Islam

ഖുർആനും പ്രവാചകാധ്യാപനങ്ങളും -8

ഇസ്‌ലാമിക വിശ്വാസത്തിലെ ഏറ്റവും പരമമായ ഗ്രന്ഥം ഖുർആനും അത് വിഭാവനം ചെയ്യുന്ന നിയമവും ധാർമികതയും മൂല്യങ്ങളുമെല്ലാമാണ് എന്നാണ് മുസ്ലിംകളായ നമ്മൾ വിശ്വസിക്കുന്നത്. ഒരുതരത്തിലും തെറ്റോ തെറ്റിദ്ധാരണയോ ഉണ്ടാകാത്ത കൈകളിൽ നിന്നാണതവതരിച്ചത് എന്നതിനാൽ അതിന്റെ അപ്രമാദിത്യം ഒരിക്കലും വീണുപോകുന്നതല്ല. പ്രവാചകന്റെ ജീവിതമാർഗത്തെ വരച്ചുകാണിക്കുന്ന സുന്നത്തുതന്നെ കേന്ദ്രീകൃതമായിരിക്കുന്നത് ഖുർആനിന്റെ മേലാണ്. പൂർണമായും ഖുർആനെ അംഗീകരിക്കാതെ ഒരാൾക്ക് മുസ്‌ലിമാകാൻ പറ്റില്ല തന്നെ. മുസ്‌ലിംകൾക്കിടയിലുള്ള ഒരു വിഭാഗീയതകൾക്കും ചേർത്തുനിർത്താൻ പറ്റാത്ത തരത്തിൽ എല്ലാ വിധ വളച്ചുകെട്ടലുകളിൽ നിന്നും കൂട്ടിച്ചേർക്കലുകളിൽ നിന്നും ശാശ്വതമായി മുക്തമാക്കപ്പെട്ടിരിക്കുന്നു ഖുർആൻ.

ലോകമുസ്‌ലിംകളുടെ മുഴുവൻ ഗ്രന്ഥമായ ഖുർആനെ പരിഗണിക്കാനും സംരക്ഷിക്കാനും അതിന്റേതായ സ്ഥാനത്തുനിർത്താനും ബഹുമാനിക്കാനുമെല്ലാം അല്ലാഹു കൽപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ് ഈ ഖുർആൻ-ഉദ്‌ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.” (സൂറത്തുൽ ഹിജ്ർ:9)

അറബി ഭാഷയിൽ ഇറക്കപ്പെട്ട ഖുർആൻ സംസാരിക്കുന്നത് അറബികളുടെ ഭാഷാശൈലിയിലാണ്. പക്ഷേ, സാർവലൗകികമായ തത്വങ്ങളാണ് അത് എല്ലാവരോടുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: “തന്റെ ദാസന് ശരിതെറ്റുകളെ വേർതിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകർക്കാകെ മുന്നറിയിപ്പു നൽകുന്നവനാകാൻ വേണ്ടിയാണിത്.” (അൽഫുർഖാൻ: 1). അതുകൊണ്ട് തന്നെ വിശുദ്ധ ഖുർആന്റെ അർഥത്തെ മറ്റുള്ളവരിലേക്ക് വ്യാഖ്യാനിച്ചും, തർജമ ചെയ്തുമെല്ലാം എത്തിക്കുന്നത് മുസ്‌ലിംകളുടെ മേൽ ബാധ്യതയാണ്. അതുവഴിയാണ് അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്കെത്തുകയും യഥാർഥ ദൈവികശക്തിയുടെ തെളിവുകൾ അവർക്ക് കാണിച്ചുകൊടുക്കാനും അതുവഴി അവർക്ക് പ്രപഞ്ചനാഥനെ അടുത്തറിയാനുമെല്ലാം കഴിയുക.

പ്രവാചകൻ മുഹമ്മദ് (സ്വ) തങ്ങളുടെ ജീവിതരേഖയായ ഹദീസുകളാണ് ഇസ്‌ലാമിൽ ഖുർആനിനു ശേഷമുള്ള രണ്ടാമത്തെ പ്രമാണം. തികച്ചും വിശ്വാസയോഗ്യമായ മാർഗങ്ങളിലൂടെയും രൂപങ്ങളിലൂടെയുമാണ് അത് സ്വഹാബാക്കളിൽ നിന്നും നമ്മിലേക്കെത്തിയിട്ടുള്ളത്. അല്ലാഹു പ്രവാചകന്മാരുടെ ദൗത്യത്തെ വിശദീകരിക്കുന്നതിങ്ങനെ: “ഈ ജനത്തിനെന്താണ് പ്രതീക്ഷിക്കാനുള്ളത്? അവരുടെ അടുത്ത് മലക്കുകൾ വരുന്നതോ അല്ലെങ്കിൽ നിന്റെ നാഥന്റെ കൽപന വന്നെത്തുന്നതോ അല്ലാതെ. അവ്വിധം തന്നെയാണ് അവർക്ക് മുമ്പുള്ളവരും ചെയ്തത്. അല്ലാഹു അവരോട് ഒരക്രമവും ചെയ്തിട്ടില്ല. അവർ തങ്ങളോടുതന്നെ അക്രമം കാണിക്കുകയായിരുന്നു” (സൂറത്തുന്നഹ് ല് : 44).

ഖുർആൻ മുഴുവൻ ലോകത്തിനും പകർന്നുനൽകുന്നത് ദൈവികമായ മാർഗദർശിത്വമാണെങ്കിൽ ഹദീസ് പറയുന്നത് നബിയുടെ സമൂഹത്തിനുള്ള കൽപനകളും വിലക്കുകളുമായെല്ലാമാണ്. അത് ഒരുപക്ഷേ ഖുർആൻ വചനങ്ങൾക്ക് സമ്പൂർണവും പ്രത്യേക സാഹചര്യങ്ങളിലുള്ളതുമായ വിശദീകരണമായും അത് പറയപ്പെട്ടേക്കാം. അഥവാ, പ്രവാചകൻ സംസാരിക്കുന്നതൊന്നും വ്യർഥമല്ലെന്നും അല്ലാഹുവിന്റെ കൽപനകൾക്കു സമാനമാണ് പ്രവാചകന്റേതുമെന്നാണ്. അല്ലാഹു പറയുന്നു: “ദൈവദൂതനെ അനുസരിക്കുന്നവൻ ഫലത്തിൽ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേൽനോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.” (സൂറത്തുന്നിസാഅ്: 80)

പ്രവാചകനെ അനുസരിക്കുന്നതും ദൈവാനുസരണയാണെന്നും പ്രവാചകനെ സ്‌നേഹിക്കുന്നതുവരെ ദൈവത്തോടുള്ള സ്‌നേഹപ്രകടനമാണെന്നും അല്ലാഹു തന്റെ അടിമകളെ ഖുർആനിക വചനങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. ഖുർആൻ പറയുന്നതിങ്ങനെ: പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങൾ പുറംതിരിഞ്ഞുപോവുകയാണെങ്കിൽ അറിയുക: “ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേൽപിക്കപ്പെട്ട കാര്യത്തിൽ മാത്രമാണ്. നിങ്ങൾക്കുള്ള ബാധ്യത നിങ്ങൾ ഭരമേൽപിക്കപ്പെട്ട കാര്യത്തിലും. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കിൽ നിങ്ങൾക്കു നേർവഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കൽ മാത്രമാണ്.” (സൂറത്തുന്നൂർ: 54) പറയുക: “നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. അപ്പോൾ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും” (സൂറത്തുൽ ഇംറാൻ :31).

READ ALSO  ആരാധനകളും ദൈവ സാമീപ്യവും- 5

തിരുസുന്നത്തിന്റെ സഹായമില്ലാതെ ഖുർആനെ കാര്യമായൊന്നും മനസിലാക്കാനാവില്ലെന്നു പറയുന്നതാവും ശരി. അഞ്ചു നേരത്തെ നിർബന്ധിത നിസ്‌കാരങ്ങളിലും ഹജ്ജിലും വരെ സുന്നത്തുകളുണ്ട് എന്നതുതന്നെ മതി അത് മുസ്‌ലിം ജീവിതത്തോട് എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് മനസ്സിലാക്കാൻ. അതിന്റെ ചട്ടക്കൂടിനകത്തുനിന്നു പുറത്തുകടന്നാണ് ഖുർആനെ വായിക്കാനും വിശദീകരിക്കാനും ശ്രമിക്കുന്നതെങ്കിൽ നിരവധി തെറ്റിദ്ധാരണകൾ നമ്മെ ബാധിച്ചേക്കും. ഖുർആനിന് പ്രവാചകൻ നൽകിയ വ്യാഖ്യാനമാണ് സുന്നത്ത് എന്നു പറഞ്ഞാൽ ഏറെ ശരിയാകും. കാരണം, സുന്നത്ത് എന്ന നാമം സൂചിപ്പിക്കുന്നതുപോലെ തന്നെ വിശദീകരണങ്ങൾക്കും വ്യാഖ്യാനത്തിനുമുള്ള രേഖകളാണത്. അതുകൊണ്ടുതന്നെ രണ്ടു പ്രമാണങ്ങളെയും പ്രത്യേകിച്ചും ആയത്തുകളിറങ്ങിയ സാഹചര്യങ്ങൾക്കനുസരിച്ചും അറബിഭാഷയുടെ പ്രത്യേകതകൾക്കനുസരിച്ചും വായിക്കുക അത്യാവശ്യകരമാണ്. അങ്ങനെയാണ്, കർമശാസ്ത്രത്തിലെ അവിതർക്കിതമായ പല കാര്യങ്ങൾക്കും പണ്ഡിതർ വിശദീകരണങ്ങൾ ചമച്ചത്. അഥവാ, ഇസ്‌ലാമിൽ അംഗീകരിക്കപ്പെടുന്ന പല തെളിവുകളുടെയും പ്രാഥമികമായ പ്രമാണങ്ങൾ ഉണ്ടാകുന്നത് ഖുർആനിലൂടെയും സുന്നത്തിലൂടെയുമാണെന്നർഥം.

( തുടരും )

വിവ- അഫ്സൽ പി.ടി മുഹമ്മദ്

You may also like

More in:Islam

Leave a reply

Your email address will not be published. Required fields are marked *