറയുക. ഭക്ഷണ കഴിച്ച ശേഷം ഈ വാക്യം ഉരുവിടാറുണ്ട്. ക്ഷേമാന്യേഷണം നടത്തിയാല്‍ സൂഖമാണ് എന്ന് പറയുന്നതിന് പകരം അല്‍ഹംദുലില്ലാഹ് എന്ന് പറയാറുണ്ട്.
സുബ്ഹാനല്ലാഹ്
നബി പഠിപ്പിച്ച ഒരു ദൈവ സ്തോത്രം അല്ലാഹു എത്ര പരിശുദ്ധന് എന്ന് അര്‍ഥം ഇത് നിരന്തരം ഉരുവിടുന്നത് വളരെ പുണ്യകരമാണ്.
ബിസ്മില്ലാഹ്
അല്ലാഹുവിന്റെ നാമത്തില്‍. ഏതൊരു പ്രവര്‍ത്തിയും ബിസ്മില്ലാഹ് ഉച്ചരിച്ച് തുടങ്ങുന്നതാണ് പുണ്യകരം. ദുര്‍വൃത്തികള്‍ സ്വയം തടയാനുള്ള ഒരു ഉപാധികൂടിയാണിത് അല്ലാഹുവിന്റെ നാമം ഉരുവിട്ട് ആരും ദുര്‍വൃത്തികളില്‍ ഏര്‍പ്പെടുകയില്ലല്ലോ.
ബിസ്മില്ലാഹി ര്റഹ്മാനി ര്റഹീം
കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ ഒന്നൊഴികെ എല്ലാ അധ്യായങ്ങളും തുടങ്ങുന്നത് ഈ വാക്യം കൊണ്ടാണ്. ഏതൊരു സദ്പ്രവര്‍ത്തിയും തുടങ്ങുന്നത് ഈ വാക്യം ഉച്ചരിച്ചാവുന്നതാണ് ഉത്തമം.
സ്വദഖ
ദാനധര്‍മം. ഏറെക്കുറെ സകാത്തിന്റെ പര്യായമായി പ്രയോഗിക്കുന്നു. സകാത്ത് നിര്‍ബന്ധദാനമാണ് സ്വദഖയില്‍ ഐഛിക ദാനങ്ങളും ഉള്‍പ്പെടുന്നു.
Also read: പ്രവാചകന്മാര് – അന്ബിയാക്കൾ
സകാത്ത്
ഇസ്ലാമിന്റെ അടിത്തറകളിലൊന്ന് ഏതൊരാള്‍ സമ്പാദിച്ചുണ്ടാക്കുന്ന ധനത്തിലും പാവപ്പെട്ടവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ഒരു വിഹിതമുണ്ട്. ഇത് ഔദാര്യമല്ല; അവകാശമാണ്. ഈ അവകാശം ഓരോരുത്തര്‍ക്കും നിശ്ചിത സമയത്തിനകം കൊടുത്ത് തീര്‍ത്തേ മതിയാകൂ. ഈ വിഹിതം നല്‍കലാണ് സകാത്ത്. സംസ്കരണം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. മനുഷ്യമനസ്സിലും സമ്പത്തിലുമുള്ള സംസ്കരണം. ഇസ്ലാമിന്റെ സമ്പദ്ഘടന സകാത്തിന്റെ അടിത്തറയിലാണ് രൂപം കൊള്ളുക. ദാനധര്‍മങ്ങള്‍ എന്ന് സകാത്തിനെ പരിഭാഷപ്പെടുത്താറുണ്ടെങ്കിലും അതിന്റെ മുഴുവന്‍ അര്‍ഥധ്വനികളും അത് ഉള്‍ക്കൊള്ളുന്നില്ല.
ഫിത്വിര്‍ സകാത്ത്
ഇസ്ലാമിലെ ദാനധര്‍മങ്ങളുടെ ഒരു രൂപം. റമദാന് വ്രതം കഴിഞ്ഞുള്ള പെരുന്നാളിന് (ഈദുല്‍ ഫിത്വര്‍) ആണ് ഇത് നല്‍കേണ്ടത്. ധനികര്‍ മാത്രമല്ല; പെരുന്നാള്‍ ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന ആരൊക്കെയുണ്ടോ അവരെല്ലാവരും ഈ ദാനം നല്‍കിയിരിക്കണം. പെരുന്നാളിന് ഒരാളും പട്ടിണികിടന്നുകൂടാ എന്നതാണ് ഈ ദാനത്തിന്റെ യുക്തി.
ഹദ്യ
സമ്മാനം, പാരിതോഷികം. ഹദ് യ നല്‍കുന്നത് ഒരു പ്രവാചക ചര്യയാണ്.
സുബ്ഹി
പ്രഭാതം എന്നാണ് വാക്കിന്റെ അര്‍ഥം. പ്രഭാത സമയത്തുള്ള നമസ്കാരമാണ് ഉദ്ദേശ്യം.
ളുഹര്‍
ഉച്ചസമയം. ഉച്ചസമയത്തുള്ള നമസ്കാരമാണ് ഉദ്ദേശ്യം.
അസര്‍
സായാഹ്നത്തിലുള്ള നമസ്കാരം
മഅ്രിബ്
അപരാഹ്നം. സൂര്യാസ്തമയം കഴിഞ്ഞുള്ള നമസ്കാരമാണ് ഉദ്ദേശ്യം.
ഇശാഅ്
രാത്രിയിലെ നിര്‍ബന്ധ നമസ്കാരമാണ് ഇശാഅ്
മലക്ക്
ദൈവത്തിന്റെ അദൃശ്യ സൃഷ്ടികള്‍. മനുഷ്യരെപ്പോലെ ഇവരും ദൈവത്തിന്റെ ദാസന്മാരാണ്. യാതൊരു വിധ ദിവ്യത്വവും ഇവര്‍ക്കില്ല.
Also read: ഇസ്ലാം അനുശാസിക്കുന്ന ദൈവവിശ്വാസം
ജിന്ന്
ദൈവത്തിന്റെ മറ്റൊരു അദൃശ്യ സൃഷ്ടി. മനുഷ്യരെപ്പോലെ ദൈവത്തെ അനുസരിക്കാനും ധിക്കരിക്കാനുമുള്ള കഴിവ് ഇവര്‍ക്കും നല്കപ്പെട്ടിരിക്കുന്നു.
ശൈത്വാന്
പിശാച്. മനുഷ്യരിലും ജിന്നുവര്ഗത്തിലുംപെട്ട, ദൈവമാര്‍ഗത്തില്‍ നിന്നും ദൈവദാസന്മാരെ വ്യതിചലിപ്പിക്കുന്ന എല്ലാവരും പിശാചുക്കള്‍ (ശയാത്വീന്‍) എന്ന വിഭാഗത്തില്‍ പെടുന്നു. ജിന്നുകളില്‍പെട്ട ഒരു പിശാചാണ് ഇബ് ലീസ്
അസ്സലാമു അലൈക്കും
‘ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്ക്കുണ്ടാകട്ടേ’ എന്നര്‍ത്ഥം പരസ്പരം കണ്ടുമുട്ടുമ്പോള്‍ പറയേണ്ട അഭിവാദ്യവാക്യം
വ അലൈക്കുമുസ്സലാം
‘താങ്കള്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാകട്ടേ’
പ്രതിവാദനത്തിന്റെ ചുരുങ്ങിയ വചനം, ദൈവത്തിന്റെ രക്ഷയും സമാധാനവും കാരുണ്യവും നിങ്ങള്ക്കുമുണ്ടാകട്ടേ എന്ന അര്‍ഥത്തില്‍ ‘വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തുഹു’ എന്ന് പ്രതിവാദനം ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം.