Islam

മുസ്‌ലിം ഐക്യത്തിന്റെ പ്രാധാന്യം -7

ഇസ്‌ലാമിന്റെ അകത്തു തന്നെ നിരവധി വിഭാഗീയതകൾ രൂപപ്പെട്ടിട്ടുള്ളതായി നമുക്ക് കാണാം. എന്നാൽ, അതിനെയെല്ലാം അതിന്റേതായ നിലയിലെടുക്കുകയാണെങ്കിൽ ഒട്ടും അപകടകരമല്ലെന്നതിനു പുറമേ കാലത്തിന്റെ ആവശ്യം കൂടിയാണെന്നു കൂടി വരുന്നു. മതത്തെപ്പറ്റിയുള്ള മനുഷ്യരുടെ തീർപ്പുകളിൽ വ്യത്യസ്തതകളുണ്ടാവുന്നത് ദൈവികാവശ്യമാണ്. സത്യം, രൂപകങ്ങൾ, പൊതുവും സ്വകാര്യവും, അതോറിറ്റി തുടങ്ങിയുള്ള ഗ്രന്ഥങ്ങളിലെ ഭാഷാപരമായ വ്യവഹാരങ്ങളിൽ നിന്നാണ് ഇതെല്ലാമുണ്ടാകുന്നത്. അല്ലാഹു എല്ലാവരെയും ഒരു പോലെയല്ല സൃഷ്ടിച്ചത് എന്നതിനാൽ തികച്ചും സ്വാഭാവികമാണത്. അവൻ ഓരോരുത്തർക്കും വിവിധ അളവുകളിൽ വിവേചന ബുദ്ധിയും വിവേകവും വിജ്ഞാനവും കനിഞ്ഞരുളുകയുണ്ടായി. അഥവാ, ശരീഅത്തിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെല്ലാം ഏകശിലാത്മകമായിരുന്നുവെങ്കിൽ മറ്റുള്ളവർക്ക് തങ്ങളുടെ അഭിപ്രായം പറയാൻ ഏറെ ബുദ്ധിമുട്ടായിപ്പോയേനെ. കാലത്തിനനുസരിച്ചും ദേശത്തിനനുസരിച്ചുമെല്ലാം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന തരത്തിൽ ഫലഭൂയിഷ്ടമായ മണ്ണാണ് കർമശാസ്ത്രത്തെപ്പറ്റിയുള്ള വ്യവഹാരങ്ങൾക്ക് എപ്പോഴുമുള്ളത്. കാര്യങ്ങൾ അങ്ങനെയൊക്കെയാകുമ്പോൾ, ഇത്തരം വ്യത്യസ്തതകളെ മായ്ച്ചുകളഞ്ഞ് എല്ലാം ഏക സ്വഭാവത്തിലാക്കണമെന്ന വാദം വലിയ വിഡ്ഢിത്തമാണ്. മദ്ഹബുകളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും വൈവിധ്യമാണ് അവയെ രൂപപ്പെടുത്തുന്നത്.

വളരെ ആത്യന്തികമായ ഈ വ്യത്യസ്തതകളെ സമ്പന്നമായ ചർച്ചകളിലേക്ക് ആവാഹിക്കുകയാണ് നമ്മൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ചില പണ്ഡിതരൊക്കെ ചെയ്തതുപോലെ അതെല്ലാം നമ്മെ ഭിന്നിപ്പിക്കാനല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കാനുള്ളതാണെന്ന ചിന്തയാണ് നമുക്കുണ്ടാവേണ്ടത്. ഇസ്‌ലാമിക രാഷ്ട്രമെന്ന വിലാസത്തിൽ നമുക്ക് ഒരുമയുണ്ടാകണം. നാം നമുക്കാവശ്യമായ സ്ഥാപനങ്ങളും മറ്റും നിർമിക്കുന്നതോടൊപ്പം നമ്മെ ഭിന്നിപ്പിക്കാനായി തരം നോക്കിയിരിക്കുന്ന ചില ശത്രുക്കൾ നമ്മുടെ പിന്നാലെ എപ്പോഴുമുണ്ടെന്ന ഓർമ വേണം. പ്രത്യേകിച്ചും ഇസ്‌ലാമിനെതിരെ കാര്യമായ ഗൂഢാലോചന നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. നമ്മൾ അതിന്റെ സ്വഭാവത്തെയും സാംസ്‌കാരികതയെയും സ്വത്വത്തെയുമെല്ലാം നിരന്തരം പുതുക്കിപ്പണിഞ്ഞിട്ടും നമ്മൾ അപകടത്തിൽതന്നെയാണ്. പ്രത്യേകിച്ചും മതവിദ്യാഭ്യാസത്തിൽ പോലും അവരിടപെടുകയും അതിന്റെ സന്ദേശത്തെത്തന്നെ കെടുത്തിക്കളയുന്ന തരത്തിൽ അവരുടെ ഇടപെടലുകൾക്കു മുമ്പിൽ നമുക്ക് കീഴടങ്ങേണ്ടിവരികയും ചെയ്യുന്നു.

അപകടങ്ങളെ തരണം ചെയ്തപ്പോഴൊക്കെയും ഒന്നിച്ചുനിന്നുകൊണ്ടാണ് ഇസ്‌ലാമിക ലോകം അവയെയെല്ലാം ചെറുത്തുനിന്നത്. ശരീഅത്ത് മുഖേന ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന മതപണ്ഡിതരാണ് ഇതിന് ചുക്കാൻ പിടിക്കേണ്ടത്. അഥവാ, പറഞ്ഞുറപ്പിച്ച കാര്യങ്ങളിൽ നമ്മൾ പരസ്പരം സഹകരിക്കുകയും നമ്മുടെ നിസ്സഹകരണങ്ങളെ പരസ്പരം കൈമാറുകയും ചെയ്യുകയെന്നതാണ് അതിന്റെ വഴി. സത്യത്തെ തുറന്നുകാണിക്കുകയും നന്മക്കുവേണ്ടി ഒരുമിക്കുകയും ചെയ്യുന്ന അർഥവത്തായതും ക്രിയാത്മകവുമായ വ്യവഹാരങ്ങളിലേർപ്പെടുകയെന്നതാണ് അതിലൂടെ ചെയ്യാനുള്ളത്. അത്തരത്തിലുള്ള ചർച്ചകൾക്കുശേഷം സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പുറത്ത് നമ്മളിരുന്നാലോചിക്കുകയും ശാസ്ത്രീയമായും നിക്ഷ്പക്ഷമായും അക്രമമാർഗത്തിൽ നിന്നകന്ന് കൂടിയാലോചനകളിലേർപ്പെടുകയുമാണ് വേണ്ടത്. ഒരു മുസ്‌ലിം സഹോദരനുമായി സാഹോദര്യത്തിലേർപ്പെടാൻ പ്രാഥമികമായി വേണ്ടത് അവനെപ്പറ്റി നല്ലതു വിചാരിക്കുകയും തെളിവുകളുടെ അഭാവത്തിൽ അയാളെ കുറ്റം പറയാതിരിക്കുകയും ആരോപണങ്ങളുയർത്താതിരിക്കുകയും ചെയ്യുകയെന്നതാണ്. അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ അക്രമമെന്നത് യാതൊരാവശ്യവുമില്ലാതെ ശിർക്കാരോപിക്കുകയും ഇസ്‌ലാമിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയെന്നതാണ്. അതുണ്ടാകുമ്പോൾ വലിയ വാഗ്വാദങ്ങളുണ്ടാകുകയും അനാവശ്യ വിവാദങ്ങളുണ്ടാകുകയും ചെയ്യും. അത്തരത്തിലുള്ള ഗോസിപ്പുകളുയരുമ്പോഴൊക്കെയും മുസ്‌ലിം സഹോദരന്റെ ഭാഗത്തിനനുസരിച്ച് നിൽക്കുകയാണ് വേണ്ടത്. കാരണം അത്തരം കാര്യങ്ങൾ കൃത്യമായി അറിയുന്നതും നിരീക്ഷിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. നമുക്ക് അവന്റെ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ അർഹതയില്ല തന്നെ. മറ്റുള്ളവരെപ്പറ്റി തെറ്റുവിചാരിക്കുന്നതിനെതിരെയും വ്യക്തികളെയും സമൂഹത്തെയുമെല്ലാം പഴിചാരുന്നതിനെതിരെയുമെല്ലാം മുസ്‌ലിംകൾക്ക് മുന്നറിയിപ്പു നൽകുന്ന നിരവധി ഹദീസുകളാണുള്ളത്.

READ ALSO  ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും-1

‘ആരെങ്കിലും തന്റെ സഹോദരനെ മുനാഫിഖെന്നോ കാഫിറെന്നോ വിളിച്ചാൽ ആ വിളി അവനിലേക്ക് തന്നെ മടങ്ങിവരും'(സ്വഹീഹുൽ ബുഖാരി) ‘ആരെങ്കിലും പരസ്പരം കാഫിറെന്നുവിളിച്ചാൽ അത് പരസ്പരം അക്രമങ്ങളും രക്തച്ചൊരിച്ചിലുമുണ്ടാക്കും’ (സ്വഹീഹ് മുസ്‌ലിം) അത് ശാസ്ത്രീയപരമായും സാമൂഹികപരമായും തെറ്റാണെന്നതിനു പുറമേ അത് മുസ്‌ലിം ഐക്യത്തെ തകർക്കുകയും പ്രവാചകർ സൂചിപ്പിച്ചതുപോലെ പരസ്പരം അക്രമങ്ങളുണ്ടാകുന്നതിലേക്ക് നയിക്കുകയും ചെയ്യും. അതൊരു വലിയ സാമൂഹിക പ്രശ്‌നം കൂടിയാണ്. അഥവാ, പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കുഫ്‌റിന്റെ ആരോപണം നടത്തുന്നത് വഴി അത്തരം സംശയങ്ങളുയരാത്ത ആരുമില്ലാതായി മാറും. മാത്രവുമല്ല, ഇത്തരം ആരോപണങ്ങളുയർത്തുക വഴി ജനങ്ങളുടെ കാശിനും ജീവനും വിലയില്ലാതാക്കി മാറ്റുകയും അവരെ അരക്ഷിതരാക്കുകയും ചെയ്യും.

നമുക്കിടയിൽ ഇത്രമാത്രം അഭിപ്രായഭിന്നതകളുണ്ടായിട്ടും ഖിബ്‌ലയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ല. മുസ്‌ലിംകൾ ഏതു ദേശക്കാരായാലും അഭിപ്രായക്കാരായാലും അവരെല്ലാം അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കുന്നവരാണ്. നിങ്ങളുടെ ഈ സമുദായം സത്യത്തിൽ ഒരൊറ്റ സമുദായമാണ്. ഞാൻ നിങ്ങളുടെ നാഥനും. അതിനാൽ നിങ്ങളെനിക്കു മാത്രം വഴിപ്പെടുക. “എന്നാൽ അവർ തങ്ങളുടെ മതകാര്യത്തിൽ നിരവധി ചേരികളായി. അറിയുക: എല്ലാവരും നമ്മിലേക്ക് തിരിച്ചുവരേണ്ടവരാണ്.” (സൂറത്തുൽ അമ്പിയാഅ്: 91-92)

ഏകദൈവത്തിൽ വിശ്വസിക്കുന്നതും ശരീഅത്തിനാൽ ഒരുമിപ്പിക്കപ്പെടുന്നതുമെല്ലാം നമ്മളെ പരസ്പരം വിശ്വസിക്കുന്ന സഹോദരങ്ങളാക്കി മാറ്റുന്നു. അവർക്കിടയിൽ ശാശ്വതമായ സുഹൃദ്ബന്ധവും ഒരുമയുമുണ്ടാകാനായി ഇസ്‌ലാം ആഹ്വാനം ചെയ്യുന്നതിങ്ങനെയാണ്: ‘ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവൻ ഇതരനെ അടിച്ചമർത്തുകയോ വഞ്ചിക്കുകയോ ഇല്ല’ (സ്വഹീഹുൽ ബുഖാരി) തങ്ങളുടെ കുറ്റങ്ങളെ മറ്റുള്ളവരുടെ മേൽ പഴിചാരുകയും അവരിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്യുന്നവർ ശത്രുക്കളുടെ കൈകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്’ (സ്വഹീഹുൽ ബുഖാരി) മാത്രവുമല്ല, മുസ്‌ലിം സഹോദരന്മാർക്കിടയിലെ സാമുദായികമായും വ്യക്തിപരമായുമെല്ലാം ഉണ്ടാകുന്ന പടലപ്പിണക്കങ്ങളെയും തർക്കങ്ങളെയുമെല്ലാം പരിഹരിക്കുന്നവർ അല്ലാഹുവിന്റെ പക്കൽ ഏറ്റവും പരിഗണിക്കപ്പെടുന്നവരിൽ പെടും. ‘അതുകൊണ്ട് മുസ്‌ലിം സഹോദരന്മാർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും അല്ലാഹുവിനെ ഭയക്കുകയും ചെയ്യുക, നിങ്ങൾ അവന്റെ കരുണക്ക് പാത്രമായേക്കും’. (സൂറത്തുൽ ഹുജറാത്ത്: 10)

തീർച്ചയായും, നോമ്പിനേക്കാളും പ്രാർഥനകളേക്കാളും ദാനധർമ്മങ്ങളേക്കാളുമേറെ പ്രാധാന്യവും അല്ലാഹുവിങ്കൽ സ്വീകാര്യതയുമുള്ളത് ഇതിനാണെന്നാണ് മേൽപറഞ്ഞ ഹദീസുകളൊക്കെയും വ്യക്തമാക്കുന്നത്. ഏകദൈവവിശ്വാസത്തിലൂടെയും ഒരേ ഖിബ്‌ലക്ക് തിരിഞ്ഞുനിന്ന് നമസ്‌കരിക്കുന്നതിലൂടെയും നമ്മുടെ സഹോദരന്മാരായി മാറുന്നതോടെ മറ്റുള്ള കെട്ടുപാടുകളിൽ നിന്നെല്ലാം മോചിതരാവുകയാണ് നാം. പ്രാദേശികവും വംശീയവുമായ ചിന്താഗതികളിൽ നിന്ന്, ആശ്രയത്വത്തിന്റെയും ഇറക്കുമതി ചെയ്യപ്പെട്ട കാര്യങ്ങളെ ഒരു കാര്യവുമില്ലാതെ അനുധാവനം ചെയ്യുന്നതിന്റെയും പ്രശ്‌നങ്ങളെപ്പറ്റി അതെ നമ്മെ ബോധവാന്മാരാക്കിക്കൊണ്ടിരിക്കുന്നു. ലെഫ്റ്റിസ്റ്റ് യൂറോകേന്ദ്രീകൃത വ്യവസ്ഥകളാവട്ടെ സ്വതാൽപര്യങ്ങൾ മാത്രം മുന്നിൽക്കണ്ട്, നമ്മുടെ താൽപര്യങ്ങളെയൊന്നും ഒട്ടും മുഖവിലക്കെടുക്കാതെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള ഇസ്‌ലാമിക ഏകബോധത്തെപ്പറ്റി നമ്മൾ ഭംഗിവാക്കു പറയുന്നതിനപ്പുറം കർമമണ്ഡലത്തിൽ കൂടി അതിനെ കൊണ്ടുവരേണ്ടതുണ്ട്. അതിനെ വിശാലമാക്കി ആധുനിക ലോകത്ത് ഒരു രാഷ്ട്രീയ രൂപമാക്കി മാറ്റേണ്ട കാലമാണിത്. അല്ലാഹുവിന്റെ നിർദ്ദേശങ്ങളോട് നീതിപുലർത്തുക വഴി അതിനെ നിരന്തരം പരിഷ്‌കരിക്കാനാകും. “അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ദുർബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങൾ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.”(സൂറത്തുൽ അൻഫാൽ: 46)

READ ALSO  ജീവിതത്തെ ബോധപൂ‍ർവം സമീപിക്കുന്നവരോട്

അതെല്ലാം കൊണ്ടുതന്നെ ഇസ്‌ലാമികരാഷ്ട്രത്തെ കീഴടക്കി വെച്ചവരിൽ നിന്നും അതിനെ മോചിപ്പിക്കുകയും സാമ്പത്തികം, സൈനികം തുടങ്ങിയ താൽപര്യങ്ങൾക്കനുസരിച്ച് അതിനെ സുശക്തമാക്കി നിലനിർത്തുകയും വേണം. അതുതന്നെയാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്. ആരുതന്നെ തങ്ങളെ അടിച്ചമർത്തുന്നവർക്കെതിരെ രംഗത്തുവന്നാലും അവരെ സഹായിക്കൽ മുസ്‌ലിംകളുടെ മേൽ പൊതുബാധ്യതയാണ്. ഫലസ്തീനെ സംബന്ധിച്ചു സംസാരിക്കുകയാണെങ്കിൽ അത് ഒരു സമരഭൂമിയായാണ് നമ്മൾ കാണുന്നത്. നബി തങ്ങൾ പരിപാവനമെന്ന് വിശേഷിപ്പിച്ച, അൽഅഖ്‌സ നിലനിൽക്കുന്ന ഭൂമിയാണത്. നമ്മൾ അവസരം കിട്ടുമ്പോഴെല്ലാം ഒന്നിക്കുകയും വ്യത്യസ്തതകളെല്ലാം അരുക്കാക്കി എങ്ങനെ ഐക്യദാർഢ്യപ്പെടുകയും വേണമെന്നതിനുള്ള ചൂണ്ടുപലകയാണത്.

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *