ജീവിതത്തെ ബോധപൂർവം സമീപിക്കുന്നവരോട്
ആരാണ് മനുഷ്യൻ? അവൻ എവിടെനിന്ന് വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് ജീവിതം? എന്തിനുള്ളതാണ്? എവ്വിധമായിരിക്കണം? മരണശേഷം എന്ത്? ജീവിതത്തെ ബോധപൂർവം സമീപിക്കാനാഗ്രഹിക്കുന്ന ആർക്കും ഇത്തരം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക സാധ്യമല്ല. ഇവയ്ക്കു ലഭിക്കുന്ന മറുപടി ജീവിതത്തിന്റെ ലക്ഷ്യവും മാർഗവും ദിശയും രീതിയും രൂപവും ഭാവവും നിർണയിക്കുന്നതിൽ അനല്പമായ പങ്കുവഹിക്കുന്നു.
മനുഷ്യനിൽ മൂന്ന് അംശമുണ്ട്: ശരീരം, മനസ്സ്, ആത്മാവ്. ശരീരവും ശാരീരികാവശ്യങ്ങളും മനുഷ്യനെപ്പോലെ ഇതര ജീവജാലങ്ങൾക്കുമുണ്ട്. തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക പോലുള്ള ശാരീരികാവശ്യങ്ങൾ എല്ലാ ജീവികളും നിർവഹിച്ചുകൊണ്ടിരിക്കുന്നു. അതിന് അവയെ സഹായിക്കുന്നത് ജന്മവാസനകളാണ്. ഇക്കാര്യത്തിൽ മനുഷ്യനെക്കാൾ മികച്ചുനിൽക്കുന്ന ഒട്ടേറെ ജീവജാലങ്ങൾ ലോകത്തുണ്ട്. ഉദാഹരണമായി തേനീച്ച. അതിന് ദിശയറിയാൻ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. വിരിഞ്ഞുനിൽക്കുന്ന പൂവിന്റെ അടുത്തുചെന്നു നിൽക്കുന്ന സസ്യശാസ്ത്രജ്ഞന് അതിൽ ഏറ്റവും കൂടുതൽ തേനുള്ളതെപ്പോഴാണെന്ന് മനസ്സിലാക്കുക സാധ്യമല്ല. എന്നാൽ അതിന്റെ അരികിലൂടെ പാറിപ്പറക്കുന്ന തേനീച്ചക്ക് അത് അനായാസം അറിയാൻ സാധിക്കും. തേനീച്ചയുടെ കൂട്, നിർമാണ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ്. അതിനിപുണനായ എഞ്ചിനീയർക്കുപോലും അത്തരമൊന്നുണ്ടാക്കാനാവില്ല. തേനീച്ചയുടെ ജോലിവിഭജനം ഒരു പരിഷ്‌കൃത നാഗരിക സമൂഹത്തെക്കാൾ മികച്ചതത്രെ.
ചിതലിന്റെ പുറ്റ് ഏറെ ശ്രദ്ധേയമാണ്. ഭദ്രമായ അനേകം അറകളോടു കൂടിയ അതിന് 25 അടിവരെ ഉയരമുണ്ടാവാറുണ്ട്. ചിതലിന്റെ വലുപ്പവും അതു നിർമിക്കുന്ന പുറ്റിന്റെ ഉയരവും താരതമ്യം ചെയ്ത് മനുഷ്യൻ അതിനനുസൃതമായ വീടുണ്ടാക്കുകയാണെങ്കിൽ ചുരുങ്ങിയത് 1000 നിലയുള്ള കെട്ടിടമെങ്കിലും നിർമിക്കേണ്ടിവരും. തവള അതിന്റെ വലുപ്പത്തിന്റെ ഇരുപതിരട്ടിയോളം ദൂരത്തേക്ക് ചാടാൻ കഴിവുള്ള ജീവിയാണ്. പുൽച്ചാടിയുടെ സ്ഥിതി ഇതിനെക്കാൾ അദ്ഭുതകരമത്രെ. ഉടലിന്റെ വലുപ്പത്തിന്റെ ഇരുനൂറ് മടങ്ങ് ദൂരത്തേക്ക് ചാടാൻ അതിനു സാധിക്കും. അതിനനുസൃതമായി മനുഷ്യൻ ചാടുകയാണെങ്കിൽ നാനൂറ് മീറ്റർ ദൂരമെങ്കിലുമെത്താനവന് കഴിയണം. അത് സങ്കല്പാതീതമാണല്ലോ. ദേശാടനപക്ഷികൾ അവ താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമായി മാറുമ്പോൾ അനേകായിരം കിലോമീറ്റർ അകലെ അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശങ്ങൾ അനായാസം കണ്ടെത്തുന്നു. പെൺ നിശാശലഭങ്ങൾ ശരീരഗന്ധംകൊണ്ട് പതിനൊന്ന് കിലോമീറ്റർ വരെ അകലെയുള്ള പുരുഷ പൂമ്പാറ്റയെ അതിവേഗം ആകർഷിക്കുന്നു. നിന്നേടത്തുനിന്ന് മേല്‌പോട്ടും കീഴ്‌പോട്ടും മുന്നോട്ടും പിന്നോട്ടും പറക്കാനുള്ള തുമ്പിയുടെ കഴിവ് അത്യന്തം വിസ്മയജന്യമത്രെ. പൂച്ചയുടെ കാഴ്ചശക്തിയും നായയുടെ ശ്രവണകഴിവും കഴുകന്റെ ഘ്രാണശേഷിയും മനുഷ്യന്റേതിനേക്കാൾ ഏറെ മികച്ചവയത്രെ.
Also read: ഇസ് ലാമിക നാഗരികത സുന്ദരവും സമുജ്ജലുവുമാണ്
എന്നാൽ മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങൾക്കൊന്നുംതന്നെ തങ്ങളുടെ ജന്മവാസനകളുടെ പരിധിക്ക് പുറത്തുകടക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ വളർച്ചയും വികാസവും പുരോഗതിയുമൊക്കെ അവയ്ക്ക് തീർത്തും അപ്രാപ്യമത്രെ. സഹസ്രാബ്ദങ്ങൾക്കപ്പുറം കൂടുണ്ടാക്കിയതുപോലെത്തന്നെയാണ് തേനീച്ച ഇന്നും കൂടുണ്ടാക്കുന്നത്. പറവകൾ അനേകായിരം വർഷം മുമ്പ് പാറിയ വേഗത്തിലേ ഇന്നും പറക്കുകയുള്ളൂ. പക്ഷേ, മനുഷ്യന്ന് തന്റെ മുഴുജീവിത മേഖലകളിലും വമ്പിച്ച പുരോഗതി നേടാൻ കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന തലമുറകളിലൂടെ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ പാറപ്പൊത്തിലാണല്ലോ പാർത്തിരുന്നത്. പിന്നെ പച്ചിലകൾകൊണ്ട് മറച്ചുണ്ടാക്കിയ കൊച്ചു കൂരകളിൽ കഴിയാൻ തുടങ്ങി. കാലം പിന്നെയും പിന്നിട്ടപ്പോൾ പാർപ്പ് പുല്ലു മേഞ്ഞ പുരകളിലായി. പിന്നീട് താമസം ഓടിട്ട വീടുകളിലായി; ഇപ്പോൾ സുന്ദരമായ സിമന്റ് സൗധങ്ങളിലും. വരാനിരിക്കുന്ന തലമുറകളുടെ വാസസ്ഥലമെവിടെയായിരിക്കുമെന്ന് നമുക്കാർക്കുമിന്ന് പ്രവചിക്കാൻ പോലുമാവില്ല. പറക്കാനുള്ള മോഹം നമ്മുടെ പൂർവികർക്കുമുണ്ടായിരുന്നു. എങ്കിലും അവർക്കത് സങ്കല്പിക്കാനോ സ്വപ്നം കാണാനോ കൂടി സാധ്യമായിരുന്നില്ല. എന്നാൽ നാമിന്ന് പറവകളെക്കാൾ അനേകമിരട്ടി വേഗത്തിൽ പറക്കാൻ സഹായകമായ ഉപകരണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇതിനൊക്കെയും മനുഷ്യനെ സഹായിച്ചത് അറിയാനും പഠിക്കാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും വിവേചിച്ചറിയാനും കഴിവേകുന്ന വിശേഷബുദ്ധിയാണ്. അത് മനുഷ്യപുരോഗതിയുടെയും വളർച്ചയുടെയും നിമിത്തമായി വർത്തിക്കുന്നു.
എന്നാൽ ഇതു മാത്രമല്ല മനുഷ്യന്റെ സവിശേഷത. അവന് ജന്മവാസനകളെ നിയന്ത്രിക്കാനും അവയുടെ മേൽ മേധാവിത്വം പുലർത്താനും സാധിക്കും. ഇതര ജീവജാലങ്ങൾക്കതു സാധ്യമല്ല. വിശന്നു വലഞ്ഞ പശുവിന് പുല്ല് കിട്ടിയാൽ തിന്നാതിരിക്കാനാവില്ല. തന്നേക്കാൾ വിശപ്പുള്ള പശുക്കൾ വിശപ്പടക്കട്ടെ എന്നു കരുതി കാത്തിരിക്കാൻ അതിന് കഴിയില്ല. ദാഹിച്ചു വലഞ്ഞ പട്ടിക്ക് വെള്ളം കിട്ടിയാൽ തന്നെക്കാൾ ദാഹിച്ച തള്ളപ്പട്ടിക്കായി അതു മാറ്റിവെക്കാനോ കുടിക്കാതിരിക്കാനോ സാധ്യമല്ല. ഒരു പൂവൻ കോഴി കൊത്താൻ വന്നാൽ മറ്റൊരു പൂവൻകോഴി ക്ഷമിക്കാറോ സഹിക്കാറോ ഇല്ല. എന്നാൽ മനുഷ്യന്റെ സ്ഥിതിയോ; അതികഠിനമായ വിശപ്പുള്ളപ്പോൾ ആഹാരം അടുത്തുണ്ടെങ്കിലും, അത് തിന്നാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും തിന്നാതിരിക്കാൻ അവന് കഴിയും. കൊടും ദാഹമുള്ളപ്പോൾ വെള്ളം കുടിക്കാൻ കൊതിയുണ്ടെങ്കിലും, വെള്ളം കൈയിൽ കിട്ടിയാലും കുടിക്കാതിരിക്കാൻ കഴിയും. എടാ എന്നു പറയുന്നവനോട് പോടാ എന്നു പറയാൻ പൂതിയുണ്ടെങ്കിലും ആർജിതമായ സംസ്‌കാരംകൊണ്ടോ പ്രതിയോഗിയെ പേടിച്ചോ അങ്ങനെ പറയാതിരിക്കാൻ അവന്ന് സാധിക്കും. ഇത് മനുഷ്യന്റെ സവിശേഷതയാണ്. ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മോഹങ്ങളെ മെരുക്കിയെടുക്കാനും ഇഛകളുടെ മേൽ മേധാവിത്വം പുലർത്താനും മനുഷ്യന് സാധിക്കും. ഇതിനവനെ സഹായിക്കുന്നത് ആത്മീയാംശമാണ്. അതുകൊണ്ടുതന്നെ, മനുഷ്യൻ ജന്മവാസനകളാൽ തീർത്തും നിയന്ത്രിതനോ ബന്ധിതനോ അല്ല. അവന്റെ ജീവിതത്തിനു രണ്ടു വശങ്ങളുണ്ട്: ഒന്ന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സ്വാതന്ത്ര്യവും സാധ്യതയുമുള്ള മേഖല. രണ്ടാമത്തേത് അതില്ലാത്തതും.
നമ്മുടെ നാട്, വീട്, ദേശം, ഭാഷ, കാലം, കോലം, ലിംഗം; ഇതൊന്നും തീരുമാനിക്കുന്നത് നാമല്ലല്ലോ. കേരളത്തിൽ, മലയാളികളായി ജനിക്കണമെന്ന് നാമാരും സ്വയം തീരുമാനിച്ചതല്ല. നാം നീണ്ടവരാകണമോ കുറിയവരാകണമോ മലയാളികളാകണമോ തമിഴരാകണമോ കറുത്തവരാകണമോ വെളുത്തവരാകണമോ ആണാകണമോ പെണ്ണാകണമോ ഇരുപതാം നൂറ്റാണ്ടുകാരാകണമോ ഇരുപത്തൊന്നാം നൂറ്റാണ്ടുകാരാകണമോ എന്നൊന്നും തീരുമാനിക്കാനുള്ള സാധ്യതയോ സ്വാതന്ത്ര്യമോ നമുക്കാർക്കും ലഭിച്ചിട്ടില്ല. ഇതൊക്കെയും അലംഘനീയമായ ദൈവനിയമങ്ങൾക്കു വിധേയമാണ്.
എന്നാൽ മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്ര്യവുമുള്ള വിശാലമായ മറ്റൊരു മേഖല കൂടിയുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്; എന്തു കുടിക്കണം, എന്തു കുടിക്കരുത് പോലുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള സാധ്യത നമുക്കേവർക്കും നൽകപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണത്തിനാണല്ലോ നിയമമെന്നു പറയുക. നമുക്ക് അന്തരീക്ഷത്തിൽ കൈ വീശാൻ സാധിക്കും; പക്ഷേ, അത് മറ്റുള്ളവരുടെ ശരീരത്തിൽ തട്ടരുതെന്ന നിയന്ത്രണമാണ് നിയമമാവശ്യപ്പെടുന്നത്. നമുക്ക് സംസാരിക്കാൻ കഴിയും; എന്നാൽ അത് ഇതരരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആവരുത്.
മനുഷ്യജീവിതത്തിന് ഇവ്വിധം നിയമം അനിവാര്യമാണെന്ന് ഏവരും അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തുള്ള എല്ലാ ജനതകൾക്കും സമൂഹങ്ങൾക്കും നിയമ വ്യവസ്ഥകളുണ്ട്; ഭരണഘടനകളുണ്ട്. അവ നടപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇവിടെ ഒരു ചോദ്യം വളരെ പ്രസക്തമാണ്. ആരാണ് മനുഷ്യന് നിയമം നൽകേണ്ടത്? അവൻ സ്വയം നിർമിക്കുകയാണോ വേണ്ടത്? ഈ ചോദ്യം ബോധമുള്ളവരൊക്കെയും സ്വയം ചോദിക്കാതിരിക്കില്ല. ഒന്നുകൂടി തെളിയിച്ചു പറഞ്ഞാൽ, ഞാനെന്റെ കൈകൊണ്ട് എന്തു ചെയ്യണം, എന്തു ചെയ്യരുത്? കണ്ണുകൊണ്ടെന്ത് കാണണം, എന്തു കാണരുത്? കാതുകൊണ്ട് എന്തു കേൾക്കണം, എന്തൊക്കെ കേൾക്കരുത്? നാവുകൊണ്ട് എന്തു പറയണം, എന്തൊക്കെ പറയരുത്? കാലുകൊണ്ട് എവിടേക്കെല്ലാം പോകാം, എവിടേക്കെല്ലാം പോകരുത്?… ആരാണ് ഇത് തീരുമാനിക്കേണ്ടത്? വേണമെങ്കിൽ നമുക്കു പറയാം: ഇതൊക്കെയും ഓരോരുത്തരും സ്വയം തീരുമാനിച്ചു കൊള്ളട്ടെ. അങ്ങനെയാണെങ്കിൽ അറുനൂറു കോടി മനുഷ്യരുടെ പരസ്പര വിരുദ്ധങ്ങളായ താൽപര്യങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും സംഘട്ടനത്തിനിവിടം സദാ സാക്ഷ്യം വഹിക്കേണ്ടി വരും.
Also read: ലോകനേതാവ്
അതോടൊപ്പം നമുക്ക് നമ്മുടെ മേൽതന്നെ എത്രത്തോളം അവകാശമുണ്ടെന്ന ചോദ്യവും ഏറെ പ്രസക്തമത്രെ. നാം സൗകര്യത്തിനു വേണ്ടി പറയാറുണ്ട്- എന്റെ കൈ, എന്റെ കാൽ, എന്റെ കണ്ണ്, എന്റെ കാത്, എന്റെ നാക്ക്, എന്റെ മൂക്ക് എന്നൊക്കെ. പക്ഷേ, സൂക്ഷ്മമായ വിശകലനത്തിൽ, ഇവയൊന്നും തന്നെ നമ്മുടേതല്ലെന്ന് ഏവർക്കുമറിയാമല്ലോ. ഇവയുടെ മേൽ പരമമായ ഉടമാവകാശമോ നിയന്ത്രണമോ നമുക്കാർക്കുമില്ല. കൈ നമ്മുടേതായിരുന്നുവെങ്കിൽ, ഒരിക്കലുമതിനു വേദന വരുമായിരുന്നില്ല. അത് മെലിഞ്ഞു ശോഷിക്കുകയോ അവസാനം നിശ്ചല നിർജീവമാവുകയോ ചെയ്യുമായിരുന്നില്ല. നമ്മിൽ പലരും കണ്ണട വെച്ചിട്ടുണ്ട്. കണ്ണ് നമ്മുടേതായിരുന്നുവെങ്കിൽ നമുക്ക് കണ്ണട വെക്കേണ്ടി വരുമായിരുന്നില്ല. കൈകാലുകൾ നമ്മുടേതായിരുന്നുവെങ്കിൽ അത് മെലിഞ്ഞു ശോഷിക്കുമായിരുന്നില്ല. കാത് നമ്മുടേതായിരുന്നുവെങ്കിൽ കേൾവി കുറയുമായിരുന്നില്ല. അപ്പോൾ നാം നമ്മുടേതെന്ന് പറയുന്ന ശരീരവും ശാരീരികാവയവങ്ങളും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും ഒന്നും തന്നെ നമ്മുടേതല്ല. പൂർണമായും നമ്മുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ല. ആരാണോ നമുക്കവ നൽകിയത് ആ പ്രപഞ്ചത്തിന്റെ പരാശക്തിയായ പടച്ചതമ്പുരാന് മാത്രമേ അവയുടെ മേൽ പരമമായ ഉടമാവകാശമുള്ളൂ. ഇവയൊന്നും ഉണ്ടാക്കിയത് നാമല്ലല്ലോ! യഥാർഥത്തിൽ മനുഷ്യൻ ഈ ഭൂമിയിൽ നിർമാണ കർമം നിർവഹിക്കുന്നേയില്ല. സൗകര്യത്തിന് വേണ്ടി നാം പറയാറുണ്ട്, ആശാരി മേശ ഉണ്ടാക്കി എന്ന്. പക്ഷേ, നമുക്കറിയാമല്ലോ ആ മേശയുടെ മരമുണ്ടാക്കുന്നത് ആശാരിയല്ല; അത് നിർമിക്കാനാവശ്യമായ ആണിയുടെ ഇരുമ്പുണ്ടാക്കുന്നത് ആശാരിയല്ല; മേശയുണ്ടാക്കാനുപയോഗിക്കുന്ന ഉളിയുടെ ഇരുമ്പും അതിന്റെ പിടിയുടെ മരവും ഉണ്ടാക്കുന്നതും ആശാരിയല്ല; ആശാരിയെ പോലും ഉണ്ടാക്കുന്നത് ആശാരിയല്ലെങ്കിൽ, ആശാരി മേശ ഉണ്ടാക്കി എന്ന പ്രസ്താവം എത്രമേൽ അബദ്ധമാണെന്ന് ആലോചിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലുള്ള പദാർഥങ്ങളെടുത്ത് രൂപം മാറ്റാനല്ലാതെ പുതുതായൊന്നും നിർമിക്കാൻ ആർക്കും സാധ്യമല്ല. അതിനാൽ നിർമാണകർമം നിർവഹിക്കാത്ത മനുഷ്യന്ന് ഇവിടെ ഒന്നിന്റെ മേലും പൂർണമായ ഉടമാവകാശമോ പരമമായ അധികാരമോ നിയന്ത്രണമോ ഇല്ല. ആരാണോ സൃഷ്ടികർമം നിർവഹിച്ചത് അവന്നേ ഉടമസ്ഥതയുള്ളൂ. അതുകൊണ്ട് അവന്ന് മാത്രമേ നിയമനിർമാണാധികാരവുമുള്ളൂ. അതിനാൽ നാം എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത്; എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നു തീരുമാനിക്കാനും കല്പിക്കാനും വിരോധിക്കാനും ആത്യന്തികവും പരമവുമായ അവകാശം നമ്മുടെയും നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന് മാത്രമേ ഉള്ളൂ. ഇതാണ് ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തം. അതിനാൽ, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാൻ സാധ്യതയും സ്വാതന്ത്ര്യവും ലഭിച്ച ജീവിതമേഖലകളിൽ ദൈവം നിശ്ചയിച്ച വ്യവസ്ഥക്ക് വിധേയമായി, അവൻ അവതരിപ്പിച്ചുതന്ന ജീവിത വ്യവസ്ഥക്കനുസൃതമായി ജീവിക്കുന്നതിനാണ് ഇസ്‌ലാം എന്നു പറയുക. അങ്ങനെ ജീവിക്കുന്ന വ്യക്തിക്ക് മുസ്‌ലിമെന്നും വ്യക്തികളുടെ കൂട്ടത്തിന് മുസ്‌ലിംകൾ എന്നും പറയുന്നു. അത് ഏതെങ്കിലും ജാതിയുടെയോ ദേശക്കാരുടെയോ ഭാഷക്കാരുടെയോ പ്രത്യേക നാമധാരികളുടെയോ പേരല്ല. മറിച്ച്, ഈ പ്രപഞ്ചത്തിന്റെ പിന്നിലെ നിയമ ഘടന ഏതൊരു ദൈവമാണോ നിശ്ചയിച്ചത്, അതേ ദൈവത്തിന്റെ തന്നെ നിയമ വ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നതിനാണ് ഇസ്‌ലാം എന്നു പറയുക. അങ്ങനെ ജീവിക്കുന്നവർ മാത്രമാണ് മുസ്‌ലിംകൾ.
ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്; ഇവിടെയുള്ളതെല്ലാം സൃഷ്ടികളും. സൃഷ്ടികൾക്കൊരിക്കലും സ്രഷ്ടാവിനെപ്പോലെയാവാൻ സാധ്യമല്ല. ദൈവം പ്രപഞ്ചത്തിലെ സൃഷ്ടികളോട് ഉപമിക്കാവുന്ന ഒന്നല്ല എന്നർഥം. ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാഹാത്മ്യത്തിന്റെ ഉത്തമ നിദർശനമാണ്. നമുക്കറിയുന്നതുപോലെ, നാമൊരു ക്ലോക്കുണ്ടാക്കി. അല്ലെങ്കിൽ ഏതെങ്കിലും ഒരു വസ്തു നിർമിച്ചു. ആ വസ്തുവിന് നമ്മെപ്പോലെ കേൾക്കാനോ കാണാനോ ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയുകയില്ല. അതേസമയം, നാം നിർമിച്ച പദാർഥം നമ്മുടെ നിർമാണ വൈദഗ്ധ്യത്തിന്റെ തെളിവായിരിക്കും. ഇവ്വിധം തന്നെ, പ്രപഞ്ചത്തിലെ ഒരു വസ്തുവിനും ദൈവത്തെപ്പോലെ കാണാനോ കേൾക്കാനോ അറിയാനോ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കാര്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. അവയൊന്നും ദൈവത്തെപ്പോലെ സർവശക്തനോ സർവജ്ഞനോ അല്ല. അതേസമയം അവയൊക്കെയും ദൈവത്തിന്റെ നിർമാണ വൈദഗ്ധ്യത്തിന്റെയും സൃഷ്ടിമാഹാത്മ്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ്. അതിനാൽ, പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിനു മാത്രമേ മനുഷ്യന്റെ മേൽ നിയമനിർമാണത്തിന്റെ പരമാധികാരമുള്ളൂവെന്നും അവനെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കേണ്ടവനാണ് മനുഷ്യനെന്നും മതം പഠിപ്പിക്കുന്നു. വിശുദ്ധ വേദഗ്രന്ഥം പറയുന്നു: ”മനുഷ്യരേ, നിങ്ങൾ നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ച ദൈവത്തെ മാത്രം ആരാധിച്ച്, അനുസരിച്ച്, അടിപ്പെട്ട് ജീവിക്കുക.” (ഖുർആൻ 2: 21)
കാര്യകാരണ ബന്ധങ്ങൾക്കതീതമായ അറിവ് ദൈവത്തിനല്ലാതെ മറ്റാർക്കുമില്ല. ദൈവദൂതന്മാർക്കുപോലും അവൻ അറിയിച്ചുകൊടുക്കുന്നതിലുപരിയായി സ്വയം നേടാവുന്ന ഒന്നല്ല അഭൗതികജ്ഞാനമെന്നർഥം. അപ്രകാരംതന്നെ കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഭൗതിക മാർഗേണ ഉപകാരമോ ഉപദ്രവമോ ഗുണമോ ദോഷമോ ചെയ്യാൻ ദൈവത്തിനല്ലാതെ ലോകത്താർക്കും സാധ്യമല്ല. അതിനാൽ ദൈവത്തോടല്ലാതെ മറ്റാരോടും പ്രാർഥനയോ സഹായാർഥനയോ അരുത്. നേർച്ചവഴിപാടുകളും ആരാധനാ കർമങ്ങളും അവനു മാത്രമേ അർപ്പിക്കാവൂ. ഇവ്വിധം ജീവിതത്തിന്റെ മുഴു മേഖലകളിലും ദൈവത്തെ മാത്രം അനുസരിച്ചും അവനെ മാത്രം ആരാധിച്ചും അടിപ്പെട്ടും ജീവിക്കണമെന്നാണ് ഇസ്‌ലാം മനുഷ്യരാശിയോട് ആവശ്യപ്പെടുന്നത്.
അതിന്റെ രണ്ടാമത്തെ അടിസ്ഥാനം മരണത്തിനു ശേഷമുള്ള മറുലോക ജീവിതത്തിലുള്ള വിശ്വാസമാണ്. നമുക്കേവർക്കും അറിയാവുന്നതുപോലെ, മനുഷ്യരെല്ലാം മരണത്തിലൂടെ ഭൂമുഖത്തുനിന്ന് തിരോഭവിക്കുന്നു. തങ്ങളുടെ കർമഫലം ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. അനേകായിരം മനുഷ്യരെ കൊന്ന കൊലയാളികളും കൊടും ക്രൂരന്മാരും ഈ ലോകത്തുണ്ടായിട്ടുണ്ട്. അവർക്ക് അർഹമായ ശിക്ഷ നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരാളെ കൊന്നാൽ പരമാവധി നമുക്കയാളെ പകരം കൊല്ലാൻ സാധിച്ചേക്കാം. പക്ഷേ, അങ്ങനെ നാം കൊല്ലുന്നത് കൊണ്ടുമാത്രം നീതി നടപ്പാക്കപ്പെടും എന്ന് പറയുക സാധ്യമല്ല. ഞാൻ കൊല്ലപ്പെട്ടാൽ അതിന്റെ പ്രയാസം അനുഭവിക്കുന്നത് എന്റെ സഹധർമിണിയും മക്കളുമാണ്. എന്നെ കൊന്ന കൊലയാളിക്ക്, വധശിക്ഷ വിധിക്കുന്നതു കൊണ്ടുമാത്രം അവരനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കപ്പെടുകയില്ല. ആരാണോ കൊല്ലപ്പെടുന്നത് അവരിലൂടെ കഷ്ടനഷ്ടങ്ങൾ അനുഭവപ്പെടുന്നവർക്ക് ഘാതകൻ വധിക്കപ്പെടുക എന്നത് പരിഹാരമായി മാറുന്നില്ല. എന്നിട്ടും നീതിന്യായ കോടതികളും നിയമനടപടികളും വേണ്ടിവരുന്നത് ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ അതനിവാര്യമായതിനാലാണ്.
Also read: ശരീഅത്ത് വിജ്ഞാനം, രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങൾ
നീതി നടപ്പാക്കപ്പെടണമെന്നാഗ്രഹിക്കാത്ത ആരുമില്ല. ഓർമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംഭവമിവിടെ ഉദ്ധരിക്കാം: കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽവെച്ച് സോമൻ എന്നു പേരുള്ള സബ് ഇൻസ്‌പെക്ടർ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹത്തെ വധിച്ചത് അതേ സ്റ്റേഷനിലെ സഹപ്രവർത്തകരായ പോലീസുകാരാണ് എന്ന് ജനം ധരിച്ചു. കേസ് കോടതിയിലെത്തിയപ്പോൾ, കീഴ്‌കോടതിയിൽവെച്ച് അവർ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഹൈക്കോടതിയിലെത്തിയപ്പോൾ, എട്ടു കൊല്ലത്തിനു ശേഷം അവർ കുറ്റക്കാരല്ല എന്ന് വിധിയുണ്ടായി. അങ്ങനെ നീണ്ട നിരവധി വർഷങ്ങൾക്കു ശേഷം തന്റെ ഭർത്താവിന്റെ ഘാതകരെന്ന് കരുതപ്പെടുന്നവർ വിട്ടയക്കപ്പെട്ടു എന്നു കേട്ടപ്പോൾ സോമന്റെ ഭാര്യ പൊട്ടിക്കരയുന്ന ചിത്രം മലയാളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളിലും വരികയുണ്ടായി. നീതിക്കുവേണ്ടിയുള്ള മനുഷ്യന്റെ അന്തർദാഹത്തെയാണിത് അനാവരണം ചെയ്യുന്നത്. ചുരുക്കത്തിൽ, ഏതൊരാളും നീതി നടക്കണമെന്നു കൊതിക്കുന്നു. അതേ സമയം, ഒരിക്കലും ഇവിടെ നിഷ്‌കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യമല്ല. പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടിയും ആളുകളെ കൊന്നവരെ ആർക്കാണ് ഇവിടെ ശിക്ഷിക്കാൻ കഴിയുക? അതുപോലെത്തന്നെ നന്മ ചെയ്തവർക്ക് അർഹമായ രക്ഷയും ഇവിടെ ലഭിക്കാറില്ല. ഇത് രണ്ടും കിട്ടണമെന്ന് കൊതിച്ചുകൊണ്ടിരിക്കെത്തന്നെ അതു നടക്കാതെ, മനുഷ്യജീവിതം ഇവിടെ ഒടുങ്ങുകയാണ്. എത്ര അദ്ഭുതകരമായ ഒരു സൃഷ്ടി സംവിധാനത്തിന്റെ പര്യവസാനമാണിത് എന്നുകൂടി നാം ഓർക്കേണ്ടതുണ്ട്.
മനുഷ്യന്റെ ഘടന ഒരു നിമിഷം നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ! നാം ജീവിക്കുന്ന ലോകത്ത് 750 കോടിയിലേറെ മനുഷ്യരുണ്ട്. ഒരേ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഒരേ ഭൂമിക്കു മുകളിൽ സൂര്യനു കീഴെ കഴിയുകയും ചെയ്യുന്ന ഈ 750 കോടി മനുഷ്യരിൽ ഒരാൾക്കും മറ്റൊരാളെപ്പോലെയുള്ള മുഖമില്ല. രണ്ട് കൈകൊണ്ട് പൊത്തിയാലൊതുങ്ങുന്ന കൊച്ചു സ്ഥലമാണല്ലോ മനുഷ്യന്റെ മുഖം. എന്നാൽ നമ്മെപ്പോലെ മറ്റാരെങ്കിലുമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ ഹജ്ജ് വേളയിൽ ഒത്തുകൂടുന്നു. നമ്മുടെ നാട്ടുകാരെ അവിടെ കണ്ടാൽ നാം നിഷ്പ്രയാസം അവരെ തിരിച്ചറിയുന്നു. ശബരിമലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷങ്ങൾ ഒത്തുകൂടിയാൽ നാം നമ്മുടെ നാട്ടുകാരനെ പ്രയാസമില്ലാതെ മനസ്സിലാക്കുന്നു. കാരണം, അവരെപ്പോലെ, നമ്മെപ്പോലെ ഇവിടെ വേറെ ആരുമില്ല. ഒരു നിമിഷം നിങ്ങൾ നിങ്ങളുടെ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചുനോക്കൂ! നിങ്ങളുടെ തള്ളവിരൽ! എത്ര ചെറുതാണാ പ്രദേശം! സമർഥനായ ഒരു ചിത്രകാരന് അത്ര ചെറിയ സ്ഥലത്ത് ഒരു വസ്തുവിന്റെ എത്ര രൂപം ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു നിമിഷം ആലോചിച്ചു നോക്കൂ! എന്നാൽ ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. എന്നിട്ടും ഈ 600 കോടി മനുഷ്യരിൽ ഒരാൾക്കും മറ്റൊരാളുടേതുപോലൊരു കൈവിരലില്ല. എന്നല്ല മരിച്ചുപോയ കോടാനുകോടി മനുഷ്യരിലോ, ജനിക്കാനിരിക്കുന്ന കോടാനുകോടിയിലോ ആർക്കും നമ്മുടേതുപോലൊരു കൈവിരൽ ഇല്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടാണല്ലോ, പ്രമാണങ്ങളിൽ തെളിവിനായി, നമ്മുടെ കൈവിരലടയാളങ്ങൾ രേഖപ്പെടുത്തപ്പെടുന്നത്. 14 നൂറ്റാണ്ടുമുമ്പ് പ്രപഞ്ച നാഥൻ പറഞ്ഞു: ”മനുഷ്യന്റെ വിരൽക്കൊടി വരെ കൃത്യമായി നിർമിക്കാൻ കഴിയുന്നവനല്ലോ നാം.”(ഖുർആൻ 75: 4)
കൈവിരലുകളുടെ ഈ സവിശേഷത ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഖുർആൻ അതിലേക്കു വെളിച്ചം വീശിയിട്ടുണ്ടെന്നർഥം. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് ഓരോ ഗന്ധമുണ്ട്. എന്റെ ശരീരത്തിന്റെ ഗന്ധം പോലെ, നിങ്ങളുടെ ആരുടെയും ശരീരത്തിന് ഗന്ധമില്ല. അതുകൊണ്ടാണല്ലോ, കുറ്റവാളികളെ പിടികൂടുവാൻ പരിശീലനം സിദ്ധിച്ച പോലീസ് നായ്ക്കൾ മനുഷ്യ ശരീരത്തിന്റെ വാസനയെ ഉപയോഗപ്പെടുത്തുന്നത്. എത്രമാത്രം ശാസ്ത്രീയവും ആസൂത്രിതവുമായാണ് സൃഷ്ടികർമം നടന്നതെന്ന് ഇതൊക്കെയും അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇത്രയേറെ വിദഗ്ധമായി സംവിധാനിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം അർഥശൂന്യവും അനീതിപരവുമായിത്തീരുക തീരേ സംഭവ്യമല്ല. അതിനാൽ, നീതിപൂർവമായ ഒരു പര്യവസാനം ഉണ്ടാകേണ്ടതുണ്ട്.
മനുഷ്യൻ അവന്റെ കർമഫലം അനുഭവിക്കുകതന്നെ വേണം. അതാണ് നീതിയുടെ തേട്ടം. അതേസമയം, ഭൂമിയിൽ വെച്ചത് സാധ്യമല്ല. അതിനാൽ, മതം നമ്മോട് പറയുന്നു: മരണം എല്ലാറ്റിന്റെയും അന്ത്യമല്ല; മറിച്ച്, അതൊരു മാറ്റം മാത്രമത്രെ. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്ത് വച്ചാണ് മനുഷ്യന്ന് അവന്റെ കർമഫലം അനുഭവിക്കേണ്ടിവരിക. ഓരോ മനുഷ്യന്നും അവൻ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. ”ഓരോ മനുഷ്യനും അവൻ സമ്പാദിച്ചതിനു ബാധ്യസ്ഥനാണ്”(ഖുർആൻ 74: 38). ”ആരെങ്കിലും അണുഅളവ് നന്മ ചെയ്താൽ അതിന്റെ ഫലമവനു ലഭിക്കും; ആരെങ്കിലും അണുഅളവ് തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലവും” (ഖു. 99:11). അതിനാൽ ദൈവം നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാൽ പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്ത സ്വർഗം ലഭിക്കും. അവൻ വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചാലോ, അവൻ താക്കീതു ചെയ്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.
നിങ്ങൾ എവിടെയെങ്കിലും ഒന്നു തൊട്ടാൽ ആ തൊട്ടേടത്ത് നിങ്ങളുടെ കൈവിരലടയാളങ്ങൾ പതിയുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിച്ചാൽ, അതിന്റെ തെളിവായി നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ വ്യാപരിക്കുന്നു. അപ്രകാരംതന്നെ നിങ്ങളുടെ വാക്കുകൾ ഇവിടെ നശിക്കാതെ നിലനിൽക്കുന്നു. അതായത്, മനുഷ്യന്റെ കർമങ്ങളൊക്കെയും വളരെ കണിശമായും സൂക്ഷ്മമായുമിവിടെ രേഖപ്പെടുത്തപ്പെടുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യം വഹിക്കുന്നു. രേഖപ്പെടുത്തപ്പെടാതെ, മനുഷ്യന്റെ ഒരു വാക്കുമിവിടെ ഉണ്ടാകുന്നില്ലെന്ന് വിശുദ്ധ ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മരണശേഷം മനുഷ്യൻ തന്റെ കർമങ്ങൾക്കനുസൃതമായി സ്വർഗമോ നരകമോ ഏറ്റുവാങ്ങേണ്ടിവരും.
അല്ലാഹു, സ്വർഗം, നരകം, മാലാഖമാർ, പിശാചുക്കൾ പോലുള്ള അഭൗതിക കാര്യങ്ങളെക്കുറിച്ച് എങ്ങനെയാണ് മനുഷ്യന്ന് മനസ്സിലാക്കാൻ സാധിക്കുക? നമുക്കറിയാം: ഭൗതിക വിജ്ഞാനത്തിലെ ഓരോ ശാഖയ്ക്കും പ്രത്യേകം പ്രത്യേകം മാനദണ്ഡമുണ്ട്. രണ്ടും രണ്ടും ചേർന്നാൽ നാലാകുമെന്നും നാലിനെ നാലുകൊണ്ട് ഗുണിച്ചാൽ പതിനാറ് ആയിരിക്കുമെന്നുമുള്ള മാനദണ്ഡമുപയോഗിക്കാതെ ആർക്കും അരിത്തമെറ്റിക്‌സ് പഠിക്കുക സാധ്യമല്ല. ഒരു വൃത്തത്തിന് 360 ഡിഗ്രി ആണ്. ത്രികോണത്തിന് 180 ഡിഗ്രിയും. ഈ തത്ത്വം അംഗീകരിക്കാതെ ആർക്കും ജ്യാമിതീയ ശാസ്ത്രം പഠിക്കാനാവില്ല. ജ്യാമിതീയത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് ഭൂഗർഭശാസ്ത്രം പഠിക്കാനാവില്ല. ഭൂഗർഭശാസ്ത്രത്തിന്റെ മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രമോ ശരീരശാസ്ത്രത്തിന്റെ മാനദണ്ഡമുപയോഗിച്ച് ഗോളശാസ്ത്രമോ പഠിക്കുക സാധ്യമല്ല. ഭൗതിക ശാസ്ത്രത്തിലെ വ്യത്യസ്ത ശാഖകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ അനിവാര്യമാണെന്നർഥം.
Also read: സർവ്വാതിശായിയായ വേദഗ്രന്ഥം
എന്നാൽ ദൈവം, സ്വർഗം, നരകം, പരലോകം, മാലാഖമാർ, പിശാചുക്കൾ പോലുള്ള അഭൗതികമായ അറിവ് ആർജിക്കാൻ മനുഷ്യന്റെ വശം വല്ല മാധ്യമവുമുണ്ടോ? നാമിവിടെ ഒത്തുകൂടിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ, ഇത് ഒരു ശാസ്ത്രജ്ഞന്, തന്റെ പരീക്ഷണശാലയിൽ, ടെസ്റ്റ്ട്യൂബിൽ തെളിയിക്കാൻ കഴിയുന്ന കാര്യമല്ല. കാരണം, ഈ അറിവ് നേടിയെടുക്കാനുള്ള മാനദണ്ഡം അതല്ല. ഇവ്വിധംതന്നെ അഭൗതികമായ അറിവ് ആർജിക്കാൻ മനുഷ്യന്റെ വശം ഒരൊറ്റ മാനദണ്ഡമേയുള്ളൂ. അത് സാധാരണ മനുഷ്യരിൽനിന്ന് വ്യത്യസ്തരായ, സവിശേഷരായ, തെരഞ്ഞെടുക്കപ്പെട്ട ദൈവദൂതരിലൂടെ ലഭ്യമായ ദൈവിക വിജ്ഞാനമാണ്. അഥവാ, ദിവ്യബോധനമാണ് അഭൗതിക ജ്ഞാനത്തിന്റെ ഏക മാധ്യമം. അറിവിന്റെ ആറാം സ്രോതസ്സാണത്. ഒരു കാര്യംകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജന്മനാ അന്ധനായ മനുഷ്യനോട് നാം ഇലയുടെ നിറം പച്ചയാണ്, പാലിന്റെ നിറം വെളുപ്പാണ്, കാക്കയുടെ നിറം കറുപ്പാണ് എന്നു പറഞ്ഞാൽ, അയാൾക്കത് മനസ്സിലാകണമെങ്കിൽ, പറയുന്ന ആളെ വിശ്വസിക്കുകയല്ലാതെ നിർവാഹമില്ല. മറിച്ച്, വർണത്തെക്കുറിച്ച് സംസാരിക്കുന്നവരെയൊക്കെ അന്ധനായ ഈ മനുഷ്യൻ അവിശ്വസിക്കുന്നുവെങ്കിൽ വിജ്ഞാനത്തിന്റെ ഒരു വലിയ ലോകംതന്നെ അയാൾക്ക് അന്യമായിരിക്കും. അവ്വിധം തന്നെയാണ്, മനുഷ്യരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട, ജീവിതത്തിൽ ഒരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, ആരെയും ദ്രോഹിച്ചിട്ടില്ലാത്ത; സ്വഭാവം, പെരുമാറ്റം, സമീപനം, ജീവിതരീതി പോലുള്ളവയാൽ സവിശേഷരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശത്തെ നിഷേധിക്കുന്നവരുടെയും അവസ്ഥ. സത്യസന്ധത ആരാലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ഈ പ്രവാചകന്മാരെ അംഗീകരിക്കാത്തവർക്ക് അഭൗതിക ജ്ഞാനത്തിന്റെ വിശാലമായ ലോകം എന്നും അന്യമായിരിക്കും. അഭൗതികജ്ഞാനത്തെക്കുറിച്ച് അറിവു നൽകിയ ദൈവദൂതന്മാർ ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും, എല്ലാ കാലഘട്ടങ്ങളിലും നിയോഗിതരായിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിലായി മാനവ സമൂഹത്തിന്റെ മാർഗദർശനത്തിനായി നിയോഗിതരായിട്ടുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ആ ദൈവദൂതന്മാരൊക്കെയും മനുഷ്യ സമൂഹത്തോട് പറഞ്ഞത് ഒരേ കാര്യമായിരുന്നു: ”നിങ്ങൾ ഈ പ്രപഞ്ചത്തിന്റെ പിന്നിലെ പരാശക്തിയായ പടച്ചതമ്പുരാന് മാത്രം വണങ്ങി, വഴങ്ങി, വിധേയമായി അവനെ മാത്രം ആരാധിച്ച്, അനുസരിച്ച്, അടിപ്പെട്ട് ജീവിക്കുക. അവന്റെ അധികാര വശങ്ങളിൽ അനർഹമായി കടന്നുകയറാൻ ആഗ്രഹിക്കുന്ന എല്ലാ ധിക്കാരികളെയും അതിക്രമകാരികളെയും നിരാകരിക്കുക”.
ഇന്ത്യയിൽ, ആഫ്രിക്കയിൽ, അമേരിക്കയിൽ, അറബു നാടുകളിൽ ലോകമെങ്ങും ഇത്തരം ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ട്. ആ ദൈവദൂതന്മാരിലെ അവസാനത്തെ കണ്ണിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനി. അദ്ദേഹം പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം അറേബ്യൻ മരുഭൂമിയിൽ ദൈവിക സന്മാർഗവുമായി നിയോഗിതനായി. ‘സത്യസന്ധൻ’ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. നബിതിരുമേനി ഉൾപ്പെടെ ലോകത്ത് നിയോഗിതരായ, എല്ലാ ദൈവദൂതന്മാരെയും അംഗീകരിക്കുകയും എല്ലാവരിലും വിശ്വസിക്കുകയും വേണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഇസ്‌ലാമിന്റെ മൂന്നാമത്തെ മൗലിക വിശ്വാസം ഇതത്രെ.
അതോടൊപ്പംതന്നെ ഇസ്‌ലാം മൂന്നു ബന്ധങ്ങൾ എവ്വിധമാവണമെന്ന് നിശ്ചയിക്കുന്നു: മനുഷ്യനും ദൈവവുമായുള്ള ബന്ധം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം ശക്തി പ്രാപിച്ച് സുദൃഢമാകാനും, മനുഷ്യാത്മാവ് ഉൽക്കർഷമാർജിച്ച് ദിവ്യസാമീപ്യം നേടാനുമായി ഇസ്‌ലാം നിശ്ചയിച്ച മാർഗമാണ് ആരാധനാകർമങ്ങൾ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ദൈവം മനുഷ്യന് ഒരു പാട് അനുഗ്രഹങ്ങൾ നൽകി. വിവരിക്കാനാവാത്ത സൗകര്യങ്ങൾ പ്രദാനം ചെയ്തു. ഈ എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള നന്ദിപ്രകടനമാണ് ആരാധനാ കർമങ്ങൾ. ഇസ്‌ലാം അതിപ്രധാനമായ നാലു ആരാധനാകർമങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു. അവയിൽ ഒന്നാമത്തേത് നമസ്‌കാരമാണ്. അത് മനുഷ്യനെ ദൈവവുമായി അടുപ്പിക്കാനുള്ള ഉപാധിയാണ്. മനുഷ്യൻ തന്റെ സ്രഷ്ടാവുമായി നടത്തുന്ന സ്വകാര്യ ഭാഷണമാണ് നമസ്‌കാരം. അതോടൊപ്പം തന്നെ ദൈവസന്നിധാനത്തിലേക്കുള്ള മനുഷ്യാത്മാവിന്റെ തീർഥയാത്രയും.
വിശ്വാസികൾ നമസ്‌കരിക്കുമ്പോൾ- നിങ്ങൾ പലപ്പോഴും അത് കണ്ടിട്ടുണ്ടായിരിക്കും- അണിയണിയായി നിൽക്കുന്നു. അതിനു മുമ്പായി അംഗശുദ്ധി വരുത്തുന്നു. അതിലൂടെ ശരീരത്തിന്റെ അഗ്രാംശങ്ങൾ വൃത്തിയാക്കുക മാത്രമല്ല വിശ്വാസി ചെയ്യുന്നത്. മറിച്ച്, താൻ വൃത്തിയുള്ളവനാണെന്ന് സ്വയം ബോധ്യപ്പെടുകയും സ്വന്തത്തെ ബോധ്യപ്പെടുത്തുകയും കൂടിയാണ്. അങ്ങനെ വൃത്തിയുള്ളവരായാണ് മുസ്‌ലിംകൾ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോഴവർ നിൽക്കുന്നത് യഥാർഥത്തിൽ തറയിലല്ല; താരാപദങ്ങൾക്കപ്പുറം ദൈവസന്നിധിയിലാണ്. ആ ബോധം ഓരോ വിശ്വാസിയും സ്വയം ഉൾക്കൊള്ളേണ്ടതുണ്ട്. നമസ്‌കാരവേളയിൽ ഓരോ ഭക്തനും അവന്റെ വീടിനോട്, നാടിനോട്, കച്ചവടത്തോട്, കൃഷിയോട്, ഉദ്യോഗത്തോട്, കുടുംബത്തോട്, കൂട്ടുകാരോട്, അങ്ങനെ എല്ലാറ്റിനോടും വിടപറഞ്ഞുകൊണ്ടാണ് ദൈവത്തിന്റെ സന്നിധാനത്തിലേക്ക് തീർഥയാത്ര നടത്തുകയും ദൈവവുമായി സ്വകാര്യഭാഷണം നടത്തുകയും ചെയ്യുന്നത്. ഇങ്ങനെ മനുഷ്യൻ ആത്മീയമായി ഔന്നത്യവും ഉൽക്കർഷയും നേടുകയും ദൈവോന്മുഖനായിത്തീരുകയും ചെയ്യുന്നു. അതോടൊപ്പം നമസ്‌കാരം മനുഷ്യരിൽ രണ്ട് മഹദ്ഗുണങ്ങൾ കൂടി വളർത്തിയെടുക്കേണ്ടതുണ്ട്. അതിലൊന്ന് സാമൂഹിക അവബോധമാണ്. ഒരു മനുഷ്യൻ മരുഭൂമിയിൽ തനിച്ചായിരിക്കുമ്പോഴും നമസ്‌കാരവേളയിൽ അയാൾ പറയേണ്ടത്, ‘ഞങ്ങൾ നിനക്കു മാത്രം വണങ്ങി ജീവിക്കുന്നു’ എന്നാണ്. ദൈവമേ, ഞാൻ നിനക്കു മാത്രം വണങ്ങി ജീവിക്കുന്നു എന്നു പറഞ്ഞാൽ അയാളുടെ നമസ്‌കാരം സ്വീകാര്യമാവുകയില്ല. ‘ഞങ്ങൾ’ എന്നുതന്നെ പറയേണ്ടതുണ്ട്. ആരാണ് ഈ ‘ഞങ്ങൾ?’ ലോകമെങ്ങുമുള്ള സച്ചരിതരായ മുഴുവൻ ദൈവദാസന്മാരെയും ആ വാക്ക് ഉൾക്കൊള്ളുന്നു. നമസ്‌കാരം മുന്നോട്ടു പോകുമ്പോൾ, ഒരിടത്ത് വിശ്വാസി പ്രാർഥിക്കുന്നു: ”സച്ചരിതരായ മുഴുവൻ ദൈവദാസന്മാർക്കും നീ രക്ഷയും അനുഗ്രഹവും നൽകേണമേ” എന്ന്. ഓരോ ദിവസവും അഞ്ചുനേരം, ഓരോ മുസ്‌ലിമും ഇവ്വിധം പ്രാർഥിക്കാൻ ബാധ്യസ്ഥമാണ്. എന്താണിതിന്റെ അർഥം? മനുഷ്യാരംഭം മുതൽ ലോകാവസാനം വരെയുള്ള എല്ലാ പ്രദേശത്തെയും മുഴുവൻ തലമുറകളിലെയും സച്ചരിതരായ സമസ്ത ദൈവദാസന്മാർക്കു വേണ്ടിയുള്ള പ്രാർഥനയാണിത്. കാല-ദേശ-വർഗ-വർണഭേദങ്ങൾക്കതീതനായ വിശ്വ പൗരനാക്കി വിശ്വാസിയെ വാർത്ത് വളർത്തിയെടുക്കുന്ന വിശുദ്ധ കർമമാണ് നമസ്‌കാരമെന്നർഥം. അത് വിശ്വാസിയെ വ്യക്തിവൃത്തത്തിന്റെ സങ്കുചിതതലത്തിൽനിന്ന് സാമൂഹികതയുടെ അതിരുകളില്ലാത്ത സാമ്രാജ്യത്തിലേക്ക് നയിക്കുന്നു.
Also read: കാഫിര്‍ എന്നതിൻറെ വിവക്ഷ ?
അതോടൊപ്പം മുസ്‌ലിംകൾ നമസ്‌കരിക്കാൻ ഒരേ നേതാവിന്റെ കീഴിൽ ഒരേ ദിശയിലേക്ക് തിരിഞ്ഞ് അണിയണിയായാണ് നിൽക്കുക. അതവരിൽ സമത്വ വികാരം വളർത്തുന്നു. ആദ്യമായി പള്ളിയിൽ എത്തുന്നത് ശിപായി ആണെന്ന് സങ്കൽപിക്കുക, പിന്നീടെത്തുന്നത് കലക്ടറും. എങ്കിൽ കലക്ടർ തല വെക്കേണ്ടത് ശിപായിയുടെ കാലിന്റെ അടുത്താണ്. ആദ്യം എത്തിയത് പ്യൂൺ; പിന്നീട് മന്ത്രിയും. എങ്കിൽ മന്ത്രിയുടെ തല വെക്കേണ്ടത് പ്യൂണിന്റെ കാലിന്റെയടുത്താണ്. ”ഇയാൾ എന്റെ ഓഫീസിലെ ശിപായി ആണ്. എന്റെ തല അയാളുടെ കാലിന്റെ അടുത്ത് വെക്കുകയില്ല” എന്ന് ആരെങ്കിലും തീരുമാനിച്ചാൽ അയാൾക്ക് നമസ്‌കാരമില്ല. രാജാവാകട്ടെ, ചക്രവർത്തിയാകട്ടെ, പ്രമാണിയാകട്ടെ, ആരായാലും ശരി, ആദ്യം എത്തുന്നവരുടെ കാലിന്റെ അടുത്ത് അവരുടെ തല വെക്കുക തന്നെ വേണം. ഇത് വളർത്തിയെടുക്കുന്ന സമത്വ വികാരവും വിനയവും അസദൃശമത്രെ.
അവ്വിധം തന്നെയാണ് ഇസ്‌ലാമിന്റെ രണ്ടാമത്തെ ആരാധനാ കർമമായ നോമ്പ്. മുസ്‌ലിംകൾ നീണ്ട ഒരു മാസക്കാലം, പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളുപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്നു. ഇത് ദൈവത്തിനുള്ള ആരാധനയാണ്. ആത്മനിയന്ത്രണത്തിലൂടെ ശിക്ഷണവും സംസ്‌കൃതിയും വളർത്തുന്ന ഉപാസനയാണ്.
തിന്നണമെന്ന് തോന്നുന്നതെല്ലാം തിന്നുകയും കുടിക്കണമെന്ന് കൊതിക്കുന്നതൊക്കെ കുടിക്കുകയും കാണണമെന്നാഗ്രഹിക്കുന്നതെല്ലാം നോക്കുകയും പറയണമെന്ന് തോന്നുന്നതൊക്കെ വിളിച്ചു പറയുകയും ചെയ്യുന്ന താന്തോന്നികൾ മൃഗസമാനരാണല്ലോ. അഥവാ, ജന്മ വാസനകളുടെ നിർവിഘ്‌നമായ നിർവഹണം ജന്തുപരമാണ്; അതിന്റെ നിയന്ത്രണം മാനുഷികവും. മോഹങ്ങളെ മെരുക്കിയെടുക്കാനും ഇഛകളെ നിയന്ത്രിക്കാനും വികാരവിചാരങ്ങളുടെ മേൽ മേധാവിത്വം പുലർത്താനുമുള്ള ശക്തമായ പരിശീലനമാണല്ലോ വ്രതാനുഷ്ഠാനം. വിശപ്പും ദാഹവും സഹിക്കുന്നതിലൂടെ സംയമനം ശീലിപ്പിക്കുന്ന ഈ ആരാധനാകർമം ഭക്തി വളർത്താനുള്ള ശക്തമായ ഉപാധികൂടിയാണ്. അതോടൊപ്പം വ്രതാനുഷ്ഠാനം സാമൂഹിക വികാരം വളർത്തുന്നതിൽ അനൽപമായ പങ്കുവഹിക്കുന്നു. നോമ്പനുഷ്ഠിക്കുന്ന വിശ്വാസി ഉപവാസ വേളയിൽ, ആരോടെങ്കിലും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്താൽ അയാളുടെ നോമ്പ് പാഴ്‌വേലയായി പരിണമിക്കുന്നു. പ്രവാചകൻ പറഞ്ഞു: ”ആരെങ്കിലും വ്യാജവാക്കുകളും വ്യാജ വൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അയാൾ ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.”
സഹജീവികളോടുള്ള ബന്ധം മോശമായാൽ ദൈവത്തിനുള്ള ആരാധനാകർമം പോലും വ്യർഥമായിത്തീരുമെന്നർഥം. അതോടൊപ്പം വ്രതാനുഷ്ഠാനം വളർത്തിയെടുക്കുന്ന സമത്വ വികാരവും ശ്രദ്ധേയമത്രെ. ലോകമെങ്ങുമുള്ള മുഴുവൻ വിശ്വാസികളും നിശ്ചിതസമയത്ത് അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വിശപ്പും ദാഹവും അനുഭവിക്കുന്നു. സമ്പന്നർക്കും ദരിദ്രർക്കുമിടയിൽ ഒരുവിധ വിവേചനവുമില്ല.
സകാത്തിന്റെ സ്ഥിതിയും ഇതുതന്നെ. വ്രതാനുഷ്ഠാനം ശരീരം തന്റേതല്ലെന്നും ദൈവത്തിന്നവകാശപ്പെട്ടതും അവന്റെ നിർദേശാനുസരണം വിനിയോഗിക്കേണ്ടതുമാണെന്നും പ്രഖ്യാപിക്കുന്നപോലെത്തന്നെ, സമ്പത്ത് തന്റേതല്ലെന്നും ദൈവത്തിന്റേതാണെന്നും അവൻ ആജ്ഞാപിക്കും വിധം വിനിയോഗിക്കാനുള്ളതാണെന്നുമുള്ള സത്യം സർവാത്മനാ സമ്മതിച്ച് വെളിപ്പെടുത്തുന്ന ആരാധനാകർമമാണ് സകാത്ത്. വിശ്വാസികൾ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിതമായ അംശം നിർബന്ധമായും ദാനം ചെയ്യേണ്ടതുണ്ട്. ഇത് ദൈവത്തിനുള്ള ആരാധനയാണ്. ശ്രേഷ്ഠമായ ഒരുപാസന. എന്നാൽ ആരാണ് ഇതിന്റെ ഗുണഭോക്താക്കൾ? ഒരിക്കലും പണം കെട്ടിപ്പൂട്ടി ദൈവത്തിന്റെ അടുക്കലേക്ക് പാർസൽ അയക്കുക സാധ്യമല്ല. മറിച്ച് ഭൂമിയിലെ കഷ്ടപ്പെടുന്ന, ദരിദ്രരായ, പാവങ്ങളായ, അശരണരായ, അഗതികളായ, കടംകൊണ്ട് വലഞ്ഞ മനുഷ്യർക്കാണ് ആ ധനം നൽകേണ്ടത്. ദൈവത്തിനുള്ള ഈ ആരാധനയുടെ ഗുണഭോക്താക്കൾ സമൂഹത്തിന്റെ താഴേ തട്ടിലുള്ള മനുഷ്യരാണ് എന്നർഥം.
ഇസ്‌ലാമിലെ മറ്റൊരു ആരാധനാ കർമം ഹജ്ജ് ആണ്. പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചു മാത്രം നിർവഹിക്കാവുന്ന ശ്രേഷ്ഠമായ ഉപാസനയാണത്. പക്ഷേ, ആ ആരാധന സ്വീകാര്യമാകണമെങ്കിൽ ഹജ്ജ് വേളയിൽ ഒരിക്കലും തന്റെ സഹജീവിയുമായി ശണ്ഠ കൂടുക പോലുമരുത്. എന്നല്ല; വിവാദങ്ങളിൽ ഏർപ്പെടാൻ പോലും പാടില്ല. ”നിർണിത മാസങ്ങളിൽ ഹജ്ജ് ചെയ്യാൻ തീരുമാനിച്ചവർ ഹജ്ജുവേളയിൽ സ്ത്രീസംസർഗവും പാപവൃത്തികളും വാദവിവാദങ്ങളും വർജിക്കേണ്ടതാണ്.” (ഖുർആൻ 2: 197).
മനുഷ്യരുമായുള്ള ബന്ധം നന്നാക്കാത്ത ഭക്തന്റെ ആരാധനകളൊക്കെയും പാഴ്‌വേലകളാണ് എന്നാണ് ഇസ്‌ലാമിവിടെ പഠിപ്പിക്കുന്നത്. അതോടൊപ്പം ഹജ്ജ് വിശ്വാസികളിൽ വളർത്തുന്ന സമത്വവികാരം വിസ്മയജന്യമത്രെ.
Also read: കാഫിര്‍ എന്നതിൻറെ വിവക്ഷ ?
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന ഭിന്ന ഭാഷക്കാരും ഭിന്ന പ്രകൃതക്കാരുമായ ആളുകൾ അവിടെ എല്ലാ വേഷവും അഴിച്ചുമാറ്റി ഒരേ വേഷമണിയുന്നു; ഒരേ ഭാഷ സ്വീകരിക്കുന്നു; ഒരേ മന്ത്രവും ഒരേ മുദ്രാവാക്യവും ഉരുവിടുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്ന്; ഭാഷ ഒന്ന്; മന്ത്രം ഒന്ന്; മുദ്രാവാക്യമൊന്ന്; അനുഷ്ഠാനമൊന്ന്; ആരാധനയൊന്ന്. വർഗ-വർണ-ദേശ-ഭാഷാഭേദങ്ങൾക്കതീതമായി മനുഷ്യരാശിയിവിടെ ഒരേകകമായി മാറുകയാണ്. സമത്വത്തിന്റെ എത്ര മധുര മനോജ്ഞമായ നിദർശനമാണ് ഹജ്ജെന്ന് ആലോചിച്ചുനോക്കൂ! അതോടൊപ്പം ഹജ്ജ് മൂന്ന് മഹൽ വ്യക്തികളുടെ അവിസ്മരണീയമായ ജീവിതാനുഭവങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇബ്‌റാഹീം പ്രവാചകൻ, അദ്ദേഹത്തിന്റെ പുത്രനായ ഇസ്മാഈൽ നബി, സഹധർമിണി ഹാജറാബീവി. വേണമെങ്കിൽ നമുക്ക് പറയാം ഇബ്‌റാഹീം നബി ഉന്നത കുലജാതനായിരുന്നു; അമേലു വർഗത്തിലെ അംഗം. എന്നാൽ ഹാജറയോ! സമകാലീന സമൂഹത്തിന്റെയും മനുഷ്യസമൂഹത്തിലെ എക്കാലത്തെയും ഭൗതിക മാനദണ്ഡമനുസരിച്ച്, നാല് പോരായ്മകളുടെ പ്രതീകമായിരുന്നു ഹാജറ. ഒന്നാമതായി അവർ അടിമയായിരുന്നു. നിങ്ങൾക്കറിയാമല്ലോ അടിമകൾ എന്നും എവിടെയും അവഗണിക്കപ്പെടുന്നവരാണ്. ചിരിക്കാനും കരയാനും സ്വാതന്ത്ര്യമില്ലാത്തവർ. സ്വന്തമായ തീരുമാനമോ അസ്തിത്വമോ ഇല്ലാത്തവർ. യജമാനന്റെ വിരലനക്കങ്ങൾക്കും അധരചലനങ്ങൾക്കുമനുസരിച്ച് ചരിക്കാൻ വിധിക്കപ്പെട്ടവർ. എക്കാലവും തുല്യതയില്ലാത്ത പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന പ്രസ്തുത വർഗത്തിന്റെ പ്രതിനിധിയായിരുന്നു അവർ.
രണ്ടാമതായി, ഹാജറ കറുത്തവളായിരുന്നു. ആധുനിക നാഗരിക പരിഷ്‌കൃത സമൂഹങ്ങൾ പോലും കറുത്തവരെ അവഗണിക്കുകയും അകറ്റി നിർത്തുകയുമാണല്ലോ ചെയ്യുന്നത്. ഇവ്വിധം ഏവരാലും തഴയപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു ഹാജറ. മൂന്നാമതായി, ഹാജറ ഒരു വിദേശി ആയിരുന്നു. വിദേശി എന്ന മൂന്നക്ഷരം പേറുന്ന പ്രതിസന്ധികളെക്കുറിച്ച്, വിശ്വമാകെ ഒരു ഗ്രാമമായി മാറിയ സമകാലിക സമൂഹത്തിൽ പോലും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. നാലാമതായി, ഹാജറ പെണ്ണായിരുന്നു. പെണ്ണ് എപ്പോഴും എവിടെയും പീഡിപ്പിക്കപ്പെടുന്നവളാണ്. സാധാരണ സമൂഹത്തിന്റെ ഭൗതിക മാനദണ്ഡമനുസരിച്ച് ഈ നാല് പോരായ്മകളുടെ പ്രതീകമായ ഹാജറ എന്ന പെണ്ണ്, രണ്ട് പർവതങ്ങളിൽ കയറിനിന്നു; ദൈവത്തെ ആരാധിക്കാൻ വേണ്ടിയല്ല, ഉപാസന നിർവഹിക്കാനുമല്ല, അതേപോലെത്തന്നെ അർച്ചനകളും പ്രാർഥനകളും കീർത്തനങ്ങളും നടത്താനുമല്ല, പിന്നെയോ! ദാഹിച്ചു വലഞ്ഞ കുഞ്ഞിന് വെള്ളംതേടിയായിരുന്നു അവർ രണ്ട് മലകളിൽ കയറിനിന്നത്. ആ രണ്ടു മലകളും ഹാജറയെന്ന, കറുത്തവളായ വിദേശിയായ അടിമപ്പെണ്ണിന്റെ പാദസ്പർശം പതിഞ്ഞതിനാൽ, ദൈവ ചിഹ്നങ്ങളായി മാറി.
”തീർച്ചയായും സഫയും മർവയും ദൈവചിഹ്നങ്ങളാണ്” (ഖുർആൻ 2: 158). ഹാജറയുടെ പാദസ്പർശമേറ്റതിനാൽ ആ മലകൾ നൂറ്റാണ്ടുകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ വരുന്ന പുരുഷാന്തരങ്ങൾ ഹജ്ജ് വേളയിൽ കയറി നിൽക്കേണ്ട ഇടങ്ങളായി; അല്ലാഹുവിന്റെ അടയാളങ്ങളായി മാറുകയായിരുന്നു. അന്ന് ഹാജറാബീവിയെന്ന സ്ത്രീ നടന്ന വഴിയിലൂടെ, അവർ നടന്നപോലെ ഹജ്ജ് വേളയിൽ ഓരോ വിശ്വാസിയും നടന്നുനീങ്ങേണ്ടതുണ്ട്. ഹജ്ജ് നിർവഹിക്കുന്നയാൾ പ്രഭുവാകട്ടെ, പ്രമാണിയാകട്ടെ, രാജാവാകട്ടെ, ചക്രവർത്തിയാകട്ടെ ആരായാലും നാലായിരം വർഷം മുമ്പ് കറുത്തവളായ ഒരടിമപ്പെണ്ണ് കയറിനിന്നിടത്ത് കയറി നിൽക്കുകയും അവർ നടന്ന വഴിയിലൂടെ, അവർ നടന്നതുപോലെ നടക്കുകയും ചെയ്യുമ്പോൾ അതവരിൽ വിനയത്തിന്റെയും സമത്വത്തിന്റെയും വികാരങ്ങൾ വളർത്താതിരിക്കില്ല. ഇങ്ങനെ ആരാധനാ കർമങ്ങൾ സാമൂഹികമായ അവബോധം വളർത്തുന്നതോടൊപ്പം സമത്വബോധം സജീവമാക്കുന്നു. സ്രഷ്ടാവായ ദൈവവുമായി മനുഷ്യനെ അടുപ്പിക്കുന്നു. മണ്ണിൽ കാലൂന്നിയ മനുഷ്യനെ മണ്ണിന്റെയും വിണ്ണിന്റെയും നാഥനുമായി ബന്ധിപ്പിക്കുന്നു. ദൈവത്തിന്റെ സന്നിധാനത്തിലേക്ക് ആത്മാവിന് തീർഥയാത്ര നടത്താനുള്ള അസുലഭമായ അവസരങ്ങൾ ഒരുക്കുന്നു. അതോടൊപ്പം അവ മനുഷ്യനെ വളരെയേറെ വിനീതനാക്കുന്നു. നമസ്‌കാരം എന്ന അതിശ്രേഷ്ഠമായ ആരാധനാകർമത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പദം ‘അല്ലാഹു അക്ബർ’ എന്നാണല്ലോ. അതിന്റെ അർഥം അറിയാത്തതിനാൽ പലരും അതേക്കുറിച്ച് തികഞ്ഞ തെറ്റിദ്ധാരണയിലാണ്. അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്നാണ് അതിന്റെ അർഥം. അഥവാ, ഞാൻ ചെറിയവനാണ്. നിസ്സാരനാണ്. എന്റെ താൽപര്യങ്ങളും ആഗ്രഹാഭിലാഷങ്ങളും ദൈവത്തിന്റെയും അവന്റെ ശാസനകളുടെയും മുമ്പിൽ അവഗണിക്കപ്പെടാവുന്നവയാണ്. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളും ചെറുതും നിസ്സാരവുമാണെന്നും വലിയവനും മഹാനും ദൈവം മാത്രമാണെന്നും ഞാനിതാ എന്നെ അവനുമായി ബന്ധിപ്പിക്കുന്നുവെന്നും ദിനേന അഞ്ചുതവണ ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുകയാണല്ലോ വിശ്വാസി ചെയ്യുന്നത്.
ലോകത്തിലെ എല്ലാ കുഴപ്പങ്ങൾക്കും അടിസ്ഥാനകാരണം അഹങ്കാരമാണല്ലോ. ഞാനാണ് വലിയവൻ, കാര്യം തീരുമാനിക്കേണ്ടത് ഞാനാണ്-ഈ ചിന്തയാണ് ആദിപാപം തൊട്ട് സകല കുറ്റങ്ങളുടെയും കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്നത് സുവിദിതമത്രെ. വിശ്വാസി ഒരു ദിവസം നന്നെച്ചുരുങ്ങിയത് 94 പ്രാവശ്യമെങ്കിലും അല്ലാഹു അക്ബർ എന്ന് നമസ്‌കാരവേളയിൽ പറയേണ്ടതുണ്ട്. അങ്ങനെ പറയുന്നതിലൂടെ അവൻ ഏറെ വിനീതനായി മാറുന്നു. അഥവാ അങ്ങനെ മാറേണ്ടതുണ്ട്.
Also read: വിധിവിശ്വാസം: ഇസ് ലാമിക വീക്ഷണം
ഒരു കാര്യംകൂടി ഇവിടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. മനുഷ്യനുമായുള്ള ബന്ധം മോശമായാൽ എല്ലാ ആരാധനാകർമങ്ങളും പാഴ്‌വേലയായി പരിണമിക്കും. ഒരിക്കൽ പ്രവാചകൻ തിരുമേനി തന്റെ അനുചരന്മാരോട് ചോദിച്ചു:
”പാപ്പരായവർ ആരെന്ന് നിങ്ങൾക്കറിയാമോ?” അവർ പറഞ്ഞു: ”ഞങ്ങൾക്കിടയിലെ പാപ്പർ ദിർഹമും ദീനാറും ജീവിതവിഭവവുമില്ലാത്തവരാണ്.” അപ്പോൾ അവിടന്ന് അറിയിച്ചു: ”എന്റെ സമുദായത്തിലെ പാപ്പർ അന്ത്യദിനത്തിൽ താൻ നിർവഹിച്ച നമസ്‌കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ, അയാൾ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. മറ്റൊരാൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു. വേറൊരാളുടെ ധനം ആഹരിച്ചിരിക്കുന്നു. ഇനിയുമൊരുത്തന്റെ രക്തം ചിന്തിയിരിക്കുന്നു. വേറൊരുത്തനെ അടിച്ചിരിക്കുന്നു. അതിനാൽ അയാളുടെ നന്മകൾ അവർക്ക് നല്കപ്പെടുന്നു. പക്ഷേ, ബാധ്യതകൾ കൊടുത്തു തീരുംമുമ്പേ അയാളുടെ നന്മകൾ തീർന്നുപോകുന്നു. അപ്പോൾ അവരുടെ പാപങ്ങൾ അയാൾക്ക് നല്കപ്പെടും. അങ്ങനെ അയാൾ നരകത്തിലെറിയപ്പെടുന്നു.” (മുസ്‌ലിം)
വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണിതിന്റെ ആശയം. ആരാധനകളുടെ സദ്ഫലങ്ങൾ പോലും സഹജീവികളോട് അന്യായം ചെയ്യുന്നവർക്ക് ആസ്വദിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല, തങ്ങളാൽ ദ്രോഹിക്കപ്പെടുന്നവരുടെ പാപങ്ങൾ അവർ ചുമക്കേണ്ടി വരികയും ചെയ്യും. ദൈവിക മതം മനുഷ്യന്നും മാനുഷിക ബന്ധങ്ങൾക്കും കല്പിക്കുന്ന സ്ഥാനമാണിത് വ്യക്തമാക്കുന്നത്. അത് മനുഷ്യനെ അത്യധികം ആദരിച്ചിരിക്കുന്നു. ഇസ്‌ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാകർമമായ നമസ്‌കാരം പതിനായിരക്കണക്കിന് ആളുകൾക്ക് നേതൃത്വം നൽകി നിർവഹിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ നിലക്കാത്ത കരച്ചിൽ കേട്ടാൽ നമസ്‌കാരം ദീർഘിപ്പിക്കാതെ ലഘൂകരിക്കണമെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. ആ കുട്ടി കരഞ്ഞ് കരഞ്ഞ് മരിക്കുമോയെന്ന ആശങ്കയല്ല അതിനു പറഞ്ഞ കാരണം. പിന്നെയോ, ആ കരയുന്ന കുഞ്ഞിന്റെ മാതാവിന്റെ മനസ്സ് വേദനിക്കുമെന്നതാണ്. ഒരു മാതൃഹൃദയത്തിന്റെ വേദനക്ക് മതം നല്കിയ പരിഗണനയാണിത് വ്യക്തമാക്കുന്നത്.
മരണാനന്തരം മറുലോകത്ത് മനുഷ്യനെ വിചാരണക്കു വിധേയമാക്കുമ്പോൾ ദൈവം മനുഷ്യന്റെ സ്ഥാനത്ത് തന്നെ നിർത്തി മനുഷ്യനോടു ചെയ്ത അനീതി തന്നോടുള്ളതായി പരിഗണിക്കുമെന്ന് മതം പഠിപ്പിക്കുന്നു. അന്ന് അല്ലാഹു പറയും: ”ഹേ മനുഷ്യാ, ഞാൻ രോഗിയായപ്പോൾ നീയെന്നെ സന്ദർശിച്ചില്ല. അപ്പോൾ മനുഷ്യൻ ചോദിക്കും: എന്റെ നാഥാ, ഞാൻ നിന്നെ സന്ദർശിക്കുകയോ? അന്നേരം അല്ലാഹു പറയും: എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ അവന്റെ അടുത്ത് എന്നെ നീ കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞുകൂടേ? ഹേ മനുഷ്യാ, നിന്നോട് ഞാൻ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ, നീ എനിക്ക് ഭക്ഷണം തന്നില്ല. മനുഷ്യൻ പറയും: എന്റെ നാഥാ, നീ ലോക രക്ഷിതാവല്ലേ? ഞാൻ നിനക്കെങ്ങനെ ആഹാരം നല്കും? അല്ലാഹു പറയും: എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ? എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്കിയിരുന്നുവെങ്കിൽ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞുകൂടേ? മനുഷ്യാ, ഞാൻ നിന്നോട് കുടിനീര് ആവശ്യപ്പെട്ടു. നീ എനിക്ക് വെള്ളം തന്നില്ല. മനുഷ്യൻ പറയും: എന്റെ നാഥാ, നീ സർവലോക രക്ഷിതാവ്. ഞാൻ എങ്ങനെ നിനക്ക് വെള്ളം തരും? അല്ലാഹു പറയും: എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവന് കൊടുത്തില്ല. നിനക്കറിഞ്ഞുകൂടേ, നീ കൊടുത്തിരുന്നുവെങ്കിൽ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന്?” (ബുഖാരി)
മാതാപിതാക്കൾ, മക്കൾ, ഭാര്യാ ഭർത്താക്കന്മാർ, അയൽക്കാർ, അഗതികൾ, അനാഥർ, ഭരണാധികാരികൾ, ഭരണീയർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരോടും ബന്ധപ്പെടേണ്ടത് എവ്വിധമാണെന്ന് മതം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
പ്രായാധിക്യത്തിന്റെ പാരവശ്യത്താൽ പ്രയാസപ്പെടുന്ന മാതാപിതാക്കൾക്ക് അലോസരമുണ്ടാകുന്ന ഒരക്ഷരംപോലും ഉരിയാടരുതെന്ന് മതമനുശാസിക്കുന്നു. ”നിന്റെ നാഥൻ വിധിച്ചിരിക്കുന്നു; നിങ്ങൾ അവനു മാത്രമല്ലാതെ മറ്റാരെയും ആരാധിക്കുകയോ അടിപ്പെടുകയോ അരുത്. മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കണം. അവരിലൊരാളോ രണ്ടുപേരുമോ വാർധക്യ ബാധിതരായി നിന്നോടൊപ്പമുണ്ടായാൽ അവരോട് ‘ഛെ’ എന്നു പോലും പറയരുത്. പരുഷമായി സംസാരിക്കരുത്. മറിച്ച് ആദരവോടെ സംസാരിക്കുക, കനിവോടും കാരുണ്യത്തോടുംകൂടെ വിനീതരായി വർത്തിക്കുക, ഇങ്ങനെ പ്രാർഥിക്കുകയും ചെയ്യുക: നാഥാ! എന്റെ കുട്ടിക്കാലത്ത് അവരെന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിചരിച്ചുവോ അവ്വിധം നീ അവർക്ക് കാരുണ്യമരുളേണമേ.” (ഖുർആൻ 17: 23, 24)
മാതാപിതാക്കളുടെ പ്രീതി നേടുന്നവർക്കേ ദൈവപ്രീതി ലഭിക്കുകയുള്ളൂവെന്നും അവരുടെ കോപം ദൈവകോപത്തിന് കാരണമാകുമെന്നും ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്നു. ദമ്പതികൾക്കിടയിലെ സമീപനവും പെരുമാറ്റവും എവ്വിധമായിരിക്കണമെന്നും അത് വ്യക്തമാക്കുന്നുണ്ട്. അയൽക്കാരെയും അതിഥികളെയും ആദരിക്കാത്തവർ വിശ്വാസികളല്ലെന്ന് വിളംബരം ചെയ്യുന്ന ഇസ്‌ലാം അവരോടുള്ള ബാധ്യതകൾ വിശദമായി വിവരിച്ചിരിക്കുന്നു.
Also read: ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര
അടിയാളരെ മോചിപ്പിക്കൽ, അവശർക്ക് ആശ്വാസമേകൽ, അശരണർക്ക് അഭയം നൽകൽ, അനാഥരെ ആദരിക്കൽ, അഗതികൾക്കുള്ള അന്നദാനം, കഷ്ടപ്പെടുന്നവരെ സഹായിക്കൽ, മർദിതരെ രക്ഷിക്കൽ ഇവയൊക്കെ ഇസ്‌ലാമിക വീക്ഷണത്തിൽ വിശ്വാസിയുടെ നിർബന്ധ ബാധ്യതകളാണ്; ആരാധനാകർമങ്ങളെപ്പോലെത്തന്നെ അതിവിശിഷ്ടമായ കൃത്യങ്ങളാണ്.
അല്ലാഹു അറിയിക്കുന്നു: ”മതത്തെ നിഷേധിക്കുന്നവൻ ആരെന്ന് നിനക്കറിയാമോ? അവൻ അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനുമാണ്. ആ നമസ്‌കാരക്കാർക്ക് നാശം! അവർ തങ്ങളുടെ നമസ്‌കാരത്തെ സംബന്ധിച്ച് അശ്രദ്ധരാണ്. അവർ ആളുകളെ കാണിക്കുകയാണ്. നിസ്സാരമായ ഉപകാരങ്ങൾപോലും വിലക്കുകയും ചെയ്യുന്നു.” (ഖുർആൻ 107: 17)
സാധാരണഗതിയിൽ മതനിഷേധി എന്നു പറഞ്ഞാൽ, ദൈവത്തെ നിഷേധിക്കുന്നവനാണ്, മതത്തെ ചോദ്യം ചെയ്യുന്നവനാണ്. എന്നാൽ ഇവിടെ ഒരു പാഠഭേദമുണ്ട്. ഇത് മതത്തെക്കുറിച്ച ഒരു പുനർ വായനയാണ്. വിശുദ്ധ വേദഗ്രന്ഥം പറയുന്നു: അവൻ അനാഥയെ അവഗണിക്കുന്നവനാണ്, അഗതിക്ക് അവന്റെ ആഹാരം നൽകാൻ പ്രേരിപ്പിക്കാത്തവനാണ്. അവൻ നമസ്‌കരിക്കാത്തവനല്ല, നമസ്‌കരിക്കും, പക്ഷേ നമസ്‌കാരത്തിൽ അശ്രദ്ധനാണ്. ആളുകളെ കാണിക്കാൻ വേണ്ടി അങ്ങനെ ചെയ്യുന്നവനാണ്. അതിനാൽ ആ നമസ്‌കാരത്തിന് ഒരു പ്രതിഫലനവുമില്ല. ഫലമോ, കൊച്ചു കൊച്ചു ഉപകാരങ്ങൾ തടയുന്നത് ഒഴിവാക്കാൻ പോലും അത് പ്രേരകമാകുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢവും സുശക്തവും ഭദ്രവും നീതിയുക്തവുമാവുന്നതുപോലെത്തന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം സ്‌നേഹ- കാരുണ്യ-വാത്സല്യ -ഗുണകാംക്ഷാ വികാരത്തിലധിഷ്ഠിതവും സുദൃഢവുമാവണമെന്നാണ് ഇസ്‌ലാമിവിടെ പഠിപ്പിക്കുന്നത്.
അവ്വിധം തന്നെയാണ് മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധവും. ഒരു പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ടതിന്റെ പേരിൽ ഒരു പെണ്ണ് നരകപ്രവേശത്തിനു കാരണമായി എന്നും ദാഹിച്ചുവലഞ്ഞ ഒരു പട്ടിക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ പാപിയായ പെണ്ണ് സ്വർഗസ്ഥയായി എന്നും പ്രവാചകൻ തിരുമേനി പറയുകയുണ്ടായി. ഇത് മറ്റൊരു കാര്യമാണ് നമ്മെ പഠിപ്പിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സമസ്ത സൃഷ്ടികളോടും ഉദാരപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. അനാവശ്യമായി അവയെയൊന്നും ദ്രോഹിക്കാവതല്ല. അകാരണമായി മരത്തെ കല്ലെറിയാൻ പോലും മതമനുവദിക്കുന്നില്ല.
ഇങ്ങനെ മൂന്നു ബന്ധങ്ങളെ കണിശമായി വിശകലനം ചെയ്ത് അവ യഥാവിധി പാലിക്കണമെന്ന് അനുശാസിക്കുന്ന ഇസ്‌ലാം, ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ്. മാനവ ജീവിതത്തിന്റെ മുഴു മേഖലകളിലേക്കും ആവശ്യമായ ഉപദേശ നിർദേശങ്ങളും നിയമക്രമങ്ങളും ധാർമികാധ്യാപനങ്ങളും അത് നൽകിയിട്ടുണ്ട്. എത്രത്തോളമെന്നാൽ, മനുഷ്യൻ തന്റെ കൂട്ടുകാരനെ കണ്ടുമുട്ടുമ്പോൾ അവന്റെ മുഖം എവ്വിധമാവണമെന്ന് കൂടി പ്രവാചകൻ പറയുകയുണ്ടായി.
ഒരാൾ തന്റെ കൂട്ടുകാരന്റെ മുഖത്ത് നോക്കി മന്ദഹസിക്കുന്നതുപോലും ധർമമാണ്. പുണ്യകർമമാണ്. ജനങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അഭിവാദ്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് മതം പഠിപ്പിച്ചു. നമുക്കറിയാം, ലോകത്തിലേറ്റവും പരിഷ്‌കൃത സമൂഹമായി ഗണിക്കപ്പെടാറുള്ള പാശ്ചാത്യർ പരസ്പരം കണ്ടുമുട്ടുമ്പോൾ പ്രഭാതത്തിൽ ‘ഗുഡ്‌മോർണിംഗ്’ എന്നും സായാഹ്നത്തിൽ ‘ഗുഡ് ഈവനിംഗ്’ എന്നുമാണല്ലോ പറയാറുള്ളത്. എന്നാൽ, ഒരു നിമിഷം നിങ്ങളൊന്ന് ഓർത്തു നോക്കൂ! രാത്രി വയറുവേദന അനുഭവിച്ചു, ആഹാരം കഴിക്കാൻ കഴിഞ്ഞില്ല, ഉറങ്ങാനും കഴിഞ്ഞില്ല. പ്രഭാതത്തിൽ പുറത്തിറങ്ങുന്ന മനുഷ്യനോട് ഗുഡ്‌മോർണിംഗ് എന്നു പറഞ്ഞാൽ അതെത്രമാത്രം നിരർഥകവും അനുചിതവുമായിരിക്കും. അവ്വിധം തന്നെയല്ലേ, മരിച്ചു കിടക്കുന്ന പിതാവിന്റെ അരികിലിരിക്കുന്ന മകനോട് ഗുഡ് ഈവനിംഗ് എന്നു പറഞ്ഞാൽ? അതയാൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ? അതേസമയം ലോകത്ത് ഏതു മനുഷ്യനും സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയുന്ന അഭിവാദ്യരൂപമാണ് ഇസ്‌ലാം നിശ്ചയിച്ചത്; ‘അസ്സലാമു അലൈക്കും’- ‘നിങ്ങൾക്ക് ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ, നന്മയുണ്ടാവട്ടെ’ എന്നാണതിന്റെ അർഥം. പ്രത്യുത്തരവും അവ്വിധം തന്നെ. ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ആവശ്യമായ നിയമം ഇസ്‌ലാം നൽകിയിട്ടുണ്ട്. നടക്കുന്നത് എങ്ങനെയാവണമെന്ന് പോലും അത് പഠിപ്പിക്കുകയുണ്ടായി. വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ, നടത്തം വിനയത്തോടുകൂടിയായിരിക്കണം, അഹങ്കാരത്തോടെയോ പൊങ്ങച്ചത്തോടെയോ ആവരുതെന്ന് അനുശാസിച്ചിരിക്കുന്നു. കിടക്കുന്നതെങ്ങനെ? ഭക്ഷണം കഴിക്കുന്നതെങ്ങനെ? ഉറങ്ങുന്നതെങ്ങനെ? ഉണരുന്നതെങ്ങനെ? അയൽക്കാരനോടുള്ള പെരുമാറ്റമെങ്ങനെ? സമൂഹത്തോടുള്ള സമീപനമെങ്ങനെ? ഭരണാധികാരിയോടുള്ള ബന്ധമെവ്വിധം? ഭരണീയരോടുണ്ടാവേണ്ട നിലപാട് എന്ത്? ഇസ്‌ലാം എല്ലാം വളരെ വിശദമായി പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതൊരു സമ്പൂർണമായ ജീവിത വ്യവസ്ഥയാണ്. മനുഷ്യന്റെ എല്ലാ വിചാരങ്ങളും വികാരങ്ങളും ചലനങ്ങളും കർമങ്ങളും ദൈവിക നിയമങ്ങൾക്കനുസൃതമായി മാറ്റിത്തീർക്കണമെന്നാണ് അത് നമ്മോട് ആവശ്യപ്പെടുന്നത്. അതിന്നനുസൃതമായി ജീവിക്കുന്നവർക്കാണ് മുസ്‌ലിം എന്നു പറയുക.
Also read: ഖുര്‍ആൻെറ യുദ്ധസമീപനം
ഇപ്രകാരംതന്നെ, ഇസ്‌ലാം വളരെയേറെ ഊന്നിപ്പറയുന്ന ഒന്നാണ് മാനവരാശിയുടെ ഏകത്വവും സമത്വവും. ലോകത്തെങ്ങാനുമുള്ള മുഴുവൻ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. വർഗ-വർണ-ദേശ- ഭാഷാ-കാല-ലിംഗഭേദങ്ങൾക്കതീതമായി അവരെല്ലാം സമന്മാരും പരസ്പരം സഹോദരങ്ങളുമാണ്. ഒരേ മാതാപിതാക്കളുടെ മക്കളാണ്. അല്ലാഹു അറിയിക്കുന്നു: ”മനുഷ്യരേ, ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ, നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങൾ പരസ്പരം തിരിച്ചറിയാൻ. അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവനത്രെ” (ഖുർആൻ 49:13). അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനി പറയുന്നു: ”നിങ്ങളുടെയെല്ലാം ദൈവമൊന്നാണ്. നിങ്ങളുടെയെല്ലാവരുടെയും പിതാവും ഒരാൾതന്നെ. എല്ലാവരും ആദമിൽനിന്ന്; ആദമോ മണ്ണിൽനിന്നും.”
ചീർപ്പിന്റെ പല്ലുകൾപോലെ മനുഷ്യരൊക്കെ സമന്മാരാണ്, തുല്യരാണ് എന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. ഈ തുല്യത പ്രഖ്യാപനങ്ങളിൽ മാത്രമൊതുക്കി നിർത്താതെ പ്രവാചകൻ പ്രയോഗതലത്തിൽ നടപ്പിൽവരുത്തുകയുണ്ടായി. നബിതിരുമേനി തന്റെ സമൂഹത്തിൽ പ്രവാചകനായി നിയോഗിതനായപ്പോൾ അവിടെ സാമൂഹികമായ ഉച്ചനീചത്വം രൂക്ഷമായി നിലനിന്നിരുന്നു. അടിമകളും ഉടമകളും ഉണ്ടായിരുന്നു. യജമാനന്മാരും കീഴാളന്മാരും ഉണ്ടായിരുന്നു. വരേണ്യവർഗക്കാരും കീഴ്ജാതിക്കാരും ഉണ്ടായിരുന്നു. ഇസ്‌ലാം അവരോട് പറഞ്ഞു: ”നിങ്ങളൊക്കെ സമന്മാരാണ്.” ആദ്യം അതവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ഒരിക്കൽ പ്രവാചകന്റെ അരുമശിഷ്യരായ അബൂദർറിൽ ഗിഫാരിയും കറുത്ത അടിമയായിരുന്ന ബിലാലുബ്‌നു റബാഹും ശണ്ഠകൂടി. വഴക്ക് രൂക്ഷമായപ്പോൾ അബൂദർറിൽ ഗിഫാരി തന്റെ കൂട്ടുകാരനെ ‘കറുത്തവളുടെ പുത്രാ’ എന്ന് വിളിക്കാനിടയായി. ഉടനെ ബിലാൽ പ്രവാചകന്റെ സന്നിധിയിലെത്തി അദ്ദേഹത്തോട് പരാതി പറഞ്ഞു. പ്രവാചകൻ അബൂദർറിൽ ഗിഫാരിയെ വിളിച്ചുവരുത്തി ചോദിച്ചു: ”അല്ല; നീ നിന്റെ കൂട്ടുകാരനെ അവന്റെ മാതാവിന്റെ പേരിൽ ആക്ഷേപിച്ചുവോ?” ‘അതെ’ എന്നു പറഞ്ഞപ്പോൾ, പ്രവാചകൻ പറഞ്ഞു: ”എങ്കിൽ താങ്കളിൽ ഇസ്‌ലാം പൂർണമായിട്ടില്ല; ഇപ്പോഴും താങ്കളിൽ അനിസ്‌ലാമികതയുണ്ട്. അതിനാൽ താങ്കൾ പശ്ചാത്തപിക്കണം.” ഇതുകേട്ട് പശ്ചാത്താപവിവശനായ കുലീന ഗോത്രക്കാരനായ പ്രവാചകശിഷ്യൻ അബൂദർറ് ബിലാലിനെ സമീപിച്ച് തന്റെ മുഖം നിലത്തുവച്ചുകൊണ്ട് പറഞ്ഞു: ”ബിലാലേ, നിന്നോട് ഞാൻ ചെയ്ത അപരാധത്തിന് എന്റെ കവിളിൽ ചവിട്ടി പ്രതിക്രിയ ചെയ്യൂ.” ഇതുകേട്ട ബിലാൽ പറഞ്ഞു: ”ഞാൻ താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു.” ഇത് ആ സമൂഹത്തിൽ പ്രവാചകൻ വളർത്തിയെടുത്ത സമത്വ വികാരത്തിന്റെ പ്രതിഫലനമായിരുന്നുവെന്നത് സുവിദിതമത്രെ. ഈ സമത്വ ചിന്തക്ക് വിരുദ്ധമായ നേരിയ നിലപാട് പോലും ആരിൽനിന്നും ഉണ്ടാവരുതെന്ന് ഇസ്‌ലാമിന് നിഷ്‌കർഷയുണ്ട്. വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിൽ മുഹമ്മദ് നബി ഒരിക്കൽ മാത്രമേ നിശിതമായി വിമർശിക്കപ്പെട്ടിട്ടുള്ളൂ. അത് പ്രവാചകന്റെ ആരാധനാകർമങ്ങളിൽ വീഴ്ച വന്നതുകൊണ്ടല്ല, ദൈവവുമായുള്ള ബന്ധത്തിൽ പാളിച്ചകൾ പറ്റിയതിന്റെ പേരിലുമല്ല. മറിച്ച്, തന്റെ ഒരു അനുയായിയോടുണ്ടായ സമീപനം വേണ്ടത്ര നല്ല നിലയിലാവാത്തതിന്റെ പേരിലായിരുന്നു. പ്രവാചകൻ ആ സമൂഹത്തിലെ പ്രമുഖന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അബൂജഹൽ, അബൂലഹബ്, ഉത്ബത്, ശൈബത്, അങ്ങനെ മക്കയിലെ ഖുറൈശീ സമൂഹത്തിലെ നേതാക്കളായ മുഴുവൻ ആളുകളും പ്രവാചകന്റെ മുമ്പിൽ ഒത്തുകൂടിയിരുന്നു. ദൈവിക സന്മാർഗത്തെ സംബന്ധിച്ചായിരുന്നു സംഭാഷണം. അപ്പോൾ അന്ധനായൊരാൾ കടന്നുവന്നു; അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം. അദ്ദേഹം ജന്മനാ കണ്ണു കാണാത്തവനാണ്. പ്രവാചകൻ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചില്ല. കാരണം, ആ സമൂഹത്തിലെ ഏറ്റവും പ്രമുഖന്മാരുമായി സംസാരിച്ചുകൊണ്ടിരുന്ന, തിരക്കുപിടിച്ച സന്ദർഭമായിരുന്നു അത്. അതിനാൽ, അദ്ദേഹത്തെ ശ്രദ്ധിക്കാനോ പ്രത്യേകം പരിഗണിക്കാനോ സാധിച്ചില്ല. ഈ സംഭവം അന്ധനായ മനുഷ്യൻ അറിഞ്ഞോ? ഒരിക്കലും അറിഞ്ഞില്ല. കാരണം, അയാൾ ജന്മനാ കുരുടനാണ്. പ്രവാചകന്റെ മുഖഭാവം കാണാൻ അയാൾക്ക് കണ്ണുകളില്ല. അവിടന്ന് തന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുമില്ല. എന്നിട്ടും ദൈവത്തിന് തന്റെ ദൂതന്റെ സമീപനം അംഗീകരിക്കുക സാധ്യമായിരുന്നില്ല. കണ്ണുകാണാത്ത ആ മനുഷ്യൻ – അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം- അത് മനസ്സിലാക്കിയോ ഇല്ലയോ എന്നതല്ല ദൈവത്തിന് പ്രശ്‌നം. മറിച്ച്, തന്റെ അന്ത്യദൂതനായ മുഹമ്മദ്‌നബി, തന്റെ ഒരു അടിമയെ അവഗണിച്ചോ ഇല്ലയോ എന്നതായിരുന്നു. അതിനാൽ വിശുദ്ധ വേദഗ്രന്ഥത്തിൽ ഒട്ടേറെ വാക്യങ്ങൾ അവതീർണമായി. അവയിലൂടെ പ്രവാചകന്റെ നിലപാടിനെ നിശിതമായി നിരൂപണം ചെയ്തു. പിന്നീട് ആരും അത്തരം സമീപനം സ്വീകരിക്കരുതെന്ന് പ്രത്യേകം ഉണർത്തുകയും ചെയ്തു.
മനുഷ്യൻ മനുഷ്യനോട് മോശമായി പെരുമാറിയാൽ ദൈവത്തിന് അത് ഒരിക്കലും സഹിക്കാനോ പൊറുക്കാനോ സാധ്യമല്ല എന്നർഥം. സമത്വത്തിന്റെ ഉജ്ജ്വല വികാരങ്ങൾ വിശ്വാസിയിൽ സദാ ഉണ്ടാക്കണമെന്നും ജീവിതത്തിലുടനീളം അതിന്റെ പ്രതിഫലനങ്ങൾ പ്രകടമാവണമെന്നും കണിശമായി പഠിപ്പിക്കുകയായിരുന്നു വിശുദ്ധ ഖുർആൻ. ഒരു കാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ, ലോകത്തിൽ ഏറ്റവും ശ്രദ്ധേയമായ ഭവനം വിശുദ്ധ കഅ്ബയാണ്. നൂറുകോടി മനുഷ്യർ ദിനേന അഞ്ചുനേരം അതിന്റെ നേരെ തിരിഞ്ഞ് നമസ്‌കരിക്കുന്നു. അവരൊക്കെയും ആസന്നമരണരാവുമ്പോൾ തങ്ങളുടെ മുഖം തിരിച്ചുവെക്കാറുള്ളത് അതിന്റെ നേരെയാണ്. വ്യത്യസ്ത തലമുറകളിലെ നിരവധി നൂറ്റാണ്ടുകളിലെ എണ്ണിയാലൊടുങ്ങാത്ത കോടാനുകോടി മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്നത് ആ വിശുദ്ധ മന്ദിരത്തിന്റെ നേരെ മുഖം തിരിച്ചുവച്ചാണ്. ആ ദേവാലയത്തിന്റെ മുകളിൽ ഒരൊറ്റ മനുഷ്യനേ കയറിനിന്ന് ബാങ്ക് കർമം നിർവഹിച്ചിട്ടുള്ളൂ. അതൊരു വിജയപ്രഖ്യാപനം കൂടിയായിരുന്നു. ജന്മനാടിനോട് വിട പറയേണ്ടിവന്ന പ്രവാചകനും അനുചരന്മാരും മക്കയിലേക്ക് ജേതാക്കളായി തിരിച്ചുവന്ന ചരിത്രമുഹൂർത്തത്തിലായിരുന്നു അത്. അപ്പോൾ ഒരു ജേതാവിനെപ്പോലെ, നെടുനായകനെപ്പോലെ, ഭരണാധികാരിയെപ്പോലെ, സർവസൈന്യാധിപനെപ്പോലെ വിശുദ്ധ ദേവാലയത്തിന്റെ മുകളിൽ കയറിനിന്ന് വിജയപ്രഖ്യാപനം നടത്താൻ നബിതിരുമേനി തെരഞ്ഞെടുത്തത് തന്റെ സമൂഹത്തിലെ വരേണ്യവർഗത്തിന്റെ പ്രതിനിധിയെയല്ല; ഉന്നത കുലഗോത്രക്കാരനായ ആരെയുമല്ല; മറിച്ച്, അടിമയെയാണ്- തൊലി കറുത്ത, നീഗ്രോ വംശജനായ ബിലാലുബ്‌നു റബാഹിനെ. പ്രവാചകൻ അദ്ദേഹത്തെ വിശുദ്ധ ദേവാലയത്തിന്റെ മുകളിൽ കയറ്റിനിർത്തി വിജയപ്രഖ്യാപനം നടത്തിക്കുകയായിരുന്നു. ഇങ്ങനെ സമൂഹത്തിലെ ഉച്ചനീചത്വത്തിന്റെ അവസാനത്തെ അംശവും അവസാനിപ്പിക്കാനായിരുന്നു നബി തിരുമേനി ശ്രമിച്ചത്.
Also read: ജിഹാദ്
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഭൂമിയിൽ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യം എന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സാധാരണ ഗതിയിൽ നമുക്ക് തോന്നും, ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവന്നുള്ള ആരാധനയാണ്, ഉപാസനയാണ്; മലമുകളിൽ ഏകാന്തനായി അവനെ ആരാധിക്കലും തപസ്സനുഷ്ഠിക്കലുമാണെന്ന്. എന്നാൽ, ദൈവം പഠിപ്പിക്കുന്നത് മറ്റൊന്നാണ്; അവൻ മനുഷ്യരോട് പറഞ്ഞു: ”ആളുകളെ കാണിക്കുവാൻ വേണ്ടിയല്ലാതെ, ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട്, അവന്റെ ദാസന് ചെയ്യുന്ന സേവനമാണ് ഏറ്റവും മഹത്തരം.”
ഇങ്ങനെ സമൂഹജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ പുലർത്തേണ്ട നിയമനിർദേശങ്ങൾ പഠിപ്പിച്ച ഇസ്‌ലാം സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിച്ചു. ധനം ദൈവത്തിന്റേതാണ്. മനുഷ്യന് കൈകാര്യാവകാശം മാത്രമേയുള്ളൂ. അത് എവ്വിധം സമ്പാദിക്കണം; എവ്വിധം സമ്പാദിക്കരുത്; എങ്ങനെ കൈവശം വെക്കാം; എങ്ങനെ കൈവശം വെക്കരുത്; എവ്വിധം വ്യയം ചെയ്യാം; എവ്വിധം വ്യയം ചെയ്യരുത്; ഇതെല്ലാം ഇസ്‌ലാം വ്യക്തമായും കണിശമായും പഠിപ്പിച്ചിരിക്കുന്നു. സമ്പാദിക്കുക എന്നത് പാപമല്ല. മറിച്ച്, പ്രതിഫലാർഹമായ പുണ്യകർമമാണ്. കാരണം, മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയാണ്. ഈ ഭൂമി ധന്യമാക്കുക, ഐശ്വര്യപൂർണമാക്കുക എന്നത് ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ ചുമതലയാണ്. വരുംതലമുറക്ക് വേണ്ടി ഇതിനെ ഫലസമൃദ്ധമാക്കി മാറ്റുന്നത് ആരാധനയാണ്. ഒരിക്കൽ പ്രവാചകൻ പറഞ്ഞു:
”കായികാധ്വാനത്തിലൂടെ വിശ്വാസി ക്ഷീണിതനായാൽ അവൻ പാപമോചിതനായിത്തീരും.”
മറ്റൊരിക്കൽ നബിതിരുമേനി തന്റെ അനുചരനുമായി ഹസ്തദാനം ചെയ്യുകയായിരുന്നു. അയാളുടെ കൈ പരുപരുത്തതായിരുന്നു. അപ്പോൾ പ്രവാചകൻ ചോദിച്ചു, എന്താണ് കൈക്ക് പറ്റിയത്? അയാൾ പറഞ്ഞു: അത് പണിയെടുത്തതിന്റെ തഴമ്പ് ബാധിച്ചതാണ്. ഉടനെ പ്രവാചകൻ അദ്ദേഹത്തിന്റെ ഇരു കൈകളും പിടിച്ചു ചുംബിച്ചു. എന്നിട്ടവ ഉയർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ദൈവത്തിനും അവന്റെ ദൂതന്നും ഏറ്റവും പ്രിയപ്പെട്ട കൈകളാണിവ. പാടുപെട്ട് പണിയെടുത്ത്, പാടുകളുണ്ടാകുന്ന കൈകളാണ് അല്ലാഹുവിനും അവന്റെ പ്രവാചകന്നും ഏറെ പ്രിയങ്കരമെന്നർഥം. ഇങ്ങനെ അധ്വാനിക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ, സമൂഹ താൽപര്യത്തിന് വിരുദ്ധമായി സമ്പാദിക്കരുതെന്ന് കണിശമായി കല്പിക്കുകയും ചെയ്യുന്നു. അപ്രകാരംതന്നെ ധനം കൈവശം വെക്കാൻ അനുവദിക്കുന്ന ഇസ്‌ലാം സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി പൂർണമായും പരിഗണിച്ചാവണം അതെന്ന് ശക്തമായി അനുശാസിക്കുന്നു. അതോടൊപ്പം ധനവിനിയോഗത്തിൽ ആർഭാടമോ ആഡംബരമോ ധൂർത്തോ ദുർവ്യയമോ അരുതെന്ന് ആജ്ഞാപിക്കുന്നു.
Also read: ഇതാണ് ഗ്രന്ഥം!
ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ആവശ്യമായ മുഴുവൻ നിയമനിർദേശങ്ങളും ദൈവം തന്റെ അന്ത്യദൂതനിലൂടെ നൽകിയിരിക്കുന്നു. അവയനുസരിച്ച് ജീവിക്കുന്നവർക്കാണ് മുസ്‌ലിംകൾ എന്നു പറയുക. നേരത്തെ സൂചിപ്പിച്ചതുപോലെ അത് ഏതെങ്കിലും ജാതിയുടെ പേരല്ല; ദേശക്കാരുടെയോ ഭാഷക്കാരുടെയോ പ്രത്യേകം പേരുള്ളവരുടെയോ പേരല്ല. ആർ ഈ പ്രപഞ്ചത്തിന്റെ പിന്നിലെ പ്രകൃതിനിയമം നിശ്ചയിച്ചുവോ അതേ ദൈവത്തിൽനിന്ന് മനുഷ്യരാശിക്കായി അവതീർണമായ ജീവിത വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകൾ. അങ്ങനെ ജീവിക്കുന്നതിനാണ് ഇസ്‌ലാം എന്നു പറയുക. അതിനാൽ മൂന്ന് അടിസ്ഥാന സിദ്ധാന്തങ്ങൾ ഇസ്‌ലാം മനുഷ്യസമൂഹത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നു. ഒന്ന്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന് മാത്രം വഴങ്ങി വണങ്ങി വിധേയമായി, അവൻ നൽകിയ നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുക. അവ്വിധം ജീവിച്ചാൽ മരണശേഷം ദൈവം വാഗ്ദാനം ചെയ്ത സ്വർഗം ലഭിക്കും. ദൈവത്തെ ധിക്കരിച്ച് നിഷേധിയായി, അഹങ്കാരിയായി, പാപിയായി ജീവിച്ചാൽ മരണശേഷം പരലോകത്ത് നരകാവകാശിയായിത്തീരും. ഈ സന്ദേശം മനുഷ്യർക്കെത്തിച്ചുകൊടുത്ത, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ നിയോഗിതരായ മുഴുവൻ ദൈവദൂതന്മാരെയും ആ പരമ്പരയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബിയെയും വിശ്വസിക്കുകയും അംഗീകരിക്കുകയും അവരിലൂടെ അവതീർണമായ സന്ദേശം സ്വീകരിക്കുകയും ചെയ്യുക. ഈ മൂന്ന് അടിസ്ഥാനങ്ങളംഗീകരിച്ച് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്ന നിലയിൽ അവനെ മാത്രം, അവൻ പഠിപ്പിച്ച പോലെ, ആരാധിക്കണമെന്നും ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ദൈവം നൽകിയ നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വിശുദ്ധമായ, പുണ്യകരമായ ജീവിതം നയിക്കണമെന്നും അതാവശ്യപ്പെടുന്നു. അങ്ങനെ ജീവിക്കുന്ന വിശ്വാസി തനിക്ക്, തന്റെ കുടുംബത്തിന്, സമൂഹത്തിന്, നാട്ടിന്, ലോകത്തിന് അനുഗ്രഹമായിരിക്കും. ഇവ്വിധം മനസ്സിൽ ശാന്തിയും വ്യക്തിജീവിതത്തിൽ വിശുദ്ധിയും കുടുംബജീവിതത്തിൽ സൈ്വരവും സമൂഹത്തിൽ സമാധാനവും രാഷ്ട്രത്തിൽ ഭദ്രതയും ലോകത്ത് പ്രശാന്തിയും വളർത്തുക, സർവോപരി മരണശേഷം മറുലോകത്ത് ദൈവശിക്ഷയിൽനിന്ന് മോചിതമായി അവന്റെ അനുഗൃഹീതമായ സ്വർഗത്തിന്റെ അവകാശികളാവുക; ഇതൊക്കെയും സാധിതമാക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ നിങ്ങളുടെ സൂക്ഷ്മമായ പഠനത്തിനും പരിശോധനക്കും നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമാക്കണമെന്നും സ്വീകാര്യമെങ്കിൽ ഉൾക്കൊള്ളണമെന്നും വിനയപൂർവം അഭ്യർഥിക്കുന്നു. ഇവിടെ ഇപ്പോൾ സമർപ്പിച്ചത് ഇസ്‌ലാമിന്റെ സമഗ്രമായ രൂപമോ പൂർണമായ പഠനമോ അല്ല. അതേക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും അറിയാനും മനസ്സിലാക്കാനും പ്രചോദകമായേക്കാവുന്ന ഒരു സംക്ഷിപ്ത ചിത്രം മാത്രമാണ്. വിശദമായ പഠനത്തിന് നിങ്ങൾ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു. സന്നദ്ധമാവണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.
ദൈവത്തിന്റെ സത്യശുദ്ധമായ പാത ഏതെന്ന് കണ്ടെത്തി അതിലൂടെ സഞ്ചരിച്ച് മനസ്സിന് സ്വാസ്ഥ്യവും വ്യക്തിജീവിതത്തിൽ വിശുദ്ധിയും കുടുംബത്തിൽ സ്വൈരവും സമൂഹത്തിൽ സമാധാനവും രാജ്യത്ത് ഭദ്രതയും ലോകത്ത് പ്രശാന്തിയും സ്ഥാപിതമാവാനും, സർവോപരി മരണശേഷം ദൈവത്തിന്റെ സമ്മാനമായ സ്വർഗം നേടാനും അവൻ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. പ്രപഞ്ചനാഥനായ അല്ലാഹു നമ്മെ ഇരു ലോകത്തും തുണക്കുമാറാവട്ടെ.