Islam

ഏക ദൈവത്തിൽ അധിഷ്ഠിതമാണ് ഇസ്‌ലാമിൻ്റെ രാഷ്ട്രസംഹിത- 2

ഈമാൻ ആണ് ഒരു ഇസ്ലാമിക രാഷ്ട്രത്തിൻ്റെ അടിക്കല്ല്. അതുകൊണ്ടുതന്നെ, ആ വിശ്വാസത്തെ വളർത്തുകയും സംരക്ഷിക്കുകയും ചക്രവാളങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ഒരു രാഷ്ട്രം നൽകുന്ന പ്രാഥമികമായ സന്ദേശം. അല്ലാഹുവിലും അവൻ്റെ പ്രവാചകനിലും കിതാബിലും മാലാഖമാരിലും അന്ത്യനാളിലുമുള്ള വിശ്വാസമാണ് രാഷ്ട്രത്തിൻ്റെ അന്തഃസത്തയെ ബലപ്പെടുത്തുന്നത്.

പ്രവാചകൻ മുഹമ്മദ് (സ്വ) തങ്ങളും അവിടുത്തെ അനുചരരും അല്ലാഹു ഭൂമിയിലേക്ക് അയച്ചവയെ കൃത്യമായി പിന്തുടർന്നു. ഖുർആൻ പറയുന്നതിങ്ങനെ: “ദൈവദൂതൻ തന്റെ നാഥനിൽ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതിൽ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.” തുടർന്ന് അവർ ഇങ്ങനെ പ്രാർത്ഥിക്കുന്നു: “ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങൾക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.”(സൂറത്തുൽ ബഖറ: 285) എല്ലാ ദൈവിക സന്ദേശങ്ങളിലും എല്ലാ പ്രവാചകന്മാരുടെയും വിശ്വാസത്തിലും അടിസ്ഥാനമാക്കിയുള്ള പാരമ്പര്യത്തിൽ ഉയിരുകൊണ്ട വിശ്വാസമാണ് എന്നതിനാൽ അത് നിർമാണത്തിൻ്റെയോ ധ്വംസനത്തിൻ്റെയോ ഭിന്നിപ്പിൻ്റെയോ ഒന്നിപ്പിൻ്റെയോ വിശ്വാസമല്ല. “അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവർ ഉറപ്പായും ദുർമാർഗത്തിൽ ഏറെദൂരം പിന്നിട്ടിരിക്കുന്നു.”(സൂറത്തു നിസാ: 136)

ഖുർആനിലെ അഞ്ച് വിശ്വാസ പ്രമാണങ്ങൾക്ക് തുടർച്ചയായാണ് പ്രവാചകചര്യ വരുന്നത്. ആത്യന്തികമായ വിധിയിൽ വിശ്വാസമുണ്ടായിരിക്കുക എന്നത് അല്ലാഹുവിൻ്റെ അറിവിനെയും കഴിവിനെയും സൂചിപ്പിക്കുന്നു എന്നതിനാൽ അതും അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്. പ്രപഞ്ചത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിൻ്റെ നിശ്ചയപ്രകാരമുള്ളതാണ്. ഒരു ഉപകാരവുമില്ലാതെ ഒന്നിനെയും അല്ലാഹു സൃഷ്ടിക്കുകയില്ല തന്നെ. ഖുർആൻ പറയുന്നതിങ്ങനെ: “എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്”.(സൂറത്തുൽ ഖമർ: 49)

“ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ. നിങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരിൽ ദുഃഖിക്കാതിരിക്കാനും നിങ്ങൾക്ക് അവൻ തരുന്നതിന്റെ പേരിൽ സ്വയം മറന്നാഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.”(സൂറത്തുൽ ഹദീദ് 22-23). അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊരാളില്ലെന്ന സന്ദേശമാണ് ഈ ആയത്തുകൾ സംവഹിക്കുന്നത്. പ്രപഞ്ചത്തെയും പ്രപഞ്ച നാഥനെയും കുറിച്ചുള്ള മുസ്ലിംകളുടെ വീക്ഷണത്തെ ഈ വാക്കുകൾ വ്യക്തമാക്കുന്നു. സൃഷ്ടിയും സ്രഷ്ടാവും, ദുനിയാവും പരലോകവും, നമ്മുടെ കാഴ്ചക്കപ്പുറത്തെ ലോകങ്ങൾ തുടങ്ങി നമ്മുടെ ജീവിതത്തിന് പുറത്തുള്ള പ്രകൃതിയുടെ ലോകമാണത്. യാഥാർത്ഥ്യങ്ങളെ കാണാനാവാതെ വഴിതെറ്റിപ്പോയവരെല്ലാം വരും കാലത്ത് അതിനെ കണ്ടെത്തുകയോ അല്ലെങ്കിൽ സുവ്യക്തമായ ആ ആത്യന്തിക സത്യം സൂര്യവെളിച്ചത്തേക്കാൾ തേജസ്സോടെ പരലോകത്ത് അയാളുടെ മുമ്പിൽ അവതരിക്കുകയോ ചെയ്യും. ഖുർആൻ പറയുന്നു: “ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നിൽ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്. തീർച്ചയായും അവൻ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു. ഉയിർത്തെഴുന്നേൽപുനാളിൽ അവരെല്ലാം ഒറ്റയ്‌ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും.”(സൂറത്തു മറിയം 93-95)

ഇതൊക്കെയാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം ശരിയായി ധ്വനിപ്പിക്കുന്ന ആയത്തുകൾ. നമ്മൾ ആരാധിക്കുകയും പരമമായ സഹായം ചോദിക്കുകയും ചെയ്യുന്ന ദൈവത്തിനോടുള്ള സമ്പൂർണമായ കീഴടങ്ങലാണത്. ജീവികൾ മുഴുവനും ബഹുമാനപുരസരം താഴ്മയോടെ നിൽക്കുകയും നെറ്റികൾ കുമ്പിടുകയും നാവുകളും ഹൃദയങ്ങളും സ്നേഹത്തിൻ്റെ സ്ത്രോത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന ഏകനായ ദൈവമാണത്. പൂർണമായ പ്രണയത്തോടെ സച്ചരിതരായ അടിമകൾ സ്തുതിപാടുന്നത് ആ ദൈവത്തോടാണ്. നമുക്കുമേൽ പെയ്യുന്ന നന്മകളൊക്കെയും അവൻ്റെ മഹത്തരമായ ഔദാര്യമാണ്. ഖുർആൻ്റെ വാക്കുകൾ ഇങ്ങനെ: “നിങ്ങൾക്കുണ്ടാവുന്ന ഏതനുഗ്രഹവും അല്ലാഹുവിൽ നിന്നുള്ളതാണ്. പിന്നീട് നിങ്ങൾക്ക് വല്ല വിപത്തും വന്നുപെട്ടാൽ അവങ്കലേക്കു തന്നെയാണ് നിങ്ങൾ വേവലാതികളോടെ പാഞ്ഞടുക്കുന്നത്.”(സൂറത്തുന്നഹ്ൽ: 53)

READ ALSO  അന്ത്യനാളിലുള്ള വിശ്വാസം-3

അല്ലാഹുവിൻ്റെ പക്കൽ ഏതു തരത്തിലുള്ള നന്മയും സ്വീകാര്യമാണ്, കൂലിയുള്ളതും. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ലെന്ന നിരാകരണമാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക്. അവനോടല്ലാതെ വേറെ ആരോട് വിധേയപ്പെടുന്നതിനെയും അവൻ്റെ നിയമത്തെയല്ലാതെ പിന്തുടരുന്നതിനെയും മറ്റൊരാൾക്കും ദൈവികമായ വിശേഷണങ്ങൾ നൽകുന്നതിനേയും വിൽക്കുകയാണ് ആ വാക്ക്.

യജമാനൻ്റെ സമ്മതത്തോടെ എടുക്കാനായി, ഫലങ്ങൾ നിറഞ്ഞുനിൽക്കുന്ന കട്ടിയുള്ള കൊമ്പുകളും കനത്ത അടിവേരുകളുമുള്ള വൃക്ഷത്തെപ്പോലെയാണ് ഒരു നല്ല വാക്ക്. മാനസിക സ്വാതന്ത്ര്യത്തോടെയും പേടിയോ പരിഹാസശരങ്ങളോ നേരിടാതെയും, പരസ്പരം വെറുപ്പും വിദ്വേഷവും ഇല്ലാതെ എല്ലാവരെയും സ്വന്തം സഹോദരന്മാരെ പോലെ കാണാനാണ് ആ മരത്തിലെ നല്ല ഫലങ്ങൾ കഴിക്കുന്നവർക്ക് സാധിക്കുക. അഹ്ലു കിതാബിലേക്കായി നബിക്ക് അവതരിച്ച സന്ദേശം ഇങ്ങനെയാണ്: പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ”അല്ലാഹു അല്ലാത്ത ആർക്കും നാം വഴിപ്പെടാതിരിക്കുക; അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മിൽ ചിലർ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.” ഇനിയും അവർ പിന്തിരിഞ്ഞുപോകുന്നുവെങ്കിൽ പറയുക: ”ഞങ്ങൾ മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.”(ആലു ഇംറാൻ: 64) കൺകെട്ടു വിദ്യക്കാരോ, മതത്തെ ഇഷ്ടാനുസരണം ചൂഷണം ചെയ്യുന്ന പൗരോഹിത്യമോ ഇസ്‌ലാമിലില്ല. തങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട ചുമതല ഓരോ മുസ്ലിമിനുമുണ്ട്. ദൈവം തന്നോട് വളരെ അടുത്തവനായത് കൊണ്ടുതന്നെ മുസ്ലിമിന് ഒരു മധ്യസ്ഥൻ്റെയും ആവശ്യമില്ല. ലോകത്തിൻ്റെ ഏതു കോണിൽ ഇരുന്നുകൊണ്ടും ഒരു വിശ്വാസിക്ക് തൻ്റെ ആരാധനാ കർമ്മങ്ങൾ നിർവഹിക്കാനാകും. പ്രവാചകൻ (സ്വ) പറയുന്നത് കാണുക: “അല്ലാഹു എൻ്റെ സമുദായത്തിന് ഭൂമിയെ മുഴുവൻ ആരാധന നടത്താൻ ശുദ്ധമാക്കിത്തന്നു. അതുകൊണ്ട് തന്നെ ഏതൊരാൾക്കും നിസ്കാര സമയമായാൽ ഉള്ളിടത്ത് വെച്ച് തൻ്റെ കർമ്മങ്ങൾ നിർവഹിക്കാനാകും.” (സ്വഹീഹുൽ ബുഖാരി)

നിസ്കാരത്തിലെ ഇമാം ഒരു മജീഷ്യൻ അല്ല. പ്രാർത്ഥന നയിക്കാനുള്ള കർമശാസ്ത്രപരമായ അവസ്ഥയിലാണെങ്കിൽ ആർക്കും അതിനു നേതൃത്വം കൊടുക്കാം. ഒരു മുസ്ലിമിന് ഒരു ഇടനിലക്കാരൻ്റെയും സഹായമില്ലാതെ തന്നെ എങ്ങനെ തൻ്റെ കർമ്മങ്ങൾ ചെയ്യണമെന്ന് പഠിക്കാവുന്നതാണ്. മുത്വവ്വഫ് പോലെയുള്ള ചുമതലകൾക്ക് ദീനിലോ ഹജ്ജിലോ അടിസ്ഥാനമൊന്നുമില്ല. വലിയ ആരാധനയായ ഹജ്ജ് വരെ നിർവഹിക്കാൻ ഒരു മുസ്ലിമിന് ഒരു പുരോഹിതൻ്റെയും സഹായം തേടേണ്ടതില്ല എന്നതാണ് ഇസ്‌ലാമിൻ്റെ സൗന്ദര്യം.

പാപം ചെയ്തവൻ എത്ര വലിയവനായാലും ചെറിയവനായാലും വുളൂ, ദാനകർമങ്ങൾ, പാപമോചനം തേടൽ തുടങ്ങി ഒട്ടേറെ മാർഗ്ഗങ്ങളിലൂടെ ആത്മാവിനെ ശുദ്ധീകരിക്കാൻ അല്ലാഹു സഹായിക്കുന്നു. വെറും ചില വാക്കുകൾ കൊണ്ട് മാത്രം തൻ്റെ തിന്മയുടെ അനന്തരഫലങ്ങളിൽ നിന്നും രക്ഷ നേടാനായേക്കും. ഒരു മുസ്ലിമിന് തൻ്റെ പാപങ്ങൾക്ക് സ്രഷ്ടാവിനോട് മാപ്പു ചോദിക്കാൻ ഒരു ഇടനിലക്കാരൻ്റെയും പുരോഹിതൻ്റെയും ഇടപെടൽ വേണ്ട. “എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാൻ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാനുത്തരം നൽകും. അതിനാൽ അവരെന്റെ വിളിക്കുത്തരം നൽകട്ടെ. എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴിയിലായേക്കാം.”(അൽബഖറ: 186) “പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവൻ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.” (അസ്സുമർ: 53).

READ ALSO  ജിഹാദ്

ഇസ്ലാമിൽ മതപണ്ഡിതന്മാർ ആണ് പ്രവാചകരുടെ പിന്തുടർച്ചക്കാരും രാഷ്ട്രത്തിൻ്റെ നേതാക്കളുടെയും സ്ഥാനം അലങ്കരിക്കുന്നത്. അവരാണ് എല്ലാ ജ്ഞാനത്തിൻ്റെയും ഉറവിടം. “ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ആറുദിനംകൊണ്ട് സൃഷ്ടിച്ചവനാണവൻ. പിന്നെയവൻ സിംഹാസനസ്ഥനായി. പരമകാരുണികനാണവൻ. അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കൂ.” (അൽ ഫുർഖാൻ:59). “അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങൾക്ക് ഇത്തരം വിവരംതരുന്ന ആരുമില്ല.” (സൂറ ഫാത്വിർ: 14). “ഇതൊന്നും നിങ്ങൾക്കറിയില്ലെങ്കിൽ നേരത്തെ ഉദ്‌ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.” (അന്നഹ്ൽ: 43). ഒരാൾ തനിക്ക് സ്വയം പഠിച്ച് പണ്ഡിതനായിത്തീരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പിൽ പൗരോഹിത്യത്തിൻ്റെയോ മറ്റോ ഒരുവിധ തടസ്സങ്ങളുമില്ല. മതപരമെന്നും അല്ലാത്തതെന്നും ഉള്ള വേർതിരിവുകൾ ഇസ്ലാമിൽ ഇല്ല. നിയമത്തിലോ, വിദ്യാഭ്യാസത്തിലോ ഒരു തരത്തിലുള്ള സ്ഥാപനവൽകരണവും ഇസ്ലാം അനുവദിക്കുന്നുമില്ല. ( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *