Islam

ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാർമികത – 6

ഇസ്ലാമിന്റെ ആരംഭകാലം മുതൽ തന്നെ അല്ലാഹു സവിശേഷ പ്രാധാന്യത്തോടെയാണ് ധാർമികതയെ വീക്ഷിച്ചത്. അല്ലാഹു പ്രവാചകരെ സ്തുതിക്കുന്നതിങ്ങനെയാണ്: ‘നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീർച്ച.’ (സൂറത്തുൽ ഖലം: 4) പ്രവാചകർ സ്വയം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നതിങ്ങനെ:’നല്ല സ്വഭാവവിശേഷങ്ങൾ പൂർത്തീകരിക്കുവാനാണ് അല്ലാഹു എന്നെ നിയോഗിച്ചത്’. (മുസ്‌നദ് അഹ്മദ്) ഇസ്ലാമിലെ നിർബന്ധിതമായ അഞ്ചു കാര്യങ്ങൾ ലക്ഷ്യം വെക്കുന്നത് ജീവിതത്തെ സാർഥകമാക്കുന്ന ധാർമികതയിലാണ്. അവയെ യാഥാർഥ്യവൽകരിക്കുന്നതിൽ പരാജയപ്പെട്ടാൽ അല്ലാഹുവിന്റെ പക്കൽ സ്വീകാര്യനല്ല എന്നാണർഥം.

നമസ്‌കാരം (സ്വലാത്ത്) നമ്മെ വലിയ തെറ്റുകളിൽ നിന്നും (ഫഹ്ശാഅ്) ദുഷ്‌ചെയ്തികളിൽ നിന്നും (മുൻകർ) നമ്മെ സംരക്ഷിക്കുന്നു. മനുഷ്യൻ സ്വന്തം കയ്യിൽ നിന്നെടുത്തുകൊടുക്കുന്ന സ്വദഖ അയാളുടെ സമ്പാദ്യത്തെ മുഴുവനും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അതിലുപരിയായി, ഹജ്ജ് ചെയ്യാനുദ്ദേശിച്ച് ഇഹ്‌റാമിൽ പ്രവേശിച്ചവന് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനോ മറ്റു തെറ്റുകൾ പ്രവർത്തിക്കാനോ അനുവാദമില്ല. മേൽപറഞ്ഞ ആരാധനകൾ യഥാർഥ ഫലം ഉൽപാദിപ്പിച്ചിട്ടില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് പ്രവാചകർ (സ്വ) വിശദീകരിക്കുന്നതിങ്ങനെ: ‘തെറ്റിനെ തെറ്റായി കാണാതിരിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന് വേണ്ടി ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല'(സ്വഹീഹുൽ ബുഖാരി). യഥാർഥ വിശ്വാസത്തിലേക്കെത്തിക്കാൻ ഈ ധാർമികതയെ പുനരവതരിപ്പിക്കുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്യുന്നത്. ഖുർആൻ വിശ്വാസികളെപ്പറ്റി വിശദീകരിക്കുന്നതിങ്ങനെ: “അവർ തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തി പുലർത്തുന്നവരാണ്. അനാവശ്യങ്ങളിൽനിന്ന് അകന്നുനിൽക്കുന്നവരാണ്; സകാത്ത് നൽകുന്നവരുമാണവർ; തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും. തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവർ വേഴ്ചകളിലേർപ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാർഹമല്ല. എന്നാൽ അതിനപ്പുറം ആഗ്രഹിക്കുന്നവർ അതിക്രമകാരികളാണ്. ആ സത്യവിശ്വാസികൾ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂർത്തീകരിക്കുന്നവരാണ്.” (സൂറത്തുൽ മുഅ്മിനൂൻ: 1-7)

സ്വഹീഹായ ഹദീസുകൾ പലതും രൂപപ്പെടുത്തുന്നത് ഇത്തരം നന്മകളെയും ധാർമികതയെയുമാണ്: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ തങ്ങളുടെ അതിഥികളെ ഉദാരമായി സൽക്കരിച്ചുകൊള്ളട്ടെ.. തന്റെ അയൽപക്കക്കാരെ മുറിവേൽപിക്കാതിരിക്കട്ടെ. ദയ ശീലമാക്കട്ടെ. നല്ലതുമാത്രം സംസാരിക്കുകയും അല്ലാത്തവയെപ്പറ്റി നിശബ്ദത പാലിക്കുകയും ചെയ്യട്ടെ..” (സ്വഹീഹുൽ ബുഖാരി) “തന്റേതിനു പുറമേ മറ്റു ജനങ്ങളുടെ സമ്പത്തിനും ശരീരങ്ങൾക്കും പ്രതിരോധമേകുന്നവനാണ് യഥാർഥ വിശ്വാസി.” (തിർമുദി) തെറ്റുകൾ പ്രവർത്തിക്കുന്നവരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു: “അസാന്മാർഗികമായ പാതയിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ ആ സമയത്ത് വിശ്വാസിയല്ല. അതുപോലെത്തന്നെയാണ് മദ്യപാനിയുടെ കാര്യവും.” (സ്വഹീഹുൽ ബുഖാരി) ‘അയൽവാസി പട്ടിണിയാണെന്നറിഞ്ഞുകൊണ്ട് വയറുനിറച്ചു കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല.’ (ത്വബ്‌റാനി) അതുപോലെ ഖുർആനികാധ്യാപനങ്ങളിലും ഹദീസുകളിലും പണ്ഡിതാഭിപ്രായങ്ങളിലുമൂന്നി ഈ ധർമത്തെ മതപഠനമെന്ന മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഇസ്‌ലാം. ഈ ധാർമികമൂല്യങ്ങളിൽ നിന്നും ദൈവികനിയമത്തിലുൾപ്പെട്ടവയാണ് വാജിബ് എന്നത്. ദൈവം നിഷിദ്ധമാക്കിയവയാണ് ഹറാം.

നീതി, കാരുണ്യം, സത്യസന്ധത, വിശ്വാസം, വാക്കുപാലിക്കൽ, കഠിനമായ കാലത്തെ ക്ഷമാശീലത, വിനയം, വിശ്വാസദാർഢ്യം, ധൈര്യം, ഉദാരത, ധാർമികത, പാവപ്പെട്ടവരോടും അശരണരോടും ബലഹീനരോടും ദയ കാണിക്കൽ, അവർക്ക് ഊർജ്ജം പകരൽ തുടങ്ങി ഒട്ടേറെ നന്മകളിലൂന്നിയതാണ് ഇസ്‌ലാമികപാഠങ്ങൾ.

READ ALSO  ഇസ്ലാമിക രാഷ്ട്രവും മുസ്ലിം പൗരനും-1

സൂറത്തുൽ അൻഫാൽ, അൽമുഅ്മിനൂൻ, അർറഅ്ദ്, അൽഫുർഖാൻ തുടങ്ങിയ അധ്യായങ്ങളിൽ ഇതെപ്പറ്റിയുള്ള ഒട്ടനവധി പരാമർശങ്ങൾ കാണാം. നുണ പറയൽ, അടിച്ചമർത്തൽ, കള്ളസാക്ഷ്യം, ക്രൂരത, പരിഹാസം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇതിനു തൊട്ടുവിപരീതമായുണ്ട്. അതിലുപരി, അധാർമികതയുമായി ബന്ധപ്പെട്ടതെന്തും, അത് മദ്യം കുടിക്കുന്നതുപോലുള്ള കാര്യങ്ങളാവട്ടെ അല്ലെങ്കിൽ കുട്ടികളോടും വയോജനങ്ങളോടും കരുണ പുലർത്താതിരിക്കലാവട്ടെ ഇസ്ലാമിൽ അവയെല്ലാം ആത്യന്തികമായി നിഷിദ്ധമായ കാര്യങ്ങളാണ്. പക്ഷേ അവയിൽ ചിലത് മറ്റുള്ളവയെക്കാൾ ഗൗരവകരമായിരിക്കും. ഖുർആൻ പറയുന്നതിങ്ങനെ: മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? അവൻ അനാഥയെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനും. (സൂറ മാഊൻ: 1-3) തന്റെ ഹൃദയത്തിൽ പാപം പേറുന്നവൻ, അതെത്ര ചെറുതായാലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല (സ്വഹീഹ് മുസ്ലിം)

ഒരു ഹദീസിൽ അല്ലാഹു പറയുന്നതിങ്ങനെ: എനിക്ക് മറ്റുള്ളവർ ഒപ്പമുണ്ടാവലാണ് ആവശ്യം. ചിലയാളുകൾ എന്നെ അനുസരിക്കുകയും ചിലർ ധിക്കരിക്കുകയും ചെയ്യും. എന്റെ സേവകാ, ഞാനൊട്ടും അനീതി പ്രവർത്തിക്കാറില്ല. അതുകൊണ്ടുതന്നെ നാം നിങ്ങൾക്കിടയിലതു നിഷിദ്ധമാക്കുകയും ചെയ്യും. (സ്വഹീഹ് മുസ്‌ലിം) അഴിമതിയും സ്വജനപക്ഷപാതിത്വവുമെല്ലാം എത്രമേൽ ഗൗരവമാണെന്നതിന് കൂടുതൽ തെളിവു വേണ്ടല്ലോ. തെറ്റായി സാക്ഷ്യം വഹിക്കുന്നത് അല്ലാഹുവിൽ അവിശ്വാസം പ്രകടിപ്പിക്കുന്നതിനു തുല്യമാണ്. ഒരു പൂച്ചക്ക് ഭക്ഷണം നൽകാതെ കെട്ടിയിട്ടതിനാണ് ഒരു സ്ത്രീയുടെ നരകപ്രവേശനത്തിനു കാരണമായത്. പ്രവാചകൻ ചോദിച്ചു: “ഏറ്റവും വലിയ പാപങ്ങളെന്തെന്നു ഞാൻ പറഞ്ഞുതരട്ടെ? അല്ലാഹുവിന് പങ്കുകാരെ ചേർക്കുകയും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുകയും കള്ളസാക്ഷ്യം വഹിക്കുകയുമാണത്. കള്ളസാക്ഷിയാവുന്നതിനെ നിങ്ങൾ സൂക്ഷിച്ചുകൊള്ളണേ..” പ്രവാചകർ വീണ്ടു വീണ്ടും പറയുന്നു: “ബന്ധുജനങ്ങൾക്ക് മറ്റുളളവരേക്കാൾ പരിഗണന കൊടുക്കുന്നവൻ സ്വർഗസ്ഥനാകുകയില്ല.” “ഒരാൾ വ്യഭിചാരത്തിലേർപ്പെടുകയാണെങ്കിൽ ആ സമയത്ത് അയാൾ ദീനിൽ നിന്നു പുറത്തുപോകുന്നു. മദ്യപാനിയുടെയും അവസ്ഥ അതുതന്നെ, മോഷ്ടാവും മോഷണസമയത്ത് ഈമാനിന്റെ കള്ളിയിൽ നിന്നും പുറത്തുകടക്കുന്നു.” (സ്വഹീഹുൽ ബുഖാരി)

സർവവ്യാപിയാണ് ഇസ്ലാമിലെ ധാർമികത. ശാസ്ത്രത്തിനെയും ധാർമികതയെയും വേർതിരിക്കുന്ന, സാമ്പത്തികകാര്യങ്ങൾക്കും എത്തിക്‌സിനും യുദ്ധത്തിനും രാഷ്ട്രീയത്തിനുമെല്ലാമിടയിൽ മറ്റു തത്വശാസ്ത്രങ്ങൾക്കും സാംസ്‌കാരികതകൾക്കുമില്ലാത്ത പ്രത്യേകത ഇസ്ലാം വിഭാവനം ചെയ്യുന്ന ധാർമികതക്കുണ്ട്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നതുപോലുള്ള തിയറികളോടും ഇസ്ലാമിന് യോജിപ്പില്ല. എത്ര നല്ല കാര്യങ്ങളെയും അധാർമികവും പിഴച്ചതുമായ വഴികളിൽ കൊണ്ടെത്തിക്കുമെന്നുള്ളതു കൊണ്ടാണത്. പിഴച്ച വഴികളിലൂടെ എത്ര നന്മ പ്രവർത്തിച്ചാലും അല്ലാഹുവിന്റെ പക്കൽ അതൊന്നും സ്വീകാര്യമല്ല. ശുദ്ധിയുള്ള കൈ കൊണ്ടാകുക എന്നതാണ് പരമപ്രധാനമായത്. പലപ്പോഴും പളളികൾ പോലും നിർമിക്കപ്പെടുന്നത് ഹറാമായ മാർഗത്തിലൂടെ സമ്പാദിച്ച പണം കൊണ്ടാണ്. ‘അല്ലാഹു നല്ലവനാണ്, നല്ലതേ അവൻ സ്വീകരിക്കൂ..’ (സ്വഹീഹുൽ ബുഖാരി)

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *